Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിബിജെപിയുടെ പണക്കൊഴുപ്പിൽ
 അമർന്ന സാമൂഹ്യ മാധ്യമങ്ങൾ

ബിജെപിയുടെ പണക്കൊഴുപ്പിൽ
 അമർന്ന സാമൂഹ്യ മാധ്യമങ്ങൾ

കെ എ വേണുഗോപാലൻ

ഫേസ്ബുക്ക് ഉൾപ്പെടെ എല്ലാ സാമൂഹ്യ മാധ്യമ വേദികളും പ്രവർത്തിക്കുന്നത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. തങ്ങളുടെ ഉപഭോക്താക്കളിൽ ഓരോരുത്തരും ഏതുതരത്തിലുള്ള ഉള്ളടക്കമാണ് കാണേണ്ടത് എന്ന് നിശ്ചയിക്കാൻ ഓരോ സാമൂഹ്യ മാധ്യമത്തിനും ഒരു അൽഗൊരിതം ഉണ്ടാകും. ഇതനുസരിച്ച് ഓരോരുത്തരും കൂടുതൽ കാണുന്ന ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്നവ വീണ്ടും വീണ്ടും അവർക്ക് ലഭ്യമായിക്കൊണ്ടിരിക്കും. എന്നാൽ ഇത് പരസ്യങ്ങൾക്ക് ബാധകമല്ല. പരസ്യം നൽകുന്നത് ഫേസ്ബുക്കിന് ഒരു നിശ്ചിത തുക നൽകിയാണ്. ആ തുകയ്ക്കനുസരിച്ച് അവർ നിശ്ചയിക്കുന്ന അത്രയും പേരിലേക്ക് ആ പരസ്യം എത്തിക്കുക എന്നത് ഫേസ്ബുക്കിന്റെ ഉത്തരവാദിത്വമാണ്. ആ പേജ് ആരും പിന്തുടരുന്നില്ലെങ്കിൽ പോലും കൃത്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ആവശ്യമായത്ര എണ്ണം ഉപഭോക്താക്കളിലേക്ക് പരസ്യങ്ങൾ എത്തിക്കുകയാണ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാർട്ടികൾക്ക് ഏറ്റവും സൗകര്യം പുതിയ പേജുകൾ ഉണ്ടാക്കുകയോ നിരവധിപേർ പിന്തുടരുന്ന മറ്റു പേജുകൾ പണം നൽകി വാങ്ങി അതിന്റെ പേരും ഉള്ളടക്കവും മാറ്റി ഉപയോഗിക്കുകയോ ചെയ്യുകയാണ്. രാഷ്ട്രീയപാർട്ടികളുടെ പേരിലുള്ള പേജുകൾ പിന്തുടരുന്നത് നിലവിൽ ആ രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യമുള്ളവരാണ്. എന്നാൽ ഇതിനു പുറത്തുള്ള ആളുകളിലേക്ക് ആ രാഷ്ട്രീയ സന്ദേശം എത്തിക്കാൻ പാർട്ടിയുടെ പേരിൽ അല്ലാത്ത പുതിയ പേജുകൾ ആവശ്യമായി വരുന്നു. രാഷ്ട്രീയ പാർട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കാതെയാണ് ഇത്തരം പേജുകൾ മിക്കപ്പോഴും പ്രവർത്തിച്ചു കാണുന്നത്. സ്ഥാനാർത്ഥികൾക്കുവേണ്ടിയും ഇത്തരത്തിലുള്ള നിരവധി പേജുകൾ പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് പരസ്യങ്ങൾക്ക് ചെലവഴിക്കുന്ന തുക,അവയുടെ ഉള്ളടക്കം തുടങ്ങിയവയിൽ ഉത്തരവാദിത്വമേറ്റെടുക്കാതെ രക്ഷപ്പെടാനും ഇത്തരം പേജുകൾ ഉപയോഗിക്കുന്നതിലൂടെ രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തകർക്കും കഴിയുന്നതാണ്.

കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഈ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചത് ബിജെപിയാണ്. 2024 ജനുവരി മുതൽ മാർച്ച് വരെ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കകാലത്ത് മാത്രം 80 ലക്ഷത്തോളം രൂപയുടെ പരസ്യങ്ങളാണ് ഫെയ്സ്ബുക്ക് – ഇൻസ്റ്റഗ്രാം വേദികളിലൂടെ ഉപഭോക്താക്കളിൽ എത്തിയത്. ഇതിൽ നാലിലൊന്നും ബിജെപിയുടെ ഔദ്യോഗിക പേജുകളിലൂടെയാണ് നൽകിയത്. ബിജെപി അനുഭാവികളിലേക്കും ബിജെപിയുടെ പോസ്റ്റുകൾ തിരയുന്നവരിലേക്കും ഫേസ്ബുക്ക് ഫലപ്രദമായി ഈ പരസ്യങ്ങൾ എത്തിക്കുന്നു. അവർ അത് മറ്റുള്ളവർക്ക് പകർത്തിക്കൊടുക്കുന്നു. കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തോടെ പരസ്യത്തിനായി ചെലവഴിക്കുന്ന തുകയിൽ വൻവർദ്ധനവാണ് ഉണ്ടായത്. ബിജെപിയുടെ ഔദ്യോഗിക പേജിലൂടെ മാത്രം അരക്കോടിയിലധികം രൂപയാണ് ചെലവാക്കിയത്. തൊട്ടടുത്തായിരുന്നു കോൺഗ്രസ്. 40 ലക്ഷം രൂപയാണ് അവർ ചെലവഴിച്ചത്. ഇതാണ് ഔദ്യോഗിക പേജിന്റെ കഥയെങ്കിൽ പാർട്ടിയുടെ പേരോ അടയാളമോ മറ്റ് സൂചനകളോ ഇല്ലാതെ പാർട്ടിയുടെ പരസ്യമാണ് എന്നു പോലും തോന്നിക്കാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സംവിധാനവും ബിജെപി തയ്യാറാക്കിയിരുന്നു. ഇതിൽ പലതും കൈകാര്യം ചെയ്തിരുന്നത് ഉത്തരേന്ത്യൻ സ്ഥാപനങ്ങളായിരുന്നു.

മലബാർ സെൻട്രൽ എന്ന പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. 2024 ഫെബ്രുവരി 9നാണ് ഇത് ആരംഭിച്ചത്. ഈ പേജിലൂടെ ഒന്നരമാസം കൊണ്ട് നൽകിയത് 7 ലക്ഷത്തിലധികം രൂപയുടെ പരസ്യളാണ്. ഏപ്രിൽ മാസത്തിലെ മാത്രം കണക്കെടുത്താൽ ഈ പേജ് മൂന്നാം സ്ഥാനത്താണ്. ചെലവഴിച്ചത് 15 ലക്ഷത്തിലേറെ രൂപ. ബിജെപിയുടെ കേരളഘടകം ചെലവഴിച്ച തുകയുടെ ഇരട്ടിയോളം രൂപയാണ് ഈ പേജ് പരസ്യങ്ങൾക്ക് ചെലവഴിച്ചത്. 420 രൂപ നൽകിയാൽ നാലായിരം പേരിലേക്ക് പരസ്യമെത്തിക്കുന്നവരാണ് ഫേസ്ബുക്ക് ഉടമസ്ഥർ. ബിജെപിയെയും നരേന്ദ്രമോദിയെയും പ്രകീർത്തിക്കുന്നതിനൊപ്പം പ്രതിപക്ഷത്തെ അവഹേളിക്കാനുമാണ് ഈ പരസ്യങ്ങൾ അവർ ഉപയോഗിച്ചത്. കൂടാതെ മതപരമോ സാമുദായികമോ ആയി വൈരാഗ്യമുണ്ടാക്കുന്ന തരത്തിലുള്ള ആക്ഷേപഹാസ്യങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അടർത്തിയെടുത്ത ഉള്ളടക്കങ്ങളും എല്ലാം അവർ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. ഫെബ്രുവരി, -മാർച്ച് കാലയളവിൽ ഈ പേജിൽ പങ്കുവെച്ച പരസ്യങ്ങളിൽ പകുതിയോളം ബിജെപിയെ പ്രകീർത്തിക്കുന്നതും കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതും ആയിരുന്നു. ബാക്കിയുള്ളവ ഉപയോഗിച്ചത് സിപിഐഎമ്മിനെയും കോൺഗ്രസിനെയും പരിഹസിക്കുന്നതിനും വിമർശിക്കുന്നതിനും ആയിരുന്നു.

ഇതുപോലെ ഉപയോഗപ്പെടുത്തപ്പെട്ട മറ്റൊരു പേജാണ് മോദിപ്പട. പേര് സൂചിപ്പിക്കുന്നതുപോലെ നരേന്ദ്രമോദിയെ പ്രകീർത്തിക്കാനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കാനുമാണ് ഈ പേജ് ഉപയോഗപ്പെടുത്തിയത്. മലബാർ സെൻട്രലിൽ ഉപയോഗിച്ചതിന്റെ അഞ്ചു മടങ്ങ് പരസ്യങ്ങളാണ് ഈ പേജിലൂടെ പുറത്തുവന്നത്. പരസ്യം എന്ന പേരിൽ പണം മുടക്കി ഈ പേജുകളിലൂടെ ജനങ്ങളിൽ എത്തിച്ചത് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ ആയിരുന്നു. ബിജെപിയെ പുകഴ്ത്തുന്നതും പ്രതിപക്ഷത്തെ ആക്രമിക്കുന്നതും മാത്രമല്ല മതപരവും സാമുദായികവുമായ വിഷയങ്ങളിൽ ഉള്ള നേതാക്കളുടെ പ്രതികരണങ്ങളും ഇതിൽ നൽകിയിരുന്നു. പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിലും ബംഗാളിൽ സിംഹങ്ങളുടെ പേര് സംബന്ധിച്ചുണ്ടായ വിവാദത്തിലുമെല്ലാം വർഗീയത കലർത്തിയ പ്രതികരണങ്ങൾ ഈ പരസ്യങ്ങളിൽ പങ്കുവെച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എത്തിയപ്പോഴേക്കും പുതിയ പുതിയ പേജുകൾ ഉപയോഗപ്പെടുത്തപ്പെട്ടതിനാൽ ഇവർ ആകെ ചെലവഴിച്ചത് 20 ലക്ഷം രൂപ മാത്രമാണ്.

ഏതു പാർട്ടിയെ പിന്തുണയ്ക്കുന്നു എന്ന് ഒരാൾക്കും മനസ്സിലാവാത്ത വിധത്തിൽ ഉപയോഗിച്ച മറ്റൊരു പേജാണ് പൾസ് കേരളം. ഇവരുടെ ഉള്ളടക്കങ്ങൾ മുഴുവൻ വാർത്തകളുടെ രൂപത്തിൽ ആയിരുന്നു. പ്രധാനമന്ത്രിയുടെ പരിപാടികളും കേന്ദ്ര പദ്ധതികളുമാണ് ഇതിലൂടെ വാർത്തകളായി അവതരിപ്പിക്കപ്പെട്ടിരുന്നത്. വാർത്തകൾ പക്ഷേ പരസ്യങ്ങളായാണ് ഇതിൽ ഉപയോഗപ്പെടുത്തപ്പെട്ടത്. വാർത്തകൾ കൂടാതെ വീഡിയോ രൂപത്തിൽ പങ്കുവയ്ക്കുന്ന നരേന്ദ്രമോദിയുടെ പ്രസംഗശകലങ്ങളും ഈ പേജിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതൊന്നും വാർത്തകൾ ആയിരുന്നില്ല വാർത്തകളുടെ രൂപത്തിലുള്ള പരസ്യങ്ങൾ ആയിരുന്നു. ഏപ്രിൽ മാസത്തിൽ മാത്രം 20 ലക്ഷം രൂപ ഇവർക്കായി ചെലവഴിച്ചു. പൾസ് കേരളയുടെ സഹോദരസ്ഥാപനമായാണ് നമോ നായകൻ പ്രവർത്തിച്ചത്. ഏപ്രിൽ മാസത്തിൽ മാത്രം 17 ലക്ഷത്തിലേറെ രൂപ ഇവർക്കായി ചെലവഴിച്ചു. ഒന്ന് പരസ്യമായി മോദിയെ പിന്തുടരുന്നവർക്കും മറ്റേത് നിഷ്പക്ഷമതികൾക്കും വേണ്ടിയാണ് ഉപയോഗപ്പെടുത്തപ്പെട്ടത്.

രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രത്യേകം പ്രവർത്തിച്ച പേജ് ആണ് ചേഞ്ച് ഫോർ ടിവിഎം. 2020 ജൂണിലായിരുന്നു ഇതിന്റെ തുടക്കം. എന്നാൽ 2024 ഏപ്രിൽ 13നാണ് പേര് മാറ്റി രാജീവ് ചന്ദ്രശേഖറിന് വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയത്. രാജീവ് ചന്ദ്രശേഖറിന്റെ എതിരാളികൾക്കെതിരായ ഉള്ളടക്കമാണ് വിലയ്ക്കു വാങ്ങിയ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. രാജീവ് ചന്ദ്രശേഖറിനുവേണ്ടി ഇത്തരത്തിലുള്ള നിരവധി പേജുകൾ വിലയ്ക്കെടുക്കപ്പെട്ടിരുന്നു.

ഇങ്ങനെ നോക്കിയാൽ സ്വതന്ത്രമായി എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്ന വേദി എന്നത് മാറി പണം കൊടുക്കുന്നവർക്ക് ഇഷ്ടംപോലെ ഉപയോഗപ്പെടുത്താവുന്ന ഒന്ന് എന്ന രീതിയിലേക്ക് ഫേസ്ബുക്കും മറ്റ് സാമൂഹിക മാധ്യമങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വരുന്നതൊക്കെ സത്യം എന്ന് വിശ്വസിക്കുന്ന യുവതീ യുവാക്കളുടെ എണ്ണത്തിൽ വൻതോതിൽ ആണ് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നത്. അരാഷ്ട്രീയവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളും യുവാക്കളും ഒരു ചോദ്യചിഹ്നം പോലെ ഇന്ന് കേരളത്തിന്റെ മുമ്പിൽ ഉയർന്നുവന്നിരിക്കുകയാണ്. ഇവരെക്കൂടി സ്വാധീനിച്ചുകൊണ്ടല്ലാതെ കേരളത്തെ വലതുപക്ഷവൽക്കരണത്തിൽ നിന്ന് രക്ഷിക്കാനാവില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − 3 =

Most Popular