Sunday, September 8, 2024

ad

Homeവിശകലനംവർഗപരമായ പ്രാധാന്യവും 
പ്രത്യയശാസ്ത്രത്തിന്റെ 
മേൽക്കെെയും വീണ്ടെടുക്കൽ

വർഗപരമായ പ്രാധാന്യവും 
പ്രത്യയശാസ്ത്രത്തിന്റെ 
മേൽക്കെെയും വീണ്ടെടുക്കൽ

സുദീപ് ദത്ത, സുനന്ദ്

54 വർഷങ്ങൾക്കുമുമ്പ്, നിലനിന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിന്റെയും വർഗസഹകരണത്തിന്റെയും അവസരവാദത്തിന്റെയും കരിമേഘങ്ങൾക്കിടയിൽ വിപ്ലവദൃഢതയോടെ തിളങ്ങുന്ന നക്ഷത്രംപോലെ സിഐടിയു ഉദിച്ചുയർന്നു. സിഐടിയുവിന്റെ സ്ഥാപക സമ്മേളനത്തിൽ അതിന്റെ പ്രഥമപ്രസിഡന്റായ സഖാവ് ബി ടി രണദിവെ ഇങ്ങനെ പ്രസ്താവിച്ചു: ‘‘ലോകത്തിലെ തൊഴിലെടുക്കുന്ന വർഗമായ നാം, ലോകത്തിലെ അധ്വാനിക്കുന്നവരായ നാം, ലോകത്തിലെ സാധാരണക്കാരായ നാം മുന്നേറുകയാണ്; വിജയത്തിലേക്ക് കുതിക്കുകയാണ്. ഈ യുഗം നമ്മുടേതാണ്; ഈ യുഗം സാധാരണക്കാരുടേതും തൊഴിലാളിവർഗത്തിന്റേതുമാണ്. സാമ്രാജ്യത്വത്തിന്മേലും മുതലാളിത്തത്തിന്മേലും വിധിയെഴുതിക്കഴിഞ്ഞു– നിങ്ങളൊരു മരിച്ച സമൂഹമാണ്; സമീപഭാവിയിൽത്തന്നെ നിങ്ങൾ അടക്കം ചെയ്യപ്പെടും; തൊഴിലാളിവർഗം നിങ്ങളെ കുഴിച്ചു മൂടാൻ പോവുകയാണ്.’’

2024 മെയ് 30ന് നമ്മുടെ 55–ാമത് സ്ഥാപകദിനം ആഘോഷിക്കുന്ന വേളയിൽ, നാളിതുവരെയുള്ള നമ്മുടെ മഹത്തായ പ്രയാണത്തെ ഞങ്ങൾ അഭിമാനപൂർവം ഓർത്തെടുക്കുകയാണ്. നാമിപ്പോൾ എവിടെയാണ് എത്തിനിൽക്കുന്നതെന്നും ‘‘ചൂഷണത്തിന്റെ എല്ലാവിധ രൂപങ്ങളിൽനിന്നുമുള്ള സമൂഹത്തിന്റെ സമ്പൂർണമോചനത്തിനായി നിലകൊള്ളും’’ എന്ന സിഐടിയുവിന്റെ ഭരണഘടനയുടെ ലക്ഷ്യത്തിനനുപൂരകമായി എത്രത്തോളം നമുക്കുമുന്നേറാൻ കഴിഞ്ഞുവെന്നും നാം സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്. ഈ 54 വർഷത്തിനിടയിൽ, വസ്തുനിഷ്ഠ സാഹചര്യത്തിൽ അനന്യസാധാരണമാംവിധം മാറ്റമുണ്ടായിട്ടുണ്ട് എന്നത് അവിതർക്കിതമാണ്. സോഷ്യലിസത്തിനേറ്റ തിരിച്ചടിയും തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തിന്റെ തീട്ടൂരപ്രകാരമുള്ള നവലിബറൽ അധീശാധിപത്യവുമാണ് വർത്തമാനകാല യാഥാർഥ്യം.

