Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറി18–ാം ലോക്‌സഭ
 തിരഞ്ഞെടുപ്പിലെ ജനവിധി ബംഗാളിൽ: ഒരവലോകനം

18–ാം ലോക്‌സഭ
 തിരഞ്ഞെടുപ്പിലെ ജനവിധി ബംഗാളിൽ: ഒരവലോകനം

ശ്രീദീപ് ഭട്ടാചാര്യ (സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം)

ഖിലേന്ത്യാടിസ്ഥാനത്തിൽ 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടന്നത്. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ. പശ്ചിമ ബംഗാളിൽ ലോക്-സഭാ തിരഞ്ഞെടുപ്പു നടന്നത് ഏഴ് ഘട്ടങ്ങളിലായിട്ടാണ്. ബംഗാളിൽ 42 ലോക്-സഭാ മണ്ഡലങ്ങളാണുള്ളത്.നമ്മുടെ രാജ്യത്തെ രാഷ്ട്രീയബോധമുള്ളവർക്കെല്ലാം അറിയാവുന്നതുപോലെ ബംഗാളിലെ സാഹചര്യം വളരെ ഗുരുതരമാണ്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റ് 2011 മുതൽ ജനാധിപത്യത്തെയും ബംഗാളിലെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെയും നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 13 വർഷങ്ങളായി സേ-്വച്ഛാധിപത്യപരമായ ഒട്ടേറെ കടുത്ത ആക്രമണങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. നിരവധി തിരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ വോട്ടവകാശംപോലും കവർന്നെടുക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമവസാനം, 2023ൽ സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ ഗുണ്ടകൾ ബൂത്ത് പിടിച്ചെടുക്കുന്നതിനും വോട്ട് ചെയ്യാനെത്തിയ ജനങ്ങളെ ബൂത്ത് മേഖലയിൽനിന്ന് ആട്ടിയോടിക്കുന്നതിനുമാണ് നാം സാക്ഷ്യം വഹിച്ചത്. ബാലറ്റ് പേപ്പറുകൾ എണ്ണുന്ന വേളയിൽ പോലും തൃണമൂൽ ഗുണ്ടകൾ പൊലീസുമായും സർക്കാർ ഉദ്യോഗസ്ഥരുമായും ഒത്തുകളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഭരണസംവിധാനത്തിന്റെ സഹായത്തോടെ തൃണമൂൽ കോൺഗ്രസ് ജനവിധിയിൽ കൃത്രിമം നടത്തി. ഒരുവശത്ത് തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾ തുടരവെ തന്നെ, മറുവശത്ത് ഈ കടന്നാക്രമണങ്ങൾക്കെതിരായ ചെറുത്തുനിൽപ്പും സംസ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് ബിജെപിയേയും നേരിടേണ്ടതുണ്ട്. ബംഗാളിൽ ടിഎംസി ഗവൺമെന്റിൽ നിന്ന് ഭാരതീയ ജനതാപാർട്ടിക്ക് എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്. 2011നു മുൻപ് ടിഎംസിയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്തിനെതിരായി ഒരു മഴവിൽ സഖ്യം ഉണ്ടായിരുന്നു; അതിലെ ശക്തമായ കൂട്ടുകക്ഷിയായിരുന്നു ബിജെപി. ഇപ്പോഴാകട്ടെ, ഇടതുപക്ഷത്തിന്റെ ഉയർച്ചയെ ചെറുക്കുന്നതിനായി സംസ്ഥാനത്ത് ബിജെപിയും തൃണമൂലും ചേർന്ന് ദ്വികക്ഷി രാഷ്ട്രീയം പയറ്റുകയാണ്. മറ്റ് ഇടതുപക്ഷ ജനാധിപത്യ ശക്തികളുമായും ഒപ്പം മതനിരപേക്ഷ ശക്തികളുമായും ചേർന്നാണ് ഈ കടന്നാക്രമണത്തെ ചെറുക്കാൻ സിപിഐ എം കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 13 വർഷത്തിനിടയിൽ നമുക്ക് നൂറുകണക്കിന് സഖാക്കളെയാണ് നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് സഖാക്കൾ അവരുടെ വീടുകളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടു. അസംഖ്യം സഖാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തപ്പെട്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടവുമായി മുന്നോട്ടു പോകുന്നതിൽനിന്ന് നമ്മുടെ സഖാക്കളെ ഈ ആക്രമണങ്ങളൊന്നും തന്നെ പിന്തിരിപ്പിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷക്കാലമായി തൊഴിലാളികളും കർഷകത്തൊഴിലാളികളും സ്ത്രീകളും യുവജനങ്ങളും വിദ്യാർഥികളും മറ്റു ജനവിഭാഗങ്ങളുമെല്ലാം വളരെയേറെ ശ്രദ്ധേയമായ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുകയാണ്. 2023 നവംബർ – ഡിസംബർ മാസങ്ങളിലായി യുവജന പ്രസ്ഥാനം ‘ഇൻസാ-ഫ് യാത്ര’ സംഘടിപ്പിക്കുകയുണ്ടായി. കൊൽക്കത്തയിലെ ബ്രിഗേഡ് മെെതാനത്തിലായിരുന്നു ആ യാത്ര സമാപിച്ചത്. ലക്ഷക്കണക്കിന് അധ്വാനിക്കുന്ന ജനങ്ങൾ, സ്ത്രീകൾ, ആദിവാസികൾ, ദളിതർ എല്ലാം അപ്പോൾ ആ മെെതാനത്ത് ഒത്തുകൂടി; ബംഗാളിലെ യുവജനങ്ങളുടെ ആഹ്വാനം കേട്ടാണ് അവരെല്ലാം അവിടെ എത്തിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി സമരങ്ങളിലും പ്രക്ഷോഭങ്ങളിലുമെല്ലാം നമ്മുടെ പാർട്ടിയും ബംഗാളിലെ ഇടതുപക്ഷവും വളരെയേറെ ഇടപെടുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ ബംഗാളിൽ ഒരു വശത്ത് തൃണമൂലും മറുവശത്ത് ബിജെപിയും നയിക്കുന്ന ഈ പിന്തിരിപ്പൻ ശക്തികളെ പരാജയപ്പെടുത്താനുള്ള സാധ്യതയെ ഞങ്ങൾ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു.

സംസ്ഥാനത്തെ വസ്തുനിഷ്ഠ സാഹചര്യം കണക്കിലെടുത്ത്, നമ്മുടെ പാർട്ടി മറ്റ് ഇടതുപക്ഷശക്തികളുമായി ചേർന്ന്, ‘‘ടിഎംസിയെയും ബിജെപിയെയും പരാജയപ്പെടുത്തുക. ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക് വോട്ടു ചെയ്യുക’’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചു. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുന്നതിന് സിപിഐ എം കേന്ദ്ര കമ്മിറ്റി നൽകിയ ആഹ്വാനവുമായി തികച്ചും പൊരുത്തപ്പെടുന്നതായിരുന്നു ഇത്. രാജ്യമാസകലം ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ ലക്ഷ്യം എന്ന് കേന്ദ്ര കമ്മിറ്റി സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പിലെ അടവു ലെെൻ ഓരോ സംസ്ഥാനത്തെയും മൂർത്തമായ സാഹചര്യമനുസരിച്ചാണ് പ്രയോഗിക്കേണ്ടത്. അതിനാൽ, കേന്ദ്ര കമ്മിറ്റിയുടെ മാർഗനിർദ്ദേശപ്രകാരം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി 18–ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരേപോലെ പരാജയപ്പെടുത്തണമെന്ന നിഗമനത്തിൽ എത്തി.

