പരാതി വായിച്ചപ്പോള്‍ ഒന്നാം പ്രസ് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം ഞാനോര്‍ത്തു. നിയമങ്ങള്‍ പാലിച്ചുകൊണ്ട് പത്രം നടത്താനാകില്ലെന്ന് മൊഴിയെടുക്കുന്ന ഘട്ടത്തില്‍ ഒരുടമ പറഞ്ഞതായാണ് അതിലുള്ളത്. ആ ഉടമ ഗോയങ്കയാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ താന്‍ ലംഘിച്ചിട്ടില്ലാത്ത ഒരു വകുപ്പുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞതായി അക്കാലത്ത് കേട്ടിരുന്നു. കമ്മീഷനംഗം സി പി രാമസ്വാമി അയ്യര്‍ അപ്പോള്‍ ചോദിച്ചു: ‘‘അതില്‍ 302–ാം വകുപ്പും പെടുമോ?’’
(കൊലപാതകം സംബന്ധിച്ച വകുപ്പാണ് 302.)
ഗോയങ്ക ഒരു ബൈബിള്‍ വാക്യത്തില്‍ മറുപടി നല്‍കിയത്രേ: ‘‘ആത്മാവ് തയ്യാറായിരുന്നു. പക്ഷേ, മാംസം ദുര്‍ബലമായിരു ന്നു.’’
(Spirit was willing but flesh was weak)
– ബി ആര്‍ പി ഭാസ്കര്‍, ന്യൂസ് റൂം, അറിയപ്പെടാത്ത ഗോയങ്കാചരിതം, പുറം 365.
‘‘രാംനാഥ് ഗോയങ്ക പത്രത്തെ കണ്ടത് അധികാരം നല്‍കുന്ന സ്ഥാപനമായാണ്. അദ്ദേഹം 1952 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മദ്രാസ് സംസ്ഥാനത്തുനിന്ന് ലോക്-സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെ കാലത്ത് അദ്ദേഹം സിന്‍ഡിക്കേറ്റിനൊപ്പം, ഇന്ദിരാ ഗാന്ധിക്കെതിരെ, ആയിരുന്നു. ബാംഗ്ലൂരിലെ ഇന്ത്യന്‍ എക്സ്പ്രസ് ഗസ്റ്റ് ഹൗസിലിരുന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് എസ് നിജലിംഗപ്പയും മറ്റ് സിന്‍ഡിക്കേറ്റ് നേതാക്കളും ഇന്ദിരാ ഗാന്ധിക്കെതിരെ പദ്ധതികള്‍ തയ്യാറാക്കിയത്.
ഇന്ദിരാ ഗാന്ധി തന്റെ നില ഭദ്രമാക്കാന്‍ നടത്തിയ 1971 ലെ തിരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗോയങ്ക രണ്ടാമതും ലോക്-സഭയിലെത്തി മധ്യപ്രദേശില്‍ നിന്ന്. പിന്നീട് അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയില്ല. പക്ഷേ, രാഷ്ട്രീയക്കളികള്‍ തുടര്‍ന്നു.’’
അതേ പുസ്തകം, അതേ അദ്ധ്യായം, പുറം 370.
ഇന്ത്യന്‍ മാധ്യമ ലോകം എല്ലാക്കാലത്തും പത്രമുടമകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. റൂപ്പര്‍ട്ട് മര്‍ഡോക് ലോക മാധ്യമ രംഗം അടക്കിഭരിച്ചിരുന്ന കാലത്ത്, സയണിസ്റ്റ് ജൂതനായിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു മാധ്യമത്തിലും ഇസ്രയേല്‍ വിരുദ്ധ വാര്‍ത്തകള്‍ വരുമായിരുന്നില്ല. പത്രമുടമകളുടെ താല്‍പര്യങ്ങള്‍ എല്ലാക്കാലത്തും വാര്‍ത്തകളെ നിയന്ത്രിച്ചിട്ടുണ്ട്. അതില്‍ പുതുമയില്ല താനും. ഇന്ത്യയുടെ കാര്യമെടുത്താല്‍ മിക്ക മാധ്യമ ഉടമകളും മറ്റു വ്യവസായ, വാണിജ്യ താല്‍പര്യങ്ങളുള്ളവരാണ്. തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നതൊന്നും അവരുടെ മാധ്യമങ്ങളില്‍ വന്നിരുന്നില്ല. ഇനി വരികയുമില്ല. വികെഎന്നിന്റെ ‘ആരോഹണം’ എന്ന നോവലില്‍ കഥാനായകനായ പയ്യന്‍ തൊഴില്‍ തേടി പത്രമുടമയായ സാല്‍വന്‍ പ്രഭുവിനെ കാണാന്‍ പോകുന്ന ഒരധ്യായമുണ്ട്. പ്രഭുവിനെ കാണുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ എ ഡി സിയാണ് പയ്യനെ സ്വീകരിക്കുന്നത്. പയ്യന്‍ മുമ്പ് എഴുതിയതിന്റെ പകര്‍പ്പുകള്‍ വല്ലതും കൈയിലെടുത്തിട്ടുണ്ടോ എന്ന് എ ഡി സി ആരായുന്നുണ്ട്. പക്ഷേ മുതലാളിയുടെ പണത്തിന്റെ ഉറവിടത്തെ കുറിച്ചാണ് പയ്യന്‍ സംസാരിക്കുന്നത്. സംഭാഷണം കുറെ നീണ്ടപ്പോള്‍ എ ഡി സിയുടെ വിശദീകരണം:
‘‘ബ്ലാക്ക് മണിയാണെങ്കിലും ഭയ്യാ, അഹിംസാപാര്‍ട്ടിയെന്നു പറഞ്ഞാല്‍ അദ്ദേഹം കൈയയച്ചു ചെലവാക്കും. ആരിത് ചെയ്യും?
