Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിഇന്ത്യയുടെ ആപത്തു കാലത്ത് 
സ്വതന്ത്ര മാധ്യമങ്ങൾ സൃഷ്ടിച്ച 
ജനാധിപത്യത്തിന്റെ തണൽ

ഇന്ത്യയുടെ ആപത്തു കാലത്ത് 
സ്വതന്ത്ര മാധ്യമങ്ങൾ സൃഷ്ടിച്ച 
ജനാധിപത്യത്തിന്റെ തണൽ

ശ്രീജിത്ത്‌ ദിവാകരൻ

ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന്റേയും ഒട്ടേറെ മാധ്യമപ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതിന്റേയും പശ്ചാത്തലത്തിൽ ഓൺലൈൻ വാർത്താ സ്ഥാപനമായ ‘ദ വയ്ർ’-ന്റെ എഡിറ്റർ സീമ ചിസ്തി ചരിത്രകാരനും അധ്യാപകനുമായ പ്രൊഫ. ഗ്യാൻ പ്രകാശുമായി അഭിമുഖ സംഭാഷണം നടത്തിയിരുന്നു. ‘എമർജൻസി ക്രോണിക്കൾസ്: ഇന്ദിരാഗാന്ധി ആൻഡ് ഡെമോക്രസീസ് ടേണിങ് പോയിന്റ്’ എന്ന ഗ്യാൻ പ്രകാശിന്റെ പുസ്തകത്തെ മുൻനിർത്തിയായിരുന്നു സംഭാഷണം. ആ അഭിമുഖത്തിൽ ഗ്യാൻ പ്രകാശ് എന്തുകൊണ്ടാണ് അടിയന്തരാവസ്ഥയേക്കാൾ മോശമാണ് രണ്ടാം മോദി സർക്കാരിന്റെ ഭരണകാലം എന്ന് വിശദീകരിക്കുന്നുണ്ട്. അതിൽ പ്രാഥമികമായി അദ്ദേഹം പറയുന്നത് മാധ്യമങ്ങൾക്ക് മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണത്തെക്കുറിച്ചാണ്. അടിയന്തരാവസ്ഥയുടെ കാലത്ത് ഇന്ദിരാഗാന്ധിക്ക് മാധ്യമങ്ങളെ ഭയമായിരുന്നതുകൊണ്ടാണ് സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് കൂച്ചുവിലങ്ങിട്ടത്. ഇന്നതിന്റെ ആവശ്യം പോലുമില്ല. മുഖ്യധാര/കോർപറേറ്റ് സ്ഥാപനങ്ങൾ ബി.ജെ.പി/ഹിന്ദുത്വ ഭരണകൂടത്തിന്റെ ദാസ്യവൃത്തി ചെയ്യുകയാണ്. എന്നിട്ടും ഭരണകൂടം സ്വതന്ത്രമായ ഒരോ ശബ്ദത്തേയും ഇല്ലാതാക്കാൾ ശ്രമിക്കുന്നു.

‘‘പൊതുസമൂഹത്തിലുള്ള ഏത് തരത്തിലുള്ള വിയോജിപ്പുകളേയും ഇല്ലാതാക്കാനുള്ള അക്ഷീണമായ പ്രയത്‌നമാണ് (സർക്കാരിന്റെ ഭാഗത്തുനിന്ന്) കാണുന്നത്. ടെലിവിഷൻ, അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതു വഴി ഏതാണ്ട് അത് അവർ സാധിച്ചു കഴിഞ്ഞു. ഇനി സോഷ്യൽ മീഡിയയിൽ, ഇന്റർനെറ്റിൽ ഉള്ള വിയോജിപ്പുകൾ കൂടി ഇല്ലാതാക്കണം. അതുകൊണ്ടു തന്നെ ന്യൂസ്‌ക്ലിക്കിന്റെ പ്രബീറിനെ പോലെ ഒരാൾക്കെതിരെ അവർ തിരിഞ്ഞതിൽ അത്ഭുതമൊന്നുമില്ല. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന് വിഭിന്നമായി ആലോചിക്കുന്ന സകലരും സംശയദൃഷ്ടിയിൽ ആകുന്ന തരത്തിലുള്ള ഏകാധിപത്യ സമൂഹം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് നമ്മൾ കാണുന്നത്. അഥവാ ഈ ഭരണകൂടത്തിന്റെ കീഴിൽ ചിന്തിക്കുന്ന സകല മനുഷ്യരും കുറ്റാരോപിതരാകാം.”- പ്രൊഫ. ഗ്യാൻ പ്രകാശ് ചൂണ്ടിക്കാണിച്ചു.

2023 ഒക്‌ടോബറിലാണ് പ്രബീറിന്റെ അറസ്റ്റും പ്രൊഫ.ഗ്യാൻ പ്രകാശുമായുള്ള സീമ ചിസ്തിയുടെ അഭിമുഖവും നടക്കുന്നത്. 2023 ഡിസംബർ മൂന്നിന് മധ്യപ്രദേശ്, രാജസ്താൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നു. ഹിന്ദി ഹൃദയഭൂമി എന്നറിയിപ്പെടുന്ന മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ വന്നു. ഛത്തീസ്ഗഢ് കോൺഗ്രസ് നിലനിർത്തുമെന്നും മധ്യപ്രദേശിൽ കനത്ത പോരാട്ടം നടക്കുമെന്നുമെല്ലാമുള്ള പ്രവചനങ്ങളെ കാറ്റിൽ പറപ്പിച്ചാണ് ഈ തിരഞ്ഞെടുപ്പു ഫലം വന്നത്. അതോടെ 2024-ലെ ലോക്-സഭ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഏതാണ്ട് ഒരു തീരുമാനമായിരുന്നു. ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾ ബി.ജെ.പിയുടെ മുദ്രവാക്യമായ ‘ചാർ സൗ പാർ’ അഥവാ നാനൂറ് കടക്കുമെന്ന് മടിയില്ലാതെ ആവർത്തിച്ചു. രാമക്ഷേത്ര നിർമ്മാണത്തോടെ അടുത്ത ഒരു പതിറ്റാണ്ടിലേയ്ക്ക് ബി.ജെ.പി തന്നെ അധികാരത്തിൽ തുടരാനുള്ള വഴി തുറന്നുവെന്ന് പ്രഖ്യാപിച്ചിരുന്ന ചാനലുകൾ എൻ.ഡി.എ നാനൂറ് കടക്കുമോ ബി.ജെ.പി ഒറ്റയ്ക്ക് 350 കടക്കുമോ എന്നെല്ലാമായിരുന്നു മുഖ്യമായും ചർച്ച ചെയ്തത്. ഏതാണ്ട് നാനൂറോളം വാർത്താ ചാനലുകളും ഇരുപതിനായിരത്തിൽ പരം വർത്തമാന പത്രങ്ങൾ/പ്രസിദ്ധീകരണങ്ങളുമുള്ള ഇന്ത്യയിൽ മുഖ്യധാര എന്നു വിളിക്കാവുന്ന, വലിയ മാധ്യമങ്ങളെല്ലാം ഇതേ പല്ലവി ആവർത്തിച്ചു.

