Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിതമിഴ്‌നാട് ഇനിയെന്ത്?

തമിഴ്‌നാട് ഇനിയെന്ത്?

യു വാസുകി (സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം)

മുക്കെല്ലാം അറിയാവുന്നതുപോലെ, 18–ാമത് ലോക്-സഭാ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് തിരിച്ചടിയായി. തമിഴ്-നാടും പഞ്ചാബുമാണ് ബിജെപി സംപൂജ്യരായ രണ്ടു സംസ്ഥാനങ്ങൾ. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ രാഷ്ട്രീയ പശ്ചാത്തലത്തെയും 2024 ലെ ലോക്-സഭാ തിരഞ്ഞെടുപ്പു ഫലത്തെയും വിശകലനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

സാധാരണയായി ബിജെപിയുടെ ശക്തമായ അടിത്തറയായി കണക്കാക്കപ്പെടുന്നത് വടക്കൻ സംസ്ഥാനങ്ങളാണ്. ഇത്തവണ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട പ്രകടനത്തിനുള്ള അവരുടെ ശ്രമം കുറച്ചുഫലം കണ്ടു. തമിഴ്നാട്ടിൽ ബിജെപി വോട്ടുവിഹിതം വർധിപ്പിച്ചത് എല്ലാ ജനാധിപത്യ വിശ്വാസികളിലും ആശങ്കയുണർത്തുന്നതാണ്.

തമിഴ്നാടിന്റെ പശ്ചാത്തലം
ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള ദ്വികക്ഷി രാഷ്ട്രീയമാണ് തമിഴ്നാട്ടിൽ പതിറ്റാണ്ടുകളായി തുടരുന്നത്. സിപിഐ എം ഉൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടികൾ ഇതിന്റെ ഭാഗമാകുകയോ തിരഞ്ഞെടുപ്പു സഖ്യത്തിലേർപ്പെടുകയോ ആണ് ഏറെക്കാലമായി നടന്നുവരുന്നത്. ചിലപ്പോൾ സിപിഐ എം ഒറ്റയ്ക്കോ സിപിഐയുമായി ചേർന്നോ മത്സരിക്കാറുണ്ട്. 2016ൽ മക്കൾ നല കൂട്ടണി (സിപിഐ എം, സിപിഐ, എംഡിഎംകെ, വിസികെ, ഡിഎംഡികെ എന്നിവ ചേർന്ന് രൂപീകരിച്ച) യുടെ ഭാഗമായി നിന്നുകൊണ്ട് ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരെ മത്സരിച്ചു. ചിലപ്പോഴൊക്കെ സീറ്റിന്റെ കാര്യത്തിലുള്ള നീക്കുപോക്ക് അസ്വീകാര്യമായി തോന്നുകയാണെങ്കിൽ ചില സീറ്റുകളിൽ സിപിഐ എം ഒറ്റയ്ക്കും മറ്റു സീറ്റുകളിൽ സഖ്യകക്ഷികൾക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം രാഷ്ട്രീയലെെനിന്റെ അടിസ്ഥാനത്തിലാണ് ചെയ്തിരുന്നത്.

പൊതുവെ, 70 ശതമാനം വരെ വോട്ടുവിഹിതമാണ് ഡിഎംകെ, എഐഡിഎംകെ പാർട്ടികൾ നേടിയിരുന്നത്. ഇടയ്ക്കിടെ പുതിയ പാർട്ടികൾ ഉയർന്നുവരും; ചില തിരഞ്ഞെടുപ്പുകളിൽ അവ സ്വതന്ത്രമായി മൽസരിച്ച് അവയുടെ യോഗ്യത ഉറപ്പാക്കും. ആ വോട്ടുശക്തി ഉപയോഗിച്ച് സഖ്യത്തിൽ മികച്ച സ്ഥാനം കിട്ടാനായി വിലപേശും. വിജയ്കാന്തിന്റെ (ഇപ്പോൾ പ്രേമലത) നേതൃത്വത്തിലുള്ള ഡിഎംഡികെ, മക്കൾ നീതി മെയ്യം (കമലഹാസൻ) എന്നിവ ഇതിനുദാഹരണങ്ങളാണ്. ഇതിനപവാദമായി വളരെ കുറച്ചു പാർട്ടികളേയുള്ളൂ.

മറ്റ് ബിജെപിയിതര സംസ്ഥാനങ്ങളെയുംപോലെ തമിഴ്നാടും സാമ്പത്തികമായി ഞെരുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല ഘട്ടങ്ങളിലും ദുരിതാശ്വാസ തുക ആവശ്യമായതിന്റെ 10% മാത്രമാണ് ലഭിച്ചത്. മാത്രവുമല്ല ഗവർണർ ആർ എൻ രവി, ഫെഡറലിസം എന്ന സങ്കൽപനത്തെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് ഗവൺമെന്റിന്റെ അജൻഡയ്ക്കെതിരായി പ്രചാരവേല നടത്തുകയും നിയമസഭ പാസാക്കിയ പല ബില്ലുകളിലും ഒപ്പുവെക്കാതിരിക്കുകയും എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽനിന്നും പലതും ഗവർണർ തന്റെ അഭിസംബോധനയ്ക്കിടെ ഒഴിവാക്കുകയും ചെയ്തു. ഇത് ഒരു ദെെനംദിന ചര്യയായി മാറി. ബിജെപിയെ രാഷ്ട്രീയമായും സാമൂഹികമായും ആശയപരമായും നിരന്തരമായും സന്ധിയില്ലാതെയും എതിർക്കുന്നത് ഏത് പാർട്ടിയാണെന്ന് ഗവർണർ മനസ്സിലാക്കി. കാറൽ മാർക്സിനെയും കമ്യൂണിസത്തെയും പൊതുവെ വിമർശിക്കുന്നത് അദ്ദേഹം പതിവാക്കിയിരുന്നു. വാഡല്ലൂരിലെ സാമൂഹ്യ പരിഷ്കർത്താവായ വള്ളാളറിനെ ആർ എൻ രവി സനാതനധർമ്മത്തിന്റെ മഹത് താരകമെന്ന് വിശേഷിപ്പിച്ചു. യഥാർഥത്തിൽ വള്ളാളർ സനാതനധർമ്മത്തിന് പൂർണമായും എതിരായിരുന്നു. എന്നാൽ ഗവർണറുടെ പ്രസംഗവും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. ശെെശവവിവാഹത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത് . ഫെഡറലിസമെന്നത് തകർക്കപ്പെടേണ്ട, സംസ്ഥാന കേന്ദ്രിത സ്വത്വമാണെന്ന് അദ്ദേഹം വിമർശിച്ചു. അദ്ദേഹത്തിന്റെ നിലപാടിനെതിരെ പല പാർട്ടികളും പൊരുതിയെങ്കിലും, ഒരു വ്യക്തിയെന്ന നിലയിൽ ആർ എൻ രവിയെ വിമർശിക്കുന്നതിൽ യാതൊരർഥവുമില്ലെന്നും ബിജെപിയിതര സംസ്ഥാനങ്ങളിൽ അവരുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായുള്ള ആയുധമായി ഗവർണർമാരെ ഉപയോഗിക്കുന്ന ബിജെപിയുടെ നിലപാടിനെതിരെയാവണം നമ്മുടെ പോരാട്ടവും വിമർശനവും എന്നതാണ് സിപിഐ എമ്മിന്റെ നിലപാട്.

മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം എന്നിവ സംരക്ഷിക്കുന്നതിൽ ഡിഎംകെ എന്ന പാർട്ടിയും അതിന്റെ സർക്കാരും ശരിയായ നിലപാടാണ് എടുക്കുന്നത്. സിപിഐ എം ഒറ്റയ്ക്കും അതുമായി സഖ്യത്തിലുള്ള പാർട്ടികളുമായി സംയുക്തമായും ബിജെപി ഗവൺമെന്റിനെതിരെ നിരവധി പോരാട്ടങ്ങൾ ഇക്കാലയളവിനുള്ളിൽ സംഘടിപ്പിച്ചിട്ടുണ്ട്. സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരഭങ്ങളിൽ ഉൾപ്പെടെയുള്ള വിവിധ വിഭാഗം തൊഴിലെടുക്കുന്ന ജനങ്ങൾ പോരാട്ടത്തിന്റെ പാതയിലാണ്. തൊഴിലാളികൾ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, യുവജനങ്ങൾ, സ്ത്രീകൾ, വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗങ്ങളും മോദിയ്ക്കെതിരായ പ്രക്ഷോഭങ്ങളിലായിരുന്നു.

ഗോദി മാധ്യമങ്ങളെ തകർത്ത തിരഞ്ഞെടുപ്പ് ഫലം
ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഏപ്രിൽ 19ന് ഒരൊറ്റ ഘട്ടമായി ലോക്-സഭാ തിരഞ്ഞെടുപ്പ് നടന്നത്. അതിശയോക്തിപരമായ എക്സിറ്റ് പോളുകൾ തമിഴ്നാടിനെ സംബന്ധിച്ചുമുണ്ടായി. 1–3 സീറ്റുവരെ ബിജെപി നേടുമെന്ന് അവ പ്രവചിച്ചിരുന്നു. എന്നാൽ ഗോദി മാധ്യമങ്ങളുടെ സങ്കൽപമോഹങ്ങളെയെല്ലാം തകർത്തെറിഞ്ഞുകൊണ്ട് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ചേരി 40 സീറ്റുകൾ നേടി. മധുരയിലും ദിണ്ടിഗലിലുമാണ് സിപിഐ എം മൽസരിച്ചത്. 2,10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സു വെങ്കിടേശൻ മധുരയിൽനിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സച്ചിദാനന്ദൻ 4,44,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ദിണ്ടിഗലിൽനിന്നും വിജയിച്ചു.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ചേരി ഒറ്റക്കെട്ടായും കൂടാതെ കമലഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതിമയ്യം സഖ്യമായി ചേർന്നുമാണ് പ്രവർത്തിച്ചത്. അതേസമയം പ്രതിപക്ഷം ഛിന്നഭിന്നമായ നിലയിലായിരുന്നു. എഐഎഡിഎംകെ – ബിജെപി സഖ്യം പിളരുകയും ഇരുകൂട്ടരും പ്രത്യേക സഖ്യം രൂപീകരിക്കുകയും ചെയ്തു. എഐഎഡിഎംകെ, ഡിഎംഡികെയോടും ചെറുപാർട്ടികളോടും ചേർന്നും ബിജെപി പിഎംകെയും ചുരുക്കം ചില ചെറുപാർട്ടികളുമായും ചേർന്നുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സാഹചര്യത്തിൽ വിജയം ഉറപ്പില്ലാത്തതിനാൽ എഐഎഡിഎംകെയിലെ വലിയൊരു വിഭാഗം പ്രമുഖ നേതാക്കൾ മത്സരിച്ചില്ല.

പിഎംകെ (പാട്ടാളി മക്കൾ കക്ഷി) തിരഞ്ഞെടുപ്പിനുതൊട്ടു മുൻപുവരെ യൂണിയൻ ഗവൺമെന്റിന്റെ കടുത്ത വിമർശകരായിരുന്നു. ഇതിന്റെ സ്ഥാപകനായ ഡോ. രാംദാസ്, മോദി ഗവൺമെന്റിന്റെ പ്രകടനത്തിന് പൂജ്യം മാർക്കാണ് നൽകിയത്. എന്നിട്ട് അതിശയകരമാംവേഗത്തിൽ അവർ ബിജെപി കൂടാരത്തിലേക്കു ചാടി! ഭൂരിഭാഗം വരുന്ന പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന പിഎംകെ എന്നിട്ടും തൊഴിലെടുക്കുന്ന ജനങ്ങൾക്കിടയിൽ വർഗീയ വിഘടന രാഷ്ട്രീയം കളിച്ചു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ അവർ ദളിതർക്കുനേരെ ഹീനമായ ആക്രമണമഴിച്ചുവിടുകയും വിദേ-്വഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. ദളിതരും ഭൂരിഭാഗം വരുന്ന പിന്നാക്ക വിഭാഗങ്ങളും തമ്മിലുള്ള ഐക്യം ഏറ്റവും അനിവാര്യമായ ഘട്ടമാണിത്. എന്നാൽ പിഎംകെ ഇതിനു നേർവിപരീതമായാണ് പ്രവർത്തിക്കുന്നത്. ബിജെപിയും പിഎംകെയും അവർ തമ്മിലുള്ള വെെജാത്യങ്ങളെ എത്ര തന്നെ കൂട്ടിയോജിപ്പിച്ചാലും അവർ ഒരു മുന്നണിയായി കെട്ടിപ്പടുത്താലും ആ സഖ്യത്തിന് അപ്പോഴും ഒരൊറ്റ സീറ്റിൽപോലും വിജയിക്കാനാകില്ല. പാർട്ടിയുടെ നേതാവായ ഡോ. അൻപുമണി, ധർമപുരിയിൽനിന്നും മത്സരിക്കുന്ന തന്റെ ഭാര്യ ഡോ. സൗമ്യയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞത്, സ്ത്രീകൾക്കുനേരെ അതിക്രമങ്ങളുണ്ടാകുന്ന വേളയിൽ അവർ ദുർഗയായി മാറുമെന്നാണ്. എന്നാൽ ഇത്തരത്തിലൊരിടപെടലും അവർ നടത്തുന്നത് ഞങ്ങൾ കണ്ടിട്ടേയില്ല. ഇലക്ഷൻ കാമ്പെയ്നുകൾ പലപ്പോഴും നുണകളുടെ ഘോഷയാത്രയായി മാറുന്നു.

