സമീപകാലത്ത് കോടി ക്ലബ്ബുകളിൽ കയറിയ മുഖ്യധാര സിനിമകളിൽ സ്ത്രീകളെ പരിഗണിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു എന്ന അഭിപ്രായങ്ങൾ വ്യാപകമായി ഉയരുകയാണ്. ഒരു സിനിമയിൽ ആവശ്യമുണ്ടെങ്കിൽ മാത്രം സ്ത്രീകളെ പരിഗണിച്ചാൽ പോരെ എന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു. കാമ്പില്ലാത്തതും അപ്രധാനവുമായ സ്ത്രീ കഥാപാത്രങ്ങളെ അവസരം നൽകണമെന്ന ഉദ്ദേശത്തോടുകൂടി മാത്രം സൃഷ്ടിക്കുന്നതിൽ അർത്ഥമില്ലെന്ന വാദവും ഉയരുന്നു. വിധേയത്വമുള്ളതും നിഷ്ക്രിയവുമായ സ്ത്രീ കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. പുരുഷ കാഴ്ചക്കാരനെ സന്തോഷിപ്പിക്കുന്നതും അവന്റെ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായ രീതിയിൽ സ്ത്രീയെയും അവളുടെ ലോകത്തെയും ചിത്രീകരിക്കുന്ന പ്രവണത അത്തരം സിനിമകളിലും സാഹിത്യത്തിലുമെല്ലാം കാണാൻ സാധിക്കും. തൊണ്ണൂറാമാണ്ടിലും അതിനോടടുത്തും ഉണ്ടായ നിരവധി സിനിമകളിൽ നിന്ന് ഇന്നത്തെ സിനിമകളിലേക്ക് വരുമ്പോൾ സ്ത്രീ കഥാപാത്രങ്ങളിൽ കാണാൻ സാധിക്കുന്ന വലിയൊരു വ്യത്യാസം ബലാത്സംഗങ്ങളുടെയും പീഡനങ്ങളുടെയും പശ്ചാത്തലം അന്നത്തെ സ്ത്രീകളെ ദുർബലമാക്കി ചിത്രീകരിക്കുമ്പോൾ ഇന്നവർ അതിജീവിക്കുകയും ശക്തമായ പ്രതിഷേധസ്വരം ഉയർത്തുകയും ചെയ്യുന്ന രീതിയിലേക്ക് പൂർണ്ണതയിൽ അല്ലെങ്കിലും എത്തിച്ചേരുന്നുണ്ട് എന്നതാണ്. സ്ത്രീശരീരത്തിന് മാത്രം എന്തോ കാത്തുസൂക്ഷിക്കാനുണ്ട് എന്ന ചിന്തകളിൽനിന്നും തിരിഞ്ഞു നടക്കുമ്പോൾ പീഡനത്തിന് ഇരയാക്കിയവർക്കെതിരെ അതിജീവനത്തിന് വേണ്ടി മാത്രമല്ലാതെ തിരിച്ചടികൾ നൽകാനും പ്രാപ്തരാകുന്ന സ്ത്രീകഥാപാത്രങ്ങൾ ഉണ്ടാകുന്നു.ചില അഭിപ്രായങ്ങളിൽ വിയോജിപ്പു പ്രകടിപ്പിക്കുന്നത് ഒരു കുറ്റമായി കണക്കാക്കി സ്ത്രീ കഥാപാത്രങ്ങളെ തല്ലുന്നതും ഊർജ്ജസ്വലരായി സാമൂഹിക ഇടപെടലുകൾ നടത്തുന്ന സ്ത്രീകൾ വെറുക്കപ്പെടേണ്ടവരും നിന്ദിക്കപ്പെടേണ്ടവരും ആണെന്ന് ചിത്രീകരിക്കുന്നതും സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളെ പരിഹസിക്കുന്നതും പുരുഷന്റെ പിൻബലമില്ലാതെ സ്ത്രീക്ക് നിലനിൽപ്പില്ല എന്ന് ഉദ്ഘോഷിക്കുന്നതുമെല്ലാം ഒരുകാലത്ത് മലയാള സിനിമകളിലെ സ്ഥിരം കാഴ്ചകൾ ആയിരുന്നു. വിവാഹശേഷം, ഒരു കുഞ്ഞിന്റെ അമ്മയായതിനു ശേഷം കൈവിട്ടുകളഞ്ഞ തന്റെ ചിലങ്ക ഏറെ ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും തിരിച്ചു അണിഞ്ഞതിന്റെ പേരിൽ സ്വാർത്ഥയെന്ന് മുദ്രകുത്തപ്പെട്ട നായിക ഉത്തമയാണ് എന്ന് ആ ഭർത്താവിനെയും പ്രേക്ഷകരെയും ബോധ്യപ്പെടുത്താൻ ഭർത്താവും മകനും കൂടെ ഇല്ലാത്ത വർഷങ്ങൾ എല്ലാം അവൾ സകലതും ഉപേക്ഷിച്ച് പാഴാക്കുകയായിരുന്നു എന്ന് സമർത്ഥിക്കേണ്ടിവന്നു. ഒരു സ്ത്രീക്ക് സ്വമേധയാ തന്റെ പ്രൊഫഷനും പാഷനും തിരഞ്ഞെടുക്കാൻ അവകാശമില്ലെന്ന് ഇതുപോലെ എത്രയെത്ര സിനിമകളിലാണ് സമർത്ഥിച്ചിട്ടുള്ളത്. അതൊക്കെയും കാലഘട്ടത്തിന്റെ പ്രതിഫലനങ്ങളായിരുന്നു എങ്കിലും ഇതിൽ നിന്നൊക്കെ വേറിട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക്, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിങ്ങനെ സ്ത്രീയുടെ പ്രതികാര ഗൂഢാലോചനകളെക്കുറിച്ച് പറഞ്ഞ വിരലിലെണ്ണാവുന്ന സിനിമകൾ ഒഴിച്ചു നിർത്തിയാൽ പുരുഷത്വം വീരോചിതമായി അവതരിപ്പിക്കപ്പെടുമ്പോൾ സ്ത്രീത്വം എന്നത് അധഃപതിച്ചു പോകുന്ന കാഴ്ചകൾ ആയിരുന്നു സകലതും.
പരിപൂർണ്ണമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും സമകാലിക സിനിമ സമൂഹത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളോടൊപ്പം സ്ത്രീകൾ സ്വതന്ത്ര വ്യക്തികളാണ് എന്ന കാഴ്ചപ്പാട് ഉൾക്കൊള്ളാൻ പരമാവധി ശ്രമിക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. രാമന്റെ ഏദൻ തോട്ടം, ഹൗ ഓൾഡ് ആർ യു, ടേക്ക് ഓഫ്, ഉയരെ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, 22 ഫീമെയിൽ കോട്ടയം, ആട്ടം എന്നിങ്ങനെയുള്ള സിനിമകൾ ഒക്കെയും വിവിധ ചുറ്റുപാടുകളിൽ അടിച്ചമർത്തപ്പെട്ട സ്ത്രീകളെ സമൂഹത്തിന് സ്വീകാര്യമാകുന്ന തരത്തിൽ അതിമനോഹരമായി ചിത്രീകരിക്കുന്നു. വിവാഹേതര പ്രണയങ്ങളൊക്കെ പുരുഷന്റെ മാത്രം ശരികൾ ആയി നിലനിൽക്കുന്നിടത്തുനിന്നും പ്രൊഫഷനും കരിയറും ജോലിയും സമ്പാദ്യവും സ്ത്രീയുടെ അനിവാര്യത അല്ല എന്ന തീർപ്പു കൽപ്പിക്കലുകളിൽ നിന്നും കീഴടങ്ങലും ചാരിത്ര്യ ശുദ്ധിയും മാത്രമാണ് സ്ത്രീയുടെ മുഖമുദ്ര എന്ന താല്പര്യങ്ങളിൽ നിന്നും മലയാള സിനിമാ സങ്കൽപ്പങ്ങൾ ഭാഗികമായിട്ടെങ്കിലും വികാസം പ്രാപിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ നിലനിർത്തുകയും മനുഷ്യന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും സകലർക്കും ലിംഗഭേദമന്യേ ഒരുപോലെയാണ് എന്ന പ്രത്യയശാസ്ത്രത്തെ അതിന്റെ പരമാവധിയിൽ ഉയർത്തിപ്പിടിക്കാനുള്ള സിനിമാശ്രമങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മലയാള സിനിമയിലെ സ്ത്രീകളെ സംബന്ധിച്ച് അനിവാര്യമായത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈയടുത്ത കാലത്ത് തിയേറ്ററുകളെ ഇളക്കിമറിച്ച പല സിനിമകളിലും സ്ത്രീസാന്നിധ്യം കുറവാണ് എന്ന പരാതികൾ നിലനിൽക്കുമ്പോൾ തന്നെ ആ സിനിമകളിൽ നിഷ്‌ക്രിയരായ കുറച്ച് സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചതുകൊണ്ട് എന്താണ് കാര്യം എന്ന ചോദ്യവും ഉയരുന്നു. ജനങ്ങളെയാകെ ആവേശം കൊള്ളിക്കുന്ന സിനിമകൾ അവരുടെ ജീവിതത്തെ എത്രതന്നെ സ്വാധീനിക്കില്ല എന്ന് പറഞ്ഞാലും മനുഷ്യ മനസ്സിന്റെ വിചാരവികാരങ്ങളെ സിനിമയോളം സ്വാധീനിക്കുന്ന മറ്റൊരു കലയില്ല എന്നതും അവഗണിക്കരുത്. തൊണ്ണൂറുകളിലും രണ്ടായിരമാണ്ടിന്റെ തുടക്കത്തിലുമൊക്കെ സൃഷ്ടിക്കപ്പെട്ട വിവിധ ജോണറുകളിലുള്ള ഒരുപാട് സിനിമകൾ ആ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളുടെ നേർക്കാഴ്ചകൾ ആവുകയും സ്ത്രീ സമൂഹത്തിന്റെ അസ്ഥിത്വം പാടെ ഇല്ലാതാക്കുകയും സ്ത്രീവിരുദ്ധതകളെ ന്യായീകരിക്കുകയും ചെയ്യുന്നതിൽ കൂടി ചില യാഥാസ്ഥിതിക ചിന്തകൾ സമൂഹത്തിൽ വലിയ രീതിയിൽ ഊട്ടി ഉറപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. പുരുഷന്റെ ആഘോഷങ്ങളും പുരുഷന്റെ ലോകവും ചിത്രീകരിക്കുന്ന സിനിമകൾ ആണെങ്കിൽ കൂടി അത് സ്ത്രീവിരുദ്ധതകളെ ന്യായീകരിക്കുന്ന തരത്തിൽ ഊതി വീർപ്പിക്കുന്നില്ല എങ്കിൽ അതിൽ സ്ത്രീ സാന്നിധ്യം ഇല്ലാത്തതിൽ പരിഭവപ്പെടേണ്ടതുണ്ടോ. സ്ത്രീയുടെ ലോകത്തെക്കുറിച്ചും അവളുടെ ചിന്തകളെയും ആഗ്രഹങ്ങളെയും കുറിച്ചും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ഉണ്ടാക്കാൻ കഴിയും എന്നതിന് ഒരുപാട് ഉദാഹരണങ്ങളും നിലവിലുണ്ട്. സ്ത്രീക്ക് അവളുടേതായ സിനിമ പുരുഷന് അവന്റേതായ സിനിമ ഇവരെല്ലാം ചേർന്ന് കൊണ്ട് മറ്റൊരു സിനിമ എന്നിങ്ങനെ ഏതുതരത്തിലും നിയമം അനുശാസിക്കുന്ന രീതിയിൽ സിനിമകൾ എടുക്കുവാൻ എല്ലാവർക്കും അവകാശം ഉണ്ട്. പുരുഷാധികാരത്താൽ സൃഷ്ടിക്കപ്പെട്ട ഈ സമൂഹത്തിൽ ആ അവകാശങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.തൊഴിലിടങ്ങളിലെയും യാത്രാമധ്യേയുമുള്ള ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും അരക്ഷിതാവസ്ഥകളും അടക്കം സാമ്പത്തിക പ്രതികൂല അവസ്ഥകളും സിനിമയിലെ സ്ത്രീക്ക് പലപ്പോഴും പ്രതിസന്ധികളായിട്ടുണ്ട്.
ഇതുവരെയുണ്ടായിരുന്നതും നിലവിലുള്ളതും പുരുഷാധിപത്യ വ്യവസ്ഥിതിയെ പിന്തുടരുന്നതുമായ ഒരു സമൂഹമായതുകൊണ്ട് ഔദ്യോഗിക കാര്യങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും തന്റെ സമയം കൂടുതൽ ഉപയോഗപ്പെടുത്തുന്നതിൽ നിന്ന് സ്ത്രീകൾക്ക് ധാരാളം പരിമിതികൾ നേരിടേണ്ടി വരുന്നു. ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ഉണ്ടാക്കി ഏറ്റവും കൂടുതൽ ലാഭം കൊയ്യാൻ താല്പര്യപ്പെടുന്ന ഒരു വ്യവസായമാണ് സിനിമ എന്നതുകൊണ്ടുതന്നെ സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്നവർ എല്ലായ്‌പോഴും സാമ്പത്തികമായും ക്രിയാത്മകമായും ഏറ്റവും കുറഞ്ഞ സമയത്തിൽ അയത്നലളിതമായി ഒരു ഉൽപ്പന്നം ഉണ്ടാക്കാനാണ് ആഗ്രഹിക്കുക. നിലവിലെ സാഹചര്യത്തിൽ ഒരു പുരുഷനാണ് സ്ത്രീയേക്കാൾ കൂടുതൽ തന്റെ സമയവും ഉൽപാദന ക്ഷമതയും സിനിമയിലേക്ക് വിനിയോഗിക്കാൻ സാധിക്കുന്നത് എങ്കിൽ സിനിമയിൽ പണം മുടക്കുന്നവരുടെ പ്രഥമ പരിഗണന ലഭിക്കുന്നത് പുരുഷനായിരിക്കും. സ്ത്രീ നിർമ്മാതാവ് പോലും പണം മുടക്കുന്ന സിനിമയിൽ തിരക്കഥാ രചനയും വസ്‌ത്രാലങ്കാരവും ഒക്കെ സ്ത്രീകളെ ഏൽപ്പിക്കും എങ്കിലും പ്രൊഡക്ഷൻ കൺട്രോളറായി പുരുഷനെയാവും തെരഞ്ഞെടുക്കുക. ഒരു സിനിമ തുടങ്ങുന്നത് മുതൽ അതിന്റെ അവസാനം വരെ വീട്ടുജോലികളെക്കുറിച്ച് ആലോചിക്കാതെ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും പരിപാലിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ആലോചിക്കാതെ എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ സന്നദ്ധരായി മുഴുവൻ സമയവും സിനിമയ്ക്ക് വേണ്ടി വിനിയോഗിക്കാൻ സ്ത്രീയെക്കാൾ കൂടുതൽ പുരുഷനാണ് സാധിക്കുക എന്നതിന്റെ പ്രായോഗികതയാകും അവരുടെ പ്രഥമ പരിഗണന. വിവാഹിതയല്ലാത്ത ഒരു സ്ത്രീക്ക് ഒരുപക്ഷേ അതിനൊക്കെ സാധിച്ചേക്കും. പക്ഷേ കുടുംബസ്ഥയായ, ജോലിചെയ്യുന്ന സ്ത്രീകൾക്ക് പ്രൊഫഷണൽ ജീവിതവും വീട്ടിലെ ഉത്തരവാദിത്വങ്ങളും സന്തുലിതമാക്കേണ്ട അധികബാധ്യത ഇന്നും നമ്മുടെ സമൂഹത്തിൽ പ്രത്യക്ഷമായി നിലനിൽക്കുന്നുണ്ട്. നമ്മൾ ജീവിക്കുന്ന ലോകം സ്ത്രീ സൗഹൃദപരമല്ല എന്നതിന്റെ തെളിമയുള്ള ഉദാഹരണങ്ങളാണ് ഇതൊക്കെ.ഭാര്യയുടെയും അമ്മയുടെയും വേഷത്തിൽ ഒതുക്കുന്ന സ്ത്രീയുടെ സ്വത്വം പല സിനിമകളിലും മഹത്വവൽക്കരിക്കപ്പെടുമ്പോൾ അതൊരു കാലഘട്ടത്തിന്റെ പ്രതിഫലനത്തോടൊപ്പം അതേ സാമൂഹിക അവസ്ഥകളെ തിരുത്തലുകൾക്ക് സാദ്ധ്യത ഇല്ലാത്തവിധം മുരടിപ്പിക്കുക കൂടി ആയിരുന്നു.
2000ത്തിന്റെ തുടക്കത്തിൽ ഉണ്ടായ താരമൂല്യവും ഹീറോയിസത്തിലും അഭിരമിക്കുന്ന സിനിമകളിൽ നിന്നും 2010ന് ശേഷം തിരക്കഥയ്‌ക്കും ഉള്ളടക്കത്തിനും പ്രധാന്യമുള്ള കൂടുതൽ കഥാപാത്രങ്ങളെ വിന്യസിക്കുന്ന സിനിമകൾ വന്നു തുടങ്ങിയപ്പോൾ നിബിഡമായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെട്ടു.2024ലെ ചില സിനിമകളിൽ എടുത്തു പറയാവുന്ന ഒരു സ്ത്രീ കഥാപാത്രം പോലുമില്ലാതെ ഒന്നിന് പിറകെ ഒന്നായുള്ള അഭൂതപൂർവമായ ബോക്സ് ഓഫീസ് വിജയങ്ങൾ നെറ്റി ചുളിപ്പിക്കാം എങ്കിലും മികച്ച സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സിനിമകൾ എഴുതപ്പെടും എന്ന പ്രതീക്ഷ മലയാള സിനിമ ഒരിക്കലും നഷ്ടപ്പെടുത്തുന്നില്ല.സദ്ഗുണമുള്ളതും ആദർശവാദിയുമായ കഥാപാത്രങ്ങൾ മാത്രമല്ല പുരുഷനെ പോലെ തന്നെ പോസിറ്റീവും നെഗറ്റീവും ചാരനിറമുള്ളതും ആയ വിവിധ ഷെയ്ഡുകളിൽ ഉള്ള വേഷങ്ങളും സ്ത്രീക്ക് ആവശ്യമുണ്ട് എന്നതും വിസ്മരിക്കുന്നില്ല.
ക്യാമറയ്ക്ക് മുന്നിലെ കച്ചവട വസ്തു ആയി മാത്രം ഉപയോഗിക്കപ്പെടുന്നതിൽ നിന്നും തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും തുടങ്ങി ക്യാമറയ്ക്ക് പുറകിലും ഞങ്ങൾക്ക് തിളങ്ങാൻ സാധിക്കും എന്ന് തെളിയിക്കുന്ന നിരവധി സ്ത്രീകളാണ് ഇന്ന് മുന്നോട്ട് വരുന്നത് .സ്ത്രീകൾ ആണെന്ന പേരിൽ മാറ്റി നിർത്തപ്പെടുകയും സ്ത്രീകളെ തിരഞ്ഞെടുക്കുന്ന വിഷയത്തിന് മാർക്കറ്റിൽ പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കില്ല എന്ന മുൻധാരണ ഉണ്ടാവുകയും ചെയ്യുമ്പോൾ സിനിമകൾ കമ്പോളവല്‍ക്കരിക്കപ്പെട്ട സമയത്ത് ഒരു സ്ത്രീക്ക് നിർമാതാക്കളോടും അഭിനേതാക്കളോടും സംസാരിച്ച് സ്വീകാര്യത ഉണ്ടാക്കാൻ പലപ്പോഴും സാധിക്കാറില്ല എന്ന് ‘ഡിവോഴ്സ്’ എന്ന സിനിമയുടെ സംവിധായിക മിനി ഐ ജി ഒരു ഐ എഫ് എഫ് കെ വേദിയിൽ പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടി നിർമ്മാതാവിനെ അന്വേഷിച്ച സമയത്ത് സ്ത്രീ കേന്ദ്രീകൃത സിനിമകൾ തിയേറ്ററിൽ ഓടില്ല എന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്ന് അതേ വേദിയിൽ സംവിധായിക വിധു വിൻസെന്റും പറഞ്ഞു. പക്ഷേ പിന്നീട് 2022ൽ എത്തിയപ്പോൾ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഉണ്ടോ എന്ന് ഇങ്ങോട്ട് ചോദിച്ചു തുടങ്ങിയിട്ടുണ്ടെന്നും വിധുവിന്‍സെന്റ് അന്ന് പറഞ്ഞിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സ്ത്രീക്ക് പരിണാമം സംഭവിച്ചിട്ടുണ്ട് എന്നും സിനിമ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടുണ്ട് എന്നുമുള്ള സൂചനയാണ് അതൊക്കെയും.
കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎസ്എഫ്‌ഡിസി) കഴിഞ്ഞ നാല് വർഷമായി വനിതാ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് ധനസഹായം നൽകുന്നുണ്ട്. ബി 32 മുതൽ 44 വരെ, നിഷിദ്ധോ, നിള, ഡിവോഴ്‌സ് എന്നിവയുൾപ്പെടെ ഈ സംരംഭത്തിന് കീഴിലുള്ള മിക്ക ചിത്രങ്ങളും ചലച്ചിത്രമേളകളിൽ പ്രശംസയും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ ഉണ്ടെങ്കിലും, മുഖ്യധാരാ സിനിമയിലെ സ്ത്രീപ്രാതിനിധ്യം പലപ്പോഴും മലയാള സിനിമയിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും സിനിമാ പ്രവർത്തകരും ആയ പുരുഷന്മാരുടെ താല്പര്യങ്ങൾ ആശ്രയിച്ചിരിക്കുന്നു എന്നത് യഥാർഥ്യമാണ്.
ഇതിനൊക്കെ ഇടയിൽ സിനിമയിലെ സ്ത്രീകൾ എവിടെ എന്ന ചോദ്യത്തിന് അഭിമാനപൂർവ്വം പറയാവുന്ന ഉത്തരമായി 2024ൽ ഫ്രാൻസിലെ കാൻസിൽ നടക്കുന്ന ചലച്ചിത്ര മേളയിലെ കോമ്പറ്റിഷൻ വിഭാഗത്തിൽ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്സ്’ എന്ന ഇന്ത്യൻ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. 30 വർഷത്തിന് ശേഷമാണ് കാൻ ചലച്ചിത്രമേളയിലേക്ക് ഒരു ഇന്ത്യൻ സിനിമ തെരഞ്ഞെടുക്കപ്പെടുന്നത്.ആ സിനിമ സംവിധാനം ചെയ്തത് പായൽ കപാഡിയ എന്ന ഒരു സ്ത്രീയാണ്. അതിലെ മുഖ്യ കഥാപാത്രങ്ങൾ ആയത് മലയാളി നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ്. ഇതേ സിനിമയ്ക്ക് കാനിലെ ഗ്രാൻഡ് പ്രിക്സ് പുരസ്‌കാരം ലഭിച്ചപ്പോൾ അത് കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തി എന്ന പ്രശസ്തിയും പായലിനു സ്വന്തം. സിനിമാ ചരിത്രത്തിൽ തങ്ങളുടേതായ ഇടമുണ്ടാക്കി അഭിമാനകരമായ നേട്ടം കൈവരിക്കുന്ന വനിതകൾ സിനിമയെ ആഗ്രഹിക്കുന്ന സകല സ്ത്രീകൾക്കും പ്രചോദനമാണ്.മലയാള സിനിമയിലെ സ്ത്രീകൾ സകല പ്രതിബന്ധങ്ങളും ഭേദിച്ച് ഇനിയുമൊരുപാട് ഉയരങ്ങളിലേക്ക് പറക്കുക തന്നെ ചെയ്യും. ♦