Thursday, September 19, 2024

ad

Homeമുഖപ്രസംഗംവ്യാജനിർമ്മിതികൾകൊണ്ട് ചരിത്രത്തെ മായ്ക്കാനാവില്ല

വ്യാജനിർമ്മിതികൾകൊണ്ട് ചരിത്രത്തെ മായ്ക്കാനാവില്ല

ഫാസിസ്റ്റുകൾക്ക് ചരിത്രത്തെ ഭയമാണ്. എപ്പോഴും എവിടെയും അവർ ചരിത്രത്തെ മായ്ച്ചുകളയാനാണ് ശ്രമിച്ചിട്ടുള്ളത്. ബിജെപി അധികാരത്തിലെത്തിയപ്പോഴെല്ലാം, കൃത്യമായി പറഞ്ഞാൽ ആർഎസ്എസ് അംഗങ്ങളായവർ അധികാരസ്ഥാനത്തെത്തിയപ്പോഴെല്ലാം ചരിത്രത്തെ വക്രീകരിക്കാനോ മായ്ച്ചുകളയാനോ ഉള്ള ശ്രമങ്ങൾ നടന്നുവെന്നതാണ് യാഥാർഥ്യം.

1999ൽ വാജ്പെയ് സർക്കാരിന്റെ കാലം മുതൽ ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും പാഠപുസ്തകങ്ങളിൽ മാറ്റം വരുത്താനുള്ള നീക്കങ്ങൾ ശക്തമായി തുടങ്ങിയതാണ്. രാജ്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ച യഥാർഥ വസ്തുതകൾ കുഴിച്ചുമൂടുകയും തങ്ങൾക്കനുയോജ്യമായ വിധം വ്യാജ നിർമിതികൾ, കെട്ടുകഥകൾ എന്നിവ ചരിത്രമെന്ന പേരിൽ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുകയെന്നത് രൂപീകരണകാലം മുതലുള്ള ആർഎസ്എസിന്റെ പദ്ധതിയാണ്. മോദി വാഴ്ചയിലെ ഒന്നാമൂഴത്തിലും രണ്ടാമൂഴത്തിലും ചരിത്രം, രാഷ്ട്രമീമാംസ തുടങ്ങി സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ മാത്രമല്ല, സയൻസിന്റെ മേഖലയിലേക്കും വരെ സംഘപരിവാറിന്റെ കത്രിക വീണു. അതിന്റെ തുടർച്ചയാണ് ഹയർ സെക്കൻഡറി ക്ലാസ്സുകളിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽനിന്ന് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാകെ വെട്ടിമാറ്റുകയും ചില വ്യാജ നിർമിതികൾ കൊണ്ട് ഓട്ടയടക്കുകയും ചെയ്തത്.

450 ലേറെ വർഷത്തെ പഴക്കമുള്ള, ചരിത്ര സ്മാരകമായ അയോധ്യയിലെ ബാബറി മസ്ജിദ് 1992 ഡിസംബർ ആറിന് ആർഎസ്എസ്സിന്റെ കർസേവകർ ഇടിച്ചു നിരത്തിയെന്ന യാഥാർഥ്യത്തെ കുഴിച്ചുമൂടാനാണ് മോദി സർക്കാരും സംഘപരിവാർ ഒന്നാകെയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദ് സംഘടിതമായ അക്രമത്തിലൂടെ തകർക്കപ്പെട്ടതാണെന്ന സത്യംമൂടി വയ്ക്കുകയും ശ്രീരാമന്റെ ജന്മഭൂമിയിൽ ക്ഷേത്രം പണിയാനുള്ള നിയമയുദ്ധത്തിലും രാഷ്ട്രീയ പോരാട്ടത്തിലും സുപ്രീംകോടതി വിധിയിലൂടെ തങ്ങൾക്ക് വിജയിക്കാനായി എന്ന് പാഠപുസ്തകങ്ങളിലൂടെ കുട്ടികളുടെ മനസ്സിൽ സ്ഥാപിച്ചെടുക്കുകയെന്ന ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണ് മൂന്നാം മോദി വാഴ്ചയിലും തുടരുന്നത്. ആർഎസ്എസ്സിന്റെ അജൻഡകൾ നടപ്പാക്കുന്നതിൽനിന്ന് തങ്ങൾ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഈ നടപടിയിലൂടെ മോദി ഗവൺമെന്റ്.

പന്ത്രണ്ടാം ക്ലാസിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ ബാബർ ചക്രവർത്തിയുടെ സേനാനായകൻ അയോധ്യയിൽ പണിത മസ്ജിദാണ് പൊളിക്കപ്പെട്ടത് എന്ന പാഠഭാഗം വെട്ടിമാറ്റി മൂന്ന് താഴികക്കുടങ്ങളുള്ള ഒരു നിർമിതി എന്നാക്കി തിരുത്തിയിരിക്കുകയാണ്. ആ കെട്ടിടത്തിന്റെ അകത്തും പുറത്തും ഹിന്ദു ആരാധനാലയത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും ‘പുതുക്കിയ’ പാഠപുസ്തകത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുകയാണ്. ഇത് പച്ചക്കള്ളമാണ്. ആർക്കിയോളജിക്കൽ സർവെയുടെ ഖനനത്തിൽ ഒരിക്കലും അത്തരം തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മലപ്പുറംകാരനായ ഒരു മുസ്ലീം നാമധാരിയെ അവതരിപ്പിച്ച് അലിബി തെളിവുണ്ടാക്കുകയായിരുന്നു ആർഎസ്എസ്. അത് ഒരു കോടതിയും അംഗീകരിച്ചിട്ടുമില്ല.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉയർന്നുവന്ന, ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തെ അടിമുടി ഉലച്ച ഒരു വിഷയത്തെ കേവലം മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള വസ്തുതർക്കമാക്കി അവതരിപ്പിക്കുകയാണ് പാഠപുസ്തകത്തിൽ. മാത്രമല്ല 2019ലെ സുപ്രീംകോടതി വിധിയിൽ സംഘപരിവാർ വാദങ്ങൾ അംഗീകരിച്ചുവെന്നും ആ വിധി ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും സർവാത്മനാ അംഗീകരിച്ചുവെന്നും എഴുതിപ്പിടിച്ചിരിക്കുകയാണ്. ഇതും പച്ചക്കള്ളമാണ്. 1949ൽ ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം സ്ഥാപിച്ചതും 1992ൽ പള്ളിപൊളിച്ചതും ക്രിമിനൽ കുറ്റമാണെന്ന് സംശയാതീതമായി വ്യക്തമാക്കിയ സുപ്രീംകോടതിയാണ് പ്രശ്നപരിഹാരമെന്ന നിലയിൽ പള്ളിപൊളിച്ചിടത്ത് രാമക്ഷേത്രം പണിയാൻ അനുമതി നൽകിയത് എന്ന സത്യംമൂടി വച്ചിരിക്കുകയാണ് പുതിയ പാഠപുസ്തകത്തിൽ. യഥാർഥത്തിൽ ബാബറി മസ്ജിദ് പൊളിച്ചപ്പോഴും അതിനുമുൻപ് അദ്വാനിയുടെ രഥയാത്രാ വേളയിലും നടന്ന വർഗീയലഹളകളും കൂട്ടക്കൊലകളും ചരിത്രത്തിൽ നിന്ന് നീക്കംചെയ്തുകൊണ്ട് ആർഎസ്എസ് എന്ന ഭീകരസംഘടനയുടെ മുഖംമിനുക്കാനുള്ള വൃഥാവ്യായാമമാണ് എൻസിഇആർടിയെക്കൊണ്ട് മോദി ഭരണം ചെയ്യിച്ചിരിക്കുന്നത്. അങ്ങനെ മൂടിവയ്ക്കാനോ മായ്ച്ചുകളയാനോ പറ്റുന്നതല്ല ആർഎസ്എസ് നടത്തിയ കൊലപാതകങ്ങൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 2 =

Most Popular