ആരും ചെയ്യില്ല, എ ഡി സി സാബ്, പാത്രമറിഞ്ഞു ഭിക്ഷ ചെയ്യുമ്പോള്‍ ബ്ലാക്കിന്റെ അര്‍ത്ഥം വേറെയാണ്.
എന്താണ്?
വെള്ളയെന്ന്.
എ ഡി സി ആവേശം കൊണ്ടു………………. അദ്ദേഹം എഴുന്നേറ്റു.
വാഹ്ജി, വാഹ്! ഞാനും പറയാറുള്ളതാണ്. താങ്കളും എന്നെപ്പോലെ ചിന്തിക്കുന്നു.
പയ്യന്‍ വയസന്റെ കൈ പിടിച്ചു കുലുക്കി.
എ ഡി സി പറഞ്ഞു:
ഇതു താങ്കള്‍ പ്രഭുജിയോടു പറഞ്ഞാല്‍ അദ്ദേഹം നിങ്ങള്‍ ചോദിക്കുന്ന ശമ്പളം തരും.
നേരോ?
റാംജി മേല്‍ ആണി.
ഇപ്പോള്‍ ഞാന്‍ ലേഖനം കൊണ്ടുവരാതിരുന്നതിന്റെ രഹസ്യം മനസ്സിലായോ?
മനസ്സിലായി.
ഇപ്പോള്‍ പറഞ്ഞ അദ്ദേഹത്തിന്റെ ലൈന്‍ ഞാന്‍ എഴുതിയാല്‍ പോരേ?
എ ഡി സി പറഞ്ഞു.
ധാരാളമായി.’
– വി കെ എന്‍, ആരോഹണം, പുറം 155.
ഇന്ത്യന്‍ മാധ്യമ രംഗത്തെ കൃത്യമായി നിര്‍വചിക്കുന്ന ഒരു സംഭാഷണ ശകലമാണ് മുകളില്‍ ഉദ്ധരിച്ചത്. നമ്മുടെ കൊടികെട്ടിയ മാധ്യമ പ്രവര്‍ത്തകരൊക്കെ ചെയ്തിരുന്നതും ഇതു തന്നെയാണ്. എങ്കിലും അപൂര്‍വമായി മുതലാളിക്കെതിരെ നീങ്ങിയ ചിലരെങ്കിലും നമ്മുടെ മാധ്യമ രംഗത്തുണ്ടായിട്ടുണ്ട്. പക്ഷേ രായ്ക്കുരാമാനം അവരുടെ കസേര നഷ്ടപ്പെട്ടതായാണ് ചരിത്രം പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ തന്റെ കസേര നഷ്ടപ്പെട്ടതിനെ കുറിച്ച് ഔട്ട്ലുക്ക് വാരികയുടെ എഡിറ്ററായിരുന്ന റൂബന്‍ ബാനര്‍ജി ‘എഡിറ്റര്‍ മിസിംഗ്’ എന്ന തന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പത്രസ്വാതന്ത്ര്യം എന്നൊക്കെ പറയുന്നതിന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാലത്തെ ഒരു ഐതിഹ്യം എന്നതിനപ്പുറം ഒരു പ്രസക്തിയും ഇന്നില്ല. വലിയ നിക്ഷേപങ്ങള്‍ വേണ്ടാതിരുന്ന അക്കാലത്ത് സത്യം തുറന്നെഴുതുന്ന മാധ്യമ പ്രവര്‍ത്തനം സാധ്യമായിരുന്നു. പക്ഷേ, ഇന്ന് വന്‍ നിക്ഷേപം ആവശ്യമായി വരുന്ന ഒരു വലിയ വ്യവസായം എന്ന നിലയില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം എന്നൊക്കെ പറയുന്നത് ഒരു വലിയ തമാശയായി മാറുന്നു. ചില സമാന്തര പ്രസിദ്ധീകരണങ്ങള്‍ വഴിമാറി നടന്നിട്ടില്ല എന്നല്ല പറയുന്നത്. പക്ഷേ അവയ്ക്ക് അത്ര വലിയ സ്വാധീനമൊന്നും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ചെറിയ ചില വൃത്തങ്ങളില്‍ ചില ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി എന്നതിനപ്പുറം പൊതുജനാഭിപ്രായം രൂപീകരിക്കാനൊന്നും അവയ്ക്ക് ഒരിക്കലും സാധിച്ചിട്ടില്ല.
ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും, ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ, കൃത്യമായി പറഞ്ഞാല്‍ 2014ന് മുമ്പു വരെ മാധ്യമങ്ങള്‍ മറ്റൊരു ധര്‍മ്മം നിര്‍വഹിച്ചിരുന്നു. ഏതു കക്ഷി ഭരിച്ചാലും സര്‍ക്കാരുകളെ വിമര്‍ശിക്കുക എന്നത് ഒരു പ്രാഥമിക കര്‍ത്തവ്യമായി ഭൂരിപക്ഷം മാധ്യമങ്ങളും അംഗീകരിച്ചിരുന്നു. (പ്രഖ്യാപിത പാര്‍ട്ടി പത്രങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കുക. തങ്ങള്‍ ഇന്ന ലക്ഷ്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് തുറന്നു പറഞ്ഞ് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരാണവര്‍. ഒളിപ്പോര്‍ അവര്‍ക്ക് വശമില്ല.) അതുകൊണ്ടുതന്നെ, ധാരാളം അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും അതുവഴി ധാരാളം അഴിമതികള്‍ പുറത്തുവരികയും ചെയ്തു. പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്ക് പൊതുവില്‍ അനുഭാവ പൂര്‍ണമായ പരിഗണനയാണ് മിക്ക പത്രങ്ങളും നല്‍കിയിരുന്നത്. എന്നാല്‍ 2014 ഓടെ ഈ നിലയില്‍ വലിയ മാറ്റം വന്നു.
തികച്ചും വിചിത്രമായ ഒരു മാധ്യമപ്രവര്‍ത്തന രീതിയാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനുളളിൽ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വന്നത്. സാധാരണ മാധ്യമ പ്രവര്‍ത്തനത്തില്‍ നമുക്ക് പരിചിതമായിരുന്ന രീതികള്‍ അപ്രത്യക്ഷമായി. ഭരിക്കുന്ന സര്‍ക്കാരുകളെ വിമര്‍ശിക്കുകയും പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുക എന്ന രീതിയായിരുന്നു നമുക്കു കൂടുതല്‍ പരിചിതം. എന്നാല്‍ സമീപകാലത്ത് നേര്‍ വിപരീതമായാണ് സംഭവിച്ചത്. ദി വയര്‍, കാരവന്‍ തുടങ്ങിയ അപൂര്‍വം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒഴികെയുള്ളവ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും കുഴലൂത്തുകാരായി നിര്‍ലജ്ജം മാറി. 2024ലെ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ ഈ പ്രവണത കേരളത്തിലേക്കും വ്യാപിക്കുന്നത് നമ്മള്‍ കണ്ടു. ഉദാഹരണം വന്ദേ ഭാരത് ഉദ്ഘാടന മാമാങ്കം. മനോരമ ചാനലില്‍ സനകന്‍ വേണുഗോപാല്‍ എന്ന റിപ്പോര്‍ട്ടര്‍ ഒരു ഫുട്ബോള്‍ കമന്റേറ്ററുടെ ആവേശത്തോടെയാണ് പ്രധാനമന്ത്രിയുടെ വരവും റോഡ് ഷോയും ട്രെയിന്‍ ഉദ്ഘാടനവുമെല്ലാം വിവരിച്ചത്. ഇത് കേവലം ഒരു തീവണ്ടിയുടെ ഉദ്ഘാടനം മാത്രമാണെന്നും ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഭാഗധേയം നിര്‍ണയിക്കും വിധം സുപ്രധാനമായ ഒരു പദ്ധതിയൊന്നുമല്ലെന്നുമുള്ള വസ്തുത നമ്മുടെ മാധ്യമങ്ങള്‍ മറക്കുകയോ അല്ലെങ്കില്‍ മറന്നതായി ഭാവിക്കുകയോ ചെയ്തു. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും ഇത്തരത്തില്‍ ലജ്ജാരഹിതമായി പിന്താങ്ങുകയും സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാരുകളെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുകയും ചെയ്യുക എന്ന പ്രവണത ഇന്ത്യയൊട്ടുക്കും ദൃശ്യമായി. ഒരുപക്ഷേ, ഡിഎംകെയ്ക്ക് സ്വന്തമായി വാര്‍ത്താ ചാനല്‍ ഉള്ളതുകൊണ്ടായിരിക്കണം, തമിഴ്നാട് മാത്രമായിരുന്നു ഇതിനൊരു അപവാദം. മാത്രമല്ല തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് നടത്തുന്ന വാര്‍ത്താ ചാനലുകള്‍ അല്ലാതുള്ളവയെ കാലുറപ്പിക്കാന്‍ അവിടുത്തെ രാഷ്ട്രീയക്കാര്‍ സമ്മതിക്കാറുമില്ല.