ഇന്ത്യയെപ്പോലെ ലോകവും തിരഞ്ഞെടുപ്പുകളുടെ സംഭവബഹുലതകളിലൂടെ കടന്നുപോവുകയാണ്. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷം ആപൽക്കരമാംവിധം സ്വാധീനം വർധിപ്പിച്ചിരിക്കുന്നു. ഫ്രാൻസിൽ വളരുന്ന പ്രതിലോമശക്തികൾക്കെതിരെ മറ്റെല്ലാവരും വിശാല അടിസ്ഥാനത്തിൽ സഹകരിക്കാനുള്ള സാധ്യതകൾ എത്രത്തോളം പ്രായോഗികമാകും എന്ന് വരുംദിനങ്ങളിൽ വ്യക്തമാവും. തീവ്ര വലതുപക്ഷത്തിന്റെ ജയഭീഷണി തടയാൻ കഴിയുന്നതിൽ വിശാല ഇടതുപക്ഷം ഒരുപരിധിവരെ വിജയം നേടിക്കഴിഞ്ഞു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് ഫലവും, ഇന്ത്യയെ പല നൂറ്റാണ്ടുകൾ കാൽചുവട്ടിൻകീഴിൽ അമർത്തിയിരുന്ന ബ്രിട്ടനിലെ തിരഞ്ഞെടുപ്പുഫലവും ഏതാണ്ട് ഒരു മാസത്തെ വ്യത്യാസത്തിലാണ് പുറത്തുവരുന്നത്. അവയെ തമ്മിൽ സ്വന്തം നർമഭാവനയിലൂടെ ചേർത്തുവെച്ച് കാർട്ടൂണിസ്റ്റ് ഉണ്ണി നടത്തിയ നിരീക്ഷണം കൗതുകകരമാണ്. ‘‘PM of Indian origin lost. A slogan of Indian origin won’’ (ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി തോറ്റു. ഇന്ത്യയിൽ പിറന്ന മുദ്രാവാക്യം ജയിച്ചു). ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ഉണ്ണിയുടെ വരികൾ ആരിലും ചിരിയും ചിന്തയും ഉണർത്താതിരിക്കില്ല.
നാനൂറിൽപരം സീറ്റ് നേടുമെന്ന നരേന്ദ്ര മോദിയുടെ വീമ്പിളക്കൽ ഇന്ത്യൻ ജനത പരാജയപ്പെടുത്തിയപ്പോൾ, ഇംഗ്ലണ്ടിൽ മോദിയുടെ സുഹൃത്തും യാഥാസ്ഥിതിക കക്ഷി നേതാവും നിലവിൽ പ്രധാനമന്ത്രിയുമായിരുന്ന റിഷി സുനകിനും പരാജയമുണ്ടായി. വിജയിച്ച ലേബർ പാർട്ടിക്ക് നാനൂറിലധികം സീറ്റ് കിട്ടുകയുണ്ടായി. 400ൽ അധികം സീറ്റെന്ന ബിജെപി ഇന്ത്യയിലുയർത്തിയ മുദ്രാവാക്യം ബ്രിട്ടനിൽ ലേബർ പാർട്ടിക്കാണ് പ്രയോജനപ്പെട്ടത്.
ഇന്ത്യയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക്-സഭയിൽ സമ്പാദിച്ച് ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളുന്ന ആധുനിക ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ചോർത്തിക്കളയുകയായിരുന്നുവല്ലോ മോദിയുടെ ലക്ഷ്യം. അത് തടയുകയും ബിജെപിക്ക് തനിച്ച് ലോക്-സഭയിൽ ഭൂരിപക്ഷമില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തത് ഇന്ത്യൻ വോട്ടർമാരുടെ ജനാധിപത്യ പക്വതയുടെ തെളിവാണ്.
