Sunday, September 8, 2024

ad

Homeപുസ്തകംചിന്തയിലെ ഓർമകൾ

ചിന്തയിലെ ഓർമകൾ

ജി വിജയകുമാർ

എം എസിന്റെ ആത്മകഥയെക്കുറിച്ച്‌ അതെഴുതിയകാലത്ത്‌ ഉയർന്നുവന്ന വിമർശനം അതിൽ ആത്മാംശം കുറവും രാഷ്‌ട്രീയവും സാമൂഹികവുമായ വശം മുഴച്ചുനിൽക്കുന്നുമായിരുന്നു. സ്വജീവിതത്തിലുടനീളം താൻ ജീവിച്ച സാമൂഹ്യ‐രാഷ്‌ട്രീയ പശ്ചാത്തലത്തിൽനിന്ന്‌ വേറിട്ടൊരു ജീവിതം ഇല്ലാതിരുന്ന മഹാനായ ഇ എം എസിന്റെ ആത്മകഥ അതുകൊണ്ടുതന്നെ അങ്ങനെയേ ആകൂ എന്നതാണ്‌ യാഥാർഥ്യം.

എന്നാൽ ‘‘ചിന്തയും ജീവിതവും’’ എന്ന നാരായണൻ ചെമ്മലശ്ശേരിയുടെ (ചിന്തയിലെ കൊച്ചു സി പിയുടെ) ആത്മകഥ മറ്റേതൊരു ആത്മകഥയെയും പോലെ ആത്മാംശത്തിൽ ഈന്നിനിന്നുകൊണ്ടുള്ളതു തന്നെയാണ്‌. ഞാൻ, എന്നെ ചുറ്റിത്തിരിയുന്ന ഞാൻ എന്ന ശൈലിയാണ്‌ ഈ കൃതിയിൽ അവലംബിച്ചിട്ടുള്ളത്‌. ഇതൊരു പോരായ്‌മയായി കാണാനേ ആവില്ല. കാരണം, സ്വന്തം ജീവിതപശ്ചാത്തലവും ജീവിതവും സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണല്ലോ ആത്മകഥാരചനയുടെ ലക്ഷ്യം തന്നെ. എന്നാൽ സ്വന്തം കഥയെഴുത്തിലൂടെ സമൂഹത്തെ, ചുറ്റുവട്ടങ്ങളെക്കൂടി പ്രതിഫലിപ്പിക്കാതെയും തരമില്ല. അത്‌ ഈ ആത്മകഥയിൽ അതിമനോഹരമായി നിർവഹിച്ചിട്ടുമുണ്ട്‌. ഈ കൃതിയുടെ 12‐ാം പേജിൽ പറയുന്നത്‌ നോക്കൂ: ‘‘സാക്ഷാൽ വി ടി ഭട്ടതിരിപ്പാടിന്റെ സഹോദരനാണ്‌ ചെറിയമ്മയെ വിവാഹം കഴിച്ചത്‌. വിവാഹം എന്നൊന്നും പറഞ്ഞുകൂടാ. പാലൂരിൽ ഒരമ്പലത്തിൽ അദ്ദേഹത്തിന്‌ ശാന്തിപ്പണി കിട്ടി. അപ്പോൾ ഒരു കിടപ്പിന്റെ വട്ടം, അത്‌ ഏറെക്കാലം നിലനിന്നതുമില്ല. നിലനിൽക്കണമെന്ന്‌ അത്‌ നടത്തിച്ച കാരണവന്മാർക്കും താൽപര്യമുണ്ടായിരുന്നില്ല. അതാണല്ലോ കാലം’’. ഏതാനും ചില ചെറിയ വാക്കുകളിലൂടെ എത്ര ശക്തമായ സാമൂഹ്യവിമർശനമാണ്‌ നടത്തുന്നത്‌ എന്ന്‌ നോക്കൂ. ആ കാലഘട്ടത്തിലെ സാമൂഹ്യാവസ്ഥയാണ്‌, തന്റെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവകഥനത്തിലൂടെ ഈ കൃതിയിൽ പ്രശ്‌നവൽക്കരിച്ചിരിക്കുന്നത്‌.

കുടുംബം, കുട്ടിക്കാലം, വിദ്യാഭ്യാസം, പിന്നീട്‌ കുറച്ചുകാലം സ്‌കൂൾ അധ്യാപകനായും ബിരുദാനന്തര ബിരുദം നേടിയശേഷം കുറച്ചുകാലം കോളേജ്‌ അധ്യാപകനായും ജോലിനോക്കിയത്‌; പിന്നീട്‌ തിരുവനന്തപുരത്ത്‌ ആയുർവേദ കോളേജിൽ പ്രവേശനം ലഭിച്ച തന്റെ സഹോദരിപുത്രന്‌ തുണയായി തിരുവനന്തപുരത്തേക്ക്‌ ജീവിതം പറിച്ചുനടാനുള്ള തീരുമാനം; അങ്ങനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി; അവിടെ ജോലിചെയ്യവെ തന്നെ ചിന്തയിൽ പത്രാധിപസമിതി അംഗമായി ചേർന്നത്‌; ഒടുവിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനോട്‌ പൂർണമായും വിടപറഞ്ഞു. സാമ്പത്തികനഷ്ടം നേരിട്ടുകൊണ്ട്‌ ചിന്തയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടത്‌; 44 വർഷത്തെ നിസ്‌തുലമായ സേവനത്തിനുശേഷം ചിന്തയിൽ വിടപറയുന്നതുവരെയുള്ള ജീവിതരേഖയാണ്‌ ഹ്രസ്വവും ഹൃദ്യവുമായ തന്റെ ആത്മകഥയിൽ നാരാണൻ ചെമ്മലശ്ശേരി അടയാളപ്പെടുത്തിയിട്ടുള്ളത്‌. ഇതിനിടയിൽ തന്നെ വിവാഹം, കുട്ടികൾ, അവരുടെ വിദ്യാഭ്യാസവും വിവാഹവും അവരുടെ കുട്ടികളും ഇങ്ങനെ വ്യക്തിജീവിതത്തിന്റെ സമസ്‌താംശങ്ങളും സരളമായും കൃത്യമായും അദ്ദേഹം ഈ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇതിനിടയിൽ തനിക്ക്‌ പരിചയപ്പെടാൻ കഴിഞ്ഞ, ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ള നിരവധി വ്യക്തികളെക്കുറിച്ചും അതിമനോഹരമായി, ചെറിയ വാക്കുകളിൽ പറഞ്ഞുപോകുന്നുണ്ട്‌. എത്രയും വേഗം എഴുതി പൂർത്തിയാക്കാനുള്ള ഒരു തിടുക്കം ഈ കൃതിയിൽ ഉടനീളം കാണാനാകുന്നുണ്ട്‌. വിദ്യാഭ്യാസകാലം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ കാലം, ചിന്തയിലെ ജീവിതം ഈ ഘട്ടങ്ങളെക്കുറിച്ചെല്ലാം ഗ്രന്ഥകാരന്‌ വളരെയേറെ പറയാനുണ്ടാകുമെന്നുറപ്പാണ്‌. എൻ വി കൃഷ്‌ണവാര്യരെ പോലെ പ്രഗത്ഭനായ ഒരു സാഹിത്യ‐സാംസ്‌കാരിക നായകന്റെ നേതൃത്വത്തിൽ നിരവധി സാഹിത്യകാരന്മാർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചിരുന്ന കാലത്താണ്‌ ജീവിതത്തെ അടയാളപ്പെടുത്താവുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാവാതെ തരമില്ല. അതേപോലെ തന്നെ ചിന്തയിൽ പ്രവർത്തിച്ചിരുന്നപ്പോൾ ഇ എം എസ്‌, ഇ കെ നായനാർ, വി എസ്‌ തുടങ്ങി പാർട്ടി നേതാക്കൾക്കും ചിന്ത പത്രാധിപസമിതിയിൽ ഒപ്പമുണ്ടായിരുന്ന സി പി, കെ ഇ കെ, പ്രൊഫ. എം എസ്‌ ദേവദാസ്‌, പി ജി തുടങ്ങിയവരുമായെല്ലാം ഒന്നിച്ചുള്ള അനുഭവങ്ങളും ഏറെ പങ്കുവയ്‌ക്കാനുണ്ടാകുമെന്നുറപ്പാണ്‌. അത്തരം അനുഭവങ്ങളാകെ അടയാളപ്പെടുത്തുന്നത്‌ കേരളത്തിന്റെ രാഷ്‌ട്രീയ സാംസ്‌കാരിക ചരിത്രത്തിനു നൽകുന്ന ഗ്രന്ഥകാരന്റെ സംഭാവനമായിരിക്കുമെന്നുറപ്പാണ്‌. ഈ ഗ്രന്ഥത്തിന്‌ ഒരു പുതിയ പതിപ്പ്‌ അതെല്ലാം കൂട്ടിച്ചേർത്ത്‌ പ്രസിദ്ധീകരിക്കേണ്ടത്‌ അനിവാര്യതയാണ്‌.

അതുപോലെ ഒട്ടേറെ യാത്രകൾ ഇന്ത്യക്കകത്തും പുറത്തുമായി നടത്തിയിട്ടുള്ള ഗ്രന്ഥകാരന്‌ ആ യാത്രയെക്കുറിച്ചും അതിനിടയിൽ കണ്ടതും പരിചയപ്പെട്ടതുമായ മനുഷ്യരെക്കുറിച്ചെല്ലാം ചിലതു പറയാനുണ്ടാകും. അത്തരം ഓർമകളും അനുഭവങ്ങളും കൂടി വായനക്കാരുമായി പങ്കുവയ്‌ക്കേണ്ടത്‌ ഈ കൃതിയുടെ പൂർണതയ്‌ക്ക്‌ അനുപേക്ഷണീയവുമാണ്‌.

ഋജുവും മനോഹരവുമായ എഴുത്തുരീതിയാണ്‌, അതീവ ലളിതവും ആകർഷകവുമായ ഒരു ശൈലിയാണ്‌ ഈ കൃതിയിലുടനീളം അവലംബിച്ചിട്ടുള്ളത്‌. അതുപോലെ തന്നെ ആത്മാർഥവും സത്യസന്ധവുമായ വസ്‌തുതാകഥനമാണ്‌ ഈ ആത്മകഥയുടെ മറ്റൊരു സവിശേഷത. ഗ്രന്ഥകാരന്റെ സവിശേഷമായ നർമബോധം പ്രകടമാകുന്ന ഹൃദ്യമായ ഒട്ടേറെ സന്ദർഭങ്ങളും ഈ കൃതിയിലുടനീളം കാണാവുന്നതാണ്‌. വിവാഹം നിശ്ചയിച്ചതിനെക്കുറിച്ചു പറയുന്നത്‌ നോക്കൂ: ‘‘ഓഫീസിലെത്തി ഡയറക്ടറോട്‌ വിവാഹക്കാര്യം പറഞ്ഞു. അദ്ദേഹത്തിന്‌ ചിപ്പിയുടെ അച്ഛനെ അറിയാം. രണ്ടുപേരും കുറച്ചുകാലം കേരളവർമ കോളേജിലുണ്ടായിരുന്നുവെന്ന്‌ തോന്നുന്നു. നല്ല ബന്ധമാണെന്നു പറഞ്ഞ്‌ അദ്ദേഹം ആശംസിച്ചു. അന്നുതന്നെ എം ആർ സിയെ (പ്രൊഫ. എം ആർ ചന്ദ്രശേഖരൻ) കണ്ടപ്പോഴാണ്‌ അദ്ദേഹം ചൂണ്ടിക്കാണിച്ച വഴുതക്കാട്ടെ ഹേമമാലിനി ഇതുതന്നെയാണെന്ന്‌. രൂപമറിയാത്ത, പേരറിയാത്ത എന്റെ പഴയ സുന്ദരി. ചിപ്പിയുടെ തങ്കച്ചേച്ചിയുടെ ക്ലാസ്‌മേറ്റാണ്‌ എം ആർ സി’’. (പേജ്‌ 68) കുറേക്കാലം മുമ്പ്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപ്രവർത്തകനായ എം ആർ സിയുമൊത്ത്‌ നടക്കുമ്പോൾ തിരുവനന്തപുരത്ത്‌ വഴുതക്കാട്ടുള്ള ഒരു വീട്ടിലേക്ക്‌ ചൂണ്ടി ഈ വീട്ടിൽ ‘‘എന്റെ പരിചയത്തിൽ’ ’ ഹേമമാലിനിയെപ്പോലെ (ആ കാലത്ത്‌ പ്രശസ്‌തയായ ഹിന്ദി സിനിമാനടി) സുന്ദരിയായ ഒരു പെൺകുട്ടിയുണ്ട്‌. ഒരാലോചന നടത്തട്ടെയെന്ന്‌ എം ആർ സി ചോദിച്ചപ്പോൾ രക്ഷിതാക്കൾ പ്രത്യേകിച്ചും സഹോദരിയും ഭർത്താവും കണ്ടെത്തുന്ന പെൺകുട്ടിയെയായിരിക്കും താൻ വിവാഹം കഴിക്കുന്നത്‌ എന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറിയ സംഭവമാണ്‌ ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടത്‌.

മറ്റൊരു സന്ദർഭം ഇങ്ങനെയാണ്‌. ഹൃദ്‌രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായ ശസ്‌ത്രക്രിയയ്‌ക്ക്‌ മുമ്പുള്ള പരിശോധനകളെക്കുറിച്ച്‌ പറയുന്നത്‌ നോക്കൂ: ‘‘എനിക്ക്‌ യാതൊരു മുന്നറിയിപ്പും തരാതെ എന്നെ എംആർഐ സ്‌കാനിങ്ങിന്‌ വിധേയനാക്കി. ആധുനിക സജ്ജീകരണങ്ങളെല്ലാമുണ്ടെങ്കിലും ശവപ്പെട്ടി പോലുള്ള ഒരു സ്‌ഫടികക്കൂട്‌. എന്നെ അതിൽ കയറ്റിക്കിടത്തി. കയ്യും കാലും കെട്ടി അനങ്ങാൻ വയ്യാത്ത വിധത്തിലാക്കി; സ്‌കാനിങ്‌ മെഷീനിലേക്ക്‌ ഉന്തിക്കയറ്റി. ഒന്നും കാണാൻ പറ്റാത്തവിധം കണ്ണുകെട്ടിയിരുന്നുവെന്ന്‌ തോന്നുന്നു. എത്രനേരം വേണം ഈ ബന്ധനമെന്നറിയില്ല. എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കാനുണ്ട്‌. ശവപ്പെട്ടിയിൽ കയറിക്കൂടിയ പാവങ്ങളിലെ ഴാങ്‌ വാൽ ഴാങ്‌ പെട്ടിയുടെ മേലേ മണ്ണുവന്ന്‌ വീഴുമ്പോൾ ഞെട്ടുന്നതുപോലെ ഞാൻ ഞെട്ടി’’. (പേജ്‌ 117)

മറ്റൊരു ജീവിതസന്ദർഭം ഇങ്ങനെ വിവരിക്കുന്നു: ‘‘അതിനു മുമ്പത്തെ മുപ്പത്തിയഞ്ച്‌ കൊല്ലത്തിൽ ഒരിക്കലും എന്നെ കുടുംബസമേതം പെട്ടിക്കടയ്‌ക്കു മുന്നിൽ കണ്ടിട്ടില്ലാത്ത കടക്കാരൻ തങ്കപ്പൻ സഖാവിന്റെ ചോദ്യം: ‘അല്ല, സഖാവെ, വയസ്സുകാലത്ത്‌ ഒരു കല്യാണം കഴിച്ചോ?’’. (പേജ്‌ 120)

ഈ ആത്മകഥ തികച്ചും മനോഹരമായ വായനാനുഭവം നൽകുന്നതാണെന്നതിൽ രണ്ടുപക്ഷമുണ്ടാവില്ലെന്നുറപ്പാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + four =

Most Popular