Monday, November 25, 2024

ad

Homeകവര്‍സ്റ്റോറിഉന്നത വിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവുന്നതാണോ ബജറ്റ്?

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവുന്നതാണോ ബജറ്റ്?

പി വി അഖിലേഷ്

വിദ്യാഭ്യാസത്തിനായുള്ള ചെലവ് വകയിരുത്തൽ ജിഡിപിയുടെ 2.9 ശതമാനം മാത്രമാണ്. ജിഡിപിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിനായി വകയിരുത്തണമെന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യത്തിന്റെ അടുത്തുപോലും എത്തുന്നതല്ല ഈ വകയിരുത്തൽ. 2012–13ൽ ഇത് 3.1 ശതമാനമായിരുന്നതാണ്. 2014ൽ മോദി അധികാരത്തിലെത്തിയശേഷം 2014–15 ലെ ബജറ്റിൽ വിദ്യാഭ്യാസത്തിനായുള്ള വകയിരുത്തൽ ജിഡിപിയുടെ 2.8 ശതമാനമായി കുറച്ചു. അതിനുശേഷമുള്ള വർഷങ്ങളിൽ ഒരിക്കലും വിദ്യാഭ്യാസത്തിനായുള്ള വകയിരുത്തൽ മൂന്നു ശതമാനം കടന്നിട്ടില്ല.

ജിഡിപിയുടെ 6 ശതമാനം വിദ്യാഭ്യാസരംഗത്തെ ചെലവുകൾക്കായി നീക്കിവെയ്ക്കണമെന്ന ലക്ഷ്യം നിറവേറാനുള്ള നീക്കം ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, അതിനടുത്തുപോലും എത്തുന്നില്ല. തന്മൂലം വിദ്യാഭ്യാസത്തിന്റെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തിന്റെ, ഗുണനിലവാരം മെച്ചപ്പെടുത്താനാവുന്നില്ല. ഉന്നത വിദ്യാഭ്യാസരംഗത്തെ പൊതുസ്ഥാപനങ്ങൾ കടുത്ത വിഭവ ദൗർലഭ്യം നേരിടുന്നുമുണ്ട്. 2024ലെ കേന്ദ്ര ബജറ്റിൽ 47,619 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിട്ടുള്ളത്. 2023–24 ലെ ബജറ്റിനെ അപേക്ഷിച്ച് 2024–25 ബജറ്റിൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള വകയിരുത്തലിൽ ചെറിയൊരു വർധന (8%) വരുത്തിയെങ്കിലും അത് ആവശ്യത്തിനു തികയുന്നതല്ല; മാത്രമല്ല നാണയപ്പെരുപ്പം കണക്കിലെടുത്താൽ അത് മുൻവർഷത്തിനെക്കാൾ കുറവാണെന്നും കാണാം. വിദ്യാഭ്യാസത്തിനുവേണ്ട പശ്ചാത്തല സൗകര്യങ്ങൾ, അധ്യാപകരുടെയും മറ്റും ശമ്പളം, ഗവേഷണത്തിനുവേണ്ട സൗകര്യമൊരുക്കൽ എന്നിവയ്ക്കെല്ലാമുള്ള ചെലവുകൾ അതിവേഗം വർധിച്ചുവരികയാണ്. ചെലവിലുണ്ടാകുന്ന വർധനയ്ക്കനുസരിച്ച് ബജറ്റിൽ തുക വകയിരുത്താൻ പോലും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് ഗവേഷണത്തിനായുള്ള ചെലവുകൾ നിറവേറ്റും വിധം തുക വകയിരുത്തണമെന്നാണ്. അങ്ങനെ ചെയ്യാതിരുന്നാൽ സമർത്ഥരായ വിദ്യാർഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകുന്ന സ്ഥിതിയുണ്ടാവും – മസ്തിഷ്കചോർച്ച. ആഗോളതലത്തിലെ മികച്ച 200 സർവകലാശാലകളിൽ വെറും മൂന്നെണ്ണം മാത്രമാണ് ഇന്ത്യയിലുള്ളത്– ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മുംബെെയിലെയും ഡൽഹിയിലെയും ഐഐടികൾ. നെെപുണി വികസനത്തിനായുള്ള പരിപാടികൾ, എന്നിവയ്ക്കും ബജറ്റിൽ വകയിരുത്തലില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് അരികുവൽക്കരിക്കപ്പെട്ടവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കടന്നുവരുന്നതിന് പ്രത്യേക പരിഗണന നൽകാനും ഈ ബജറ്റിൽ വേണ്ടത്ര വകയിരുത്തലില്ല.

ഉന്നതവിദ്യാഭ്യാസം, തൊഴിൽ, നെെപുണി വികസനം എന്നിവയ്ക്കായി ബജറ്റിലെ മൊത്തം വകയിരുത്തൽ 1.48 ലക്ഷം കോടി രൂപയാണെങ്കിലും അതിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തനായി നീക്കിവച്ചത് 47,619.77 കോടി രൂപയാണ്. മൊത്തം ബജറ്റ് അടങ്കൽ 48.2 ലക്ഷം കോടി രൂപയായിരിക്കെ ഉന്നതവിദ്യാഭ്യാസത്തിനായി അതിൽ ഒരു ശതമാനംപോലും നീക്കിവച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസത്തിന് കാര്യമായ വളർച്ചയും മികവും ഉണ്ടാക്കുന്നതിന് പര്യാപ്തമല്ല ബജറ്റ് എന്നാണ് സെന്റർ ഫോർ ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി (സിഎഫ്എ) വിലയിരുത്തുന്നത്. പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ ലക്ഷ്യം നിറവേറ്റാൻ പര്യാപ്തമായ വകയിരുത്തൽ കേന്ദ്രബജറ്റിൽ ഇല്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − three =

Most Popular