Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിരോഗാതുരമായ ഇന്ത്യാ രാജ്യം

രോഗാതുരമായ ഇന്ത്യാ രാജ്യം

ഡോ. ടി.എം. തോമസ് ഐസക്

ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയായി ത്തീർന്ന ഇന്ത്യയിൽ 24 ലക്ഷം ആളുകൾ പ്രതിവർഷം ചികിത്സ ലഭിക്കാത്തതുകൊണ്ടോ ചികിത്സയുടെ ഗുണമേന്മക്കുറവുകൊണ്ടോ മരണമടയുന്നു. ലാൻസെറ്റ് മാസിക ഇതു സംബന്ധിച്ച് 136 രാജ്യങ്ങളിലെ സ്ഥിതി വിശകലനം ചെയ്തപ്പോൾ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനം ഇന്ത്യക്കായിരുന്നു. ചികിത്സാ സൗകര്യം ഇല്ലാത്തതുകൊണ്ട് മരിക്കുന്നവരുടെ എണ്ണം 8.4 ലക്ഷം ആണ്. അതേസമയം, ലഭിച്ച ചികിത്സയുടെ നിലവാരക്കുറവുകൊണ്ട് മരിക്കുന്നവരുടെ എണ്ണം പ്രതിവർഷം 16 ലക്ഷമാണ്.

നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2001-നും 2015-നും ഇടയ്ക്ക് 3.8 ലക്ഷം ആളുകൾ ചികിത്സ ലഭിക്കാത്തതുകൊണ്ട് ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. അത് ഈ കാലയളവിലെ മൊത്തം ആത്മഹത്യകളുടെ 21 ശതമാനം വരും. നാഷണൽ സാമ്പിൾ സർവ്വേ കണക്ക് പ്രകാരം 2002-നും 2012-നും ഇടയ്ക്ക് ചികിത്സയ്ക്കുവേണ്ടി എടുക്കുന്ന വായ്പാഭാരം ഇരട്ടിയായി. 23 ശതമാനം പേർക്ക് ചികിത്സയ്ക്കുള്ള പണം ഇല്ല. ഏഴ് ശതമാനം ഇന്ത്യക്കാർ ചികിത്സാ കടഭാരംമൂലം ദാരിദ്ര്യരേഖയ്ക്കുതാഴേയ്ക്കു തള്ളപ്പെടുന്നു. അങ്ങനെ 5.5 കോടി ഇന്ത്യാക്കാരാണ് ഓരോ വർഷവും ചികിത്സാഭാരംകൊണ്ട് ദാരിദ്ര്യത്തിലേക്ക് തള്ളിവീഴ്ത്തപ്പെടുന്നത്.

എന്തുകൊണ്ട് മേൽപ്പറഞ്ഞ അവസ്ഥാവിശേഷമുണ്ടാകുന്നു? അതിനുള്ള ഉത്തരം സർക്കാർ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വേണ്ടത്ര പണം നീക്കിവയ്ക്കുന്നില്ല എന്നതാണ്. ലോകാരോഗ്യ സംഘടന ജിഡിപിയുടെ അഞ്ച് ശതമാനം ആരോഗ്യപരിരക്ഷയ്ക്ക് നീക്കിവയ്ക്കണമെന്ന് നിർദ്ദേശിക്കുന്നു. നമ്മുടെ ദേശീയലക്ഷ്യം അത് ജിഡിപിയുടെ 2.5-3 ശതമാനമായിരിക്കണമെന്നാണ്. പക്ഷേ, ഏതാണ്ട് ഒരു ശതമാനം മാത്രമാണ് നമ്മുടെ ബജറ്റുകളിൽ ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്നത്.

സർക്കാർ ആരോഗ്യ ചെലവ്
ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യതയും ഗുണനിലവാരവും മുഖ്യമായും സർക്കാരിന്റെ ആരോഗ്യ ചെലവുകളെ ആശ്രയിച്ചിരിക്കും. കൊളോണിയൽ കാലത്ത് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ ഇടപെടൽ വളരെ ദുർബലമായിരുന്നു. 1951-ൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചപ്പോൾ കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ മൊത്തം ആരോഗ്യ ചെലവ് ജിഡിപിയുടെ 0.59 ശതമാനം മാത്രമായിരുന്നു. അത് പതുക്കെപ്പതുക്കെ ഉയർന്ന് 1980-കളുടെ അവസാനം ആയപ്പോഴേക്കും 0.9 ശതമാനമായിത്തീർന്നു. എന്നാൽ നിയോലിബറൽ കാലഘട്ടത്തിൽ പൊതു ആരോഗ്യ സംവിധാനങ്ങൾ അവഗണിക്കപ്പെട്ടു. ഇതിന്റെ പ്രതിഫലനം ചിത്രം 1-ൽ കാണാം.