ഈ ധാരണയെ അടിസ്ഥാനമാക്കി 2023 നവംബർ മുതൽ ഞങ്ങൾ സർവശക്തിയും പ്രയോഗിച്ച് തയ്യാറെടുപ്പുകൾ ആരംഭിച്ചു. വളരെ പ്രധാനപ്പെട്ട ഈ രാഷ്ട്രീയ പോരാട്ടത്തിൽ സംസ്ഥാനത്തെ പാർട്ടി ഒന്നാകെ ഏറ്റവും ഫലപ്രദമായ പങ്കു വഹിക്കാൻ പര്യാപ്തമായ വിധത്തിലുള്ള സംഘടനാപരമായ തയ്യാറെടുപ്പുകൾ ആദ്യം തന്നെ നടത്തി. ആദ്യം നാം ഊന്നൽ നൽകിയത് ബൂത്ത് തലത്തിലുള്ള സംഘടനയ്ക്ക് രൂപം നൽകുന്നതിനായിരുന്നു. സംസ്ഥാനത്താകെ ഒരു ലക്ഷത്തോളം ബൂത്തുകളുണ്ട്. ഈ തിരഞ്ഞെടുപ്പിൽ നമ്മുടെ ലക്ഷ്യം നേടുന്നതിന് പല പ്രാവശ്യം ജനങ്ങളുടെ വീട്ടുവാതിൽക്കൽ എത്തി തീവ്രമായ കാംപെയ്ൻ നടത്തുന്നതിൽ ഏറെയും കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന ധാരണയാണ് നമുക്കുണ്ടായിരുന്നത്. അതേസമയം തന്നെ നമ്മുടെ ധാരണയെയും മുദ്രാവാക്യങ്ങളെയുംകുറിച്ച് നാം ജനങ്ങളോട് വിശദീകരിക്കേണ്ടതുമുണ്ട്. ഇതിനായി പാർട്ടി കേഡർമാരെയും അനുഭാവികളെയും കഴിയുമെങ്കിൽ പരമാവധി സ്ത്രീ പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബൂത്തുതല സംഘടനകൾ വളരെയേറെ അനുപേക്ഷണീയമാണ്. ഈ പ്രാവശ്യം ബിജെപിയും തൃണമൂൽ കോൺഗ്രസും പരത്തുന്ന നുണകൾക്കും വ്യാജ വിവരങ്ങൾക്കും വർഗീയ പ്രചാരണങ്ങൾക്കുമെതിരായ ശക്തമായ കാംപെയ്ൻ നടത്തേണ്ടത് അനിവാര്യമായിരുന്നു. ഈ തരത്തിലുള്ള കാംപെയ്ൻ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യാവശ്യം വേണ്ട പരിശീലനവും മാർഗദർശനവും നൽകി നമ്മുടെ കേഡർമാരെ ഫലപ്രദമായ പ്രചാരകരാക്കി മാറ്റാൻ സജ്ജരാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പാർട്ടിക്കോ മുന്നണിക്കോ ദൗർബല്യങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയാനാവില്ല.

സംസ്ഥാനത്ത് ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്തുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപോലെയുള്ള പാർട്ടികളുമായി ധാരണയുണ്ടാക്കണമെന്ന സംസ്ഥാനത്ത് നാം മുന്നോട്ടുവച്ച നിർദ്ദേശം വളരെ വ്യക്തമായിരുന്നു. ഒടുവിൽ നാം ഈ ധാരണയിലായിരുന്നു എത്തിച്ചേർന്നത്. മൊത്തമുള്ള 42 നിയോജകമണ്ഡലങ്ങളിൽ ഇടതുമുന്നണി 30 സീറ്റിൽ മത്സരിച്ചു; അവശേഷിച്ച 12 എണ്ണത്തിൽ കോൺഗ്രസ്സാണ് മത്സരിച്ചത്. മറ്റു ചില മതനിരപേക്ഷ സംഘടനകളുമായും ഇതേ ധാരണയുണ്ടാക്കാൻ നാം ശ്രമിച്ചു; പക്ഷേ, അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ അവരിൽ നിന്നുണ്ടായതുമൂലം നമ്മുടെ ശ്രമം യാഥാർഥ്യമായില്ല.

