Tuesday, September 17, 2024

ad

Homeസിനിമടർബോ: താരമൂല്യത്തിൽ ഒരു സിനിമ

ടർബോ: താരമൂല്യത്തിൽ ഒരു സിനിമ

കെ എ നിധിൻ നാഥ്

ലയാള സിനിമ അതിന്റെ ഏറ്റവും മികച്ച കാലത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഇത്തരത്തിൽ മലയാള സിനിമ മാറുന്നതിൽ മമ്മൂട്ടി വഹിച്ചൊരു പങ്കുണ്ട്‌. കോവിഡാനന്തരം മലയാള സിനിമയുടെ ‘റീ ഡിസൈനിങ്ങി’ൽ മമ്മുട്ടി നടത്തിയ ഇടപെടലിന്‌ ഇതിൽ വലിയ പ്രധാന്യമുണ്ട്‌. കോവിഡ്‌ കാലം പലതരത്തിൽ പലവിധത്തിൽ മാറ്റങ്ങൾക്ക്‌ വഴിവെച്ചിട്ടുണ്ട്‌. സാമൂഹ്യജീവിതം, ആളുകളുടെ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ തെരഞ്ഞെടുപ്പുകൾ എന്നിവയിലെല്ലാം ആ മാറ്റമുണ്ട്‌. അതിൽത്തന്നെ സിനിമയിൽ, പ്രേക്ഷക കാഴ്‌ചയിൽ, തെരഞ്ഞെടുപ്പിൽ വമ്പൻ മാറ്റമുണ്ടായി. ഈ മാറ്റത്തിന്റെ കാലത്ത്‌ ഏറ്റവും നന്നായി സ്വയം ബോണ്ട്‌ ചെയ്‌ത അഭിനേതാവ്‌ മമ്മൂട്ടിയാണ്‌.

കോവിഡാനന്തരം മമ്മൂട്ടി സ്വയം മിനുക്കിയെടുത്താണ്‌ ആ ഇടവേള അവസാനിപ്പിച്ച്‌ എത്തിയത്‌. അതിന്റെ ഔട്ട്‌ അദ്ദേഹത്തിന്റെ സിനിമകളിൽ തെളിഞ്ഞു. തെരഞ്ഞെടുപ്പുകൾ, കഥാപാത്രത്തിന്റെ സ്വഭാവം എല്ലാം അതിനുമുമ്പ്‌ നിരന്തരം ചെയ്‌ത സിനിമാ ശൈലിയോട്‌ അകലംപാലിച്ചാണ്‌. മസാല പരിപാടിയിൽ നിന്ന്‌ അധികവും അകന്ന്‌ പ്യുവർ സിനിമാറ്റിക്ക്‌ ആക്ടർ അപ്രോച്ചിലേക്ക്‌ പോയി. ഭീഷ്‌മപർവം, പുഴു, റോഷാക്ക്‌, നൻപകൽ നേരത്ത്‌ മയക്കം, കണ്ണൂർ സ്‌ക്വാഡ്‌, കാതൽ, ഭ്രമയുഗമെല്ലാം ഇതിന്റെ നേർസാക്ഷ്യമാണ്‌. പുതിയ മേക്കേഴ്‌സും പുതിയ ഏഴുത്തുകാർക്കുമൊപ്പം പുതിയ മമ്മൂട്ടിയെ അദ്ദേഹം സ്വയം സാധ്യമാക്കി. ഇതിൽ പല സിനിമകളിലും നിർമാതാവിന്റെ റോളിൽ മമ്മൂട്ടി തിളങ്ങി. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മമ്മൂട്ടി കമ്പനി നിർമിച്ച സിനിമകൾ, അതിന്റെ വൈവിധ്യമെല്ലാം ശ്രദ്ധേയമാണ്‌.

ഈ നിരയിലെ പുതിയ കൂട്ടിച്ചേർക്കലാകുമെന്ന പ്രതീക്ഷയിലാണ്‌ ടർബോയെ കാത്തിരുന്നത്‌. അടിമുടി ആക്ഷൻ പടം. കുറച്ചുകാലമായി മലയാള സിനിമാ പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന സ്വഭാവത്തിലുള്ള പടം. ഇതാണ്‌ വൈശാഖിനൊപ്പം മമ്മൂട്ടി നിർമിച്ച്‌ അഭിനയിക്കുന്ന സിനിമയിലുണ്ടായിരുന്ന പ്രതീക്ഷ. സ്ഥിരം ശൈലി എന്ന പ്രതീക്ഷ നിൽക്കുമ്പോഴും എന്തായിരിക്കും പുതിയതായി സിനിമ നൽകുക എന്നതിലായിരുന്നു കാത്തിരിപ്പ്‌. എന്നാൽ മമ്മൂട്ടി എന്ന താരമൂല്യത്തിന്റെ മറവിൽ മാത്രമായി സിനിമ വിജയിപ്പിക്കാം എന്ന ധാരണയിൽ ഒരുക്കിയ പടമായി ടർബോ ചുരുങ്ങുന്നുണ്ട്‌.

മമ്മൂട്ടി നല്ല സ്‌റ്റൈലാണ്‌, വമ്പൻ സ്വാഗാണ്‌, കിടിലൻ ഷോയിലൂടെ കോരിത്തരിപ്പിക്കും–- അത്‌ കൊല്ലം കുറേയായി കാണുന്നതാണ്‌. അതിലേക്ക്‌ പുതിയതായി ഒന്നും ചേർക്കാതെ കാതടപ്പിക്കുന്ന ബിജിഎം ഇട്ട്‌ അവതരിപ്പിക്കുന്നതിൽ എത്ര നല്ല തിയറ്ററാണെങ്കിലും ആ നിമിഷത്തിലെ ഫാൻഡം കൈയ്യടിക്കപ്പുറം ഒന്നുമുണ്ടാകില്ല. അത്‌ സിനിമയ്‌ക്കും ടോറ്റാലിറ്റിയിൽ ഗുണമാകുകയുമില്ല. ഈ തിരിച്ചറിവില്ലാതെ ഒരുക്കിയ മാസ്‌ മസാല പടമാണ്‌ ടർബോ. ഇടുക്കിയിലെ മലയോരഗ്രാമത്തിൽ ജീപ്പ്‌ ഡ്രൈവറായ ജോസ്‌ (മമ്മുട്ടി). നാട്ടുകാർ ടർബോ ജോസ്‌ എന്നാണ്‌ വിളിക്കുന്നത്‌. അയാളുടെ ജീവിതം, അതിനിടയിൽ ചെന്നെത്തുന്ന പ്രശ്‌നങ്ങൾ. കടന്നുവരുന്ന വില്ലൻ. കഥാന്ത്യം നായകന്റെ വിജയം–- കാലങ്ങളായുള്ള ഈ കഥാഘടനയെ പഴകിത്തേഞ്ഞ കഥപറച്ചലിൽ അവതരിപ്പിക്കുകയാണ്‌ വൈശാഖ്‌ ചെയ്‌തത്‌. വൈശാഖിന്റെ സ്ഥിരം എഴുത്തുകാരനായ ഉദയകൃഷ്ണയെ മാറ്റി മിഥുൻ മാനുവൽ തോമസിനെ പരീക്ഷിച്ചുവെങ്കിലും എഴുത്തിലെ പോരായ്‌മ സിനിമയെ നന്നായി ബാധിക്കുന്നുണ്ട്‌. വലിയ രീതിയിൽ സീനുകൾ സൃഷ്ടിച്ചെടുത്ത്‌ സിനിമയിൽ മാസ്‌ കാണിക്കുന്ന വൈശാഖ്‌ രീതി ടർബോയിലുമുണ്ട്‌. എന്നാൽ ഒരു മുഴുനീള സിനിമ എന്ന തലത്തിൽ അതൊരു പോരായ്‌മയായി മുഴച്ചുനിൽക്കുന്നുണ്ട്‌. കെട്ടുകാഴ്‌ചയും മമ്മൂട്ടിയും എന്നതിൽ സിനിമയ്‌ക്ക്‌ പൂർണത ലഭിക്കുകയില്ലെന്ന്‌ ടർബോ അടിവരയിടുന്നുണ്ട്‌.

നായകനൊത്ത വില്ലൻ എന്ന സാധ്യതയെ നന്നായി ഉപയോഗിക്കാൻ ശ്രമിച്ച സിനിമ കൂടിയാണ്‌ ടർബോ. കന്നട സിനിമയിൽ നിന്ന്‌ രാജ്‌ ബി ഷെട്ടിയെയാണ്‌ വില്ലനായി എത്തിച്ചത്‌. സംവിധായകൻ, തിരക്കഥാകൃത്ത്‌, നടൻ എന്നിങ്ങനെ- അടിമുടി സിനിമയായി നിൽക്കുന്ന വ്യക്തിയാണ്‌ രാജ്‌ ബി ഷെട്ടി. വളരെ ‘റോ’യായുള്ള കഥപറച്ചിലിന്റെ മിടുക്ക്‌. അതിലൂടെ സിനിമയിൽ രംഗങ്ങളെ എലിവേറ്റ്‌ ചെയ്‌ത്‌ എടുക്കുന്ന രീതിയെല്ലാമായി രാജ്‌ കന്നട സിനിമയുടെ മുഖമായി നിൽക്കുന്ന ഘട്ടത്തിലാണ്‌ മമ്മൂട്ടി പടത്തിലൂടെ മലയാളത്തിലെത്തിച്ചത്‌. രാജ്‌ എന്ന സംവിധായകനും നടനും എത്രമേൽ മികച്ചതാണ്‌. എന്നാൽ നായകന്റെ ഇടികൊള്ളാനുള്ള വില്ലൻ മാത്രമായി ചുരുക്കുന്നുണ്ട്‌ ടർബോയിൽ രാജിന്റെ വെട്രിവേൽ ഷൺമുഖത്തിനെ. വെറുമൊരു വില്ലനല്ല എന്ന്‌ സിനിമ പ്രമോഷനിൽ ഉടനീളം പറഞ്ഞിരുന്നു. കുറച്ച്‌ സ്വാഗ്‌ ഉണ്ട്‌ എന്നതിനപ്പുറം രാജ്‌ ബി ഷെട്ടിയിലെ നടന്‌ ചെയ്യാൻ ഒന്നുമില്ല എന്നതാണ്‌ യാഥാർഥ്യം. ഇതര ഭാഷയിലെ മികച്ച കലാകാരെ മലയാളത്തിൽ കൊണ്ടുവന്ന്‌ കളിയാക്കുന്ന തരത്തിലുള്ള പുതിയകാല രീതി അവസാനിപ്പിക്കേണ്ടതാണ്‌. വിപിൻ ദാസിന്റെ പ്രിഥ്വിരാജ്‌ ചിത്രം ഗുരുവായൂരമ്പലനടയിൽ യോഗി ബാബു, ടർബോയിൽ രാജ്‌ ബി ഷെട്ടി ഇവരുടെ കഥാപാത്ര പരിഗണനകൾ വിമർശനം അർഹിക്കുന്നതാണ്‌.

മമ്മൂട്ടി എന്ന നടൻ താരമായി മാത്രം ചുരുങ്ങിപ്പോകുന്നതാണ്‌ പല സിനിമകളും പ്രേക്ഷകരെ പരിഹസിക്കുന്നത്‌. അയാൾ നടനും താരവുമായി മാറിയപ്പോഴാണ്‌ തിരിച്ചുവരവ്‌ സാധ്യമാക്കിയത്‌. ആ തിരിച്ചുവരവിനെ ഒറ്റപ്പടം കൊണ്ട്‌ റദ്ദാക്കുന്നുവെന്നതാണ്‌ ടർബോ സൃഷ്ടിക്കുന്ന പ്രതിസന്ധി. മാസ്‌ സിനിമ പുതിയ കാലത്ത്‌ സ്റ്റാർഡം ഉയർത്തിപ്പിടിച്ച്‌ എങ്ങനെ അവതരിപ്പിക്കാമെന്നതിന്റെ കൃത്യമായ ഉദാഹരണമാണ്‌ അമൽ നീരദിന്റെ ഭീഷ്‌മപർവം. അമൽ നീരദ്‌ കൃത്യമായി മമ്മൂട്ടിയിലെ നടനെയും താരത്തിനെയും ബ്ലെന്റ്‌ ചെയ്‌തു ചേർത്തു. അമൽ നീരദ്‌ സിനിമകളുടെ സ്ഥിരം രീതി തന്നെയാണ്‌ പടത്തിന്‌. പക്ഷേ അതിന്റെ ആഖ്യാനത്തിലും അവതരണത്തിലുമെല്ലാം പുലർത്തുന്ന മികവാണ്‌ ഭീഷ്‌മപർവം. അതിന്റെ എക്‌സ്‌ ഫാക്ടർ മമ്മൂട്ടിയാണ്‌. ഡയലോഗ്‌ ഡെലിവറി, മാനറിസങ്ങൾ തുടങ്ങിയ മമ്മൂട്ടി സിഗ്‌നേച്ചറുകളുണ്ട്‌. അത്‌ ആരെയും ആകർഷിക്കും. എന്നാൽ തന്നെയും മാസ്‌ ഡയലോഗിന്റെയും മറ്റു ഗിമ്മുകളുകളുടെയും പിന്തുണയില്ലാതെ നിശബ്ദമായി മമ്മൂട്ടി സൃഷ്ടിക്കുന്ന മാസ്‌ രംഗങ്ങളുണ്ട്‌. അയാൾക്കുമാത്രം കഴിയുന്ന മൊമ്മെൻസ്‌. അതിനെ കൃത്യമായി അവതരിപ്പിച്ചുവെന്നതാണ്‌ പടത്തിന്റെ മികവ്‌. അത്തരത്തിലൊന്നും നൽകുന്നില്ല എന്നതാണ്‌ ടർബോയുടെ പോരായ്‌മയും.

ടർബോയുടെ ആദ്യ ദിനങ്ങളിലെ വലിയ കളക്ഷൻ പിന്നീട്‌ കുത്തനെ ഇടിഞ്ഞതിലൂടെ പ്രേക്ഷകർ നൽകുന്ന സന്ദേശം കൃത്യമാണ്‌. ഒരു രംഗമോ, കുറച്ച്‌ ഡയലോഗോ ഉപയോഗിച്ചുള്ള കൺകെട്ടിൽ പ്രേക്ഷകനെ പറ്റിക്കാനാകില്ല. ‘ഐ ഹേറ്റ്‌ ബ്ലഡി ക്ലീഷേ’ എന്ന ടർബോയിലെ പ്രതിനായകന്റെ ഡയലോഗ്‌ യഥാർഥത്തിൽ സിനിമ കണ്ട പ്രേക്ഷകർ പറയാൻ ആഗ്രഹിച്ചതാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + nine =

Most Popular