പ്രധാനമന്ത്രി എട്ടുതവണ സംസ്ഥാനം സന്ദർശിച്ചിട്ടും ബിജെപിക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നിരവധി കേന്ദ്രമന്ത്രിമാർ വന്നു. എന്നാൽ 12 സീറ്റുകളിൽ ബിജെപി രണ്ടാമതെത്തി എന്നതാണ് ആശങ്കയുണർത്തുന്നത്. ബിജെപി അവരുടെ വോട്ടുവിഹിതം ഗണ്യമായ തോതിൽ വർധിപ്പിച്ചു. ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ചത് ഇതിനുള്ള കാരണങ്ങളിലൊന്നാവാം. ജാതീയമായ ഗ്രൂപ്പുകൾക്കും പാർട്ടികൾക്കുമിടയിൽ അവർ നടത്തിയ ‘‘സോഷ്യൽ എഞ്ചിനീയറിങ്’’ അവർക്കു നേട്ടമുണ്ടാക്കി. പ്രത്യക്ഷത്തിൽ അത് ജാതി സംഘങ്ങളെന്ന നിലയിലാണ് രൂപീകരിക്കപ്പെട്ടതെങ്കിലും യഥാർഥത്തിൽ അത്, അടിസ്ഥാനപരമായും അഖില ഹിന്ദുസ്വത്വത്തിൻ കീഴിലായിരുന്നു. അവരുടെ ഹിന്ദുത്വ രാഷ്ട്രീയം ഉന്നതജാതിക്കാർക്കിടയിലേക്കും ഉയർന്ന മധ്യവർഗത്തിനിടയിലേക്കും കടന്നുകയറി. ഈ പശ്ചാത്തലത്തിൽ വർഗീയതയ്ക്കെതിരായ ജാഗ്രത പൂർണമായും അനിവാര്യമായ ഘട്ടമാണിത്. രാഷ്ട്രീയവും ആശയപരവുമായ ഇടപെടൽ ശക്തമാക്കണം.

സീമാന്റെ നേതൃത്വത്തിലുള്ള NTK (നാം തമിഴർ കച്ചി) മെച്ചപ്പെട്ടുവരികയാണ്. അവർ അവരുടെ വോട്ടുവിഹിതം സ്ഥിരമായി വർധിപ്പിക്കുകയാണ്. ഇത്തവണ അത് 8% കടന്നിരിക്കുന്നു. തുടക്കത്തിൽ പ്രസ്താവിച്ചതുപോലെ ദ്വികക്ഷി രാഷ്ട്രീയത്തെ എതിർത്തിരുന്നവരുടെ വോട്ടേറെയും കിട്ടിയത് എൻടികെയ്ക്കാണ്. വലിയൊരളവുവരെ സ്ത്രീകളും ചെറുപ്പക്കാരും അവർക്ക് വോട്ടുചെയ്തു. ഇത് മുന്നോട്ടുവയ്ക്കുന്ന തമിഴ് ദേശീയ സ്വത്വ രാഷ്ട്രീയം ഒരു നിശ്ചിത വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്തർസംസ്ഥാന തർക്കങ്ങളിൽ ആ പാർട്ടി ദേശസ്നേഹപരമായ നിലപാടാണ് കെെക്കൊണ്ടത്. എന്നാൽ തമിഴ്നാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ജീവൽപ്രശ്നങ്ങളിൽ അത് ഒരിക്കലും ഇടപെട്ടിട്ടില്ല. തൊഴിലെടുക്കുന്ന വർഗത്തിന്റെയും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെയും കാര്യത്തിലുള്ള അവരുടെ നിലപാട് അവ്യക്തമാണ‍്. ബിജെപിയുടെ രാഷ്ട്രീയ–സാമ്പത്തികനയങ്ങളിൽ അവർ അങ്ങേയറ്റം മൗനം ദീക്ഷിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഐഎഡി എംകെ സഖ്യം ഒരു സീറ്റ് നേടിയിരുന്നു. എന്നാൽ ഇത്തവണ അവർക്ക് ഒന്നും ലഭിച്ചില്ല എന്നു മാത്രമല്ല പതിനൊന്ന് മണ്ഡലങ്ങളിൽ അവർ മൂന്നാം സ്ഥാനത്താവുകയും രണ്ടിടത്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. എഐഎഡിഎംകെ അവരുടെ വോട്ട് ബാങ്ക് മിക്കവാറും അതേപടി നിലനിർത്തി, ചില സീറ്റുകളിൽ അവരുടെ വോട്ടിന്റെ ഒരു ഭാഗം ബിജെപിയിലേക്കു പോയിട്ടും. ഒന്നിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ചതാകാം അതിന് ഒരു കാരണം. പാർട്ടി ഛിന്നഭിന്നമായിട്ടും വോട്ടു സമാഹരിക്കാൻ അവർക്കു കഴിഞ്ഞു.

തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം നേടിയ സമ്പൂർണ വിജയം ഒരു സുപ്രധാന നാഴികക്കല്ലാണ്. ഡിഎംകെയുടെ പരമ്പരാഗത വോട്ടുബാങ്കു കൂടാതെ, അവർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ വിജയത്തിൽ ഒരു പ്രധാനപ്പെട്ട പങ്കുവഹിച്ചു. പൊതുവായുണ്ടായ ബിജെപി വിരുദ്ധ വികാരം വലിയ ഒരളവു വരെ സഹായകമായി. അസംഘടിത തൊഴിലാളികൾ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നീ വിഭാഗങ്ങളെല്ലാം ഈ സംഖ്യത്തിന് വലിയതോതിൽ വോട്ടുചെയ്തു. അധ്യാപകരും ഗവൺമെന്റ് ജീവനക്കാരും പെൻഷൻ, ഡിഎ തുടങ്ങിയ കാര്യങ്ങളിൽ ഡിഎംകെ ഗവൺമെന്റിനോട് അതൃപ്തിയുണ്ടായിരുന്നിട്ടും വലിയതോതിൽ ഡിഎംകെ സഖ്യത്തിന് വോട്ടുനൽകി. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ഡിഎംകെ സഖ്യത്തിന് വോട്ടുവിഹിതം കുറയുകയാണുണ്ടായത്. ഭരണവിരുദ്ധ വികാരം ഒരു പ്രധാന ഘടകമാണ്. സിപിഐ എമ്മിന്റെ വോട്ടുവിഹിതം അൽപം മെച്ചപ്പെട്ടിട്ടുണ്ട്.

ജാഗ്രത വേണം
മുൻപത്തെ രണ്ടു തിരഞ്ഞെടുപ്പുകളിൽ നിന്നു വിഭിന്നമായി ഇപ്പോൾ ബിജെപി ഗവൺമെന്റല്ല, മറിച്ച് എൻഡിഎ ഗവൺമെന്റാണ് രൂപീകരിക്കപ്പെട്ടത‍്. എങ്കിലും വർഗീയ, കോർപറേറ്റ് അപകടത്തെ വിലകുറച്ചു കാണാൻ കഴിയില്ല. ബിജെപി വരാൻ പോകുന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതിനായി അവർ വർഗീയമായ വിഷയങ്ങൾ തീവ്രമാക്കുകയും ഹിന്ദുസ്വത്വത്തെ ശക്തിപ്പെടുത്തുന്നതിന് ജാതീയമായ ഏകീകരണമുണ്ടാക്കുകയും അടിസ്ഥാനപ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള അവരുടെ ശ്രമങ്ങൾ തുടരുകയും ചെയ്യും. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നത് തുടരുകയും സേ-്വച്ഛാധിപത്യ പ്രവണതകളെ ചെറുക്കുകയും ബദൽനയങ്ങൾ മുന്നോട്ടുവയ്ക്കുകയും തൊഴിലെടുക്കുന്ന എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് എൻഡിഎ ഗവൺമെന്റിനെ എതിർക്കാനാവൂ. തമിഴ്നാട്ടിൽ ഇതിനുള്ള വലിയ സാധ്യതയുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one − 1 =

Most Popular