നമ്മുടെ സ്ഥാനാർഥിപട്ടികയിൽ ഈ പ്രാവശ്യം ചെറുപ്പക്കാർക്കാണ് അധികവും പ്രാധാന്യം നൽകിയത്. 23 സീറ്റിൽ സിപിഐ എം മത്സരിച്ചു; അവശേഷിച്ച ഏഴ് എണ്ണത്തിൽ മറ്റ് ഇടതുമുന്നണി കക്ഷികളിലെ സ്ഥാനാർഥികളാണ് മത്സരിച്ചത്. പിബി അംഗം കൂടിയായ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും കേന്ദ്ര കമ്മിറ്റിയംഗം സുജൻ ചക്രവർത്തിയും സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നു. സിപിഐ എമ്മിന്റെ സ്ഥാനാർഥി പട്ടികയെക്കുറിച്ച് ജനങ്ങൾക്ക് നല്ല മതിപ്പാണ് എന്ന പ്രതികരണമാണ് ഈ പ്രാവശ്യം പലരിൽനിന്നും നമുക്ക് ലഭിച്ചത്.

കാംപെയ്ൻ പ്രക്രിയയിൽ പരമാവധി ആളുകളുടെ അടുത്ത് എത്തിച്ചേരാൻ നമ്മൾ ശ്രദ്ധ ചെലുത്തി. അതുകൊണ്ടുതന്നെ ഓരോ വീട്ടിലും എത്തി നേരിട്ട് പ്രചാരണം നടത്തുന്നതിനാണ് ഊന്നൽ നൽകിയത്. നമ്മുടെ സ്ഥാനാർഥികളും ജനങ്ങളുടെ അടുത്തേക്ക് നേരിട്ട് എത്തിച്ചേർന്നു. വീടുകളിൽ എത്തുകയും വോട്ടർമാരെ കാണുകയും ചെയ്തശേഷം അവർ ചെറുതും ഇടത്തരത്തിലുള്ളതുമായ യോഗങ്ങളിലും പങ്കെടുത്തു. മിക്കവാറും സ്ഥലങ്ങളിൽ വോട്ടർമാരുമായുള്ള ചോദ്യോത്തരത്തിനുള്ള ക്രമീകരണങ്ങളും ഉണ്ടാക്കിയിരുന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും ചെറിയ തെരുവു മൂലകളിലെ യോഗങ്ങളും പൊതുയോഗങ്ങളും വലിയ റാലികളും സംഘടിപ്പിച്ചിരുന്നു. വർഗ ബഹുജനമുന്നണികൾ – ട്രേഡ് യൂണിയനുകൾ, കിസാൻസഭ, മഹിള, വിദ്യാർഥികൾ, യുവജനങ്ങൾ, അധ്യാപകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ സംഘടനകൾ – അതവരുടേതായ പ്ലാറ്റ്ഫോമുകളിൽ സ്വന്തം നിലയിലും നിരവധി കാംപെയ്നുകൾ നടത്തുകയുണ്ടായി. വളരെ വ്യക്തമായ രാഷ്ട്രീയ അഭ്യർഥനയോടുകൂടിയ അസംഖ്യം ലഘുലേഖകളും ഫോൾഡറുകളും ബംഗാളിലെ ഗ്രാമ – നഗര ഭേദമെനേ-്യ എല്ലായിടത്തും വിതരണം ചെയ്തു. എതിരാളികൾ സൃഷ്ടിച്ച ഭീകരാവസ്ഥ മൂലം കഴിഞ്ഞ കുറേ വർഷങ്ങളായി നമുക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന പ്രദേശങ്ങളിലും ഈ പ്രാവശ്യം നമുക്ക് എത്തിച്ചേരാൻ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ ഒരു നേട്ടം തടസ്സങ്ങൾ തട്ടിനീക്കിയാണ് നാം അതു ചെയ്തത്. വിവിധ സാമൂഹ്യവിഭാഗങ്ങൾക്കിടയിൽ ഗൗരവമായ പ്രത്യേക കാംപെയ്നുകളും പാർട്ടിയും വർഗ ബഹുജന സംഘടനകളും നടത്തി.

തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മുടെ സഖാക്കൾ ബൂത്തു പിടിച്ചെടുക്കാൻ കഴിയാത്തവിധം ധീരോദാത്തമായി പൊരുതി. നമ്മുടെ സഖാക്കൾ ഊർജസ്വലമായി ശ്രമിച്ചിട്ടും ചില സ്ഥലങ്ങളിൽ തൃണമൂൽ കോൺഗ്രസുകാർ ബൂത്ത് പിടിച്ചെടുത്തു. ഡയമണ്ട് ഹാർബർ നിയോജകമണ്ഡലത്തിൽ സംസ്ഥാന സർക്കാരും സംസ്ഥാന പൊലീസും തൃണമൂൽ കോൺഗ്രസുകാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും ഒത്തുകളിച്ചു. ഈ നിയോജകമണ്ഡലത്തിൽ ഒട്ടേറെ ബൂത്തുകൾ പിടിച്ചെടുക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രധാന നേതാവാണ് ഈ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചത്. ലോക്-സഭാ തിരഞ്ഞെടുപ്പിലുടനീളം ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കുന്നതിനായി നമ്മുടെ സഖാക്കൾ ദൃഢനിശ്ചയത്തോടെ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നതിൽ സംശയത്തിനവകാശമില്ല.

ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സംസ്ഥാനത്ത് ടിഎംസിയും ബിജെപിയും അഭൂതപൂർവമായ പണക്കൊഴുപ്പാണ് പ്രകടമാക്കിയത്. തങ്ങൾക്കനുകൂലമായി, ഈ രണ്ടു കക്ഷികൾ തമ്മിലാണ് ഫലപ്രദമായ മത്സരം നടക്കുന്നതെന്ന പ്രചാരണം നടത്താനായി മിക്കവാറും എല്ലാ മാധ്യമ ഏജൻസികളെയും അവർ വിലയ്ക്കെടുത്തു. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾക്കനുകൂലമായി നമ്മൾ നടത്തിയ റാലികളും വലിയ പൊതുയോഗങ്ങളുമെല്ലാം തമസ്കരിക്കപ്പെട്ടു. മിക്കവാറും സ്ഥലങ്ങളിൽ ജനങ്ങളെ കേന്ദ്രീകരിച്ച് നമ്മൾ നടത്തിയ കാംപെയ്നുകളെ മാധ്യമങ്ങൾ അവഗണിച്ചു. ഈ തിരഞ്ഞെടുപ്പിൽ അസംഖ്യം യുവജനങ്ങൾ ഇടതുപക്ഷത്തിന്റെയും കോൺഗ്രസ്സിന്റെയും സ്ഥാനാർഥികൾക്കായി രംഗത്തിറങ്ങിയിരുന്നുവെന്നതും പ്രത്യേക പരാമർശം അർഹിക്കുന്നതാണ്. കാംപെയ്നുകളിൽ ഈ ചെറുപ്പക്കാർ ശ്രദ്ധേയവും ഊർജസ്വലവുമായ പങ്കുവഹിച്ചു. 70–80 കിലോമീറ്റർ ദൂരമുള്ള ചെറിയ യാത്രകൾക്കുപോലും ടിഎംസിയും ബിജെപിയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു; അവർ പണക്കൊഴുപ്പും മസിൽ പവറും ആവശ്യമുള്ളടത്തോളം പ്രയോഗിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്. തങ്ങൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്യുന്നതിനായി ടിഎംസിയും ബിജെപിയും ഒരേപോലെ ചില കോർപറേറ്റ് സംഘടനകളെ ഉപയോഗിച്ചു.

