Monday, September 9, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിനും 
സഹകരണ 
പ്രസ്ഥാനവും

ലെനിനും 
സഹകരണ 
പ്രസ്ഥാനവും

ഡോ. ടി എം തോമസ് ഐസക്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ സഹകരണപ്രസ്ഥാനം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈയൊരു തിരിച്ചറിവാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കൈയടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കുത്സിതനീക്കങ്ങൾക്കു പിന്നിലെ ചേതോവികാരം. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അനുഭവങ്ങളെക്കുറിച്ച് വിപുലമായ സാഹിത്യമുണ്ട്. എന്നാൽ മാർക്സിസ്റ്റ്- – ലെനിനിസ്റ്റ് സിദ്ധാന്തവുമായി സഹകരണ പ്രസ്ഥാനത്തെ പ്രത്യക്ഷത്തിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വിശകലനങ്ങൾ തുലോം കുറവാണ്. എന്നാൽ സഹകരണ പ്രസ്ഥാനം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു വിശകലനവും വിലയിരുത്തലും പ്രധാനമാണ്. ഇതിനേറെ സഹായകരമാണ് ഇതു സംബന്ധിച്ച ലെനിന്റെ ലേഖനങ്ങൾ. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള മാർക്സിന്റെ ലേഖനങ്ങൾ മലയാളത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ലെനിന്റെ ലേഖനങ്ങളെക്കുറിച്ച് എന്റെ അറിവിൽ ഗൗരവമായ ഒരു പരാമർശവും ഉണ്ടായിട്ടില്ല.

സഹകരണ സിദ്ധാന്തത്തിനുള്ള ലെനിന്റെ സംഭാവനകളെ നാലായി തിരിക്കാം:
ഒന്ന്, ഉട്ടോപ്യൻ സോഷ്യലിസ്റ്റ് സഹകരണ പദ്ധതികളോടുള്ള വിമർശനം. ഇത്തരം ദർശനങ്ങൾ സഹകരണ സംഘങ്ങളെ വർഗ്ഗസമരത്തോടോ തൊഴിലാളിവർഗ രാഷ്ട്രീയത്തോടോ ബന്ധപ്പെടുത്തുന്നില്ല എന്നതാണു അദ്ദേഹത്തിന്റെ വിമർശനം.

രണ്ട്, സാമൂഹ്യവിപ്ലവത്തിന്റെ ആവശ്യകത തള്ളിക്കളഞ്ഞ് പടിപടിയായി സഹകരണത്തിലൂടെ സോഷ്യലിസത്തിൽ എത്താവുന്ന പരിഷ്കരണവാദ ചിന്താഗതിയെയാണ് അദ്ദേഹം തള്ളിക്കളയുന്നത്. അതേസമയം തൊഴിലാളി പ്രസ്ഥാനത്തെയും രാഷ്ട്രീയത്തെയും ശക്തിപ്പെടുത്തുന്നതിന് സഹകരണ സംഘങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകും. ഇതിനനുയോജ്യമായ സഹകരണ പ്രസ്ഥാന ഘടനയേയും രീതികളേയും കുറിച്ച് ലെനിൻ പ്രതിപാദിക്കുന്നുണ്ട്.

മൂന്ന്, വിപ്ലവാനന്തര സമൂഹത്തിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങൾക്ക് എന്തു പങ്കുവഹിക്കാൻ കഴിയും? ആഭ്യന്തര യുദ്ധത്തിൽ വിജയം നേടിയശേഷം പുത്തൻ സാമ്പത്തിക നയം (എൻഇപി) സംബന്ധിച്ച് ലെനിൻ എഴുതിയ ലേഖനങ്ങളിലാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്.

നാല്, സഹകരണ പ്രസ്ഥാനത്തിൽ ട്രേഡ് യൂണിയന്റെ പങ്കെന്ത്? ഈ ചോദ്യവും വിപ്ലവാനന്തരകാലത്തെ മൂർത്തമായ ചില പ്രശ്നങ്ങളെ ആസ്പദമാക്കിയാണ് ലെനിൻ പരിശോധിച്ചിട്ടുള്ളത്. പക്ഷേ, അതു സംബന്ധിച്ച് അദ്ദേഹം എത്തിച്ചേരുന്ന നിഗമനങ്ങൾ വിപ്ലവപൂർവ്വകാലഘട്ടത്തിലും ഏറെക്കുറെ സാധുവാണ്.

ഉട്ടോപ്യൻ സോഷ്യലിസവും സഹകരണവും
ഇംഗ്ലണ്ടിൽ സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രയോക്താക്കൾ ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോബർട്ട് ഓവൻ ന്യൂ ലാനാർക് എന്ന ഒരു മാതൃകാ വ്യവസായ പട്ടണം സൃഷ്ടിക്കാനുള്ള പദ്ധതിയിൽ നിന്നാണ് ഈ ധാര ആരംഭിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പ്രാമാണ്യത്തിലേക്ക് ഉയർന്ന ക്രിസ്ത്യൻ സോഷ്യലിസ്റ്റ് പദ്ധതികൾ സഹകരണ സംഘങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇവിടെ നിന്ന് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ശക്തിപ്രാപിച്ച ബിയാട്രിസ് വെബ്, ബർണാഡ് ഷാ തുടങ്ങിയവരുടെ ഫാബിയൻ സോഷ്യലിസത്തിന്റെ അടിത്തറ സഹകരണ സംഘങ്ങളായിരുന്നു.

രാഷ്ട്രീയ സമരങ്ങൾ ഒഴിവാക്കി സഹകരണത്തിലൂടെ പടിപടിയായി സാമൂഹ്യവ്യവസ്ഥയെത്തന്നെ മാറ്റാമെന്ന ചിന്താഗതിക്കെതിരായി മാർക്സ് രംഗത്തുവന്നു. ഇംഗ്ലണ്ടിലെ ആദ്യത്തെ തൊഴിലാളി രാഷ്ട്രീയപ്രസ്ഥാനം രൂപംകൊണ്ടത് തൊഴിലാളികളുടെ അവകാശങ്ങൾക്കും ഭരണപരിഷ്കാരത്തിനും വേണ്ടിയുള്ള ഒരു ചാർട്ടർ മുന്നോട്ടുവച്ചുകൊണ്ടാണ്. ഇവരെയാണ് ചാർട്ടറിസ്റ്റുകൾ എന്നു വിളിക്കുന്നത്. അവരുടെ ‘നോട്ട്-സ് ടു ദി പീപ്പിൾ’ എന്ന മാസികയിൽ ചാർട്ടറിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായ ഏണസ്റ്റ് ജോൺസുമായി ചേർന്ന് മാർക്സ് ഉട്ടോപ്യൻ സഹകരണ ദർശനത്തിനെതിരെ നിശിതവിമർശനമുയർത്തി. സഹകരണ സംഘങ്ങൾ രൂപീകരിക്കലല്ല തൊഴിലാളി രാഷ്ട്രീയപ്രസ്ഥാനം കെട്ടിപ്പടുക്കലാണ് മുഖ്യകടമ എന്നായിരുന്നു മാർക്സിന്റെ വാദം. രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് പുതിയ സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടേണ്ടത്.

രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയെന്ന മാർക്സിസ്റ്റ് മുദ്രാവാക്യത്തോട് അരാജകവാദ (അനാർകിസ്റ്റ്) ചിന്താഗതിക്കാർക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. ഭരണകൂടത്തെ പിടിച്ചെടുക്കുകയല്ല, തകർത്ത് ഇല്ലാതാക്കുകയാണു വേണ്ടത് എന്നതായിരുന്നു അവരുടെ നിലപാട്. ഭരണകൂടം തകർന്നു കഴിഞ്ഞാൽ സ്വാഭാവികമായും ജനങ്ങൾ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾ രൂപീകരിച്ചുകൊള്ളും. റഷ്യക്കാരൻ ക്രോപ്ടോകിൻ ആയിരുന്നു ഇത്തരം രാഷ്ട്രീയം മുന്നോട്ടുവച്ചത്. ഇവർക്ക് റഷ്യയിലെ നരോദനിക് ചിന്താഗതിക്കാർക്കിടയിൽ സ്വാധീനമുണ്ടായിരുന്നു. റഷ്യയിൽ മുതലാളിത്തം വളരില്ല. അതുകൊണ്ട് വിപ്ലവത്തിന്റെ ആവശ്യമില്ല. റഷ്യൻ ഗ്രാമങ്ങൾ സഹകരണാടിസ്ഥാനത്തിൽ നേരിട്ട് സോഷ്യലിസത്തിലേക്കു പൊയ്ക്കൊള്ളും എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. ലെനിന്റെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇത്തരം നരോദനിക് ചിന്താഗതിക്കെതിരായ രൂക്ഷവിമർശനങ്ങളായിരുന്നു. റഷ്യയിൽ മുതലാളിത്തം വളർന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തൊഴിലാളിവർഗ പാർട്ടിയും തൊഴിലാളിവർഗ വിപ്ലവവും അനിവാര്യമാണെന്നുമായിരുന്നു ലെനിന്റെ നിലപാട്.

പിന്നീട് വിപ്ലവം കഴിഞ്ഞ് സഹകരണ സംഘങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നവേളയിൽ ലെനിൻ തന്റെ ആദ്യകാല നിലപാടുകളെ ന്യായീകരിക്കുന്നത് ഇപ്രകാരമാണ്: “പഴയ സഹകാരികളുടെ സ്വപ്നങ്ങളിൽ അതിശയകരമായ ഭ്രമാത്മകത കാണാനാകും. പലപ്പോഴും അവർ അതിശയകരമായ വിഡ്ഢിത്തങ്ങളായിരുന്നു. എന്തുകൊണ്ടാണ് അവ ഭ്രമാത്മകമാകുന്നത്? അവർ ചൂഷകരുടെ ഭരണത്തെ അട്ടിമറിക്കുന്നതിനു വേണ്ടിയുള്ള തൊഴിലാളിവർഗ്ഗ രാഷ്ട്രീയ സമരത്തിന്റെ പരമപ്രാധാന്യം തിരിച്ചറിയുന്നില്ല എന്നതുതന്നെ.”

തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും 
സഹകരണ പ്രസ്ഥാനവും
പാരീസ് കമ്യൂണിനെ തുടർന്ന് യൂറോപ്പിൽ വിപ്ലവ വേലിയിറക്കമായിരുന്നു. പുതിയ സാഹചര്യത്തിൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ പുതിയ സമീപനങ്ങൾ ഏറ്റവും വ്യക്തതയോടെ മുന്നോട്ടുവച്ച ഒരു രേഖയാണ് 1864-ൽ മാർക്സ് നടത്തിയ ഇന്റർനാഷണലിന്റെ ഉദ്ഘാടന പ്രസംഗം. (Inaugural address of the Working Men`s International Association). മാർക്സിന്റെ വാക്കുകളിൽ “വർഗ്ഗവൈരുദ്ധ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ സമൂഹത്തെ പരിവർത്തനം ചെയ്യുന്ന ശക്തികളിൽ ഒന്നാണ്” സഹകരണ പ്രസ്ഥാനം. പക്ഷേ ഇന്ന് അവ ഒറ്റപ്പെട്ട തൊഴിലാളികളുടെ മുൻകൈയുടെ അടിസ്ഥാനത്തിൽ ചെറുരൂപങ്ങളിൽ ഒതുങ്ങിനിൽക്കുന്നു. ഇവ മുതലാളിത്ത സമൂഹത്തെ മാറ്റിമറിക്കില്ല. എന്നാൽ അതിനായുള്ള സാമൂഹ്യവിപ്ലവത്തിൽ തൊഴിലാളികളെ അണിനിരത്തുന്നതിൽ സഹകരണ പ്രസ്ഥാനത്തിനു പങ്കുവഹിക്കാൻ കഴിയും.

മാർക്സിന്റെ ഈ ചിന്താസരണി ലെനിൻ കൃത്യമായി വികസിപ്പിച്ചെടുത്തു. ഇതു സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് രേഖകൾ 1910-ൽ കോപ്പൻഹാഗിനിൽ ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസിൽ സഹകരണ സംഘങ്ങളെക്കുറിച്ചുള്ള ചർച്ച സംബന്ധിച്ച് ലെനിൻ എഴുതിയ രണ്ട് രേഖകളാണ്. ((1) Draft resolution on co-operative societies from the Russian Social Democratic delegation at the Copenhagen Congress, (2) The question of co-operative societies at the International Socialist Congress in Copenhagen). ഇവ രണ്ടും സമാഹൃതകൃതികളിൽ 16-–ാം വാല്യത്തിൽ ലഭ്യമാണ്. അന്നത്തെ അന്തർദേശീയ തൊഴിലാളി പ്രസ്ഥാനത്തിനിടയിൽ നിലനിന്നിരുന്ന മൂന്ന് വ്യത്യസ്ത ചിന്താസരണികളും ലെനിന്റെ നിലപാടും കൃത്യമായി അടയാളപ്പെടുത്തുന്ന രേഖകളാണിവ.

ആദ്യത്തേത്, ബൽജിയം പാർട്ടിയുടെ രേഖയായിരുന്നു. സഹകരണ സംഘങ്ങളുടെ പരിമിതികളെ വ്യക്തമാക്കുന്നതോടൊപ്പം സഹകരണ സംഘങ്ങളെ വർഗ്ഗസമരത്തിൽ ഒരു ആയുധമായിട്ട് ഈ രേഖ വിലയിരുത്തി. അതോടൊപ്പം അവയും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടു.

രണ്ടാമത്തേത്, ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടിയുടെ നിലപാടാണ്. സഹകരണ പ്രസ്ഥാനത്തെ അകമഴിഞ്ഞ് പുകഴ്ത്തിക്കൊണ്ടുള്ള രേഖയാണത്. തൊഴിലാളി സഹകരണ സംഘങ്ങളും പൊതു സഹകരണ സംഘങ്ങളും തമ്മിലുള്ള വ്യത്യാസം അത് കാണുന്നില്ല. സഹകരണ സംഘങ്ങൾക്ക് രാഷ്ട്രീയപക്ഷപാതിത്വം പാടില്ലയെന്ന നിലപാടാണത് സ്വീകരിച്ചത്.

മൂന്നാമത്തേത്, ഫ്രഞ്ച് പാർട്ടിയിലെ ന്യൂനപക്ഷത്തിന്റെ രേഖയായിരുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ നേട്ടം അവയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും എന്ന് അത് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികൾ സഹകരണ സംഘങ്ങളിൽ ചേരുന്നതുവഴി സാമ്പത്തിക നേട്ടങ്ങൾ മാത്രമല്ല, ഭാവി സമൂഹത്തിലെ സാധ്യതകളെക്കുറിച്ചുള്ള ബോധവും അവരിൽ സൃഷ്ടിക്കാൻ സഹായിച്ചേക്കാം. പക്ഷേ, മിഥ്യാബോധനത്തിനെതിരെ ജാഗ്രത പാലിക്കണം. സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജപ്പെടുത്തുന്നതിനു വിപ്ലവം അനിവാര്യമാണ്.

ഒന്നും രണ്ടും രേഖകളിലെ പല നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ലെനിൻ അദ്ദേഹത്തിന്റെ കരട് പ്രമേയം മുന്നോട്ടുവച്ചത്. മൂന്ന് നേട്ടങ്ങളാണ് സഹകരണ പ്രസ്ഥാനംകൊണ്ട് നേടാനാകുന്നത്. ഒന്ന്, ഇടനിലക്കാരുടെ സാന്നിധ്യം ഒഴിവാക്കുന്നതുവഴി തൊഴിലാളികളുടെ നില മെച്ചപ്പെടുത്തുന്നതിന് ഉപഭോക്തൃ സഹകരണ സംഘങ്ങൾ സഹായിക്കും. രണ്ട്, അതുവഴി ഉല്പന്നങ്ങൾ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും സംഘങ്ങളുടെയും നില മെച്ചപ്പെടുത്തുന്നതിനു സഹായിക്കും. മൂന്ന്, സാമ്പത്തിക–-രാഷ്ട്രീയ സമരങ്ങളിൽ തൊഴിലാളികൾക്ക് വലിയ പിന്തുണ നൽകുന്നതിന് സഹകരണ സംഘങ്ങൾക്കു കഴിയും. സമരകാലത്തും ലോക്കൗട്ട് കാലത്തും തൊഴിലാളികളുടെ പ്രതിരോധം ശക്തിപ്പെടുത്താനാകും.

അതേസമയം ലെനിൻ സഹകരണ പ്രസ്ഥാനത്തിന്റെ രണ്ട് പരിമിതികളും ചൂണ്ടിക്കാണിച്ചു. ഒന്ന്, ഉല്പാദനോപാധികൾ ചൂഷകവർഗ്ഗത്തിന്റെ കൈയിൽ കുത്തകയായിരിക്കുന്നിടത്തോളം കാലം സഹകരണ പ്രസ്ഥാനംകൊണ്ട് നേടാനാകുന്ന പുരോഗതിക്ക് പരിമിതികളുണ്ട്. രണ്ട്, ഉപഭോക്തൃ സഹകരണ സംഘങ്ങൾ മൂലധനത്തിനെതിരായ സമരത്തിൽ പ്രത്യക്ഷ സമരായുധമല്ല. മാത്രമല്ല, വിപ്ലവം ഇല്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന വ്യാമോഹവും സൃഷ്ടിക്കപ്പെടാം.

ഇവ വ്യക്തമാക്കിക്കൊണ്ട് ലെനിൻ നാല് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു:

ഒന്ന്, തൊഴിലാളികൾ ഉപഭോക്തൃ സഹകരണ സംഘങ്ങളിൽ അംഗങ്ങളാവുകയും അവയുടെ പുരോഗതിയെ എല്ലാവിധത്തിലും പിന്താങ്ങുകയും വേണം. ഇതിന് ഈ സംഘങ്ങളുടെ ജനാധിപത്യ സ്വഭാവം ഉറപ്പുവരുത്തണം.

രണ്ട്, സഹകരണ സംഘങ്ങളുടെ അംഗങ്ങൾക്കിടയിൽ വർഗ്ഗസമരത്തെയും സോഷ്യലിസത്തെയും കുറിച്ചുള്ള ശക്തമായ പ്രചാരണം നടത്തണം.

മൂന്ന്, തൊഴിലാളി പ്രസ്ഥാനവുമായിട്ടുള്ള പൂർണ്ണസഹകരണം ഉറപ്പുവരുത്തുന്നതിനു ശ്രമിക്കണം.

നാല്, ഉല്പാദന സഹകരണ സംഘങ്ങൾ ഉപഭോക്തൃ സഹകരണ സംഘങ്ങളുമായി ചേർന്നു പ്രവർത്തിക്കണം.

മാർക്സ് ഫാബിയൻ സോഷ്യലിസ്റ്റുകാരുടെ കൺസ്യൂമർ സഹകരണ സംഘങ്ങളുടെ അതിപ്രസരത്തിനെതിരെയാണ് വിമർശനം ഉയർത്തിയതെങ്കിൽ ലെനിൻ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ അവസ്ഥകൂടി പരിഗണിച്ച് ഉപഭോക്തൃ സഹകരണ സംഘങ്ങളെ ഉല്പാദന സഹകരണ സംഘങ്ങളുടെ സംരക്ഷണ കവചമായിട്ടാണു കണ്ടത്.

സഹകരണ സംഘങ്ങളും 
വിപ്ലവാനന്തര 
സോവിയറ്റ് യൂണിയനും
സോവിയറ്റ് വിപ്ലവം കഴിഞ്ഞ് ആദ്യ വർഷങ്ങൾ പൂർണ്ണമായും പാശ്ചാത്യരാജ്യങ്ങളുടെ പ്രതിവിപ്ലവ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിലാണു ലെനിൻ മുഴുകിയത്. യുദ്ധകാല കമ്യൂണിസം എന്ന പേരാണ് ഈ കാലഘട്ടത്തിലെ നയങ്ങൾക്കു വീണത്. എല്ലാം യുദ്ധ വിജയത്തിനുവേണ്ടി എന്ന മുദ്രാവാക്യം കമ്പോളത്തെയും സ്വകാര്യ ഉല്പാദകരെയും പൂർണ്ണമായും അവഗണിച്ചു. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ ലെനിൻ പുത്തൻ സാമ്പത്തികനയം (New Economic Policy) ആവിഷ്കരിച്ചു. ചെറുകിട ഉല്പാദകർക്കു പ്രവർത്തന സ്വാതന്ത്ര്യം നൽകി. കാർഷികമേഖലയിൽ ധനിക കൃഷിക്കാരുടെ ഒരു വർഗ്ഗം ഉയർന്നുവന്നു. ആസൂത്രണത്തോടൊപ്പം കമ്പോളത്തിനും ഒരു പരിധിവരെ സ്വാതന്ത്ര്യം നൽകി. പലർക്കും ഈ മാറ്റം ഒട്ടും ദഹിച്ചില്ല. അതുകൊണ്ട് പല വിവാദങ്ങളും ഉണ്ടായി.

എന്നാൽ ലെനിന്റെ നിലപാട് വളരെ സുവ്യക്തമായിരുന്നു. വിപ്ലവം നടന്നു; അധികാരം തൊഴിലാളി വർഗത്തിന്റെ കൈകളിലാണ്. പക്ഷേ, എല്ലാം പൊതു ഉടമസ്ഥതയുടെ കീഴിലെ ഉല്പാദന വ്യവസ്ഥയാക്കാൻ കഴിയുംവിധം ഉല്പാദനശക്തികളുടെ സാമൂഹ്യവൽക്കരണം വിപുലപ്പെട്ടിട്ടില്ല. അതുകൊണ്ട് ചെറുകിട ഉല്പാദനം അനിവാര്യമാണ്. ചെറുകിട ഉല്പാദകരുടെയും തൊഴിലാളികളുടെയും സഹകരണ സംഘങ്ങൾക്ക് ഈയൊരു സാഹചര്യത്തിൽ സുപ്രധാന പങ്കുവഹിക്കാനാകും. ഈ ഘട്ടത്തിൽ ലെനിൻ എഴുതിയ രേഖകളാണ് സഹകരണത്തെക്കുറിച്ച് (On Co-operation) എന്ന പേരിൽ സമാഹൃതകൃതികളിൽ 33-–ാം വാല്യത്തിൽ കൊടുത്തിട്ടുള്ളത്.

പുതിയ സാമ്പത്തികനയത്തിന്റെ ആദ്യഘട്ടങ്ങളിൽ സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ലയെന്ന സ്വയം വിമർശനം ലെനിൻ നടത്തുന്നു. മുൻകാലത്ത് സഹകരണ സംഘങ്ങളെക്കുറിച്ചു നടത്തിയിരുന്ന വിമർശനത്തിന്റെ തികട്ടൽ പുതിയ കാലത്തും തുടർന്നു. പക്ഷേ, ഇപ്പോൾ സാഹചര്യം മാറി. മുഖ്യഉല്പാദനോപാധികൾ പൊതു ഉടമസ്ഥതയിലാണ്. ഇത് പുതിയ സാധ്യത തുറക്കുന്നുണ്ട്. രണ്ടാമതായി ലെനിൻ ചൂണ്ടിക്കാണിക്കുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിൽ സുപ്രധാന പരിവർത്തനരൂപമാണ് സഹകരണ സംഘം എന്നുള്ളതാണ്. ചെറുകിട ഉല്പാദകർക്ക് പ്രത്യേകിച്ച് കൃഷിക്കാർക്ക് മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഉല്പാദന സംഘടനാ രീതിയാണിത്. സഹകരണ സംഘങ്ങളുടെ പ്രോത്സാഹനത്തിനു വായ്പകളും ധനസഹായങ്ങളും പ്രത്യേകം നൽകണമെന്ന്- ലെനിൻ നിർദ്ദേശിച്ചു.

സഹകരണ സംഘങ്ങളും 
ട്രേഡ് യൂണിയനുകളും
സഹകരണ സംഘങ്ങളും ട്രേഡ് യൂണിയനുകളും തമ്മിലുള്ള ബന്ധം മറ്റൊരു വിവാദവിഷയമായിരുന്നു. തൊഴിലാളി സഹകരണ സംഘത്തിൽ ഉടമസ്ഥർ തൊഴിലാളികളാണ്. അവരാണ് മാനേജ്മെന്റിനെ നിശ്ചയിക്കുന്നത്. അപ്പോൾ പിന്നെ അവിടെ ട്രേഡ് യൂണിയനു പ്രസക്തിയെന്ത്? യൂറോപ്പിൽ യൂണിയനുകൾ തൊഴിലാളി സഹകരണ സംഘങ്ങളെ കണ്ടത് സമരകാലങ്ങളിൽ ഒരു പ്രതിരോധ ഉപകരണമായിട്ടാണ്. എന്നാൽ പുതിയ സാഹചര്യത്തിൽ സർക്കാർ പിന്തുണയോടെ സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ യൂണിയന്റെ പങ്ക് എന്തായിരിക്കും?

സോവിയേറ്റ് സാമൂഹ്യവ്യവസ്ഥയിൽ ട്രേഡ് യൂണിയനകളുടെ പങ്ക് എന്തായിരിക്കുമെന്ന് സോവിയറ്റ് യൂണിയനിൽ നടന്ന സംവാദത്തെ ഓർമ്മിപ്പിക്കുന്ന തർക്കമാണ് മുകളിൽ സൂചിപ്പിച്ചത്. ട്രോട്സ്കിയെ പോലുള്ളവർ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൽ യൂണിയനുകൾക്കു പ്രസക്തിയില്ലെയെന്ന പക്ഷക്കാർ ആയിരുന്നു. അവർ മാനേജ്മെന്റിനു വഴങ്ങി പ്രവർത്തിക്കണം. ഇതിനു നേർ വിപരീതമായിരുന്നു ഷിലിയപിനിക്കോവ് തുടങ്ങിയവരുടെ നിലപാട്. ലെനിൻ ഇവർ രണ്ടുപേർക്കുമെതിരെ നിശിതമായ വിമർശനവുമായി മുന്നോട്ടുവന്നു. പല ലേഖനങ്ങളും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം 1922-ൽ ലെനിൻ തയ്യാറാക്കിയ Draft thesis on the role and functions of the trade unions under the new economic policy എന്ന രേഖയാണ്. ലെനിന്റെ നിലപാട് മേൽപ്പറഞ്ഞ രണ്ടു വാദഗതികൾക്കും ഇടയിലായിരുന്നു.

ട്രേഡ് യൂണിയനും മാനേജ്മെന്റിനും തമ്മിൽ മുൻകാലത്തെന്നപ്പോലെ ശത്രുതാപരമായ ബന്ധമല്ല. പക്ഷേ, പരിവർത്തനവേളയിൽ രണ്ടിനും വ്യത്യസ്തമായ ചുമതലകളും കാഴ്ചപ്പാടുകളും ഉണ്ടാകും. ഇത്തരം വൈരുധ്യങ്ങൾ തീർക്കപ്പെടുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ഇടപെടലിലൂടെയായിരിക്കും. സാഹചര്യമനുസരിച്ചുള്ള അയവേറിയ നിലപാടുകൾ പാർട്ടിക്കു സ്വീകരിക്കേണ്ടി വരും.

സഹകരണ സംഘങ്ങളിലും ഈ നിലപാട് സാധുവാണ്. ഒരു ഇടത്തരം സാമ്പത്തികസ്ഥാപനത്തിൽ സ്വതന്ത്രമായ മാനേജ്മെന്റ് അനിവാര്യമാണ്. തൊഴിലാളികൾതന്നെ മാനേജ്മെന്റിനെ നിശ്ചയിച്ചാലും കാലക്രമേണ അവർ അന്യവൽക്കരിക്കപ്പെട്ട് വിരുദ്ധനിലപാടുകൾ സ്വീകരിച്ചേക്കാം. ഇത് സംഘർഷങ്ങൾ സൃഷ്ടിക്കാം. എന്നു മാത്രമല്ല, കമ്പോള വ്യവസ്ഥയ്ക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ കമ്പോള സമ്മർദ്ദങ്ങൾ തൊഴിലാളി താല്പര്യങ്ങൾക്കെതിരായിട്ടുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തൊഴിലാളി സഹകരണ സംഘത്തിലും ട്രേഡ് യൂണിയനുകൾക്കു പ്രസക്തിയുണ്ട്. മൂർത്തമായ സാഹചര്യത്തെ ആസ്പദമാക്കിയാണ് അവയുടെ പ്രവർത്തനരീതികളെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.

സഹകരണ പ്രസ്ഥാനം ഇന്ത്യയിൽ
മാർക്സിന്റെയും ലെനിന്റെയും അനുഭവത്തിൽനിന്നു വ്യത്യസ്തമായ സ്വഭാവങ്ങൾ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടുകൂടിയാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം വികസിച്ചത്. യൂറോപ്പിലോ അമേരിക്കയിലോ ഇങ്ങനെയൊരു പങ്ക് സർക്കാരിനു കാണാനാകില്ല. മാത്രമല്ല, സോവിയറ്റ് യൂണിയനിലെപ്പോലെ സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനം എന്ന കാഴ്ചപ്പാടമല്ല ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനുള്ളത്; മറിച്ച്, മുതലാളിത്ത വികസന തന്ത്രത്തിന്റെ ഭാഗമാണത്. ഇന്ത്യയിൽ അടിക്കടിയുണ്ടായ ക്ഷാമനിവാരണത്തിന്റെ ഭാഗമായാണ് കൊളോണിയൽ കാലത്ത് ഹുണ്ടികക്കാരെ അകറ്റിനിർത്താൻ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്. സ്വാതന്ത്ര്യാനന്തരകാലത്ത് പഞ്ചവത്സര പദ്ധതികളുടെ അഭേദ്യഭാഗമായിത്തീർന്നു സഹകരണ സംഘങ്ങൾ. ഭരണഘടനയുടെ നിർദ്ദേശക തത്ത്വങ്ങളിൽ സഹകരണ സംഘങ്ങളുടെ പ്രോത്സാഹനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പാശ്ചാത്യരാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഏറ്റവും വലിയ ഊന്നൽ ഇന്ത്യയിൽ ലഭിച്ചത് ക്രെഡിറ്റ് സഹകരണ സംഘങ്ങൾക്കാണ്. പ്രതിസന്ധിയിലായ പരമ്പരാഗത വ്യവസായ മേഖലകളെ പുനഃസംഘടിപ്പിക്കുന്നതിനും സഹകരണ സംഘങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇന്നിപ്പോൾ ഏതാണ്ടെല്ലാ മേഖലകളിലും സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് 60 ലക്ഷം സംഘങ്ങളിലായി 2.5 കോടി അംഗങ്ങൾ സഹകരണ പ്രസ്ഥാനത്തിലുണ്ട്.

ഇന്ത്യയിൽ കേരളമാണ് സഹകരണ മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനമാണ് കേരളത്തിലെ ജനസംഖ്യയെങ്കിലും സഹകരണ അംഗത്വത്തിന്റെ 17 ശതമാനവും ഓഹരി മൂലധനത്തിന്റെ 7 ശതമാനവും കേരളത്തിലാണ്. ഇതിൽ കേരളത്തിലെ മാറിമാറി വന്ന സർക്കാരുകൾ സ്വീകരിച്ച സഹകരണ പ്രോത്സാഹന നയങ്ങളും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മുൻകൈയും പങ്കുവഹിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാമ്പത്തിക വികസനത്തിലും ജനക്ഷേമത്തിലും വലിയൊരു പങ്ക് സഹകരണ സംഘങ്ങൾ വഹിച്ചിട്ടുണ്ട്. എന്നാൽ അവയുടെ ജനാധിപത്യപരവും അഴിമതിരഹിതവുമായ പ്രവർത്തനം പൂർണ്ണമായും ഉറപ്പുവരുത്തുന്നതിന് നമുക്കു കഴിഞ്ഞിട്ടില്ല. ഇത് രാഷ്ട്രീയമായിട്ടുള്ള ഒരു വീഴ്ചയാണ്. ഇടതുപക്ഷത്തിനു മേധാവിത്വമുള്ള സംഘങ്ങളിൽപ്പോലും ലെനിൻ അടിവരയിട്ട രാഷ്ട്രീയവൽക്കരണം ശരിയായ രീതിയിൽ നടക്കുന്നില്ല. ഇതു സംബന്ധിച്ച് സ്വയംവിമർശനപരമായ ഒരു പരിശോധനയും തിരുത്തലും അനിവാര്യമാണ്.

ഇതുപറയുമ്പോൾ തന്നെ കാര്യക്ഷമവും ജനക്ഷേമകരവുമായി പ്രവർത്തിക്കുന്ന ഏറെ സഹകരണ സംഘങ്ങളുണ്ട് എന്നതും അവയിൽ ചിലവ വൈവിധ്യവൽക്കരണത്തിലൂടെ ദേശീയ-–അന്തർദേശീയ പ്രസക്തിയിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട് എന്നതും വസ്തുതയാണ്. ഇത് മറന്നുകൊണ്ടല്ല മേൽപ്പറഞ്ഞ ദൗർബല്യം ചൂണ്ടിക്കാണിക്കുന്നത്.

ഭരണകൂടത്തിന്റെ സഹകരണ പ്രസ്ഥാനത്തോടുള്ള നിലപാടും നിയോലിബറൽ കാലത്തു മാറിയിട്ടുണ്ട്. സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും പടിപടിയായി കേന്ദ്ര സർക്കാർ പിൻവാങ്ങുകയാണ്. പൂർണ്ണമായ കോർപ്പറേറ്റുവൽക്കരണമാണ് അവരുടെ ലക്ഷ്യം. പൊതുമേഖലയെ സംരക്ഷിക്കുന്നതുപോലെ പ്രധാനമാണ് സഹകരണ മേഖലയെ സംരക്ഷിക്കുന്നതും.

ഇതിനു പുറമേ സഹകരണ പ്രസ്ഥാനത്തെ കേന്ദ്ര സർക്കാരിന്റെ വരുതിയിലാക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമങ്ങൾ നടക്കുകയാണ്. അതിനുവേണ്ടി കേന്ദ്ര സർക്കാരിനു കഴിയാത്ത കാര്യങ്ങൾ റിസർവ്വ് ബാങ്കിനെക്കൊണ്ടും ചെയ്യിച്ചുകൊണ്ടിരിക്കുകയാണ് മോദി സർക്കാർ. നവകേരള സൃഷ്ടിയിൽ സുപ്രധാനമായ സ്ഥാനമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു വഹിക്കാനുള്ളത്. കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ വിജയിച്ചാൽ അത് സംസ്ഥാനത്തിന്റെ വികസനത്തിനു വലിയൊരു തിരിച്ചടിയായിരിക്കും.

മാർക്സിന്റെയും ലെനിന്റെയും സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള നിലപാടുകളിലൂടെയുള്ള പര്യടനം അടിവരയിടുന്ന കാര്യങ്ങൾ ഇവയാണ്: മുതലാളിത്തസമൂഹത്തിലും തൊഴിലാളികളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും രാഷ്ട്രീയസമരത്തെ ശക്തിപ്പെടുത്തുന്നതിനും സഹകരണ പ്രസ്ഥാനം സഹായകരമാണ്. എന്നാൽ വ്യാമോഹങ്ങൾ പാടില്ല. സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെങ്കിൽ വിപ്ലവത്തിലൂടെ സാമൂഹ്യവ്യവസ്ഥയിൽ മാറ്റമുണ്ടാകണം. ഈ പൊതുചട്ടക്കൂടിനുള്ളിൽ മാർക്സിന്റെ നിലപാടുകളിൽ കാലദേശങ്ങൾക്കനുസരിച്ച് മാറ്റംവരുന്നതു കാണാം. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തെ മാർക്സിസം-–ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴും മൂർത്തമായ സാഹചര്യങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + seven =

Most Popular