Tuesday, September 17, 2024

ad

Homeസിനിമകഥ പറച്ചിലിന്റെ മിടുക്ക്

കഥ പറച്ചിലിന്റെ മിടുക്ക്

കെ എ നിധിൻ നാഥ്‌

മിഴ്‌ സിനിമയിലെ നവതരംഗത്തിന്റെ അടുത്ത ഘട്ടം സംഭവിക്കുന്ന കാലത്താണ്‌ നിതിലൻ സ്വാമിനാഥൻ എന്ന സംവിധായകൻ എത്തുന്നത്‌. ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ‘കുരങ്ങു ബൊമ്മൈ’ ആഖ്യാനത്തിലും കഥപറച്ചിലും പുതിയ അനുഭവമായിരുന്നു. പ്രേക്ഷക- നിരുപക പ്രശംസ ഒരുപോലെ ചിത്രം നേടുകയും ചെയ്‌തു. അടുത്ത നിതിലൻ ചിത്രം ഏതെന്ന കാത്തിരിപ്പ്‌ അവസാനിപ്പിച്ചാണ്‌ ‘മഹാരാജ’ എത്തിയത്‌. ആറു വർഷത്തോളമെടുത്താണ്‌ നിതിലൻ രണ്ടാം സിനിമ സാധ്യമാക്കിയത്‌. വിജയ്‌ സേതുപതിയുടെ 50ാം സിനിമ കൂടിയാണ്‌ മഹാരാജ.

ഏറെക്കാലമായി വിജയ്‌ സേതുപതി തനിച്ച്‌ നായകനായി എത്തുന്ന സിനിമകൾ നിരാശപ്പെടുത്തുകയായിരുന്നു. അതിനാൽ തന്നെ നിതിലൻ എന്ന മേക്കർ വിജയ്‌ സേതുപതി എന്ന നടനെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന ആകാംഷയും മഹാരാജയ്‌ക്ക്‌ ഉണ്ടായിരുന്നു. ഈ രണ്ട്‌ പ്രതീക്ഷകളെയും കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ ചിത്രം. മുൻ സിനിമയെപ്പോലെ തന്നെ ക്രൈം- ആക്ഷൻ സ്വഭാവമാണ്‌ സിനിമയ്‌ക്കുള്ളത്‌. നഷ്ടപ്പെട്ട ‘ലക്ഷ്‌മി’യെ തേടിയുള്ള അന്വേഷണമാണ്‌ സിനിമയുടെ ഇതിവൃത്തം. ആരാണ്‌ ലക്ഷ്‌മി എന്നതിൽ തുടങ്ങി സൃഷ്ടിക്കപ്പെടുന്ന നർമ്മ മുഹൂർത്തങ്ങൾ രസകരമാണ്‌.

സിനിമയുടെ കഥാഘടനയിൽ ഉറച്ചുനിന്ന്‌ അതേസമയം തമാശയും ആക്ഷനും നിസ്സഹായതയുമെല്ലാം വിളക്കിചേർത്തുള്ള നിതിലന്റെ കഥപറച്ചിലിന്റെ മിടുക്കിലാണ്‌ മഹാരാജ വിജയപടമാകുന്നത്‌. വിജയ്‌ സേതുപതി എന്ന നടന്റെ സാധ്യതകളെ കൃത്യമായി തിരിച്ചറിഞ്ഞുള്ള കഥാപാത്രമാണിത്‌. നോട്ടത്തിലും വിങ്ങിപൊട്ടിയുള്ള കരച്ചിലുമടക്കം അസാധ്യമായ ഡീറ്റൈലിങ്ങുണ്ട്‌ വിജയ്‌ സേതുപതിയുടെ പ്രകടനത്തിൽ. മുടിവെട്ടുകാരനായ വിജയ്‌ സേതുപതി കഥാപാത്രത്തിന്റെ പേര്‌ മഹാരാജ എന്നാണ്‌. എന്തു കൊണ്ട്‌ അയാൾക്ക്‌ ഈ പേര്‌ എന്ന്‌ പലയാവർത്തി ചോദിക്കുന്നുണ്ട്‌. ജാതി ജീവനെടുക്കുന്ന കാലത്ത്‌ കഥാപാത്രങ്ങളും പ്രേക്ഷകനും ഈ ചോദ്യം ചോദിപ്പിക്കുന്നതിലെ രാഷ്‌ട്രീയവും പ്രസക്തമാണ്‌.

നോൺ ലീനിയർ നരേറ്റീവ്‌ കഥപറച്ചിലാണ്‌ സിനിമയുടേത്‌. കഥാപാത്രങ്ങളുടെ പഴയ- പുതിയ കാലം മാറി മാറി കാണിച്ചാണ്‌ സിനിമ മുന്നോട്ടു പോകുന്നത്‌. പലരുടെയും കഥകൾ പലതരത്തിൽ പറയുന്നുണ്ട്‌ ചിത്രം. എല്ലാ ഘട്ടത്തിലും ഒരേ താളമാണ്‌ കഥപറച്ചലിന്‌. പല വഴി പല തരത്തിൽ പറയുന്ന കഥാഘടന ആദ്യ പുകതിയുടെ അവസാനത്തിൽ കൃത്യമായി കൂട്ടിച്ചേർക്കുന്ന മിടുക്ക്‌ സിനിമയിൽ കാണാം.

ആദ്യ സിനിമയുടെ സിനിമാറ്റിക്ക്‌ പരിചരണത്തിന്റെ തുടർച്ച മഹാരാജയിലുമുണ്ട്‌. കുരങ്ങു ബൊമ്മൈയിൽ ബാഗായിരുന്നുവെങ്കിൽ ഇവിടെ ഒരു പഴയ ചവറ്റുകൊട്ടയാണ്‌. അതുപോലെ തന്നെ വെറുതെ എന്ന പോലെ കയറി വരുന്ന പല രംഗങ്ങളെയും കഥാഗതിയിലേക്ക്‌ ഉൾച്ചേർക്കുന്നുണ്ട്‌. സാധാരണയായ ഒരു സംഭവം എന്ന നിലയിൽ നിന്ന്‌ കഥാഗതിയെ ബന്ധിപ്പിക്കുന്ന നിർണായക രംഗങ്ങളായി മാറ്റുന്നുണ്ട്‌.

നിതിലന്റെ കഥാപാത്ര സൃഷ്ടികൾ വളരെ രസകരമാണ്‌. കൊലപാതകിയായ ആർ കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്നു.കുനാൽ സിങ്ങിന്റെ കടുത്ത ആരാധകനായ ഗുണ്ടാസംഘം, പുന്നഗൈ ദേശം സിനിമ കാണാത്തതിന്‌ ആളുകളെ മർദ്ദിക്കുന്നു, ഗിയറുള്ള വാഹനങ്ങൾ ഓടിക്കാനറിയാത്തതുകൊണ്ട്‌ ടി വി എസ്‌ മാത്രം മോഷ്ടിക്കുന്ന ‘പോലീസ്’ എന്ന കള്ളൻ- ഇത്തരത്തിൽ രസകരമായ കഥാപാത്രങ്ങളെ നിതിലൻ എഴുത്തിലൂടെ സൃഷ്ടിച്ചിട്ടുണ്ട്‌.വിജയ്‌ സേതുപതിയുടെ മികച്ച പ്രകടനത്തിന്റെ കൂടി അടയാളമാണ്‌ മഹാരാജ. സംവിധായകൻ അനുരാഗ്‌ കശ്യപ്പാണ്‌ സെൽവൻ എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നത്‌. അനുരാഗിന്റെ മികച്ച വേഷമാണിത്‌.

മുറുക്കമുള്ള എഴുത്തും തന്ത്രപരമായ എഴുത്തുമാണ്‌ മാഹരാജയുടെ മികവ്‌. വിവരങ്ങൾ മറച്ചുവെച്ച്‌ പിരിമുറുക്കം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളെല്ലാം പെട്ടെന്നുണ്ടായ സംഭവവികാസങ്ങളിലൂടെയാണ്‌ സാധ്യമാക്കുന്നത്‌. മുന്നോട്ടു പോകുംതോറും കുരുക്ക്‌ മുറുക്കുന്ന തരത്തിലുള്ള ആഖ്യാനഘടന സിനിമയെ ആകർഷകമാക്കുന്നുണ്ട്‌. എന്നാൽ ഇതെല്ലാം തമിഴ് സിനിമയിലെ ഒരു ക്ലീഷേ ഘടനയിലാണ്‌ പോയി അവസാനിക്കുന്നു എന്നതാണ്‌ സിനിമയുടെ പോരായ്‌മ. അസാധാരണ രീതിയിൽ സൃഷ്ടിച്ചെടുത്ത സിനിമ കഥാന്ത്യം സാധാരണ പ്രതികാര കഥയായി അവസാനിക്കുകയാണ്‌. ഈ പോരായ്‌മ നിലനിൽക്കുമ്പോഴും നിതിലൻ സ്വാമിനാഥന്റെ അസാധാരണ കൈയ്യടക്കത്തിന്റെയും ക്രാഫ്‌റ്റ്‌മാൻഷിപ്പിന്റെയും ചലച്ചിത്രസാക്ഷ്യമാണ്‌ മഹാരാജ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 11 =

Most Popular