Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറികേരളം: തിരിച്ചടിയും 
തിരിച്ചുവരവും

കേരളം: തിരിച്ചടിയും 
തിരിച്ചുവരവും

ഡോ. ടി.എം. തോമസ് ഐസക്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 33.35 ശതമാനം വോട്ടും ഒരു സീറ്റും മാത്രമാണ് ലഭിച്ചത്. ഇതിന്റെ പേരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ തകർന്നിരിക്കുന്നു എന്ന വ്യാപകമായ പ്രചാരവേലയാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടായത്. എന്നാൽ 2009 മുതലുള്ള ലോക്-സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേൺ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത്തരമൊരു നിഗമനം തെറ്റാണെന്ന് തെളിയും.

തിരഞ്ഞെടുപ്പ്: പാർലമെന്റ്, 
അസംബ്ലി, തദ്ദേശഭരണം
2009 ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ 41.95 ശതമാനം വോട്ടും, 2014ലെ തിരഞ്ഞെടുപ്പിൽ 40.2 ശതമാനം വോട്ടും 2019 ലെ തിരഞ്ഞെടുപ്പിൽ 35.1 ശതമാനം വോട്ടും ആണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ചത്. ഇത് കാണിക്കുന്നത് ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വോട്ടിങ് ശതമാനം അനുക്രമമായി കുറഞ്ഞു വരുന്നു എന്നാണ്. 2009 ലെ 41.95 ശതമാനത്തിൽ നിന്നും 2024ലെത്തിയപ്പോൾ 33.35 ശതമാനമായി കുറഞ്ഞു. (പട്ടിക 1 നോക്കുക). ഈ മൂന്നു തിരഞ്ഞെടുപ്പുകളിലെ ശരാശരി 37.65 ശതമാനം ആണ്. “അപ്രത്യക്ഷമാകുന്ന ഇടതുപക്ഷം” എന്നാണ് ചില മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.

പട്ടിക 1
2009–2024 കാലത്തെ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതി (ശതമാനത്തിൽ)

തിരഞ്ഞെടുപ്പുകൾ എൽഡിഎഫ് യുഡിഎഫ് എൻഡിഎ
2009 പാർലമെന്റ് 41.95 47.82 6.49
2014 പാർലമെന്റ് 40.20 42.04 10.83
2019 പാർലമെന്റ് 35.10 47.23 15.56
2024 പാർലമെന്റ് 33.35 45.12 19.20
ശരാശരി 37.65 45.55 13.02

എന്നാൽ ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപിന്തുണയുടെ ഒരു വശം മാത്രമാണ് വ്യക്തമാക്കുന്നത്. ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഇപ്രകാരം വോട്ടിങ് ശതമാനം അനുക്രമമായി കുറഞ്ഞു വരുമ്പോൾ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വോട്ടിങ് ശതമാനം മറ്റൊരു ചിത്രമാണ് മുന്നോട്ടുവെക്കുന്നത്. 2011 ൽ 45.13% വും 2016 ൽ 43.35% വും 2021 ൽ 45.28% വും വോട്ടുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത്. (പട്ടിക 2 നോക്കുക). അതായത് ശരാശരി 44.59 ശതമാനം.

പട്ടിക 2
2011–2021 കാലത്തെ അസംബ്ലി തിരഞ്ഞെടുപ്പുകളിലെ 
വോട്ടിങ് രീതി (ശതമാനത്തിൽ)

തിരഞ്ഞെടുപ്പുകൾ എൽഡിഎഫ് യുഡിഎഫ് എൻഡിഎ
2011 അസംബ്ലി 45.13 46.03 6.08
2016 അസംബ്ലി 43.35 38.79 15.01
2021 അസംബ്ലി 45.28 39.40 12.49
ശരാശരി 44.59 41.41 11.19

പാർലമെന്റ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ അടുത്തതായി വരുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണല്ലോ. അവിടെയും പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് രീതിയല്ല കാണുന്നത്. 2010, 2015, 2020 എന്നിങ്ങനെ മൂന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പുകളുടെ വോട്ടിങ് രീതി നൽകിയിരിക്കുന്നു. മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് ഏതാണ്ട് 42 ശതമാനം വീതം വോട്ട് ലഭിച്ചു. (പട്ടിക 3 നോക്കുക). അസംബ്ലിയേക്കാൾ താഴ്ന്നതാണ് ഈ ശതമാനമെങ്കിലും തൊട്ടുമുമ്പ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പ്രകടമായി വ്യത്യസ്തമാണ് ഇവിടുത്തെയും വോട്ടിങ് രീതി.

