Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിപെരുകുന്ന 
അസമത്വം 
ഇല്ലാതാക്കുന്നതിന് 
ഉതകുന്നതാണോ 2024ലെ ബജറ്റ്?

പെരുകുന്ന 
അസമത്വം 
ഇല്ലാതാക്കുന്നതിന് 
ഉതകുന്നതാണോ 2024ലെ ബജറ്റ്?

റാണി തോമസ്

ജൂലെെ 23ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവെ 2024 സാമ്പത്തികവർഷത്തിൽ 8.2 ശതമാനം ജിഡിപി വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും തുടർച്ചയായി 7 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൊടുംദാരിദ്ര്യത്തിൽ കഴിയുന്ന, പാർപ്പിടമില്ലാത്ത, ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത 3.44 കോടി മനുഷ്യരുള്ള ഈ നാട്ടിൽ അഭൂതപൂർവമായ ഈ വളർച്ച ആ ജനവിഭാഗത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കുമോ? സാമൂഹിക–സാമ്പത്തിക ശ്രേണിയുടെ അടിത്തട്ടിൽ നിൽക്കുന്നവരെയാണ് സ്ഥല സാമ്പത്തിക സൂചികകളും ഭരണാധികാരികൾ പിന്തുടരുന്ന നയങ്ങളും ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത്.

ദരിദ്രരും ഇടത്തരക്കാരുമായ ആളുകളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന ഒരു ഘടകം നാണയപ്പെരുപ്പമാണ്; കാരണം അതവരുടെ ജീവിതച്ചെലവിൽ വർധനവുണ്ടാക്കുന്നു; തന്മൂലം കുടുംബത്തിന്റെ സമ്പാദ്യത്തിൽ വലിയ ഇടിവുണ്ടാക്കുന്നു. 2023ൽ മാറ്റിവയ്ക്കാവുന്ന മൊത്തം ദേശീയ വരുമാനത്തിന്റെ വെറും 5.2 ശതമാനം മാത്രമാണ് കുടുംബങ്ങളുടെ സമ്പാദ്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ബജറ്റവതരണ വേളയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നിർണായകമായ ഒരു ഘടകം നികുതിയുമായി ബന്ധപ്പെട്ടവയാണ‍്. 2024ൽ മൊത്തം നികുതി വരുമാനത്തിൽ 13.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക സർവെ കണക്കാക്കുന്നത്. മൊത്തം നികുതി വരുമാനത്തിന്റെ 55 ശതമാനവും പ്രത്യക്ഷ നികുതിയാണെന്നും 45 ശതമാനം മാത്രമാണ് പരോക്ഷ നികുതിയെന്നും സർക്കാർ അവകാശപ്പെടുമ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ചില പ്രശ്നങ്ങളുണ്ട്.

കോർപറേറ്റുകളും വ്യക്തിഗത ആദായനികുതി ദായകരും തമ്മിൽ നികുതി ചുമത്തലിലുണ്ടാകുന്ന അന്തരം ഉത്കണ്ഠാജനകമാണ്. മൊത്തം നികുതി വരുമാനത്തിൽ ജിഎസ്ടി വരുമാനത്തിന്റെ ശതമാനം വർധിച്ചുവരികയാണ്. നികുതി നൽകുന്ന വിഭാഗത്തിന്റെ പരിധിക്കുള്ളിൽ വരാത്തവരിൽ നിന്നുപോലും ഉയർന്ന നിരക്കിൽ നികുതി ഈടാക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2015–16 കാലത്ത് കോർപറേറ്റുകളിൽനിന്നുള്ള മൊത്തം നികുതി വരുമാന വിഹിതം ഏകദേശം 31 ശതമാനമായിരുന്നു. എന്നാൽ ഇത് 2023–24 ആയപ്പോൾ 26 ശതമാനമായി ഇടിഞ്ഞു. ഇങ്ങനെ ഉണ്ടായ ഇടിവുമൂലം സർക്കാരിന് 2020–21 ൽ ഒരു ലക്ഷം കോടി രൂപയോളം നഷ്ടമുണ്ടായി. ഈ കുറവ് നികത്തുന്നതിന് സർക്കാർ കാണുന്ന മാർഗം സാധാരണക്കാരുടെ മേൽ കൂടുതൽ നികുതി ചുമത്തലാണ്. അങ്ങനെ ആദായനികുതിയിൽ നിന്നുള്ള വരുമാനം 19.8 ശതമാനത്തിൽനിന്നും 30 ശതമാനമായി ഉയർന്നു.

ജനങ്ങളുടെ മേൽ അധികബാധ്യതയായി വരുന്നത് ജിഎസ്ടിയിലെ വർധനവാണ്. 2017–18ൽ മൊത്തം നികുതി വരുമാനത്തിന്റെ 23 ശതമാനമായിരുന്നു ജിഎസ്ടി; 2023–24 ആയപ്പോൾ ഇത് 28 ശതമാനമായി വർധിച്ചു. ഇതിനുപുറമെ ജിഎസ്ടി കൊണ്ടുവന്നതുമൂലം നികുതി പിരിവിനായുള്ള ചെലവ് കുത്തനെ ഉയർന്നിരിക്കുകയാണ്. നികുതി പിരിവിനായുള്ള മൊത്തം ചെലവ് 2015–16ൽ 1060 കോടി രൂപയായിരുന്നത് 2023–24 ൽ 4770 കോടി രൂപയായി കുതിച്ചുയർന്നു. സ്വത്തു നികുതിയിലൂടെ ഈ പ്രശ്നം ലഘൂകരിക്കാമായിരുന്നു. എന്നാൽ സർക്കാർ അതിസമ്പന്നർക്കായി ഇത് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

സമീപകാലത്ത് ഉയർന്നുവന്ന മറ്റൊരു പ്രധാന പ്രശ്നം കിട്ടാക്കടം എഴുതിത്തള്ളുന്നതും വമ്പൻ കോർപറേറ്റുകൾക്കു നൽകുന്ന ഹെയർ കട്ടുകളുമാണ്. ബിജെപി 2014ൽ അധികാരമേറ്റശേഷം, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഗവൺമെന്റ് 14.5 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. 2023ൽ മാത്രം 2.09 ലക്ഷം കോടി രൂപയാണ് ഇങ്ങനെ ആവിയായി പോയത്.

ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സേവനമേഖലയ്ക്കായുള്ള സർക്കാർ ചെലവുകൾ നിർണായകമാണ്. ദാരിദ്ര്യനിർമാർജനം, ആരോഗ്യ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വിദ്യാഭ്യാസം മെച്ചമാക്കൽ, സാമൂഹിക തുല്യത പ്രോത്സാഹിപ്പിക്കൽ, ഗ്രാമീണ വികസനം എന്നിവയെല്ലാം സാധ്യമാക്കുന്നതിന് ഇത് അനിവാര്യമാണ്. മൊത്തം ചെലവിൽ വിദ്യാഭ്യാസത്തിനായുള്ള ചെലവ് 2017-–18ൽ 1.9% ആയിരുന്നത് 2023–24ൽ 1.7 ശതമാനമായി ഇടിഞ്ഞു. പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവയ്ക്കുന്ന തുകയും 2017–18ൽ 0.16 ശതമാനമായിരുന്നത് 2023–24ൽ 0.13 ശതമാനമായി കുറഞ്ഞു. ആരോഗ്യമേഖലയ്ക്കായുള്ള ചെലവ് ഇതേകാലത്ത് 0.8 ശതമാനത്തിൽനിന്നും 1.6 ശതമാനമായി കുറഞ്ഞു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 9 =

Most Popular