വിപ്ലവപാതയിലെ ആദ്യപഥികർ‐39
കമ്യൂണിസ്റ്റുകാർ ഈശ്വരവിശ്വാസത്തിനും മതവിശ്വാസത്തിനും എതിരാണെന്ന പ്രചാരണം തുടക്കം മുതലേയുള്ളതും ലോകവ്യാപകമായി ഉള്ളതുമാണ്. കേരളത്തിൽ തൊള്ളായിരത്തിമുപ്പതുകളിൽ ആരംഭിച്ചതാണ് ആ പ്രചരണം. ഈശ്വരനിഷേധികളായ മാർക്സിസ്റ്റുകാരുമായി ബന്ധം പാടില്ലെന്ന് ഇപ്പോഴും ചില പുരോഹിതരും മതമേധാവികളും മാത്രമല്ല, മതാധിഷ്ഠിത‐ജാത്യാധിഷ്ഠിത രാഷ്ട്രീയക്കാരും ആജ്ഞാപിച്ചുകൊണ്ടിരിക്കുന്നു. കുറുമ്പ്രനാട്ടു താലൂക്കിൽ (ഇപ്പോഴത്തെ വടകര, കൊയിലാണ്ടി താലൂക്കുകൾ) കമ്യൂണിസ്റ്റ്‐കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രവർത്തിച്ച വിപ്ലവകാരിയായിരുന്നു ടി.കെ.കെ.അബ്ദുള്ള. മാർക്സിസ്റ്റായിരിക്കെത്തന്നെ ഉറച്ച മതവിശ്വാസിയുമായിരുന്നു അബ്ദുള്ള. ഖുർ ആൻ സൂക്തങ്ങളെയും മാർക്സിസ്റ്റ് തത്വങ്ങളെയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശ്വാസികൾക്കും ഏറ്റവും ചേർന്നുപോകാവുന്നതും യഥാർഥ വിശ്വാസികളുടെ താല്പര്യത്തിന് നിരക്കുന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് സ്ഥാപിക്കാറുണ്ടായിരുന്നു.
വില്യാപ്പള്ളി കോറോത്ത് മൊയ്തീന്റെ മകൻ തച്ചർകണ്ടിയിൽ കുഞ്ഞൂട്ട്യാലിയുടെയും ചാലക്കര കുഞ്ഞിമൊയ്തീന്റെയും ആയിഷക്കുട്ടിയുടെയും മകൾ മറിയത്തിന്റെയും മകനായി 1922 ജൂലായ് ഒന്നിനാണ്് ടി.കെ.കെ.അബ്ദുള്ളയുടെ ജനനം. കുറ്റ്യാടിയിലെ ഒരു യാഥാസ്ഥിതിക കുടുംബം. അബ്ദുള്ളയുടെ മൂത്തപെങ്ങളാണ് കുഞ്ഞാമി. ടി.കെ.കെ.അബ്ദുള്ളക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ താങ്ങുംതണലുമായത് കുഞ്ഞാമിയാണ്. മുസ്ലിം പെൺകുട്ടികളെ സ്കൂളിലയക്കാതിരുന്ന അക്കാലത്ത് തന്റെ ആറു പെൺമക്കളെയും സ്കൂളിലയക്കാൻ ധൈര്യം കാട്ടിയ, അവരിലൊരാളെ നഴ്സിങ്ങ് പഠിക്കാനയച്ച പുരോഗമനവാദിയായിരുന്നു കുഞ്ഞാമി. തന്റെ അനിയൻ അബ്ദുള്ള കമ്മ്യൂണിസ്റ്റായപ്പോൾ കുടുംബത്തിലും സമുദായത്തിലുമുണ്ടായ എതിർപ്പ് വകവെക്കാതെ എല്ലാ സഹായവും ചെയ്തുകൊടുത്തത് കുഞ്ഞാമിയാണ്. അബ്ദുള്ളയെ മാത്രമല്ല, വടക്കേ മലബാറിലെ വിവിധ പ്രദേശങ്ങളിൽനിന്നെത്തുന്ന കമ്മ്യൂണിസ്റ്റുകാരെ ഒളിവിൽ സംരക്ഷിക്കാൻ സന്നദ്ധതയും ധൈര്യവും കാട്ടിയ ഉമ്മ. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ആദ്യ മുസ്ലിംവനിതയും കുഞ്ഞാമിയാണ്.
