Tuesday, December 3, 2024

ad

Homeകവര്‍സ്റ്റോറികസേര നിലനിർത്താനുള്ള ബജറ്റ് 
ഫെഡറലിസം തകർക്കുന്ന ബജറ്റ്

കസേര നിലനിർത്താനുള്ള ബജറ്റ് 
ഫെഡറലിസം തകർക്കുന്ന ബജറ്റ്

ജി വിജയകുമാർ

പ്രധാനമന്ത്രി മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റിനെക്കുറിച്ച് ഹിന്ദു ദിനപത്രം ജൂലെെ 24ന് ഒന്നാം പേജിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായ ഒരു തലവാചകത്തിലൂടെയാണ്. Small Servings, Many Plates (വിളമ്പാൻ കുറച്ച്, പാത്രങ്ങൾ ഒട്ടനവധി). ഇതിനോടൊപ്പം നൽകിയിട്ടുള്ള കാരിക്കേച്ചറിൽ 2024 ലെ കേന്ദ്ര ബജറ്റിന്റെ രാഷ്ട്രീയം കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ്. മോദിയുടെ കെെവശമുള്ള കഞ്ഞിക്കലത്തിൽ നിന്നും നിർമല സീതാരാമൻ വിളമ്പുന്ന കഞ്ഞിക്കായി ഭിക്ഷാപാത്രങ്ങളുമായി കാത്തിരിക്കുകയും കാത്തുനിൽക്കുകയും ചെയ്യുന്ന പട്ടിണിക്കോലങ്ങൾ വരെയുള്ള വിവിധ തലങ്ങളിലുള്ളവർ. എന്നാൽ മോദിയുടെ തൊട്ടടുത്തായി മൃഷ്ടാന്നം ഉരുട്ടിവിഴുങ്ങുന്ന രണ്ട് കസേര താങ്ങികളും. 2024ലെ കേന്ദ്ര ബജറ്റിന്റെ നേർസാക്ഷ്യമാണ് ഇതിൽ കാണാനാവുന്നത്.

നിർമല സീതാരാമൻ ബജറ്റവതരണം പൂർത്തിയാക്കുന്നതിനുമുൻപുതന്നെ ‘‘ബീഹാർ –ആന്ധ്രാ ബജറ്റാ’’ണ് അവതരിപ്പിക്കുന്നതെന്ന കമന്റുകൾ വന്നിരുന്നു. ഇന്ത്യയെ ഒന്നാകെ കാണാതെ അധികാരക്കസേര ഉറപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മോദി സർക്കാരിനെയാണ് ഈ കമന്റുകളിലൂടെ പൊതുസമൂഹം ചിത്രീകരിച്ചത്. അത്രയേറെ പ്രകടമാണ് ജെഡി (യു) ഭരണം നടത്തുന്ന ബീഹാറിനും ടിഡിപി ഭരണം നടത്തുന്ന ആന്ധ്രാപ്രദേശിനും ബജറ്റിൽ നൽകിയിരിക്കുന്ന മുൻഗണന.

ബീഹാറിന് 2024ലെ കേന്ദ്ര ബജറ്റിൽ 58,900 കോടി രൂപയാണ് വിവിധ ഇനങ്ങളിലായി വകയിരുത്തപ്പെട്ടിട്ടുള്ളത്. അതായത് മൊത്തം ബജറ്റിന്റെ 4 ശതമാനത്തിലധികമാണിത്. റോഡ് പ്രൊജക്ടുകൾക്കു വേണ്ടി മാത്രം 26,000 കോടി രൂപ വകയിരുത്തിയപ്പോൾ 2,400 മെഗാവാട്ടിന്റെ വെെദ്യുതി നിലയം പണിയാനായി 21,400 കോടി രൂപയാണ് നീക്കിവയ്ക്കപ്പെട്ടിട്ടുള്ളത്; പുറമെ, വെള്ളപ്പൊക്ക നിയന്ത്രണപരിപാടികൾക്കായി 11,500 കോടി രൂപയും ബീഹാറിന് ലഭിക്കും. ഇതിനെല്ലാം പുറമെയാണ് ബീഹാറിൽ പുതുതായി എയർപ്പോർട്ടും മെഡിക്കൽ കോളേജും സ്പോർട്സ് കോംപ്ലക്സും കേന്ദ്ര മുതൽ മുടക്കോടെ വരുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നത്.