നമ്മുടെ കാംപെയ്നിൽ നാം ഊന്നൽ നൽകിയത് സംസ്ഥാനത്തെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കാണ്. (വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ). ഭരണഘടനയുടെ സംരക്ഷണത്തിനായും നാം ഉറച്ച നിലപാടെടുത്തു. കേന്ദ്ര–സംസ്ഥാന ഗവൺമെന്റുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീമമായ അഴിമതികൾ, അരാജകത്വം, ക്രമസമാധാന തകർച്ച, ഗുണ്ടാരാജ് എന്നിവയെല്ലാം പ്രധാന വിഷയങ്ങളായി ഉയർത്തപ്പെട്ടു. ഈ തിരഞ്ഞെടുപ്പു കാലത്ത് ഇലക്ടറൽ ബോണ്ടിലൂടെയും പിഎം കെയേഴ്സ് ഫണ്ടിലൂടെയും നമ്മുടെ രാജ്യത്ത് ഭീമമായ തോതിൽ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ടുവെന്ന് ജനങ്ങൾക്ക് ബോധ്യമായി; ഈ രണ്ട് അഴിമതിയുടെയും ഗുണഭോക്താക്കളും ബിജെപിയാണെന്നും വ്യക്തമാക്കപ്പെട്ടു. സർവീസ് പരീക്ഷകളുമായും തൊഴിലുറപ്പ് പദ്ധതിയുമായുമെല്ലാം ബന്ധപ്പെട്ടുള്ള നിരവധി അഴിമതികൾ സംസ്ഥാനത്തു നടന്നു. ശാരദ കുംഭകോണവും നാരദ കുംഭകോണവും തൃണമൂലുകാർ ഒന്നാകെ ഉൾപ്പെട്ടവയാണെന്നും ജനങ്ങളുടെ അനുഭവത്തിൽ ഉള്ള കാര്യമാണ്.

2024 ജൂൺ 4ന് ഫലപ്രഖ്യാപനം നടന്നു. ബിജെപിയെ 240 സീറ്റിൽ ഒതുക്കത്തക്കവിധം നമ്മുടെ രാജ്യത്തെ ജനങ്ങൾ ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ചു. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് 292 സീറ്റ് ലഭിച്ചു; ‘‘അബ് കി ബാർ ചാർ സൗപാർ’’ (ഈ പ്രാവശ്യം 400ൽ അധികം സീറ്റ്) അവർക്ക് നേടാനായില്ല. ഇന്ത്യ ചേരിക്ക് 234 സീറ്റ് ലഭിച്ചു; ഇത് 2019ലെ ഫലത്തിൽനിന്ന് വ്യത്യസ്തമായി ശ്രദ്ധേയമായ സംഖ്യയാണ്. പശ്ചിമബംഗാളിൽ ബിജെപിയുടെ അംഗസംഖ്യ 12 ആയി ചുരുങ്ങി; എന്നാൽ ടിഎംസിയുടെ ശക്തി 29 ആയി ഉയർന്നു; കോൺഗ്രസിന് ഒരു സീറ്റ് കിട്ടി (ദക്ഷിണമാൾഡ നിയോജകമണ്ഡലം). ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിച്ചില്ല. 2019 ലെ ലോക്-സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും നേടാനായില്ല. തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് വ്യക്തമാകുന്നത് ഇടതുപക്ഷത്തിനനുകൂലമായ വോട്ടുവിഹിതം ഈ മൂന്നു തിരഞ്ഞെടുപ്പുകളിലും 6 ശതമാനത്തിനും 8 ശതമാനത്തിനും ഇടയ്ക്ക് സ്തംഭിച്ചുനിൽക്കുന്നതായാണ്. ഈ ലോക്-സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്റെ പ്രകടനം വളരെ മോശവും നിരാശജനകവുമാണെന്നതിൽ സംശയമില്ല.

എന്നാൽ ഈ വിധിയിൽനിന്ന് നാം പാഠങ്ങൾ പഠിക്കേണ്ടതുണ്ട്; അങ്ങനെയായാൽ മാത്രമേ നമ്മുടെ ദൗർബല്യങ്ങളും പോരായ്മകളും പരിഹരിച്ച് സമീപഭാവിയിൽ നമുക്ക് മുന്നേറാൻ കഴിയൂ. ഇതു പരിഗണിച്ച് നാം ആഴത്തിലുള്ള അവലോകന പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. ഈ അവലോകനത്തിൽ നമ്മുടെ പാർട്ടി സഖാക്കളും അനുഭാവികളും പൊതുജനങ്ങളും വിമർശകർപോലും ഉൾപ്പെടും. ഞങ്ങളുടെ സംസ്ഥാനത്ത് ഇതിനകം തന്നെ ഞങ്ങൾ ഈ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു.

