ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഇടതുപക്ഷത്തിനുണ്ടായത്. എങ്കിലും ഭരണഘടന സംരക്ഷിക്കുകയെന്ന രാജ്യ താല്‍പര്യം സംരക്ഷിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ കാര്യമാണ്. 400 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും, ഭരണഘടന ഭേദഗതി ചെയ്ത് മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുമെന്നുമുള്ള ബിജെപി നേതാക്കളുടെ പ്രഖ്യാപനത്തിനുമെല്ലാം കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായിട്ടുള്ളത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും സ്വപ്നം കണ്ടവര്‍ക്ക് കേവല ഭൂരിപക്ഷത്തിന് 32 സീറ്റിന്റെ കുറവുണ്ട്. എന്‍ ഡി എക്ക് കേവലഭൂരിപക്ഷം കഴിഞ്ഞ് 20 സീറ്റ് മാത്രമാണ് അധികമുള്ളത് എന്നുമോര്‍ക്കണം.
എന്‍.ഡി.എക്ക് 42.5 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇന്ത്യാ കൂട്ടായ്മക്ക് 40.6 ശതമാനം വോട്ട് നേടാനായി. എന്‍.ഡി.എയും, ഇന്ത്യാ കൂട്ടായ്മയും തമ്മില്‍ വോട്ടിലുള്ള വ്യത്യാസം 1.9 ശതമാനം മാത്രം. അതായത് ബി.ജെ.പിയുടെ അജൻഡയെ പ്രതിരോധിക്കാന്‍ കരുത്താര്‍ന്ന പോരാട്ടം രാജ്യത്ത് സംഘടിപ്പിക്കാനുള്ള ശേഷി മതനിരപേക്ഷ ശക്തികള്‍ക്ക് ഉണ്ട് എന്നതിന്റെ തെളിവുകൂടിയാണത്. ബി.ജെ.പിക്ക് പിന്തുണ നല്‍കിയിരിക്കുന്ന ജെ.ഡി.യുവും, ടി.ഡി.പിയും പോലുള്ള കക്ഷികള്‍ അതാത് സംസ്ഥാനങ്ങളിലെ തങ്ങളുടെ രാഷ്ട്രീയ ഭദ്രത കൂടി നോക്കിയായിരിക്കും നിലപാട് സ്വീകരിക്കുക. അത് സ്വാഭാവികമായും എന്‍.ഡി.എയില്‍ ഭാവിയില്‍ വലിയ വൈരുദ്ധ്യങ്ങള്‍ക്കിടയാക്കുമെന്ന കാര്യം വ്യക്തമാകുന്നുണ്ട്. മാത്രമല്ല, കേന്ദ്ര ഭരണത്തിന്റെ മറവില്‍ ഭീഷണിപ്പെടുത്തി തങ്ങള്‍ക്കൊപ്പം നിര്‍ത്തിയ പലരും നിലപാടുകളില്‍ മാറ്റം വരുത്തുന്നതിന്റെ സൂചനയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന എന്‍.സി.പിയിലെ എം.എല്‍.എമാര്‍ കൂറുമാറുമെന്ന വാര്‍ത്തയിലൂടെ പുറത്തുവരുന്നത്.
ബി.ജെ.പിക്ക് തിരിച്ചടി നല്‍കുന്നതിന് ഇടയാക്കിയ സുപ്രധാനമായ കാര്യം ഇടതുപക്ഷം മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകളാണ്. മഹാരാഷ്ട്രയില്‍ നിന്നാരംഭിച്ച കര്‍ഷക പ്രക്ഷോഭം പടിപടിയായി മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പടരുകയായിരുന്നു. ഈ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്ന മേഖലയാണ് ബി.ജെ.പിക്ക് പരാജയമേറ്റുവാങ്ങേണ്ട സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ജീവല്‍ പ്രശ്നങ്ങളേറ്റെടുത്തുകൊണ്ട് ഇടതുപക്ഷം നടത്തിയ ഇടപെടലുകള്‍ ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് പ്രധാന കാരണമായിട്ടുണ്ട്.
ഭരണം ഇത്തരത്തില്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മതരാഷ്ട്രവാദത്തിന്റെ അജൻഡ നടപ്പിലാക്കി മുന്നോട്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തോടുള്ള ഏറ്റുമുട്ടല്‍ നയവും, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളും, നിയോലിബറല്‍ പരിഷ്കാരങ്ങള്‍ തുടരുമെന്ന പ്രഖ്യാപനവും, വര്‍ധിച്ചതോതിലുള്ള ന്യൂനപക്ഷ വേട്ടയും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. കഴിഞ്ഞ മന്ത്രി സഭയിലെ മന്ത്രിമാരെ തന്നെ നിലനിര്‍ത്തുകയും, അവര്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ നല്‍കുകയും ചെയ്തുവെന്നത് ഈ ദിശയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
കഴിഞ്ഞ പാര്‍ലമെന്റില്‍ ജനാധിപത്യവിരുദ്ധമായ സമീപനങ്ങളുടെ കുത്തൊഴുക്കാണുണ്ടായത്. അതിന്റെ ഭാഗമായി കഴിഞ്ഞ ലോക്-സഭയില്‍ പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെന്റ് ചെയ്തു. പ്രതിപക്ഷമില്ലാത്ത സഭയില്‍ സുപ്രധാനമായ ബില്ലുകള്‍ പാസ്സാക്കുകയും ചെയ്തു. അത്തരം നിലപാട് സ്വീകരിച്ച സ്പീക്കറെ തന്നെയാണ് വീണ്ടും ആ സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്. സമവായത്തിലൂടെ ഭരണകക്ഷിയില്‍പ്പെട്ടയാളെ സ്പീക്കറായും, പ്രതിപക്ഷ കക്ഷിയിലെ ഒരാളെ ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുക്കുന്ന രീതിയാണ് പൊതുവെയുള്ളത്. എന്നാല്‍ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വാഗ്ദാനം ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാമത്തെ മത്സരം നടന്നു.
കേന്ദ്ര ഏജന്‍സികളെക്കൊണ്ട് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയെന്ന നയത്തിനും മാറ്റങ്ങളുണ്ടാകാന്‍ പോകുന്നില്ല എന്ന കാര്യവും വ്യക്തമായിക്കഴിഞ്ഞു. അതുപോലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കീഴ്-ക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മേല്‍ കോടതിയില്‍ പോയി അതു തടയുക മാത്രമല്ല അദ്ദേഹം ജയില്‍ മോചിതനാകാതിരിക്കാന്‍ ഇതേ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ 14 വര്‍ഷം മുമ്പുള്ള കേസില്‍ യു.എ.പി.എ നിയമത്തിന്റെ കീഴില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതും മറ്റും വിരല്‍ ചൂണ്ടുന്നത് അമിതാധികാര പ്രവണതകള്‍ക്കും, ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗത്തിനും ഒരു മാറ്റവും വന്നിട്ടില്ലെന്നാണ്. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനവും പഴയ പാതയിലൂടെ തന്നെയാണ് നീങ്ങാന്‍ ലക്ഷ്യംവെക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
ധനകാര്യമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമന്‍ ആദ്യം നടത്തിയ പ്രസ്താവന നിയോലിബറല്‍ പരിഷ്കാരങ്ങളുടെ ഭാഗമായി അടുത്ത തലമുറ പരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നാണ്. കോര്‍പറേറ്റുകള്‍ക്കും, വന്‍കിട ബിസിനസ്സുകാര്‍ക്കും വേണ്ടിയുള്ള ഭരണമായിരിക്കും മൂന്നാം മോദി സര്‍ക്കാരിന്റേതുമെന്ന വ്യക്തമായ സൂചനയാണ് ഇതു നല്‍കുന്നത്.
കൂട്ടുകക്ഷി സര്‍ക്കാരിനാണ് നേതൃത്വം നല്‍കുന്നതെങ്കിലും ഹിന്ദുത്വരാഷ്ട്രീയം ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സന്ദേശമാണ് രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രി മോദിയുടെ മറുപടി നല്‍കുന്നത്. ഹിന്ദുക്കളെ പ്രതിപക്ഷം ആക്രമണകാരികളായി ചിത്രീകരിക്കുകയാണെന്നും, രാജ്യം ഇക്കാര്യം എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും മറക്കില്ലെന്നും മോദി പറഞ്ഞു. അതോടൊപ്പം മറു ഭാഗത്ത് സംഘപരിവാര്‍ ന്യൂനപക്ഷ വേട്ടയും കടുപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും മുസ്ലീങ്ങള്‍ക്കെതിരായുള്ള അക്രമങ്ങള്‍. ഇതിനകം ആറ് മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ഹിന്ദുത്വവാദികളെ പ്രകോപിതരാക്കുന്നത്.
കേരളത്തിൽ അപ്രതീക്ഷിതമായ ഫലമായിരുന്നു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. ഇത്തരമൊരു തിരിച്ചടിക്കിടയായ ഘടകങ്ങളെ കണ്ടെത്തി അതു തിരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി മുഴുകുകയാണ്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കാനുള്ള പ്രധാനപ്പെട്ട കാരണം ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന ഇന്ത്യാ കൂട്ടായ്മയുടെ ലക്ഷ്യം നേടാന്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതാണ് നല്ലതെന്ന വലതുപക്ഷത്തിന്റേയും, മാധ്യമങ്ങളുടേയും പ്രചാരണം ജനങ്ങളിലേശിയതുകൊണ്ടാണ്. പ്രതിപക്ഷം സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടെങ്കില്‍ അതിന്റെ നേതൃത്വം കോണ്‍ഗ്രസിനായിരിക്കുമെന്ന ചിന്തയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെന്നപോലെ ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനനുകൂലമായ വോട്ടിങ്ങുണ്ടാകാന്‍ കാരണമായിത്തീര്‍ന്നത്.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ജനക്ഷേമകരമായ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് സംസ്ഥാന സർക്കാരിന് തടസ്സമായി. ഇത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധമായ വികാരം സൃഷ്ടിക്കുന്നതിന് കാരണമായിത്തീര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകുന്നതെന്ന നമ്മുടെ പ്രചാരണം വേണ്ടത്ര ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല.
വര്‍ഗ്ഗീയ ശക്തികളും, ജാതിവാദക്കാരും, മാധ്യമങ്ങളും എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുന്നതിന് യു.ഡി.എഫിനേയും, ബി.ജെ.പിയേയും സഹായിക്കുന്ന നിലയുണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എസ്.ഡി.പി.ഐയും, വെല്‍ഫെയര്‍ പാര്‍ട്ടിയും പരസ്യമായ തുറന്ന പിന്തുണയാണ് യു.ഡി.എഫിന് നല്‍കിയത്. മുസ്ലീം ലീഗും ഇത്തരം സംഘടനകളും ചേര്‍ന്ന് ഒരു മുന്നണിയെന്ന പോലെ മത്സരിക്കുന്ന സ്ഥിതിയുണ്ടായി.
തൃശ്ശൂരില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനിടയായത് യു.ഡി.എഫിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചതുകൊണ്ടാണ്. അതോടൊപ്പം ഒരു വിഭാഗം ക്രിസ്ത്യന്‍ ജനവിഭാഗത്തെ കൂടെ നിര്‍ത്താനും ബി.ജെ.പിക്ക് കഴിഞ്ഞതും അവര്‍ക്കനുകൂലമായിത്തീര്‍ന്നു. നേരത്തെ മൂവാറ്റുപുഴയിലും എന്‍.ഡി.എക്ക് ഒരു സീറ്റില്‍ വിജയം നേടാനായി. നേമം നിയമസഭാ മണ്ഡലത്തിലും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നു. ഈ രണ്ടിടത്തും പിന്നീട് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സമാനമായ സ്ഥിതിവിശേഷം തൃശ്ശൂരിലും സൃഷ്ടിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് എൽഡിഎഫ് നേതൃത്വം നല്‍കും.
മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്ക് പുറമേ മറ്റ് പല കാര്യങ്ങളും തിരഞ്ഞടുപ്പിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ പരിശോധന പാര്‍ട്ടിയിലുടനീളം നടത്തിക്കൊണ്ടിരിക്കുകയാണ്. പോരായ്മകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും, അത് പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തുന്നതിനുമാണ് സിപിഐ എം ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ ലോക-്സഭാ തിരഞ്ഞെടുപ്പിലും സമാനമായ തിരിച്ചടി എല്‍.ഡി.എഫിനുണ്ടായിരുന്നു. വന്ന പോരായ്മകള്‍ പരിശോധിച്ച് തിരുത്തിക്കൊണ്ട് എല്‍.ഡി.എഫ് മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ തുടര്‍ന്നു നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും, നിയമസഭ തിരഞ്ഞെടുപ്പിലുമെല്ലാം വിജയിക്കാന്‍ എൽഡിഎഫിന് കഴിയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ തിരിച്ചടിയുടെ കാരണങ്ങള്‍ ശരിയായ രീതിയില്‍ വിലയിരുത്തി അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് പാര്‍ട്ടി മുഴുകിയിരിക്കുന്നത്. തെറ്റുകള്‍ തിരുത്തി കൂടുതല്‍ കരുത്താര്‍ന്ന പാര്‍ട്ടിയായി സി.പി.ഐ എം മുന്നോട്ടുപോകും. അതിനുള്ള രാഷ്ട്രീയവും, സംഘടനാപരവുമായ ഇടപെടലുകള്‍ പാർട്ടി നടത്തും.
തിരഞ്ഞെടുപ്പുകൾ നീതിയുക്തമായി നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താനുള്ള പോരാട്ടവും ഇതോടൊപ്പം തുടരേണ്ടതുണ്ട്. വോട്ടിംഗ് യന്ത്രത്തെ സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ സി.പി.ഐ എം ഉന്നയിച്ചിരുന്നു. വി.വി പാറ്റിന് ശേഷമാണ് കണ്‍ട്രോള്‍ സിസ്റ്റം ഇപ്പോള്‍ ഉള്ളത്. കണ്‍ട്രോള്‍ സിസ്റ്റത്തിലെ വോട്ടാണ് എണ്ണുന്നത്. വി.വി പാറ്റിനു ശേഷം എന്തെങ്കിലും കൃത്രിമം നടന്നാല്‍ അതുകൊണ്ട് മനസ്സിലാകില്ല. അതിനാല്‍ കണ്‍ട്രോള്‍ യൂണിറ്റിനു ശേഷം വി.വി പാറ്റ് കൊണ്ടുവരണമെന്നതാണ് സി.പി.ഐ എം മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശം. ഇതിനായുള്ള സമരം ഇനിയും തുടരേണ്ടതുണ്ട് എന്നതും ഈ തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ബി.ജെ.പി തുടരുന്ന സാമ്പത്തിക നയം തന്നെയാണ് കോണ്‍ഗ്രസിലുമുള്ളത്. അവര്‍ മുന്നോട്ടുവെക്കുന്ന മതരാഷ്ട്രവാദത്തെ പ്രതിരോധിക്കുന്നതിനുള്ള ഉറച്ച നിലപാടുകളും കോണ്‍ഗ്രസിനില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലും ഇതു കാണാനാവുന്നതാണ്. ലോക്-സഭയില്‍ ജൂലായ് ഒന്നിനു നടത്തിയ ആദ്യത്തെ പ്രസംഗത്തില്‍ പോലും തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ ഈ ന്യൂനപക്ഷ വേട്ടയെ പരാമര്‍ശിക്കാന്‍ തയ്യാറായില്ല. ബി.ജെ.പി അതിന്റെ നിലപാടുകള്‍ തുടരുമെന്നാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ഭരണഘടനയും മതനിരപേക്ഷ ജനാധിപത്യവും ഫെഡറലിസവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമാക്കേണ്ടതുണ്ടെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ♦