Friday, October 18, 2024

ad

Homeലേഖനങ്ങൾമതദ്വേഷപ്രചരണം ശ്രീനാരായണീയർക്ക് പാടുണ്ടോ?

മതദ്വേഷപ്രചരണം ശ്രീനാരായണീയർക്ക് പാടുണ്ടോ?

കെ ടി കുഞ്ഞിക്കണ്ണൻ

തദ്വേഷവും ജാതിഭേദവും പ്രചരിപ്പിക്കുന്നത് ഗുരുദർശനം അനുവദിക്കുന്നതാണോയെന്ന ചോദ്യത്തിനൊന്നും വർത്തമാനകാലത്ത് പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. എന്നാലും ഇങ്ങനെ മതദ്വേഷ പ്രചരണം നടത്താൻ ഗുരുദർശനം ശ്രീനാരായണീയരെ അനുവദിക്കുന്നുണ്ടോ? ആവർത്തിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയിലൂടെ എസ്.എൻ.ഡി.പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഓരോ ശ്രീനാരായണീയനും ആലോചിക്കേണ്ടതാണ് എന്നുമാത്രമെ പറയുന്നുള്ളൂ. ഇന്നദ്ദേഹം കേരളകൗമുദി പത്രത്തിലെഴുതിയ ലേഖനത്തിൽ സി.പി.ഐ നേതാവ് പി.പി.സുനീറിനും കേരളകോൺഗ്രസ് നേതാവ് ജോസ് കെ മാണിക്കും രാജ്യസഭാ സീറ്റ് നൽകിയതിനെ ക്ഷുദ്രമായ വർഗീയഭാഷയിൽ വിമർശിച്ചിരിക്കുകയാണ്. മുസ്ലീമിനും ക്രിസ്ത്യാനിക്കും ഇടതുപക്ഷം സീറ്റ് നൽകിയെന്നും യു.ഡി.എഫ് സീറ്റ് മുസ്ലീംലീഗിന് തന്നെ നൽകിയെന്നുമാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

ക്രൈസ്തവ‐മുസ്ലീം മതപ്രീണനമാണ് ഇരുമുന്നണികളും നടത്തുന്നത് എന്നാണ് വെള്ളാപ്പള്ളിയുടെ പരാതി. യഥാർത്ഥത്തിൽ വസ്തുതകളുടെയും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയും യാതൊരുവിധ അടിസ്ഥാനവും വെള്ളാപ്പള്ളിയുടെ ആക്ഷേപത്തിന് പിൻബലമായി ഇല്ല എന്നുള്ളതാണ് കാണേണ്ടത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെയും പലസ്തീൻ ഐക്യദാർഢ്യക്യാമ്പയിനുമൊക്കെ മുസ്ലീം പ്രീണനമായി കാണുന്ന അദ്ദേഹം അറിഞ്ഞോ അറിയാതെയോ സംഘപരിവാറിനുവേണ്ടി വെള്ളം കലക്കിക്കൊടുക്കുകയാണോയെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.

എന്തായാലും ജാതിഭേദം മതദ്വേഷവും ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന സമൂഹത്തെ ലക്ഷ്യമായി കണ്ട് തന്റെ ജ്ഞാനകർമ്മ പദ്ധതികൾ മുന്നോട്ടുവെച്ച ശ്രീനാരായണന്റെ അനുയായികൾക്ക് ഇങ്ങനെയൊരു നിലപാടുമായി മുന്നോട്ടുപോകാനാവില്ല. ബി.ജെ.പിയും സംഘപരിവാറും മുന്നോട്ടുവെക്കുന്ന ഹിംസാത്മകമായ ബ്രാഹ്മണ ജാത്യാധികാരത്തിലധിഷ്ഠിതമായ വർഗീയ രാഷ്ട്രീയമാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം അറിയാത്ത ആളല്ലല്ലോ വെള്ളാപ്പള്ളി നടേശൻ.

