Friday, October 18, 2024

ad

Homeരാജ്യങ്ങളിലൂടെബെൽജിയത്തിൽ വർക്കേഴ്സ് പാർട്ടിക്ക് മുന്നേറ്റം

ബെൽജിയത്തിൽ വർക്കേഴ്സ് പാർട്ടിക്ക് മുന്നേറ്റം

ആര്യ ജിനദേവൻ

യൂറോപ്യൻ യൂണിയന്റെ ഭരണസംവിധാനമായ യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക – തീവ്ര വലതുപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. അതേസമയം ലിബറൽ പാർട്ടികളും ഗ്രീൻ പാർട്ടികളും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. യൂറോപ്യൻ പീപ്പിൾസ് പാർട്ടി 10 സീറ്റുകൾ അധികം നേടി; തീവ്ര വലതുപക്ഷ പാർട്ടികളായ ഐഡന്റിറ്റി ആൻഡ് ഡെമോക്രസി, യൂറോപ്യൻ കൺസർവേറ്റീവ് ആൻഡ് റിഫോമിസ്റ്റ് എന്നിവ 13 സീറ്റ്‌ വർധിപ്പിച്ചു. ഫ്രാൻസ്, ഇറ്റലി എന്നിവ പോലെയുള്ള രാജ്യങ്ങളിൽ തീവ്ര വലതുപക്ഷ പാർട്ടികൾ 30%ത്തോളം വോട്ടുകൾ നേടിയാണ് വിജയിച്ചിരിക്കുന്നത്. ജർമനിയിലും സ്ഥിതി സമാനമാണ്. ഓരോ പാർട്ടിക്കും എത്ര വോട്ടുകളും എത്ര സീറ്റുകളും കിട്ടി എന്നുള്ളതല്ല, യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും മൊത്തത്തിൽ യൂറോപ്പിലാകെയും തീവ്ര വലതുപക്ഷം ആധിപത്യം നേടുന്നു എന്നുള്ളതാണ് പ്രശ്നം.

അതേസമയം ദേശീയതലത്തിലുള്ള തിരഞ്ഞെടുപ്പിൽ, അധികാരത്തിലുള്ള പാർട്ടികൾക്കേറ്റ തിരിച്ചടി അവിടങ്ങളിലെ ഗവൺമെന്റുകളെ പിടിച്ചുകുലുക്കിയിരിക്കുന്നു; ഉദാഹരണത്തിന് ബെൽജിയം. അവിടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ രാജിവയ്ക്കുകയുണ്ടായി. വലതുപക്ഷ പാർട്ടികളായ ന്യൂ ഫ്ലെമിഷ് അലയൻസും വ്ലാമ്സ് ബെലാങ്ങും 14 ശതമാനം വോട്ടുകൾ നേടിക്കൊണ്ട് യൂറോപ്യൻ പാർലമെന്റിൽ മൂന്ന് സീറ്റുകൾവീതം ഉറപ്പാക്കി. യൂറോപ്യൻ പീപ്പിൾസ് പാർട്ടിക്കും റിന്യൂ പാർട്ടിക്കും പ്രോഗ്രസീവ് അലയൻസ് ഓഫ് സോഷ്യലിസ്റ്റ് ആൻഡ് ഡെമോക്രസിക്കും ബെൽജിയത്തിൽനിന്ന് നാല് യൂറോപ്യൻ പാർലമെന്റ്‌ അംഗങ്ങളെ (MEPs) വിജയിപ്പിച്ചെടുക്കാനായി. ഇവയിൽ ആദ്യത്തെ രണ്ട് പാർട്ടികളും ലിബറൽ സ്വഭാവം പുലർത്തുന്നതും മൂന്നാമത്തേത് സോഷ്യൽ ഡെമോക്രാറ്റിക് സ്വഭാവം പുലർത്തുന്നവയുമാണ്. ഗ്രീൻ പാർട്ടികൾക്ക് രണ്ട് എംഇപികളാണ് ഉള്ളത്. അതേസമയം ഒരു യൂറോപ്യൻ പാർലമെന്റ്‌ അംഗം മാത്രമുണ്ടായിരുന്ന ബെൽജിയം വർക്കേഴ്സ് പാർട്ടിക്ക് (PTB-PVDA) ഇത്തവണ രണ്ടുപേരെ വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. ഇത് നിർണായക വിജയമായിട്ടാണ് വർക്കേഴ്സ് പാർട്ടി ഓഫ് ബെൽജിയവും അതിനെ പിന്തുണയ്ക്കുന്ന തൊഴിലാളിവർഗ്ഗവും കാണുന്നത്. പാർട്ടി പ്രസിഡന്റ്‌ റൗൾ ഹെഡബൗ പറഞ്ഞത്, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയി തങ്ങളുടെ പാർട്ടി ആണെന്നാണ്.

Antwerp’s Opel ഫാക്ടറിയിലെ തൊഴിലാളിയും അടിയുറച്ച ഫാസിസ്റ്റ് വിരുദ്ധനുമായ ട്രേഡ് യൂണിയൻ നേതാവ് റൂഡി കെന്നസാണ് ബെൽജിയത്തിൽ നിന്നും യൂറോപ്യൻ പാർലമെന്റിലേക്ക് വർക്കേഴ്സ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച്‌ പുതുതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2019ൽ യൂറോപ്യൻ പാർലമെന്റ്‌ അംഗമായി വർക്കേഴ്സ് പാർട്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാർക്ക് ബോട്ടെങ്കയോടൊപ്പം പുതുതായി യൂറോപ്യൻ പാർലമെന്റിലേക്ക് പോകുന്ന റൂഡി കേന്നസ് കൂടുതൽ ശക്തമായ ചെലവുചുരുക്കൽ നയങ്ങൾ നടപ്പിലാക്കാനും യുദ്ധക്കൊതിയന്മാരെ പിന്തുണയ്ക്കാനുമുള്ള യൂറോപ്യൻ യൂണിയന്റെ നീക്കങ്ങളെ ചെറുക്കുന്നതിനു വേണ്ടി ശബ്ദമുയർത്തുമെന്ന് വർക്കേഴ്സ് പാർട്ടി ഉറപ്പു നൽകുന്നു. യൂറോപ്പിലെ തൊഴിലാളികളുടെയും അവരുടെ പോരാട്ടങ്ങളുടെയും ശബ്ദം ബ്രസൽസ്, അതായത് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനമായ ബ്രസൽസിൽ എത്തിക്കുന്നതിനുവേണ്ടി അടിയുറച്ചു നിൽക്കുമെന്ന് ഇവർ രണ്ടുപേരും ജനങ്ങളോട് വാഗ്ദാനം ചെയ്തു. ഗതാഗതം ഉൾപ്പെടെയുള്ള പൊതുമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണം, ദേശീയതലത്തിലും യൂറോപ്യൻ യൂണിയൻ തലത്തിനും കോടീശ്വരന്മാർക്ക്‌ നികുതി നടപ്പാക്കണം, ആരോഗ്യരംഗത്തെ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്നതിനുള്ള സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് (Salk Institute) കെട്ടിപ്പടുക്കുന്നതുപോലെയുള്ള സമീപനങ്ങൾ കൈക്കൊണ്ടുകൊണ്ട് ഐകമത്യത്തിന്റെ പുതിയ രൂപങ്ങൾ സാധ്യമാക്കണം എന്നിങ്ങനെയുള്ള ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് വർക്കേഴ്സ് പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതോടൊപ്പംതന്നെ പലസ്തീൻ വിമോചനത്തിനായി ശക്തമായ ശബ്ദമുയർത്തുകയും ചെയ്തു, വർക്കേഴ്സ് പാർട്ടി. “അടിയന്തരമായും ഉപാധിരഹിതമായും പലസ്തീനെ അംഗീകരിക്കണമെന്ന് ഞങ്ങൾ അവകാശപ്പെടുന്നു. സ്വയം നിർണയത്തിനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു’ എന്ന് വർക്കേഴ്സ് പാർട്ടി പ്രസ്താവിക്കുകയുണ്ടായി.

ഗ്രീൻ പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റുകളും പുരോഗമനാശയങ്ങൾക്കുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന മറ്റു വിവിധ പാർട്ടികളും മധ്യ ഇടതുപക്ഷ സമീപനത്തിലേക്ക് ചാഞ്ഞപ്പോൾ അത്തരത്തിലുള്ള യാതൊരു സന്ധി ചെയ്യലിനും തയ്യാറാകാതെ ഇടതുപക്ഷമൂല്യങ്ങൾ ശക്തമായി ഉയർത്തിപ്പിടിച്ച പാർട്ടിയാണ് ബെൽജിയം വർക്കേഴ്സ് പാർട്ടി. ദേശീയ പാർലമെന്റ്‌ തിരഞ്ഞെടുപ്പുകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഇപ്പോൾ യൂറോപ്യൻ പാർലമെന്റിലേക്കും അടക്കമുള്ള ഓരോ തിരഞ്ഞെടുപ്പുകളിലും ബെൽജിയം വർക്കേഴ്സ് പാർട്ടിക്ക് ലഭിക്കുന്ന മുന്നേറ്റം അതിന്റെ ഫലം കൂടിയാണ്. തീർച്ചയായും യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങളെ വിജയിപ്പിക്കാൻ സാധിച്ച ബെൽജിയം വർക്കേഴ്സ് പാർട്ടിക്ക് യഥാർത്ഥത്തിൽ ഉണ്ടായിരിക്കുന്നത് ഇടതുപക്ഷ മൂല്യങ്ങളോട് അത് പുലർത്തിയ പ്രതിബദ്ധതയുടെ വിജയമാണ്. രാജ്യത്തെ പൊതുസേവനമേഖല സംരക്ഷിക്കുമെന്നും മെച്ചപ്പെട്ട തൊഴിൽ ഉറപ്പാക്കുമെന്നും പാർട്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ കൂടി ഫലമാണ് ഇത്. പാർട്ടി നേതൃസ്ഥാനത്തുള്ള പീറ്റർ മേർട്ടൻസ് പറഞ്ഞത്, “ഇന്നലെ ഉണ്ടായ ഞങ്ങളുടെ വിജയം എവിടെനിന്നോ അങ്ങ് പെട്ടെന്നുണ്ടായതല്ല. 15 വർഷങ്ങൾക്ക് മുൻപേ ഞങ്ങൾ ഇത് കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയ തുടങ്ങിയതാണ്” എന്നാണ്.

പിടിബി- പിവിഡിഎയ്‌ക്ക് ഇപ്പോൾ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മുൻ തിരഞ്ഞെടുപ്പുകളെക്കാൾ ഗണ്യമായ വോട്ട് വർദ്ധന നേടാനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 566000 വോട്ടുനേടിയ ബെൽജിയം വർക്കേഴ്സ് പാർട്ടി ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ 763000 വോട്ടുകൾ നേടി. ഇത് ഗണ്യമായ വർദ്ധനയാണ്. ഇത് ഫെഡറൽ പാർലമെന്റിൽ 15 സീറ്റുകളുള്ള ബെൽജിയത്തിലെ നാലാമത്തെ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമാക്കി പാർട്ടിയെ ഉയർത്തിയിരുന്നു. പ്രാദേശിക സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും പാർട്ടി വോട്ട് വിഹിതവും സീറ്റുകളും ഗണ്യമായി തന്നെ വർധിപ്പിച്ചിട്ടുണ്ട്. ബ്രസൽസ്‌ ഫ്ലെമിഷ് പാർലമെൻറ്കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും പാർട്ടി സീറ്റുകൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ, വല്ലോനിയ (Wallonia) പാർലമെന്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാത്രമാണ് ഇത്തവണ ബെൽജിയം വർക്കേഴ്‌സ്‌ പാർട്ടിക്ക് തിരിച്ചടി നേരിട്ടത്; രണ്ട് സീറ്റുകൾ അവിടെ പാർട്ടിക്ക് നഷ്ടമായി. ബാക്കിയുള്ള എല്ലാ പ്രാദേശിക ഭരണ സംവിധാനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലും ദേശീയപാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബെൽജിയം വർക്കേഴ്സ് പാർട്ടി വളരെ നിർണായകവും ശക്തവുമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. തുടർച്ചയായ വെല്ലുവിളികളെയും ആക്രമണങ്ങളെയും നേരിട്ടുകൊണ്ട് ഇടതുപക്ഷ ആശയത്തിൽ അടിയുറച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ എല്ലാ തൊഴിലാളിവർഗ്ഗ പാർട്ടികൾക്കുമുള്ള പ്രചോദനമാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − two =

Most Popular