Monday, November 4, 2024

ad

Homeചിത്രകലസുചിത്ര വേണുഗോപാലിന്റെ ചിത്രപ്രദർശനം

സുചിത്ര വേണുഗോപാലിന്റെ ചിത്രപ്രദർശനം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ചിത്രരചനാ വൈഭവവും വ്യക്തിപ്രഭാവവുമുള്ള എണ്ണമറ്റ ചിത്രകാരികളാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്നത്‌. എന്നാൽ ആ ചിത്രകാരികളെക്കുറിച്ച്‌, അവരുടെ കലയെയും ജീവിതത്തെയും കലാശൈലിയേയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന പുസ്‌തകങ്ങൾ വേണ്ടത്ര ഉണ്ടായിട്ടില്ല. പ്രമുഖ ചിത്രകാരികളുടെ രചനകൾ ഉൾപ്പെടുന്ന ക്യൂറേറ്റഡ്‌ ഷോകളും പരിമിതമാണ്‌. ചുരുക്കം ചിത്രകാരികളെക്കുറിച്ചുള്ള പുസ്‌തകങ്ങൾ മാത്രമാണ്‌ ലോക ചിത്രകലാ ചരിത്രത്തിലുള്ളത്‌. ഇന്ത്യൻ ചിത്രകലയിലേക്കു വരുമ്പോൾ അമൃത ഷെർഗിളിന്റെ പേരിലുള്ള പുസ്‌തകങ്ങൾ ലഭ്യമാണ്‌. അഭിമാനിക്കാൻ വകനൽകുന്നതോടൊപ്പം കേരളത്തിൽനിന്നുള്ള അകാലത്തിൽ വിടപറഞ്ഞ (ടി കെ പത്മിനിയുടെ പേരും ഒപ്പമുണ്ട്‌. ടി കെ പത്മിനിയെക്കുറിച്ച്‌ കേരള ലളിതകലാ അക്കാദമിയും ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌).

ഇന്ന്‌ സ്ഥിതി മാറി. ഇന്ത്യൻ ചിത്രകലയിലും പ്രത്യേകിച്ച്‌ കേരളത്തിലും പരിശോധിച്ചാൽ ശ്രദ്ധേയരായ ചിത്രകാരികളുടെ സജീവ സാന്നിധ്യം സാമാന്യജനങ്ങളിലേക്ക്‌, കലാസ്വാദകരുടെ ഇടയിലേക്ക്‌ എത്തുംവിധം മാധ്യമങ്ങളും പുസ്‌തകങ്ങളുമൊക്കെ കുറേശ്ശെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. അന്തർദേശീയതലത്തിൽ പ്രശസ്‌തരായ ചിത്രകാരികളാണ്‌ നമുക്കുള്ളത്‌. കലാപ്രസ്ഥാനങ്ങൾക്കും ശൈലികൾക്കും തുടക്കംകുറിച്ചവരും നേതൃത്വം നൽകിയവരുമായ കലാകാരികളുടെ സാന്നിധ്യം കലാലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്നു.

അസാധാരണമായ കലയുടെ മാനങ്ങളിലേക്കും ശൈലീസങ്കേതങ്ങളിലേക്കും ഉയർന്ന കലാകാരിയായിരുന്നു ടി കെ പത്മിനി. കേരളത്തിലെ പ്രകൃതികാഴ്‌ചകളിലൂടെ, അത്‌ പ്രദാനം ചെയ്യുന്ന ഗൃഹാതുരത്വ വളികളിലൂടെയുമാണ്‌ ടി കെ പത്മിനി നടന്നുകയറിയത്‌. പച്ചപിടിച്ച നാട്ടുവഴികളും ഗ്രാമാന്തരീക്ഷവും ക്ഷേത്രമുറ്റവും പൂക്കളും പക്ഷികളുമൊക്കെ പ്രമേയങ്ങളാക്കിയ ചിത്രങ്ങളിൽ സ്‌ത്രീശരീരത്തിന്റെ മഹത്വം ഉദാഹരിക്കുന്ന മനുഷ്യരൂപങ്ങളോടൊപ്പം പ്രകൃതിവസ്‌തുക്കളും തെങ്ങുകൾ, ആകാശത്തിൽ ഒഴുകിനടക്കുന്ന നക്ഷത്രങ്ങളും മേഘക്കീറുകളും ചിത്രതലങ്ങളുമൊക്കെയുള്ള ടി കെ പത്മിനി ചിത്രങ്ങൾ എക്കാലവും ചർച്ചചെയ്യപ്പെടുന്നു. ഈയൊരു കരുത്തിൽനിന്ന്‌ ചിത്രകല പഠിച്ചവരും ചിത്രകലയുടെ അക്കാദമിക്‌ പഠനം നടത്താത്തവരുമായ ചിത്രകാരികൾ സജീവമായി കലാരംഗത്ത്‌ പ്രവർത്തിക്കുന്നു. അവരിലൊരാളാണ്‌ വർഷങ്ങളുടെ ചിത്രകലാ പരിചയവുമായി (സുചിത്ര വേണുഗോപാൽ) തിരുവനന്തപുരം ലളിതകലാ അക്കാദമി ഗ്യാലറിയിൽ തന്റെ ഏകാംഗ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്‌. ചെറുതും വലുതുമായ 90 ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

അവകാശവാദങ്ങളൊന്നുമില്ലാതെ ലളിതമായിട്ടാണ്‌ സുചിത്ര വേണുഗോപാൽ പ്രകൃതിയുമായി സംവദിച്ചിരിക്കുന്നത്‌‐ തന്റെ ഓരോ ചിത്രങ്ങളിലൂടെയും. നേരമ്പോക്കിന്‌ ചിത്രം വരയ്‌ക്കുന്ന ആളല്ല കുടുംബനികൂടിയായ സുചിത്ര. ചിത്രകലാപഠനം ഔദ്യോഗികമായി നേടിയിട്ടില്ലെങ്കിലും ചിത്രകലാ ഗുരുക്കന്മാരുടെ ശിക്ഷണവും അവരുടെ രചനകളുടെയുള്ള നിരന്തര സഞ്ചാരവുമാണ്‌ തനിക്ക്‌ പിൻബലമായിട്ടുള്ളതെന്ന്‌ സുചിത്ര വേണുഗോപാൽ പറയുന്നു. ഈ ചിത്രകാരിയുടെ കലാവഴികൾ സമ്പുഷ്‌ടമാണ്‌. ചിത്രതലങ്ങളിലെ സവിശേഷമായ നിറപ്രയോഗങ്ങളുടെ കാരണവും മറിച്ചല്ല.

സുചിത്ര വേണുഗോപാലിന്റെ പ്രദർശനത്തിലെ ചിത്രങ്ങൾ നടന്നുകാണുമ്പോൾ പ്രകൃതിയെ ഉപാസിക്കുന്ന ചിത്രകാരിയെയാണ്‌ ഒരാസ്വാദകന്‌ കാണാനാവുക. തത്വചിന്താപരമായ പരിവേഷമൊന്നുമില്ലാതെ യഥാതഥമായ തന്റെ ചുറ്റുമുള്ള പ്രകൃതിക്കാഴ്‌ചകളെ ‘പുതിയൊരു കാഴ്‌ചാനുഭവമായി’ അവർ ആവിഷ്‌കരിച്ചിരിക്കുന്നു. പുതിയൊരു കാഴ്‌ചാനുഭവമെന്ന്‌ അടിവരയിട്ടു പറയേണ്ട ചിത്രങ്ങൾ നിവധിയുണ്ടെങ്കിലും ചുരുക്കം ചിത്രങ്ങളിൽ താൻ സ്വരൂപിച്ച ശൈലിയിൽനിന്ന്‌ മാറിപ്പോയിട്ടുണ്ടെന്നും പറയേണ്ടതുണ്ട്‌. പ്രകൃതിയുടെ വർണസമൃദ്ധമായ കാഴ്‌ചകളെ യഥാതഥമായി അവതരിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ വർണസമൃദ്ധമായ കാഴ്‌ചകളെ യഥാതഥമായി നവീനമായ രചനാസങ്കേതങ്ങളുടെ പിൻബലത്തിൽ ജലച്ഛായം, അക്രലിക്‌ എന്നീ നിറങ്ങളുപയോഗിച്ചാണ്‌ വരച്ചിട്ടുള്ളത്‌. കഴിഞ്ഞ പത്തുവർഷത്തെ രചനകളാണിവിടെ പ്രദർശിപ്പിക്കുന്നത് എന്നതുകൊണ്ടുതന്നെ ആദ്യകാലത്തെ ചുരുക്കം ചില ചിത്രങ്ങൾ മാറ്റിനിർത്തിയാൽ മുഴുവൻ ചിത്രങ്ങളുടെയും രചനാശൈലിയിൽ പുതുമ അവകാശപ്പെടാം.

നീലനിറത്തിന്റെയും പച്ചയുടെയും വൈവിധ്യമാർന്ന ടോണുകൾ ഉപയോഗിച്ചുള്ള പ്രകൃതിദൃശ്യങ്ങൾ ശ്രദ്ധേയമാകുന്നു. നേരിട്ടു കാണുന്ന പ്രകൃതിയെ പുതിയൊരു ദൃശ്യാനുഭവമാക്കുക കൂടിയാണ്‌ സുചിത്ര വേണുഗോപാൽ ചെയ്‌തിരിക്കുന്നത്‌. പ്രാഥമിക നിറങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട്‌ ദ്വിതീയ വർണങ്ങൾക്ക്‌ (സെക്കന്ററി കളേഴ്‌സ്‌) പ്രാധാന്യം കൊടുത്തുകൊണ്ട്‌ പുതിയ നിറച്ചേരുവകൾ തയ്യാാക്കിയാണ്‌ ഈ ചിത്രകാരി തന്റെ ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്‌. മനുഷ്യരൂപങ്ങളുടെ വരയിൽ മാത്രമാണ്‌ ഇരുണ്ട നിറങ്ങളുടെ സാമീപ്യം കൂടുതൽ കാണാനാവുക. പൊതുവേ തെളിമയുള്ള ചിത്രതലങ്ങളാണ്‌ സുചിത്ര വേണുഗോപാലിന്റേത്‌.

പ്രദർശനത്തിലെ പകുതിയിലധികം ചിത്രങ്ങൾ മിനിയേച്ചർ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ചെറിയ വലിപ്പത്തിലുള്ളവയാണ്‌. അതുകൊണ്ട്‌ ചെറിയ ചിത്രങ്ങൾ ഒന്നിച്ച്‌ ഒറ്റചിത്രമായി കണാവുന്ന വിധമാണ്‌ ഡിസ്‌പ്ലേ ചെയ്‌തിട്ടുള്ളതും. ഒരേ ആശയത്തിലുള്ള ചെറുചിത്രങ്ങളുടെ കൂട്ടം പുതിയൊരു കാഴ്‌ചാനുഭവം പങ്കുവയ്‌ക്കുന്നു. നിരവധി പ്രമുഖരായ ചിത്രകാരരും എഴുത്തുകാരും പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ മു!ഖ്യാതിഥിയായിരുന്നു. ഈ പ്രദർശനത്തിൽനിന്നുള്ള ഊർജവുമായി വലിയ ചിത്രങ്ങളുമായി അടുത്ത പ്രദർശനത്തിന്‌ തയ്യാറെടുക്കുകയാണ്‌ സുചിത്ര. സഹായങ്ങളുമായി ഭർത്താവ്‌ വേണുഗോപാലും കുടുംബവും ഒപ്പമുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − 3 =

Most Popular