അഥവാ ഗ്യാൻ പ്രകാശ് ഒക്‌ടോബറിൽ ചൂണ്ടിക്കാണിച്ച സാഹചര്യത്തേക്കാൾ കഠിനമായിരുന്നു 2024 എന്ന ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് വർഷത്തിന്റെ ആരംഭം. പ്രതിപക്ഷ പാർട്ടികൾ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിന്റെ സാധ്യതകളെ എല്ലായ്-പ്പോഴും ചുരുക്കി കാണിക്കുകയും പരിഹാസത്തോടെ വിലയിരുത്തുകയും ചെയ്യുന്നതിൽ കോർപറേറ്റ് മീഡിയ മത്സരിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നായ ‘ഇലക്ടറൽ ബോണ്ട് അഴിമതി’ ചർച്ചകളിൽ നിന്ന് മാറ്റി നിർത്തി. മോദിയുടെയും ബി.ജെ.പിയുടേയും പി.ആർ.ഏജന്റുമാരോ തിരഞ്ഞെടുപ്പ് മാനേജർമാരോ ആയി ദേശീയ ഹിന്ദുത്വയുടെ വക്താക്കളായ മുതിർന്ന മാധ്യമപ്രവർത്തകർ മാറി. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ മോദിയെ അവർ അവതരിപ്പിച്ചു. മോദി ‘ഹിന്ദുരാഷ്ട്രം’ സ്ഥാപിക്കുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ പ്രത്യാശിച്ചു.

പ്രൊഫ. ഗ്യാൻ പ്രകാശ്

എന്നാൽ ഇക്കാലത്തെല്ലാം ഹിന്ദി യൂട്യൂബ് ചാനലുകളും ഇന്ത്യയിലെ ചെറിയ ഓൺലൈൻ സ്ഥാപനങ്ങളും പ്രാദേശിക പത്രങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നുണ്ടായിരുന്നു. ഇത് ആദ്യം മനസിലാക്കിയത് ബി.ജെ.പി തന്നെയായിരുന്നു. കാരണം 2014 മുതൽ ഇന്ത്യയിൽ നടക്കുന്ന സകല തിരഞ്ഞെടുപ്പുകളിലും സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ചവരാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞർ. 2014 ലോക്- സഭാ തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ‘ഐ.ടി സെൽ’ എന്ന പേരിൽ ഡിജിറ്റൽ പോരാട്ടത്തിന് വലിയ സംഘത്തെ ഉണ്ടാക്കിയവരാണ് ബി.ജെ.പി. ദിവസക്കൂലി അടിസ്ഥാനത്തിലും കരാർ വ്യവസ്ഥയിലും ആയിരക്കണക്കിന് പേർ ജോലിയെടുക്കുന്ന ഒരു വലിയ സംവിധാനമാണ് ബി.ജെ.പിയുടെ ഐ.ടി.സെൽ. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ ബി.ജെ.പി ആശയസംഹിതകളുടെ പ്രചാരണം, എതിർ പാർട്ടിക്കാരുടെ വ്യക്തിഹത്യ, ട്രോളിങ്, സോഷ്യൽ മീഡിയ ആക്രമണം എന്നിങ്ങനെ ബി.ജെ.പി ഐ.ടി സെല്ലിന്റെ പ്രവർത്തനം വിപുലമാണ്. അതിൽ ജോലി ചെയ്തിരുന്ന സ്വാതി ചതുർവേദി എഴുതിയ ‘ഐയാം എ ട്രോളർ’ എന്ന പുസ്തകം മുതൽ ഈ അധോലോകത്തിന്റെ പ്രവർത്തന രീതി വിശദീകരിക്കുന്ന വിദേശ ഡോക്യുമെന്ററികൾ വരെ ഇക്കാര്യം പല ഘട്ടങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ലക്ഷക്കണിക്ക് അംഗങ്ങളുള്ള നൂറ് കണക്കിന് വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ നുണകൾ പ്രചരിപ്പിക്കുന്നതിനെ കുറിച്ച് അമിത് ഷാ തന്നെ പരസ്യമായി പറഞ്ഞതും നമ്മുടെ നാടിന്റെ രേഖകളിലുണ്ട്. ഇക്കാരണം കൊണ്ടുതന്നെ സമാന്തരമായി, ഒരു കൂട്ടം യൂട്യൂബർമാരും സമാന്തര മീഡിയയും പ്രവർത്തിക്കുന്നുണ്ട് എന്ന് അവർക്ക് അറിയാമായിരുന്നു.

