Thursday, November 21, 2024

ad

Homeവിശകലനംകാർഷിക മേഖല ഊരാക്കുടുക്കിൽ

കാർഷിക മേഖല ഊരാക്കുടുക്കിൽ

ഡോ. ടി എം തോമസ്‌ ഐസക്‌

1980-ൽ കാർഷിക മേഖലയിലെ പ്രതിശീർഷ വരുമാനം 4745 രൂപയായിരുന്നു. ഇത് ദേശീയ പ്രതിശീർഷ വരുമാനത്തിന്റെ 56 ശതമാനം വരുമായിരുന്നു. പട്ടിക 1-ൽ കാണുന്നതുപോലെ 2010-ൽ കാർഷിക മേഖലയിലെ പ്രതിശീർഷ വരുമാനം 10,865 രൂപയായി. പക്ഷേ ഇത് ദേശീയ പ്രതിശീർഷ വരുമാനത്തിന്റെ 32 ശതമാനമായിരുന്നെങ്കിൽ ഇന്നത് ദേശീയവരുമാനത്തിന്റെ 25 ശതമാനമേ വരൂ. ചുരുക്കത്തിൽ കാർഷിക പ്രതിശീർഷ വരുമാനവും കാർഷികേതര മേഖലയിലെ പ്രതിശീർഷ വരുമാനവും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്.

പട്ടിക‐1
കാർഷിക മേഖലയിലെ പ്രതീശീർഷ വരുമാനം

വർഷം കാർഷിക മേഖലയിലെ പ്രതീശീർഷ വരുമാനം (₹) ദേശീയ പ്രതീശീർഷ വരുമാനത്തിന്റെ ശതമാനമായി
1980 4,745 56
1990 5,505 48
2000 6,652 42
2010 10,865 32

ഈ പശ്ചാത്തലത്തിലാണ് 2014-ലെ തിരഞ്ഞെടുപ്പ് കാലത്ത് മോദി, കൃഷിക്കാരുടെ വരുമാനം 2022 ആകുമ്പോൾ ഇരട്ടിയാക്കുമെന്നു പ്രഖ്യാപിച്ചത്. 2015–-16-ലെ ഒരു കാർഷിക കുടുംബത്തിന്റെ വരുമാനം പ്രതിമാസം 8,058 രൂപയാണെന്നാണ് കണക്കാക്കപ്പെട്ടത്. ഇത് വിലക്കയറ്റവുംകൂടി കണക്കിലെടുക്കുമ്പോൾ 22610 രൂപയായി ഉയർത്താനാണ് ലക്ഷ്യമിട്ടത്. ഇതു സംബന്ധിച്ച് 14 വാല്യം വരുന്ന ഒരു ബൃഹത് പഠനമാണ് പുറത്തിറക്കിയത്. എന്നാൽ 2024-ലെ തിരഞ്ഞെടുപ്പ് കാലത്തുപോലും തന്റെ വമ്പൻ പ്രഖ്യാപനത്തെക്കുറിച്ച് പ്രധാനമന്ത്രിക്കൊന്നും പറയാനുണ്ടായിരുന്നില്ല. കൃഷിക്കാരുടെ ഉല്പന്നങ്ങൾക്കുള്ള മിനിമം താങ്ങുവില ഉല്പാദനച്ചെലവും 50 ശതമാനം മാർജിനുംകൂടിയുള്ള വിലയായിരിക്കുമെന്ന പ്രഖ്യാപനവും വീൺവാക്കായി. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാനുള്ള വാഗ്ദാനം പൊളിഞ്ഞതിനു ഒരു മുഖ്യകാരണം ഇതായിരുന്നു.

മൂന്ന് മേഖലകൾ
എന്തുകൊണ്ട് ഈ പ്രതിഭാസം? പ്രതിശീർഷ വരുമാനമെന്നാൽ മൊത്തം വരുമാനത്തെ ആ മേഖലയിലെ ആളുകളുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന തുകയാണല്ലോ. അതുകൊണ്ട് സാമ്പത്തിക വളർച്ചയുടെ ഫലമായി മൊത്തം വരുമാനത്തിൽ കാർഷിക മേഖലയുടെ വിഹിതം എത്രയാണ്? തൊഴിൽസേനയിൽ കാർഷിക മേഖലയുടെ വിഹിതം എത്രയാണ്? ഈ രണ്ട് ചോദ്യങ്ങൾക്കും ഉത്തരം കാണേണ്ടിയിരിക്കുന്നു.

ചിത്രം 1
ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ പ്രാഥമിക, ദ്വിതീയ, ത്രിതീയ മേഖലകളുടെ വിഹിതത്തിൽവന്ന മാറ്റം

കടപ്പാട്: dfat.gov.au

സമ്പദ്ഘടനയെ മൂന്ന് മേഖലകളായി തിരിക്കാം. ഒന്ന്, കൃഷിയും അനുബന്ധ മേഖലകളും. അതായത് കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വനം, ഖനനം തുടങ്ങിയവ. ഇവയെ പ്രാഥമിക മേഖല എന്നു വിളിക്കാം. രണ്ട്, വ്യവസായവും അനുബന്ധ മേഖലകളും. അതായത് വ്യവസായം, ഗതാഗതം, നിർമ്മാണം തുടങ്ങിയവ. ഇവയെ ദ്വിതീയ മേഖല എന്നു വിളിക്കാം. മൂന്നാമത്തേത് ഭരണനിർവഹണം, ഫിനാൻഷ്യൽ സേവനങ്ങൾ, കമ്യൂണിക്കേഷൻ തുടങ്ങിയ നാനാവിധ സേവനങ്ങളാണ്. ഇവയെ ത്രിതീയ മേഖല എന്നു വിളിക്കാവുന്നതാണ്. ഇവയിൽ ഏതിനാണോ പ്രാമുഖ്യം അതിന്റെ അടിസ്ഥാനത്തിലാണ് സമ്പദ്ഘടനയുടെ പേരിട്ടു വിളിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യ ഒരു കാർഷിക രാജ്യമായിരുന്നു. പിന്നീട് എന്തു സംഭവിച്ചു?

ദേശീയ വരുമാനത്തിൽ ഇടിയുന്ന 
കാർഷികവിഹിതം
1950-–51-ൽ ജിഡിപിയുടെ 55 ശതമാനത്തോളം പ്രാഥമിക മേഖലയിൽ നിന്നായിരുന്നു. ദ്വിതീയ മേഖലയുടെ വിഹിതം 17 ശതമാനം ആയിരുന്നു. ത്രിതീയ മേഖലയുടേത് 28 ശതമാനവും. ദേശീയ വരുമാനത്തിന്റെ ഘടനയെടുത്താൽ ഇന്ത്യ ഒരു കാർഷിക രാജ്യമായിരുന്നു. എന്നാൽ സാമ്പത്തിക വളർച്ചയുണ്ടായപ്പോൾ ജിഡിപി മേഖലാ വിഹിതങ്ങൾക്കുവന്ന മാറ്റം ചിത്രം 1-ൽ കാണാം.

ജിഡിപി വർദ്ധിച്ച വേഗതയിൽ കാർഷിക മേഖല വളർന്നില്ല. അതിൽ അത്ഭുതപ്പെടാനില്ല. ലോകത്തെമ്പാടുമുള്ള പ്രതിഭാസമാണിത്. അങ്ങനെ 1980–-81 ആയപ്പോൾ പ്രാഥമിക മേഖലയുടെ വിഹിതം 32 ശതമാനമായി കുറഞ്ഞു. ത്രിതീയ മേഖല കാർഷിക മേഖലയെ മറികടന്നു. 1990–91 ആയപ്പോൾ പ്രാഥമിക മേഖലയുടെ വിഹിതത്തെ ത്രിതീയ മേഖലയും മറികടന്നു. അങ്ങനെ ദേശീയ വരുമാനത്തിൽ പ്രാഥമിക മേഖലയുടെ സ്ഥാനം മൂന്നാമതായി.

നിയോലിബറൽ കാലത്ത് ഈ പ്രതിഭാസത്തിന് ആക്കംകൂടി. 2022-–23-ൽ പ്രാഥമിക മേഖലയുടെ ദേശീയ വരുമാന വിഹിതം 22 ശതമാനം ആയിരുന്നു. ദ്വിതീയ മേഖലയുടേത് 24 ശതമാനവും ത്രിതീയ മേഖലയുടേത് 54 ശതമാനവും ആയിരുന്നു.

ഇനി കൃഷി മാത്രം എടുത്താലോ. 1991-ൽ ദേശീയ വരുമാനത്തിൽ കൃഷിയുടെ വിഹിതം 35 ശതമാനം ആയിരുന്നു. 2022–-23-ൽ അത് 15 ശതമാനമായി കുറഞ്ഞു.

പതുക്കെ മാത്രം കുറയുന്ന 
തൊഴിൽസേനയിലെ 
കാർഷികവിഹിതം
ദേശീയ തൊഴിൽ സേനയിൽ പ്രാഥമിക, ദ്വിതീയ, ത്രിതീയ മേഖലകൾ എത്ര ശതമാനം വീതം വരുമെന്നതാണ് ചിത്രം 2-ൽ കാണിച്ചിരിക്കുന്നത്. 1951-ൽ 72 ശതമാനം തൊഴിലുകാരും കാർഷിക മേഖലയിലാണ് പണിയെടുത്തിരുന്നത്. 1971 വരെ ഇതിൽ മാറ്റമുണ്ടായില്ല. അതിനുശേഷമുള്ള രണ്ട് പതിറ്റാണ്ടിൽ (1971-–1991) പ്രാഥമിക മേഖലയുടെ വിഹിതം 68.8 ശതമാനമായി കുറഞ്ഞു. 2000-ൽ 56.7 ശതമാനവും 2011-ൽ 48.9 ശതമാനവും ആയി കുറഞ്ഞു. 2021-ലെ കാനേഷുമാരി നടക്കാനിരിക്കുന്നേയുള്ളൂ. എങ്കിലും 2021-ൽ പ്രാഥമിക മേഖലയുടെ തൊഴിൽ വിഹിതം 43.96 ശതമാനമായി താഴ്ന്നുവെന്നാണ് മതിപ്പു കണക്ക്. ചുരുക്കത്തിൽ ദേശീയ വരുമാനത്തിൽ പ്രാഥമിക മേഖലയുടെ വിഹിതത്തെ അപേക്ഷിച്ച് തൊഴിൽ വിഹിതം വളരെ പതുക്കെ മാത്രമേ കുറയുന്നുള്ളൂ.

ചിത്രം 2
ഇന്ത്യൻ തൊഴിൽസേനയിലെ പ്രാഥമിക, ദ്വിതീയ, ത്രിതീയ മേഖലകളുടെ വിഹിതം

മറ്റു രാജ്യങ്ങളുടെ അനുഭവം
ഇത് അന്തർദേശീയ അനുഭവത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നു. പട്ടിക 2-ൽ ബ്രസീൽ, ചൈന, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ തൊഴിൽ ഘടനയിൽ 1991–-2017 കാലത്തുവന്ന മാറ്റത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നു. എല്ലാ രാജ്യങ്ങളിലും ദേശീയ വരുമാനത്തിൽ കാർഷിക മേഖലയുടെ വിഹിതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബ്രസീലിൽ ഇത് 4.4 ശതമാനമേ വരൂ. ഇന്ത്യയിലും വിയറ്റ്നാമിലും ആകട്ടെ ഈ തോത് ഇപ്പോഴും 15 ശതമാനമാണ്.

അതേസമയം, തൊഴിലെടുക്കുന്നവരിൽ കാർഷിക മേഖലയുടെ വിഹിതം എല്ലാ രാജ്യങ്ങളിലും കുറഞ്ഞിട്ടുണ്ട്. ബ്രസീലിൽ അത് 9.5 ശതമാനമേ 2017-ൽ വരൂ. എന്നാൽ ഇന്ത്യയുടേത് 44.5 ശതമാനമാണ്.

പട്ടിക 2

വിവിധ ലോകരാജ്യങ്ങളിൽ ദേശീയ വരുമാനത്തിലും തൊഴിൽസേനയിലും പ്രാഥമിക മേഖലകളുടെ വിഹിതത്തിൽ വന്ന മാറ്റം

രാജ്യം ദേശീയ വരുമാനത്തിന്റെ വിഹിതം തൊഴിൽസേനയിൽ വിഹിതം
1991 2017 1991 2017
ബ്രസീൽ 6.8 4.4 22.4 9.5
ചൈന 24.0 7.2 59.7 27.0
ഇന്ത്യ 27.3 15.6 63.0 44.5
മലേഷ്യ 14.4 8.8 22.0 11.2
വിയറ്റ്‌നാം 40.5 15.3 68.6 39.8

കടപ്പാട്‌: niti.gov.in

വികലമായ കാർഷികേതര 
മേഖലയുടെ വളർച്ച
മറ്റു രാജ്യങ്ങളിലെ പോലെ കാർഷികേതര മേഖലയിൽ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലായെന്നതാണ് ഇതിനു കാരണം. ചിത്രം 2-ൽ കാണുന്നതുപോലെ ദ്വിതീയ, ത്രിതീയ മേഖലകളുടെ തൊഴിൽ വിഹിതം വർദ്ധിക്കുന്നുണ്ട്. 1951-ൽ ദ്വിതീയ മേഖലയുടെ തൊഴിൽ വിഹിതം 10.6 ശതമാനം ആയിരുന്നത് 2011-ൽ 24.4 ശതമാനമായി ഉയർന്നു. ത്രിതീയ മേഖലയുടേതാകട്ടെ ഇതേ കാലയളവിൽ 17.3 ശതമാനത്തിൽ നിന്ന് 26.7 ശതമാനമായും ഉയർന്നു. കാരണം ഈ മേഖലകളിൽ കൂടുതൽ വേഗത്തിൽ ദേശീയ വരുമാനം വർദ്ധിക്കുന്നുവെന്നു മാത്രമല്ല ഈ മേഖലകളുടെ തൊഴിലിന്റെ ഇലാസ്തികത കൃഷിയേക്കാൾ ഉയർന്നതാണ്. പക്ഷേ, പ്രശ്നം കാർഷിക മേഖലയിൽ നിന്ന് ഗണ്യമായ തോതിൽ തൊഴിലുകാരെ മാറ്റുന്നതിന് ഈ വളർച്ച അപര്യാപ്തമാണ്.

ചിത്രം 1-ൽ നിന്ന് മറ്റൊരു കാര്യവുംകൂടി വ്യക്തമാകുന്നുണ്ട്. ദേശീയവരുമാനത്തിൽ ഇന്നു പ്രാമുഖ്യം ത്രിതീയ മേഖലയ്ക്കാണ്. 1951-ൽ വ്യവസായ മേഖലയുടെ വിഹിതം 17 ശതമാനം ആയിരുന്നു. അതേസമയം, ത്രിതീയ മേഖലയുടെ വിഹിതം ഏതാണ്ട് 28 ശതമാനം ആയിരുന്നു. തുടർന്നുള്ള കാലയളവിൽ ത്രിതീയ മേഖലയാണ് ദ്വിതീയ മേഖലയേക്കാൾ കൂടുതൽ വേഗതയിൽ വളർന്നത്. ഇതിന്റെ ഫലമായി 2016–-17 ആയപ്പോൾ ത്രിതീയ മേഖലയുടെ വിഹിതം ഏതാണ്ട് 50 ശതമാനമായി ഉയർന്നു. അതേസമയം വ്യവസായ മേഖലയുടേത് കേവലം 25 ശതമാനം മാത്രമായിരുന്നു.

മറ്റു രാജ്യങ്ങളിലെ 
വ്യവസായ വികസനാനുഭവം
വികസിത രാജ്യങ്ങളിലും ഇന്ന് പ്രാമുഖ്യം ത്രിതീയ മേഖലയ്ക്കാണ്. എന്നാൽ അവരും ഇന്ത്യയും തമ്മിൽ പ്രധാനപ്പെട്ടൊരു വ്യത്യാസമുണ്ട്. ആ രാജ്യങ്ങളിൽ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഏറ്റവും വേഗതയിൽ ഉയർന്നത് വ്യവസായ മേഖലയാണ്. സമീപദശാബ്ദങ്ങളിലാണ് സേവന മേഖല അതിവേഗത്തിൽ വളർന്ന് സമ്പദ്ഘടനയിൽ മേധാവിത്വം വഹിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ത്യയിലാവട്ടെ വളർച്ചയുടെ തുടക്കം മുതൽ വ്യവസായ മേഖലയേക്കാൾ സേവന മേഖലയാണ് വേഗത്തിൽ വളരാൻ തുടങ്ങിയത്. വികസിത രാജ്യങ്ങളിൽ അറിയപ്പെടുന്നത് വ്യവസായോത്തര (post industrial) സമൂഹങ്ങൾ എന്നാണ്. എന്നാൽ ഇന്ത്യ വ്യവസായവത്കൃത രാഷ്ട്രം ആകുന്നതിനു മുമ്പ് സേവന മേഖലയിലൂന്നിക്കൊണ്ടാണ് വളരുന്നത്.

ചൈനയുടെയും ബംഗ്ലാദേശിന്റെയും എന്തിന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെയും വികസനാനുഭവം എടുത്താൽ വ്യവസായ വളർച്ചയുടെ ആദ്യഘട്ടം കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടുള്ള തൊഴിൽസാന്ദ്രമായ (labour intensive) ഗാർമെന്റ്സ് പോലുള്ള വ്യവസായങ്ങളിൽ ഊന്നിക്കൊണ്ടായിരുന്നു. ചൈനയിൽ 1970-കളിൽ പുതിയ സാമ്പത്തികനയം അംഗീകരിച്ചശേഷം ഗ്രാമീണ മേഖലയിലും ചെറുപട്ടണങ്ങളിലും ഊന്നിക്കൊണ്ടുള്ള ചെറുകിട വ്യവസായങ്ങളുടെ അഭൂതപൂർവ്വമായ വളർച്ചയായിരുന്നു. ടൗൺ ആൻഡ് കൺട്രി എന്റർപ്രൈസസ് എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. വ്യവസായ വളർച്ചയുടെ രണ്ടാംഘട്ടത്തിലാണ് മൂലധനപ്രധാനമായ ഉയർന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള വ്യവസായങ്ങൾ കൂടുതൽ കൂടുതൽ മുൻപന്തിയിലേക്കു വന്നത്. എന്നാൽ ഇന്ത്യയിലാവട്ടെ താരതമ്യേന കുറവ് തൊഴിലുകൾ സൃഷ്ടിക്കുന്ന മൂലധനപ്രധാനമായ വ്യവസായങ്ങളിലാണ് തുടക്കം മുതൽ ആസൂത്രകർ ഊന്നിയിരുന്നത്.

കാർഷികേതര മേഖലയിൽ വേണ്ടത്ര തൊഴിൽ സൃഷ്ടിക്കപ്പെടാത്ത സാഹചര്യത്തിൽ കാർഷിക മേഖലയെ ഉപജീവനത്തിന് ആശ്രയിക്കുകയല്ലാതെ നിർവ്വാഹമുണ്ടായില്ല. അങ്ങനെ അതിവേഗത്തിൽ താഴ്ന്നുകൊണ്ടിരിക്കുന്ന ദേശീയവരുമാന വിഹിതത്തെ ആശ്രയിച്ച് ഗണ്യമായൊരു വിഭാഗം ഉപജീവനം തേടുമ്പോൾ അവരുടെ ശരാശരി വരുമാനം കുറയാതെ നിർവ്വാഹമില്ല. ഇതാണ് കാർഷിക മേഖല എത്തിച്ചേർന്നിരിക്കുന്ന ഊരാക്കുടുക്ക്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular