Friday, November 22, 2024

ad

Homeകവര്‍സ്റ്റോറികോർപ്പറേറ്റ് – വർഗീയ 
ബിജെപിക്കെതിരെ കർഷകരുടെ വോട്ട്

കോർപ്പറേറ്റ് – വർഗീയ 
ബിജെപിക്കെതിരെ കർഷകരുടെ വോട്ട്

വിജൂ കൃഷ്ണൻ (സിപിഐ എം 
 കേന്ദ്രകമ്മിറ്റി അംഗം)

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണ്; നരേന്ദ്രമോദി നയിക്കുന്ന സേ-്വച്ഛാധിപത്യ, വർഗീയ കോർപ്പറേറ്റ് എൻഡിഎ സർക്കാരിനുള്ള കനത്ത തിരിച്ചടിയുമാണ്. ഒരു പതിറ്റാണ്ട് മുൻപ് നരേന്ദ്രമോദി അധികാരത്തിലേറിയ ആദ്യ ദിനം മുതൽ തന്നെ ബിജെപി വാഴ്ചയ്ക്കെതിരെ നിരന്തരം വിശ്രമരഹിതമായി സമരങ്ങൾ കെട്ടിപ്പടുത്തുകൊണ്ടുവന്നത് കർഷകരും തൊഴിലാളികളുമാണ്. പരസ്പരം എതിരിട്ടു നിൽക്കുന്ന വർഗങ്ങൾ തമ്മിൽ പൊതുലക്ഷ്യം കെെവരിക്കുന്നതിനോ ശക്തനായ ഒരു ശത്രുവിനെ പരാജയപ്പെടുത്തുന്നതിനോ ആയി പരസ്പര പൂരകമായി നിൽക്കത്തക്കവിധം അനുരഞ്ജനത്തിലേർപ്പെടുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നിരന്തരം നടന്ന സമര പ്രക്രിയകൾക്കിടയിൽ കർഷക പ്രസ്ഥാനം നേടിയെടുത്തത് കൃത്യമായും ഇതുതന്നെയാണ്. വിരുദ്ധ ചേരിയായി നിൽക്കുന്ന വർഗങ്ങൾ തമ്മിലുള്ള സഖ്യങ്ങൾ അനുപേക്ഷണീയമാണെന്ന് അതിന് അതിവേഗം ബോധ്യപ്പെട്ടു. പൊതുവായ ചൂഷകനോ നയങ്ങൾക്കോ എതിരായി വിശാലമായ വിഷയാധിഷ്ഠിത ഐക്യം കെട്ടിപ്പടുക്കൽ മാത്രമാണ് ഈ ഇരുണ്ട കാലത്ത് വിജയം ഉറപ്പാക്കാനുള്ള ഒരേയൊരു വഴി. ഇപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോർപ്പറേറ്റ് – വർഗീയ ബിജെപി വാഴ്ചയ്ക്കെതിരെ കർഷകർ തങ്ങളുടെ പാദങ്ങൾകൊണ്ടാണ് വോട്ടു ചെയ്തത്; അങ്ങനെ ബിജെപി വാഴ്ചയ്ക്ക് തിരിച്ചടിയേൽപ്പിക്കുകയും ചെയ്തു.