നമ്മുടെ പാർട്ടിക്കും ഇടതുപക്ഷത്തിനും ലഭിച്ചത് മോശപ്പെട്ട ഫലമായതിനു പിന്നിൽ രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളുണ്ടെന്ന് ഈ അവലോകന പ്രക്രിയയിൽ വ്യക്തമായിരിക്കുകയാണ്.

രാഷ്ട്രീയമായ കാരണങ്ങൾ
 ചുവടെ ചേർക്കുന്നു:
(i) ബംഗാളിൽ ടിഎംസിക്ക് ഇന്ത്യാ (INDIA) ചേരിയിലെ പങ്കാളിയാണെന്ന കാര്യം വലിയ ഒരളവുവരെ നേട്ടമുണ്ടാക്കാൻ ഉപകരിച്ചു. നമ്മുടെ പോരാട്ടം ബിജെപിക്കെതിരെയും ഇന്ത്യാ ചേരിയെ ശക്തിപ്പെടുത്താനുമായിരുന്നു. തങ്ങൾ ഇന്ത്യാ ചേരിക്കുള്ളിലാണെന്ന് ടിഎംസി നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു; ഇത് ബിജെപി വിരുദ്ധരായ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ബിജെപി വിരുദ്ധരായ വളരെ വലിയ വിഭാഗം വോട്ടർമാരുടെ പിന്തുണ നേടിയെടുക്കാൻ ടിഎംസിക്ക് കഴിഞ്ഞു. ഇവിടെ അവർക്ക് ദ്വികക്ഷി രാഷ്ട്രീയത്തിന്റെ (മത്സരം ബിജെപിയും ടിഎംസിയും തമ്മിലാണെന്ന പ്രചാരണത്തിന്റെ) ഗുണം ലഭിച്ചു.

(ii) ദരിദ്രരും അരികുവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്കിടയിൽ ലാക്കിർ ഭന്ദറിനെയും സ്വാസ്ത്യസതിയെയും പോലെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളെ ടിഎംസിയും സർക്കാരും ആസൂത്രിതമായി അവർക്കനുകൂലമായി ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ സജീവമായി അസംഖ്യം ഗുണഭോക്താക്കളെ, പ്രത്യേകിച്ചും സ്ത്രീകളെ രംഗത്തിറക്കാൻ പോലും അവർക്ക് കഴിഞ്ഞു.

കണ്ടെത്തപ്പെട്ട സംഘടനാപരമായ 
ദൗർബല്യങ്ങൾ ചുവടെ ചേർക്കുന്നു:
i) കഴിഞ്ഞ കുറേ വർഷമായി ഇടതുപക്ഷക്കാരായ നമ്മൾ നമ്മുടെ വർഗത്തിൽനിന്നും ജനങ്ങളിൽനിന്നും അകന്നുകൊണ്ടിരിക്കുകയാണ്.

ii) പാർട്ടിയുടെ വിവിധ തലങ്ങളിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നു.

iii) ബൂത്തുതല സംഘടനകളുടെ രൂപീകരണത്തിലും ദെെനംദിന പ്രവർത്തനത്തിലും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിരുന്നു. ബൂത്തുതല സംഘടനകളുടെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ പ്രവർത്തകരെയും ബോധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്.

(iv) തിരഞ്ഞെടുപ്പിൽ പോളിങ് ഏജന്റുമാർക്ക് പ്രധാനപ്പെട്ട പങ്കു നിർവഹിക്കാനുണ്ട്. തിരഞ്ഞെടുപ്പ് സംഘടനയുടെ പ്രധാനപ്പെട്ട ഭാഗമാണവർ. അസംഖ്യം ബൂത്തുകളിൽ ഏജന്റുമാരെ നിയോഗിക്കുന്നതിൽ നാം പരാജയപ്പെട്ടു.

(v) ടിഎംസിയും ബിജെപിയും ചില സ്ഥലങ്ങളിൽ ബൂത്തുകൾ പിടിച്ചെടുത്ത കാര്യം നേരത്തെ തന്നെ റിപ്പോർട്ടു ചെയ്തതാണ്. വോട്ടെണ്ണൽ ഹാളുകളിൽ പോലും ടിഎംസിക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന അവർക്കനുകൂലമായ സാഹചര്യം ഉണ്ടായിരുന്നുവെന്നതും വസ്തുതയാണ്.

(vi) വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഗൗരവസ്വഭാവത്തിലുള്ള ചില ക്രമക്കേടുകൾ നടന്നതായി നമുക്കും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

(vii) കാംപെയ്ൻ കാലത്ത് നമ്മുടെ ടാർഗെറ്റ് പ്രധാനമായും ടിഎംസിക്കും ബിജെപിക്കും എതിരെയായിരുന്നു. എന്നാൽ പല സ്ഥലങ്ങളിലും കാംപെയ്ൻ വേളയിൽ പ്രധാനമായും ടാർഗെറ്റ് ചെയ്യപ്പെട്ടത് ടിഎംസിയെ ആയിരുന്നു; ബിജെപിയെ അല്ല. ഒട്ടനവധി സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ വീക്ഷണത്തിന്റെ അഭാവംപോലുമുണ്ടായിരുന്നു. വർഗപ്രസ്ഥാനത്തിലും വർഗപരമായ ദിശാബോധത്തിലും ദൗർബല്യങ്ങൾ ഉണ്ടായതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

(viii) സോഷ്യൽ മീഡിയയുടെ പങ്ക് വിലപ്പെട്ടതാണെങ്കിലും ചില സ്ഥലങ്ങളിൽ ഈ കാംപെയ്ൻ വിപരീത സ്വഭാവത്തിലുള്ള അനന്തര-ഫലമുണ്ടാക്കിയെന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ നാം അവലോകനപ്രക്രിയയിൽ നിന്നുണ്ടായ പാഠങ്ങൾ മൂർത്തമായും ക്രോഡീകരിക്കാനുള്ള പ്രക്രിയയിലേർപ്പെട്ടിരിക്കുകയാണ്. അവലോകന പ്രക്രിയ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ അതു പൂർത്തിയാകും. ഇപ്പോൾ, പ്രാഥമികമായി നടത്തിയ അവലോകനത്തെ അടിസ്ഥാനമാക്കി, ദൗർബല്യങ്ങളെ അതിജീവിക്കാനായും വർഗ–ബഹുജനപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനായും ജനങ്ങളുമായി, വിശിഷ്യാ ചൂഷിതരും അരികുവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുമായുള്ള സജീവമായ ബന്ധം കൂടുതലായി കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനായുമുള്ള പ്രവർത്തനങ്ങളിൽ പാർട്ടി ഒന്നാകെ ഏർപ്പെട്ടിരിക്കുകയാണ്. ഇത് കെെവരിക്കുന്നതിനായി 2015ലെ കൊൽക്കത്ത പ്ലീനം ചൂണ്ടിക്കാണിച്ചതുപോലെ പാർട്ടിയെ ചിട്ടപ്പെടുത്തേണ്ടതുണ്ട്; നമ്മുടെ വർഗവുമായും ബഹുജനങ്ങളുമായും സജീവമായ ഉറ്റബന്ധം ഉണ്ടാക്കുകയും സംസ്ഥാനത്ത് പാർട്ടിയെ ശക്തമായി വളർത്തുകയും ചെയ്യേണ്ടതുമുണ്ട്. ഈ ലക്ഷ്യം മുന്നോട്ടുവച്ചുള്ള പ്രവർത്തനങ്ങളിൽ വളരെ തിരക്കിട്ട് ഇപ്പോൾ മുതൽ തന്നെ ഞങ്ങൾ ഏർപ്പെട്ടിരിക്കുകയാണ്. രാജ്യത്താകെയുള്ള പാർട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെയും വളർച്ചയെ സംബന്ധിച്ചിടത്തോളം നമ്മുടെ പാർട്ടിയുടെ പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി വഹിക്കേണ്ട പങ്കിനെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഈ കടമ നിറവേറ്റാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഞങ്ങൾ അതിജീവിക്കും; ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 3 =

Most Popular