എന്നാൽ വസ്തുനിഷ്ഠമായ മാറ്റത്തിനുമപ്പുറം ആത്മനിഷ്ഠതലത്തിലെ മാറ്റംകൂടി അടിവരയിട്ടുപറയേണ്ടത് അനിവാര്യമാണ്, ഇപ്പോൾ പ്രത്യേകിച്ചും. മറ്റ് കേന്ദ്ര ട്രേഡ് യൂണിയനുകളിൽ നിന്ന് സിഐടിയുവിനെ വ്യതിരിക്തമാക്കുന്ന പ്രത്യയശാസ്ത്രം, സാമൂഹിക പരിവർത്തനത്തിന്റെ പ്രത്യയശാസ്ത്രമാണ്. അതായിരുന്നു അതിന്റെ പിറവിയുടെ ഉറവിടവും അതിന്റെ അസ്തിത്വത്തിന്റെ തുടർച്ചയും. അതെന്തായാലും നമ്മുടെ വർഗശത്രുക്കളിൽനിന്നുള്ള പ്രത്യയശാസ്ത്രപരമായ ആക്രമണം ഇന്നും നമുടെക്കതിരെ നിരന്തരം തുടരുകയാണ്.

മുതലാളിത്തം കൊടുങ്കാറ്റുപോലെ ഉയർത്തി വിട്ട ‘ബദലില്ല’ (TINA–There is No Aulterative) എന്ന പ്രചരണത്തിനു നടുവിലും ഉറച്ചുനിൽക്കാൻ നാം കഠിനമായ പോരാട്ടം നടത്തിയെന്നത് യാഥാർഥ്യമാണ്. എന്നാൽ തൊഴിലാളിവർഗത്തിന്റെ ദെെനംദിന പോരാട്ടങ്ങൾക്കുപിന്നിലെ ചാലകശക്തിയായി വർഗപരമായ മോചനം എന്ന ലക്ഷ്യത്തെ മാറ്റുന്നതിന് ഇന്നും ഇന്ത്യൻ തൊഴിലാളിവർഗത്തിനു കഴിഞ്ഞിട്ടില്ല എന്നതു സ്വയം നാം വിമർശനപരമായി വിലയിരുത്തുന്നു. ഈ സ്വപ്നത്തിനാണ് മുതലാളിത്തത്തിന്റെ വെെവിധ്യങ്ങളാൽ മെരുക്കപ്പെട്ട തൊഴിലാളിവർഗത്തെ ഉദ്ദീപിപ്പിക്കാൻ കഴിയുക; നിഷ്ക്രിയമായി കഴിയുന്ന വലിയൊരു വിഭാഗത്തെ തട്ടിയുണർത്താനും എല്ലാ വർഗങ്ങളെയും ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ എല്ലാ വിഭാഗങ്ങളെയും നയിക്കാനും തൊഴിലാളിവർഗത്തിന്റെ ചരിത്രപരമായ നിയോഗമായ സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിൽ അണിനിരത്താനും കഴിയുന്നതും ഈ സ്വപ്നത്തിനാണ്.

നമ്മുടെ സംഘടനയുടെ അണികളിലും അതുപോലെ തൊഴിലെടുക്കുന്ന വർഗത്തിലെ വലിയൊരു വിഭാഗത്തിനിടയിലും അവിശ്വാസവും ഉത്സാഹരാഹിത്യവും അസംതൃപ്തിയും സൃഷ്ടിക്കുകയെന്നത് ഭരിക്കുന്ന വർഗം നടത്തുന്ന പ്രത്യയശാസ്ത്രപരമായ കടന്നാക്രമണത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. ഏറ്റവും പുരോഗതി പ്രാപിച്ചതും വിപ്ലവകരവുമായ വർഗമെന്ന നിലയിലുള്ള സ്വന്തം അസ്തിത്വവും കരുത്തും സ്വയം വിലയിരുത്താനാവാത്തവിധം അത് നമ്മുടെ വർഗത്തെ നിരായുധീകരിക്കുന്നു. ആത്മനിഷ്ഠതയുടെ വെല്ലുവിളികൾ നേരിടാനാകുമ്പോൾ മാത്രമേ നമുക്ക് വസ്തുനിഷ്ഠമായ വെല്ലുവിളികളെയും നേരിടാനാകൂ. പ്രത്യയശാസ്ത്രപരമായ പരിഷ്-കരണവാദവുമായി പോരാടിക്കൊണ്ടു മാത്രമേ ആലംബഹീനർക്കും ആശയറ്റവർക്കും നിലവിലെ സാമൂഹിക നിർമിതിയെ അട്ടിമറിക്കാനും ഒരു പുതിയ പ്രഭാതത്തിലേക്കു നീങ്ങാനും കഴിയുകയുള്ളൂ.

വർഗവും അത് വഹിക്കേണ്ട പങ്കും
തങ്ങളുടെ ബൗദ്ധിക ഏജന്റുമാർ, മഞ്ഞ ട്രേഡ് യൂണിയൻ നേതാക്കൾ, രാഷ്ട്രീയ ദല്ലാളുമാർ എന്നിവർ വഴി ഭരണവർഗം നടത്തുന്ന പ്രത്യയശാസ്ത്ര കടന്നാക്രമണത്തിലെ മുഖ്യഘടകം, നമ്മുടെ അടിസ്ഥാന നിർമിതിയായ ‘‘വർഗ’’ത്തിന്റെ നിലനിൽപ്പിനെത്തന്നെ ദുർബലമാക്കിയെന്നതാണ്. ഉൽപാദനോപാധികളുടെ മേലുള്ള നിയന്ത്രണവും ഉൽപാദന ബന്ധങ്ങളിൽ അവർക്കുള്ള നിർണായക സ്ഥാനവും കൊണ്ട്, പൊതുവായ താൽപ്പര്യങ്ങളുള്ള വ്യക്തികളുടെ വ്യതിരിക്തമായ ഒരു വിഭാഗം എന്ന നിലയിലുള്ള തൊഴിലാളി വർഗത്തിന്റെ നിയതവും മൂർത്തവുമായ സാന്നിധ്യത്തെ അവർ നിഷേധിക്കുന്നു. നമുക്കറിയാവുന്നതുപോലെ, ഉദാഹരണത്തിന് തൊഴിലാളികളും മുതലാളിമാരും ഫ്യൂഡൽ പ്രഭുക്കളും കൃഷിക്കാരും എന്നിങ്ങനെ, ഒരു വർഗം മറ്റൊരു വർഗത്തിനെതിരെ നിലകൊള്ളുന്നു.

ഇതിനുപകരം അവർ മുന്നോട്ടുവയ്-ക്കുന്നത്, വർഗമെന്നാൽ മിച്ച അധ്വാനം ഉണ്ടാക്കുന്ന പ്രകടനം, വിനിയോഗം, വിതരണം, സ്വീകരണം എന്നീ നാലു പ്രക്രിയകളുടെ സങ്കലനമല്ലാതെ മറ്റൊന്നുമല്ലെന്നാണ്. ലളിതമായി പറഞ്ഞാൽ വർഗമെന്നത് വ്യതിരിക്തമായ ആളുകളുടെ ഒരു കൂട്ടമല്ല മറിച്ച് ഉൽപ്പാദന പ്രക്രിയയിലെ ഒരു താൽക്കാലിക വർഗീകരണമാണ്.

ആപേക്ഷികവും വസ്തുനിഷ്ഠമല്ലാത്തതുമായ ഈ വർഗീകരണം, മിച്ച വിനിയോഗ പ്രക്രിയയിൽ നിന്നും നേരിട്ടുള്ള ഉൽപ്പാദകരെ പുറന്തള്ളുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നതിനെ ആശ്രയിച്ചുള്ള ചൂഷണാത്മകമോ ചൂഷണാത്മകമല്ലാത്തതോ ആയ ഏതെങ്കിലും ഒരു പ്രത്യേക പ്രക്രിയയുടെ സാഹചര്യത്തിലേക്കു നയിക്കുന്നു. അങ്ങനെ ചൂഷണം ചെയ്യപ്പെട്ടേക്കാവുന്ന ഒരു പുരുഷ തൊഴിലാളി അതേസമയം സ്വന്തം ഗൃഹത്തിനുള്ളിൽ അയാളുടെ ഭാര്യയെയോ കുട്ടികളെയോ ചൂഷണം ചെയ്യുന്നു. അങ്ങനെ ഒരു ഫാക്ടറി തൊഴിലാളി ഒരു ഘട്ടത്തിൽ ചൂഷകനും മറ്റൊരവസരത്തിൽ ചൂഷണം ചെയ്യപ്പെടുന്ന ആളുമായേക്കാം. ഈ ആശയത്തിലെ പ്രശ്നം, വർഗമെന്നത് പരിവർത്തനപരമോ താൽക്കാലികമോ ആണെങ്കിൽ വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിൽ യോജിച്ച് നടത്തുന്ന വർഗസമരത്തിന് എങ്ങനെ ചരിത്രത്തിന്റെ ചാലക ശക്തിയാകാൻ കഴിയും എന്നതാണ്. ഈ പ്രശ്നം ഉടലെടുക്കുന്നത് വിവിധ സാമൂഹിക സാമ്പത്തിക വെെരുധ്യങ്ങൾ തമ്മിലുള്ള നില വേർതിരിക്കുന്നതിലെ പരാജയത്തിൽനിന്നാണ്; എല്ലാം ഒരു മാനദണ്ഡത്തിലേക്ക് ചുരുങ്ങുന്നതിനാലാണ്.

സെെദ്ധാന്തികമായി വർഗങ്ങളുടെ നിയതമായ ഘടനയെ നിഷേധിക്കുക, അവയ്ക്കിടയിൽ അന്തർലീനമായിട്ടുള്ള വെെരുധ്യങ്ങളെ നിഷേധിക്കുക, വർഗസമരത്തിന്റെ പങ്ക് പ്രത്യേകിച്ച് സാമൂഹിക പരിവർത്തനത്തിൽ തൊഴിലാളിവർഗത്തിന്റെ പങ്ക് നിഷേധിക്കുക എന്നിവയാണ് ഈ ജൽപനങ്ങളുടെ യഥാർഥവും പ്രയോഗപരവുമായ പ്രത്യാഘാതം. രാഷ്ട്രീയവും സംഘടനാപരവുമായി പറഞ്ഞാൽ, ഇത് വർഗസംഘടനയുടെ വെള്ളം ചേർക്കലിലേക്കു നയിക്കുന്നു. കേന്ദ്ര വിപ്ലവ ട്രേഡ് യൂണിയനെ സംബന്ധിച്ചിടത്തോളം അടിയന്തര ഡിമാന്റുകൾക്കായി തൊഴിലാളി വർഗത്തിന്റെ ഉടമകൾക്കെതിരായി തൊഴിലാളികളെ ഒരു വർഗമെന്ന നിലയിൽ സംഘടിപ്പിക്കുകയെന്നത്, എല്ലാ ചൂഷിത വർഗങ്ങളെയും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളെയും നയിക്കുന്നതിനായി സ്വയമേവ രാഷ്ട്രീയമായ പക്വതയാർജിക്കുന്നതിനുള്ള ഭൂമികയാണ്. ഈ വിപുലമായ പോരാട്ടത്തിന്റെ ഭാഗമാണ് തൊഴിലാളിവർഗത്തിന്റെ പ്രാമുഖ്യം നേടിയെടുക്കുന്നതിനായുള്ള സെെദ്ധാന്തിക പോരാട്ടവും. ഒരു വർഗമെന്ന നിലയിൽ സംഘടിക്കാനും അതിന്റെ ചരിത്രപരമായ കടമകൾ പൂർത്തീകരിക്കാനുമാണ് തൊഴിലാളിവർഗം ലക്ഷ്യമിടുന്നത്.

വർഗമോ സ്വത്വമോ?
രണ്ടാമത്തെ, പ്രധാനമായതും അതിനനുബന്ധവുമായ വശം, വർഗത്തെ അടിസ്ഥാനമാക്കിയുള്ള ചൂഷണാധിപത്യത്തെ ഇല്ലാതാക്കുന്നതിനായി അതിനെ വംശം, ലിംഗം, ജാതി എന്നിവപോലുള്ള വർഗേതര സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള അടിച്ചമർത്തലിനൊപ്പമോ അതിനു താഴെയല്ലാത്തതോ ആയ സ്ഥാനത്തു കൊണ്ടുവരുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ്. ഇത് കേവലം വർഗീകരണത്തിന്റെ മാത്രം കാര്യമല്ല; ഇത് ആത്യന്തികമായും തൊഴിലാളി വർഗത്തിന്റെ മൊത്തത്തിലുള്ള രാഷ്ട്രീയ പങ്കുമായും അതിന്റെ സാധ്യത, വ്യാപ്തി എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു.

പുരുഷാധിപത്യം മുതൽ ജാതീയതവരെയുള്ള എല്ലാ പിന്തിരിപ്പൻ ആചാരങ്ങളും യഥാർഥത്തിൽ, അധീശാധിപത്യപരമായ സാമൂഹ്യ ഭരണകൂട ഉപകരണങ്ങളിലൂടെ കൂലിയില്ലാത്തതോ തുച്ഛമായ കൂലിയോടുകൂടിയതോ ആയ തൊഴിൽ ഭരണസംവിധാനത്തിന് പ്രദാനം ചെയ്യുന്നതിലൂടെ ചൂഷണഭരണത്തെ ചുരുക്കിക്കാണിക്കുകയാണ് എന്നു നാം മനസ്സിലാക്കണം. ഈ സവിശേഷമായ സാമൂഹിക അടിച്ചമർത്തലിനെതിരായ ശക്തമായ പോരാട്ടത്തിലൂടെയാണ് തൊഴിലാളിവർഗത്തിന് അതിന്റെ നേതൃത്വപരമായ പങ്കു വഹിക്കാനും നേതൃശേഷി പ്രയോഗിക്കാനും അതോടൊപ്പം -ഫ്യൂഡൽ മുതലാളിത്ത അടിച്ചമർത്തലിന്റേതായ സാമൂഹ്യക്രമത്തിനെതിരായ ശക്തമായ മുന്നണി കെട്ടിപ്പടുക്കാനും കഴിയുക. ചൂഷണത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്നും മാനവരാശിയെ മോചിപ്പിക്കുന്നതിനായി കെട്ടിപ്പടുത്ത, വിപ്ലവ തൊഴിലാളി വർഗത്താൽ നയിക്കപ്പെടുന്ന ഒരു നീതിപൂർവകമായ സമൂഹത്തിനു മാത്രമേ മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന അടിച്ചമർത്തലിന്റെ മറ്റു രൂപങ്ങളെയും തുടച്ചുനീക്കാനാകൂ. ഇവിടെയാണ് തൊഴിലാളിവർഗത്തിന്റെ പങ്ക് നിർണായകമാകുന്നത്.

‘‘ആഗോള ദക്ഷിണ മേഖലയിലെ പ്രധാന വിപ്ലവവർഗം ചെറുകിട ഉൽപാദകരാണെന്ന’’ സങ്കൽപനത്തിലെ അബദ്ധം: ചെറുകിട ഉൽപാദകരുടെ ഒരു വലിയ സേന ഇന്ത്യയ്ക്കുണ്ട്; അങ്ങനെ സങ്കൽപിക്കുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന്, കാർഷിക മേഖലയിലെ മുതലാളിത്ത വളർച്ച വികസിച്ചുകൊണ്ടിരുന്നിട്ടും ഫ്യൂഡൽ പ്രഭുക്കന്മാർ വലിയ തോതിൽ മുതലാളിത്ത ഭൂപ്രഭുക്കളായി പരിണമിച്ചിട്ടും മുതലാളിത്തപൂർവ ഉൽപാദന ബന്ധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്.

ചരിത്ര പ്രധാനമായ കർഷകമുന്നേറ്റം പോലുള്ള അനുഭവങ്ങൾ ചെറുകിട ഉൽപാദകർക്കും കുത്തക മുതലാളിത്തത്തിനുമിടയിൽ അന്തർലീനമായിട്ടുള്ള വെെരുധ്യങ്ങളെ തുറന്നുകാട്ടി. ഇതിൽനിന്ന് ഉയർന്നുവരുന്ന കാര്യം, വലിയ തോതിലുണ്ടാകുന്ന ചെറുകിട ഉൽപാദനമാണ് മുതലാളിത്തത്തെ ചെറുത്തുനിൽക്കുന്നതിനുള്ള ആഗോള ദക്ഷിണമേഖലയുടെ മാതൃകയെന്ന പെറ്റി ബൂർഷ്വാ ആശയമാണ്; എന്നാൽ ഇത് സാമൂഹ്യ പരിവർത്തനത്തിന്റെ ചാലകശക്തി എന്ന നിലയിലുള്ള തൊഴിലാളിവർഗത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും പങ്കിനെ കുറച്ചു കാണിക്കുകയാണ് എന്നതാണ് യാഥാർഥ്യം.

ഇത്തരത്തിലുള്ള കാഴ്ചപ്പാട്, ചെറുകിട ഉൽപാദന രൂപങ്ങളുടെ വലിയൊരു ഭാഗം കുത്തകകളാൽ നിയന്ത്രിക്കപ്പെടുന്ന ആഗോള മൂല്യശൃംഖലകളുടെ ഭാഗമാണെന്ന യാഥാർഥ്യത്തെ വിട്ടുകളയുന്നു. വിവിധ ഇടനിലക്കാർ മുഖേന ചെറുകിട ഉൽപാദകരുടെ ചരക്കുകളുടെ വിലകൾ നിയന്ത്രിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത് കുത്തകകളാണ്; അവരുടെ മിച്ചവും കൂടി വമ്പൻ ബിസിനസുകാർക്ക് വിതരണം ചെയ്യുന്നു. അതിനാൽ സ്വയമേവ ചെറുത്തുനിൽക്കുന്ന ഒരു കോട്ട യാന്ത്രികക്കോട്ട എന്ന നിലയിൽനിന്ന് കുത്തക മുതലാളിത്തത്തിന്റെ ഒരു അവിഭാജ്യ അനുബന്ധമെന്ന നിലയിലേക്ക് ചെറുകിട ഉൽപാദന രൂപങ്ങൾ മാറി. കുത്തകകൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ നേരിട്ടുള്ള പങ്ക് ചെറുകിട ഉൽപാദകർ ഏറ്റെടുക്കുമ്പോൾ, ആദിമ സഞ്ചയം സൃഷ്ടിച്ച തീവ്ര പ്രതിസന്ധിയിലേക്ക് മുതലാളിത്തം പതിച്ച സന്ദർഭങ്ങളുണ്ടായിട്ടും ആട്ടിയോടിക്കലിലൂടെ ഉണ്ടാകുന്ന മൂലധന സഞ്ചയിക്കലോ ബലപ്രയോഗത്തിലൂടെയുള്ള കവർന്നെടുക്കലോ ആയി അത് മാറുന്നു.

രണ്ടാമത്തേത്, ചെറുകിട ഉൽപാദകർ ഭൂമിശാസ്ത്രപരമായി ചിതറിക്കിടക്കുന്നു എന്നതാണ്. അതുപോലെ തന്നെ അതിന്റെ വളരെ തുച്ഛവും എന്നാൽ മൽസരാത്മകവുമായ സ്വഭാവംമൂലം സംഘടിതരാവുകയെന്നത് പ്രയാസമേറിയതാണ്. അതിനാൽ ചെറുകിട ഉൽപാദകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്നതും ഫ്യൂഡൽ വിരുദ്ധ പോരാട്ടങ്ങളുടെ പൂർത്തീകരണവുമെന്നത് ഒരു അനുസ്യൂത പോരാട്ടമായതിനാൽ അതിന് തൊഴിലാളിവർഗത്തിന്റെ അണിനിരക്കലും ഐക്യദാർഢ്യവും നേതൃത്വവും അനിവാര്യമാണ്. ഇവിടെയാണ് മേൽപ്പറഞ്ഞ അബദ്ധധാരണയെ പൊളിച്ചടുക്കേണ്ടതിന്റെ പരിപൂർണമായ അനിവാര്യത കുടികൊള്ളുന്നത്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + twenty =

Most Popular