കുറ്റ്യാടിയിൽ തൊള്ളായിരത്തിമുപ്പതുകളുടെ തുടക്കത്തിൽത്തന്നെ ദേശീയപ്രസ്ഥാനം ശക്തിയാർജിച്ചിരുന്നു. മൊകേരി, വട്ടോളി തുടങ്ങിയ പ്രദേശങ്ങളിലും സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്ക് ധാരളമാളുകൾ ആകർഷിക്കപ്പെട്ടിരുന്നു. ടി.കെ.കെ.അബ്ദുള്ള സ്കൂൾ വിദ്യാർഥിയായിരിക്കെ കോൺഗ്രസ്സിന്റെ യോഗങ്ങളിലെ പ്രസംഗങ്ങൾ കേൾക്കാൻ പോകുമായിരുന്നു. കേളപ്പനും സി.കെ.ഗോവിന്ദൻനായരും മൊയാരത്ത് ശങ്കരനും എ.കെ.ഗോപാലനുമൊക്കെ ഇടക്കിടെ അവിടെ വന്ന് പ്രസംഗിച്ചു. ഈ പ്രസംഗങ്ങളാണ് അബ്ദുള്ളയെ പൊതുപ്രവർത്തനത്തിലേക്ക് ആകർഷിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവപങ്കളിയായിരുന്ന എം.അബ്ദുള്ളക്കുട്ടി മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മദ്രസ്സത്തുൽ ഇസ്ലാമിയയിലെ വിദ്യാർഥിയായിരുന്നു അബ്ദുള്ള. മദ്രസ്സ സ്കൂളിലെ പ്രഥമാധ്യാപകനായെത്തിയ പി.കുഞ്ഞിക്കണ്ണകുറുപ്പിൽനിന്നും നിന്നും പ്രചോദനമുൾക്കൊണ്ടാണ് വിദ്യാർഥിയായിരിക്കെത്തന്നെ അദദ്ദേഹം കോൺഗ്രസ്സുകാരനായത്. വിദ്വാൻ പി.കേളുനായരെുട സ്മരിപ്പിൻ ഭാരതീയരെ നമിപ്പിൻ മാതൃഭൂമിയെ എന്നുതുടങ്ങുന്ന ദേശാഭിമാനപ്രചോദിതങ്ങളായ പാട്ടുകളൊക്കെയാണ് സ്കൂളിൽനിന്ന് പഠിച്ചത്. അങ്ങനെയിരിക്കെയാണ് എ.കെ.ജി.യും സർദാർ ചന്ദ്രോത്തും നയിച്ച പട്ടിണിജാഥ കുറ്റ്യാടിവഴി എത്തിയത്. ടി.കെ.കെ. ഒരു ഓർമക്കുറിപ്പിൽ അതേക്കുറിച്ച് എഴുതിയതിങ്ങനെ” എ.കെ.ജി.യും ചന്ദ്രോത്ത് കുഞ്ഞിരാമൻ നായരും കുറ്റ്യാടിയിലെ അന്നത്തെ മീൻചാപ്പയിൽവെച്ച് ഒരു പീഞ്ഞപ്പെട്ടിയിൽ കയറിനിന്ന് പ്രസംഗിച്ചു. പട്ടിണിയായി പട്ടിണിയായി മുറുമുറെ പട്ടിണിയായി, പട്ടണത്തിലുള്ളവരും ഉൾനാട്ടുകാരും, കിടക്കുവാനിടമില്ല, ഉടുക്കുവാൻ തുണിയില്ല, കുടിക്കുവാൻ കഞ്ഞിവെള്ളംപോലുമില്ലയ്യോ, എന്ന് തുടങ്ങിയ പാട്ടുപാടുകയും പാട്ടുപുസ്തകം വിൽക്കുയുംചെയ്തു. പ്രസംഗവും പാട്ടും ഞങ്ങളെ ആകർഷിച്ചു. ജാഥയോടൊപ്പം പാലേരിവരെ നടന്നുപോവുകയും ഉണ്ടായി. അതോടുകൂടി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയോട് അടുപ്പമുണ്ടായി. അങ്ങനെ കോൺഗ്രസ് സോഷ്യലിസ്റ്റുകാരനായി. സോഷ്യലിസത്തെപ്പറ്റി ചിന്തിക്കാനും പഠിക്കാനും ശ്രമിച്ചു.’
കുറ്റ്യാടിയിൽ എം.ഗോപാലകുറുപ്പും മൊകേരിയിൽ എ.പി.കൃഷ്ണൻ, സി.എച്ച്. അനന്തൻ എന്നിവരുമായിരുന്നു സി.എസ്.പി.യുടെ നേതാക്കൾ. അബ്ദുള്ള അവരുടെ സഹപ്രവർത്തകനായി. 1938‐ൽ കെ.പി.സി.സി തീരുമാനപ്രകാരം എ.കെ.ജി.യുടെ നേതൃത്വത്തിൽ തെക്കേ മലബാറിലാകെ പര്യടനം നടത്തിയ ഹിച്കോക് സ്മാരക വിരുദ്ധജാഥയിൽ അബ്ദുള്ള അംഗമായിരുന്നു. മലബാർ കലാപം അമർച്ചചെയ്യുന്നതിന്റെ പേരിൽ കൊടുംക്രൂരതകൾ കാട്ടിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഹിച്കോക്ക്) ഏറനാട് താലൂക്കിലെ എല്ലാ കേന്ദ്രങ്ങളിലും പര്യടനം നടത്തിയ ആ ജാഥയിൽ അംഗമാകുമ്പോൾ അബ്ദുള്ളക്ക് പ്രായം 16 വയസ്സായിരുന്നു. ജാഥയിലെ പ്രസംഗകരിലൊരാളായിരുന്നു ടി.കെ.കെ. ആ വർഷംതന്നെ കുറ്റ്യാടി മലയടിവാരത്ത് കേളു ഏട്ടന്റെ നേതൃത്വത്തിൽ നടന്ന പുനം വാരമിളവ് സമരത്തിലും ടി.കെ.കെ. പങ്കുവഹിച്ചു. സമരത്തിലെ ഒരു വോളന്റിയറായിരുന്നു ടി.കെ.കെ. 1940 സെപ്റ്റംബർ 15‐ന് കെ.പി.സി.സി. ആഹ്വാനംചെയ്ത മർദനപ്രതിഷേധദിനാചരണം കുറ്റ്യാടിയിൽ വലിയ പ്രകടനത്തോടെയാണ് നടത്തിയത്. നിരോധനം ലംഘിച്ച് നടത്തിയ പ്രകടനത്തിൽ മുതിർന്ന സഖാക്കൾക്കൊപ്പം പതിനെട്ടുകാരനായ ടി.കെ.കെയും നേതൃസ്ഥാനത്തുണ്ടായിരുന്നു. ടി.കെ.കെ., കെ.ചാപ്പൻ പണിക്കർ, എൻ.പി.മൊയ്തു, കോമത്ത്പൊയിൽ കണ്ണൻ, കെ.അമ്പു കുറുപ്പ് എന്നിവരെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. പതിനെട്ടാം വയസ്സിൽ ആദ്യത്തെ ജയിൽവാസം‐ ആറുമാസത്തെ തടവുശിക്ഷ.
ജയിൽമോചിതനായെത്തിയ ടി.കെ.കെ. കോൺഗ്രസ്സിന്റെ പ്രവർത്തനത്തിൽനിന്ന് മാറി മുസ്ലിംലീഗിൽ ചേർന്നു. ലീഗിന്റെ കുറ്റ്യാടി മേഖലാ സെക്രട്ടരിയായി. എന്നാൽ അബ്ദുള്ളയുടെ പ്രവർത്തനം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടിയുള്ള രഹസ്യപ്രവർത്തനമാണെന്ന നിലയിലാണ് ലീഗിലെ പ്രമാണിമാർ കണ്ടത്. മുഹമ്ദ് അബ്ദുറഹ്മാൻ സാഹിബ് അന്തരിച്ചപ്പോൾ കുറ്റ്യാടിയിൽ ടി.കെ.കെയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഇതിന്റെപേരിൽ ടി.കെ.കെ.യ്ക്കെതിരെ ലീഗിന്റെ കടുത്ത വിദ്വേഷപ്രചരണമുണ്ടായി. അങ്ങനെയിരിക്കെയാണ് 1946ൽ ജയിൽമോചിതനായി കെ.പി.ആർ. എത്തുന്നത്. മൊകേരിയിൽ കെ.പി.ആറിന് നൽകിയ സ്വീകരണത്തിൽ ടി.കെ.കെ പങ്കെടുത്തു. ഭാര്യുടെ പേരിൽ കെ.പി.ആറിന് ടി.കെ.കെ. ഒരു സ്വർണമോതിരം സംഭാവനയായി നൽകി. അതോടെ പ്രകോപിതരായ ലീഗ് നേതൃത്വം ടി.കെ.കെ.യെ ലീഗിൽനിന്ന് പുറത്താക്കുകയും അദ്ദേഹത്തിനെതിരെ കൊലവിളിജാഥ നടത്തുകയുംചെയ്തു. അതിനെതിരെ ടി.കെ.കെയുടെ നേതൃത്വത്തിൽ ഉല്പതിഷ്ണുക്കളുടെ ജാഥയും നടന്നു. ഇരു ജാഥകളും തമ്മിൽ ഏറ്റുമുട്ടി. പരക്കെ അടിയുണ്ടായി. വധശ്രമത്തിൽനിന്ന് ടി.കെ.കെ. കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവങ്ങൾക്കു ശേഷം പ്രദേശത്തെ മുസ്ലിം യുവാക്കളെ സംഘടിപ്പിച്ച് യൂത്തുലീഗ് ഉണ്ടാക്കിയെങ്കിലും മുന്നോട്ടുപോയില്ല. കമ്മ്യൂണിസ്റ്റ് പ്രചാരമാണതൊക്കെയെന്ന പ്രചാരണമാണ് വിജയിച്ചത്. തുടർന്ന് ടി.കെ.കെ.യും കൂട്ടരും മറയില്ലാതെ കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിൽ സജീവമായി. കർഷകസംഘം കെട്ടിപ്പടുക്കുന്നതിനുള്ള ചുമതലയാണ് പാർട്ടി ടി.കെ.കെ.യ്ക്ക് നൽകിയത്. താലൂക്കിലെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ച് കർഷകസംഘം പ്രവർത്തനങ്ങൾ ഊർജിതമാക്കി, സമരങ്ങൾ നയിച്ചു. സംഘത്തിന്റെ താലൂക്ക് സെക്രട്ടറിയായിരുന്നു ടി.കെ.കെ. മദിരാശി മുഖ്യമന്ത്രി ടി.പ്രകാശം തലശ്ശേരിക്കുള്ള വഴിമധ്യേ വടകരയിലെത്തിയപ്പോൾ കർഷകസംഘം ഒരു നിവേദനം കൊടുക്കാൻ ശ്രമിച്ചു. നിവേദനം കൊടുക്കാൻ വിട്ടില്ലെന്നുമാത്രമല്ല മുഖ്യമന്ത്രിയുടെ കാർ തടഞ്ഞുവെന്നാരോപിച്ച് ടി.കെ.കെയടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്‌തു പോലീസ്. ഇതേ ഘട്ടത്തിൽത്തന്നെയാണ് മൊകേരിയിലെ കമ്മ്യൂണിസ്റ്റ് നേതാവായ പി.കുഞ്ഞിരാമൻ നമ്പ്യാരെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ ശ്രമങ്ങളെ നാട്ടുകാർ തടഞ്ഞത്.