പ്രൊഫ.ഗ്യാൻ പ്രകാശ് വിശദീകരിച്ചതുപോലെ എതിർ ശബ്ദങ്ങളെ മുഴുവൻ ഇല്ലാതാക്കുക എന്ന ഒറ്റലക്ഷ്യം മാത്രമുള്ള ഏകാധിപത്യ ഭരണകൂടമാണ് ബി.ജെ.പിയുടേത് എന്നുള്ളതിനാൽ മുഖ്യധാരയിലുള്ള മുഴുവൻ മാധ്യമങ്ങളേയും ആദ്യമേ അവർ വശത്താക്കി. കോർപറേറ്റ് മീഡിയയിലുള്ള ഒരേയൊരു എതിർ ശബ്ദമായ എൻ.ഡി.ടിവിയെ ഇല്ലാതാക്കുക എന്നതായിരുന്നു മറ്റൊരു ശ്രമം. മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് എൻ.ഡി.ടിവിയുടെ ചെറിയൊരു ശതമാനം ഓഹരികൾ വാങ്ങിയിരുന്നുവെങ്കിലും രവീഷ്‌കുമാറും ശ്രീനിവാസൻ ജയ്‌നും നിഥി റിസ്വാനിയും അടക്കമുള്ളവർ വസ്തുതകളിലും ഗവേഷണത്തിലും ഉറച്ചു നിന്നുകൊണ്ടുള്ള മാധ്യമപ്രവർത്തനം തന്നെ തുടർന്നു. വാർത്തകൾ ദേശീയതാ ഘോഷണങ്ങൾ മാത്രമാക്കി മാറ്റിയ ആക്രോശങ്ങളെ അനുകരിക്കാൻ അവർ മടിച്ചു. ടി.ആർ.പി റേറ്റിങ്ങിലും പരസ്യത്തിലും പിന്നിലാക്കപ്പെട്ട എൻ.ഡി.ടി.വിയെ 2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നേ തന്നെ ‘ദേശ വിരുദ്ധ’ ചാനലായി ചിത്രീകരിച്ചു. രണ്ടാം മോദി സർക്കാർ നിലവിൽ വന്ന് വൈകാതെ കോർപ്പറേറ്റ് ലോകത്ത് ‘ഹോസ്റ്റൈൽ ടേക്ക് ഓവർ’ എന്ന് വിളിക്കപ്പെടുന്ന ബലമായ കടന്നു കയറ്റത്തിലൂടെ ഗൗതം അദാനി ഗ്രൂപ്പ് എൻ.ഡി.ടി.വി പിടിച്ചെടുത്തു. (2018 മുതൽ 2020 വരെയുള്ള കാലത്ത് സംഘപരിവാർ ഭരണകൂടവും അനുബന്ധ സംഘവും എൻ.ഡി.റ്റിവിയേയും മുഖ്യ അവതാരകൻ രവീഷ് കുമാറിനെയും എങ്ങനെയാണ് വളഞ്ഞിട്ട് ആക്രമിച്ചത് എന്ന് ‘വൈൽ വീ വാച്ച്ഡ്’ എന്ന ഡോക്യുമെന്ററി വിശദമാക്കുന്നുണ്ട്. മോദി കാലത്തെ ഇന്ത്യൻ മുഖ്യധാരാ മാധ്യമപ്രവർത്തനത്തെ കുറിച്ചുള്ള ഏറ്റവും മികച്ച ഡോക്യുമെന്ററികളിലൊന്നാണ് വിനയ് ശുക്ല സംവിധാനം ചെയ്ത ‘വൈൽ വീ വാച്ച്ഡ്’.)

എൻ.ഡി.ടി.വി പിടിച്ചെടുത്ത് ഉടമസ്ഥരായ പ്രണോയ് റോയി, രാധിക റോയി എന്നിവരെ പുറത്താക്കിയതോടെ മിക്കവാറും സത്യസന്ധരായ മാധ്യമപ്രവർത്തകർ സ്ഥാപനം വിട്ടിറങ്ങി. അതിന് സമാന്തരമായി ‘ദ വയ്ർ’, ‘കാരവൻ’, ‘ദ പ്രിന്റ്’, ‘ന്യൂസ് ക്ലിക്ക്’, ‘ന്യൂസ് ലോൺണ്ട്രി’, ‘ന്യൂസ് മിനുട്ട്‌സ്’ തുടങ്ങി കോർപറേറ്റ് ഹിന്ദുത്വയുടെ താത്പര്യത്തിന് വഴങ്ങാത്ത സകലസ്ഥാപനങ്ങളേയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുണ്ടായിരുന്നു. തുടർച്ചയായ കേസുകൾ, റെയ്ഡുകൾ എന്നിവയിലൂടെ ഈ സ്ഥാപനങ്ങളുടെ വായ്-മൂടാനുള്ള ശ്രമത്തിന് ശേഷമാണ് യൂട്യൂബ് ചാനലുകൾക്കു നേരെ അവർ തിരിഞ്ഞത്. അതുവരെ തങ്ങൾക്കനുകൂലമായ ഉള്ളടക്കം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നൂറുകണക്കിന് യൂട്യൂബ് സ്ഥാപനങ്ങൾക്ക് ബി.ജെ.പി പ്രോത്സാഹനം നൽകുന്നുണ്ടായിരുന്നു. കർണാടകത്തിൽ ഗൗരിലങ്കേഷിനെതിരെ ‘ഹേറ്റ് കാമ്പയിൻ’ നടത്തിയ പോസ്റ്റ് കാർഡ് ന്യൂസ് എന്ന സ്ഥാപനത്തിന്റെ ഉടമ മഹേഷ് വിക്രം ഹെഗ്‌ഡേയുടെ പ്രശസ്തി ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്ന ഹാൻഡിലുകളിലൊന്നാണ് അയാളുടേത് എന്നതായിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് യൂട്യൂബ് മേഖലയിൽ മോദി ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്നവരെ തടയാനുള്ള നടപടികൾ ബി.ജെ.പി ശക്തിപ്പെടുത്തുന്നത്. റോയിട്ടേഴ്‌സിനു വേണ്ടി രക്ഷാകുമാർ ഈ മേയ് ഒൻപതിന് എഴുതിയ ലേഖനത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. ഈ ഫെബ്രുവരി മുതൽ പല ഓൺലൈൻ വാർത്താ ചാനലുകളുടേയും റീച്ച് ഫേസ് ബുക്ക് നിയന്ത്രിച്ചതായും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 19 ഇന്ത്യ എന്ന ഓൺലൈൻ സ്ഥാപനം നടത്തുന്ന നവീൻ കുമാർ ഇത് സംബന്ധിച്ച് എക്‌സിൽ കുറിപ്പുമിട്ടിരുന്നു:

‘‘ഏപ്രിൽ നാലിനാണ് ‘ബോൽത്ത ഹിന്ദുസ്ഥാൻ’ എന്ന യൂട്യൂബ് ചാനൽ വാർത്ത വിതരണ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ബ്ലോക്ക് ചെയ്യുന്നതായി ഉടമസ്ഥർക്ക് അറിയിപ്പ് ലഭിക്കുന്നത്. രണ്ടേ മുക്കാൽ ലക്ഷം സബ്‌സ്‌ക്രിപ്ഷനും 4000 വീഡിയോകളുമുള്ള ചാനലായിരുന്നു അത്. എന്തിനായിരുന്നു ഈ ചാനൽ ബ്ലോക്ക് ചെയ്തത് എന്ന് ഉടമയ്ക്ക് അറിയില്ല. ‘യൂട്യൂബ് ഇതുവരെ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും തന്നിട്ടില്ല. ‘ഈ ചാനലിന്റെ സ്ഥാപകനായ ഹസീൻ റഹ്‌മാനി പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വ്യാജവാർത്തകളെ ഫിൽറ്റർ ചെയ്യുന്നതിനോ വീഡിയോ നിയന്ത്രിക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മാർഗ്ഗ നിർദ്ദേശം ലംഘിച്ചതിനോ മുന്നറിയിപ്പോ, പ്രത്യേക വീഡിയോകൾ ഒഴിവാക്കലോ ഒന്നുമുണ്ടായിട്ടില്ല. ഇതേ ദിവസം മറ്റൊരു ഹിന്ദി ചാനലായ ‘ലോഖിത് ഇന്ത്യ’ക്കും ചാനൽ ഇനി തുടരാനാവില്ല എന്ന് യൂട്യൂബിൽ നിന്ന് അറിയിപ്പ് ലഭിച്ചു. യൂട്യൂബർ സോഹിത് മിശ്രയ്ക്ക് ലഭിച്ച അറിയിപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ചോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറിച്ചോ ഒന്നും പറയാൻ പാടില്ല എന്നായിരുന്നു. ‘അഥവാ ഞങ്ങളുടെ ചാനലിൽ എന്തുപറയണം, പറയേണ്ട എന്ന് അവർ തീരുമാനിക്കും’- സോഹിത് പറയുന്നു.

ദളിത്, ആദിവാസി, കർഷകർ, സ്ത്രീകൾ തുടങ്ങി ചൂഷിത സമൂഹത്തിന്റെ നാവായി പ്രവർത്തിക്കുകയാണ് തങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘നാഷണൽ ദസ്തക്’ എന്ന യൂട്യൂബ് ചാനലിനും ഏപ്രിൽ ഒൻപതിന് ചാനൽ ബ്ലോക്ക് ചെയ്യുന്നതിനുള്ള നിർദ്ദേശം വാർത്താ വിതരണ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചുവെന്ന സന്ദേശം യൂട്യൂബ് അധികൃതർ നൽകി. മന്ത്രാലയത്തിന്റെ നിർദ്ദേശം തന്നെ ‘രഹസ്യ സ്വഭാവ’മുള്ളതായതിനാൽ ആ കത്ത് കൈമാറാനാകില്ല എന്നാണ് യൂട്യൂബ് പറയുന്നത്. നാഷണൽ ദസ്തകിന് പത്തു ലക്ഷത്തിലധികം സബ്‌സ്ക്രൈബേഴ്‌സ് ഉള്ളതാണ്. ചാനൽ ഇപ്പോഴും പൂർണമായി നിന്നിട്ടില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ പ്രവർത്തനം തടസപ്പെട്ടു- ചാനലിന്റെ സീനിയർ എക്‌സിക്യൂട്ടീവ് ജാൻസീം ഉൾ ഹഖ് പറഞ്ഞതായി രക്ഷാ കുമാർ എഴുതി. ഏപ്രിൽ 19ന്, ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ, യൂട്യൂബർമാരുടെ ഒരു പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇതു സംബന്ധിച്ച പരാതി നൽകിയെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല എന്ന് അവർ പറയുന്നു.

എന്നാൽ ഈ യൂട്യൂബ് ചാനലുകൾ സൃഷ്ടിക്കുന്ന സ്വാധീനം നിയന്ത്രണാതീതമായി എന്നുള്ള കാര്യം ബി.ജെ.പിക്കും മോദിയുടെ പി.ആർ സംഘത്തിനും ഇതിനോടകം തന്നെ ബോധ്യപ്പെട്ടിരുന്നു. ഏപ്രിൽ 19-ന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം കഴിഞ്ഞാണ് രാജസ്താനിലെ ബൻസ്വാരയിൽ മുസ്ലീങ്ങൾക്കെതിരെ വെറുപ്പ് നിറച്ച പ്രസംഗം നരേന്ദ്രമോദി നടത്തുന്നത്. സ്വന്തം ജനതയെ ‘നുഴഞ്ഞുകയറ്റക്കാർ’ എന്നും ‘പെറ്റ് കൂട്ടുന്നവർ’ എന്നും വിശേഷിപ്പിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയെന്ന അപമാനം കൂടി ഏറ്റുവാങ്ങി തിരഞ്ഞെടുപ്പിന്റെ ചർച്ചയെ ഹിന്ദു-–മുസ്ലീം പ്രശ്‌നമാക്കി മോദി മാറ്റി. മോദിയെ പിന്തുടർന്ന് മറ്റ് ബി.ജെ.പി നേതാക്കളും മറ്റെല്ലാം ഉപേക്ഷിച്ച് വെറുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് അജൻഡയാക്കി മാറ്റി. 2014-ൽ വികസനം, 2019-ൽ ദേശീയത, 2024-ൽ വെറുപ്പ്!

