Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിആസാം: 
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 
ജനവിധി

ആസാം: 
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 
ജനവിധി

സുപ്രകാശ് താലൂക്ക്ദാർ
 (സിപിഐ എം ആസാം സംസ്ഥാന സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം)

2011 മുതൽ 2016 വരെ ആസാമിൽ തുടർച്ചയായി കോൺഗ്രസാണ് ഭരിച്ചത്. എന്നാൽ 2014ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം നേരിട്ടു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തരുൺ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിൽനിന്നു പുറത്തായി. രണ്ട് പ്രാദേശിക പാർട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയും ഗോത്രവർഗക്കാരുടെ ചില ചെറുകക്ഷികളെ അണിനിരത്തിയും ബിജെപി സംസ്ഥാനത്തെ ഹിന്ദുവോട്ടുകൾ ധ്രുവീകരിച്ചു. അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും ഹിന്ദുവോട്ടുകളുടെ ഏകീകരണവും സംസ്ഥാനത്ത് ആദ്യമായി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ ബിജെപി ഗവൺമെന്റ് നിലവിൽ വരുന്നതിനിടയാക്കി. 2015ൽ ഹിമന്തബിശ്വ ശർമയുടെ നേതൃത്വത്തിൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ലൂയി ബർഗർ അഴിമതിയും ശാരദ കുംഭകോണവും ഉൾപ്പെടെ നിരവധി കുംഭകോണങ്ങളുടെ കരിനിഴലിലായ ഹിമന്ത ബിശ്വ ശർമ 2015ൽ കേന്ദ്രത്തിൽ മോദി അധികാരത്തിൽ എത്തിയതിനെതുടർന്ന് ബിജെപിയിൽ ചേക്കേറാൻ നിർബന്ധിതനാവുകയായിരുന്നു. സംസ്ഥാനത്ത് 2016ൽ ബിജെപി അധികാരത്തിലെത്തിയതിനെ തുടർന്ന് ഹിമന്ത ബിശ്വ ശർമയ്ക്ക് മന്ത്രിസഭയിൽ ധനകാര്യം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകൾ നൽകപ്പെട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷകക്ഷികൾ ഒത്തുചേരുകയും ബിജെപി മുന്നണിക്ക് കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു. ബിജെപി നേതൃത്വത്തിലുള്ള മുന്നണി സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആശ്വാസകരമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും ബിജെപി നേതൃത്വത്തിലുള്ള മുന്നണിയും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിൽ വോട്ടുവിഹിതത്തിലെ വ്യത്യാസം ഒരു ശതമാനത്തിലും കുറവായിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സർബാനന്ദ സോനോവാൾ ഒഴിവാക്കപ്പെടുകയും ഹിമന്ത ബിശ്വ ശർമ പുതിയ മുഖ്യമന്ത്രിയാവുകയും ചെയ്തു. കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്തുതന്നെ ഹിമന്ത ബിശ്വ ശർമ സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായിത്തീർന്നിരുന്നു. അളവറ്റ സമ്പത്തിന്റെ പിൻബലമുള്ള ശർമ നിരവധി ഉന്നത ബിജെപി നേതാക്കളുടെ ഉറ്റചങ്ങാതിയായി. അങ്ങനെ ക്രമേണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം മാറി.

2021ലെ തിരഞ്ഞെടുപ്പിലെ വിജയം തീരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണെന്നു കണ്ട ഹിമന്ത ബിശ്വ ശർമയും ബിജെപി നേതൃത്വവും പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള നടപടികളിലേക്ക് അതിവേഗം നീങ്ങി. പണക്കൊഴുപ്പിന്റെ പിൻബലത്തിലും പൊലീസിനെയും അനേ-്വഷണ ഏജൻസികളെയും ഉപയോഗിച്ചും വലിയ വിഭാഗം കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൂറുമാറ്റിക്കാൻ കെണിയൊരുക്കി. കോൺഗ്രസിൽനിന്നുള്ള രണ്ട് എംഎൽഎമാർ രാജി വയ്ക്കുകയും ബിജെപി എംഎൽഎമാരായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെയും എഐയുഡിഎഫിലെയും നിരവധി എംഎൽഎമാർ ബിജെപിക്ക് വോട്ടുചെയ്തു. ലോക്-സഭാ തിരഞ്ഞെടുപ്പ് അടുത്തതോടുകൂടി ഈ പ്രവണതയുടെ വേഗത വർധിച്ചു. കോൺഗ്രസിലെ മൂന്നിൽ രണ്ട് വർക്കിങ് പ്രസിഡന്റുമാർ ബിജെപിയോടുള്ള തങ്ങളുടെ കൂറ് പ്രഖ്യാപിച്ചു. ആസാം നിയമസഭയിൽ സവിശേഷമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. കോൺഗ്രസിലെ നാല് എംഎൽഎമാർ തങ്ങൾ ഇപ്പോൾ ബിജെപിയ്ക്കൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കൂറുമാറ്റ നിയമംമൂലം അവർ കോൺഗ്രസിൽ നിന്ന് രാജിവച്ചിട്ടില്ല. അതുകൊണ്ടു മാത്രം ഔപചാരികമായി അവർ ഇപ്പോഴും കോൺഗ്രസ് എംഎൽഎമാരാണ്! ഇടതുപക്ഷം ഒഴികെ പ്രതിപക്ഷത്തെ മറ്റു പാർട്ടികളിലെ നിരവധി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധ പ്രക്ഷോഭങ്ങളും വലിയ രാഷ്ട്രീയ മുന്നേറ്റങ്ങളും ഉണ്ടാകുന്നത് തടയാൻ സംസ്ഥാന ബിജെപി ഗവൺമെന്റ് ജനാധിപത്യ പ്രവർത്തനങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഗൗഹാത്തി നഗരത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഒരൊറ്റ പ്രകടനംപോലും സർക്കാർ അനുവദിച്ചില്ല. പ്രത്യേകം തീരുമാനിക്കപ്പെട്ട സ്ഥലങ്ങളിലൊഴികെ നഗരത്തിൽ ധർണയോ പ്രകടനങ്ങളോ ഒന്നും അനുവദിക്കപ്പെടുന്നില്ല. മറ്റു പട്ടണങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്. അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ബിജെപിക്കും അതിന്റെ ഗവൺമെന്റിനും വേണ്ടി സംസാരിക്കാനും അവയെ ഉയർത്തിക്കാട്ടാനും നിർബന്ധിതരാണ്. സംസ്ഥാനത്തുടനീളം ഭയത്തിന്റേതായ ഒരു ഭീകരാന്തരീക്ഷം വളർന്നു വരികയാണ്. ആസാമിലെ ബിജെപി നേതൃത്വത്തിലുള്ള ഗവൺമെന്റാണ് രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നാണ് മുഖ്യമന്ത്രിയും സംഘവും വലിയ തോതിൽ പ്രചാരണമഴിച്ചുവിടുന്നത്.