മൊകേരി പ്രദേശം മലബാറിലാകെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒളിവിൽ പാർപ്പിക്കുന്ന രക്ഷാകേന്ദ്രമാണെന്നായിരുന്നു എം.എസ്.പി.യും കോൺഗ്രസ്സും കരുതിയിരുന്നത്. കെ.സി.കുഞ്ഞാപ്പുമാസ്റ്റരും പുന്നപ്രയിലെ കെ.എസ്. ബെന്നുമടക്കമുള്ളവർ അവിടെ ഒളിവിൽ കഴിയുന്നുണ്ടായിരുന്നു. കുഞ്ഞാപ്പുമാസ്റ്റരുടെ നേതൃത്വത്തിൽ വോളന്റിയർ പരിശീലനവും പലേടത്തായി നടക്കുന്നുണ്ടായിരുന്നു. കൃഷ്ണപിള്ള, ഇ.എം.എസ്. കെ.ദാമോദരൻ എന്നിവരെല്ലാം പല ഘട്ടങ്ങളിലായി മൊകേരിയിലും ഒഞ്ചിയത്തുമായി ഒളിവിൽ കഴിയുകയുണ്ടായി. കിട്ടാവുന്ന അവസരങ്ങളിൽ മൊകേരിയിൽ അതിക്രമംകാട്ടുന്നതിന് ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. 1947 മാർച്ച് 18ന് പാരീസ് കമ്യൂൺദിനാചരണവും എ.ഐ.ടി.യു.സിയുടെ അവകാശപ്രഖ്യാപനവും നടക്കുന്നു. അതിന്റെ ഭാഗമായി നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനം മൊകേരിയിൽ നടന്നു. ആ പ്രകടനം നിരോധിക്കുകയും പ്രകടനത്തലേക്ക് പോലീസ് ഇരച്ചുകയറുകയും വെടിയുതിർക്കുയുമായിരുന്നു. റാലിയിലെ പ്രധാന പ്രസംഗകനായ കുഞ്ഞിരാമൻ നമ്പ്യാരെയും വി.പി.ബാലകൃഷ്ണനെയും അറസ്റ്റ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് വാറണ്ടുമായെത്തിയത്. പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെച്ചു. ചാലുറമ്പത്ത് കണാരനും കുനിയിൽ അനന്തക്കുറുപ്പിനും വെടിയേറ്റു. പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന വയലാർ സമരനേതാക്കളിലൊരാളായ കെ.എസ്. ബെന്നാണ് വെടിയേററവരെ ആശുപത്രിയിലെത്തിച്ചത്.
മൊകേരി വെടിവെപ്പുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ചാർജ്ചെയ്ത കേസിൽ ടി.കെ.കെ. അബ്ദുള്ളയെയും പ്രിതിയാക്കി. അതേ തുടർന്ന് കൊണ്ടോട്ടി, നിലമ്പൂർ, കരുവാരക്കുണ്ട്, മഞ്ചേരി എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ് കർഷകസംഘവും പാർട്ടിയും സംഘടിപ്പിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടു. സ്വാതന്ത്ര്യദിനത്തിലാണ് നാട്ടിൽ തിരിച്ചെത്തിയത്.
ഈ സംഭവത്തിനെല്ലാംമുമ്പ് കുടിയൊഴിപ്പിക്കലിനെതിരായ നിരവധി സമരങ്ങൾക്ക് ടി.കെ.കെ. നേതൃത്വം നൽകുകയുണ്ടായി. അതിലാദ്യത്തേത് സ്വന്തം സഹോദരിയായ കുഞ്ഞാമിയെ ജന്മി ഇറക്കിവിട്ടതിനെതിരായ സമരമാണ്. പാലേരിയിലെ ജന്മി കുഞ്ഞാമിയെ കുടിയിറക്കുകയും അവർ താമസിച്ച വീട് പൊളിക്കുകയുംചെയ്തു. ഇതിനെതിരെ അബ്ദുള്ളതന്നെ നേതൃത്വംൽകി സമരം നടത്തുകയും വിജയിക്കുകയുംചെയ്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാവുന്നതിന്റെ മുന്നൊരുക്കമായി മങ്കടയിൽ ഇടതുപക്ഷ കെ.പി.സി.സി.യുടെ നേതൃ്ത്വത്തിൽ 1939 മെയ് എട്ടുമുതൽ ജൂൺ അഞ്ചുവരെ നടന്ന സമ്മർസ്കൂളിൽ പങ്കെടുത്ത 79 പേരിൽ ഒരാൾ ടി.കെ.കെ. അബ്ദുള്ളയായിരുന്നു.
1948‐ൽ കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ്സിൽ കുറുമ്പ്രനാട് താലൂക്കിൽനിന്ന് പ്രതിനിധികളായി പങ്കെടുത്തത് കേളു ഏട്ടനും ടി.കെ.കെയുമാണ്. കൊൽക്കത്താ തീസിസിനെ തുടർന്ന് ഒളിവിൽ പ്രവർത്തിക്കാനാണ് തീരുമാനമെന്നതിനാൽ ഫറോക്ക്, കൊയിലാണ്ടി എന്നിവിടങ്ങളിൽ താമസിച്ചാണ് ടി.കെ.കെ. പാർട്ടിസംഘടനാപ്രവർത്തനം നടത്തിയത്. പാർട്ടിയുടെ താലൂക്ക് കമ്മിറ്റി യോഗം ചേരുന്നതിനായാണ് 1948 ഏപ്രിൽ 29‐ന് ഒഞ്ചിയത്തെത്തുന്നത്. ഒഞ്ചിയം സംഭവത്തെ തുടർന്ന് വീണ്ടും ഒളിവിലേക്ക്. എന്നാൽ കൊൽക്കത്താ തീസിസിനോട് കടുത്ത വിയോജിപ്പായതിനാൽ നിരാശനായിരുന്നു ടി.കെ.കെ. അപ്രായോഗിമായ തീരുമാനം ആപത്കരവും ആത്മഹത്യാപരവുമാണെന്ന ചിന്തയിലായിരുന്നു മറ്റുപലരെയുംപോലെ ടി.ക.കെയും. അറസ്റ്റ് ചെയ്തോട്ടെ എന്ന വിചാരത്തോടെ അദ്ദേഹം ഒളിവിൽനിന്ന് പുറത്തുവന്ന് കുറ്റ്യാടി ജുമാ അത്ത് പള്ളിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അവിടെവെച്ച് അറസ്റ്റുചെയ്ത് വടകര ലോക്കപ്പിലിട്ട് ദിവസങ്ങളോളം നീണ്ട മർദനം. മൂന്നുമാസം വടകര സബ്ജയിലിലും തുടർന്ന് പുറത്തുവന്ന ടി.കെ.കെ. തൽക്കാലം സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ട് വടകര‐ കുറ്റ്യാടി ബോട്ട് സർവീസ് നടത്തുകയായിരുന്നു രണ്ട് വർഷത്തോളം. പാർട്ടിയുടെ നിരോധനം പിൻവലിച്ച്ശേഷം വീണ്ടും സജീവപ്രവർത്തനം. കർഷകസംഘം സംസ്ഥാന സെക്രട്ടറിമാരിലൊരാളായി. 1951‐ൽ മദിരാശി നിയമസഭയിലേക്ക് നാദാപുരം മണ്ഡലത്തിൽനിന്ന് കമ്മ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസ് സ്ഥാനാർഥിയായ ഇ.കെ.ശങ്കരവർമരാജയോട് 500 വോട്ടിന് തോറ്റു. ഉറച്ച മതവിശ്വാസിയായ ടി.കെ.കെ. അബ്ദുള്ളയുടെ ഹജ്ജ് മോഹം യാഥാർഥ്യമാക്കാൻ സാമ്പത്തികമായി സഹായിച്ചത് പാർട്ടി സഖാക്കളും കൂടിച്ചേർന്നാണ്. ബോംബെയിൽനിന്ന് ഹജ്ജിനുള്ള കപ്പലിലേക്ക് യാത്രയാക്കിയത് എ.കെ.ജി.യുംകൂടി ചേർന്നാണ്. ചൈനാചാരന്മാരെന്ന് ആരോപിച്ച് കമ്മ്യൂണിസ്റ്റുകാർ ജയിലിലടയ്ക്കപ്പെട്ടപ്പോൾ അതിൽ ടി.കെ.കെയും ഉൾപ്പെട്ടിരുന്നു. ഒരുവർഷത്തിലേറെ കണ്ണൂർ സെൻട്രൽ ജിയിലിൽ കൂത്താളി സമരത്തിൽ വലിയ പങ്കുവഹിച്ച് ടി.കെ.കെ കുടിയൊഴിപ്പിക്കലിനെതിരെ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ മദ്രാസ് ഹൈക്കോടതി ദേശാഭിമാനി എഡിറ്റർ ഇന്ദുചൂഢനും ലേഖകനായ ടി.കെ.കെ.അബ്ദുള്ളയക്കുമെതിരെ കോടതിയലക്ഷ്യക്കേസെടുത്തിരുന്നു. ♦