2000-ങ്ങളിൽ സർക്കാരിന്റെ ആരോഗ്യ ചെലവും ജിഡിപിയുമായുള്ള ശരാശരി അനുപാതം 0.78 ശതമാനം ആയി താഴ്ന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ആരോഗ്യ ചെലവ് പതുക്കെ മുകളിലേക്ക് ഉയർന്നു തുടങ്ങി. 2010–-11 മുതൽ 2018-–19 വരെയുള്ള ദശാബ്ദത്തിൽ ഈ തോത് 0.93 ശതമാനവും 2019–-20-ൽ 1.21 ശതമാനവും ആയിരുന്നു.

ഈ കണക്കിൽ കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും ചെലവുകൾ ഉൾപ്പെടുന്നു. ആരോഗ്യം സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാരുകളാണ് കൂടുതൽ പങ്ക് ചെലവഴിക്കുന്നത്. എന്നാൽ ദേശീയ ആരോഗ്യ മിഷൻ, ഭാരത് ആയുഷ്മാൻ തുടങ്ങിയ പദ്ധതികൾ ആരംഭിച്ചതോടെ കേന്ദ്രത്തിന്റെ വിഹിതം മൊത്തം ചെലവിൽ ഉയർന്നിട്ടുണ്ട്. എങ്കിലും അത് ഇപ്പോൾ ഏതാണ്ട് 34 ശതമാനം വരും.

കണക്കുകളുടെ നിജസ്ഥിതി
മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിന് ആധാരമായ കണക്കുകൾ അന്തർദേശീയ താരതമ്യത്തിനു വേണ്ടിയുള്ള വേൾഡ് ഡെവലപ്പ്മെന്റ് ഇൻഡിക്കേറ്റേഴ്സിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കുന്ന നാഷണൽ ഹെൽത്ത് അക്കൗണ്ട്സിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആരോഗ്യ ചെലവും ജിഡിപിയുമായിട്ടുള്ള അനുപാതം ചിത്രത്തിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂറച്ചുകൂടി ഉയർന്നതാണ്. ഉദാഹരണത്തിന് 2014-15-നും 2019–20-നും ഇടയ്ക്ക് ഇന്ത്യയിലെ സർക്കാർ ആരോഗ്യ ചെലവും ജിഡിപിയുമായിട്ടുള്ള അനുപാതം 1.35 ശതമാനം ആണ്. ആരോഗ്യ ചെലവിൽ എന്തെല്ലാം ഇനങ്ങൾ ഉൾപ്പെടുത്തുന്നുവെന്നതാണ് ഈ വ്യത്യാസത്തിന്റെ അടിസ്ഥാനം.

ചിത്രം 1
ഇന്ത്യയിലെ പൊതു ആരോഗ്യ ചെലവുകൾ ജിഡിപിയുടെ ശതമാനമായി

(കടപ്പാട്: World Development Indicators)

ചിത്രം 2
മൊത്തം ആരോഗ്യ ചെലവിൽ സ്വകാര്യ ചെലവിന്റെ വിഹിതം (ശതമാനം)

(കടപ്പാട്: ഗ്ലോബൽ ഹെൽത്ത് ഡാറ്റാബെയ്സ് 2021)

2022–23-ലെ ബജറ്റിൽ ബിജെപി സർക്കാർ, ഇന്ത്യയിലെ സർക്കാർ ആരോഗ്യ ചെലവ് 2020–-21-ൽ 2.2 ശതമാനവും 2021–-22-ൽ 2.1 ശതമാനവുമായി ഉയർന്നുവെന്ന് പ്രഖ്യാപിച്ചു. എന്നാൽ സൂക്ഷ്മവിശകലനത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് ഇത് ഊതിവീർപ്പിച്ച കണക്കായിരുന്നുവെന്നാണ്. സാധാരണഗതിയിൽ കണക്കിലെടുക്കുന്ന ഇനങ്ങൾക്കു പുറമേ WASH (അതായത് Water, Sanitation and Hygiene) പദ്ധതിക്കു പുറമേ ദുരന്തനിവാരണത്തിന്റെ ചെലവുകൂടി ഉൾപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് കള്ളക്കണക്കുകൾ മെനയാൻ മോദി സർക്കാർ നടത്തിയ നീക്കങ്ങളുടെ മറ്റൊരു ഉദാഹരണമാണിത്. 2024-–25-ലെ ഇടക്കാല ബജറ്റ് പ്രകാരം സർക്കാരിന്റെ ആരോഗ്യ ചെലവ് ഏതാണ്ട് 1.24 ശതമാനം മാത്രമാണ്.

സ്വകാര്യ കുടുംബാരോഗ്യ 
ചെലവ്
ബജറ്റിൽ നിന്ന് ആരോഗ്യമേഖലയ്ക്കുവേണ്ടി ചെലവഴിക്കുന്ന തുക വളരെ താഴ്ന്നതായതുകൊണ്ടും ആരോഗ്യ ആവശ്യങ്ങൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം കണ്ടെത്തുന്നതിന് പൗരർ നിർബന്ധിതരാകുന്നു. മൊത്തം ആരോഗ്യ ചെലവിന്റെ 60-–70 ശതമാനം സ്വകാര്യവ്യക്തികളുടെ പോക്കറ്റിൽ നിന്നാണ് ചെലവാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇതിനെ ഇംഗ്ലീഷിൽ Out of Pocket Expenses (OOPE) എന്നാണു വിളിക്കുക. എന്നാൽ തങ്ങൾ അധികാരത്തിൽ വന്നതിനുശേഷം ഇത്തരം സ്വകാര്യചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞൂവെന്ന വലിയ അവകാശവാദവുമായിട്ടാണ് രണ്ടാം ടേമിന്റെ അവസാനം മോദി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ചിത്രം 3
മൊത്തം ആരോഗ്യ ചെലവിൽ സർക്കാർ ചെലവിന്റെയും സ്വകാര്യ കുടുംബ ചെലവിന്റെയും വിഹിതം

(കടപ്പാട്: പ്രസ് ഇൻഫർമേഷൻ ബ്യൂറോ)
(കുറിപ്പ്: സ്വകാര്യ കുടുംബ ചെലവ് വിഹിതവും സർക്കാർ ചെലവ് വിഹിതവും കൂട്ടിയാൽ 100 ശതമാനം വരുന്നില്ല. ഇതിനു രണ്ടിനും പുറമേ സന്നദ്ധസംഘടനകൾ, വിദേശ ഏജൻസികൾ തുടങ്ങിയവയുടെ ചെലവുകളും മൊത്തം ആരോഗ്യ ചെലവിൽ ഉൾപ്പെടും എന്നതാണ് അതിനു കാരണം.)

2013–-14-ൽ മൊത്തം ആരോഗ്യ ചെലവിന്റെ 64.2 ശതമാനം സ്വകാര്യ ചെലവായിരുന്നു. എന്നാൽ 2018–-19-ൽ അത് 48 ശതമാനമായി കുറഞ്ഞു. എന്നിരുന്നാൽ തന്നെയും ചിത്രം (2) ൽ കാണുന്നതുപോലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് സ്വകാര്യ വ്യക്തികളുടെമേലുള്ള വലിയ ഭാരമായി തുടരുന്നുവെന്നു കാണാം.

ബിജെപി സർക്കാരിന്റെ 
പ്രചാരണ തട്ടിപ്പ്
സർക്കാർ ആരോഗ്യ ചെലവ് ഗണ്യമായി ഉയർത്തിയതുകൊണ്ടാണ് സ്വകാര്യ കുടുംബാരോഗ്യ ചെലവിൽ ഇടിവുണ്ടായതെന്നാണ് ബിജെപി സർക്കാർ അവകാശപ്പെട്ടത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇക്കണോമിക് സർവ്വേയിൽ ഉണ്ടായിരുന്ന ഈ ഗ്രാഫ് വിപുലമായി പ്രചരിപ്പിച്ചു. ചിത്രം (3) ൽ ആ ഗ്രാഫ് നൽകിയിരിക്കുന്നു.

സർക്കാർ ചെലവിൽ ചെറിയ തോതിൽ വർദ്ധനയുണ്ടായിയെന്നത് ശരിയാണ്. ഇതിൽ അവസാന രണ്ടു വർഷങ്ങളിലെ കണക്കിന്റെ നിജസ്ഥിതിയെക്കുറിച്ച് നേരത്തെ പറഞ്ഞ സംശയം ഓർക്കുക. ചിത്രം (1) ലെ ഗ്രാഫ് നോക്കിയാൽ മറ്റൊരു കാര്യവുംകൂടി കാണാം. മൊത്തം ആരോഗ്യ ചെലവ് ജിഡിപി തോതിന്റെ രേഖ താഴ്ന്നുവരികയാണ്. അതുകൊണ്ട് അതിൽ സർക്കാർ ചെലവിന്റെ വിഹിതം രേഖപ്പെടുത്തുമ്പോൾ ഗ്രാഫിൽ കാണുന്നതുപോലെ ശ്രദ്ധേയമായി ഉയരും. ഇതിൽ തെറ്റൊന്നും ഇല്ലെങ്കിലും ചെറിയൊരു കൺകെട്ടുവിദ്യയുണ്ട്.

അതേസമയം, സ്വകാര്യ കുടുംബ ചെലവ് കുറഞ്ഞുവരുന്നത് പൊതുചെലവ് വർദ്ധിച്ചതുകൊണ്ടാകണമെന്നില്ല. ഇന്ത്യയിലെ മൊത്തം ഉപഭോഗം ഏറ്റവും രൂക്ഷമായ മുരടിപ്പ് നേരിട്ട ഒരു കാലമാണിത‍്. ആ പ്രതിസന്ധിയുടെ പ്രതിഫലനമാകാം സ്വകാര്യ കുടുംബചെലവിന്റെ ജിഡിപി തോതിലുണ്ടായ ഇടിവ്. 2014-ൽ 1000 പേർക്ക് 31.5 കിടത്തി ചികിത്സയാണ് ഉണ്ടായിരുന്നത്. എന്നാൽ 2017-–18-ൽ ഇത് 28 ആയി കുറഞ്ഞു. നാല് ദശാബ്ദത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെ കുറവുണ്ടായത്. ഇത്തരത്തിൽ ആരോഗ്യ സേവനങ്ങളുടെ ഉപഭോഗം കുറഞ്ഞതുകൊണ്ടാകാം സ്വകാര്യ കുടുംബ ചെലവിൽ ഇടിവുണ്ടായത്.

ചില പണ്ഡിതർ സ്വകാര്യ കുടുംബ ചെലവ് കുറഞ്ഞ കണക്കിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ഈ കണക്കിന്റെ അടിസ്ഥാനം 2011 ലെ സെൻസസും 2011-ലെ ഉപഭോഗ സർവ്വേയും ആണ്. (രണ്ട് സർവ്വേകളും ഇതിനുശേഷം നടത്തിയിട്ടില്ല). അതുപോലെ തന്നെ ആരോഗ്യ ഉപഭോഗത്തിനുവേണ്ടി ഉപയോഗിച്ചിട്ടുള്ള സ്ഥിതിവിവര കണക്ക് നോട്ടുനിരോധന വർഷത്തിലേതാണ്. ആ വർഷം കുടുംബങ്ങൾ ചെലവുകൾ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല.

ഇത്തരത്തിൽ ഒരുപാട് അവ്യക്തതകളും സംശയങ്ങളുമുള്ള കണക്കുകളും അതിനെ അടിസ്ഥാനമാക്കിയുള്ള ഗ്രാഫും ഉപയോഗിച്ചാണ് തങ്ങൾ ആരോഗ്യ ബജറ്റ് ചെലവുകൾ ഉയർത്തിയതിന്റെ ഫലമായി സ്വകാര്യ ചെലവ് കുറഞ്ഞൂവെന്ന് ബിജെപി പെരുമ്പറ മുഴക്കിയത്.

ഇന്ത്യയിലെ സർക്കാർ ആരോഗ്യ ചെലവും ജിഡിപിയും തമ്മിലുള്ള അനുപാതം വർദ്ധിച്ചൂവെന്ന് അവകാശപ്പെടുമ്പോഴും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മൾ വളരെ പിന്നിലാണ്. ജി20 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തുക ആരോഗ്യത്തിനുവേണ്ടി (സ്വകാര്യ ചെലവടക്കം) ചെലഴിക്കുന്നത് ഇന്ത്യക്കാരനാണ് – വെറും 227 ഡോളർ. ഇത് അമേരിക്കക്കാരൻ ചെലവാക്കുന്നതിന്റെ രണ്ട് ശതമാനമേവരൂ. അയൽ രാജ്യങ്ങൾ ചെലവഴിക്കുന്നതിനേക്കാൾ താഴ്ന്നതാണ് നമ്മുടെനില. ശ്രീലങ്കയുടെ പ്രതിശീർഷ ചെലവിന്റെ മൂന്നിലൊന്ന്. 189 രാജ്യങ്ങളിലെ സർക്കാർ ആരോഗ്യ ചെലവ് – ജിഡിപി തോത് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 179–-ാമത്തേതാണ്. ഇന്ത്യയുടെ സ്ഥാനം ഹൈത്തി, സുഡാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ്.

ദേശീയ ആരോഗ്യ നയം
എത്ര പണം ആരോഗ്യത്തിനു ചെലവഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എന്തിനുവേണ്ടി ചെലവഴിക്കുന്നുവെന്നതും. ഇതു സംബന്ധിച്ച ദേശീയ ആരോഗ്യനയത്തെ ബിജെപി സർക്കാർ പൊളിച്ചു പണിതു.

1983-ലാണ് പാർലമെന്റ് ദേശീയ ആരോഗ്യ നയത്തിന് ആദ്യമായി അംഗീകാരം നൽകിയത്. ഈ രേഖയുടെ പശ്ചാത്തലം 1978-ൽ ലോകാരോഗ്യ സംഘടനയും യൂണിസെഫും മുൻകൈയെടുത്ത് സോവിയറ്റ് യൂണിയനിലെ ആൽമ-അറ്റയിൽ സംഘടിപ്പിച്ച ആരോഗ്യ സമ്മേളനമാണ്. ‘എല്ലാവർക്കും ആരോഗ്യം’ എന്ന മുദ്രാവാക്യം ഉറപ്പുവരുത്തുന്നതിന് പ്രാഥമികാരോഗ്യ സേവനത്തിന്റെ പ്രാധാന്യത്തെ അടിവരയിടുകയും ചെയ്തു. സമ്മേളനം മുന്നോട്ടുവച്ച പുരോഗമന തത്വങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് പുതിയ ദേശീയാരോഗ്യ നയത്തിനു രൂപം നൽകിയത്. 2000 ആകുമ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സാർവ്വത്രിക ശൃംഖലയും ആരോഗ്യ സന്നദ്ധപ്രവർത്തകരുടെ ഇടപെടലും സമഗ്രമായ റഫറൽ സമ്പ്രദായവും പുതിയ നയം വിഭാവനം ചെയ്തു. പക്ഷേ, ഈ ലക്ഷ്യങ്ങൾ നേടാനായില്ലയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ പശ്ചാത്തലത്തിലാണ് 2002-ൽ പുതിയ ആരോഗ്യ ദേശീയ നയത്തിനു കേന്ദ്രസർക്കാർ രൂപം നൽകിയത്. നിയോലിബറൽ സാമ്പത്തികനയങ്ങൾ ഭരണാധികാരികൾ ഏറ്റെടുത്തെങ്കിലും പുതിയ രേഖ പൊതുവിൽ പ്രഥമ ദേശീയ ആരോഗ്യ നയത്തിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു. ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം 2010 ആകുമ്പോഴേക്കും 2 ശതമാനമായി ഉയർത്താനായിരുന്നു ലക്ഷ്യം. നയപ്രഖ്യാപനങ്ങൾ നടപ്പായില്ലെങ്കിലും പൊതുവിൽ അവ പുരോഗമനപരമായ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചു. ഇത് തിരുത്തുകയാണ് പിന്നീട് ബിജെപി സർക്കാർ ചെയ്തത്.

ഇതുവരെ പിന്തുടർന്നുവന്ന ദേശീയ ആരോഗ്യ നയത്തെ അടിസ്ഥാനപരമായി നിയോലിബറൽ കാഴ്ചപ്പാടിന് അനുസൃതമായി തിരുത്തിക്കൊണ്ട് 2017-ൽ പുതിയ ദേശീയ ആരോഗ്യ നയം മോദി സർക്കാർ കൊണ്ടുവന്നു. പുതിയ ആരോഗ്യ നയത്തിനോടൊപ്പം നിതി ആയോഗിന്റെ ആരോഗ്യരേഖകൾകൂടി ഒരുമിച്ചു വായിക്കണം. അപ്പോഴാണ് ബിജെപിയുടെ കീഴിൽ ആരോഗ്യ രംഗത്ത് നടത്തുവാൻ ലക്ഷ്യമിടുന്ന പൊളിച്ചെഴുത്ത് പൂർണ്ണമായും വ്യക്തമാവുക.

നിയോലിബറൽ ആരോഗ്യ നയം
സർക്കാരിന്റെ ആരോഗ്യ ചെലവുകൾ ഗണ്യമായി ഉയർത്തുന്നതിനെക്കുറിച്ച് പുതിയ രേഖയിൽ ആണയിടുന്നുണ്ട്. പുതിയ ആരോഗ്യ നയം, 2025 ആകുമ്പോൾ ജിഡിപിയുടെ 2.5 ശതമാനമായി ആരോഗ്യ ചെലവ് ഉയർത്താൻ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യവും പിഴയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എങ്കിലും സർക്കാരിന്റെ ആരോഗ്യ ചെലവുകൾ ഉയർന്നിട്ടുണ്ട്. പക്ഷേ, ഈ വർദ്ധിച്ച ചെലവിൽ പൊതു ആരോഗ്യ സൗകര്യങ്ങൾക്കുള്ള ഊന്നൽ കുറഞ്ഞു.

പൊതു ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുക വഴി സാർവ്വത്രിക ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടിരുന്ന പഴയ ആരോഗ്യ നയത്തിനു പകരം ഇൻഷ്വറൻസിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പരിരക്ഷ കൂടുതൽ കൂടുതൽ സ്വകാര്യമേഖലയിലേക്ക് നീക്കുന്നതിനാണ് പുതിയ രേഖകൾ ലക്ഷ്യമിടുന്നത്. ദേശീയ ആരോഗ്യ മിഷന്റെ നടത്തിപ്പിൽ നിന്ന് ഊന്നൽ ആയുഷ്മാൻ ഭാരത് എന്ന ഇൻഷ്വറൻസ് പദ്ധതിയിലേക്ക് നീങ്ങിക്കഴിഞ്ഞു. സർക്കാർ ജീവനക്കാർക്കും ഇൻഷ്വറൻസ് കവറേജാണ്. മെഡിക്കൽ ഇൻഷ്വറൻസ് ഒരു പ്രധാനപ്പെട്ട ഇൻഷ്വറൻസ് വ്യവസായമായി മാറിയിട്ടുണ്ട്. എൽഐസി പോലും മെഡിക്കൽ ഇൻഷ്വറൻസ് ആരംഭിക്കാൻ പോവുകയാണ്. സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതികളിൽ സേവനദാതാക്കളാകാം. അങ്ങനെ പൊതു ആരോഗ്യ ചെലവ് സ്വകാര്യ ആശുപത്രികൾക്ക് പിന്തുണയായിത്തീരുന്നു.

ആശുപത്രികളും വൈദ്യോപകരണങ്ങളും ആരോഗ്യ ഇൻഷുറൻസും ക്ലിനിക്കൽ പരീക്ഷണവും ടെലി മെഡിസിനും മെഡിക്കൽ ടൂറിസവും അടങ്ങിയ ആരോഗ്യവ്യവസായത്തിന്റെ സാധ്യതകളെയാണ് പുതിയ കാഴ്ചപ്പാട് തേടുന്നത്. ഹീൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യവസായമേഖലയിലെ സ്പെഷ്യൽ ഇക്കോണമിക് സോണുകളുടെ മാതൃകയിൽ ആശുപത്രികളും ഹോട്ടലുകളും ഫിറ്റ്നെസ് സെന്ററുകളും മറ്റും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. വിദേശമൂലധന നിക്ഷേപവും സ്വാഗതം ചെയ്യപ്പെടുന്നു.

വൈവിധ്യമുള്ള രോഗികൾ, മനുഷ്യവിഭവശേഷി ലഭ്യത, കുറഞ്ഞ ചെലവ് തുടങ്ങിയവമൂലം വിദേശ മരുന്നുകമ്പനികൾക്ക് ഔഷധ പരീക്ഷണങ്ങൾ നടത്താൻ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള ശ്രമവുമുണ്ട്. പൊതുമേഖലാ ഔഷധ നിർമ്മാണ കമ്പനികളെല്ലാം അടച്ചുപൂട്ടപ്പെട്ടു. (കേരളത്തിലെ കെഎസ്ഡിപിയാണ് ഏക അപവാദം). കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് പൂനാവാല പോലുള്ളവ ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളിൽ ഒന്നായി കുതിച്ചുയർന്നത്. ഔഷധ വ്യവസായം ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന പ്രധാന ഏജൻസികളിൽ ഒന്നായി മാറിക്കഴിഞ്ഞു.

സ്വകാര്യ സഹായത്തോടെ ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജുകളാക്കി മാറ്റുകയെന്നതാണ് മറ്റൊരു പരിഷ്കാരം. സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് നൽകുമത്രേ. ഫലത്തിൽ സെക്കൻഡറി സെക്ടറിലുള്ള പൊതു ആരോഗ്യ സ്ഥാപനങ്ങൾ സ്വകാര്യ നിയന്ത്രണത്തിലേക്കു നീങ്ങും. സ്വാഭാവികമായും ചികിത്സയ്ക്ക് ഉയർന്ന ഫീസും വരും. -സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ സാമൂഹ്യ ഉത്തരവാദിത്വം, സാമൂഹ്യനീതി പരിരക്ഷ തുടങ്ങിയ പരിഗണനകൾക്ക് ഊന്നലില്ല. സ്വകാര്യ നിക്ഷേപത്തിനുള്ള ഉത്തേജനങ്ങൾ എന്തുവേണം എന്നതിനെക്കുറിച്ചാണ് വേവലാതി.

പൊതുജനാരോഗ്യ മേഖലയുടെ 
സ്ഥിതിയെന്ത്?
2022 മാർച്ച് 31-ലെ കണക്ക് പ്രകാരം ഇന്ത്യയിൽ 1,61,829 സബ് സെന്ററുകളും 31,053 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്സി), 6,064 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും (സിഎച്ച്സി) ഉണ്ട്. ജനസംഖ്യാനുപാതികമായി സബ് സെന്ററുകളുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ, പിഎച്ച്സികളുടെയും സിഎച്ച്സികളുടെയും എണ്ണം കുറഞ്ഞിരിക്കുകയാണ്. ജനസംഖ്യാ വളർച്ചയ്ക്കൊപ്പം ഇവയുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചില്ല. പിഎച്ച്സികളിൽ ആവശ്യമായ ഡോക്ടർമാരോ നേഴ്സുമാരോ ഇല്ല. 80 ശതമാനം സിഎച്ച്സികളിലും സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഇല്ല. അനുവദനീയമായ തസ്തികകളുടെ എണ്ണത്തിന്റെ ശതമാനമായി കണക്കാക്കിയാൽ മദ്ധ്യപ്രദേശ്, ഗോവ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ 90 ശതമാനത്തിലേറെ സ്പെഷ്യലിസ്റ്റ് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കേരളത്തിലാണ് ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ എണ്ണം ഏറ്റവും കുറവ്. ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് (പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ) പ്രകാരം 2021-–22-ൽ ഇന്ത്യയിൽ സബ് സെന്ററുകളുടെ എണ്ണത്തിൽ 25 ശതമാനവും പിഎച്ച്സികളുടെ എണ്ണത്തിൽ 31 ശതമാനവും സിഎച്ച്സികളുടെ കാര്യത്തിൽ 36 ശതമാനവും കുറവുണ്ട്. നഗരമേഖലയിൽ പിഎച്ച്സികളുടെ എണ്ണത്തിന്റെ കുറവ് 40 ശതമാനമാണ്.

മേൽപ്പറഞ്ഞ ശൃംഖല മുഖ്യമായും സംസ്ഥാനങ്ങൾ കഴിഞ്ഞ 70 വർഷക്കാലത്തിനിടയിൽ ബജറ്റിൽ നിന്ന് പണം മുടക്കി സ്ഥാപിച്ചവയായിരുന്നു. എന്നാൽ മോദി സർക്കാർ ഇവയെല്ലാം രണ്ടാമത് പെയിന്റടിച്ച് 1.6 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിറുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു വിസമ്മതിച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഫണ്ട് നിഷേധിക്കുന്നതിനുവരെ അവർ തുനിഞ്ഞു. അതിലൂടെ ചെയ്ത മറ്റൊരു കാര്യം ചുരുങ്ങിയ വിലയ്ക്ക് ഔഷധങ്ങൾ ലഭ്യമാക്കുന്നതു തുടങ്ങിയ ജൻഔഷധി കേന്ദ്രങ്ങളെ പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന എന്ന് പുനർനാമകരണം ചെയ്തതാണ്. പുതിയ പേരിന്റെ ചുരുക്കം പിഎം-ബിജെപി എന്നായത് യാദൃച്ഛികം.

സിഎജി റിപ്പോർട്ട് പ്രകാരം 2022-ൽ 7.8 കോടി കുടുംബങ്ങളെയാണ് ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തിയത്. ഇത് ഇൻഷ്വറൻസിന് യോഗ്യതയുള്ള 12 കോടി കുടുംബങ്ങളുടെ 65 ശതമാനമേ വരൂ. എംപാനൽ ചെയ്ത ആരോഗ്യ സേവനദാതാക്കളുടെ എണ്ണം 28,586 ആണ്. അതിൽ 46 ശതമാനം സ്വകാര്യ ആശുപത്രികളാണ്. എന്നാൽ ഭൂരിപക്ഷം ആശുപത്രികളും ഇൻഷ്വറൻസ് പദ്ധതിയിൽ സജീവമല്ലാതാകുകയോ പിൻവാങ്ങുകയോ ചെയ്തു. ഈ ആശുപത്രികളിൽ നിർണ്ണയിക്കപ്പെട്ട ഉപകരണങ്ങളോ സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ആശുപത്രികളിൽ ഭൂരിപക്ഷവും നഗരങ്ങളിൽ ആയിരുന്നു. അതുകൊണ്ട് ഇൻഷ്വറൻസിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കാത്ത അവസ്ഥയായി.

നാം പിന്നോട്ട്
മാതൃ-–ശിശുമരണ നിരക്ക്, ജീവിതായുസ്, തുടങ്ങിയ ആരോഗ്യ മാനദണ്ഡങ്ങളെല്ലാം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ മറ്റു രാജ്യങ്ങളിലുണ്ടായ ആരോഗ്യ പുരോഗതികൂടി നോക്കുമ്പോൾ നാം മുന്നോട്ടല്ല പുറകോട്ടാണ് പോയിട്ടുള്ളത് എന്നു കാണാൻ കഴിയും. ഉദാഹരണത്തിന് ബ്ലൂംബർഗ്, രാജ്യങ്ങളുടെ ആരോഗ്യനിലയുടെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്. 2015-ൽ ഇന്ത്യയുടെ റാങ്ക് 103 ആയിരുന്നു. 2019-ൽ ഇന്ത്യ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും താഴെ 120-ലേക്ക് വീണു. ഇതിനു മുഖ്യകാരണം മോദി അധികാരത്തിൽ വന്നശേഷം ജീവിതായുസിന്റെ വർദ്ധന നാമമാത്രമായതാണ്.

നിയോലിബറൽ കാലത്തെ ആരോഗ്യ നയങ്ങളോടുള്ള ഏറ്റവും നിശിതവിമർശനം കോവിഡ് കാലത്തെ അനുഭവമാണ്. അന്തർദേശീയമായും അന്തർസംസ്ഥാനീയമായുമുള്ള താരതമ്യ പഠനങ്ങൾ അടിവരയിട്ട ഒരു കാര്യമുണ്ട് : മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും മാത്രമാണ് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞത് എന്നതാണ്. ഇവിടങ്ങളിലാണ് താരതമ്യേന താഴ്ന്ന കോവിഡ് മരണനിരക്ക്. കേരളവും ഇന്ത്യയും തമ്മിലുള്ള താരതമ്യ പഠനങ്ങൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകപ്രശസ്തമാണ്. ഇന്ത്യയുടേത് ഏറ്റവും കുപ്രസിദ്ധവും. മോദി സർക്കാർ ഇപ്പോഴും അഞ്ചുലക്ഷം പേരേ മരിച്ചുള്ളൂവെന്നാണു പറയുന്നത്. എന്നാൽ ഇന്ത്യയിൽ കോവിഡ് മുലം ഏതാണ്ട് 50 ലക്ഷം പേർ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ മതിപ്പ് കണക്ക്. തങ്ങളുടെ കള്ളം പുറത്തുവരാതിരിക്കാനാണ് 2021-ലെ കാനേഷുമാരിപോലും മോദി ഉപേക്ഷിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − seven =

Most Popular