Sunday, July 14, 2024

ad

Homeലേഖനങ്ങൾ2024ലെ അന്താരാഷ്‌ട്ര യോഗാദിനത്തിന്റെ പ്രസക്തി

2024ലെ അന്താരാഷ്‌ട്ര യോഗാദിനത്തിന്റെ പ്രസക്തി

ഡോ. പി ടി അജീഷ്

ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുംവേണ്ടി ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപുമുതൽ യോഗയെ ഒരു ജീവിതശൈലിയായി പരിഗണിച്ചുപോരുന്നു. സംസ്കൃതത്തിലെ ‘യുജ്’ എന്ന പദത്തിൽ നിന്നാണ്. കൂടിച്ചേരുക അല്ലെങ്കിൽ സംയോജിക്കുക എന്നാണ് അർഥം വരുന്ന യോഗ എന്ന വാക്ക് ഉണ്ടായത്. ഇന്ത്യയുടെ പൗരാണിക പാരമ്പര്യത്തിൽ അയ്യായിരത്തിലേറെ വർഷം പഴക്കമുള്ള മഹത്തായ സംഭാവനയാണിത്. ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ലോകമെമ്പാടും ഇത് വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ളതും അല്ലാത്തതുമായ ഇരുന്നൂറിൽപ്പരം രാജ്യങ്ങളിൽ ദിനം വളരെ സമുചിതമായ രീതിയിൽ ആഘോഷിച്ചുവരികയാണ്. ഐക്യരാഷ്ട്രസദയിലെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ യോഗയ്ക്കായി അന്തർദേശീയ ദിനം എന്ന ആശയം ഇന്ത്യ മുന്നോട്ടുവച്ചതാണ് അന്തർദേശീയ യോഗാദിനത്തിന്റെ പിറവിക്ക് കാരണമായത്. മറ്റു ലോകരാജ്യങ്ങളുടെ പിന്തുണകൂടി ലഭിച്ചതോടെ ആ നിർദ്ദേശം സ്വീകരിക്കപ്പെടുകയും 131ൽ 69 എന്ന വ്യക്തമായ മേൽക്കൈയോടെ പൊതുസഭയിൽ പ്രമേയം അംഗീകരിക്കപ്പെടുകയും ഇന്ത്യ ഉൾപ്പെടുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസമായ ജൂൺ 21ന്‌ അന്തർദേശീയ യോഗാദിനമാക്കുന്നതിന് തിരഞ്ഞെടുത്തു. ജനങ്ങളുടെ ക്ഷേമത്തിനായി യോഗ നൽകുന്ന സമഗ്രമായ നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. യോഗയുടെ നിരവധി ഗുണങ്ങളെക്കുറിച്ച്‌ അവബോധം വളർത്തുന്നതിനായി എല്ലാ അംഗരാജ്യങ്ങളോടും അന്തർദേശീയ യോഗാദിനം വളരെ സമുചിതമായി ആചരിക്കണമെന്ന് യു.എൻ ആവശ്യപ്പെടുന്നു.

യോഗദിന തീം
‘സ്ത്രീ ശാക്തീകരണത്തിന് യോഗ’ എന്നതാണ് 2024 ലെ അന്തർദേശീയ യോഗദിനത്തിന്റെ ഔദ്യോഗിക തീം. സ്ത്രീകളുടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ ആരോഗ്യവും സമാധാനവും പുലർത്തുന്നതിനും പ്രത്യേക ഊന്നൽ നൽകി യോഗയെ പ്രചരിപ്പിക്കുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. പ്രായമോ ജീവിതസാഹചര്യമോ പരിഗണിക്കാതെ സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനും പി.സി.ഒ.ഡി, തുടങ്ങി സ്ത്രീകളെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളെ യോഗാപരിശീലനത്തിലൂടെ പരിഹരിക്കുവാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള സമഗ്രമായ ഉപാധിയായി യോഗാദിനാചരണത്തെ പ്രയോജനപ്പെടുത്തുവാനും ഉദ്ദേശിക്കുന്നു. മുൻ വർഷത്തെ യോഗാദിന തീം “ഒരു ഭൂമിക്കും കുടുംബത്തിനും ഭാവിക്കും വേണ്ടിയുള്ള യോഗ’ എന്നർത്ഥം വരുന്ന ’യോഗ വസുധൈവ കുടുംബകം’ എന്നതായിരുന്നു. ആഗോള സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യ ബോധം വളർത്തുന്നതിനും യോഗയുടെ പ്രാധാന്യം ഈ തീമിലൂടെ വിപുലപ്പെടുത്തിയിരുന്നു.

യോഗയും കായികക്ഷമതയും‐ ആരോഗ്യപരിപാലന മാർഗം
ആധുനികലോകത്ത് ക്രമാതീതമായി വർധിച്ചുവരുന്ന ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കുവാൻ ഉപകാരപ്രദമായ ഒരു മാർഗമായി യോഗയെ പരിഗണിക്കാം. ശരീരത്തിനും മനസ്സിനും കരുത്തും ദൃഢതയും വർദ്ധിക്കുകയും സൗഖ്യം അഥവാ വെൽനസ് എന്ന ആത്യന്തിക അവസ്ഥയിലേക്ക് വ്യക്തിയെ നയിക്കുന്നതിനാൽ കായികാരോഗ്യപരിപാലന മാർഗ്ഗമായി യോഗയെ സ്വീകരിക്കാവുന്നതാണ്. വിവിധ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ചികിത്സാരീതിയായി ‘യോഗ തെറാപ്പി’ എന്ന അടുത്തകാലത്തായി വളരെയധികം വികാസം പ്രാപിച്ചിട്ടുണ്ട്. യോഗ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്പോർട്സ് യോഗ ഒരു കായിക ഇനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്കൂൾ തലം മുതൽ സർവകലാശാലാതലം വരെയുള്ള വിദ്യാർഥികൾക്ക് വിവിധ കാറ്റഗറി അനുസരിച്ചുള്ള മത്സരങ്ങൾ ഇന്ന് നടന്നുവരികയാണ്. ഇത്തരം മത്സരങ്ങൾ നേരിട്ടും ഓൺലൈൻ രീതിയിലും വിവിധ തലങ്ങളിലായി നടന്നുവരുന്നത് യോഗയുടെ ജനപ്രീതിയും അടിത്തറയും വിപുലപ്പെട്ടതിന്റെ ഉത്തമോദാഹരണമാണ്. മഹാകവി കാളിദാസന്റെ കുമാരസംഭവത്തിലെ “ശരീരമാദ്യം ഖലു ധർമ്മ സാധനം’ എന്ന പ്രശസ്ത വചനം ആധുനിക കാലത്ത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ശരീര പരിരക്ഷയുണ്ടെങ്കിലേ ധർമ്മങ്ങൾ നിർവഹിക്കുവാൻ സാധിക്കുകയുള്ളതിനാൽ യോഗയുടെ പ്രാധാന്യം ഇതിൽ കൃത്യമായ രീതിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. വ്യക്തിഗത കാര്യങ്ങൾ പോലും നിർവഹിക്കുവാൻ മറ്റുള്ളവരെ ആശ്രയിക്കുന്ന പ്രവണതയും അലസതയും ഇക്കാലത്തു കൂടിവരികയാണ്. ‘അലസമായി മനസ്സ് പിശാചിന്റെ പണിപ്പുരയാണ്’ എന്ന പഴഞ്ചൊല്ല് വർത്തമാനകാല സമൂഹത്തിലെ നിരവധിയാളുകളിൽ പ്രതിഫലിക്കുന്നുണ്ട്. സുഭിക്ഷമായി ഭക്ഷണം കഴിച്ച്‌ ചലനരഹിതരായി വെറുതെയിരിക്കുന്ന ആളുകളിൽ സംഭരിക്കുന്ന അധികോർജ്ജത്തെ ഫലപ്രദമായി വിനിയോഗിക്കുവാൻ സാധിക്കുന്നില്ല എന്നുള്ള യാഥാർഥ്യത്തെ വിസ്മരിക്കുവാനും പാടില്ല. യോഗ പരിശീലനം തുടങ്ങുന്നതിനുമുമ്പ് ശിഥിലീകരണ വ്യായാമങ്ങളിൽ (വാമിംഗ് അപ്) ഏർപ്പെടേണ്ടതുണ്ട്. പരിശീലനത്തിന് മുന്നോടിയായി ശരീരത്തെ സജ്ജമാക്കുന്ന പ്രവർത്തനങ്ങളാണിത്. പേശികളെ ആവശ്യമായ അളവിൽ സ്ട്രെസ് ചെയ്യുകയും രക്തചക്രമണ വ്യവസ്ഥയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും സന്ധികളെ പ്രവർത്തനനിരതമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ പ്രാഥമികമായി ലക്ഷ്യമിടുന്നത്. പരിശീലിക്കുമ്പോൾ വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കുന്നത് ഏറെ അഭികാമ്യമാണ്. പരിശീലനാവസാനം വിശ്രമാസനങ്ങളിലൂടെ (കൂളിംഗ് ഡൗൺ ശരീരത്തെ പൂർവസ്ഥിതിയിൽ എത്തിക്കേണ്ടതുമാണ്.

ജനകീയ ജനാധിപത്യസ്വഭാവം
ആധുനിക ലോകത്തെ ജോലിത്തിരക്കിനിടയിൽ ശരീരത്തിന്റെ ആവശ്യകതകളടക്കം പ്രാധാന്യമുള്ള പല കാര്യങ്ങളെയും നാം അവഗണിക്കാറാണ് പതിവ്. ശാസ്ത്രീയ ഡയറ്റ് പ്ലാനുകളെയും വ്യായാമ പദ്ധതികളെയും കുറിച്ചുള്ള ചിന്തകളെ മാറ്റിവെച്ചുകൊണ്ട് അടുത്ത ദിവസം നടക്കാനിരിക്കുന്ന ജോലിത്തിരക്കിനെ പറ്റിയുള്ള വേവലാധികൾ ആയിരിക്കും മനസിനെ എല്ലായ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായ യോഗപരിശീലനത്തിലൂടെ ശരീര വഴക്കം വർദ്ധിപ്പിക്കുവാനും പേശികളുടെ കരുത്തും സ്ഥിരതയും നേടിയെടുത്തുകൊണ്ട് സന്ധി വേദന, പേശിവേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ക്രമേണ കുറയ്ക്കുവാനും സഹായിക്കുന്നു. യോഗപരിശീലനം ഹൃദയശ്വസന ക്ഷമതയെ ഏറ്റവും മികച്ച രീതിയിലാണ്‌ സ്വാധീനിക്കുന്നത്‌. പ്രാണായാമ മാർഗങ്ങൾ സ്വായത്തമാക്കുന്നതിലൂടെ ശ്വാസോച്ഛാസ രീതികളുമായി കൂടുതൽ ഇടപഴകാനാകും. ശ്വസന വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശാരീരിക സമ്മർദ്ദത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നു. ആസ്‌മ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർക്ക് ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് വഴി ആരോഗ്യ ശൈലിയിൽ വലിയ വ്യത്യാസമുണ്ടാക്കിയെടുക്കാനാകുന്നു. ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. ഉറങ്ങാനായി ഗുളികകളെ ആശ്രയിക്കുന്നവർ യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നത്തിലൂടെ പ്രശ്നങ്ങളെ അനായാസം പരിഹരിക്കുവാനാകും. ആരോഗ്യസംരക്ഷണം വ്യക്തിഗത ഉത്തരവാദിത്തമാണെന്ന ചിന്ത ഓരോരുത്തരിലും ഉണ്ടാകുമ്പോൾ മാത്രമാണ് വ്യായാമത്തിന്റെ ഭാഗമായി യോഗയും പരിശീലിക്കാൻ താല്പര്യം കാട്ടുന്നത്.കരുത്തും കായികക്ഷമതയും കരസ്ഥമാക്കിക്കൊണ്ട് ആധുനികതയുടെ ഉത്പന്നമായ ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തി വിജയം കരസ്ഥമാക്കുന്നതിന് നിരന്തരമായ പരിശ്രമം അനിവാര്യമായേ മതിയാകൂ.

യോഗ പഠനം ഇന്ന്‌ സംസ്ഥാന, ദേശീയ പാഠ്യപദ്ധതികളുടെ ഭാഗമായി ഉൾപ്പെടുത്തി കുട്ടികളിൽ വിനിമയം ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പാഠ്യപദ്ധതിയിൽ യോഗയെ സമന്വയിപ്പിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് യോഗ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. 2016 മുതൽ ആരംഭിച്ച യോഗ ഒളിമ്പ്യാഡ് കോവിഡ് മൂലം 2 വർഷം തടസ്സപ്പെട്ടുവെങ്കിലും 2022 മുതൽ കൂടുതൽ സജീവമായി നടന്നുവരികയാണ്.സംസ്ഥാനതല യോഗ ഒളിമ്പ്യാഡിന് നേതൃത്വം നൽകുന്നത് SCERT കേരളമാണ്.സംസ്ഥാനതലത്തിൽ വിജയികൾ ആകുന്ന ഏറ്റവും മികച്ച പ്രതികൾ NCERT നടത്തുന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ പങ്കെടുക്കും. 1893 ലെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ സർവ്വമത പ്രസംഗത്തിൽ പാശ്ചാത്യലോകത്തിന് യോഗയെ പരിചയപ്പെടുത്തുന്നതിൽ സ്വാമിവിവേകാനന്ദൻ വഹിച്ച പങ്കു വളരെ നിസ്തുലമാണ്. അന്തർദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സമ്മേളനം യോഗയുടെ വളർച്ചാവികാസത്തിന് നിർണായക വഴിത്തിരിവായിരുന്നു.ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും യോജിപ്പുള്ള ലോകം കെട്ടിപ്പടുക്കുന്നതിനും അന്താരാഷ്ട്ര സഹകരണങ്ങളും സംരംഭങ്ങളും രൂപപ്പെടുത്തുന്നതിനും യോഗയെ മികച്ച ഉപാധിയായി പ്രയോജനപ്പെടുത്തുന്നു. വിവിധ യോഗ സംഘടനകളും പ്രാക്ടീഷണർമാരും സമാധാന രൂപീകരണശ്രമങ്ങളിൽ സജീവമായി ഏർപ്പെട്ടുവരുന്നു. മതനിരപേക്ഷ കാഴ്ചപ്പാടുകളും മാനവിക മൂല്യങ്ങളും സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിൽ യോഗ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. യോഗയിലൂടെ മുന്നോട്ടു വയ്ക്കുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങൾ പൂർണമായ തലത്തിൽ ഉൾക്കൊണ്ട് സൗഖ്യപൂർണമായ ജീവിതം നയിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് ആഗ്രഹിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + 6 =

Most Popular