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ ചെറുതായെങ്കിലും വിമര്‍ശിക്കാന്‍ ശ്രമിച്ച ദൃശ്യ, അച്ചടി മാധ്യമങ്ങളൊക്കെത്തന്നെ സര്‍ക്കാരിന്റെ രോഷത്തിന് ഇരയായി. എന്നിട്ടും മെരുങ്ങാതിരുന്ന എന്‍ഡിടിവി പോലുള്ളവ കൈവശപ്പെടുത്തിക്കൊണ്ട് അവരുടെ വായടപ്പിച്ചു. എന്‍ഡിടിവി അദാനി ഏറ്റെടുത്തതോടെ അവിടെയുണ്ടായിരുന്ന പ്രമുഖ സര്‍ക്കാര്‍ വിമര്‍ശക മാധ്യമ പ്രവര്‍ത്തകരെല്ലാം തന്നെ മറ്റ് ലാവണങ്ങള്‍ തേടി. പ്രണോയ് റോയ്ക്ക് പുറമെ രവീഷ് കുമാര്‍, ശ്രീനിവാസന്‍ ജയന്‍, സാഗരിക ഘോഷ് തുടങ്ങി ആ പട്ടികയുടെ നീളം വലുതാണ്. മാധ്യമരംഗത്ത് ഉയര്‍ന്നു വന്ന ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അജ്ഞാതമായി നിശബ്ദമാക്കപ്പെട്ടു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം 28 മാധ്യമ പ്രവര്‍ത്തകരാണ് ഇന്ത്യയിലെമ്പാടുമായി കൊല്ലപ്പെട്ടത്. ഇതില്‍ 13 പേരും പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരായിരുന്നു. ഇന്ത്യയിലെ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ അടിസ്ഥാന ഘടകമായ അനധികൃത ഖനനം, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു ഇവരില്‍ മിക്കവരും കൈകാര്യം ചെയ്തിരുന്നത്.
ഇതേ കോര്‍പ്പറേറ്റുകള്‍ തന്നെ മാധ്യമ മുതലാളിമാരായി വരുന്ന പ്രവണതയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. രണ്ടു തരത്തിലാണ് ശിങ്കിടി മുതലാളിത്തം ഭരണത്തില്‍ പിടി മുറുക്കുന്നത്. മാധ്യമങ്ങളെ വിലയ്ക്കെടുത്ത് തങ്ങളുടെ ചൊല്‍പ്പടിയില്‍ നിറുത്തിക്കൊണ്ടും രാജ്യസഭാ പ്രവേശനം തരപ്പെടുത്തിക്കൊണ്ടും. ശിങ്കിടി മുതലാളിത്തത്തെയും അദാനിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ട മറ്റൊരു എഡിറ്ററാണ് പരഞ്ജോയ് ഗുഹ തകുര്‍ത്ത. സമീക്ഷ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ 1949ല്‍ ആരംഭിച്ച ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കല്‍ വീക്കിലി’ ഇന്ത്യന്‍ അക്കാദമിക് രംഗത്ത് എല്ലാക്കാലത്തും വിലമതിക്കപ്പെട്ടിരുന്ന ഒരു പ്രസിദ്ധീകരണമാണ്. 2016 ഏപ്രില്‍ ഒന്നിന് ഇപിഡബ്ലിയുവിന്റെ എഡിറ്ററായി ചുമതലയേറ്റ തകുര്‍ത്തയ്ക്ക് പക്ഷേ 2017 അവസാനത്തോടെ രാജിവെക്കേണ്ടി വന്നു. അദാനിയുടെ ഇടപാടുകള്‍ തുറന്നുകാട്ടി എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. പ്രമുഖ ചരിത്രകാരി റോമില ഥാപ്പര്‍ സമീക്ഷ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരിക്കെയാണ് ഇത് സംഭവിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ നമ്മുടെ മാധ്യമരംഗത്ത് എത്രത്തോളം പിടിമുറിക്കിക്കഴിഞ്ഞു എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമായി തകുര്‍ത്തയുടെ രാജി നമ്മുടെ മുന്നിലുണ്ട്.
ഇത്തരത്തില്‍ മുഖ്യധാരയിലൂടെ മോദി സർക്കാരിനെതിരായ ഒരുതരത്തിലുള്ള വിമര്‍ശനവും സാധ്യമാകാതിരിക്കുന്ന ഒരു അന്തരീക്ഷത്തിലേക്കാണ് പുത്തന്‍ സാങ്കേതികവിദ്യയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഒരു സംഘം നമ്മുടെ മാധ്യമരംഗത്തേക്ക് കടന്നുവരുന്നത്. അത് ഓണ്‍ലൈന്‍ പത്രങ്ങളായാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് യൂട്യൂബ് ചാനലുകള്‍ക്കായി പ്രാമുഖ്യം. രവീഷ് കുമാര്‍ ഉള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും പുറത്തുവന്ന നിരവധി പേര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുകയും സ്വന്തം അഭിപ്രായങ്ങളും നിഗമനങ്ങളും വിമര്‍ശനങ്ങളും തുറന്നവതരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സര്‍വഭാഷകളിലും കൂണുപോലെ മുളച്ചുപൊന്തിയ യുട്യൂബ് ചാനലുകള്‍ ആദ്യ കാലത്ത് ഗോസിപ്പുകളിലും മറ്റുള്ളവരെ തെറി പറയുന്നതിലും വ്യാജ വാര്‍ത്തകൾ നിര്‍മ്മിക്കുന്നതിലുമാണ് അഭിരമിച്ചിരുന്നതെങ്കില്‍ പിന്നീടത് ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഉച്ചഭാഷിണിയായി പരിണമിച്ചു. രവീഷ് കുമാറിനെപ്പോലുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവന്നതോടെ യുട്യൂബ് ചാനലുകളുടെ ശൈശവദശ പിന്നിട്ടുവെന്ന് വിലയിരുത്താം. കൂടുതല്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ വാര്‍ത്താ അവലോകനങ്ങളിലേക്ക് അത് സാവകാശം മാറി. പക്ഷേ അപ്പോഴും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളുടെ വ്യക്തിഗതമായ വിശകലനത്തിനപ്പുറത്തേക്ക് അതിന് കടക്കാന്‍ സാധിച്ചില്ല.
ഈ ഒരു ശൂന്യസ്ഥലിയിലേക്കാണ് ധ്രുവ് രാത്തി എന്ന ചെറുപ്പക്കാരന്‍ കടന്നുവരുന്നത്. വെറും 29 വയസ് മാത്രം പ്രായമുള്ള, ഹരിയാനയില്‍ നിന്നുള്ള ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ അടിമുടി ഉലയ്ക്കുന്ന കാഴ്ചയാണ് നമുക്കു കാണാന്‍ സാധിക്കുന്നത്. 2013ല്‍ യാത്ര വീഡിയോകള്‍ അപ്-ലോഡ് ചെയ്തുകൊണ്ട് ആരംഭിച്ച അദ്ദേഹം ആ വര്‍ഷം അവസാനമായപ്പോഴേക്കും മറ്റു മേഖലകളിലേക്ക് കടന്നു. 2024 ജൂണിലെ കണക്കുകള്‍ പ്രകാരം 2 കോടി 87 ലക്ഷം സബ്സ്-ക്രൈബേഴ്സാണ് ധ്രുവ് രാത്തിക്കുള്ളത്. ഇന്ത്യയിലെ ഏത് മുഖ്യധാരാ വാര്‍ത്താ ചാനലിനെക്കാളും അധികം പ്രേക്ഷകരാണ് ധ്രുവിന്റെ വീഡിയോകള്‍ കാണുന്നത്. എന്തൊക്കെ ഘടകങ്ങളാണ് അദ്ദേഹത്തെ വേറിട്ടു നിറുത്തുന്നതെന്ന് നമുക്കൊന്നു പരിശോധിക്കാം.
അവതരണത്തിലെ അനായാസതയാണ് മറ്റ് യൂട്യൂബര്‍മാരില്‍ നിന്നും ചാനല്‍ അവതാരകരില്‍ നിന്നും ധ്രുവിനെ വ്യത്യസ്തനാക്കുന്നത്. യാതൊരു തരത്തിലുള്ള നാടകീയതയും നമുക്ക് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. ശക്തമായ ഗവേഷണത്തിന്റെ പിന്തുണയോടെ, വസ്തുതകള്‍ ലളിതമായി അവതരിപ്പിക്കുന്നു. നാടകീയമെന്ന് വിശേഷിപ്പിക്കാവുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പോലും അദ്ദേഹത്തിന്റെ ശബ്ദനിലയില്‍ (Sound level) കയറ്റിറക്കങ്ങളുണ്ടാവുന്നില്ല. മന്ത്രസ്ഥായിയില്‍ ഒരേ അനുപാതത്തില്‍ അതിങ്ങനെ ഒഴുകിയെത്തുന്നു. ഇതിനായി വലിയ തയ്യാറെടുപ്പുകള്‍ തീര്‍ച്ചയായും ചെയ്യുന്നുണ്ടാവും. പല തവണ വായിച്ച് മനസ്സിലുറപ്പിച്ച ശേഷമായിരിക്കണം ലൈവില്‍ പ്രോംപ്റ്ററില്‍ നോക്കി അദ്ദേഹം അവതരിപ്പിക്കുന്നത്.
കാര്യമാത്ര പ്രസക്തവും വസ്തുതാപരവുമായി മാത്രം പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരധ്യാപകനെയാണ് ധ്രുവിന്റെ വീഡിയോകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഒട്ടും സങ്കീര്‍ണമല്ല അയാളുടെ അവതരണം. അവതരിപ്പിക്കപ്പെടുന്ന വിഷയത്തില്‍ യാതൊരു ധാരണയുമില്ലാത്തവര്‍ക്കുപോലും എളുപ്പം പിടികിട്ടുന്ന വിധത്തിലുള്ള വിവരണം. സന്ദര്‍ഭത്തിനനുസരിച്ച് ഗ്രാഫിക്കുകളും ഗ്രാഫുകളും സ്ഥിതിവിവരക്കണക്കുകളും കൂട്ടിച്ചേര്‍ക്കും. വലിയ അദ്ധ്വാനം ആവശ്യമായി വരുന്ന ഒരു പ്രക്രിയയാണത്. ഒരു മികച്ച സംഘം അദ്ദേഹത്തിനെ സഹായിക്കുന്നുണ്ട് എന്നു വേണം അനുമാനിക്കാന്‍.
ഇന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മുഖ്യധാരാ മാധ്യമ രംഗത്തിന്റെ മുഖമുദ്രയായ വ്യക്തിഹത്യ, വ്യക്തിപരമായ അധിക്ഷേപങ്ങള്‍, തെറി, ശാപവാക്കുകള്‍ തുടങ്ങിയവയൊന്നും അദ്ദേഹത്തിന്റെ വീഡിയോകളില്‍ കാണാന്‍ സാധിക്കില്ല. അതിഥികള്‍ എന്ന നിലയില്‍ വ്യക്തികളെ വിളിച്ചിരുത്തി അധിക്ഷേപിക്കുന്നതില്‍ പിഎച്ച്ഡി നേടിയ റിപ്പബ്ലിക് ടിവിയിലെ അര്‍ണാബ് ഗോസ്വാമി, ഗോസ്വാമിയുടെ പള്ളിക്കൂടത്തില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന ഏഷ്യനെറ്റിലെ വിനു വി ജോണ്‍ (വിനു അടുത്തകാലത്തായി ചില നിലയവിദ്വാന്മാരെ വിളിച്ചുകൂട്ടി പരസ്പരം ചൊറിയുന്ന ഒരു നവീന ചര്‍ച്ചാരീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് മറ്റൊരു ലേഖനത്തിനുള്ള വിഷയമാണ്) തുടങ്ങിയവര്‍ സ്ഥായിയായി ഉപയോഗിക്കുന്ന ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ ധ്രുവിന് അന്യമാണ്. അയാള്‍ കാര്യങ്ങള്‍ മാത്രം പറയുന്നു. അതും വസ്തുതകളുടെ, കണക്കുകളുടെ അടിസ്ഥാനത്തില്‍. വളച്ചൊടിക്കലുകളോ നിര്‍ദ്ദോഷമായി പോലും സംഭവിക്കാവുന്ന പ്രതികൂല പരാമര്‍ശങ്ങളോ ഇല്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതി എന്നു വിളിച്ച വീഡിയോയില്‍ പോലും മോദിയെ അധിക്ഷേപിക്കുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന തരത്തിലുള്ള ഒരു പരാമര്‍ശം പോലും ആർക്കും കണ്ടെത്താനാവില്ല. എന്തുകൊണ്ടാണ് താന്‍ അങ്ങനെയൊരു നിഗമനത്തിലെത്തിയതെന്ന് സംഭവപരമ്പരകൾ വിശദീകരിച്ചുകൊണ്ട് അയാള്‍ വ്യക്തമാക്കുന്നു. ഏകാധിപത്യം നിലനില്‍ക്കുന്ന ഉത്തര കൊറിയ പോലുള്ള രാജ്യങ്ങളില്‍ പോലും തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയുടെ പൊള്ളത്തരത്തിലേക്ക് അയാള്‍ വിരല്‍ ചൂണ്ടുന്നു. വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നു.
പക്ഷേ സബ്ടൈറ്റിലുകള്‍ ഇല്ലാത്ത ധ്രുവിന്റെ വീഡിയോകള്‍ ഹിന്ദി അറിയില്ലാത്തവർക്കുപോലും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നത് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷയുടെ ലാളിത്യം വ്യക്തമാക്കുന്നു. ഒരു വിഷയം അനായാസമായി ലളിതമായി, എങ്ങനെ അവതരിപ്പിക്കാം എന്നതിനുള്ള ഒരു പാഠപുസ്തകമാണ് ആ വീഡിയോകള്‍. ഒരുപക്ഷേ ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളും ഈ ആശയവിനിമയത്തിന് സഹായിക്കുന്നുണ്ടാവാം. കൂടാതെ ഗ്രാഫിക്സുകളും ഇക്കാര്യത്തില്‍ ഹിന്ദി ഇതര പ്രേക്ഷകരെ സഹായിക്കുന്നുണ്ട്.
വിഷയത്തിന്റെ തിരഞ്ഞെടുപ്പാണ് മറ്റ് യൂട്യൂബര്‍മാരില്‍ നിന്നും ധ്രുവ് രാത്തിയെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം. മലയാളത്തില്‍ ഉള്‍പ്പെടെ യൂട്യൂബര്‍മാര്‍ ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവതരണവിഷയമാക്കുമ്പോള്‍ തികച്ചും വ്യത്യസ്തവും എന്നാല്‍ കാലിക പ്രധാനവുമായ വിഷയങ്ങളാണ് ധ്രുവ് അവതരിപ്പിക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍ എന്തുകൊണ്ട് വികസനകാര്യത്തില്‍ വടക്കേ ഇന്ത്യയെ അപേക്ഷിച്ച് തെക്കേ ഇന്ത്യ ബഹുദൂരം മുന്നേറുന്നു എന്ന തലക്കെട്ടിലുള്ള വീഡിയോ. ഇന്ന് പൊതുവായി സാമ്പത്തിക ലോകം അംഗീകരിച്ചിട്ടുള്ള എല്ലാ സൂചികകളും മാനദണ്ഡങ്ങളും ഉപയോഗിച്ചുള്ള ഒരന്വേഷണമാണ് നടത്തുന്നത്. വലിയ ഗവേഷണം ആവശ്യപ്പെടുന്ന ഒരു വിഷയത്തെ വളരെ ലളിതവും യുക്തിസഹവുമായി ധ്രുവ് നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. ഉള്ളടക്കത്തില്‍ വിയോജിപ്പുകള്‍ ഉണ്ടാവാം. ഉണ്ടാവുകയും വേണം. പക്ഷേ ധ്രുവ് അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ബോധ്യം നമ്മെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. അത്തരം അന്വേഷണങ്ങളില്‍ അദ്ദേഹം പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് നമുക്ക് കണ്ടെത്താന്‍ സാധിച്ചേക്കും. പക്ഷേ അതിനു വേണ്ടി മിനക്കെടാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം. ആ വിജയമാണ് ഇന്ത്യയിലെ ഏത് മുഖ്യധാരാ വാര്‍ത്താ ചാനലിനുള്ളതിനേക്കാൾ കൂടുതല്‍ പ്രേക്ഷകരെ ധ്രുവിലേക്ക് ആകര്‍ഷിക്കുന്നത്.
വിഷയങ്ങളുടെ വൈവിധ്യം അപാരവും അത്ഭുതാവഹവുമാണ്. ചരിത്രം, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, സ്പോര്‍ട്സ് തുടങ്ങി ദുര്‍മന്ത്രവാദത്തിന്റെ പിന്നിലെ നിഗൂഢതകളില്‍ വരെ അദ്ദേഹം വിഷയങ്ങള്‍ കണ്ടെത്തുന്നുണ്ട്. ആദ്യകാലത്ത് യാത്രാ വിവരണങ്ങളായാണ് ധ്രുവിന്റെ ചാനല്‍ തുടങ്ങിയതെങ്കിലും പിന്നീട് വിഷയവൈവിധ്യംകൊണ്ട് അതു കൂടതല്‍ ആകര്‍ഷകമായി മാറുകയായിരുന്നു.
സമാന ചിന്താഗതിക്കാരായ മറ്റു യൂട്യൂബര്‍മാരുമായി ധ്രുവ് പുലര്‍ത്തുന്ന സൗഹൃദം എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. ഓരോരുത്തരും സ്വന്തം ചുവടുറപ്പിക്കാന്‍ മത്സരിക്കുന്ന ഈ രംഗത്ത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മറ്റൊരു സവിശേഷതയാണിത്. മറ്റ് യൂട്യൂബര്‍മാര്‍ക്ക് അദ്ദേഹം അഭിമുഖങ്ങള്‍ നല്‍കുന്നതു. അത് അവരുടെ ചാനലില്‍ പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കുന്നു. (ദേശഭക്ത് എന്ന ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ രണ്ട് അഭിമുഖങ്ങള്‍ കാണുക. ആദ്യത്തേത് ഒരു വര്‍ഷം മുമ്പ് ധ്രുവ് രാത്തിയ്ക്ക് പത്തുലക്ഷം പേരെ സബ്സ്-ക്രൈബേഴ്സായി ലഭിച്ചപ്പോള്‍ എടുത്തതാണ്. രണ്ടാമത്തേത് ഈ സമീപകാലത്തെടുത്തതും.) ബിജെപിയെയും മോദിയെയും എതിര്‍ത്തുകൊണ്ടാണ് അദ്ദേഹം ആദ്യമായി പ്രത്യക്ഷ രാഷ്ട്രീയ രംഗത്തേക്ക് കടന്നത്. ആ വീഡിയോകള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലെ യൂട്യൂബര്‍മാര്‍ക്ക് ഉപയോഗിക്കാനുള്ള അനുവാദം നല്‍കുന്നു. മറ്റു ഭാഷകളിലെ യൂട്യൂബ് ചാനലുകള്‍ ധ്രുവിന്റെ വീഡിയോകള്‍ അതത് ഭാഷകളിലേക്ക് മാറ്റി പ്രക്ഷേപണം ചെയ്യുന്നു. ഉദാഹരണത്തിന് മലയാളത്തില്‍ സുനിത ദേവദാസും തമിഴില്‍ പുതിയതലമുറൈ ടിവിയും. അങ്ങനെ ഈ രംഗത്ത് കൂട്ടായ്മയുടെ ഒരു തലം സൃഷ്ടിക്കാനും ധ്രുവ് രാത്തി മുന്‍കൈയെടുക്കുന്നു.
മാത്രമല്ല, എങ്ങനെ പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങാം, വിഷയങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിറുത്തി അദ്ദേഹം ചില ഓണ്‍ലൈന്‍ പഠന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മാധ്യമ മേലാളരുടെ കൈയില്‍ നിന്നും വാര്‍ത്തയുടെ ഉടമസ്ഥത സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇവയൊക്കെയെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
ധ്രുവ് രാത്തിയുടെ വീഡിയോകളുടെ പ്രധാന ന്യൂനത, അവതരിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെടുന്നത് പോലെയുള്ള പരസ്യങ്ങളുടെ അവതരണമാണ്. ഉള്ളടക്കം ഏത്, പരസ്യം ഏതെന്ന സ്ഥലജലവിഭ്രാന്തിയില്‍ സാധാരണ പ്രേക്ഷകര്‍ പെട്ടുപോകാനുള്ള സാധ്യത ഏറെയാണ്. പരസ്യങ്ങളും ഉള്ളടക്കവും തമ്മിലുള്ള തരംതിരിവ് അനിവാര്യമാണ്. അത് പരസ്യമാണ് എന്ന് പ്രേക്ഷകര്‍ തിരിച്ചറിയണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വലിയ ദോഷം ചെയ്യില്ലായിരിക്കുമെങ്കിലും നിര്‍മ്മിത ബുദ്ധി പോലുള്ള സങ്കേതങ്ങള്‍ മനുഷ്യജീവിതത്തില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ തുടങ്ങുന്നതോടെ ഇത്തരം രീതികള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.
നീറ്റ് പരീക്ഷാ തട്ടിപ്പാണ് ധ്രുവ് രാത്തിയുടെ അവസാനം പുറത്തുവന്ന വീഡിയോയുടെ വിഷയം. തിരക്കിട്ട് ചെയ്തതിന്റെ പ്രശ്നങ്ങള്‍ പതിവില്ലാത്ത വിധത്തില്‍ അതില്‍ മുഴച്ചുനില്‍ക്കുന്നുണ്ട്. സാഹചര്യത്തിന്റെയും കമ്പോളത്തിന്റെയും മറ്റും സമ്മര്‍ദങ്ങള്‍ അദ്ദേഹത്തെയും ബാധിച്ചു തുടങ്ങിയോ എന്ന് ആശങ്കപ്പെടേണ്ട ഘട്ടമായിട്ടില്ലെങ്കിലും ഭാവിയില്‍ അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ പോലും വാര്‍ത്തകളുടെ ജനാധിപത്യവല്‍ക്കരണത്തിലെ വലിയൊരു ചുവടുവെപ്പാണ് ധ്രുവ് രാത്തിയുടെ ശ്രമങ്ങള്‍ എന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല.
ഇത്തരത്തിലുള്ള കൂടുതല്‍ ശ്രമങ്ങളുണ്ടാവുകയും അഭ്യൂഹങ്ങള്‍ക്കും നുണപ്രചാരണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും പിറകെ പോകാതെ, കൂടുതല്‍ ചെറുപ്പക്കാര്‍ വസ്തുനിഷ്ഠമായി സംഭവഗതികളെ വീക്ഷിക്കുകയും അത് പ്രക്ഷേപണം ചെയ്യുകയുമാണെങ്കില്‍, നമ്മുടെ വാര്‍ത്താ പ്രചരണ പ്രക്രിയയില്‍ തന്നെ സമൂലമായ മാറ്റങ്ങള്‍ സംഭവിക്കും. നിലവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു നമ്മള്‍ വിശേഷിപ്പിക്കുന്നവ നിലനിർത്തുന്ന വാര്‍ത്തയുടെ കുത്തകാവകാശം അവര്‍ക്ക് നഷ്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവ വെറും കോര്‍പ്പറേറ്റ് ഇന്‍ ഹൗസ് പ്രസിദ്ധീകരണങ്ങളായി തരംതാഴാനുള്ള സാധ്യതയാണ് സമീപ ഭാവിയില്‍ കാണുന്നത്. മണിക്കൂറ് വച്ച് സാങ്കേതികവിദ്യകളില്‍ മാറ്റം സംഭവിക്കുന്ന ഒരു ലോകത്തില്‍ ദീര്‍ഘകാല പ്രവചനങ്ങള്‍ അസാധ്യവുമാണ്. ♦