Thursday, November 21, 2024

ad

Homeപ്രതികരണംകേരളത്തിന്റെ സമഗ്ര പുരോഗതിക്കും
പ്രവാസികളുടെ ക്ഷേമത്തിനും
ലോകകേരളസഭ മുതൽക്കൂട്ടാകും

കേരളത്തിന്റെ സമഗ്ര പുരോഗതിക്കും
പ്രവാസികളുടെ ക്ഷേമത്തിനും
ലോകകേരളസഭ മുതൽക്കൂട്ടാകും

പിണറായി വിജയൻ

കുടിയേറ്റവും പ്രവാസവും ലോകം മുഴുവന്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വര്‍ധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിന്നിച്ചിതറി വളരുന്ന ഒരു ദേശീയ സമൂഹത്തിന് അതിന്റെ സംസ്കാരവും അസ്തിത്വവും നിലനിര്‍ത്തി മുന്നോട്ടു പോവുക എളുപ്പമല്ല. കേരളീയര്‍ തമ്മിലുള്ള കൂട്ടായ്മകളെ, അവര്‍ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും എല്ലാ സാധ്യതകളും ഉപയോഗിച്ചു ശക്തിപ്പെടുത്തണം. അതിനാവശ്യമായ ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ഈ വർഷത്തെ ലോക കേരള സഭയിൽ ഉയര്‍ന്നുവന്നത്.
ആതിഥേയ രാജ്യങ്ങള്‍ കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെങ്കിൽ അന്താരാഷ്ട്ര സമ്മര്‍ദ്ദമുയരണം. കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്-ക്കുന്ന വികസ്വര രാജ്യങ്ങളുടെ ഐക്യം ഇതിനാവശ്യമാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്താന്‍, ഫിലിപ്പൈന്‍സ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴിൽ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാന്‍ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ ഇന്ത്യാ ഗവണ്മെന്റ് മുന്‍കൈയെടുക്കണം.

സമീപകാലത്തായി ഇന്ത്യ ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പിടുന്നുണ്ട്. ഇന്ത്യ- – യു.എ.ഇ. കരാര്‍ ഇതിനുദാഹരണമാണ്. സമഗ്ര സഹകരണത്തിനുള്ള കരാറുകളിൽ പലപ്പോഴും കുടിയേറ്റം വിഷയമാകാറില്ല. മറ്റു കാര്യങ്ങള്‍ സംബന്ധിച്ച ഉപകരാറുകള്‍ ഒപ്പുവയ്ക്കപ്പെടുന്നുണ്ട്. എന്നാൽ കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം സംബന്ധിച്ച ഉപകരാറുകള്‍ ഉണ്ടാവുന്നില്ല. പ്രധാനപ്പെട്ട ആതിഥേയ രാജ്യങ്ങളുമായി കുടിയേറ്റ തൊഴിലാളി സംരക്ഷണ കരാറുകള്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്.

ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം വാര്‍ധക്യം ചെലവഴിക്കാന്‍ കേരളത്തിൽ തിരിച്ചുവരുന്നവരെയും പ്രവാസികളുടെ വൃദ്ധമാതാപിതാക്കളെയും ഉള്‍ക്കൊള്ളുന്ന സുരക്ഷാ ഭവനങ്ങള്‍, സമുച്ചയങ്ങള്‍ എന്നിവ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം വന്നു. ഈ രംഗത്ത് മൂലധന നിക്ഷേപം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഗൗരവപൂർവ്വം സർക്കാർ പരിഗണിക്കും.

കേരളത്തിൽ നിന്നുള്ള വിദഗ്ധരും കേരളീയ പ്രവാസത്തിന്റെ അനുഭവ പശ്ചാത്തലത്തിൽ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ലോക കേരളസഭയിൽ സംഘടിപ്പിച്ച ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുവച്ച ആശയങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് കേന്ദ്രസര്‍ക്കാരിന് കൈമാറാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളും. പ്രധാന കുടിയേറ്റ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവാസിക്ഷേമത്തിന് ആവശ്യമായ നിയമനിര്‍മ്മാണം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിൽ സമ്മര്‍ദ്ദം ചെലുത്തുവാനുള്ള ശ്രമങ്ങളും ആരംഭിക്കും.

ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ലോക മലയാളികളെ കൂട്ടിയിണക്കുന്നതിനും ആരംഭിച്ച ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളിൽ പരമാവധി മലയാളികളെ ഉള്‍ക്കൊള്ളിക്കും. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യിക്കാനും ആശയങ്ങള്‍ കൈമാറാനും ശ്രമിക്കേണ്ടതുണ്ട്.

കേരളത്തിൽ രൂപപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആവശ്യമായ മൂലധനം ലഭ്യമാക്കുന്നതിനു പ്രവാസികളായ ഏഞ്ചൽ ഇന്‍വെസ്റ്റേഴ്സിന്റെ ഏജന്‍സികള്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം ലോക കേരള സഭയിൽ ഉയർന്നു. സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രവാസികളുടെ സംരംഭകത്വ പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ നോര്‍ക്ക റൂട്ട-്-സിന്റെ പ്രവാസിഭദ്രത വായ്പാ പദ്ധതി, കുടുംബശ്രീ, കെ. എസ്.എഫ്.ഇ, കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്നു. കുടുംബശ്രീ മുഖേന 5,834 സംരംഭങ്ങള്‍ ആരംഭിച്ചു. കെ.എസ്.എഫ്.ഇ മുഖേന 403 സംരംഭങ്ങളും കെ.എസ്.ഐ.ഡി.സി മുഖേന 4 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴി 8,000ൽ അധികം സ്വയംതൊഴിൽ സംരംഭങ്ങള്‍ നടന്നുവരുന്നു.

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ
സംരംഭക തത്പരരായ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് അവരുമായി ആശയവിനിമയം നടത്തുന്നതിന് നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. ഈ സെന്ററിന്റെ ഭാഗമായി ആറായിരത്തോളം സംരംഭങ്ങള്‍ ആരംഭിച്ചു. ഗുണഭോക്താക്കള്‍ക്ക് 100 കോടിയിലധികം രൂപ സബ്സിഡി ഇനത്തിൽ അനുവദിച്ചിട്ടുണ്ട്. നൂറു കോടിയിലധികം മുതൽ മുടക്കുള്ള പ്രോജക്ടുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ‘മീറ്റ് ദ മിനിസ്റ്റര്‍’ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. നിക്ഷേപകര്‍ക്ക് തങ്ങളുടെ പദ്ധതികള്‍ മന്ത്രിക്കു മുന്നിൽ അവതരിപ്പിക്കാന്‍ അവസരം ലഭ്യമാകും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഏകോപനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും.

പ്രവാസികള്‍ നാട്ടിൽ ഉള്ളപ്പോള്‍ തന്നെ ഇത്തരം വ്യവസായങ്ങളുടെ അനുമതിയും മീറ്റിങ്ങുകളും സംഘടിപ്പിക്കാന്‍ ഉതകുന്നവിധം ടോക്കണിങ് ടൈം ലൈനിംഗും നടപ്പാക്കും. ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിൽ നിക്ഷേപം വിപുലപ്പെടുത്താന്‍ പ്രവാസി മലയാളികൾക്ക് സാധിക്കും. എന്‍ആര്‍ഐ സംരംഭകര്‍ക്കു വേണ്ടി പ്രത്യേക പരിശീലനം നല്കാന്‍ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ലോകോത്തര കമ്പനികള്‍ കേരളത്തിൽ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ക്യാമ്പസുകളോട് ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ കഴിയുന്ന ക്യാമ്പസ് ഇന്‍ഡസ്ട്രിയൽ പാര്‍ക്കിന് സര്‍ക്കാര്‍ അനുമതി നൽകി. പുതിയ വ്യവസായ നയത്തിന്റെ തുടര്‍ച്ചയിൽ കയറ്റുമതിനയം, ലോജിസ്റ്റിക് പോളിസി, ഗ്രഫീന്‍ പോളിസി, ഇ എസ്ജി പോളിസി, ഹൈടെക് മാനുഫാക്ചറിങ് പോളിസി എന്നിവയും വ്യവസായ പാര്‍ക്കുകളുടെ പുതുക്കിയ ലാന്‍ഡ് അലോട്ട്മെന്റ് പോളിസിയും രണ്ട് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെടും. ഇതിന് ശേഷം ജനുവരിയിൽ ആഗോള നിക്ഷേപകസംഗമം സംഘടിപ്പിക്കും.