എന്നാൽ ജനങ്ങൾ നേരിടുന്ന കടുത്ത ജീവിത യാഥാർഥ്യം അവരെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുംകൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടുകയാണ്. സാധാരണക്കാരുടെ സാമ്പത്തികജീവിതം ചെറുകിട കച്ചവടക്കാരുടെയും സ്വയം തൊഴിൽ ചെയ്യുന്ന കുടുംബങ്ങളുടെയും ദുരിതങ്ങൾക്കിടയാക്കിയിരിക്കുന്നു. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന വളരെക്കുറച്ച് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടുകയോ രോഗാതുരമായി മാറുകയോ ചെയ്തിരിക്കുന്നു. കാർഷികമേഖലയിലെ ദുരിതാവസ്ഥ തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റത്തിനിടയാക്കിയിരിക്കുന്നു. അതിൽ വലിയൊരു വിഭാഗവും കേരളം, കർണാടകം, തെലങ്കാന, ഡൽഹി എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. വിദ്യാഭ്യാസം – ആരോഗ്യമേഖലകളുടെ വൻതോതിലുള്ള സ്വകാര്യവൽക്കരണം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിതം ബുദ്ധിമുട്ടേറിയതാക്കിയിരിക്കുന്നു. ഇടത്തരക്കാരിൽ ഒരു വിഭാഗത്തിനുപോലും ഈ മേഖലയിൽ നിന്നുള്ള ശരിയായ സേവനം ലഭ്യമല്ലാതായിരിക്കുന്നു. ന്യൂനപക്ഷങ്ങൾ എല്ലാ വിധത്തിലുമുള്ള വിദേ-്വഷ പ്രചാരണങ്ങളുടെയും ഇരകളായിത്തീർന്നിരിക്കുന്നു. അവർ ഏറ്റുമുട്ടൽ രാഷ്ട്രീയത്തിന്റെയും ബുൾഡോസർ പ്രയോഗത്തിന്റെയും മുഖ്യഇരകളുമാണ്. മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് അവരുടെ ഭൂമിയിൽനിന്നും ഒഴിപ്പിക്കുന്നു. എന്നാൽ മറ്റ് ദരിദ്ര ജനവിഭാഗങ്ങൾക്കും ഇത്തരം നടപടികളിൽനിന്നും രക്ഷപ്പെടാനാകുന്നില്ല. അതിനാൽ ബിജെപി സർക്കാരിനെതിരായ അസംതൃപ്തി വളർന്നുവരാൻ തുടങ്ങി. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ വൻതോതിൽ അടിച്ചമർത്തുകയും മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചും പൊതുജനാഭിപ്രായത്തെ തടഞ്ഞുനിർത്താൻ അവർക്കു കഴിയുന്നില്ല.

ഈ പശ്ചാത്തലത്തിൽ ബിജെപിയ്ക്കെതിരെ മതനിരപേക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ ഐക്യത്തിനായുള്ള മുറവിളി വലിയതോതിൽ ഉയർന്നുവന്നു. ഇതാണ് സംയുക്ത പ്രതിപക്ഷ വേദി എന്ന പേരിലുള്ള, 11 രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പെടുന്ന ഒരു പൊതുവേദി നിലവിൽ വരാനിടയാക്കിയത്. സംയുക്ത പ്രതിപക്ഷ വേദി നിലവിൽ വരുന്നതിനുമുമ്പുതന്നെ ഇടതുപക്ഷ പാർട്ടികളും മുഖ്യമായും സിപിഐ എമ്മും സംയുക്ത ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയ്ക്ക് രൂപംനൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം പിരിച്ചുവിടുന്നതായി കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് ഇടതുപക്ഷം ഈ നീക്കം നടത്തിയത്. ക്രമേണ സംയുക്ത പ്രതിപക്ഷവേദി രൂപീകരിക്കപ്പെട്ടു. പടിപടിയായി ഇതിൽ 16 പ്രതിപക്ഷ പാർട്ടികൾ ചേർന്നു. മുസ്ലീങ്ങളെ അണിനിരത്തിയ എഐയുഡി‍എഫ് എന്ന പാർട്ടിയായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് രൂപംകൊണ്ട മഹാസഖ്യത്തിലെ മുഖ്യഘടകകക്ഷി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അവരുടെ രാഷ്ട്രീയം ബിജെപിയെ സഹായിക്കുന്നതാണെന്നും വ്യക്തമായി. അതിനാൽ എഐയുഎഫിനെ സംയുക്ത പ്രതിപക്ഷ വേദിയിൽ ഉൾപ്പെടുത്തിയില്ല. മണിപ്പൂർ പ്രതിസന്ധി, ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ പക്ഷപാതിത്വത്തോടുകൂടിയതുമായ ലോക്-സഭാ –നിയമസഭാ നിയോജകമണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങൾ സംബന്ധിച്ച് സംയുക്ത പ്രതിപക്ഷ വേദി പ്രക്ഷോഭങ്ങൾ ആരംഭിച്ചു; ലോക്-സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, സംയുക്ത പ്രതിപക്ഷ വേദിയിലെ ഘടകകക്ഷികൾ തമ്മിൽ സീറ്റ് വിഭജന ധാരണ ഉണ്ടാക്കേണ്ടതായി വന്നു. സംസ്ഥാനത്തെ 14 ലോക്-സഭാ മണ്ഡലങ്ങളിൽ ഓരോന്നിലും ബിജെപി മുന്നണിക്കെതിരായി പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ നിർത്തണമെന്ന നിർദേശം കോൺഗ്രസും മുന്നോട്ടുവച്ചു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, മാർച്ച് 11ന് കോൺഗ്രസ് ഏകപക്ഷീയമായി 13 ലോക്-സഭാ നിയോജകമണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; എജെപി എന്ന പ്രാദേശിക കക്ഷിക്ക് വേണ്ടി ഒരു സീറ്റ് നീക്കിവച്ചു.