പട്‌ന ആസ്ഥാനമായുള്ള ഫ്രീലാൻസ് ജേണലിസ്റ്റായ സാരൂൺ അഹ്‌മദ് ‘ദ വയ്ർ’-ൽ എഴുതിയ ലേഖനം ചൂണ്ടിക്കാണിക്കുന്നത്, ഇത്തരത്തിൽ വെറുപ്പിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ചർച്ച ബി.ജെ.പി ഉയർത്തിക്കൊണ്ടുവരാൻ തന്നെ കാരണം ഇന്ത്യൻ ഭരണകൂടത്തിനെതിരെ ധൈര്യപൂർവ്വം പോരാടിയ യൂട്യൂബർമാരിലൂടെയും സമാന്തര സ്വതന്ത്ര മാധ്യമങ്ങളിലൂടെയും അടിത്തട്ടിൽ വികസനവും രാമക്ഷേത്രവും മോദി വൈകാരികതയുമൊന്നും ചെലവാകുന്നില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എന്നാണ്. അഥവാ ഈ ഘട്ടമായപ്പോഴേയ്ക്കും മുഖ്യധാരാ മാധ്യമങ്ങളുടെ മോദി, മോദി, മോദി എന്ന ജപത്തിനപ്പുറത്തേയ്ക്ക്, 400-ഉം അതിലധികവും പ്രവചിക്കുന്ന മുഖ്യധാരകളുടെ അനുദിന സർവ്വേകൾക്ക് അപ്പുറത്തേയ്ക്ക് ഇന്ത്യയിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും ഭരണഘടനയും സംവരണവും എല്ലാം തിരഞ്ഞെടുപ്പ് വിഷയമായി മാറി എന്ന് ഉറക്കെപ്പറയാൻ ധാരാളം സമാന്തര മാധ്യമങ്ങൾ തയ്യാറായി. നുണക്കഥകളുടെ കള്ളി പൊളിക്കുന്ന, സങ്കീർണമായ സാമ്പത്തിക ഇടപാടുകളേയും അഴിമതികളേയും മനുഷ്യർക്ക് മനസിലാകവുന്ന തരത്തിൽ എളുപ്പത്തിൽ വിശദീകരിക്കുന്ന വാർത്തകളും നാടിന്റെ മുക്കിലും മൂലയിലും നടക്കുന്ന അതിക്രമങ്ങളും ക്രമക്കേടുകളും രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ഇവർ എത്തിച്ചു.

എൻ.ഡി.ടി.വിയിൽ നിന്ന് അതിനോടകം രാജിവെച്ചിരുന്ന രവീഷ് കുമാർ, നരേന്ദ്രമോദിക്കെതിരെയുള്ള വാർത്തകൾ കൊടുക്കുകയോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിമർശനപരമായി ഉപയോഗിക്കുകയോ ചെയ്യരുത് എന്ന് ചാനൽ ഉടമസ്ഥനും എഡിറ്ററുമായ ആൾ നിർദ്ദേശിച്ചതോടെ എബിപി ന്യൂസിൽ നിന്ന് രാജിവച്ച പുണ്യപ്രസൂൺ വാജ്‌പേയ്, ഇന്ത്യ റ്റുഡേ ഗ്രൂപ്പിലുണ്ടായിരുന്ന അഭിസാർ ശർമ്മ, എൻഡിടിവിയുടെ പഴയ എഡിറ്റർ ബർഖ ദത്ത് തുടങ്ങി പലരും യൂട്യൂബ് ചാനലുകളിലേയ്ക്ക് തിരിഞ്ഞിരുന്നു. ഇവരുടെ വാർത്തകൾ കോടിക്കണിക്കിനാളുകളാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ 130-–140 കോടി ജനങ്ങളിൽ ഏതാണ്ട് പകുതിയോളം പേർക്കും ഇന്റർനെറ്റ് ലഭ്യതയുണ്ട് എന്നതാണ് കണക്ക്. ഏതാണ്ട് 50 ശതമാനം ഇന്ത്യാക്കാരും വാർത്തകൾക്ക് ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഒരോ സ്റ്റോറിയും പത്ത് മുതൽ അമ്പത് ലക്ഷം പേർ വരെ കാണുന്ന തരത്തിൽ വളർന്നു കൊണ്ടേയിരുന്നു. ഇതുകൂടാതെ ആകാശ് ബാനർജി എന്ന യൂട്യൂബറുടെ ദേശ്ഭക്ത് എന്ന ചാനൽ, വാലി റഹ്‌മാനി, കുമാർ ശ്യാം എന്നിവരുടെ ചാനലുകൾ എന്നിവയും ലക്ഷക്കണക്കിനാളുകൾക്കിടയിൽ പ്രചാരമുള്ള സമാന്തര മാധ്യമ സ്ഥാപനങ്ങളാണ്. രാഷ്ട്രീയ നേതാക്കളുമായി അനൗപചാരികമായും ദീർഘമായും അഭിമുഖ സംഭാഷണത്തിലേർപ്പെടുന്ന സംദീഷ് ഭാട്ടിയയുടെ ‘അൺഫിൽറ്റേർഡ് ബൈ സംദീഷ്’ വലിയ പ്രചാരമാണ് നേടിയത്. പതിനേഴ് ലക്ഷം പേരുടെ സബ്‌സ്‌ക്രിപ്ഷൻ ഉള്ള സംദീഷിനെയാണ് തിരഞ്ഞെടുപ്പ് കാലത്ത് അഭിമുഖം നൽകാനായി രാഹുൽഗാന്ധി വരെ തിരഞ്ഞെടുത്തത്. സ്റ്റാൻഡ് അപ് കൊമേഡിയനായ കുനാൽ കമ്ര, ഫോക്ക് ഗായികയായ നേഹ സിങ് റാത്തോഡ് എന്നിവരും ഈ തിരഞ്ഞെടുപ്പ് കാലത്ത് ഹിന്ദുത്വഫാഷിസ്റ്റ് ആശയങ്ങൾക്കെതിരെ യൂട്യൂബിലൂടെ പോരാടി.

ഇതിനിടെ ധ്രുവ് റാഠിയെന്ന 29 വയസുകാരൻ ഇന്ത്യൻ യൂട്യൂബ് മേഖലയിൽ തരംഗമായി മാറുകയായിരുന്നു. ഒന്നാം മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ കൗമാരം പിന്നിട്ടിട്ടില്ലാത്ത യുവാവായിരുന്ന ധ്രുവ് റാഠിയാണ് ഇന്ത്യയിൽ ഈ പൊതുതിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറ്റിയതിൽ പ്രധാന പങ്കുവഹിച്ച ആളുകളിലൊന്ന് എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് കാര്യങ്ങളിൽ ധ്രുവ് റാഠി മുന്നിലായിരുന്നു. മാധ്യമപ്രവർത്തകനായല്ല, ഒരു യൂട്യൂബ് എഡ്യൂക്കേറ്റർ എന്ന നിലയിലാണ് അദ്ദേഹം സ്വയം കരുതിയത്. രണ്ട്: ഒരു കാരണവശാലും ഒരു ബി.ജെ.പി വിരുദ്ധനല്ല എന്നു മാത്രമല്ല, കോൺഗ്രസ് വിരുദ്ധനായാണ്, 2011-ലെ അഴിമതി വിരുദ്ധ സമരങ്ങളുടെ കാലത്ത്, രാഷ്ട്രീയത്തിൽ ആകൃഷ്ടനായത് എന്നും ധ്രുവ് റാഠി ആവർത്തിക്കുന്നു. അതുകൊണ്ട് തന്നെ സംഘപരിവാറിന്റെ ഐ.ടി.സെല്ലിന് എളുപ്പത്തിൽ റദ്ദാക്കാൻ പറ്റുന്ന ഒരു വ്യക്തിയായില്ല ധ്രുവ് റാഠി. ബി.ജെ.പി വിരുദ്ധനല്ലാത്ത, ഹിന്ദു ഉപരിവർഗ്ഗത്തിൽ പെട്ട, ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഒരാളെ ചാപ്പ കുത്തി അവഗണിക്കാനും അപമാനിക്കാനും അവർക്ക് എളുപ്പമല്ലായിരുന്നു.

ഹരിയാനയിലെ റോഥക്ക് ജില്ലയിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച് ജർമ്മനിയിൽ മെക്കാനിക്കൽ എഞ്ചനീയിറിങ് പഠിക്കാനായി പോയി, ബിരുദവും ബിരുദാനന്തരബിരുദവും നേടി അവിടെത്തന്നെ ജീവിക്കുമ്പോഴും ഇന്ത്യയായിരുന്നു ധ്രുവ് റാഠിയുടെ പ്രാഥമികമായ താത്പര്യം. അതുകൊണ്ട് യാത്രാ വ്‌ളോഗുകളും വസ്തുതാ പരിശോധനയും വാർത്താവിശദീകരണങ്ങളുമെല്ലാം ഹിന്ദിയിൽ തന്നെയായിരുന്നു ധ്രുവ് റാഠി ചെയ്തത്. 2014-ൽ നരേന്ദ്രമോദി അധികാരത്തിൽ വന്ന് അധികം വൈകാതെ ബി.ജെ.പിയുടെ രാഷ്ട്രീയ നടപടികളുടേയും പ്രത്യയശാസ്ത്രത്തിന്റേയും സർക്കാരിന്റെ പ്രവർത്തന രീതിയുടേയും കടുത്ത വിമർശകനായി മാറിയ ധ്രുവ് റാഠി എഡ്യുക്കേഷൻ വീഡിയോകൾക്കിടയിൽ മോദി സർക്കാരിന്റെ വിവാദ തീരുമാനങ്ങളെ പഠിച്ച് അവതരിപ്പിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 2017 ആയപ്പോഴേയ്ക്കും 50,000 സബ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബറായി ധ്രുവ് മാറി. പതുക്കെ പതുക്കെ രാഷ്ട്രീയ ഉള്ളടക്കം ധ്രുവിന്റെ വീഡിയോകളിൽ വർദ്ധിച്ചുവന്നു. കോവിഡ് കാലമായപ്പോൾ ലോകത്തെവിടേയും യൂട്യൂബ് വീഡിയോകൾക്കുണ്ടായ അധിക കാഴ്ച ധ്രുവ് റാഠിക്കും ഗുണകരമായി. മാത്രമല്ല, ഉള്ളടക്കത്തിൽ ഗൗരവമേറിയപ്പോൾ ഗവേഷണവും പ്രൊഫഷണലിസവും വർദ്ധിച്ചു. കർഷക സമരങ്ങൾക്കനുകൂലമായി, സമരങ്ങളെ വിശദീകരിച്ചു കൊണ്ട് ധ്രുവ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധേയമായി. വൈകാതെ ഒരോ വീഡിയോയ്ക്കും ദശലക്ഷക്കണക്കിന് കാണികളുള്ള ഒരു സെലിബ്രിറ്റി യൂറ്റിയൂബർ ആയി ധ്രുവ് റാഠി മാറി. ഇതോടെ ബി.ജെ.പിയുടെ ആക്രമണവും വർദ്ധിച്ചു. ഹിന്ദുത്വ ബ്രിഗേഡും ഐറ്റി സെല്ലും ആക്രമിക്കാൻ ആരംഭിച്ചതോടെ വർദ്ധിത വീര്യത്തിലായി ധ്രുവിന്റെ പോരാട്ടം.

എന്നാൽ 2024-ലെ ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ പ്രധാന ഘടകവും ചർച്ചാ വിഷയവുമായി ധ്രുവ് റാഠി മാറിയത് ഈ ഫെബ്രുവരി 22-നാണ്. ‘ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമാവുകയാണോ?’ എന്ന ചോദ്യവുമായി ധ്രുവ് റാഠി ചെയ്ത വീഡിയോ ഛത്തീഗഢിലെ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു പ്രഹസനം പോലെ അവസാനിക്കേണ്ട ആ തിരഞ്ഞെടുപ്പിൽ കണ്ട നഗ്നമായ അട്ടിമറിയും കർഷകരുടെ രണ്ടാം സമരത്തോടുള്ള ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധമായ ഇടപെടലുമായിരുന്നു ഇതിന്റെ വിഷയം. രണ്ടര കോടിയോളം പേരാണ് ആ വീഡിയോ യൂട്യൂബിൽ മാത്രം കണ്ടത്. ഡൗൺലോഡ് ചെയ്ത് പ്രചരിക്കപ്പെട്ടത് വേറെ. അതിനുശേഷം ‘ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി’ എന്ന പേരിൽ ഇലക്‌ട്രറൽ ബോണ്ട് എന്ന കൊടും കൊള്ളയെ വിശദീകരിക്കുന്ന വീഡിയോയും അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ അടച്ചതിനെ തുടർന്ന് ‘ഏകാധിപത്യം ഉറപ്പിച്ചുവോ’ എന്ന ചോദ്യമുയർത്തിയും ധ്രുവ് റാഠി വീഡിയോ ചെയ്തതോടെ പ്രതിപക്ഷത്തിനോടൊപ്പം ഇന്ത്യൻ ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടമായി ഈ യൂട്യൂബറുടെ വീഡിയോകളും മാറുകയാണ് എന്ന് വ്യക്തമായി. രണ്ട് കോടിയിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള, ഏറ്റവും പ്രശസ്തനായ ഇന്ത്യൻ യൂട്യൂബർ എന്നതിനപ്പുറം ഈ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വരാഷ്ട്രീയത്തേയും നരേന്ദ്രമോദിയേയും തോൽപ്പിക്കുന്ന പ്രചരണ പരിപാടിയിൽ പങ്കാളി കൂടിയായിരുന്നു ധ്രുവ് റാഠി. കഴിയുന്നത്ര ജനങ്ങളിലേയ്ക്ക് വീഡിയോ എത്തിക്കുന്നതുവഴി ജനാധിപത്യ സംരക്ഷണത്തിൽ പങ്കാളിയാകാം എന്ന ആഹ്വാനത്തോടൊപ്പം അവസാനിക്കുന്നതിന് മുമ്പായി ‘ജയ് ഹിന്ദ്’, ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രവാക്യങ്ങളും ധ്രുവ് ആവർത്തിച്ചു.

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ യൂട്യൂബേഴ്‌സിനുള്ള പങ്ക് വിലയിരുത്തുന്ന ‘ദ ഇക്‌ണോമിസ്റ്റ്’-ലേഖനത്തിൽ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: ‘‘ഇന്ത്യൻ യൂട്യൂബർമാരുടെ വിജയം മൂന്ന് ഘടകങ്ങളിലാണ്. ഒന്ന് അവർക്ക് ആ മാധ്യമത്തിലുള്ള പ്രാഗത്ഭ്യം. ധ്രവ് റാഠിയുടെ വീഡിയോകൾക്ക് ഏതാണ്ട് 20-–30 മിനുട്ടുകളോളമാണ് ദൈർഘ്യം. ഒരോ വിഷയവും കഴിയുന്നത്ര വിശദീകരിച്ചുകൊണ്ടുള്ള എക്‌സ്‌പ്ലൈനറുകളാണ് എല്ലാം. വിവരണങ്ങൾക്ക് തുടർച്ചയായി ആനിമേഷനുകൾ, ചാർട്ടുകൾ, പത്രകട്ടിങ്ങുകൾ എന്നിവ നൽകും. മുഖ്യധാരാ മാധ്യമങ്ങൾ അവധാനതയോടെ അവഗണിക്കുന്ന വിവാദങ്ങളേയും അഴിമതി വിവാദങ്ങളേയും മോദിയുമായി ബന്ധിപ്പിക്കാൻ ധ്രുവ് റാഠി ശ്രദ്ധിച്ചു. പ്രകോപനപരമായി സംസാരിക്കുന്നതിൽ അദ്ദേഹത്തിന് ഭയമില്ല. മോദിയുടെ വാഗ്ചാതുരിയെ ഹിറ്റ്‌ലറുമായി ഒരു വീഡിയോയിൽ അദ്ദേഹം താരതമ്യപ്പെടുത്തി. രാഷ്ട്രീയ വീഡിയോകൾക്കൊപ്പം യാത്രകളെ കുറിച്ചും മറ്റ് വിഷയങ്ങളെ കുറിച്ചുമുള്ള വീഡിയോകളും ഇടയ്ക്കിടെ അദ്ദേഹം ചെയ്യുന്നു. ടൈറ്റാനിക് മുങ്ങിയതിനെ കുറിച്ചുള്ള ഒരു വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണുണ്ടായത്. രണ്ടാമത്തേത് സോഷ്യൽ മീഡിയയുടെ അയത്‌നലളിതമായ ഉപയോഗമാണ്. യൂട്യൂബ് ആൾ പ്രധാന പ്ലാറ്റ് ഫോം ആണെ ങ്കിലും മറ്റു സോഷ്യൽമീഡിയ ഇടങ്ങളിലും അവർ വലിയ രീതിയിൽ ഫോളോവേഴ്‌സിനെ ഉണ്ടാക്കുന്നു. രണ്ട് കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സ് യൂട്യൂബിലുള്ള ധ്രുവ് റാഠിക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് എന്നിവടങ്ങളിലെല്ലാം കൂടി മറ്റൊരു ഒന്നരകോടിയോളം ഫോളോവേഴ്‌സുണ്ട്. രവീഷ്‌കുമാറിന് യൂട്യൂബ് കൂടാതെ ഏതാണ്ട് ഒരു കോടിയുടെ അടുത്ത് ഫോളോവേഴ്‌സ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് എന്നിവടങ്ങളിലുണ്ട്. മൂന്നാമത്തേത് ലളിതമാണ്. ഡിമാൻഡ്. ന്യൂസ് ലോൺഡ്രിയുടെ സഹസ്ഥാപകൻ കൂടിയായ അഭിനന്ദൻ സേഖ്‌റി ചൂണ്ടിക്കാണിക്കുന്നതു പോലെ ഇന്ത്യയിൽ സർവ്വാധിപത്യമുള്ള ബി.ജെ.പിക്ക് ഇപ്പോഴും മൂന്നിലൊന്ന് വോട്ട് മാത്രമാണ് ലഭിക്കുന്നത്. മറ്റു മനുഷ്യർക്ക് ഈ ‘മനുഷ്യരെ പരസ്പരം അകറ്റുന്ന അതിവൈകാരിക ഉള്ളടക്കം’ ആവശ്യമില്ല. സകല ഇന്ത്യൻ ചാനലുകളും ഇതുതന്നെയാണ് നൽകുന്നത്. ചർച്ചകൾ അട്ടഹാസങ്ങളുടെ മത്സരമാണ്.”