ലോക കേരളസഭ ഭാവിയിൽ ഏതെങ്കിലും സാഹചര്യത്തിൽ നിന്നു പോവാതിരിക്കാന്‍ നിയമപരിരക്ഷ നൽകണമെന്ന ആവശ്യം സഭയിൽ ഉന്നയിക്കപ്പെട്ടു. പ്രതിപക്ഷത്തോടടക്കം ഇത്തരം കാര്യങ്ങൾ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. കേരളത്തിന്റെ നാടന്‍ കലകളും ക്ലാസിക് കലാരൂപങ്ങളും ഉള്‍പ്പെടുത്തി ഏഷ്യാ പെസഫിക് രാജ്യങ്ങളിൽ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വികസനത്തിന് പ്രയോജനപ്രദമാകും എന്ന നിര്‍ദ്ദേശവും പ്രവാസി സംഘടനകള്‍ക്കായി പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിക്കണം എന്ന നിര്‍ദ്ദേശവും പ്രാധാന്യത്തോടെ പരിഗണിക്കും. കേരളത്തിന്റെ തനതു കലകളും സംസ്കാരവും വിദേശരാജ്യങ്ങളിൽ പ്രദര്‍ശിപ്പിക്കുന്നതിനും ബ്രാന്‍ഡ് ചെയ്യുന്നതിനും പുതുമയാര്‍ന്ന പദ്ധതികള്‍ ആവിഷ്കരിക്കും. ആദ്യ ഘട്ടത്തിൽ കേരള കലാമണ്ഡലം വിവിധ കലകളെ കോര്‍ത്തിണക്കിയുള്ള ഷോ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കും. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിന് കലാമണ്ഡലം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആദ്യത്തെ ഷോ അമേരിക്കയിൽ സംഘടിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരള കലകള്‍ ഓണ്‍ലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും.

തൊഴിൽ പഠന വിസാ നിയമങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും
ഏഷ്യാ പെസഫിക് രാജ്യങ്ങളിലെ തൊഴിൽ/പഠന വിസാ നിയമങ്ങളെക്കുറിച്ച് നോര്‍ക്ക ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. പ്രധാന ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ, കുടിയേറ്റ നിയമങ്ങളെക്കുറിച്ച് സമയാസമയങ്ങളിൽ ലഭ്യമാക്കേണ്ട ബോധവത്കരണത്തിന്റെ അഭാവം എന്നിവ പ്രവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താറുണ്ട്. വിദേശരാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവര്‍ക്കുള്ള സുരക്ഷിതമായ കുടിയേറ്റ കാര്യങ്ങളിൽ പ്രിന്റ്, ഓഡിയോ വിഷ്വൽ മാധ്യമങ്ങള്‍ മുഖേന നോര്‍ക്ക റൂട്ട്സ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. നഴ്സിംഗ് കോളേജുകള്‍ മുഖേന ജില്ലാതലത്തിൽ പ്രി-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ , അടിക്കടി മാറുന്ന നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇനിയും നൽകേണ്ടതുണ്ട്. യു.എ.ഇ. ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസി വെബ്സൈറ്റുകളിൽ മാറി വരുന്ന നിയമങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വലിയ പരിമിതിയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിന് വിദേശ സര്‍വകലാശാലകള്‍, കോഴ്സുകള്‍, തൊഴിൽ നിയമങ്ങള്‍ എന്നിവ അതതു സമയങ്ങളിൽ നോര്‍ക്ക റൂട്ട്സിന്റെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കും.

മനുഷ്യക്കടത്തിനിരയായി മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ ജയിലുകളിൽ ധാരാളം പേര്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ നോര്‍ക്ക എയര്‍ പോര്‍ട്ടുകള്‍ വഴി പബ്ലിസിറ്റിയും ഓറിയന്റേഷനും നൽകണമെന്ന നിര്‍ദ്ദേശവും പ്രധാനമാണ്. തട്ടിപ്പിന് ഇരയാകാതിരിക്കാനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കാനും നോര്‍ക്ക റൂട്ട്-സിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത് കൂടുതൽ ആളുകളിലേക്കും തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കും. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും.

ലോക കേരളസഭാംഗങ്ങള്‍ സുരക്ഷിത കുടിയേറ്റമെന്ന ആശയത്തിന് വ്യാപകമായ പ്രചാരണം നൽകാൻ മുൻകൈയെടുക്കണം. കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നോര്‍ക്കയുടെ ഹെൽപ്പ് ഡെസ്കുകള്‍ ആരംഭിക്കുന്നത് പരിശോധിച്ച് തീരുമാനിക്കും. അതുപോലെ വിവിധ വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സര്‍വീസുകള്‍ വേണമെന്നത് നമ്മുടെ ദീര്‍ഘകാല ആവശ്യമാണ്. സീസണ്‍ കാലത്ത് വലിയ തോതിൽ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന പ്രവണതയുമുണ്ട്. പ്രവാസികള്‍ മാത്രമല്ല ഇതിന്റെ ഇരകളായിത്തീരുന്നത്. വിനോദസഞ്ചാരികള്‍, ഹജ്ജ് തീര്‍ത്ഥാടനത്തിനു പോകുന്നവരിൽ നിന്നുവരെ അമിതമായ തുക ഈടാക്കുന്ന പ്രവണതയുണ്ട്. ഇത്തരം കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ പ്രവാസികളുടെ ഈ ആവശ്യങ്ങള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുകൂല തീരുമാനം കൈക്കൊള്ളുന്നില്ലെന്നതാണ് നമ്മുടെ അനുഭവം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കഴിയാവുന്ന വിധത്തിലെല്ലാം ഇക്കാര്യത്തിൽ തുടർന്നും സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കും. ഗള്‍ഫിലെ തുറമുഖങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്കാ റൂട്ട്സും മാരിടൈം ബോര്‍ഡും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.

തിരിച്ചെത്തുന്ന പ്രവാസികള്‍ വിവിധതരം മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനങ്ങളുണ്ട്. ഇത് വിപുലപ്പെടുത്തി പ്രാദേശിക തലത്തിൽ കൗണ്‍സിലര്‍മാരുടെയും ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും.

വിദേശരാജ്യങ്ങളിൽ ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും വെല്ലുവിളികളും നേരിടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. വിദഗ്ധ തൊഴിൽമേഖലകളിലും സ്ത്രീകള്‍ക്കെതിരായുള്ള ചൂഷണം നിലനിൽക്കുന്നുവെന്നത് ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ഇത്തരം പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിയുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കും. എംബസികളോ കോണ്‍സുലേറ്റുകളോ ഇല്ലാത്ത രാജ്യങ്ങളിലും കോണ്‍സുലേറ്റ് സേവനങ്ങള്‍ എത്തിപ്പെടാത്ത ഭൂപ്രദേശങ്ങളിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ഇന്ത്യന്‍ എംബസി കൈക്കൊള്ളേണ്ടതുണ്ട്. ഓപ്പണ്‍ ഹൗസുകള്‍, കോണ്‍സുലാര്‍ സര്‍വീസുകള്‍ മുതലായവ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

സാംസ്കാരിക വകുപ്പിന്റെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ എഴുത്തുകാര്‍ക്കും കലാകാരര്‍ക്കുമായി വിവിധതരം ക്യാമ്പുകള്‍, ശില്പശാലകള്‍ മുതലായവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരം ക്യാമ്പുകളിലും ശില്പശാലകളിലും പ്രവാസി എഴുത്തുകാര്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രവാസി എഴുത്തുകാര്‍ക്കു മാത്രമായി പ്രത്യേക സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കൽ പരിശോധിച്ച് തീരുമാനിക്കും.

പ്രവാസികള്‍ക്ക് വീട് വെക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശം ഉയർന്നു. ഇക്കാര്യം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കണം എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനുവേണ്ടിയാണ് ലൈഫ് പദ്ധതി ആവിഷ്കരിച്ചത്. ഈ പദ്ധതിയിൽ ഇതുവരെ 4,03,811 വീടുകള്‍ പൂര്‍ത്തീകരിച്ചു. പുതുതായി 92,948 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറിൽ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് വീട് ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നിലവിലുണ്ട്. ലൈഫ് പദ്ധതിയുമായും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായും സഹകരിക്കാന്‍ വിവിധ മേഖലകളിലുള്ളവര്‍ മുന്നോട്ടുവരുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്.

കുടുംബശ്രീ മിഷന്‍ മാതൃകയിൽ പ്രവാസി മിഷന്‍ രൂപീകരിക്കണം. പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്ന നിര്‍ദ്ദേശം പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2019-ൽ ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികള്‍ക്ക് മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നൽകിയിട്ടുണ്ട്. 2019 ലെ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് 2023 ജനുവരി മാസം മുതൽ നൽകിത്തുടങ്ങി.

കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴിൽ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നൽകാന്‍ സ്കീം വികസിപ്പിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് നൽകിയ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കിയിട്ടുണ്ട്. മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും രോഗബാധിതര്‍ക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു. തൊഴിൽ നഷ്ടമായി തിരികെ വന്നവര്‍ക്ക് വായ്പാ ധനസഹായത്തിനായി എന്‍.ഡി.പ്രേം, നോര്‍ക്കാ പുനരധിവാസ ഏകോപന സംയോജന പദ്ധതി എന്നിവയും നടപ്പിലാക്കിവരുന്നു.

പ്രവാസികൾക്ക് ഭവനപദ്ധതി പരിഗണിക്കും
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ള ക്രിട്ടിക്കൽ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്ന ദീര്‍ഘകാല ആവശ്യവും നിര്‍വ്വഹിക്കപ്പെടും.

മൂന്നു വര്‍ഷത്തിനുള്ളിൽ 67 പ്രവാസി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ട്. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുന്നതാണ്.

ആതിഥേയ രാജ്യങ്ങളുടെ സംഭാവനയുടെ അടിസ്ഥാനത്തിൽ പ്രവാസി ക്ഷേമ ഫണ്ട് രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉയര്‍ന്നു. തികച്ചും ന്യായമായ ഈ ആവശ്യം ആഗോളതലത്തിൽ നടപ്പിലാക്കേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിൽ മലയാളം ചെയര്‍ സ്ഥാപിക്കണം എന്ന ആവശ്യം വിവിധ സര്‍വകലാശാലകളുമായി ചര്‍ച്ച ചെയ്യാവുന്നതാണ്. മലയാളത്തിന് ക്ലാസിക് പദവി ലഭ്യമായതടക്കം ഇതിന് സഹായകമാകും.

ലോക കേരളസഭയിൽ ഉന്നയിക്കപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കും. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ ലോക കേരളസഭാ പ്രതിനിധികളെ ഉള്‍പ്പെടുത്തി 15 അംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കും. സഭയിൽ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്, നടപ്പിലാക്കാന്‍ സാധിക്കുന്നവ തെരഞ്ഞെടുത്ത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയാകും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ലക്ഷ്യം.

ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് ഈ സമ്മേളനത്തിൽ ഉയര്‍ന്നുവന്നിട്ടുള്ളത്. എല്ലാ നിര്‍ദ്ദേശങ്ങളുടെയും സാധ്യതകള്‍ പരിശോധിക്കുകയും സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകുകയും ചെയ്യും. എല്ലാം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വത്തിലുള്ളവയല്ല. കൂട്ടായ്മയുടെ ഉത്തരവാദിത്വത്തിലാണ് അവ നിര്‍വ്വഹിക്കപ്പെടേണ്ടത്. ഇവിടെ ചെയ്യേണ്ടതും ഓരോ രാജ്യത്ത് ചെയ്യേണ്ടവയുമുണ്ട്. രണ്ടാമത്തെ കാര്യത്തിൽ അതാതിടങ്ങളിലെ ഘടക സംഘടനകള്‍ ശ്രദ്ധേയമായ മുന്‍കൈ എടുക്കേണ്ടതുണ്ട്. ലോക കേരളസഭ അതിനു നേതൃത്വം നൽകും. കേരളത്തിന്റെ സമഗ്ര പുരോഗതിയിൽ പ്രവാസികൾക്കുള്ള പങ്ക് നിർണ്ണയാകമാണ്. അതിനിയും ത്വരിതപ്പെടുത്താനും പ്രവാസി മലയാളികളുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്താനും ലോക കേരള സഭാംഗങ്ങളുടെ കൂട്ടായ്മ മുതൽക്കൂട്ടാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + eleven =

Most Popular