കാർഷിക പ്രതിസന്ധി, കർഷക ആത്മഹത്യകൾ, കടബാധ്യത, മിനിമം താങ്ങുവില ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത, കൃഷിയിൽ പൊതുനിക്ഷേപം, ഗ്രാമീണ വികസനം എന്നിത്യാദി വിഷയങ്ങളെ എല്ലാത്തിനുമുപരിയായി മുഖ്യ വിഷയമായി ഉയർത്തിക്കൊണ്ടുവരുന്നതിന് കർഷക സമരങ്ങൾക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. മറ്റൊരു മുഖ്യ ഭരണവർഗ പാർട്ടിയായ, ഇന്ത്യയിൽ നവലിബറൽ സാമ്പത്തിക നയങ്ങൾക്കൊപ്പം വ്യാപാര ഉദാരവൽക്കരണം, സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ, ഇൻപുട്ട് കമ്പോളത്തെ നിയന്ത്രണരഹിതമാക്കൽ, ധന ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, വരുമാനം കുറയ്ക്കൽ നയങ്ങൾ, സാമൂഹ്യമേഖലയിലെ ചെലവഴിക്കലിൽ നിന്ന് പിന്തിരിയൽ തുടങ്ങിയ സകലമാന നയങ്ങളുടെയും കാരണക്കാരായ ഇന്ത്യൻ നാഷണൽ കോൺഗ്രസും തങ്ങളുടെ നയത്തിൽ ദിശാമാറ്റം വരുത്താൻ നിർബന്ധിതരായി. 2019ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ കോൺഗ്രസ് പാർട്ടി ഇങ്ങനെയാണ് പ്രസ്താവിച്ചത്: ‘‘ബിജെപി ഗവൺമെന്റ് പരിഷ്കാരങ്ങളുടെ ക്ലോക്കിനെ എതിർദിശയിലാക്കിയിരിക്കുകയാണ്. ഈ വക്രീകരണങ്ങളെ റദ്ദാക്കുമെന്നും തുറന്ന, ലിബറൽ കമ്പോള സമ്പദ്ഘടന പുനഃസ്ഥാപിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം നൽകുന്നു’’. അതിൽ വീണ്ടും ഇങ്ങനെ പ്രസ്താവിക്കുന്നു: ‘‘1955ലെ അവശ്യ സാധന നിയമം നിയന്ത്രണങ്ങളുടെ കാലത്തുള്ളതാണ്’’. അതുകൊണ്ട് ‘‘അടിയന്തര സാഹചര്യങ്ങളിൽ മാത്രം പ്രയോഗിക്കാൻ കഴിയുന്ന’’ ഒരു നിയമം ഇതിനുപകരമായി കൊണ്ടുവരുമെന്നും കോൺഗ്രസ് വാഗ്ദാനം നൽകുന്നു. ‘‘അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റീസ് ആക്ട് റദ്ദ് ചെയ്യു’’മെന്നും ‘‘കാർഷിക മേഖലയിലെ കയറ്റുമതിയും സംസ്ഥാനാന്തര വ്യാപാരവും ഉൾപ്പെടെയുള്ള വ്യാപാരത്തെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കു’’മെന്നും കോൺഗ്രസിന്റെ 2019ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ വ്യക്തമാക്കിയിരുന്നു. രണ്ടാം യുപിഎ വാഴ്ചക്കാലത്ത് കോൺഗ്രസാണ് മാതൃകാ കരാർ കൃഷി നിയമം ആദ്യം കൊണ്ടുവന്നത്. ഇവയെല്ലാം തന്നെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് മൂന്ന് കാർഷിക നിയമങ്ങളുടെ രൂപത്തിൽ കൊണ്ടുവന്നത്. 2024ലെ മാനിഫെസ്റ്റോയിൽ കോൺഗ്രസ് പാർട്ടിക്ക് ഇതിനു നേരെ വിപരീതമായ നിലപാട് മുന്നോട്ടുവയ്ക്കേണ്ടതായി വന്നു; ഇതും ഈ സമരങ്ങൾ കെട്ടിപ്പടുത്തതിന്റെ സമ്മർദം മൂലമാണെന്ന് വ്യക്തമാണ്.

2014 ഡിസംബറിൽ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് പുറപ്പെടുവിച്ച ഉടൻ തന്നെ ആ കിരാത നിയമത്തിനെതിരെ വിഷയാധിഷ്ഠിത ഐക്യം കെട്ടിപ്പടുത്തു. ‘ഭൂമി അധികാർ ആന്ദോളന്റെ’ നേതൃത്വത്തിൽ നടന്ന സമരങ്ങൾക്കൊപ്പം പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രഹരമേൽപ്പിക്കുകയും ചെയ്തത് ആ ഓർഡിനൻസ് പിൻവലിക്കുന്നതിനിടയാക്കി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം ആദ്യം നേരിട്ട പരാജയം ഇതായിരുന്നു. വിഷയാധിഷ്ഠിതമായ സംയുക്ത സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അതു പിൻവലിക്കപ്പെട്ടത് എന്ന കാര്യം നിസ്സംശയമാണ്. ഈ വിജയത്തോടുകൂടി മാത്രം സമരങ്ങൾ അവസാനിപ്പിച്ചില്ല. ജനങ്ങളുടെ ഉപജീവന മാർഗങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾ, നോട്ടു നിരോധനം മൂലമുണ്ടായ പ്രതിസന്ധി, ഗോരക്ഷയുടെ പേരിൽ നടന്ന ആക്രമണങ്ങൾ, സ്വകാര്യവൽക്കരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയ്ക്കുമെതിരെ, വനാവകാശത്തിനുനേരെയുള്ള കടന്നുകയറ്റത്തിനെതിരെ, നാഷണൽ മോണിറ്റെെസേഷൻ പെെപ്പ് ലെെനിനെതിരെ തുടങ്ങിയ വിവിധ വിഷയങ്ങളുയർത്തി സമരങ്ങൾ ആരംഭിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ ദീർഘകാല സാന്നിധ്യവും ഉണ്ടായിരുന്നു; പതിറ്റാണ്ടുകളായി നവലിബറൽ നയങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിൽ അവ നിർണായക പങ്കു വഹിച്ചു; അവയുടെ അനുഭവങ്ങളും കർഷക പ്രസ്ഥാനത്തിന് നേട്ടമുണ്ടാക്കി.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മന്ദസോറിൽ നടന്ന പൊലീസ് വെടിവെയ്പിൽ കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്ന് 2017 ജൂണിൽ അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി എന്ന മറ്റൊരു വിഷയാധിഷ്ഠിത ഐക്യം രൂപീകരിക്കപ്പെട്ടു; ഇതു സമരങ്ങളെ വ്യത്യസ്തമായ ഒരു തലത്തിലേക്ക് ഉയർത്തി. 2018 മാർച്ചിൽ നാസിക്കിൽനിന്ന് മുംബെെയിലേക്ക് നടത്തിയ കിസാൻ ലോങ് മാർച്ച് ജനങ്ങളിൽ ആവേശം ജനിപ്പിച്ചു; ഇതും ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന സന്ദേശമാണ് നൽകിയത്; ബിജെപി അജയ്യമായ ശക്തിയാണെന്നത് കേവലം കോർപ്പറേറ്റ് മാധ്യങ്ങളുടെ സൃഷ്ടിയും പ്രചാരണവുമാണെന്നും വ്യക്തമായി. ബിജെപി വാഴ്ചയ്ക്കെതിരായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു ഘടകമായി ബിജെപി – മോദി കിസാൻ വിരോധി (ബിജെപിയും മോദിയും കർഷകരുടെ ശത്രുക്കളാണ് ) എന്ന മുദ്രാവാക്യം ഉയർന്നുവന്നു. 2019ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ പുൽവാമ സംഭവത്തിന്റെയും ബാലാക്കോട്ട് വേ-്യാമാക്രമണത്തിനും ശേഷം നടത്തിയ അതിതീവ്ര ദേശീയ വികാരം ഇളക്കിവിട്ട പ്രചാരണത്തിന്റെയും പശ്ചാത്തലത്തിൽ ബിജെപി വിജയിച്ചെങ്കിൽ പോലും അതിനു തൊട്ടുമുൻപു നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്, രാജസ്താൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെട്ട കാര്യം മറക്കാനാവില്ല.

നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ സമരങ്ങൾ കൂടുതൽ രൂക്ഷമാക്കപ്പെട്ടു. കോർപ്പറേറ്റനുകൂലമായ മൂന്ന് കാർഷിക നിയമങ്ങൾക്കും നാല് ലേബർ കോഡുകൾക്കുമെതിരെ, നടന്ന കർഷകരുടെയും തൊഴിലാളികളുടെയും ചരിത്ര പ്രസിദ്ധമായ സംയുക്ത സമരം കടുത്ത അടിച്ചമർത്തൽ നേരിടുകയും 750ഓളം സഖാക്കളുടെ രക്തസാക്ഷിത്വത്തിന് ഇടയാവുകയും ചെയ്തു. നരേന്ദ്രമോദി പരാജയം സമ്മതിച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നിർബന്ധിതനായതും ലേബർ കോഡുകൾ നടപ്പിലാക്കാൻ ധെെര്യപ്പെടാതിരുന്നതും പ്രതീക്ഷ നൽകുന്ന തീപ്പന്തമായി ഉയർന്നുവന്നു. സംയുക്ത കിസൻ മോർച്ച വിഷയാധിഷ്ഠിത ഐക്യത്തിന്റെ പുതിയ വേദിയായി; വർഗപരമായി വ്യത്യസ്ത ചേരികളിലായിരുന്ന വിപുലമായ കർഷക ജനവിഭാഗങ്ങളെ ഒന്നിച്ചണിനിരത്താൻ ആ ഐക്യവേദിക്ക് കഴിഞ്ഞു. മഹാമാരിയുടെ മധേ-്യയും കർക്കശമായ ലോക്-ഡൗൺ നിലനിൽക്കെയും രോഗഭീതി മൂലം വലിയ വിഭാഗം ജനങ്ങൾ തങ്ങളുടെ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കുകയും ചെയ്തപ്പോഴാണ് ആ സമരം നടന്നത് എന്ന കാര്യം നമുക്ക് വിസ്മിക്കാനാവില്ല. അവർ ആദ്യം മഹാമാരിയെക്കുറിച്ചുള്ള ഭയത്തിനും ഭരണകൂടത്തിന്റെ അടിച്ചമർത്തലിനും മേൽ വിജയക്കൊടി നാട്ടി; മൂന്ന് നിയമങ്ങളും പിൻവലിക്കപ്പെട്ട അന്തിമ വിഷയത്തിലെത്തിച്ചേരാൻ ചെറിയ തോതിലൊന്നുമല്ല ആ ആദ്യ വിജയം സഹായിച്ചത്.

സമരം കോർപ്പറേറ്റ് കൊള്ളയ്ക്കെതിരെയാണെന്ന ആഖ്യാനമാണ് സംയുക്ത കിസാൻ മോർച്ച (എസ‍്-കെഎം) നിർണായകമായ വിധം സൃഷ്ടിച്ചത്. മൊദാനി മോഡലിനെതിരായിരുന്നു അത്; അദാനിമാരുടെയും അംബാനിമാരുടെയും ഇഷ്ടത്തിനെതിരായി കർഷക ജനത മുഖാമുഖം അണിനിരന്ന സമരമായിരുന്നു അത്; ഭരണക്കാരുടെ കോർപ്പറേറ്റ് ശിങ്കിടികളെന്ന നിലയിൽ ആ സമരം അവരെ തുറന്നുകാട്ടി; അവർക്ക് കൊള്ളലാഭമടിക്കാനായി ദശലക്ഷക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങളെ ബലികൊടുക്കാൻ നരേന്ദ്ര മോദി മടിക്കില്ലെന്ന് ബോധ്യപ്പെടുത്തിയതായിരുന്നു ആ സമരം. ഈ ആഖ്യാനത്തെ പ്രതിപക്ഷ പാർട്ടികളും ഏറ്റെടുത്തു; ബിജെപിയുടെ തിരഞ്ഞെടുപ്പ‍് പരാജയത്തിൽ ഇത് ശ്രദ്ധേയമായ പങ്ക് വഹിച്ചു. തൊഴിലാളികളുടെയും കർഷകരുടെയും ഐക്യം കൊണ്ട് വിഭാഗീയമായ വർഗീയ അജൻഡയെ പരാജയപ്പെടുത്താനാകുമെന്ന് മുസഫർ നഗർ കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് സംശയാതീതമായി പ്രഖ്യാപിച്ചു. ബിജെപി കോ സസാദോ (ബിജെപിയെ ശിക്ഷിക്കുക) എന്ന എസ്-കെഎമ്മിന്റെ ആഹ്വാനം രാജ്യത്തുടനീളം എത്തിച്ചു; എസ്-കെഎമ്മും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയും ചേർന്ന് ബിജെപിയുടെ കോർപ്പറേറ്റനുകൂല വർഗീയ നയങ്ങളെ തുറന്നുകാണിക്കുന്ന നിരവധി കാംപെയ്നുകൾക്ക് നേതൃത്വം നൽകി. അഗ്നിവീർ സ്കീമിനെതിരായ കാംപെയ്ൻ, വനിതാ ഗുസ്തി താരങ്ങൾക്കെതിരായ നടപടി തുടങ്ങിയ വിവിധ വിഷയങ്ങൾ ഇതിനിടയിൽ ഈ സമരവേദി ഏറ്റെടുത്തു.

പഞ്ചാബിലും ഹരിയാനയിലും കർഷകരുടെ പ്രതിഷേധം മൂലം ബിജെപി സ്ഥാനാർഥികൾക്ക് ഗ്രാമങ്ങളിലേക്ക് സ്വതന്ത്രമായി കടക്കാൻ പോലും കഴിഞ്ഞില്ല. ട്രേഡ് യൂണിയനുകളുമായി ചേർന്ന് വൻതോതിൽ സാഹിത്യപ്രചാരണവും പോസ്റ്ററുകളും മറ്റു കാംപെയ്നുകളും നടത്തി. ലഖിംപൂർ ഖേരിയിൽ 5 കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും അജയ് മിശ്ര ടെനി എന്ന കേന്ദ്രമന്ത്രിയുടെ മകൻ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് അതിനുത്തരവാദിയായ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ശക്തമായ കാംപെയ്ൻ നടത്തി. ഈ സമരങ്ങളെല്ലാം നടന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയോ പ്രാദേശിക കക്ഷികളെയോ പോലെയുള്ള രാഷ്ട്രീയ പാർട്ടികളിൽനിന്നും സ്വതന്ത്രമായാണ് എന്ന കാര്യവും ശ്രദ്ധേയമാണ്; ഈ കക്ഷികളെല്ലാം തന്നെ നിഷ്-ക്രിയരായി നോക്കിനിൽക്കുകയായിരുന്നു.

ലോക്-സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ശക്തവും ഈടുറ്റതുമായ, ഈ സമരങ്ങളും കാംപെയ്നുകളും ഫലപ്രദമായി വഹിച്ച പങ്കിന്റെ സാക്ഷ്യപത്രമാണ്. സമരത്തിന്റെ മുഖ്യകേന്ദ്രങ്ങളായിരുന്ന പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്താൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഗ്രാമീണമേഖലയിലെ ഒട്ടേറെ സീറ്റുകൾ നഷ്ടപ്പെട്ടു. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്താൻ, ഹരിയാന, മഹാരാഷ്ട്ര എന്നീ 5 സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിലെ 38 സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെട്ടു. പടിഞ്ഞാറൻ യുപിയിൽ മുസഫർ നഗർ, സഹാറൻ പൂർ, കയ്റാന, നാഗിന, മൊറാദബാദ്, സംഭൽ, റാംപൂർ എന്നീ സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെട്ടു; ഇതിലുമേറെ ശ്രദ്ധേയമായത് കേന്ദ്രമന്ത്രി അജയ്-മിശ്ര ടെനി ലഖിംപൂർ ഖേരിയിൽ പരാജയപ്പെട്ടതാണ്. കൃഷിമന്ത്രി അർജുൻ മുണ്ടയും ഝാർഖണ്ഡിൽ പരാജയപ്പെട്ടു. പഞ്ചാബിൽ ഒരൊറ്റ സീറ്റിൽപോലും ബിജെപിക്ക് ജയിക്കാനായില്ല. ഹരിയാനയിൽ 5 സീറ്റ് നഷ്ടപ്പെട്ടു.

2019ൽ ആകെയുള്ള 25 സീറ്റിലും വിജയിച്ച രാജസ്താനിൽ ഈ പ്രാവശ്യം ബിജെപിക്ക് കാർഷികമേഖലയിലെ 11 സീറ്റ് നഷ്ടപ്പെട്ടു. ചുരു നിയോജകമണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് 1,40,000ത്തിലേറെ വോട്ടുനേടാൻ കഴിഞ്ഞു; ഗംഗാനഗറിൽ ഒരു ലക്ഷത്തോളവും ബിക്കാനീറിൽ ഏകദേശം 70,000 വും സിക്കാറിൽ ഒരു ലക്ഷവും വോട്ട് സിപിഐ എമ്മിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചു; ഝുൻഝുനു, നാഗോർ തുടങ്ങിയ നിയോജകമണ്ഡലങ്ങളിലും സിപിഐ എമ്മിന് ഗണ്യമായ വോട്ടു ലഭിച്ചു. കിസാൻസഭയും സംയുക്ത കിസാൻ മോർച്ചയും നേതൃത്വം നൽകിയ സമരങ്ങളാണ് ഈ മേഖലയിൽ ബിജെപിക്ക് വമ്പിച്ച തിരിച്ചടിയേറ്റതിനു കാരണമായത്. കർഷക സമരത്തിന്റെ മുഖ്യനേതാക്കളിൽ ഒരാളും 13 മാസക്കാലം ഷാജഹാൻപൂർ ബോർഡറിൽ സമരത്തിനു നേതൃത്വം നൽകിയ സമരനായകനുമായ എഐകെഎസ് വെെസ് പ്രസിഡന്റ് അമ്രാറാം ഇന്ത്യാ ചേരിയുടെ പിന്തുണയുള്ള സിപിഐ എം സ്ഥാനാർഥിയായി സിക്കാറിൽനിന്ന് ജയിച്ചു. ലോക്-സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്താനിൽ യോജിച്ചു മത്സരിക്കാമെന്ന സിപിഐ എമ്മിന്റെയും മറ്റും നിർദേശം ചെവിക്കൊള്ളാൻ കോൺഗ്രസ് തയ്യാറായില്ല; അപ്പോൾ അതിനു തയ്യാറായിരുന്നെങ്കിൽ രാജസ്താൻ ഭരണം കോൺഗ്രസിനു നഷ്ടപ്പെടുമായിരുന്നില്ല. ഈ അനുഭവത്തിൽനിന്നുള്ള പാഠമാണ് ലോക്-സഭാ തിരഞ്ഞെടുപ്പിൽ സിപിഐ എമ്മുമായും മറ്റും ഐക്യമുണ്ടാക്കാൻ കോൺഗ്രസിനെ നിർബന്ധിതമാക്കിയത്.

മഹാരാഷ്ട്രയിലെ ഉള്ളി കൃഷി മേഖലയിൽ പരാജയപ്പെടുത്തപ്പെട്ട രണ്ട് കേന്ദ്രമന്ത്രിമാരുടേതുൾപ്പെടെ 12 സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടു; അതോടെ ബിജെപിക്ക് ആ മേഖലയിൽനിന്ന് ഒരു സീറ്റും ഇല്ലാതായി. ഈ മേഖലയിലാണ് കർഷരുടെ പ്രശ്നങ്ങളുയർത്തി വമ്പിച്ച കിസാൻ ലോങ് മാർച്ച് നടത്തിയത്. ബിജെപി, എൻഡിഎ സ്ഥാനാർഥികളുടെ പരാജയം ഉറപ്പാക്കാനാണ് ഈ പ്രദേശത്ത് ഗണ്യമായ സ്വാധീനമുള്ള സിപിഐ എം പ്രവർത്തിച്ചത്. ഡിൻഡോറി ലോക്-സഭാ സീറ്റിൽ മത്സരിക്കാൻ നാമനിർദേശപത്രിക നൽകിയ കിസാൻ സഭാനേതാവും മുൻ എം‍എൽഎമായിരുന്ന സിപിഐ എമ്മിന്റെ ജെ പി ഗാവിത് പത്രിക പിൻവലിച്ച് ഇന്ത്യ ചേരി സ്ഥാനാർഥിയുടെ വിജയത്തിന് വഴിയൊരുക്കുകയും ചെയ്തത് ശ്രദ്ധേയമാണ്. ഈ ലോക്-സഭാ മണ്ഡലത്തിനുള്ളിൽ വരുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ സിപിഐ എമ്മിന് ഒരു ലക്ഷത്തിലധികം വോട്ടുള്ളതാണ്. കിസാൻസഭാ നേതാവും ദഹാനു നിയമസഭാ സീറ്റിലെ സിറ്റിങ് എംഎൽഎയുമായ വിനോദ് നിക്കോളെ, ദഹാനു നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന പാൽഘർ ലോക്-സഭാ മണ്ഡലത്തിൽനിന്നും മത്സരിക്കേണ്ടതില്ലെന്നും സിപിഐ എം തീരുമാനിച്ചു; ബിജെപിയുടെ പരാജയം ഉറപ്പാക്കാനായിരുന്നു ഈ തീരുമാനമെങ്കിലും ആ തന്ത്രം വിജയിച്ചില്ല. കർഷക ആത്മഹത്യകളുടെ കേന്ദ്രമായ വിദർഭയിലെ അമരാവതിയിൽ മാത്രം കഴിഞ്ഞ 5 വർഷത്തിനിടയിൽ 143 കർഷകർ ആത്മഹത്യ ചെയ്തു. അമരാവതിയിലും അതിനടുത്തുള്ള മറ്റ് 6 നിയോജകമണ്ഡലങ്ങളിലും ഇന്ത്യാ ചേരിയിലെ പാർട്ടികളാണ് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനങ്ങൾ കൃത്യമായും ചിട്ടയായും നടപ്പാക്കുന്നതിന് സാക്ഷ്യം വഹിച്ചിരുന്ന ബിഹാറിൽ സംയുക്ത സമരത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളും അഖിലേന്ത്യാ കിസാൻ മഹാസഭയുടെ ജനറൽ സെക്രട്ടറിയുമായ രാജാറാം സിങ്ങും കിസാൻ മഹാസഭയുടെ മറ്റൊരു നേതാവ് സുദാമ പ്രസാദും കാരക്കാട്ട്, ആറ് നിയോജകമണ്ഡലങ്ങളിൽ നിന്ന് ഇന്ത്യാ ചേരിയുടെ പിന്തുണയുള്ള സിപിഐ (എംഎൽ) ലിബറേഷൻ സ്ഥാനാർഥികളായി വിജയിച്ചു. ഇന്ത്യാ ചേരിയുടെ പിന്തുണയോടെ തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നിന്നു വിജയിച്ച സിപിഐ എം സ്ഥാനാർഥി സച്ചിദാനന്ദനും അഖിലേന്ത്യാ കിസാൻ സഭയുടെ നേതാവാണ്. അദ്ദേഹത്തിന് 4 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. മറ്റു സംസ്ഥാനങ്ങളിലേക്കും നാം തിരിഞ്ഞു നോക്കുകയാണെങ്കിൽ കർഷസമരങ്ങളുടെ സ്വാധീനം വളരെ വ്യക്തമായി കാണാം. പ്രധാനമായും ഗ്രാമീണമേഖലയിൽ വരുന്ന 159 സീറ്റുകൾ ബിജെപിക്കും എൻഡിഎക്കും നഷ്ടപ്പെട്ടു.

ലോക്-സഭാ തിരഞ്ഞെടുപ്പിൽ സേ-്വച്ഛാധിപത്യ, കോർപറേറ്റ്–വർഗീയ കക്ഷിയായ ബിജെപിക്ക് ഗുരുതരമായ തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ ചില വ്യക്തികളെ ‘‘രക്ഷക’’ പട്ടംകെട്ടി അവതരിപ്പിക്കാനുള്ള വ്യഗ്രത കാണുന്നുണ്ട്. ചിലരാകട്ടെ ഇതിന്റെ കീർത്തിമുദ്ര തിരക്കിട്ട് ചില രാഷ്ട്രീയനേതാക്കൾക്ക് ചാർത്തിക്കൊടുക്കുന്നു. മറ്റു ചിലർ ധ്രുവ് റാഠിയെയും രവീഷ് കുമാറിനെയും പോലെയുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും യൂട്യൂബർമാർക്കും വലതുപക്ഷത്തിനെതിരായും കോർപ്പറേറ്റ് ഗോദി മീഡിയക്കെതിരായും രാഷ്ട്രീയ പ്രചാരണം നടത്തിയ ആ കിരീടം ചാർത്തിക്കൊടുക്കുന്നു. ഇത്തരം വ്യക്തികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പരിശ്രമങ്ങൾക്കും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിശ്ചയമായും ഒരു പങ്കുണ്ട്; അവരെയെല്ലാം പരിഗണിക്കേണ്ടതുമുണ്ട്. എന്നാൽ ഈ സമീപനത്തിന് ശ്രദ്ധേയമായ ഒരു പിശകുണ്ട്– അതായത്, നരേന്ദ്രമോദി അജയ്യനല്ലെന്ന ആത്മവിശ്വാസം സൃഷ്ടിക്കുന്നതിൽ യഥാർഥത്തിൽ ആദ്യം തന്നെ പ്രധാന പങ്കുവഹിച്ച പ്രക്ഷോഭങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളുടെ വില കുറച്ചു കാണിക്കുന്നതാണ്.

യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും സമരങ്ങൾക്കും സിഎഎക്കെതിരായ ചരിത്ര പ്രധാനമായ പോരാട്ടത്തിനുമെല്ലാം ഇതിൽ പങ്കുണ്ട്. നിർഭയരായി ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന്റെ പേരിൽ വർഷങ്ങളായി ജയിലുകളിൽ നരകജീവിതം നയിക്കുന്നവരും നിസംശയമായും ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഫെഡറൽ അവകാശങ്ങളെയും സംരക്ഷിക്കുന്നതിന് വ്യക്തിപരമായ ഒരു നേട്ടവും പ്രതീക്ഷിക്കാതെ നിസ്വാർഥമായി പ്രവർത്തിച്ച ആരാലും വാഴ്ത്തപ്പെടാത്ത ആയിരക്കണക്കിന് നിസ്വാർഥരായ മനുഷ്യരെയും വിസ്മരിക്കാനാവില്ല. സേ-്വച്ഛാധിപത്യശക്തിയായ ബിജെപിക്ക് കനത്ത തിരിച്ചടിയേൽപ്പിച്ചതിൽ ഈ എല്ലാ പരിശ്രമങ്ങൾക്കും അതാതിന്റേതായ പങ്കുണ്ട്; ധ്രുവ്- റാ-ഠിയെയും രവീഷ് കുമാറിനെയും പോലെയുള്ള വ്യക്തികളും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും സിവിൽ സമൂഹത്തിലുള്ളവരും മറ്റൊട്ടേറെപ്പേരും ഇക്കൂട്ടത്തിൽ പരിഗണിക്കപ്പെടേണ്ടതായുണ്ട്. ഈ വിജയം സാധ്യമാക്കിയ അന്തരീക്ഷവും ആത്മവിശ്വാസവും സൃഷ്ടിച്ച ചാലകശക്തിയായത് കർഷകരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular