Sunday, July 14, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്വികസന സമ്പദ്ശാസ്ത്രത്തിലെ 
മാർക്സിയൻ വഴികൾ– 3

വികസന സമ്പദ്ശാസ്ത്രത്തിലെ 
മാർക്സിയൻ വഴികൾ– 3

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 45

രുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന മാർക്സിസ്റ്റ് സാമ്പത്തികശാസ്ത്രജ്ഞനായിരിക്കും പോൾ സ്വീസി. മുതലാളിത്ത വളർച്ചയുടെ സിദ്ധാന്തം (Theory of capitalist development – 1942), പോൾ ബാരനുമായി ചേർന്നെഴുതിയ കുത്തക മുതലാളിത്തം (Monopoly capitalism 1966) എന്നിവയാണ് സ്വീസിയുടെ സുപ്രധാന ഗ്രന്ഥങ്ങൾ. യുദ്ധാനന്തര കാലത്ത് മാർക്സിയൻ സാമ്പത്തിക സിദ്ധാന്തങ്ങൾക്ക് സാധൂകരണം തേടാനും അതോടൊപ്പം അതിനെ സമകാലിക യാഥാർഥ്യങ്ങൾക്കൊത്ത് വികസിപ്പിക്കാനും സ്വീസി നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. ഹയാക്കിന്റെയും (Friedrich von Hayek) ലിയോണൽ റോബിൻസിന്റെയും (Lionel Robbins) ശിഷ്യത്വത്തിൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച സ്വീസി ഹാർവാർഡിൽ ജോസഫ് ഷുംപ്റ്ററുടെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയതിനുശേഷം സ്വതന്ത്രമായ ഗവേഷണ പഠനങ്ങളിലേക്ക് തിരിഞ്ഞു .1949ൽ ആരംഭിച്ച Monthly Review വിന്റെ പത്രാധിപർ എന്ന നിലയിലാണ് അദ്ദേഹം ഒരു പക്ഷെ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്‌.

മാർക്സിസസവുമായി ബന്ധമില്ലാത്ത അക്കാഡമിക് പ്രബന്ധങ്ങളാണ് ആദ്യഘട്ടത്തിൽ സ്വീസി ചെയ്തിട്ടുള്ളത്. ആദ്യകാല സ്വീസി തികഞ്ഞ കെയ്നീഷ്യനായിരുന്നു. ഗവണ്മെന്റ് സ്പെൻഡിങ് ആണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള മാർഗം എന്ന കെയ്നീഷ്യൻ സിദ്ധാന്തത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പ്രബന്ധങ്ങൾ എഴുതി. ഈ കാലഘട്ടത്തിൽ ഒലിഗോപോജിസ്റ്റിക് ഫെർമുകളെക്കുറിച്ച് അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തിലെ മൗലിക രചനയായി കണക്കാക്കപ്പെടുന്നു .

1942ൽ Theory of capitalist development പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കും കെയ്നീഷ്യൻ അർത്ഥശാസ്ത്ര സങ്കല്പങ്ങളുടെ പരിമിതികൾ ബോധ്യപ്പെട്ട് പൂർണമായും മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തിന്റെ വഴികളിലേക്ക് സ്വീസി തിരിഞ്ഞിരുന്നു. നാല് ഭാഗങ്ങളുള്ള ഈ പുസ്തകത്തിന്റെ ആദ്യ മൂന്ന് ഭാഗങ്ങളും മാർക്സിയൻ അർത്ഥശാസ്ത്ര സങ്കല്പങ്ങളെ വിശദീകരിക്കുന്നവയാണ്. അവസാന ഭാഗത്താണ് തന്റെ സ്വന്തം നിരീക്ഷണങ്ങൾ സ്വീസി മുന്നോട്ടു വെയ്ക്കുന്നത്.

മിച്ചമൂല്യത്തെ സംബന്ധിച്ച വിശദമായ പരിശോധനയാണ് ഒന്നാം ഭാഗത്ത്. മാർക്സിന്റെ രീതിശാസ്ത്രത്തെ സംബന്ധിച്ച ചർച്ചയും, ചരക്കുല്പാദനത്തെയും വിനിമയത്തേയും കുറിച്ചുള്ള വിശകലനവുമാണ് ഇവിടെ സ്വീസി ചെയ്യുന്നത്. മൂല്യത്തെ (value) സംബന്ധിച്ച ഗുണപരവും (qualitative) അളവുപരവുമായ (quantitative) പരിശോധനയാണ് ഈ ഭാഗത്തിലെ രണ്ട് അധ്യായങ്ങൾ, വളരെ മൗലികമായ നിരീക്ഷണങ്ങൾ സ്വീസീ ഇവിടെ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അമൂർത്തമായ അധ്വാനത്തെയും (abstract labour) ചരക്കുകളുടെ വിഗ്രഹവൽക്കരണത്തെയും (commodity fetishism) സംബന്ധിച്ച ചർച്ചയും സ്വീസി ഈ ഭാഗത്ത് നടത്തുന്നു. മിച്ചമൂല്യത്തെയും മൂലധനത്തെയും സംബന്ധിച്ച വിശദമായ ചർച്ചയാണ് ഈ ഭാഗത്തെ അവസാന അധ്യായം.