ചാതുർവർണ്യാധിഷ്ഠിത ജാതിജന്മിത്വ വ്യവസ്ഥ സൃഷ്ടിച്ച മനുഷ്യത്വരഹിതമായ സാമൂഹ്യബന്ധങ്ങൾക്കെതിരായ വിപ്ലവകരമായ നീതിബോധമാണ് ശ്രീനാരായണൻ തന്റെ ദർശനങ്ങളിലൂടെ മുന്നോട്ടുവെച്ചത്. അയ്യാവൈകുണ്ഠന്റെ സമത്വസമാജവും ശ്രീനാരായണഗുരുവിന്റെ എസ്.എൻ.ഡി.പിയും അയ്യങ്കാളിയുടെ സാധുജനപരിപാലനസംഘവും സവർണാധികാരം സൃഷ്ടിച്ച ജാതി ഉച്ചനീചത്വങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള നവോത്ഥാന പ്രവർത്തനങ്ങൾക്കാണ് നേതൃത്വം കൊടുത്തത്. ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയുടെ ഉന്മൂലനം തന്നെയായിരുന്നു ശ്രീനാരായണൻ തൊട്ട് അംബേദ്കർ വരെയുള്ളവർ ജീവിതലക്ഷ്യമായി കണ്ടത്.

ചാതുർവർണ്യത്തെ സാധൂകരിക്കുന്ന ധർമ്മശാസ്ത്രങ്ങളെ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഹിന്ദുത്വവാദികളുമായി എങ്ങനെയാണ് ശ്രീനാരായണീയർക്ക്‌ യോജിച്ചു പോകാനാവുക. നാരായണഗുരുവിന്റെ ദർശനങ്ങളിൽ നിന്ന് വഴുതിമാറുന്ന സമ്പന്ന വിഭാഗങ്ങളിൽ വളർന്നുവന്നിരിക്കുന്ന ജാത്യാഭിമാനവും ഗുരുവിനെതന്നെ ഒരു പ്രത്യേകജാതിയുടെ പ്രതിനിധാനമായി അവതരിപ്പിക്കാനുള്ള വാഞ്ഛയും പ്രകടമായതോടെയാണല്ലോ ഗുരു 1916 ജൂൺ മാസത്തിൽ വിഖ്യാതമായ ജാതിയില്ലാ വിളംബരം പുറപ്പെടുവിക്കുന്നത്.

ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ പ്രസക്തിയും അരുവിപ്പുറം പ്രതിഷ്ഠക്ക് ശേഷം അവിടെ എഴുതിവെച്ച ജാതിഭേദത്തിനും മതദ്വേഷത്തിനുമെതിരായ സന്ദേശവും ഉൾക്കൊള്ളുന്ന ഒരാൾക്കും വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധത ഒരിക്കലും പങ്കിടാനാവില്ല. രാജ്യമെമ്പാടും മുസ്ലീങ്ങൾക്കെതിരായെന്നപോലെ ദളിതുകൾക്കെതിരായിട്ടും സംഘപരിവാർ നടത്തിയിട്ടുള്ള അക്രമണങ്ങളും കൂട്ടക്കൊലകളും സവർണജാതി രാഷ്ട്രീയത്തിന്റെ രാക്ഷസീയതയെയാണ് പുറത്തുകൊണ്ടുവരുന്നത്.

പ്രവീൺ തൊഗാഡിയ വിശ്വഹിന്ദുപരിഷത്തിന്റെ തലവനായിരിക്കുന്ന ഘട്ടത്തിലാണ് ഹിന്ദുത്വവാദികളുമായി എസ്.എൻ.ഡി.പി യോഗം ബാന്ധവമുണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തിയത്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പിന്നോക്കക്കാരുടെയും ദളിതരുടെയും ശത്രുക്കളായി അവതരിപ്പിച്ച് വിശാല ഹിന്ദു ഐക്യമുണ്ടാക്കുകയെന്ന സോഷ്യൽ എഞ്ചിനീയറിംഗ് ആയിരുന്നു അത്. നായാടി മുതൽ നമ്പൂതിരിവരെയുള്ള വിശാല ഹിന്ദു ഐക്യം സ്വപ്നം കണ്ടവർ ഹിന്ദുരാഷ്ട്രവാദികളുടെ രാഷ്ട്രീയ അജണ്ടക്ക് സഹായം നൽകുകയായിരുന്നു.

എന്നാൽ ഏറെ വൈകാതെതന്നെ അമിത്ഷായുടെയും പ്രവീൺതൊഗാഡിയയുടെയും തങ്ങളെ കൂട്ടുപിടിച്ചുള്ള നീക്കങ്ങൾ ധൃതരാഷ്ട്ര ആലിംഗനമാണെന്ന് പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് ഒരു പരിധിവരെ തിരിച്ചറിയാനും അത്തരം കൂട്ടുകെട്ടിൽ നിന്നു മാറിനിൽക്കാനും അവരെ പ്രേരിപ്പിച്ചു. സംവരണം ഉൾപ്പെടെയുള്ള പിന്നോക്ക ദളിത് വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ എല്ലാകാലത്തും എതിർത്തുപോന്നിട്ടുള്ളവരാണ് സംഘപരിവാർ സംഘടനകൾ. അതൊന്നും അറിയാത്ത ആളല്ലല്ലോ വെള്ളാപ്പള്ളി.