ആന്ധ്രാപ്രദേശിനാകട്ടെ വിവിധ പദ്ധതികൾക്കായി 50,475 കോടി രൂപയാണ് ഈ ബജറ്റിലൂടെ ലഭിക്കുന്നത്. ഇത് 2024ലെ മൊത്തം ബജറ്റിന്റെ 4 ശതമാനമാണ്. അമരാവതിയിൽ തലസ്ഥാന നഗരം പണിയാനാണ് ഇതിൽ 15,000 കോടി രൂപ വകയിരുത്തപ്പെട്ടിട്ടുള്ളത്. പുറമെ വിശാഖപട്ടണം –ചെന്നെെ വ്യവസായ ഇടനാഴിയും ഹെെദരാബാദ് –ബാംഗ്ലൂർ വ്യവസായ ഇടനാഴിയും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അതിനു പുറമെ, വെെദ്യുതി, ജലസേചനം, റെയിൽവേ, റോഡ് വികസനം തുടങ്ങിവയ്ക്കായുള്ള വൻകിട പദ്ധതികൾ പലതുണ്ട്, 2024ലെ ബജറ്റിൽ.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു പരിഗണന 2024ലെ ബജറ്റിൽ നൽകിയിട്ടില്ല എന്നതാണ് വസ്തുത. ബീഹാറിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് ഇപ്പോൾ ആ സംസ്ഥാനത്തിന‍് പ്രത്യേക പാക്കേജും പ്രത്യേക പരിഗണനയും നൽകിയത് എന്നാണ് ഇക്കാര്യത്തിൽ നൽകുന്ന ന്യായീകരണം. ബീഹാറിന്റെ പിന്നോക്കാവസ്ഥ പെട്ടെന്ന് പൊട്ടിമുളച്ചതല്ല. നിതീഷ്- കുമാറും ജെഡി (യു)വും ബിജെപിക്കൊപ്പം ചേരുന്നതും ഇതാദ്യമല്ല.

2019ലും അതിനുമുൻപും എൻഡിഎയുടെ ഭാഗമായിരുന്ന ജെഡി യു പിന്നീട് ബീഹാറിലെ ആർജെഡി സഖ്യത്തിന്റെ ഭാഗമായി മാറുകയും 2024ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപ് എൻഡിഎ കൂടാരത്തിലേക്ക് ചേക്കേറുകയുമായിരുന്നു. എന്നാൽ ഇക്കാലത്തൊന്നും ബീഹാറിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ചും എൻഡിഎ ഘടകകക്ഷി മുഖ്യമന്ത്രിയായ സംസ്ഥാനമാണത് എന്ന് കണക്കാക്കിയും കേന്ദ്ര ബജറ്റിൽ ഒരു പ്രത്യേക പാക്കേജും അനുവദിക്കപ്പെട്ടിരുന്നില്ല. എന്തുകൊണ്ട്? 2014ലെയും 2019ലെയും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ഒറ്റയ്ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആനപ്പുറത്തിരിക്കുന്നവൻ പട്ടിയെ പേടിക്കേണ്ടതില്ല എന്ന ന്യായപ്രകാരം എൻഡിഎ ഘടകകക്ഷികളെ അവഗണിക്കുകയും പ്രാദേശികമായ പിന്നാക്കാവസ്ഥകൾ കണക്കിലെടുക്കാതിരിക്കുകയും ചെയ്തു.

ബീഹാറിന്റെയും ജെഡിയുവിന്റെയും കാര്യത്തിൽ മാത്രമല്ല, ആന്ധ്രാപ്രദേശിന്റെ കാര്യത്തിലും ഇതുതന്നെയാണ് യാഥാർഥ്യം. ഒരിക്കൽ എൻഡിഎ ഘടകകക്ഷിയായിരുന്ന ടിഡിപി അതിൽ നിന്ന് അകന്നുപോയി. തിരഞ്ഞെടുപ്പടു
ത്തപ്പോൾ വീണ്ടും എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു. അഴിമതി ആരോപണത്തിൽ മുങ്ങിയ ചന്ദ്രബാബു നായിഡുവിനെ സിബിഐ കേസുകളിൽനിന്നും ഒഴിവാക്കി വിശുദ്ധനാക്കി സ്വന്തം പക്ഷത്തേക്ക്- കൊണ്ടുവരികയായിരുന്നു മോദി. 2014ൽ ആന്ധ്രാ വിഭജന സമയത്ത് ഉന്നയിക്കപ്പെട്ട അമരാവതിയിൽ തലസ്ഥാനം പണിയാൻ പണം എന്ന ആവശ്യം അന്നൊന്നും അംഗീകരിക്കാതിരുന്ന മോദിയും ബിജെപിയും ഇപ്പോൾ വെള്ളം തൊടാതെ വിഴുങ്ങിയത് അധികാര കസേര സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്.

2024ലെ തിരഞ്ഞെടുപ്പിൽ 400ൽ അധികം സീറ്റെന്ന വമ്പൻ അവകാശവാദമുയർത്തിയ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനാവാത്ത അവസ്ഥയെത്തിയപ്പോൾ എൻഡിഎ ഘടകക്ഷികൾക്ക് ജീവൻ വയ്ക്കുകയാണുണ്ടായത്. ജെഡിയുവും ടിഡിപിയും സ്പീക്കർ സ്ഥാനം ബിജെപി ഇതരകക്ഷികളേതെങ്കിലും ഒന്നിന് നൽകണമെന്നും ആഭ്യന്തരമന്ത്രി സ്ഥാനം അമിത് ഷായ്ക്ക് നൽകരുതെന്നുമുള്ള ആവശ്യങ്ങൾക്കൊപ്പം മുന്നോട്ടുവച്ചതാണ് ബീഹാർ പാക്കേജും ആന്ധ്രാപാക്കേജും. ഒരു മാറ്റവും കൂടാത്ത ഭരണത്തുടർച്ചയാണ് 2024ലേതും എന്ന് പ്രകടമാക്കാനുള്ള വ്യഗ്രതയിൽ ആദ്യത്തെ രണ്ടാവശ്യങ്ങൾക്കും വഴങ്ങാതിരുന്ന മോദി പാക്കേജുകൾ ആദ്യ ബജറ്റിൽ തന്നെ അനുവദിക്കണമെന്ന ഉറപ്പിലാണ് ഈ രണ്ട് കക്ഷികളുടെയും പിന്തുണ നേടിയെടുത്തത്.

എന്നാൽ എന്തുവില കൊടുത്തും അധികാരം നിലനിർത്തണമെന്ന മോദിയുടെയും ബിജെപിയുടെയും ആർത്തിക്ക് പകരം നൽകേണ്ടി വന്നത് മറ്റു സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങളാണ്. ഇന്ത്യയുടെ ഫെഡറൽ ഘടനയെ തന്നെ ബലികഴിച്ചാണ്, ബിജെപി ഭരണം നിലനിർത്തിയിരിക്കുന്നതെന്ന് 2024ൽ നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പകൽ പോലെ വ്യക്തമാക്കുന്നു.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്, ആന്ധ്രാപ്രദേശം ഒഴികെ, ഈ ബജറ്റിൽ പരിഗണനയൊന്നും ലഭിച്ചിട്ടില്ല. കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ലയെന്നു മാത്രമല്ല, കേരളമെന്ന പേരുപോലും ഒരിടത്തും പരാമർശിക്കപ്പെടുന്നില്ല. സംസ്ഥാനം ആവശ്യപ്പെട്ട 24000 കോടി രൂപയുടെ വികസനപാക്കേജ് പരിഗണിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, നെടുനാളായുള്ള കേരളത്തിന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്ന എയിംസ് അനുവദിക്കാൻ ഈ ബജറ്റിലും വിസമ്മതിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ഇതേവരെ എയിംസ് ഇല്ലാത്തത്. ഇത് കേരളത്തോട് തുടർന്നുവരുന്ന ചിറ്റമ്മനയമല്ലാതെ മറ്റൊന്നുമല്ല. കേരളത്തിൽ ലോക്-സഭയിലേക്ക് ഒരംഗത്തെ തിരഞ്ഞെടുക്കുകയും അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിട്ടും കേരളത്തോടുള്ള ബിജെപിയുടെ അവഗണന തുടരുക തന്നെയാണ്. കേരളത്തിന്റെ മാത്രമല്ല തൊട്ടയൽ സംസ്ഥാനമായ തമിഴ്നാടിന്റെയും പേരുപോലും ബജറ്റിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ഈ രണ്ടു സംസ്ഥാനങ്ങളും അവയിലെ ഭരണനേതൃത്വവും സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശക്തമായി എതിർക്കുന്നുവെന്നതാണ് അതിനു കാരണം.