പട്ടിക 3
2010–2020 കാലത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിലെ 
വോട്ടിങ് രീതി (ശതമാനത്തിൽ)

തിരഞ്ഞെടുപ്പുകൾ എൽഡിഎഫ് യുഡിഎഫ് എൻഡിഎ
2010 തദ്ദേശഭരണം 42.46 46.08 6.17
2015 തദ്ദേശഭരണം 41.91 40.26 14.23
2020 തദ്ദേശഭരണം 42.57 37.32 14.94
ശരാശരി 42.31 41.22 11.78

 

വോട്ടിങ്‌ പാറ്റേൺ 2009നു മുമ്പ്‌

അപ്പോൾ ഒരു ചോദ്യം ഉയരുന്നുണ്ട്. എന്തായിരുന്നു 2009-ന് മുമ്പുള്ള വോട്ടിങ് പാറ്റേൺ? 2009 നു മുമ്പുള്ള സ്ഥിതി മേൽപ്പറഞ്ഞത് ആയിരുന്നില്ല. 1989 മുതൽ 2004 വരെയുള്ള കാലത്ത് (1989, 1991, 1996, 1998, 1999, 2004) ആറ് ലോക്-സഭാ തിരഞ്ഞെടുപ്പുകൾ നടന്നു. അവയിൽ 1999 ൽ ഇടതുപക്ഷത്തിനു ലഭിച്ച 43.6 ശതമാനം വോട്ടായിരുന്നു ഏറ്റവും കുറഞ്ഞത്. 2004 ൽ ലഭിച്ച 46.23 ശതമാനം വോട്ട് ആയിരുന്നു ഏറ്റവും കൂടുതൽ. ആറു തിരഞ്ഞെടുപ്പുകളുടെ ശരാശരി എടുത്താൽ 44.7 ശതമാനം വോട്ടായിരുന്നു ഇടതുപക്ഷത്തിന് ലഭിച്ചത്.

ഇതേ കാലയളവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് ലഭിച്ച വോട്ടിന്റെ ശതമാനം എത്രയാണ്? 1987, 1991, 1996,2001, 2006 എന്നീ വർഷങ്ങളിലായി 5 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതിൽ 2001ൽ ലഭിച്ച 43.70 ശതമാനം വോട്ടുകളായിരുന്നു ഏറ്റവും കുറവ്. 2006 ൽ ലഭിച്ച 48.63 ശതമാനം വോട്ടുകളായിരുന്നു ഏറ്റവും കൂടുതൽ. ശരാശരി എടുത്താൽ 45.5 ശതമാനം വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ചത്. അതായത് ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ ശരാശരിയെ അപേക്ഷിച്ച് 0.8 ശതമാനം മാത്രമായിരുന്നു വർധന.

എന്തുകൊണ്ട് മാറ്റം?

2009 മുതൽ ബംഗാളിലെയും ത്രിപുരയിലെയും തകർച്ച, മറ്റു സംസ്ഥാനങ്ങളിലെ വർദ്ധിച്ച ദൗർബല്യം എന്നിവമൂലം ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പാർലമെന്ററി റോൾ ഗണ്യമായി കുറഞ്ഞു. കേരളത്തിലെ വോട്ടിങ്ങിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. ലോക്-സഭയിൽ ബിജെപിയെ ചെറുക്കുന്നതിന് ഇടതുപക്ഷത്തേക്കാൾ കൂടുതൽ ഫലപ്രദമായ പങ്കുവഹിക്കാനാവുക കോൺഗ്രസിനാണെന്ന ധാരണ ന്യൂനപക്ഷങ്ങൾക്കിടയിൽ മാത്രമല്ല മറ്റു പല മതനിരപേക്ഷ വിഭാഗങ്ങൾക്കിടയിലും വ്യാപിച്ചെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. ഇത് ഇത്തവണത്തെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശക്തമായി പ്രതിഫലിച്ചു. കാരണം ഇടതുപക്ഷവും ഇന്ത്യ കൂട്ടായ്മയിൽ ആണ്. ഇന്ത്യ കൂട്ടായ്മയിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തി കോൺഗ്രസ് ആണ്. അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുകയാണ് വേണ്ടതെന്ന വാദത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല.

ഇന്ത്യ കൂട്ടായ്മയാണ് ബിജെപിയെ തോൽപ്പിച്ച് ഡൽഹിയിൽ അധികാരത്തിൽ വരേണ്ടത്. ആ സന്ദർഭത്തിൽ ജനങ്ങളുടെയും കേരളത്തിന്റെയും ആവശ്യങ്ങൾ ഉയർത്താൻ ശക്തമായ ഇടതുപക്ഷ പ്രാതിനിധ്യം വേണമെന്നതായിരുന്നല്ലോ എൽഡിഎഫിന്റെ കേന്ദ്ര പ്രചാരണ മുദ്രാവാക്യം. ഇത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വലിയ വിഭാഗം മതനിരപേക്ഷ ശക്തികളെ വേണ്ടത്ര ബോധ്യപ്പെടുത്തുന്നതിന് കഴിഞ്ഞില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ദേശീയതലത്തിൽ ന്യൂനപക്ഷ സംരക്ഷണത്തിനു ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുക കോൺഗ്രസിനാണെന്ന് മുസ്ലിം ന്യൂനപക്ഷത്തെ ചിന്തിപ്പിക്കുന്നതിൽ വലിയ പങ്ക് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വഹിക്കുകയുണ്ടായി.

2009 മുതൽ വോട്ടർമാർക്കിടയിൽ പ്രകടമാകുന്ന സവിശേഷമായ ഈ വോട്ട് പ്രവണതവച്ച് ഇടതുപക്ഷത്തിന്റെ ചരമക്കുറിപ്പ് എഴുതാൻ നടക്കുന്നവർ 2021 ലെ പോലെ 2026 ലും ഇച്ഛാഭംഗം നേരിടും.

അരനൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന 
വോട്ട് ശതമാനം

ഇതിനർത്ഥം വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ഓട്ടോമാറ്റിക്കായി ഇടതുപക്ഷം പൂർവ്വസ്ഥിതിയിലേക്ക് ഉയരുമെന്നല്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച 33.5 ശതമാനം വോട്ട് എന്നത് കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ചരിത്രത്തിൽ ഏറ്റവും താഴ്ന്നതാണ്. എൽഡിഎഫിന് കിട്ടുന്ന വോട്ടിൽ ഒരു ഭാഗം ഫ്ലോട്ടിംഗ് വോട്ടാണ്. ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഇത്തരം വോട്ടുകൾ യുഡിഎഫിലേക്ക് മാറുന്നു. എന്നാൽ ഇത്തവണ വോട്ടിൽ ഉണ്ടായിരിക്കുന്ന കുറവ് ഇതുകൊണ്ട് മാത്രം വിശദീകരിക്കാനാവില്ല. സിപിഐഎമ്മിന്റെ അടിസ്ഥാന വോട്ടിൽ നിന്നും ചോർച്ച ഉണ്ടായിട്ടുണ്ട്. ഇതാണ് ഗൗരവമായി പരിശോധിക്കേണ്ട വിഷയം.

കർഷകത്തൊഴിലാളികളും മറ്റു കൂലിവേലക്കാരും ചെറുകിട ഉത്പാദകരും പാവപ്പെട്ട കൃഷിക്കാരും സംഘടിത മേഖലയിലെ തൊഴിലാളികളിലും ജീവനക്കാരിലും ഉൾപ്പെട്ട ഗണ്യമായ ഒരു വിഭാഗവുമാണ് സിപിഐഎമ്മിന്റെ ജനകീയ അടിത്തറ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്ന വോട്ടിന്റെ 70%ത്തിലേറെ ഏറ്റവും പാവപ്പെട്ട 50% ജനങ്ങളിൽനിന്ന് ലഭിക്കുന്നതാണ്. ഇവരുടെ വോട്ടിൽ ഇത്തവണ ചോർച്ചയുണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?

ക്ഷേമ പെൻഷനുകളുടെയും 
മറ്റാനുകൂല്യങ്ങളുടെയും കുടിശ്ശിക

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അന്യാദൃശമായരീതിയിലാണ് മേൽപ്പറഞ്ഞ വിഭാഗങ്ങളുടെ ക്ഷേമാനുകൂല്യങ്ങളിൽ വർദ്ധനവു വരുത്തിയത്. ക്ഷേമ പെൻഷനുകൾ 500 രൂപയിൽ നിന്ന് 1600 രൂപയായും ഗുണഭോക്താക്കളുടെ എണ്ണം 32 ലക്ഷത്തിൽ നിന്ന് 62 ലക്ഷമായും ഉയർത്തി. കേരളത്തിലെ ആകെ കുടുംബങ്ങളുടെ എണ്ണം 75 ലക്ഷമാണ്. ഇവരിൽ 40 ലക്ഷം കുടുംബങ്ങൾക്ക് ക്ഷേമപെൻഷന് അവകാശമുണ്ട്. ഇതിനർത്ഥം ഇവരിൽ പകുതിയോളം കുടുംബങ്ങളിലെ രണ്ടു പേർക്ക് വീതം ക്ഷേമപെൻഷനുകൾ ലഭിക്കുന്നുണ്ട് എന്നാണ്.

സർക്കാരിൽനിന്ന് നൽകുന്ന പണം ഈ കുടുംബങ്ങളുടെ വരുമാനത്തിന്റെ 40-–50 ശതമാനം വരും. ഇതു കൂടാതെ സ്കീം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുടങ്ങി ഗണ്യമായ വർദ്ധനവ് വരുത്തിയ ആനുകൂല്യങ്ങളും കൂടെ പരിഗണിക്കുമ്പോൾ പാവപ്പെട്ടവരുടെ കുടുംബ വരുമാനത്തിൽ ഗണ്യമായ ഒരു വിഭാഗം സർക്കാരിൽ നിന്ന് ലഭിക്കുന്ന തുകയാണ് എന്ന് കാണാനാവും. ഇവ തങ്ങളുടെ അവകാശമാണെന്നും കൃത്യമായി ലഭിക്കേണ്ടതാണെന്നുമുള്ള ബോധം പാവപ്പെട്ടവരിൽ സൃഷ്ടിച്ചത് ഇടതുപക്ഷത്തിന്റെ അഭിമാനകരമായ നേട്ടമാണ്.

യുഡിഎഫിന് ഇക്കാര്യത്തിൽ അഭിമാനിക്കാൻ ഒന്നുമില്ല. 1600 രൂപ പെൻഷനിൽ അവരുടെ സംഭാവന കേവലം 100 രൂപ മാത്രമാണ്. കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം ക്ഷേമ പെൻഷനുകൾ, മറ്റു പലവിധ ആനുകൂല്യങ്ങൾ, ജീവനക്കാരുടെ ഡിഎ എന്നിവ കുടിശ്ശികയായപ്പോൾ അത് ജനങ്ങൾക്കിടയിൽ വലിയ അസംതൃപ്തി സൃഷ്ടിച്ചു. കയർ, കശുവണ്ടി, കൈത്തറി, മത്സ്യം തുടങ്ങിയ പരമ്പരാഗത മേഖലകളിലെ രൂക്ഷമായ പ്രതിസന്ധിയും ഇതിന് കാരണമായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രചാരണ കഥാപാത്രം ചട്ടിയുമായി പ്രതിഷേധിച്ച മറിയച്ചേടത്തി ആയിരുന്നു. കോൺഗ്രസിന്റെ പ്രചാരണ സൃഷ്ടിയായിരുന്നു അവർ. പക്ഷേ ബിജെപി അവരെ ഏറ്റെടുത്തു. മോദിയോടൊപ്പം തൃശൂർ പ്രചാരണ റാലിയുടെ വേദിയിൽ അവർ സ്ഥാനം പിടിച്ചു. കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയായത് എത്ര പ്രാധാന്യത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാൻ ഇതിൽനിന്ന് കഴിയും.

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധംമൂലം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നില കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസ്ഥയുടെ നേർവിപരീതമാണ്. ഈയൊരു സാഹചര്യത്തിൽ കഴിഞ്ഞ കാലത്തേതു പോലെ തന്നെ വിവിധ വികസന മേഖലകളിൽ പദ്ധതികൾ ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാകും. എല്ലാറ്റിനും ഉള്ള പണമില്ല. അങ്ങനെ വരുമ്പോൾ പാവപ്പെട്ടവർക്ക് നൽകുന്ന ആനുകൂല്യങ്ങളും മറ്റും നൽകുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. അതു കഴിഞ്ഞുള്ള തുക കൊണ്ടു വേണം മറ്റു വികസന പദ്ധതികൾ ഏറ്റെടുക്കാൻ. ഇത്തരമൊരു തിരുത്തൽ സർക്കാരിന്റെ മുൻഗണനകളിൽ കൊണ്ടുവരേണ്ടി വരും.

കേന്ദ്ര സാമ്പത്തിക ഉപരോധം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയങ്ങളിൽ ഒന്ന് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും ആണെന്നായിരുന്നു യുഡിഎഫിന്റെ പ്രചരണം. എൽഡിഎഫ് ആകട്ടെ കേന്ദ്രസർക്കാർ മന:പ്പൂർവ്വം സൃഷ്ടിച്ചതാണ് പ്രതിസന്ധി എന്നും വാദിച്ചു. എന്നാൽ യുഡിഎഫിന്റെ പ്രചാരണത്തിനാണ് മുൻതൂക്കം ലഭിച്ചത്. എന്തുകൊണ്ട്?

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളെ സമാനതകളില്ലാത്ത വിധം വിപുലീകരിച്ചതിനോടൊപ്പം പാശ്ചാത്തല സൗകര്യങ്ങൾക്ക് വലിയതോതിൽ നിക്ഷേപം നടത്താൻ ഉതകുന്ന ഒരു ധനകാര്യ തന്ത്രമാണ് കഴിഞ്ഞ സർക്കാർ ആവിഷ്കരിച്ചത്. വിദ്യാഭ്യാസ, -ആരോഗ്യ-, സാമൂഹ്യ സുരക്ഷ വിപുലീകരണത്തിന് ബജറ്റിൽ നിന്നുതന്നെ പണം കണ്ടെത്തി. പാശ്ചാത്തല സൗകര്യ നിക്ഷേപത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി. ഈ തന്ത്രത്തിന്റെ വിജയം യുഡിഎഫിനെയും കേന്ദ്രസർക്കാരിനെയും വലിയതോതിലാണ് അലട്ടിയത്. ഇത് പൊളിക്കുന്നതിന് കേന്ദ്രസർക്കാർ ആസൂത്രിതമായി കരുക്കൾ നീക്കി. യുഡിഎഫ് അഞ്ചാംപത്തികളായി പ്രവർത്തിച്ചു.

പശ്ചാത്തല സൗകര്യങ്ങളിലുള്ള കേരളത്തിന്റെ പിന്നോക്കാവസ്ഥ അടിയന്തരമായി പരിഹരിച്ചു മാത്രമേ രാജ്യത്തുണ്ടാകുന്ന വ്യവസായ വളർച്ചയിൽ നമുക്ക് പങ്കാളികളാകാനാകു. ഇന്ത്യാ സർക്കാരും സംസ്ഥാന സർക്കാരുകളും സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു വിഭവസമാഹരണരീതിയാണ് ആന്വിറ്റി കരാറുകൾ. നിർമ്മാണ പ്രവൃത്തികൾ കരാറെടുക്കുന്ന കോൺട്രാക്ടർമാർ തന്നെ വായ്പയെടുത്ത് പണി ചെയ്യണം. സർക്കാർ 15-–20 വർഷത്തെ ആന്വിറ്റികളായി പണം കൊടുത്തു തീർക്കും. ഇത്രയും കാലത്തെ പലിശ ചെലവ് കൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയാണ് കോൺട്രാക്ടർമാർ ടെൻഡർ വിളിക്കുക. ഇങ്ങനെ കോൺട്രാക്ടർമാർ എടുക്കുന്ന വായ്പകൾ കേന്ദ്രത്തിന്റെയോ സംസ്ഥാന സർക്കാരുകളുടെയോ വായ്പയായി ഇതുവരെ കണക്കാക്കിയിരുന്നില്ല.

ഇങ്ങനെ ഓരോ പ്രോജക്ടും പ്രത്യേകം പ്രത്യേകം ടെൻഡർ വിളിക്കുമ്പോൾ വേണ്ടത്ര മത്സരം ഇല്ലാത്തതുകൊണ്ട് 12 മുതൽ 20 ശതമാനം വരെ എസ്റ്റിമേറ്റ് തുകയിൽ പലിശച്ചെലവായി വരുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കിഫ്ബിയ്ക്ക് രൂപം നൽകിയത്. കിഫ്ബി വായ്പയെടുത്ത് 80,000 ത്തോളം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയത്. മോട്ടോർ വാഹന നികുതിയുടെ പകുതി കിഫ്ബിക്ക് ആന്വിറ്റിയായി നൽകുന്നു. ഇതിനുള്ളിൽ നടത്താവുന്ന പ്രോജക്ടുകൾ മാത്രമേ കിഫ്ബി ഏറ്റെടുക്കൂ. അതുകൊണ്ട് ഒരു കടക്കണിയുടെയും പ്രശ്നം ഉദിക്കുന്നില്ല.

എന്നാൽ നമ്മളെ തകർക്കാൻ കേന്ദ്ര സർക്കാർ ചെയ്തത് ഇതാണ്. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി പരിഗണിച്ച് സാധാരണഗതിയിൽ സർക്കാരിന് അനുവദിക്കുന്ന വായ്പ വെട്ടിക്കുറച്ചു. ജിഡിപിയുടെ മൂന്നുശതമാനം വായ്പ എടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. അതിനുപകരം കഴിഞ്ഞ രണ്ടു വർഷമായി ഒരു ശതമാനം കുറച്ചേ വായ്പയെടുക്കാൻ അനുവദിക്കുന്നുള്ളൂ. ഈ കടന്നാക്രമണത്തിന് തിരഞ്ഞെടുത്ത വർഷത്തിന് (2021–-22) ഒരു പ്രത്യേകതയുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരവും ഫിനാൻസ് കമ്മീഷന്റെ ധനക്കമ്മി ഗ്രാൻഡും അവസാനിക്കുന്ന വർഷമാണിത്. സാധാരണഗതിയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്ന വർഷം. ആ വർഷമാണ് മുൻകാലപ്രാബല്യത്തോടെ വായ്പ വെട്ടിക്കുറയ്ക്കാനായി കേന്ദ്രം തിരഞ്ഞെടുത്തത്. ഇങ്ങനെ 2016 മുതൽ കിഫ്ബി എടുത്ത വായ്പകൾ ഏതാനും വർഷം കൊണ്ട് പൂർണമായും വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നമ്മൾ ഇതിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

കടപ്പേടി ഗ്രസിച്ച കേരളം

സാധാരണഗതിയിൽ സംസ്ഥാന ജനത ഒട്ടാകെ കേന്ദ്രത്തിനെതിരെ സമരത്തിൽ അണിനിരക്കേണ്ട സന്ദർഭമാണിത്. എന്നാൽ കേരളത്തിൽ നാടുപിടിച്ചു കുലുക്കുന്നവിധത്തിൽ ഒരു പ്രതിഷേധം ഉണ്ടായില്ല. പെൻഷൻ കുടിശ്ശികയായവർ പോലും ഇതിന്റെ കാരണക്കാരായ കേന്ദ്രസർക്കാരിനെതിരെയല്ല മറിച്ച് സംസ്ഥാന സർക്കാരിനെതിരെയാണ് തിരിഞ്ഞത്. എന്താണ് ഇതിന് കാരണം? കഴിഞ്ഞ മൂന്നുവർഷമായി കേരളം കടക്കണിയിലാണെന്ന് പറഞ്ഞുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണമാണ് ഇതിന് കാരണം. ഏതാനും അക്കാദമിക്ക് പണ്ഡിതരും മാധ്യമങ്ങളും യുഡിഎഫും ചേർന്ന് നടത്തിയ ഈ പ്രചാരണത്തെ വേണ്ടത്ര തുറന്നുകാണിക്കുന്നതിന് എൽഡിഎഫിന് കഴിഞ്ഞില്ല. ദുർവഹമായ കടം വരുത്തി വയ്ക്കുന്ന നയങ്ങളാണ് കേരളസർക്കാർ സ്വീകരിക്കുന്നതെന്ന ഒരു പൊതുബോധം സൃഷ്ടിക്കുന്നതിൽ ഇവരെല്ലാവരും വിജയിച്ചു. ഇത് ജനങ്ങളെ ആശയപരമായി നിരായുധരാക്കി. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ നടപടി ഒരു തിരുത്തൽ നടപടിയായാണ് പലരും കണ്ടത്. അതുകൊണ്ടാണ് കേന്ദ്ര സാമ്പത്തിക ഉപരോധത്തിനെതിരെ തിരഞ്ഞെടുപ്പ് വേളയിൽ ജനരോഷം ഉയരാതിരുന്നത്.

ബിജെപിയുടെ വോട്ടും സീറ്റും

ലോക്-സഭയിൽ എൻഡിഎയുടെ സീറ്റ് 353-ൽ നിന്ന് 292 ആയി കുറയുകയും ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തിട്ടും പ്രധാനമന്ത്രി മോദി ലോക്‌സഭയിൽ വീമ്പു പറഞ്ഞ ഒരു കാര്യം കേരളത്തിൽ അക്കൗണ്ട് തുറന്നു എന്നതാണ്. തൃശ്ശൂരിൽ വിജയിക്കുക മാത്രമല്ല 11 അസംബ്ലി മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്ത് വരികയും ചെയ്തു. എൻഡിഎയുടെ വോട്ട് ശതമാനം 2019 നെ അപേക്ഷിച്ച് 3.64 ശതമാനം ഉയർന്ന് 19.2 ശതമാനം ആയി. 2014 ൽ ഇതിന്റെ പകുതി പിന്തുണയേ കേരളത്തിൽ ബിജെപിക്ക് ഉണ്ടായിരുന്നുള്ളു. ഇത്തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമല പോലൊരു പ്രശ്നമില്ലാതിരുന്നിട്ടുകൂടി എൽഡിഎഫിന്റെ അടിത്തറയിൽ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ആനുകൂല്യങ്ങളും മറ്റും കുടിശ്ശികയായതുകൊണ്ടുള്ള ജനകീയാസംതൃപ്തി എങ്ങനെയാണ് തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിന് ബിജെപിക്ക് കഴിഞ്ഞത്?

1-. രാജ്യത്താകമാനമുള്ള വർഗീയ അന്തരീക്ഷം അനിവാര്യമായും കേരളത്തെയും സ്വാധീനിക്കും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പ്രതിരോധവും ആണ് ഹിന്ദുത്വ വർഗീയതയെ കേരളത്തിൽ നിന്ന് അകറ്റിനിർത്തിയത്. കേരളം പോലുള്ള പ്രദേശങ്ങളിലേക്ക് ഹിന്ദുത്വ വർഗീയത കടത്തുന്നതിന് ബിജെപി നടത്തുന്ന ആസൂത്രിതവും ചിട്ടയോടുകൂടിയതുമായ പ്രവർത്തനങ്ങൾ ദക്ഷിണേന്ത്യയിലാകെ ഫലം കണ്ടിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം വർധിച്ചിട്ടുണ്ട്.

2.- കേരളത്തിൽ വളരെ ഫലപ്രദമായി ക്ഷേത്രങ്ങളെയും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളെയും ബിജെപി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്നും മറ്റും സിപിഐ എം നേതാക്കളും അംഗങ്ങളും പിന്മാറിയത് ഇവ വരുതിയിലാക്കാൻ ആർഎസ്എസിന് സഹായകമായിട്ടുണ്ട്. ഇന്നും ഈ സ്വാധീനം ഗണ്യമായ തോതിൽ തുടരുന്നുണ്ട്. അമ്പലങ്ങളും വീടുകളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ ഫലപ്രദമായി അവർ ഉപയോഗപ്പെടുത്തി.

3-. കേന്ദ്രസർക്കാരിന്റെ സ്കീമുകളെ ബിജെപി നന്നായി ഉപയോഗിച്ചിട്ടുണ്ട്. മുദ്രാവായ്പകൾ, കർഷകസമ്മാൻ, മൈക്രോ ഫിനാൻസ്, ജൻ ഔഷധി, തെരുവു കച്ചവടക്കാർക്കും ആർട്ടിസാന്മാർക്കുമുള്ള സ്കീമുകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. സംസ്ഥാന സർക്കാർ 25 മുതൽ 40 ശതമാനം വരെ തുക മുതൽമുടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ പോലും കേന്ദ്രത്തിന്റേത് മാത്രമായി ബ്രാൻഡ് ചെയ്യാനുള്ള ശ്രമവും പരാമർശിക്കേണ്ടതുണ്ട്.

4.- ബിജെപി സന്നദ്ധ സംഘടനകൾ വഴിയുള്ള ദീനാനുകമ്പ പ്രവർത്തനങ്ങളും സാമൂഹ്യ സേവനവും രാഷ്ട്രീയസ്വാധീനം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ബിജെപിയുമായി ബന്ധമില്ലാത്ത സന്നദ്ധസംഘടനകൾക്കൊന്നിനും വിദേശപണം ലഭിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്.

5-. അഴിമതിയിലൂടെയും ഇലക്ട്രൽ ബോണ്ടുകളിലൂടെയും സമാഹരിച്ചിട്ടുള്ള ഭീമമായ ഫണ്ട് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി ബിജെപി ഉപയോഗപ്പെടുത്തി.

ജാതി-സമുദായ 
സോഷ്യൽ എഞ്ചിനീയറിങ്

മേൽപ്പറഞ്ഞവയോടൊപ്പം ജാതി-സമുദായ സംഘടനകളെ സ്വാധീനിക്കുന്നതിനും വരുതിയിൽ കൊണ്ടുവരുന്നതിനുമുള്ള ആസൂത്രിതമായി ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. എൻഎസ്എസ് നേതൃത്വം ആർഎസ്എസിനെ അകറ്റി നിർത്തുന്നുണ്ടെങ്കിലും കരയോഗങ്ങളിൽ വലിയൊരു പങ്ക് ആർഎസ്എസ് നിയന്ത്രണത്തിലാണ്. ഈഴവ സമുദായത്തിൽ ബിഡിജെഎസും ശാഖാ യോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വലിയ പരിശ്രമമാണ് നടക്കുന്നത്. ശിവഗിരിയെയും യോഗത്തെയും തങ്ങളുടെ പരിധിയിലാക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. ദളിത് സംഘടനകളെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങൾ ഒരു പരിധി വരെ വിജയം കണ്ടിട്ടുണ്ട്. ജാതീയമായി സംഘടിപ്പിക്കുകയും വർഗീയമായി ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ആർഎസ്എസിന്റെ നയം.

ക്രിസ്തുമത വിശ്വാസികളിലാണെങ്കിൽ മുസ്ലിം വിദ്വേഷത്തെ അടിസ്ഥാനമാക്കി ക്രിസംഘികൾ എന്നൊരു വിഭാഗം തന്നെ ഉയർന്നു വന്നിട്ടുണ്ട്. ഒരുകാലത്ത് പുരോഗമന നിലപാടുകൾക്ക് പ്രസിദ്ധമായിരുന്ന കേരള കൗൺസിൽ ഓഫ് ചർച്ചസ് എന്ന സംഘടനയിൽ പോലും ഇവരുടെ സ്വാധീനം ഇന്ന് പ്രകടമാണ്. തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് മതമേലധ്യക്ഷന്മാർക്കെതിരെ ഭീഷണി ഉയർത്തുന്നതിനും ബിജെപിക്ക് മടിയില്ല. ഇതിന്റെ ഫലം ചില പ്രദേശങ്ങളിൽ ഈ തിരഞ്ഞെടുപ്പിൽ തെളിഞ്ഞിട്ടുണ്ട്.

സിഎഎ, പലസ്തീൻ, തുടങ്ങിയ വിഷയങ്ങളിൽ എൽഡിഎഫ് സ്വീകരിച്ച തത്വാധിഷ്ഠിത സമീപനത്തെ മുസ്ലിം പ്രീണനമായി പ്രചരിപ്പിക്കുന്നതിന് ബിജെപി നടത്തിയ ശ്രമം കുറച്ചൊക്കെ ഏശിയിട്ടുണ്ട്.

ഇവയെല്ലാം ആസ്പദമാക്കിയുള്ള പ്രതിരോധവും കടന്നാക്രമണവും ഇടതുപക്ഷം സംഘടിപ്പിക്കേണ്ടതുണ്ട്. ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയിട്ടുള്ളത്? ഉറച്ച നിലപാടാണോ അതോ ചാഞ്ചാട്ട വോട്ടുകളുടെ സ്വഭാവത്തിലുള്ളവയാണോ ഈ മാറ്റം? ബിജെപിയുടെ വർദ്ധിച്ച സ്വാധീനം എല്ലായിടത്തും ഒരുപോലെയല്ല. ലഭ്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ ഇവയെല്ലാം പരിശോധിച്ചുകൊണ്ട് ശരിയായ ഇടപെടലിന് രൂപം നൽകാൻ കഴിയും.

എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല?

വോട്ടർമാരുടെ മനോഭാവത്തിൽ വന്ന ഈ മാറ്റങ്ങളെ മനസ്സിലാക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിർതരംഗം കേരളത്തിൽ ഉണ്ടെന്ന് മനസ്സിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനം ആയി കുറഞ്ഞപ്പോൾ ഇടതുപക്ഷ വിലയിരുത്തൽ യുഡിഎഫ്-, ബിജെപി വോട്ടുകളാണ് മരവിച്ചത് എന്നായിരുന്നു. എന്നാൽ പോളിങ്ങിന് മുമ്പുള്ള വിലയിരുത്തലും പോളിങ്ങിനു ശേഷം ബൂത്തുകളിൽ നിന്നുള്ള വിലയിരുത്തലും താരതമ്യപ്പെടുത്തുമ്പോൾ പല മണ്ഡലങ്ങളിലും ഗണ്യമായ തോതിൽ എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടില്ല എന്ന് കാണാൻ കഴിഞ്ഞു. പോൾ ചെയ്ത വോട്ടുകളിൽ തന്നെ അഞ്ച് മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം കിട്ടും എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ എൽഡിഎഫ് വോട്ടർമാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തു എന്നതാണ് തിരഞ്ഞെടുപ്പിലെ ജനവിധി കാണിക്കുന്നത്.

എന്തുകൊണ്ട് വിലയിരുത്തലുകൾ പാളുന്നു എന്നതാണ് ഉത്തരം കാണേണ്ട പ്രധാനപ്പെട്ട ഒരു പ്രശ്നം. ഒന്നുകിൽ ജനങ്ങളെ മനസ്സിലാക്കാൻ കഴിയുന്നില്ല; അതല്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ മനസ്സ് തുറക്കാൻ വിസമ്മതിക്കുന്നു. രണ്ടായാലും ഇത് നമ്മുടെ പഴയ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണ്. ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വീഴ്ച സംഘാടനാപരമാണ്; നമ്മുടെ വിശ്വാസ്യതയ്ക്ക് ഇടിവ് തട്ടിയിരിക്കുന്നു.

ജനങ്ങളോട് എപ്പോഴും വിനയത്തോടെ വേണം പെരുമാറാൻ. ജലത്തിലെ മത്സ്യം പോലെയായിരിക്കണം ജനങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റുകാർ എന്ന മാവോയുടെ പ്രസിദ്ധമായ വാചകം വഴികാട്ടിയാവണം.

സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിൽ ഉണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകൾ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശ ഭരണ തലങ്ങളിലും അഴിമതി വർദ്ധിക്കുന്നുണ്ട്. തുടർഭരണം ഇത്തരത്തിലുള്ള ദൗർബല്യങ്ങളെ ശക്തിപ്പെടുത്തുന്നത് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കി എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

മുൻകാലത്ത് സർഗ്ഗാത്മകതയിലും പഠിത്തത്തിലും മുന്നിൽ നിൽക്കുന്നവർ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്തെ സാർവ്വദേശീയ – ദേശീയ സ്ഥിതിവിശേഷം ഇതിന് കാരണമായിരുന്നു. അതുപോലെതന്നെ കമ്മ്യൂണിസത്തിന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഉണ്ടായിരുന്ന അധീശത്വവും ഇതിന് കാരണമാണ്. ഇന്ന് സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ അരാഷ്ട്രീയവൽക്കരണത്തിനാണ് മുൻതൂക്കം. പരമ്പരാഗത മാധ്യമങ്ങളിലല്ല പുതിയ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇവരുടെ ലോകം. ഇവിടെയാവട്ടെ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലമാണ്.

തെറ്റുതിരുത്തൽ

ഇവിടെ പറഞ്ഞതൊന്നും പൂർണ്ണമല്ല. പാർട്ടിക്കുള്ളിൽ എല്ലാതലത്തിലും ഇക്കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച ഭാഗം താഴെ ജില്ലാ കമ്മിറ്റികളുടെ ചർച്ചകളും നിർദ്ദേശങ്ങളും കൂടി പരിശോധിച്ചു രൂപം നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത പാർട്ടി സംസ്ഥാന കമ്മിറ്റി ഈ കടമ നിർവ്വഹിക്കും.

പാർട്ടിക്കുള്ളിൽ മാത്രമല്ല പാർട്ടി അനുഭാവികളോടും ബന്ധുക്കളോടും തുറന്നു ചർച്ച ചെയ്യേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ജനങ്ങളുടെ മഹത്തായ ഒസ്യത്താണ്. പാർട്ടിയിൽ ഇല്ലെങ്കിലും അവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. ഇങ്ങനെ നാനാ കോണുകളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവി കൊടുത്തു അവയിൽ നിന്ന് ഉൾക്കൊള്ളാവുന്നവ ഉൾക്കൊണ്ട് മുന്നോട്ട് പോകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − 9 =

Most Popular