Thursday, September 19, 2024

ad

Homeനിരീക്ഷണംവൈദ്യുതി ഉല്‍പ്പാദന മേഖലയിൽ വൻ മുന്നേറ്റം

വൈദ്യുതി ഉല്‍പ്പാദന മേഖലയിൽ വൻ മുന്നേറ്റം

കെ കൃഷ്ണൻകുട്ടി

രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 ഓടു കൂടി പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നുവരുന്നത്. 2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും, 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതി മേഖല ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 831.26 മെഗാവാട്ട് അധിക ഉത്പാദന ശേഷി കൈവരിച്ചിട്ടുണ്ട്. ഇതിൽ 782.71 മെഗാവാട്ട് സൗരോർജ്ജത്തിൽ നിന്നും, 48.55 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളിൽ നിന്നും ആണ് ഉത്പാദിപ്പിച്ചത്. 24 മെഗാവാട്ട് ശേഷിയുള്ള പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി, 6 മെഗാവാട്ട് ശേഷിയുള്ള പെരുവണ്ണാമൂഴി, 2 മെഗാവാട്ട് ശേഷിയുള്ള അപ്പർ കല്ലാർ ചെറുകിട ജല വൈദ്യുത പദ്ധതി, സ്വകാര്യ സംരംഭകര്‍ മുഖേന ആനക്കാംപൊയിൽ (8 MW) ചെറുകിട ജലവൈദ്യുത പദ്ധതി, അരിപ്പാറ (4.5 MW) ചെറുകിട ജലവൈദ്യുത പദ്ധതി, മുക്കൂടം (4 MW) ചെറുകിട ജലവൈദ്യുത പദ്ധതി, ദേവിയാര്‍ (0.05 MW) ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയാണ് പൂര്‍ത്തിയാക്കിയത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി, 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ എന്നീ ജലവൈദ്യുത പദ്ധതികൾ ഈ വര്‍ഷം തന്നെ പൂർത്തീകരിക്കും. ഈ പദ്ധതികള്‍ ഉള്‍പ്പടെ 211 മെഗാവാട്ട് ശേഷിയുള്ള 9 ജല വൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

2000 മെഗാവാട്ട് ശേഷിയുള്ള ജല വൈദ്യുത പദ്ധതികളും, 3000 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രളയ പ്രതിരോധ സംവിധാനങ്ങളോടെയുള്ള ജല വൈദ്യുത പദ്ധതികള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്ര സഹായം പൂര്‍ണ്ണമായും ഉപയോഗിക്കുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനുപുറമേ, ജല വൈദ്യുത പദ്ധതികളെ പുനരുപയോഗ ഊര്‍ജ്ജമായി കണ്ടുകൊണ്ട്, അതില്‍ നിന്നുള്ള വൈദ്യുതി ഉപയോഗം നിര്‍ബന്ധമാക്കുന്ന ഹൈഡ്രോ പവര്‍ ഒബ്ലിഗേഷനും നിലവില്‍ വന്ന സ്ഥിതിയ്ക്ക്, ജല വൈദ്യുത പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള വൈദ്യുതി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. ഇതിനു പുറമേ, കാറ്റ്, സോളാര്‍ മുതലായ മറ്റു സ്രോതസ്സുകള്‍ എന്നിവ പരമാവധി ഉപയോഗപ്പെടുത്തി ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും, നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഉത്പാദന നിലയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമുള്ള ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ ജലാശയ ശേഷി ഉപയോഗപ്പെടുത്തി വൈകുന്നേരങ്ങളിലെ അധിക വൈദ്യുതി ആവശ്യകത കണ്ടെത്തുന്ന വിധത്തില്‍ 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവര്‍ണ്ണ ജൂബിലി പദ്ധതിയുടെയും, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി എക്സ്ടന്‍ഷന്‍ സ്കീം, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി എന്നിവയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമായ അനുമതികള്‍ ലഭ്യമാക്കുന്നതിനും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു.

പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍
ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനശേഷമുള്ള ജലം പുനരുപയോഗിച്ച്‌ വീണ്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ‘പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌’ സംവിധാനം സംസ്ഥാനത്ത്‌ നടപ്പാക്കും. ആദ്യഘട്ടത്തിൽ 130 മെഗാവാട്ട്‌ സ്ഥാപിതശേഷി വർധിപ്പിക്കാനാകുന്ന 753 കോടി രൂപയുടെ പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനം ആരംഭിക്കാനാണ്‌ കെഎസ്‌ഇബിയുടെ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. നിലവിലുള്ള ജലസംഭരണികൾക്ക് സമീപം അധികസംഭരണ സൗകര്യങ്ങൾ സജ്ജീകരിച്ചാകും വൈദ്യുതി ഉൽപ്പാദനം നടത്തുക.
വയനാട് കാരാപ്പുഴ ജലസംഭരണിയുടെ ഭാഗമായി മഞ്ഞപ്പാറയിലും (30 മെഗാവാട്ട്‌) ഇടുക്കി പൊൻമുടി ജലസംഭരണിയുടെ ഭാഗമായി മുതിരപ്പുഴയിലുമാണ്‌ (100 മെഗാവാട്ട്‌) ആദ്യഘട്ടത്തിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നത്. ജലസംഭരണികളിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദനത്തിന്റെ ഭാഗമായി താഴോട്ടൊഴുക്കിയ ജലം സോളാർ വൈദ്യുതി ഉപയോഗിച്ച്‌ മുകളിലേക്ക്‌ വീണ്ടും പമ്പ്‌ ചെയ്‌താണ്‌ ജലത്തിന്റെ പുനരുപയോഗം സാധ്യമാക്കുക. പകൽ കുറഞ്ഞ നിരക്കിൽ കിട്ടുന്ന സൗരോർജം ഉപയോഗിച്ചാകും പമ്പിന്റെ പ്രവർത്തനം. രാത്രി ഉയർന്ന ഉപയോഗ സമയത്ത്‌ വൈദ്യുതി ഉൽപ്പാദനം നടക്കുമെന്നതാണ്‌ പമ്പ്‌ഡ്‌ സ്‌റ്റോറേജിനെ ആകർഷകമാക്കുന്നത്‌. നിലവിൽ രാത്രിസമയങ്ങളിലെ ഉയർന്ന ആവശ്യകത നിറവേറ്റാൻ ആഭ്യന്തര ഉൽപ്പാദനത്തിനു പുറമെയുള്ള വൈദ്യുതി വലിയനിരക്കിലാണ്‌ കെഎസ്‌ഇബി പുറത്തുനിന്നു വാങ്ങുന്നത്‌. പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനം കൂടുതൽ വിപുലമാക്കാനായാൽ രാത്രി കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ‌

ആദ്യഘട്ടം വിജയകരമായാൽ ഇടുക്കി (700 മെഗാവാട്ട്), പള്ളിവാസൽ (600 മെഗാവാട്ട്) എന്നിവയുൾപ്പെടെ സംസ്ഥാനത്ത്‌ ഒമ്പത് ഇടങ്ങളിൽ പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനം ആരംഭിക്കും. പുനരുപയോഗ വൈദ്യുതിയിലൂടെ ഊർജ സ്വയംപര്യാപ്‌തത നേടാനുള്ള ലക്ഷ്യത്തിലേക്ക്‌ സംസ്ഥാനം കുതിക്കുമ്പോൾ പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനം നിർണായക ചുവടുവയ്‌പാകും.

സംസ്ഥാനത്തെ 
സൗരോർജ്ജ നിലയങ്ങളുടെ 
മൊത്തം സ്ഥാപിത ശേഷിയില്‍
വന്‍ കുതിച്ചു ചാട്ടം
കെഎസ്-ഇബിയുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെയും, മറ്റ് സ്വകാര്യ നിലയങ്ങളിലൂടെയും, ഭൗമോപരിതല സൗരോര്‍ജ്ജ നിലയങ്ങളിലൂടെയും, ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതിയിലൂടെയും സംസ്ഥാനത്ത് ആകെ 1087.71 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് നിലവിലുള്ളത്. ഇതിൽ 808.89 മെഗാവാട്ടിന്റെ പുരപ്പുറ സൗരോർജ്ജ നിലയങ്ങളും, 278.82 മെഗാവാട്ട് ശേഷിയുള്ള ഭൗമോപരിതല / ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയങ്ങളും ഉൾപ്പെടുന്നു.

പുരപ്പുറ സൗരോർജ്ജ നിലയങ്ങളില്‍, കെഎസ്ഇബിഎല്ലി-ന്റെ ഉടമസ്ഥതയില്‍ 209.6 മെഗാവാട്ട് ശേഷിയുള്ളവയും, സ്വകാര്യ ഉടമസ്ഥതയില്‍ 599.29 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങളുമാണ്.

ഭൗമോപരിതല / ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയങ്ങളില്‍, കെഎസ്ഇബിഎല്ലി-ന്റെ ഉടമസ്ഥതയിൽ 19.71 മെഗാവാട്ട് ശേഷിയുള്ളവയും, സ്വകാര്യ ഉടമസ്ഥതയില്‍ 259.11 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങളുമാണ്.

സൗര പദ്ധതിയിലൂടെ 203.34 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ 49,402 പുരപ്പുറങ്ങളിലായി പൂർത്തിയാക്കി. ഇവയിൽ 23.61 മെഗാവാട്ട് ശേഷിയുള്ള 1871 നിലയങ്ങൾ കെഎസ്ഇബിഎല്ലിന്റെ ഉടമസ്ഥതയിലും, 179.74 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങള്‍ സ്വകാര്യ ഉടമസ്ഥതയിലുമാണ്.

201.071 മെഗാവാട്ട് ശേഷിയുള്ള 49,154 പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കി.

കേരളത്തിലാകെ 1.44 ലക്ഷം ഉപഭോക്താക്കള്‍ 721.8 മെഗാവാട്ട് ശേഷിയുള്ള പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 584.7 മെഗാവാട്ട് ശേഷിയുള്ള 1.32 ലക്ഷം ഗാർഹിക ഉപഭോക്താക്കളും ഉൾപ്പെടുന്നു.

മെയ്‌ 2016 ല്‍ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നുള്ള ആകെ സ്ഥാപിതശേഷി 16.499 മെഗാവാട്ട് ആയിരുന്നെങ്കില്‍ വിവിധ പദ്ധതികളിലൂടെ 1087.71 മെഗാവാട്ട് ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ഇപ്രകാരം 1071.211 മെഗാവാട്ടിന്റെ വര്‍ദ്ധനവാണ് മെയ്‌ 2016 ന് ശേഷം ഉണ്ടായത്. കേരളത്തിലെ മൊത്തം സൗരോര്‍ജ്ജ നിലയങ്ങളില്‍ 782.71 മെഗാവാട്ടും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + twenty =

Most Popular