കേരളം അവഗണിക്കപ്പെടുന്നുവെന്നു മാത്രമല്ല, ഇന്ത്യയെന്ന രാജ്യത്തെ ഒന്നാകെ കാണാത്തതുംകൂടിയാണ് ഈ ബജറ്റ്. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ അംഗീകരിക്കുന്ന രാഷ്ട്രീയമല്ല ബിജെപിയും അതിന് പിന്നിൽനിന്ന് ചരടുവലിക്കുന്ന ആർഎസ്എസും പിന്തുടരുന്നത്. ആർഎസ്എസും ബിജെപിയും യൂണിറ്ററി സംവിധാനത്തിന്റെ വക്താക്കളാണ്. അതുകൊണ്ടുതന്നെ മോദി വാഴ്ചക്കാലത്ത് ഫെഡറൽ കാഴ്ചപ്പാടോടെയുള്ള ബജറ്റെന്നല്ല എന്തെങ്കിലുമൊരു കാര്യം നടത്തപ്പെടുമെന്നും കരുതാനാവില്ല.

എന്നാൽ ആർഎസ്എസിന്റെയും ബിജെപിയുടെയും അടിസ്ഥാനാശയമായ യൂണിറ്ററി സ്റ്റേറ്റ് (ഏകീകൃത ഭരണകൂടം) എന്ന സങ്കൽപ്പനത്തിന് തികച്ചും എതിരാണ് സംസ്ഥാനങ്ങൾ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നത്. അക്കാര്യത്തിലും വിട്ടുവീഴ്ച ചെയ്താണ് ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക സാമ്പത്തിക പാക്കേജ് ബജറ്റിൽ അനുവദിച്ചത്. ആർഎസ്എസിനെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം അധികാരം നിലനിർത്താൻ എന്തിനും തയ്യാറാകുമെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. കിട്ടിയ ഭരണമുപയോഗിച്ച് ഭരണസംവിധാനത്തിന്റെ സമസ്ത മേഖലകളിലും നുഴഞ്ഞുകയറാനും പിടിമുറുക്കാനുമാണ് ആർഎസ്എസും ബിജെപിയും ഇന്നേവരെ ശ്രമിച്ചിട്ടുള്ളത്. ഇനിയും അതിലൊരു മാറ്റവും ഉണ്ടാകില്ലയെന്നും ഈ ബജറ്റ് തെളിയിക്കുന്നു.

ഈ ബജറ്റിൽ കർഷകരുടെയോ തൊഴിലാളികളുടെയോ യുവജനങ്ങളുടെയോ സ്ത്രീകളുടെയോ മറ്റേതെങ്കിലും ജനവിഭാഗങ്ങളുടെയോ ജീവിതപ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാനുള്ള ഒരു നിർദേശവും നമുക്ക് കാണാനാവില്ല. 90 ശതമാനത്തിലേറെയുള്ള ജനസാമാന്യത്തിന്റെ അഭിവൃദ്ധിയല്ല, പത്തു ശതമാനം പോലുമില്ലാത്ത സമ്പന്ന വിഭാഗത്തിന്റെ, അതിലും പ്രതേ-്യകിച്ച് ഒരു ശതമാനത്തിലും താഴെ മാത്രമുള്ള ഭീമൻ കോർപ്പറേറ്റുകളുടെ, തങ്ങളുടെ ശിങ്കിടികളുടെ അഭിവൃദ്ധി മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നു കൂടി വീണ്ടും തെളിയിക്കുകയുമാണ് മോദിയുടെ മൂന്നാമൂഴത്തിലെ ഈ ആദ്യബജറ്റും. ഒപ്പം ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളിലൊന്നായ ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാനും ആർഎസ്എസുകാരനായ മോദി മറന്നില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 4 =

Most Popular