മൂലധന സഞ്ചയത്തെകുറിച്ചാണ് (Accumulation of capital) രണ്ടാം ഭാഗം. ലളിതമായ ഉല്പാദനത്തെയും വികസ്വരമായ ഉല്പാദനത്തെയും കുറിച്ച്, മൂലധന സഞ്ചയത്തിന്റെ വഴികളെക്കുറിച്ച്, ലാഭത്തോതിലെ അനിവാര്യമായ കയറ്റിറക്കങ്ങളെക്കുറിച്ച് മാർക്സ് നടത്തുന്ന വിശകലനമാണ് ഈ അധ്യായങ്ങളിലെ പ്രധാന ചർച്ചാവിഷയം. അതോടൊപ്പം തൊഴിൽശക്തിയുടെ കരുതൽസേന (reserve army of labour) അനിവാര്യമാക്കി മാറ്റുന്ന മുതലാളിത്ത പ്രക്രിയയെക്കുറിച്ചും ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നു. തൊഴിലില്ലായ്മ ഒഴിവാക്കുക ഒരിക്കലും മൂലധനം ആധിപത്യം വഹിക്കുന്ന ഒരു സമൂഹത്തിൽ സാധ്യമല്ല എന്ന മാർക്സിയൻ സിദ്ധാന്തം ഇവിടെ കൂടുതൽ വിശദമാക്കപ്പെടുന്നു.

മുതലാളിത്ത ഉല്പാദനവ്യവസ്ഥ എന്തുകൊണ്ട് അനിവാര്യമായും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് മൂന്നാം ഭാഗത്ത്‌ വിശദീകരിക്കുന്നു. ഉത്പാദനം അതിന്റെ ആവശ്യകതയെ സ്വയം സൃഷ്ടിക്കുമെന്നും സ്വാഭാവികമായും അത് മുഴുവൻപേർക്കും തൊഴിൽ നൽകുന്നതിനിടയാക്കുമെന്നുള്ള സെയിസ് നിയമത്തിന്റെ (say`s law) മാർക്സിയൻ നിരാകരണം ഇവിടെ കൂടുതൽ വ്യക്തമാക്കുന്നു. ഉല്പാദിക്കപ്പെടുന്ന ചരക്കുകൾ വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുക എന്ന മുതലാളിത്തം നേരിടുന്ന യഥാർത്ഥ പ്രതിസന്ധിയെ സംബന്ധിച്ച മാർക്സിന്റെ നിരീക്ഷണങ്ങളുടെ ശാസ്ത്രീയ വിശകലനമാണ് ഇവിടെ സ്വീസി ചെയ്യുന്നത്. ഉപഭോഗക്കുറവിനെ (under consumption) സംബന്ധിച്ച് മൂലധനത്തിന്റെ രണ്ടാം വോളിയത്തിൽ മാർക്സ് നടത്തുന്ന നിരീക്ഷണങ്ങളും, ഇത് സംബന്ധിച്ച് ഓസ്ട്രിയൻ സൈദ്ധാന്തികനായ ഓട്ടോ ബോർ (Otto Bauer) രൂപപ്പെടുത്തിയ മാത്തമറ്റിക്കൽ മോഡലും ഇവിടെ ചർച്ച ചെയ്യുന്നു.

ക്ലാസ്സിക്കൽ മാർക്സിസം നടത്തിയ അർത്ഥശാസ്ത്ര വിശകലനത്തിന്റെ അതിരുകൾ വിട്ട് നീങ്ങുന്ന സ്വീസിയെ ആണ് അവസാന അദ്ധ്യായത്തിൽ കാണാൻ സാധിക്കുക. സാമ്രാജ്യത്വം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഭാഗത്ത് ഭരണകൂടവും കമ്പോളവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ, അമിതമായ കേന്ദ്രീകരണത്തിലേക്ക് നീങ്ങുന്ന മുതലാളിത്ത ഉല്പാദന സമ്പ്രദായങ്ങളും സ്ഥാപനങ്ങളും സംബന്ധിച്ച് സ്വീസി സ്വയം നടത്തുന്ന നിരീക്ഷങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൂലധനത്തിന്റെ അമിതമായ കേന്ദ്രീകരണം, വൻകിട കോർപറേഷനുകളുടെ വളർച്ച, അവ തമ്മിലുണ്ടാകുന്ന കൂട്ടായ്മയുടെ വിവിധ രൂപങ്ങൾ എന്നിവ വിസ്തരിക്കപ്പെടുന്നു. ദേശീയതയുടെ രൂപീകരണം, വംശീയതയുടെ ആവിർഭാവം, ഫാസിസത്തിന്റെ ഉദയം, ഈ പ്രക്രിയയ്ക്ക് പിന്നിലുള്ള സാമ്പത്തിക ഘടകങ്ങൾ എന്നിവയെ സംബന്ധിച്ച തങ്ങളുടെ മൗലിക നിരീക്ഷണങ്ങൾ സ്വീസി ഇവിടെ നടത്തുന്നു. ഫാസിസത്തെ സംബന്ധിച്ച വിശദമായ ചർച്ചയ്ക്കായി ഒരു അധ്യായം മുഴുവനും നീക്കി വെച്ചിരിക്കുന്നു.

കുത്തകകളുടെ കുതിച്ചുയരലും സാമ്പത്തിക അസ്ഥിരതകളും സംബന്ധിച്ച നിരീക്ഷണങ്ങളിൽ ഇതിനു ശേഷം സ്വീസി ഏറെ മുന്നോട്ടു പോയി. Theory of capitalist development പ്രസിദ്ധീകരിച്ച് 25 വർഷങ്ങൾക്ക് ശേഷമാണ് ബാരനുമായി ചേർന്നെഴുതിയ Monopoly Capital പ്രസിദ്ധീകരിക്കുന്നത്.

മൂന്നാം ലോക രാജ്യങ്ങളെ ചൂഷണം ചെയ്ത് വികസിത മുതലാളിത്ത രാജ്യങ്ങൾ വളരുന്നതിനെ സംബന്ധിച്ചും, യഥാർത്ഥ മിച്ചമൂല്യവും (actual surplus) സാധ്യമായ മിച്ചമൂല്യവും (potential surplus) സംബന്ധിച്ച് വളരെ മൗലികമായ നിരീക്ഷണങ്ങൾ ബാരൻ നടത്തിയിരുന്നു . Monopoly Capital എന്ന കൃതിയിൽ ബാരന്റെ സംഭാവനകൾ ഏറെ നിർണയകമാണ്. ബാരന്റെ മരണശേഷമാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെടുന്നത്. മുതലാളിത്തത്തിന്റെ സഹജസ്വഭാവമായ മത്സരാത്മകത യഥാർത്ഥ വിലയെ നിശ്ചയിക്കും എന്നതാണല്ലോ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ സമകാലിക ലോകത്തെ ഈ ടെക്സ്റ്റ് ബുക്ക് എക്കണോമിക്സിന് ഒരു പ്രസക്തിയുമില്ല എന്ന് ഭംഗ്യന്തരേണ പറഞ്ഞു വെയ്ക്കുന്ന പുസ്തകമാണ് Monopoly Capital. എല്ലാത്തരത്തിലുമുള്ള ആരോഗ്യകരമായ മത്സരാത്മകതയും എടുത്തു മാറ്റിയ, കുത്തകകൾ സമ്പൂർണ ആധിപത്യം പുലർത്തുന്ന ഒന്നായി യുദ്ധാനന്തരകാലത്തെ മുതലാളിത്തം മാറിക്കഴിഞ്ഞിരുന്നു. വൻതോതിൽ മിച്ച മൂല്യം കവർന്നെടുക്കുന്നതിനും ഉപഭോഗശേഷിയില്ലാത്തെ വലിയൊരു വിഭാഗത്തെ സൃഷ്ടിക്കുന്നതിനും ഇത് ഇടയാക്കുന്നു. ഇതിനെ മറികടക്കാനായി മിലിറ്ററി ചിലവുകൾ വൻതോതിൽ വർദ്ധിപ്പിച്ചും ഭരണകൂടത്തിന്റെ ആസൂത്രിതമായ ഇടപെടലുകളിലൂടെയും ഈ പ്രതിസന്ധി മുറിച്ചു കടക്കാൻ മുതലാളിത്തത്തിന് കഴിയുന്നു. ഈ പ്രക്രിയയുടെ വിശദമായ പരിശോധനയാണ് Monopoly Capital.

സ്വീസി ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നില്ല. മാവോയുടെ ചൈനയോടായിരുന്നു സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയേക്കാൾ സ്വീസിക്ക് ആഭിമുഖ്യം. സോഷ്യൽ ഡെമോക്രാറ്റ് എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിൽ അവസാനകാലത്തെ സ്വീസിയെ നമുക്ക് വേണമെങ്കിൽ ഉൾപ്പെടുത്താം. അത് എന്ത് തന്നെയായാലും യുദ്ധാനന്തര കാലത്തെ മുതലാളിത്ത പ്രക്രിയയെ പഠിക്കുന്നതിന് സ്വീസി നടത്തിയ പഠനങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + eight =

Most Popular