1989ൽ വി.പി.സിംഗ് ഗവൺമെന്റ് മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ സവർണകുമാരന്മാരെ തെരുവിലിറക്കി ആത്മാഹുതി നാടകങ്ങൾ വരെ സംഘടിപ്പിച്ചത് ബി.ജെ.പിയായിരുന്നുവെന്ന കാര്യം നന്നായി അറിയുന്ന ആളാണല്ലോ വെള്ളാപ്പള്ളി. ജനസംഖ്യയിൽ 52 ശതമാനത്തോളം വരുന്ന പിന്നോക്ക സമുദായങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന 27% തൊഴിൽ സംവരണം നൽകാൻ വി.പി.സിംഗ് തീരുമാനമെടുത്തപ്പോൾ ബാബറി മസ്ജിദ് പ്രശ്‌നമുയർത്തി മണ്ഡലിനെ തകർക്കാൻ ബി.ജെ.പിയും കോൺഗ്രസും നടത്തിയ നീക്കങ്ങളൊക്കെ ചരിത്രബോധമുള്ള വെള്ളാപ്പള്ളിക്ക് അറിയാത്തതല്ലല്ലോ. സംവരണത്തെ തടയാനായിരുന്നല്ലോ വി.പി.സിംഗ് ഗവൺമെന്റിനെ അവിശ്വാസത്തിലൂടെ കോൺഗ്രസ്സുകാരും ബി.ജെ.പിക്കാരും ഒന്നിച്ചു ചേർന്ന് അട്ടിമറിച്ചത്.

ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭൂരിപക്ഷവും പാവപ്പെട്ടവരാണ്. അവരിൽ ഭൂരിപക്ഷം പേരും കൃഷിക്കാരും കർഷകതൊഴിലാളികളും മത്സ്യത്തൊഴിലാളികളും പരമ്പരാഗതമേഖലയിൽ പണിയെടുക്കുന്നവരുമാണ്. പിന്നോക്ക ദളിത് ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ട ഈ പാവപ്പെട്ടവരുടെയെല്ലാം ജീവിതപ്രശ്‌നങ്ങൾ ഏറെക്കുറെ ഒരുപോലെയാണ്. അവർക്കിടയിൽ മതപരവും ജാതീയവുമായ വേർതിരിവുണ്ടാക്കി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറയാക്കാനുള്ള നീക്കമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാതെ പോകരുത്.

18-‐ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണല്ലോ വെള്ളാപ്പള്ളി ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന് തുടർച്ചയായി ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിലപാടുകളും ഇടപെടലുകളും പ്രീണനമായി ചിത്രീകരിക്കുകയെന്നതാണ് സംഘപരിവാറിന്റെ ശൈലി. അതേപോലെ സംഘപരിവാർ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ സംവരണമടക്കമുള്ള അവകാശങ്ങളെ സംരക്ഷിക്കാനും നടപ്പിലാക്കാനുമുള്ള ഇടപെടലുകളെയും പ്രീണന രാഷ്ട്രീയമായിട്ടാണ് കാണുന്നതെന്ന കാര്യം വെള്ളാപ്പള്ളിയെപോലുള്ളവർക്ക് അറിയാത്തതല്ലല്ലോ.

മനുവാദത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിനും അതിന്റെ പിന്നോക്ക ദളിത് ന്യൂനപക്ഷ വിരുദ്ധതക്കുമെതിരെ നിലപാട് സ്വീകരിക്കാതെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യനീതി പ്രസ്ഥാനങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. വെള്ളാപ്പള്ളിയെ പോലുള്ള സമുദായ സംഘടനാ നേതാക്കളോട് വിനയപൂർവ്വം ചോദിക്കുന്നതൊന്ന് മാത്രം; ഇങ്ങനെ മതദ്വേഷ പ്രചരണം നടത്താൻ ഗുരുദർശനങ്ങൾ ശ്രീനാരായണീയരെ അനുവദിക്കുന്നുണ്ടോ?

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular