Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിമഹാരാഷ്ട്ര: ബിജെപിക്ക് തിരിച്ചടി 
ഇന്ത്യാ ചേരിക്ക് നേട്ടം

മഹാരാഷ്ട്ര: ബിജെപിക്ക് തിരിച്ചടി 
ഇന്ത്യാ ചേരിക്ക് നേട്ടം

അശോക് ധാവ്ളെ (സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം)

2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ മോദി- – ഷാ ദ്വന്ദം നയിക്കുന്ന വെറുക്കപ്പെട്ട ബിജെപി വാഴ്ചയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ സംസ്ഥാനങ്ങളിൽ രണ്ടെണ്ണം ഉത്തർപ്രദേശും മഹാരാഷ്ട്രയുമാണ്; രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ട് സംസ്ഥാനങ്ങളുമാണിവ. ഈ രണ്ടു സംസ്ഥാനങ്ങളും നിലവിൽ ബിജെപി ഭരിക്കുന്നവയാണ്.

എംവിഎ – ഇന്ത്യാ ചേരിക്ക് ശ്രദ്ധേയമായ വിജയം
2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ മഹാരാഷ്ട്ര വികാസ് അഗാഡിക്ക് (എംവിഎ –- ഇന്ത്യ) 48ൽ 30 സീറ്റുകളും നൽകി. 2019ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ 25 സീറ്റുകളുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്; അതുകൊണ്ടുതന്നെ ഇത് ശ്രദ്ധേയമായ നേട്ടമാണ്. അതേസമയം ഈ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ജനങ്ങൾ നൽകിയത് 17 സീറ്റുകൾ മാത്രമാണ്. അതായത്, 2019ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ 24 സീറ്റുകളാണ് എൻഡിഎയ്ക്ക് നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര കോൺഗ്രസ് വിമതൻ ജയിക്കുകയും പിന്നീട് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിലേക്ക് തിരിച്ചുവരികയും ചെയ്തു. അങ്ങനെ ഈ ലോക്-സഭാ തിരഞ്ഞെടുപ്പിൽ എംവിഎ ക്ക് 48ൽ 31 സീറ്റുകൾ മൊത്തം ലഭിച്ചു. ബിജെപിയുടെ 3 കേന്ദ്രമന്ത്രിമാരും 20 എംപിമാരും ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയുണ്ടായി.

എംവിഎ – ഇന്ത്യാ
പാർട്ടി മത്സരിച്ച
സീറ്റുകൾ
വിജയിച്ച 
സീറ്റുകൾ വോട്ടു
വിഹിതം
കോൺഗ്രസ് 17 13 16.9%
ശിവസേന (ഉദ്ധവ് താക്കറെ) 21 9 16.7%
എൻസിപി (ശരത് പവാർ) 10 8 10.3%
എൻഡിഎ
ബിജെപി 28 9 26.1%
ശിവസേന (ഏകനാഥ് ഷിൻഡെ) 15 7 13%
എൻസിപി (അജിത് പവാർ) 4 1 3.6%
രാഷ്ട്രീയസമാജ് പാർട്ടി 1 0 0.8%

നേരെമറിച്ച്, ഈ 48 സീറ്റുകളിലേക്കമുള്ള 2019ലെ ലോക്-സഭാ 
തിരഞ്ഞെടുപ്പ് ഫലം താഴെപ്പറയും വിധമാണ്: 
എൻഡിഎ 41 സീറ്റ്, 51.34% വോട്ട്

പാർട്ടി വിജയിച്ച 
സീറ്റുകൾ വോട്ടു
വിഹിതം
ബിജെപി 23 27.84%
ശിവസേന 18 23.5%
യുപിഎ 5 32.01%
എൻസിപി 4 15.66%
ഐഎൻസി 1 16.41%
എഐഎംഐഎം (ഔറംഗാബാദ്) 1 0.73%
സ്വതന്ത്രർ (അമരാവതി, പിന്നീട് ബിജെപിയെ അനുകൂലിച്ചു)

എല്ലാ സ്വതന്ത്ര സ്ഥാനാർത്ഥികളും മറ്റ് ചെറുകിട പാർട്ടികളും

1 3.72%
വഞ്ചിത്ബഹുജൻ അഖാഡി വിബിഎ
(പ്രകാശ് അംബേദ്ക്കർ)
0 6.92%
മൊത്തം സീറ്റ് 48 100%

ഈ ലോക്-സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഓരോ പാർട്ടിയും നേടിയ സീറ്റുകളുടെ എണ്ണവും ഉറപ്പാക്കിയ വോട്ടുകളുടെ എണ്ണവും ഇനി പറയും വിധമാണ്:

തീർച്ചയായും ഇത് സ്വാഗതാർഹമായ മാറ്റമാണെങ്കിലും രണ്ടു മുന്നണികളുടെയും വോട്ടിംഗ് ശതമാനങ്ങൾ തമ്മിൽനോക്കുമ്പോൾ അത്ര ആശ്വാസകരമല്ല. അതായത്, എംവിഎ-ഇന്ത്യയ്ക്ക് 44% വോട്ടും എൻഡിഎ യ്ക്ക് 43.6% വോട്ടും.

ഒട്ടനവധി പ്രശ്നങ്ങൾക്കു നടുവിൽനിന്നുകൊണ്ടാണ് എംവിഎ ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മോദി ഗവൺമന്റിന്റെ സമ്മർദ്ദത്തിനു വഴങ്ങി ഏകനാഥ്‌ ഷിൻഡെയും അജിത്ത് പവാറും യഥാക്രമം നയിക്കുന്ന ശിവസേന, – എൻസിപി വിമതവിഭാഗങ്ങൾക്ക് യഥാർത്ഥ പാർട്ടിയുടെ പേരും ചിഹ്നവും നൽകാൻ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ തയ്യാറായി. ഉദ്ധവ് താക്കറെയും ശരത് പവാറും യഥാക്രമം നയിക്കുന്ന ഈ പാർട്ടികളുടെ യഥാർത്ഥ വിഭാഗത്തിന് പുതിയ തിരഞ്ഞെടുപ്പ് ചിഹ്നം സ്വീകരിക്കേണ്ടതായി വന്നു; അവർ അതിനു നിർബന്ധിതരായി. ബിജെപിയെ ഈ തിരഞ്ഞെടുപ്പിലുടനീളം നയിച്ചത് പണവും മാധ്യമ ശക്തിയുമാണ് എന്നത് തീർച്ച. പക്ഷേ എംവിഎ തളർന്നില്ല; നിശ്ചയദാർഢ്യത്തോടുകൂടി ഒന്നിച്ചുനിന്നുകൊണ്ട് ശക്തമായി എംവിഎ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടു; ജനങ്ങൾ എംവിഎയെ പിന്തുണയ്ക്കുകയും ചെയ്തു.

മഹാരാഷ്ട്ര ലോക്-സഭാ തിരഞ്ഞെടുപ്പ് ഫലം കൂടുതൽ ശ്രദ്ധേയമാകുന്നത് മൂന്നുമാസങ്ങൾക്കുള്ളിൽ, അതായത് ഒക്ടോബർ 2024 ന് അവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നതുകൊണ്ടുകൂടിയാണ്. ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഒന്നാംഘട്ട വിലയിരുത്തൽ എൻഡിഎയുടെ തിരിച്ചടിക്കും എംവിഎയുടെ വിജയത്തിനും വഴിതെളിച്ച ഏഴ് പ്രധാന കാരണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അത് ഇവയാണ്:

ബിജെപിയുടെ അഴിമതിനിറഞ്ഞതും 
അസാന്മാർഗികവുമായ ചെയ്തികൾ
ഒന്നാമതായി, ഇക്കഴിഞ്ഞ രണ്ടുവർഷം ബിജെപി സംസ്ഥാനത്ത് ചെയ്തുകൂട്ടിയ അഴിമതിയും ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത വിധത്തിലുള്ള അസാന്മാർഗിക പ്രവർത്തനങ്ങളുംമൂലം ജനങ്ങളാകെ അസ്വസ്ഥരായിരുന്നു. ബിജെപിയുടെ അത്തരം ചെയ്തികളുടെ ഫലമായിരുന്നു ആദ്യം ശിവസേനയിലും പിന്നീട് എൻസിപിയിലുമുണ്ടായ ഭിന്നിപ്പും ഒപ്പംതന്നെ കോൺഗ്രസ് നേതാക്കൾക്കുനേരെ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളും. ബിജെപി ചെലുത്തിയ ഭീഷണികളുടെയും പ്രലോഭനങ്ങളുടെയുമൊടുവിൽ ശിവസേനയിലും എൻസിപിയിലുമുള്ള നൂറിലേറെ എംഎൽഎമാരിൽ 80 എംഎൽഎമാർ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറായി. ഇത്തരം വൃത്തികെട്ട ഉപജാപപ്രവർത്തനങ്ങളിലൂടെയാണ് ഷിൻഡെ- – ഫഡ്നാവിസ്- – അജിത് പവാർ നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റ് മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നത്. ശിവസേനയിലും എൻസിപിയിലും നടന്ന അഴിമതി നിറഞ്ഞതും നെറികെട്ടതുമായ ഈ ഭിന്നിപ്പ് ഈ പാർട്ടികളുടെ യഥാർത്ഥ നേതാക്കളോട് ജനങ്ങൾക്ക് സഹതാപം തോന്നുന്നതിന് കാരണമായി മാറി.

അത്തരമൊരു സാഹചര്യത്തിൽ, അനേകം പോരാട്ടങ്ങൾ താണ്ടിക്കടന്ന മുതിർന്ന എൻസിപി നേതാവ് ശരത് പവറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഐഎൻസി നേതാവ് നാനാ പട്ടോലെയും ചേർന്ന് ഈ രാഷ്ട്രീയ വഞ്ചനക്കെതിരായി ജനങ്ങളുടെ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുകയും മഹാവികാസ്‌ അഖാഡിയുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു; ദേശീയതലത്തിൽ ഇന്ത്യ ചേരി രൂപംകൊണ്ടതോടുകൂടി എംവിഎയുടെ ഐക്യം കൂടുതൽ ശക്തിപ്പെട്ടു. 2019 ലെ ലോക്-സഭാ –- നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കെതിരായ പോരാട്ടത്തിൽ ശരത് പവർ പ്രശംസനീയമായ പങ്കുവഹിച്ചിരുന്നു.

മഹാരാഷ്ട്രയിൽ ഇത്തവണ ഏറ്റവും പൊതുശ്രദ്ധയാകർഷിച്ച തിരഞ്ഞെടുപ്പ് പോരാട്ടം നടന്നത് ശരത് പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മിലാണ്. ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുപ്രിയ സുലെ വിജയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എണ്ണമറ്റ പൊതുയോഗങ്ങളിൽ എംവിഎ നേതാക്കൾ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. നിരവധി മണ്ഡലങ്ങളിൽ ബിജെപിക്കെതിരായി ജനങ്ങൾ നിൽക്കുന്ന തിരഞ്ഞെടുപ്പായി മാറി.

സാമ്പത്തിക ദുരിതവും 
അതിനെതിരായ പോരാട്ടങ്ങളും
രണ്ടാമത്തെ ഘടകം വ്യക്തമായും സാമ്പത്തിക ദുരിതമായിരുന്നു. തൊഴിലില്ലായ്മ, നാണയപെരുപ്പം, കാർഷികരംഗത്തെ ദുരവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, മറ്റ് സമാന മേഖലകൾ എന്നിവയിലെ വർദ്ധിച്ചുവരുന്ന പ്രതിസന്ധിയും കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്ത് ഈ പ്രശ്നങ്ങൾക്കെതിരായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമരങ്ങളും ജനങ്ങളെ ബിജെപിയിൽനിന്നും അകറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. കാർഷിക മേഖലയിൽ, സവാള, പരുത്തി, സോയാബീൻ, കരിമ്പ്, പാല് എന്നിവയുടെ നിരന്തരമായ വിലയിടിവ് പ്രധാന വിഷയമായി മാറി. ഒപ്പംതന്നെ ആവർത്തിച്ചുണ്ടാവുന്ന വരൾച്ചയും കാലംതെറ്റിപെയ്യുന്ന മഴയും കൊടുങ്കാറ്റും ജനങ്ങളെ ദുരിതത്തിലാക്കുന്നു. സ്കീം തൊഴിലാളികളുടെയും മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും രോഷം പ്രകടമായിരുന്നു. ഈ വിഷയങ്ങളിലെല്ലാംതന്നെ സംസ്ഥാനത്ത് സ്വതന്ത്രമായ സമരങ്ങളും കർഷക – തൊഴിലാളി സംഘടനകളുടെ പണിമുടക്കുകളും തുടർച്ചയായി നടക്കുകയുണ്ടായി. തത്ഫലമായി സംസ്ഥാനത്തെ എല്ലാ മേഖലകളിലും സാമ്പത്തിക ദുരിതത്തിന്റെ പ്രത്യാഘാതങ്ങൾ ശക്തമായി. വർഗീയ ധ്രുവീകരണം സൃഷ്ടിക്കുവാനും അത് കൂടുതൽ ആഴത്തിലാക്കുവാനുംമാത്രം ശ്രമിച്ച മോദി, യോഗി, നദ്ദ, ഫഡ്നാവിസ് എന്നിവരുടെയും മറ്റു ബിജെപി നേതാക്കളുടെയും തിരഞ്ഞെടുപ്പ് പ്രചരണത്തിനു നേരെവിപരീതമായി എംവിഎ-ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ജനങ്ങളുടെ ഇത്തരം നീറുന്ന വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു.

ജാതിയും സംവരണങ്ങളും
മൂന്നാമത്തെ ഘടകം ജാതിയും സംവരണങ്ങളുമായിരുന്നു. സംസ്ഥാനത്ത് നിലനിൽക്കുന്ന കാർഷിക പ്രതിസന്ധിയുടെയും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും പ്രത്യക്ഷ ഫലമായിരുന്നു ഇത്. മറാത്തകൾക്ക് സംവരണത്തിനുവേണ്ടി നടന്ന കലാപം ഏറ്റവും ശക്തമായിരുന്ന മറാത്തവാഡ പ്രദേശത്ത് എട്ട് പാർലമെന്റ് മണ്ഡലങ്ങളുള്ളതിൽ ഒന്നിൽപോലും ബിജെപിക്ക് ജയിക്കാനായില്ല. മറ്റു പ്രദേശങ്ങളിലും ഈ വിഷയം ബിജെപിയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന സവിശേഷത എംവിഎ- ഇന്ത്യ ചേരിക്ക് മുസ്ലീങ്ങളും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും നൽകിയ വമ്പിച്ച പിന്തുണയാണ്. ഈ പിന്തുണ ശിവസേനയ്ക്കും (ഉദ്ധവ് താക്കറെ) അവർ നൽകുകയുണ്ടായി; അതിനു കാരണം കോൺഗ്രസിനോടും എൻസിപിയോടുമൊപ്പം നിന്നുകൊണ്ട് എംവിഎയുടെ ഭാഗമാകാൻ ശിവസേന തയ്യാറായതാണ്; അതുപോലെതന്നെ തന്റെ പിതാവ് സ്വീകരിച്ച സമീപനത്തിൽനിന്ന് വ്യത്യസ്തമായി, മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിനുശേഷവും ഉദ്ധവ് താക്കറെ കൈക്കൊണ്ട സന്തുലിത നിലപാടും അതിനു കാരണമായി.

ശല്യക്കാരെ അടിയറവുപറയിപ്പിച്ചു
നാലാമത്തെ ഘടകം, പരമ്പരാഗത ശല്യക്കാരായിട്ടുള്ള പാർട്ടികളെ ജനങ്ങൾതന്നെ ഭാഗികമായി ഒറ്റപ്പെടുത്തി എന്നതാണ്; പ്രധാനമായും പ്രകാശ് അംബേദ്കർ നയിക്കുന്ന വഞ്ചിത് ബഹുജൻ അഖാഡി(വിബിഎ) അസാദുദിൻ ഒവൈസി നയിക്കുന്ന എഐഎംഐഎം തുടങ്ങിയ ശല്യക്കാരായ കക്ഷികളെ ജനങ്ങൾതന്നെ ഈ തിരഞ്ഞെടുപ്പിൽ ഭാഗികമായി ഒറ്റപ്പെടുത്തി. ലോക്-സഭാ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിൽ വിബിഎ അവരുടെ സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും, 2019 ലേതിൽനിന്ന് വ്യത്യസ്തമായി, ബിജെപിയെ സഹായിക്കുക എന്ന തങ്ങളുടെ ലക്ഷ്യം പൂർണമായി നേടിയെടുക്കുവാൻ അവർക്ക് കഴിഞ്ഞില്ല. വിദർഭയിലെ അകോല ലോക്-സഭ മണ്ഡലത്തിൽ പ്രകാശ് അംബേദ്കർതന്നെ മത്സരിച്ചിട്ടും അദ്ദേഹം ബിജെപിക്കും കോൺഗ്രസിനും പിറകിൽ, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മറ്റു മൂന്നു മണ്ഡലങ്ങളിലും, അതായത് ബുൽധാന, ഹത്കനംഗലെ, മുംബൈ നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിലും വിബിഎ യ്ക്കു ലഭിച്ച വോട്ടുകൾ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തിനും താഴെയായിരുന്നു. 2019ലെ ലോക്-സഭ തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ വിജയിക്കുന്നതിന് ബിജെപിയെ വിബിഎ സഹായിച്ചിരുന്നു.

മഹാരാഷ്ട്രീയൻ സ്വത്വത്തിനും 
സ്വാഭിമാനത്തിനും 
നേരെയുള്ള കടന്നാക്രമണം
അഞ്ചാമത്തെ ഘടകം, മഹാരാഷ്ട്രയുടെ സ്വത്വത്തിനും സ്വാഭിമാനത്തിനും നേരെ നടന്ന കടന്നാക്രമണമായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി, മഹാരാഷ്ട്രയ്ക്കുവേണ്ടി നീക്കിവെച്ചിരുന്ന ഒട്ടേറെ വ്യവസായങ്ങളും പ്രോജക്ടുകളും മോദി ഗവൺമെന്റ് തങ്ങളുടെ ഇഷ്ടാനുസരണം ഗുജറാത്തിലേക്ക് മാറ്റി. ഇത് മഹാരാഷ്ട്ര ജനതയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. കാരണം അവിടുത്തെ തൊഴിലിനെയും വികസനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു എന്നതുതന്നെ. ഇതിനെല്ലാമപ്പുറം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മോദി സംസ്ഥാനത്ത് നടത്തിയ പ്രസംഗങ്ങളിൽ എംവിഎ നേതാക്കളെ അങ്ങേയറ്റം അപമാനിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി; ശരത് പവാറിനെ ‘ഭതാക്തിയാത്മ’ (അലഞ്ഞുനടക്കുന്ന ആത്മാവ്) എന്ന് വിളിച്ചു; ഉദ്ധവ് താക്കറെയുടെ ശിവസേനയെ ‘നക്-ലിസേന’ (വ്യാജ സേന) എന്നും വിളിക്കുകയുണ്ടായി. ഇതെല്ലാംതന്നെ സ്വാഭാവികമായും മഹാരാഷ്ട്രീയൻ സ്വത്വത്തേയും സ്വാഭിമാനത്തെയും അപമാനിക്കുന്ന പ്രവൃത്തിയായാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ കണ്ടത്. സംസ്ഥാനത്തുടനീളം ഇതിന്റെ അനുരണനങ്ങളുണ്ടായി.

ഗോദി മീഡിയയോട് കടുത്ത മത്സരം
ആറാമത്തെ ഘടകം മാധ്യമവുമായി ബന്ധപ്പെട്ടതാണെങ്കിലും ഇത്തവണ ലക്ഷക്കണക്കിന് ജനങ്ങൾ കണ്ടത് നിരവധി ജനകീയ സ്വതന്ത്ര മാധ്യമ ഔട്ട്ലെറ്റുകളും യൂട്യൂബ് ചാനലുകളുമായിരുന്നു. കോർപ്പറേറ്റുകളുടെ സ്വന്തം ഗോദി മാധ്യമത്തോടുള്ള കടുത്ത മത്സരമായി അതു മാറി; ഗോദിമാധ്യമത്തിന്റെ വിശ്വാസ്യത വർധിതമായി തകർന്നുകൊണ്ടിരിക്കുന്നത് തുറന്നുകാണിക്കുകയും ചെയ്തു. കൂടാതെ നിരവധി സാമൂഹിക സംഘടനകൾ ഒന്നിച്ചു മുന്നോട്ടുവരുകയും ‘നിർഭയബാനോആന്ദോളൻ’ ‘നിർധർമഹാരാഷ്ട്രാച്ച’ (മഹാരാഷ്ട്രയുടെ നിശ്ചയം) പോലെയുള്ള വ്യത്യസ്തമായ ബാനറുകൾക്കുകീഴിൽ തങ്ങളുടേതായ പൊതുയോഗങ്ങളും സർഗാത്മകമായ പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് തെരുവുകളെ പ്രകമ്പനംകൊള്ളിച്ചു. രാജ്യത്തെയും സംസ്ഥാനത്തെയും ആവേശകരമായ, പ്രത്യാശാവഹമായ തിരഞ്ഞെടുപ്പ് ഫലം വച്ചുനോക്കുകയാണെങ്കിൽ ഈ പ്രവണത വരുംനാളുകളിൽ കൂടുതൽ ശക്തിയാർജിക്കുമെന്നുറപ്പാണ്.

ജനാധിപത്യത്തെയും 
മതനിരപേക്ഷതയെയും 
ഭരണഘടനയെയും സംരക്ഷിക്കൽ
ഏഴാമത്തെ ഘടകം, അതായത് അവസാനത്തെ ഘടകം, തീർച്ചയായും രാജ്യത്തുടനീളം ഈ തിരഞ്ഞെടുപ്പിലാകെ ചർച്ചചെയ്യപ്പെട്ട പരമപ്രധാനമായ വിഷയമാണ്:- ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കുക. ബിജെപിയുടെ ‘അബ്‌ക്കി ബാർ 400 പാർ’ (ഇത്തവണ 400 നു മുകളിൽ) മുദ്രാവാക്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ അതിന്റെ ശരിയായ അർത്ഥത്തിൽ തന്നെ തിരിച്ചറിഞ്ഞു; അതായത് നമ്മുടെ ഭരണഘടനയെ മാറ്റുവാനും അതിനെ നശിപ്പിക്കുവാനും, സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്നവർക്കും സാമൂഹികമായി അടിച്ചമർത്തപ്പെടുന്നവർക്കും ഭരണഘടന നൽകുന്ന അധികാരങ്ങളെ കടന്നാക്രമിക്കുവാനുമുള്ള ബിജെപിയുടെ മാരകമായ ലക്ഷ്യത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശില്പികളിലൊരാളായി അറിയപ്പെടുന്നത് ഡോക്ടർ ബി ആർ അംബേദ്കർ ആയതുകൊണ്ടുതന്നെ ദളിത് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന പ്രശ്നമായി മാറി. പക്ഷേ അത് ദളിതരുടെ മാത്രം പ്രശ്നമല്ലായിരുന്നു. സംസ്ഥാനത്തെയും രാജ്യത്തെയും വലിയൊരു വിഭാഗം ദേശസ്നേഹികളായ ജനതയ്ക്ക് ഇതൊരു പ്രശ്നംതന്നെയായി. അതോടൊപ്പം എംവിഎ – ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ കൃത്യമായി ഈ വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. കൃത്യമായി കൂടിയാലോചിച്ച് സംഘടിതമായി നടത്തിയ ഈ ക്യാമ്പയിന് ആഗ്രഹിച്ച ഫലംതന്നെ ലഭിക്കുകയും ചെയ്തു.

ഇടതുപക്ഷത്തിന്റെ പങ്ക്
സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ചിടത്തോളം, കൂട്ടായ ശ്രമങ്ങളുണ്ടായിട്ടും സീറ്റു വിഭജനത്തിൽ അവർക്ക് ഒരു സീറ്റുപോലും വിട്ടുനൽകാൻ എംവിഎ തയ്യാറായില്ല.നാസിക്ക് ജില്ലയിലെ ദിൻഡോരി (പട്ടികവർഗ) മണ്ഡലത്തിലും പൽഗാർ ജില്ലയിലെ പൽഗാർ (പട്ടികവർഗ) മണ്ഡലത്തിലും ഏതാണ്ട് ഒരു ലക്ഷത്തോളം വോട്ടിന്റെ ബഹുജനാടിത്തറ സിപിഐഎമ്മിനുണ്ട്. മറ്റുചില മണ്ഡലങ്ങളിലും അതിന് എടുത്തുപറയത്തക്കതായ സാന്നിധ്യം ഉണ്ടായിരുന്നു. എംവിഎക്ക് പുറത്തുനിന്നുകൊണ്ട് ഈ സീറ്റുകളിൽ സിപിഐഎം മത്സരിക്കുന്നത് മതേതര വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാകും എന്നും അത് ബിജെപിക്ക്‌ സഹായകരമാകും എന്നുമുള്ളതുകൊണ്ട് പാർട്ടി അത് വേണ്ടെന്നു തീരുമാനിച്ചു. നിരവധി എംവിഎ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനുവേണ്ടി മഹാരാഷ്ട്രയിലുടനീളം സിപിഐഎം പ്രവർത്തകർ മെച്ചപ്പെട്ടതും നിരന്തരവുമായ പ്രവർത്തനം നടത്തുകയുണ്ടായി. ഇത് എംവിഎയുടെ തന്നെ ഉന്നതനേതൃത്വം ആവേശപൂർവം സമ്മതിച്ചിട്ടുള്ളതാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എംവിഎയുടെ ഭാഗമായി ചില സീറ്റുകളിൽ സിപിഐഎമ്മും ഇടതുപക്ഷവും മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ലോക്-സഭാ തിരഞ്ഞെടുപ്പിലെ വിജയം അത്യന്തം അഭിമാനകരമായിരുന്നു; ഇനിയങ്ങോട്ട്, 2024 ഒക്ടോബറിൽ നടക്കുന്ന മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അധികാരത്തിൽനിന്ന് തുടച്ചുനീക്കുന്നതിനുവേണ്ടി എംവിഎ – ഇന്ത്യ ചേരി കൂടുതൽ ജാഗ്രത പുലർത്തുകയും അതിന്റെ പരിശ്രമങ്ങളും ഉൾക്കൊള്ളിക്കലും ഇരട്ടിയാക്കുകയും ചെയ്യേണ്ടതുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular