Friday, November 22, 2024

ad

Homeവിശകലനംബിജെപിയുടെ പരാജയത്തിനുള്ള 
അന്തരീക്ഷം സൃഷ്ടിച്ച മുന്നേറ്റങ്ങൾ

ബിജെപിയുടെ പരാജയത്തിനുള്ള 
അന്തരീക്ഷം സൃഷ്ടിച്ച മുന്നേറ്റങ്ങൾ

വിജൂ കൃഷ്ണൻ

ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണ് കാണിക്കുന്നത്; നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സേ-്വച്ഛാധിപത്യ–വർഗീയ–കോർപറേറ്റ് വാഴ്ചയ്ക്ക് കനത്ത തിരിച്ചടിയുമാണ്. ഒരു പതിറ്റാണ്ട് മുൻപ് നരേന്ദ്രമോദി അധികാരത്തിലെത്തിയ ആദ്യദിനംമുതൽ തന്നെ ബിജെപി വാഴ്ചയ്ക്കെതിരെ നിരന്തരം സമരങ്ങൾ വളർത്തിക്കൊണ്ടുവന്ന ഏറ്റവും പ്രബലമായ ശക്തികളാണ് കർഷകരും തൊഴിലാളികളും. 2014 ഡിസംബറിൽ കിരാതമായ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് പുറത്തുവന്ന ഉടൻ തന്നെ അതിനെതിരെ വിഷയാധിഷ്ഠിതമായ ഐക്യം കെട്ടിപ്പടുത്തു; ഭൂമി അധികാർ ആന്ദോളൻ നടത്തിയ പോരാട്ടങ്ങളും പാർലമെന്റിനുള്ളിൽ പ്രതിപക്ഷപാർട്ടികൾ അതിനെതിരെ ആഞ്ഞടിച്ചതുമാണ് ആ ഓർഡിനൻസ് പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് നേരിടേണ്ടതായി വന്ന ആദ്യപരാജയം ഇതായിരുന്നു; അതു നടപ്പാക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തോടുകൂടിയ വിഷയാധിഷ്ഠിത ഐക്യം രൂപംകൊണ്ട പശ്ചാത്തലത്തിലാണ് ഇത് സാധ്യമായത് എന്ന കാര്യം അവിതർക്കിതമാണ്. ഈ വിജയത്തോടെ പോരാട്ടങ്ങൾ അവസാനിപ്പിച്ചില്ല. ജനങ്ങളുടെ ഉപജീവനമാർഗത്തിനുനേരെ നടന്ന ആക്രമണങ്ങൾക്കും നോട്ടുനിരോധനം സൃഷ്ടിച്ച പ്രതിസന്ധിക്കും ഗോരക്ഷയുടെ പേരിൽ നടന്ന ആക്രമണങ്ങൾക്കും സ്വകാര്യവൽക്കരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും നാഷണൽ മോണിറ്റെെസേഷൻ പെെപ്പ് ലെെനിനുമെല്ലാമെതിരെയും മറ്റു നിരവധി വിഷയങ്ങൾ കേന്ദ്രീകരിച്ചും സമരങ്ങൾ നടന്നു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയുടെ ശക്തമായ സാന്നിധ്യം ഈ പോരാട്ടങ്ങളിലുടനീളമുണ്ടായിരുന്നു; ദശകങ്ങളായി നവലിബറൽ നയങ്ങളെ ചെറുക്കുന്നതിൽ നിർണായകമായ പങ്കാണ് ട്രേഡ് യൂണിയനുകൾ വഹിച്ചത്; അവയുടെ അനുഭവസമ്പത്ത് കർഷകപ്രസ്ഥാനത്തിനും ഏറെ പ്രയോജനം ചെയ്തു. 2017 ജൂൺ ആയപ്പോൾ, ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിലെ മന്ദ്സൂറിൽ കർഷകരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തെ തുടർന്ന്, വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് പോരാട്ടങ്ങളെ ഉയർത്തിക്കൊണ്ടുവന്ന ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി (അഖിലേന്ത്യ കർഷക സമര ഏകോപന സമിതി–AIKSCC) എന്ന പേരിൽ ഒരു വിഷയാധിഷ്ഠിത ഐക്യവേദി കൂടി രൂപീകരിക്കപ്പെട്ടു. 2018 മാർച്ചിൽ നടന്ന നാസിക്കിൽനിന്ന് മുംബെെയിലേക്കുള്ള കിസാൻ ലോങ് മാർച്ച് ജനസാമാന്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു; ബിജെപിയെ മുട്ടുകുത്തിക്കാനാകുമെന്ന വ്യക്തമായ സന്ദേശമാണ് അതു ജനങ്ങൾക്ക് നൽകിയത്; ബിജെപി അജയ്യ ശക്തിയാണെന്നത് കോർപറേറ്റ് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്; അത് വെറുംപ്രചാരണമാണ്. ബിജെപി വാഴ്ചയ്ക്കെതിരായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ബിജെപിയും മോദിയും കർഷകരുടെ ശത്രുക്കൾ എന്ന മുദ്രാവാക്യം ഉയർത്തിയത് സുപ്രധാനമായ ഘടകമായി മാറി. പുൽവാമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബാലാക്കോട്ടിലെ വേ-്യാമാക്രമണത്തെ തുടർന്ന് അതിതീവ്രദേശീയവാദ പ്രചാരണം ഉയർത്തി ജനങ്ങളെ അതിൽ തളച്ച് 2019ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞപ്പോൾപോലും അതു കഴിഞ്ഞ ഉടൻ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിലും രാജസ്താനിലും ഛത്തീസ്ഗഢിലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ആർക്കെങ്കിലും വിസ്മരിക്കാനാവുമോ?

നരേന്ദ്രമോദിയുടെ രണ്ടാം ഭരണകാലത്ത് ഈ സമരങ്ങൾ കൂടുതൽ ശക്തമായി. കോർപറേറ്റനുകൂലമായ മൂന്ന് കാർഷികനിയമങ്ങൾക്കും നാല് ലേബർ കോഡുകൾക്കുമെതിരായി കർഷകരുടെയും തൊഴിലാളികളുടെയും ഐതിഹാസികമായ സംയുക്ത സമരം കടുത്ത അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ടും 750 ഓളം സഖാക്കൾ രക്തസാക്ഷിത്വം വരിച്ചുകൊണ്ടും പ്രതീക്ഷയുടെ തീപ്പന്തമായി ഉയർന്നുവന്നു; അതുകൊണ്ടാണ് പരാജയം സമ്മതിക്കാനും കാർഷികനിയമങ്ങൾ പിൻവലിക്കാനും മോദി സർക്കാർ നിർബന്ധിതമായത്; ലേബർ കോഡുകൾ നടപ്പിലാക്കാൻ സർക്കാർ ധെെര്യപ്പെടാതിരുന്നതും അതുകൊണ്ടുതന്നെ. വർഗപരമായ ചേരിതിരിവുകൾക്കതീതമായി എല്ലാ വിഭാഗത്തിലുംപെട്ട കർഷകരെ അണിനിരത്താൻ കഴിഞ്ഞ പുതിയ വിഷയാധിഷ്ഠിത ഐക്യവേദിയായിരുന്നു സംയുക്ത കിസാൻ മോർച്ച (എസ്-കെഎം). മഹാമാരിയുടെ നടുവിൽ, കർക്കശമായ ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുകീഴിൽ രോഗഭീതിമൂലം വലിയൊരു വിഭാഗം ജനങ്ങൾ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നപ്പോഴാണ് ഈ സമരം നടന്നത് എന്ന കാര്യം നമുക്ക് വിസ്മരിക്കാനാവില്ല. മഹാമാരിയെക്കുറിച്ചുള്ള ഭയത്തിൽനിന്നു മോചനം നേടിയും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ അതിജീവിച്ചുമാണ് അവർ ആദ്യവിജയം നേടിയത്; മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കുന്നതിനിടയാക്കിയ അന്തിമവിജയം കെെവരിക്കാൻ അത് ചെറിയതോതിലൊന്നുമല്ല സഹായിച്ചത്. മുസഫർ നഗർ കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് വ്യക്തമായി പ്രഖ്യാപിച്ചത് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വർഗീയ അജൻഡയെ തൊഴിലാളികളുടെയും കർഷകരുടെയും ഐക്യംകൊണ്ട് പരാജയപ്പെടുത്തുമെന്നാണ്.

സമരം കോർപറേറ്റ് കൊള്ളയ്ക്കെതിരായാണ് എന്ന നിർണായകമായ ആഖ്യാനമാണ് എസ്-കെഎം സൃഷ്ടിച്ചത്; മോദാനി മാതൃകയ്ക്കെതിരായിരുന്നു ആ സമരം. അദാനിമാരുടെയും അംബാനിമാരുടെയും ഇഷ്ടങ്ങൾക്കെതിരെ നിൽക്കുകയും ഭരണകക്ഷിയുടെ കോർപറേറ്റ് ശിങ്കിടികളായി അവരെ അവതരിപ്പിക്കുകയും ചെയ്യുന്ന കർഷക ജനതയെ ചവിട്ടിത്താഴ്-ത്താൻപോലും മോദി മടിക്കില്ല; അദാനിമാർക്കും അംബാനിമാർക്കും കൊള്ള ലാഭമടിക്കാനായി ദശലക്ഷക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ ബലി കഴിക്കാനും നരേന്ദ്രമോദി സന്നദ്ധനാണ്. പ്രതിപക്ഷ കക്ഷികളും ഈ ആഖ്യാനം ഏറ്റെടുത്തു; ബിജെപിക്കേറ്റ തിരഞ്ഞെടുപ്പ് പരാജയത്തിൽ അത് ശ്രദ്ധേയമായ പങ്കുവഹിച്ചു. ബിജെപി കോ സജാദോ (ബിജെപിയെ ശിക്ഷിക്കുക) എന്ന് എസ്-കെഎം നൽകിയ ആഹ്വാനം രാജ്യത്തുടനീളം നടപ്പാക്കപ്പെട്ടു; എസ്-കെഎമ്മും കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്തവേദിയും ചേർന്ന് ബിജെപിയുടെ കോർപറേറ്റനുകൂല, വർഗീയ നയങ്ങളെ തുറന്നുകാണിക്കുന്നതിനുള്ള നിരവധി കാംപെയ്നുകൾ നടത്തി. അഗ്നിവീർ പദ്ധതിക്കും വനിതാ ഗുസ്തിതാരങ്ങളോടുള്ള മോശമായ പെരുമാറ്റത്തിനും എതിരെയും മറ്റു പല വിഷയങ്ങളുയർത്തിയും കാംപെയ്നുകൾ ഏറ്റെടുത്തു. പഞ്ചാബിലും ഹരിയാനയിലും കൃഷിക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ബിജെപി സ്ഥാനാർഥികൾക്ക് ഗ്രാമങ്ങളിലേക്ക് സ്വതന്ത്രമായി കടക്കാൻപോലും കഴിഞ്ഞിരുന്നില്ല. ട്രേഡ് യൂണിയനുകളുമായി ചേർന്ന് വലിയതോതിൽ സാഹിത്യ–പോസ്റ്റർ പ്രചരണങ്ങളും കാംപയ്നുകളും നടത്തി. ലക്കിംപൂർ ഖേരി സംഭവത്തോടുള്ള (ബിജെപി മന്ത്രി അജയ്-മിശ്ര ടെനിയുടെ പുത്രൻ ഓടിച്ചിരുന്ന വാഹനം ഇടിപ്പിച്ച് ലക്കിംപൂർ ഖേരിയിൽ 5 കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തി. അതിന്റെ പ്രതികരണമെന്ന നിലയിൽ അജയ്-മിശ്ര ടെനിക്കെതിരെ ശക്തമായ കാംപെയ്ൻ നടത്തപ്പെട്ടു.

ഈ കാംപെയ്നുകൾ വഹിച്ച ഫലപ്രദമായ പങ്കിനുള്ള സാക്ഷ്യപത്രമാണ് തിരഞ്ഞെടുപ്പ് ഫലം. സമരത്തിന്റെ മുഖ്യകേന്ദ്രങ്ങളായിരുന്ന പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്താൻ എന്നീ സംസ്ഥാനങ്ങളിൽ ഗ്രാമീണ മേഖലയിലെ നിരവധി മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ നഷ്ടം സംഭവിച്ചു. ന്യൂ ഇന്ത്യൻ എക്സ്-പ്രസിൽ പ്രസിദ്ധീകരിച്ച ജിതേന്ദ്ര ചൗബെയുടെ റിപ്പോർട്ടു പ്രകാരം ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്താൻ, ഹരിയാന, മഹാരാഷ്ട്ര എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ കാർഷികമേഖലയിൽ ബിജെപിക്ക് 38 സീറ്റു നഷ്ടപ്പെട്ടു. പടിഞ്ഞാറൻ യുപിയിൽ മുസഫർനഗർ, സഹാറൻപൂർ, കെെരാന, നാഗിന, മൊറാദാബാദ്, സംഭൽ, റാംപൂർ തുടങ്ങിയ സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെട്ടു; ഇതിനുപുറമെ ഈ മേഖലയിലെ ലക്കിംപൂർ ഖേരിയിൽ അജയ്-മിശ്ര ടെനി പരാജയപ്പെട്ടുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പഞ്ചാബിൽ ഒരൊറ്റ സീറ്റിൽപോലും ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞില്ല; ഹരിയാനയിൽ 5 സീറ്റ് നഷ്ടപ്പെട്ടു. രാജസ്താനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റിലും വിജയിച്ച ബിജെപിക്ക് ഈ പ്രാവശ്യം കാർഷികമേഖലയിൽനിന്ന് 11 സീറ്റ് നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ ഉള്ളിക്കൃഷിക്കാരുടെ മേഖലയിൽ പരാജയപ്പെട്ട രണ്ടു കേന്ദ്ര മന്ത്രിമാരുടേതുൾപ്പെടെ 12 സീറ്റാണ് എൻഡിഎക്ക് നഷ്ടപ്പെട്ടത്; ബിജെപിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. ‍ഝാർഖണ്ഡിൽ കൃഷിമന്ത്രി അർജുൻ മുണ്ടയും പരാജയപ്പെട്ടു. കർഷകസമരത്തിന്റെ മുഖ്യനേതാക്കളിൽ ഒരാളും 13 മാസക്കാലം ഷാജഹാൻ പൂർ ബോർഡറിൽ സമരത്തെ നയിക്കുകയും ചെയ്ത എഐകെഎസ് വെെസ്- പ്രസിഡന്റ് അമ്രാറാം സിക്കാറിൽനിന്ന് ഇന്ത്യാ കൂട്ടായ്മയുടെ പിന്തുണയുള്ള സിപിഐ എം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. എസ്-കെഎമ്മിന്റെ ആഹ്വാനങ്ങൾ കൃത്യമായി നടപ്പാക്കിയിരുന്ന ബിഹാറിൽ സംയുക്ത സമരത്തിന്റെ പ്രധാന നേതാക്കളിലൊരാളും അഖിലേന്ത്യാ കിസാൻ മഹാസഭയുടെ ജനറൽ സെക്രട്ടറിയുമായ രാജാറാം സിങ്ങും മറ്റൊരു നേതാവായ സുദാമ പ്രസാദും ഇന്ത്യാ കൂട്ടായ്മയുടെ പിന്തുണയുള്ള സിപിഐ എം എൽ ലിബറേഷൻ സ്ഥാനാർഥികളായി മത്സരിച്ച് കാറക്കാട്ട്, ആറ് നിയോജകമണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിലെ കാർഷികമേഖലയിൽ ബിജെപിക്ക് 12 സീറ്റ് നഷ്ടപ്പെട്ടു. ഇന്ത്യാ കൂട്ടായ്മ പിന്തുണ നൽകിയ സിപിഐ എം സ്ഥാനാർഥി സച്ചിദാനന്ദം നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തമിഴ്നാട്ടിലെ ദിണ്ടിഗലിൽ വിജയിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കിയാലും ഈ സമരങ്ങളുടെ ശക്തമായ സ്വാധീനം കൂടുതൽ വ്യക്തമായി കാണാൻ കഴിയും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സേ-്വച്ഛാധിപത്യ–കോർപറേറ്റ്–വർഗീയകക്ഷിയായ ബിജെപിക്ക് ഗുരുതരമായ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ ചില വ്യക്തികളെ ‘രക്ഷക’ വേഷത്തിൽ കൊട്ടിഘോഷിച്ച് അവതരിപ്പിക്കാനുള്ള വ്യഗ്രത കാണുന്നുണ്ട്. ചില രാഷ്ട്രീയ വ്യക്തിത്വങ്ങളെ അത്തരത്തിൽ കിരീടമണിയിക്കാൻ ചിലർ തിടുക്കപ്പെടുന്നുണ്ട്. മറ്റു ചിലരാകട്ടെ ആ ബഹുമതിയാകെ ധ്രുവ് റാഠിയെയും രവീഷ് കുമാറിനെയും മറ്റും പോലെയുള്ള യൂ ട്യൂബർമാർക്കും സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും മേൽ ചൊരിയുന്നുണ്ട്; ഇവർ വലതുപക്ഷത്തിന്റെയും കോർപറേറ്റ് ഗോദി മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രചാരണത്തെ ചെറുക്കാൻ രംഗത്തുണ്ടായിരുന്നവരാണ്. നിശ്ചയമായും, ഇത്തരത്തിലുള്ള വ്യക്തികളും പ്രതിപക്ഷപാർട്ടികളും നടത്തിയ പരിശ്രമങ്ങളെല്ലാം ബിജെപിക്കെതിരായ പോരാട്ടത്തിൽ പങ്കുവഹിച്ചിട്ടുണ്ട്; അവരെല്ലാം തന്നെ അഭിനന്ദനം അർഹിക്കുന്നുമുണ്ട്. എന്നാൽ നരേന്ദ്രമോദി അജയ്യനല്ലയെന്ന ആത്മവിശ്വാസം യഥാർഥത്തിൽ ആദ്യം ഉറപ്പിച്ചെടുത്ത പ്രസ്ഥാനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളുടെ പ്രാധാന്യത്തെ ഇല്ലാതാക്കുകയെന്ന തെറ്റായ ഒരു പ്രവണത ഈ സമീപനത്തിൽ ശ്രദ്ധേയമായ വിധം കാണാവുന്നതാണ്. യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും മർദിത ജനവിഭാഗങ്ങളുടെയെല്ലാം പോരാട്ടങ്ങളും ഒപ്പം സിഎഎക്കെതിരായ ഐതിഹാസികമായ പോരാട്ടവും ബിജെപിക്ക് തിരിച്ചടിയേൽപ്പിക്കുന്നതിൽ നിശ്ചയമായും പങ്കുവഹിച്ചിട്ടുണ്ട്. വർഷങ്ങളായി ജയിലഴികൾക്കുള്ളിൽ നരകതുല്യമായ ജീവിതാവസ്ഥയിൽ കഴിയുന്ന ഒട്ടേറെപ്പേരുൾപ്പെടെ, നിർഭയമായി ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിച്ചവരുടെ ശബ്ദങ്ങൾക്കും വലിയ പങ്കുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഫെഡറൽ അവകാശങ്ങളെയും സംരക്ഷിക്കുന്നതിനായി; വ്യക്തിപരമായ ഒരു നോട്ടവും പ്രതീക്ഷിക്കാതെ നിസ്വാർഥമായി പ്രവർത്തിച്ച ആയിരക്കണക്കിന് അറിയപ്പെടാത്ത, ആരാലും വാഴ്ത്തപ്പെടാത്ത ആളുകളുമുണ്ട്; അവരെയും വിസ്മരിക്കാനാവില്ല. ധ്രുവ് റാഠിയെയും രവീഷ് കുമാറിനെയും വിവിധ പ്രതിപക്ഷപാർട്ടി നേതാക്കളെയും സിവിൽ സമൂഹത്തെയാകെയും പോലെ മറ്റനവധിയാളുകളും നടത്തിയ പരിശ്രമങ്ങളുടെ ആകത്തുകയാണ് ബിജെപിയുടെ സേ-്വച്ഛാധിപത്യവാഴ്ചയ്ക്ക് ശ്രദ്ധേയമായ തിരിച്ചടിയേൽപ്പിച്ചതിൽ കാണാനാവുന്നത്. ഇന്ത്യാ കൂട്ടായ്മയ്ക്ക് വിജയം സാധ്യമാണെന്ന ആത്മവിശ്വാസവും അന്തരീക്ഷവും സൃഷ്ടിച്ച ചാലകശക്തി കർഷകരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + eight =

Most Popular