ആ അർത്ഥത്തിൽ ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് നിയന്ത്രിക്കുന്ന സംഘപരിവാർ ശക്തികൾക്ക് 2024ലെ തിരഞ്ഞെടുപ്പ് ഫലം ഒരു ആഘാതം ആണെന്നതിൽ സംശയമില്ല. എങ്കിലും തെലുങ്കുദേശം പാർട്ടി, ജനതാദൾ (യു) തുടങ്ങിയ കൂട്ടുകക്ഷികളുടെ പിന്തുണയോടെ മോദി മൂന്നാം തവണയും പ്രധാനമന്ത്രി പദം ഏറ്റെടുത്തിരിക്കുകയാണ്. മുറിവേറ്റ വന്യജീവി, സുരക്ഷ അനേ-്വഷിച്ച് പിന്തിരിയുന്നതിനുപകരം ക്രുദ്ധനായി കൂടുതൽ ആപൽക്കരമായ പ്രത്യാക്രമണം നടത്താനും സാദ്ധ്യതയുണ്ട്. ഈ തത്വം ആർഎസ്എസിനും സംഘപരിവാറിനും അതിന്റെ നേതൃത്വത്തിനും ബാധകമാണ്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഹീനമായ കടന്നാക്രമണങ്ങൾ നടക്കുന്നതിനെ ഈ പശ്ചാത്തലത്തിൽ വേണം പരിശോധിക്കേണ്ടത്. ഇതിനെ ശക്തമായി അപലപിച്ചുകൊണ്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ മാത്രമാണ് പരസ്യ പ്രസ്താവന ഇതുവരെ ഇറക്കിയിട്ടുള്ളത്. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്-പൂരിൽ മൂന്ന് മുസ്ലിങ്ങളെ പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു സംഘം അക്രമികൾ കൊലപ്പെടുത്തുകയുണ്ടായി. ഈ ഘാതക സംഘം യാതൊരു തെളിവുമില്ലാതെ അവകാശപ്പെട്ടത് പശുക്കളെ കടത്തിക്കൊണ്ടുപോയി കൊന്ന് കച്ചവടം നടത്തുന്നവരാണ് വധിക്കപ്പെട്ടത് എന്നാണ്. ഉത്തർപ്രദേശിലെ അലിഗഢിലും ഇതേ കുറ്റം കെട്ടിച്ചമച്ച് ന്യൂനപക്ഷത്തിൽപ്പെട്ട ഒരാളെ കൊലപ്പെടുത്തി.
മദ്ധ്യപ്രദേശിലെ മാൻഡ്ലയിൽ മുസ്ലീം വിശ്വാസികളുടെ പതിനൊന്ന് വീടുകൾ നശിപ്പിക്കപ്പെട്ടു. വീടുകളിൽനിന്ന് ബീഫ് കണ്ടെടുത്തു എന്നാരോപിച്ചാണ് ഈ അതിക്രമം നടത്തിയത്.
ഉത്തർപ്രദേശിലെ ലഖ്നൗവിനടുത്തുള്ള അക്ബർ നഗറിൽ ആയിരത്തിലധികം മുസ്ലീം കുടുംബങ്ങളുടെ വീടുകൾ ബുൾഡോസർ കൊണ്ട് തവിടുപൊടിയാക്കി. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള വാർത്ത ദുഃഖകരമാണ്. മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം കുറഞ്ഞ വരുമാനക്കാരുടെ വിഭാഗത്തിൽ വീട് അനുവദിച്ചു കിട്ടിയ കുടുംബത്തിന് അവർക്ക് നൽകിയ വീട്ടിൽ താമസിക്കാനാവുന്നില്ല. കാരണം, ചുറ്റുപാടുമുള്ള വീടുകളിലെ താമസക്കാരായ ഹിന്ദുക്കൾ, മറ്റു മതക്കാരെ, വിശേഷിച്ച് മുസ്ലീങ്ങളെ ഇവിടെ തങ്ങളോടൊപ്പം താമസിപ്പിക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
ഹിമാചൽ പ്രദേശിലെ നഹാൻ എന്ന സ്ഥലത്ത് മുസ്ലീമായ ഒരാളുടെ കട കയ്യേറി കൊള്ളയടിച്ചു. കടയുടമസ്ഥൻ പശുബലി നടത്തി എന്ന കഥ കെട്ടിച്ചമച്ചാണ് ഈ അതിക്രമം ചെയ്തത്. ഡൽഹിയിലെ സംഗം വിഹാറിൽ താമസിക്കുന്ന മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ തങ്ങൾക്കുനേരെ നടന്നുവരുന്ന ഭീഷണി നിറഞ്ഞ അധിക്ഷേപങ്ങളും അരക്ഷിതാവസ്ഥയും നിമിത്തം അവിടം വിട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടി ബോധപൂർവം അവിടെ അടുത്തൊരു ആരാധനാലയത്തിന് സമീപം പശുവിന്റെ ശരീരാവശിഷ്ടങ്ങൾ അജ്ഞാതർ കൊണ്ടുവന്നിടുകയുണമുണ്ടായി.
ഇതൊന്നും യാദൃച്ഛികം അല്ല. തിരഞ്ഞെടുപ്പിൽ തങ്ങൾ ആസൂത്രണം ചെയ്തതുപോലെ ബിജെപിക്ക് തനിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷവും മുന്നണിക്ക് നാനൂറിലേറെ സീറ്റും നേടാനാകാതെ പോയത് സംഘപരിവാറിന് തീരെ സഹിക്കാൻ കഴിയുന്ന കാര്യമല്ല. അതിന് അവർക്കറിയാവുന്ന പരിഹാരം വർഗീയ വിഭജനം കൂടുതൽ തീവ്രമാക്കുക എന്നതാണ്.
എന്തെല്ലാം ഹീനമായ അടവുകളാണ് സ്വന്തം അധികാരമുറപ്പിക്കാൻ സംഘപരിവാർ എടുത്ത് ഉപയോഗിച്ചത്? ബാബ്റി മസ്ജിദ് പ്രശ്നം പ്രത്യേക തരത്തിൽ സമ്പാദിച്ച സുപ്രീംകോടതി വിധിയിലൂടെ നിയമപരമായിത്തന്നെ പരിഹരിച്ചു എന്ന പ്രതീതി ഉണ്ടാക്കി. (ആ ദയനീയമായ സുപ്രീംകോടതി വിധി എഴുതുന്നതിന് നേതൃത്വം കൊടുത്ത ചീഫ് ജസ്റ്റീസ് രഞ്ചൻ ഗൊഗോയിയെ തിടുക്കത്തിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് അംഗമാക്കിയ അപഹാസ്യതയും ഓർക്കുക). അതിനെ തുടർന്നാണ് ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ രാമക്ഷേത്ര നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയത്. ശ്രീകോവിൽ നിർമാണത്തിന്റെ ശില പാകിയത് ബിജെപിയുടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു. ശ്രീകോവിലിന്റെ ശില പാകിയതിനുശേഷം ബിജെപി മുഖ്യമന്ത്രി പ്രസ്താവിച്ചത് തികച്ചും ഭരണഘടനാ വിരുദ്ധമായ ഒരഭിപ്രായം ആയിരുന്നു: ‘‘ഇതു ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിൽ മാത്രമല്ല, രാഷ്ട്ര ക്ഷേത്രത്തിന്റെ ശ്രീകോവിൽ കൂടെയാണ്’’.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യൻ പൗരർക്ക് ഏത് മതത്തിലും വിശ്വസിക്കാനും നിർമതരായിരിക്കാനും അവകാശമുണ്ട്. അതേസമയം, രാഷ്ട്രത്തിന് എല്ലാ മതങ്ങളോടും ഒരേ തരം വിവേചനരഹിതമായ ബന്ധമാണുള്ളത്. രാഷ്ട്രത്തിന് പ്രത്യേകിച്ച് ഒരു മതവും ഇല്ല താനും. വസ്തുത ഇതായിരിക്കെ ശ്രീരാമ ക്ഷേത്രത്തിന്റെ ശ്രീകോവിൽ രാഷ്ട്ര ക്ഷേത്രത്തിന്റെ കൂടി ശ്രീകോവിലാണെന്ന് പറയുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.
ഇന്ത്യൻ ജനങ്ങളിൽ വലിയ ഒരു വിഭാഗത്തിന്റെ ആരാധനാമൂർത്തിയായ ശ്രീരാമനെ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ഇത്രയൊന്നും പോര എന്ന സംഘപരിവാറിന്റെയും മോദിയുടെയും നിഗൂഢമായ ആലോചന നിമിത്തമാണ് തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വച്ചുകൊണ്ട് ‘‘പ്രാണപ്രതിഷ്ഠ’’ എന്ന പദ്ധതി തയ്യാറാക്കപ്പെട്ടത്. 2024ലെ തിരഞ്ഞെടുപ്പ് ഔപചാരികമായി പ്രഖ്യാപിക്കപ്പെടാൻ ആഴ്ചകൾ ബാക്കിനിൽക്കെ 2024 ജനുവരി 22നാണ് ‘‘പ്രാണപ്രതിഷ്ഠ’’യുടെ മുഹൂർത്തം നരേന്ദ്ര മോദി കുറിപ്പിച്ചത്.
ഇവിടെ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ശങ്കരാചാര്യന്മാർ പ്രാണപ്രതിഷ്ഠയ്ക്ക് മോദിയുടെ നേതൃത്വത്തിൽ കുറിച്ച സമയം ശരിയല്ല എന്ന് തുറന്നടിച്ചു എന്നതാണ്. അതെല്ലാം അവഗണിച്ചുകൊണ്ടാണ് സംഘപരിവാറിന്റെ പിന്തുണയോടെ മോദി തന്നെത്തന്നെ സ്വയം മുഖ്യ വേഷക്കാരനായി അവരോധിച്ച് പ്രാണപ്രതിഷ്ഠാ ചടങ്ങുമായി മുന്നോട്ടുപോയത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബിജെപിയുടെ ലോക്-സഭാ സീറ്റുകളിൽ ഇരുപത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പ്രാണ പ്രതിഷ്ഠ നടത്തിയ അയോദ്ധ്യ ഉൾപ്പെടുന്നത് ഫെെസാബാദ് പാർലമെന്റ് മണ്ഡലത്തിലാണ്. അവിടെ സിറ്റിംഗ് ബിജെപി എംപിയെ തോൽപിച്ചുകൊണ്ട് സമാജ്-വാദി (സോഷ്യലിസ്റ്റ്) പാർട്ടി സ്ഥാനാർഥി അവധേഷ് പ്രസാദ് ജയിച്ചത് എടുത്തുപറയേണ്ട ചരിത്രനേട്ടമാണ്. ശ്രീരാമനെ തിരഞ്ഞെടുപ്പ് വിഷയമാക്കിയ ആർഎസ്എസിന്റെയും മോദിയുടെയും രാഷ്ട്രീയ അവിവേകത്തിന് അയോദ്ധ്യയിലെ ജനങ്ങൾ തന്നെ തിരിച്ചടി കൊടുത്തിരിക്കുന്നു. മാത്രമല്ല, അതൊരു സംവരണ മണ്ഡലം അല്ലാതിരുന്നിട്ടും ദളിത് വിഭാഗത്തിലെ സ്ഥാനാർഥിയെ അവിടെ മത്സരിപ്പിച്ച് അഭിമാനകരമായ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത് തികച്ചും ശ്രദ്ധേയമാണ്; മാതൃകാപരവും ധീരവുമാണ‍്.
2024ലെ തിരഞ്ഞെടുപ്പിൽ മോദിക്ക് ഏറ്റവും കൂടുതൽ ക്ഷീണം ഉണ്ടായത് ലോക്-സഭയിലേക്ക് ഏറ്റവും കൂടുതൽ സീറ്റുള്ള (80) യുപിയിൽനിന്നു തന്നെ ആയിരുന്നു. അഞ്ച് വർഷം മുമ്പ് 80ൽ 62 സീറ്റ് അവിടെ നേടിയ ബിജെപിക്ക് ഇത്തവണ 29 സീറ്റ് നഷ്ടമായി. ഒമ്പത് ശതമാനമാണ് യുപിയിൽ ബിജെപി വോട്ട് ഇടിഞ്ഞത്.
മഹാരാഷ്ട്രയിൽ കെെയിലുണ്ടായിരുന്ന 25 സീറ്റിൽ 16 എണ്ണം ബിജെപിക്ക് നഷ്ടമായി. ഇത്തരത്തിൽ സ്വന്തമായിരുന്ന 92 സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെട്ടെങ്കിലും 29 സീറ്റുകൾ പുതുതായി പിടിച്ചെടുക്കുന്നതിൽ വിജയിക്കാനവർക്ക് കഴിഞ്ഞു. ഉദാഹരണത്തിന്, ഒഡീഷയിൽ ആകെയുള്ള 21 ലോക്-സഭാ സീറ്റിൽ ഇരുപതിലും പുതുതായി ബിജെപി ജയിച്ചു.
84 ലോക്-സഭാ സീറ്റുകളാണ് പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളത്. അതിൽ 46 എണ്ണത്തിൽ 2019ൽ ബിജെപി ജയിച്ചു. എന്നാൽ, ഇത്തവണ അവർക്കതിൽ 16 സീറ്റ് നഷ്ടമായി.
ലോക്-സഭയിൽ തനിച്ച് ഭൂരിപക്ഷത്തിന് ബിജെപിക്ക് 32 സീറ്റിന്റെ കുറവുണ്ട്. എന്നാൽ സഖ്യകക്ഷികൾ ജയിച്ച 52 സീറ്റ് കൂട്ടുമ്പോൾ എൻഡിഎക്ക് ഭൂരിപക്ഷത്തിനേക്കാൾ 20 സീറ്റ് അധികമാണ്.
ഇന്ത്യ ബ്ലോക്ക് 234 സീറ്റ് നേടി. ഭൂരിപക്ഷത്തിന് 32 സീറ്റിന്റെ കുറവ്. 2014ലും 2019ലും പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ ആവശ്യമുള്ളത്ര അംഗബലമില്ലാതിരുന്ന കോൺഗ്രസിന് ഇത്തവണ ആ ബുദ്ധിമുട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിതിവിവര കണക്കുകൾ പ്രകാരം ബിജെപിയുടെ എൻഡിഎക്ക് 42.5% വോട്ടാണ്. ഇന്ത്യ ബ്ലോക്കിനാകട്ടെ, 40.6 ശതമാനവും. വ്യത്യാസം 1.9 ശതമാനം മാത്രം. ഇത് വ്യക്തമാക്കുന്നത് കൂടുതൽ ജാഗ്രതയോടെ ഇന്ത്യ ബ്ലോക്ക് ഈ തിരഞ്ഞെടുപ്പിന് തയ്യാറായിരുന്നു എങ്കിൽ കേന്ദ്ര ഭരണത്തിൽ നിന്ന് മോദിയെയും ബിജെപിയെയും 2024ൽ തന്നെ ഇറക്കിവിടാൻ കഴിയുമായിരുന്നു എന്നാണ്. എന്നാൽ, പല ഘട്ടങ്ങളിലും സന്ദർഭത്തിനൊത്തുയരാൻ ഇന്ത്യ ബ്ലോക്കിലെ പല പാർട്ടി നേതാക്കളും ആവശ്യമായ കരുതലും ദീർഘ വീക്ഷണവും പ്രായോഗിക ബുദ്ധിയും കാട്ടാതിരുന്നതിന്റെ വീഴ്ച കൂടിയാണ് മൂന്നാം എൻഡിഎ ഗവൺമെന്റ് നിലവിൽ വരുന്ന സ്ഥിതി സൃഷ‍്ടിച്ചത്.
മൊത്തത്തിൽ നോക്കുമ്പോൾ എന്തെല്ലാം പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും പ്രതിപക്ഷ കൂട്ടായ‍്മ രണ്ട് കാര്യങ്ങൾ തെളിയിച്ചു. മോദിയെയും സംഘപരിവാറിനെയും ഒത്തുശ്രമിച്ചാൽ പ്രതിപക്ഷ സഹകരണത്തിലൂടെ തോൽപ്പിക്കാനാവും. രണ്ടാമതായി, ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങൾക്കും ജനങ്ങളുടെ ദെെനംദിന ജീവിതപ്രശ്നങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള സംവാദം തിരഞ്ഞെടുപ്പ് വേളയിലും അല്ലാതെയും താഴെത്തട്ടിൽ വരെ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ ബിജെപിയുടെയും മോദിയുടെയും വർഗീയ വിഭജന രാഷ്ട്രീയത്തെ വെല്ലുവിളിക്കാനും തുറന്നുകാട്ടാനും പരാജയപ്പെടുത്താനും സാധിക്കും.
2024ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എം മുന്നോട്ടുവച്ച മൂന്ന് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബിജെപിയെയും കൂട്ടാളികളെയും പരാജയപ്പെടുത്തുകയെന്ന ഒന്നാമത്തെ ലക്ഷ്യത്തിലേക്ക് ഏതാനും ചുവടുകൾ മാത്രം മുന്നോട്ട് നീങ്ങാനായതേ ഉള്ളൂ. ലോക്-സഭയിൽ സിപിഐ എമ്മിന്റെയും ഇടതുപാർട്ടികളുടെയും സ്വാധീനം വർധിപ്പിക്കുക എന്ന രണ്ടാമത്തെ ലക്ഷ്യം വളരെ ചെറിയ തോതിൽ മാത്രമാണ് നിറവേറ്റപ്പെട്ടിട്ടുള്ളത്. തികച്ചും അഗണ്യമായ വിധത്തിൽ മാത്രം.
കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമായി ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും കൂടി ഉണ്ടായിരുന്ന അഞ്ച് സീറ്റ് നിലനിർത്തിയതിനു പുറമെ, പുതുതായി രാജസ്താനിലെ സിക്കറിൽനിന്ന് ഒരു സീറ്റും ബീഹാറിൽ നിന്ന് സിപിഐ (എം എൽ)ന്റെ രണ്ട് സീറ്റും ചേർന്ന് ഇടതുപക്ഷത്തിന്റെ ശക്തി അഞ്ചിൽനിന്ന് എട്ടായി വർധിച്ചു. 543 അംഗ ലോക്-സഭയിൽ ആണ് ഇത്. യുഡിഎഫിന്റെ ഭാഗമായി കേരളത്തിൽനിന്ന് ജയിച്ച ആർഎസ്-പി അംഗത്തെ കൂടി എണ്ണിയാൽ പോലും ഇരട്ട അക്കത്തിൽ എത്തുന്നില്ല. രാജ്യസഭയിലെ സിപിഐ എമ്മിന്റെ നാലും സിപിഐയുടെ രണ്ടും ചേരുമ്പോഴാണ് പത്തിന് മുകളിൽ കടക്കുക. ഒഡീഷ നിയമസഭയിൽ പട്ടികവർഗ സംവരണ മണ്ഡലത്തിൽ നിന്നും സിപിഐ എമ്മിന് നാലാം പ്രാവശ്യവും ഒരംഗത്തെ വിജയിപ്പിക്കാൻ കഴിഞ്ഞതും ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്.
1952ൽ പുതിയ ലോക്-സഭ നിലവിൽ വന്നപ്പോൾ എ കെ ജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ഒന്നാമത്തെ പാർട്ടിയായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി തുടർന്ന് അര നൂറ്റാണ്ടിലധികം കാലം ലോക്-സഭയിലും രാജ്യസഭയിലും അംഗബലം കൊണ്ടും ഇടപെടൽ ശേഷി കൊണ്ടും ശ്രദ്ധേയമായ സംഭാവനകൾ നൽകിപ്പോന്നിരുന്നു. 1957ൽ 27 സീറ്റും എട്ടു ശതമാനം വോട്ടുമാണ് അവിഭക്ത പാർട്ടിക്ക് ഉണ്ടായിരുന്നത്. സീറ്റിന്റെ കാര്യത്തിൽ ഏറ്റവും വലിയ മുന്നേറ്റം ഇടതുപക്ഷം നേടിയത് 2004ൽ ആയിരുന്നു. സിപിഐ എമ്മിന് 43 ഉം സിപിഐക്ക് പത്തും ആർഎസ്-പിക്കും ഫോർവേഡ് ബ്ലോക്കിനും മൂന്ന് വീതവും നേടാനായി.
ഈ കാലഘട്ടത്തിൽ ബംഗാൾ, കേരളം, ത്രിപുര എന്നിങ്ങനെ ഇടതുപക്ഷ നേതൃത്വത്തിലുള്ള മൂന്ന് സംസ്ഥാന ഗവൺമെന്റുകൾ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും ബദൽ അനേ-്വഷണങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയും പരിഗണനയും നേടിയെടുത്തു.
തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവാക്കളും സ്ത്രീകളും പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ട്രാൻസ്ജെന്ററുകളും അരികുവൽക്കരിക്കപ്പെടുന്നവരുമെല്ലാം പ്രതീക്ഷയോടുകൂടി ഉറ്റുനോക്കിയത് ഇടതുപക്ഷത്തെ ആയിരുന്നു. അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ട് ഇടതുപക്ഷ നേതൃത്വത്തിലും അതിവിശാല അടിസ്ഥാനത്തിലും ഒട്ടേറെ അവകാശ സമരങ്ങളും ഇക്കാലങ്ങളിലെല്ലാം സംഘടിപ്പിക്കപ്പെടുകയുണ്ടായി.
ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ അടുത്ത നാളുകളിലായി വളരെ ഉൽക്കണ്ഠപ്പെടുത്തുന്ന മുരടിപ്പും തിരിച്ചടികളും ആണ് ഇടതുപക്ഷം നേരിടുന്നത് എന്നതിൽ സംശയമില്ല.
ഇതാകട്ടെ, ഇന്ത്യയിലെ ഒരു പ്രതിഭാസം മാത്രവുമല്ല; ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത തോതിൽ കമ്യൂണിസ്റ്റ് – ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ചില ഇടർച്ചകളും മരവിപ്പും തിരിച്ചടികളും നേരിടേണ്ടി വരുന്നുണ്ട്. നേരെമറിച്ച് ലാറ്റിൻ അമേരിക്കയിലേതുപോലെ അതിനെ അതിജീവിക്കുന്ന, പ്രതീക്ഷ പകരുന്ന അനുഭവങ്ങളും കാണാൻ സാധിക്കും. ഫ്രാൻസിലെ രണ്ടാംവട്ട പാർലമെന്റ് തിരഞ്ഞെടുപ്പാണ് ഇതിന്റെ മറ്റൊരു ഉദാഹരണം.
ഇന്ത്യയിൽ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിനെതിരെ സർവപ്രതിലോമ ശക്തികളും ഭരണകൂട സംവിധാനങ്ങളും ഒത്തുചേർന്ന് നടത്തിപ്പോന്ന ആക്രമണ പരമ്പരകൾ പ്രസ്ഥാനത്തെ വലിയ തോതിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തുടർച്ചയായി സംസ്ഥാന ഭരണത്തിൽ ഉണ്ടായിരുന്ന സന്ദർഭത്തിൽ ചില മികച്ച മാതൃകകൾ വളർത്തിയെടുക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാരുകൾക്ക് ചില തെറ്റായ പ്രവണതകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയമായും ഭരണപരമായും സംഘടനാപരമായും അത്തരം പോരായ്മകൾ തിരുത്തി പ്രവർത്തിച്ചാൽ മാത്രമേ സാമാന്യ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. ഭരണത്തിലാണെങ്കിലും അല്ലെങ്കിലും കമ്യൂണിസ്റ്റ് –ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വന്തം കടമകൾ നിർവഹിക്കാൻ കഴിയണമെങ്കിൽ വിമർശനവും സ്വയം വിമർശനവും സദാപിന്തുടരാനാവണം; അതിന്റെ അടിസ്ഥാനത്തിലുള്ള തെറ്റു തിരുത്തലും. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തേണ്ടത്.
2024ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതീക്ഷിച്ച വിജയം ഉണ്ടാകാതിരുന്നത് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് –ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ പ്രതീക്ഷയും ആവേശവുമായ കേരളം ഇപ്പോൾ ഉണ്ടായ തിരിച്ചടിയെയും അതിജീവിക്കുമെന്നാണ് നമ്മുടെ നാടിന്റെ നല്ല ഭാവി ആഗ്രഹിക്കുന്ന എല്ലാവരും ചിന്തിക്കുന്നത്. അതിനു സാധിക്കുമെന്നതിനും സംശയമില്ല.
2019ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഇന്നത്തേതിന് സമാനമായ പരാജയമായിരുന്നു, ഇടതുപക്ഷത്തിനുണ്ടായത്. 1977ൽ ആകട്ടെ ഒറ്റ ലോക്-സഭാ സീറ്റ് പോലും കേരളത്തിൽ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് നേടാനായില്ല. അന്നുതന്നെ ഒപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി നേടിയത് 111 സീറ്റ് ആയിരുന്നു. ഇന്ത്യ മുഴുവൻ അടിയന്തരാവസ്ഥക്കെതിരെ അതിശക്തമായ വിധിയെഴുത്ത് നടത്തിയപ്പോഴായിരുന്നു ഇത്തരമൊരു തിരിച്ചടി കേരളത്തിലുണ്ടായത്. നിയമസഭയിൽ സിപിഐ എം 17 സീറ്റുനേടി. രണ്ടായിരത്തിനടുത്ത വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ എം എസ് ആലത്തൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന്, അന്ന് അപ്രശസ്തനായിരുന്ന വി എസ് വിജയരാഘവനോട് പൊരുതി ജയിച്ചത്.
ഇത് ഓർക്കുവാൻ കാരണം തിരഞ്ഞെടുപ്പു ജയപരാജയങ്ങൾക്കു പിന്നിലുള്ള ഘടകങ്ങളെ സൂക്ഷ്മമായും ശാസ്ത്രീയമായും വിലയിരുത്തുവാൻ കഴിയണം എന്ന വസ്തുതയ്ക്ക് അടിവരയിടുവാനാണ്. കോഴിക്കോട് ചാത്തമംഗലം റീജിയണൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി രാജനെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ച് കൊലപ്പെടുത്തുകയും മൃതദേഹം രക്ഷിതാക്കൾക്ക് കെെമാറാതെ ചുട്ടുകരിച്ച് കുഴിച്ചുമൂടുകയും ചെയ്തതുപോലുള്ള എത്രയെത്ര കൊടുംക്രൂരതകളാണ് തിരഞ്ഞെടുപ്പുകാലത്തുപോലും പുറത്തുവരാതെ അന്ന് മറച്ചുവയ്ക്കപ്പെട്ടത്? അതോടൊപ്പം കോൺഗ്രസ് നേതാവ് കരുണാകരന്റെ നേതൃത്വത്തിലുള്ള മുന്നണിയിൽ കേരളത്തിലെ ഏതാണ്ടെല്ലാ പ്രധാന പാർട്ടികളും (കോൺഗ്രസ്, സിപിഐ, കേരള കോൺഗ്രസ്, മുസ്ലീം ലീഗ്, ആർഎസ്-പി) ഒരുമിച്ചായിരുന്നു.
എന്നുവച്ചാൽ, രാഷ്ട്രീയമായി, അടിയന്തരാവസ്ഥയെന്ന വ്യക്തമായും ജനാധിപത്യവിരുദ്ധമായ നിലപാടിനൊപ്പമായിരുന്ന മുന്നണിക്ക്, കേരളത്തിലെ രാഷ്ട്രീയ – സാമൂഹ്യവിഭാഗങ്ങൾക്കിടയിൽ അവഗണിക്കാനാവാത്ത സ്വാധീനം അന്ന് ഇടിഞ്ഞുപോകാതെ നോക്കാൻ സാധിച്ചു. അടിയന്തരാവസ്ഥയിലെ നിഷ്ഠുരമായ അതിക്രമങ്ങളുടെ വിശദാംശങ്ങൾ വേണ്ടപോലെ സാധാരണ ജനങ്ങളിലേക്ക് ചെന്നെത്തിയതുമില്ല. ഇതെല്ലാം ചേർന്നാണ് എല്ലാ ലോക്-സഭാ സീറ്റുകളിലും മഹാഭൂരിപക്ഷം അസംബ്ലി സീറ്റുകളിലും സിപിഐ എം പരാജയപ്പെട്ട 1977ലെ തിരിച്ചടി സംഭവിച്ചത്.
എന്നാൽ തുടർന്നുനടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും കാറ്റ് മാറി വീശാൻ തുടങ്ങി. സിപിഐ എം 10–ാം പാർട്ടി കോൺഗ്രസ് ജലന്ധറിലും സിപിഐയുടെ പാർട്ടി കോൺഗ്രസ് പഞ്ചാബിലെതന്നെ ഭട്ടിൻഡയിലും സമ്മേളിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ്സിനൊപ്പം നിന്നത് തെറ്റാണെന്ന സ്വയം വിമർശനം സിപിഐ നടത്തി. അതേത്തുടർന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി സിപിഐ തിരിച്ചുവരുന്നതും, കോൺഗ്രസ് മുന്നണിയുമായുള്ള സിപിഐയുടെ ഒരു ദശകക്കാലത്തെ ബന്ധം വിച്ഛേദിക്കപ്പെടുന്നതും.
തിരഞ്ഞെടുപ്പിലെ ജയത്തിനും തോൽവിക്കുമുള്ള കാരണങ്ങൾ ഏതെങ്കിലും ചില കാര്യങ്ങളിലേക്കോ വ്യക്തികളിലേക്കോ ചുരുക്കുന്ന സമ്പ്രദായം അശാസ്ത്രീയമാണ്. ഓരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത ഘടകങ്ങൾക്ക് പ്രാധാന്യം കൂടുകയോ കുറയുകയോ ചെയ്തു എന്നുവരും. ഇത്തവണ കേരളത്തിലെ വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഡൽഹിയിലെ വർഗീയ സേ-്വച്ഛാധിപത്യ ഗവൺമെന്റിനെ മാറ്റി, ഒരു മതനിരപേക്ഷ ബദൽ ഗവൺമെന്റ് സ്ഥാപിക്കുക എന്ന വിഷയമായിരുന്നു. സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫിനേക്കാൾ കോൺഗ്രസ്സിനാണ് ഇതിൽ പങ്കുവഹിക്കാൻ കഴിയുക എന്ന വിശദീകരണങ്ങൾ ആണ് കൂടുതൽ വോട്ടർമാരും പരിഗണിച്ചത്. മുമ്പ് പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്ന് ജേ-്യാതിബസുവിനാട് അഭ്യർഥിക്കപ്പെട്ട ഘട്ടത്തിൽ അത് വേണ്ടെന്നു വയ്-ക്കുവാൻ സിപിഐ എം കേന്ദ്രക്കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിച്ച പഴയകാല അനുഭവങ്ങളും ഇത്തരുണത്തിൽ ചിലർ ചർച്ചാവിഷയമാക്കുകയുണ്ടായി.
എല്ലാ രാഷ്ട്രീയപ്പാർട്ടികളും എങ്ങനെയെങ്കിലും അധികാരം നേടാൻ ശ്രമിക്കുന്നവരാണ് എന്ന് അവജ്ഞയോടെ സാമാന്യവൽക്കരണ വിമർശനമുയർത്തുന്ന മാധ്യമ സമൂഹത്തിന് സിപിഐ എം വ്യത്യസ്ത സമീപനം സ്വീകരിച്ച 1996ലെ ഭരണത്യാഗമനഃസ്ഥിതിയെ ആദരിക്കുകയല്ല; മറിച്ച് അതൊരു കുറ്റവും അയോഗ്യതയുമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഗൃഹസന്ദർശന സന്ദർഭത്തിൽ ഇടതുപക്ഷ വിരുദ്ധ സ്ക്വാഡുകളും ഇതേറ്റെടുക്കുകയായിരുന്നു. ♦
(തുടരും)