2024-ലെ തിരഞ്ഞെടുപ്പിൽ സമാന്തര മാധ്യമങ്ങളിൽ നിർണായകമായി മാറിയ ഒന്നു കൂടിയുണ്ട്. അത് യോഗേന്ദ്രയാദവ് എന്ന പഴയ തിരഞ്ഞെടുപ്പ് വിശാരദൻ കൂടിയായ രാഷ്ട്രീയ നേതാവിന്റെ ഇടപെടലുകളാണ്. നിലവിൽ രാഷ്ട്രീയപ്രവർത്തകനാണെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യ കൂട്ടായ്മയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കിടെയാണ് മുഖ്യധാരാ ചാനലുകളുടെ സർവ്വേകൾക്കെതിരെ സമാന്തരമായ പഠനം യോഗേന്ദ്ര യാദവ് നടത്തിയത്. അദ്ദേഹമത് പല സമാന്തര ചാനലുകളിലൂടെയും വെളിപ്പെടുത്തി. ഇതേ അഭിപ്രായം സാമ്പത്തിക ശാസ്ത്രജ്ഞനും, ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ, പ്രൊഫ. പരകാല പ്രഭാകറും പ്രകടിപ്പിച്ചു. പരകാല പ്രഭാകറിന്റേത് തിരഞ്ഞെടുപ്പ് പഠനത്തിന്റേയോ വസ്തുതകളുടേയോ അടിസ്ഥാനത്തിലായിരുന്നില്ല, സാമ്പത്തിക നിരീക്ഷകൻ എന്ന നിലയിലുള്ളതായിരുന്നു. എന്നാൽ യോഗേന്ദ്ര യാദവിന്റേത് പഠനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയുള്ളതായിരുന്നു. ദ് വയ്‌റിൽ കരൺ ഥാപ്പറുമായുള്ള കൂടിക്കാഴ്ചകളിൽ ഇരുവരും വളരെ വിശദമായി എന്തുകൊണ്ട് എൻ.ഡി.എ നാനൂറ് സീറ്റ് കടക്കുക പോകട്ടെ, മുന്നൂറ് തികയ്ക്കാൻ ബുദ്ധിമുട്ടുമെന്നും ബി.ജെ.പി എന്തായാലും കേവല ഭൂരിപക്ഷം നേടില്ലെന്നും പറയുന്നുണ്ട്. ഏകദേശം ആ കണക്കുകൾ ശരിയായി വന്നു എന്നുള്ളതല്ല പ്രധാനം, അത് മൂന്നു മാസത്തോളം നീണ്ട ദീർഘമായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതിപക്ഷമായ ‘ഇന്ത്യ’ കൂട്ടായ്മയുടെ പ്രവർത്തകർക്കും പൊതുവേ ഏകാധിപത്യത്തോടും കോർപറേറ്റ് ഹിന്ദുത്വയോടും പൊരുതുന്ന ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികൾക്കും ഊർജ്ജം നൽകുന്നതിന് പ്രയോജനപ്പെട്ടു.

ആത്യന്തികമായി രണ്ട് സാധ്യതകളാണ് ഈ തിരഞ്ഞെടുപ്പിൽ സമാന്തര മാധ്യമങ്ങൾ നമുക്കുമുന്നിൽ ചൂണ്ടിക്കാണിച്ചുതരുന്നത്. ഒന്ന് ബദൽ ശബ്ദം സാധ്യമാണ്. അഭിനന്ദൻ സേഖ്‌റി പറയുന്നതുപോലെ ഇന്ത്യയിലെ മൂന്നിൽ രണ്ട് പേർക്കും ആവശ്യമില്ലാത്തതും താത്പര്യമില്ലാത്തതുമായ ഉള്ളടക്കമാണ് മുഖ്യധാര/കോർപറേറ്റ് മാധ്യമങ്ങൾ നൽകുന്നത്. അവർ ഉത്പാദിപ്പിക്കുന്ന നുണകൾക്കും അർദ്ധസത്യങ്ങൾക്കും ബദലായി, അവർ സൃഷ്ടിക്കുന്ന വെറുപ്പിന്റേയും ബലിഷ്ഠ ദേശീയതയുടേയും അന്തരീക്ഷത്തിന് ബദലായി വസ്തുതകളിലും അന്വേഷണത്തിലും അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവർത്തനം ഈ നാട്ടിൽ ഇപ്പോഴും ആവശ്യമുണ്ട്. രണ്ട്: ഏകാധിപത്യത്തിന് പൂർണമായി പിടിമുറുക്കാൻ ആകാത്ത ജനാധിപത്യത്തിന്റെ അംശങ്ങൾ നമ്മുടെ സമൂഹത്തിൽ ബാക്കിയുണ്ട്. അതിന്റെ സാധ്യതകളെ പുറത്തുകൊണ്ടുവരാൻ സമാന്തര, സ്വതന്ത്ര മാധ്യമങ്ങൾക്ക് ഇപ്പോഴും സാധിക്കും. ഉത്തർപ്രദേശിലും രാജസ്താനിലും ഹരിയാനയിലും പഞ്ചാബിലും പുകയുന്ന അസ്വാസ്ഥ്യങ്ങളെ കുറിച്ച് മുന്നറിയിപ്പുതന്ന മാധ്യമങ്ങൾ അതാണ് നമ്മളോട് പറയുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 4 =

Most Popular