സിപിഐ എം ഒരു സീറ്റിൽ മാത്രമേ മത്സരിക്കുന്നുള്ളൂവെന്ന് തുടക്കംമുതൽ തന്നെ വ്യക്തമാക്കിയതാണ്. അത് പരിഗണിക്കാമെന്ന ധാരണയും കോൺഗ്രസ് നൽകിയിരുന്നു. എന്നാൽ മാർച്ച് 11ന് ഏകപക്ഷീയമായി സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് നടത്തിയപ്പോൾ സിപിഐ എം പുതുതായി രൂപീകരിക്കപ്പെട്ട ബാർപെട്ട ലോക്-സഭാ നിയോജകമണ്ഡലത്തിൽനിന്നും മത്സരിക്കാൻ മനോരഞ്ജൻ താലൂക്-ദാർ എംഎൽഎയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തുടർന്ന്, ലഖിംപൂർ നിയോജകമണ്ഡലത്തിൽ നിന്നും സിപിഐയും സ്ഥാനർഥിയെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടും മുൻപുതന്നെ സിപിഐ എം തിരഞ്ഞെടുപ്പ് കാംപെയ്ൻ ആരംഭിച്ചുകഴിഞ്ഞു; പ്രത്യേകിച്ചും വീടുകൾ കയറിയുള്ള പ്രചാരണത്തിനാണ് ഊന്നൽ നൽകിയത്. കാംപെയ്ൻ വേളയിൽ ബിജെപി ഗവൺമെന്റിനെതിരായി ശക്തമായ പൊതുവികാരം ഉണ്ടെന്ന് നമ്മുടെ പ്രവർത്തകർക്ക് അനുഭവപ്പെട്ടു. ബാർപെട്ട ലോക്-സഭാ മണ്ഡലത്തിലെ മൂന്നിൽ രണ്ട് വോട്ടർമാരും ഹിന്ദുക്കളും ഏറെക്കുറെ മൂന്നിലൊന്ന് ഭാഗം മുസ്ലീങ്ങളുമാണ്. അതിനാൽ ബിജെപി മുന്നണിയെ പരാജയപ്പെടുത്തണമെന്നുണ്ടെങ്കിൽ ഭൂരിപക്ഷം ഹിന്ദുവോട്ടർമാരും ബിജെപി മുന്നണിക്കെതിരെ വോട്ടുചെയ്യണം. അതിനാൽ, കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ബിജെപി–എജിപി സഖ്യത്തിനൊപ്പം നിന്ന, ഹിന്ദുക്കൾക്കിടയിൽ കേന്ദ്രീകരിച്ച് സിപിഐ എം പ്രചാരണം സംഘടിപ്പിച്ചു. അതിന്റെ ഫലവുമുണ്ടായി; വോട്ടർമാരിൽ വലിയൊരു വിഭാഗം എജിപിക്കെതിരെ വോട്ടുചെയ്യാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു; ബിജെപി തങ്ങളുടെ സഖ്യകക്ഷിയായ എജിപി എന്ന പ്രാദേശിക കക്ഷിക്ക് ബാർപെട്ട നിയോജകമണ്ഡലം വിട്ടുകൊടുത്തിരുന്നു.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രത്യക്ഷത്തിൽ രംഗത്തുണ്ടായിരുന്നില്ല. പിന്നീട് അവർ വലിയ തോതിൽ മുസ്ലീം വോട്ടർമാർക്കിടയിൽ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. സിപിഐ എം സ്ഥാനാർഥി പ്രബലനാണെന്നും ഹിന്ദു വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ടെന്നും അവർ കണക്കാക്കി. അതുകൊണ്ട്- മുസ്ലീം വോട്ടർമാരെ മൊത്തത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി അണിനിരത്താൻ തുടങ്ങി. ഈ പശ്ചാത്തലത്തിൽ, ബാർപെട്ട ലോക്-സഭാ മണ്ഡലം ഉൾപ്പെടുന്ന ലോവർ ആസാം പ്രദേശത്തെ വലിയൊരു വിഭാഗം ഹിന്ദുക്കൾ കോൺഗ്രസിന് വോട്ടുചെയ്യാൻ തയ്യാറായില്ല. അതിനാൽ, മുസ്ലീം വോട്ടുകൾ കോൺഗ്രസ് പക്ഷത്തേക്ക് ചാഞ്ഞപ്പോൾ, ഈ പ്രാവശ്യം സിപിഐ എമ്മിന് വോട്ടുചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച ഒരു വിഭാഗം ഹിന്ദുവോട്ടർമാർ വീണ്ടും എജിപിക്കനുകൂലമായി തിരിഞ്ഞു. അങ്ങനെ, ഒടുവിൽ വോട്ടർമാർ എജിപിയുടെയും കോൺഗ്രസിന്റെയും ചേരിയിൽ ധ്രുവീകരിച്ചു; അതോടെ സിപിഐ എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളിനീക്കപ്പെട്ടു. സിപിഐ എം സ്ഥാനാർഥി മനോരഞ്ജൻ താലൂക്ദാറിന് 96,130 വോട്ട് ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥിയെ 2,22,351 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എജിപി സ്ഥാനാർഥി പരാജയപ്പെടുത്തി.

ആസാമിൽ മൊത്തത്തിൽ ബിജെപി കഴിഞ്ഞ തവണ കിട്ടിയ 9 സീറ്റ് നിലനിർത്തി. എന്നാൽ ഈ തവണ അതിന്റെ രണ്ട് സഖ്യകക്ഷികൾ –എജിപിയും യുപിപിഐയും–ഓരോ സീറ്റുവീതം നേടി; അങ്ങനെ ബിജെപി സഖ്യത്തിന്റെ അംഗസംഖ്യ വർധിച്ചു. കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ എന്ന പോലെ കോൺഗ്രസിന് ഈ പ്രാവശ്യവും മൂന്നു സീറ്റ് ലഭിച്ചു. എന്നാൽ കഴിഞ്ഞ തവണത്തേതിൽനിന്നും വ്യത്യസ്തമായി ഈ പ്രാവശ്യം കോൺഗ്രസ് മഹാഭൂരിപക്ഷം ഹിന്ദുവോട്ടർമാരുള്ള ഒരു മണ്ഡലത്തിൽനിന്നും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്തമായി ഈ പ്രാവശ്യം മുൻപ് ബിജെപിക്ക് വോട്ട് ചെയ്തിരുന്ന ഹിന്ദു വോട്ടർമാർ ബിജെപിക്കെതിരായി വോട്ട് ചെയ്തു. ബിജെപിയുടെ ബഹുജനാടിത്തറ തകരുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ബിജെപിക്ക് ഈ പ്രാവശ്യം വോട്ടുചെയ്തവരിൽ വലിയൊരു വിഭാഗം വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളിൽ ഭൂരിപക്ഷം പേരും–ബംഗാളി, ഹിന്ദി, നേപ്പാളി ഭാഷകൾ സംസാരിക്കുന്നവർ–ബിജെപിക്കും സഖ്യകക്ഷികൾക്കും വോട്ടുചെയ്തു. മതന്യൂനപക്ഷങ്ങളിലെ ചെറിയൊരു വിഭാഗവും ഗവൺമെന്റിൽനിന്നുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്ന ഭീതിയിൽ ഈ പ്രാവശ്യം ബിജെപിക്ക് വോട്ടുചെയ്തു.

അതേസമയം, അധ്യാപകർ, ജീവനക്കാർ, പെൻഷൻകാർ എന്നീ വിഭാഗങ്ങളിലെ മഹാഭൂരിപക്ഷം പേരും ബിജെപിക്കെതിരായി വോട്ടുചെയ്തു. ബിജെപിക്കും സഖ്യകക്ഷികൾക്കും എതിരായി സ്കീം തൊഴിലാളികളും വോട്ടുചെയ്തു. യുവതലമുറയിൽ ബിജെപി വിരുദ്ധ വികാരം വളരെ വ്യക്തമായി കാണാമായിരുന്നു. മതന്യൂനപക്ഷങ്ങൾ മൊത്തത്തിൽ തന്നെ എന്തുവില കൊടുത്തും ബിജെപിയെ തറപറ്റിക്കാൻ ജാഗരൂകരായിരുന്നു; മുഖ്യമായും അവർ കോൺഗ്രസിനനകൂലമായി വോട്ടു ചെയ്തു.

പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നല്ല നിലയിൽ സീറ്റു വിഭജനം നടന്നിരുന്നെങ്കിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും കനത്ത തിരിച്ചടി നൽകാൻ കഴിയുമായിരുന്നു. എന്നാൽ കോൺഗ്രസിന്റെ അഹന്തയും പിടിവാശിയും നിറഞ്ഞ സമീപനം മൂലം സീറ്റ് വിഭജന ചർച്ച സഫലമായില്ല. മറ്റു പാർട്ടികളെല്ലാം ശക്തമായി വാദിച്ചിട്ടും കോൺഗ്രസ് ദിഫു നിയോജകമണ്ഡലം പ്രാദേശിക പാർട്ടിയായ എപിഎച്ച്എൽസിക്ക് വിട്ടുകൊടുക്കാൻ തയ്യാറായില്ല. എന്നാൽ ജനവിധി വന്നപ്പോൾ കണ്ടത്, കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് എപിഎച്ച്എൽസി രണ്ടാം സ്ഥാനത്ത് എത്തിയതാണ്. അതേപോലെ തന്നെ, കൊക്രജാർ (പട്ടികവർഗ) നിയോജകമണ്ഡലത്തിൽ മറ്റൊരു പ്രാദേശികകക്ഷിയായ ബിപിഎഫ് രണ്ടാം സ്ഥാനത്തെത്തി; ഇവിടെയും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. ബാരപെട്ട മണ്ഡലത്തിന്റെ കാര്യത്തിലും കോൺഗ്രസ് സീറ്റ് സിപിഐ എമ്മിന് നൽകിയിരുന്നെങ്കിൽ, എജിപിയെ പരാജയപ്പെടുത്താനുള്ള നല്ല സാധ്യതയുണ്ടായിരുന്നു. പക്ഷേ, സംസ്ഥാനത്തെ ബുദ്ധിജീവികളും പ്രമുഖ പൗരരുൾമുൾപ്പെടെ 77 പേർ ശക്തമായി അഭ്യർഥിച്ചിട്ടും കോൺഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.

തിരഞ്ഞെടുപ്പിനുശേഷമുള്ള സ്ഥിതി
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം ബിജെപിക്കായിരിക്കെ ബിജെപിക്കെതിരായ ഐക്യത്തിന്റെ ആവശ്യകത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ തിക്താനുഭവം ഉൾക്കൊണ്ടുകൊണ്ട് സംസ്ഥാനത്തെ നാല് ഇടതുപക്ഷ പാർട്ടികൾ ഒന്നിച്ചുകൂടുകയും സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങളും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനായി സംസ്ഥാനത്ത് കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും തീരുമാനിക്കുകയും ചെയ്തു. ലോക്-സഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ 4 പ്രാദേശിക പാർട്ടികൾ ചേർന്ന് പ്രാദേശിക വേദിക്ക് രൂപം നൽകിയതും ശ്രദ്ധേയമായ സംഭവവികാസമാണ്. മൊത്തത്തിൽ ജനവിരുദ്ധവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ബിജെപിവാഴ്ചയ്ക്കെതിരായ പോരാട്ടം അൽപവും ശക്തികുറയാതെ തുടരേണ്ടതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + thirteen =

Most Popular