Thursday, November 28, 2024

ad

Homeകവര്‍സ്റ്റോറിആരോഗ്യ മേഖലയും കേരളവും

ആരോഗ്യ മേഖലയും കേരളവും

കെ കെ ശെെലജ

പൊതുജനാരോഗ്യത്തെക്കുറിച്ച് ശാസ്ത്രീയമായ ചിന്തയും പഠനവും ആവശ്യമായ കാലഘട്ടമാണിത്. മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിരവധി സാമൂഹ്യ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്. ആഹാരം, വസ്ത്രം, പാര്‍പ്പിട സൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ജീവിത ഘടകങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുമാത്രമേ ആരോഗ്യത്തക്കുറിച്ച് ചിന്തിക്കാന്‍ കഴിയുകയുള്ളു. വ്യക്തികളുടെയും അതുവഴി സമൂഹത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന് ഈ ഘടകങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഇന്നത്തെക്കാലത്ത് പുതിയ പ്രശ്നങ്ങളും ആരോഗ്യ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ജീവിത രീതികളിലുണ്ടായ മാറ്റങ്ങളുടെയും ഭാഗമായി പുതിയ തരത്തിലുള്ള രോഗങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോ രാജ്യത്തും നിലനില്‍ക്കുന്ന ഭരണവ്യവസ്ഥകള്‍ക്കും ആരോഗ്യകാര്യ നിര്‍ണയത്തില്‍ പ്രധാന പങ്കുണ്ട്. സോഷ്യലിസ്റ്റ് ആസൂത്രണ പ്രക്രിയയിലൂടെ മാത്രമേ എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം സാധ്യമാക്കാന്‍ കഴിയുകയുള്ളു. ലാഭേച്ഛയോടുകൂടിയ മുതലാളിത്ത സാമ്പത്തിക ആസൂത്രണത്തില്‍ സമ്പത്തുള്ളവര്‍ക്കു മാത്രം ആരോഗ്യം എന്ന അവസ്ഥയാണുണ്ടാവുക. കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ പൊതുജനാരോഗ്യ മേഖലയുടെ പ്രാധാന്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിസമ്പന്ന രാജ്യങ്ങള്‍ക്കുപോലും പൊതുജനാരോഗ്യ മേഖലയുടെ അഭാവം മൂലം നേരിടേണ്ടിവന്നിട്ടുള്ള വലിയ പ്രയാസങ്ങള്‍ നാം നേരിട്ട് കണ്ടിട്ടുണ്ട്.

19–ാം നൂറ്റാണ്ടില്‍ തന്നെ ജനകീയാരോഗ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും സമകാലികനായ ‘റുഡോള്‍ഫ് വിര്‍കോ’ ആരോഗ്യത്തിന് നിദാനമായ സാമൂഹിക–സാമ്പത്തിക ഘടകങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് (Social Ditterminence of Health). ജര്‍മന്‍ ഡോക്ടറും നരവംശ ശാസ്ത്രജ്ഞനുമായിരുന്നു വിര്‍കോ. അറിയപ്പെടുന്ന പത്തോളജിസ്റ്റും കൂടിയായ ഡോ. വിര്‍കോവിന്റെ പഠനങ്ങള്‍ മനുഷ്യ ശരീരത്തിലെ കോശങ്ങളിലാണ് രോഗങ്ങള്‍ക്കടിസ്ഥാനമായ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന കണ്ടെത്തലിന് സഹായിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിത്സകളുടെയും അടിസ്ഥാന ശിലയായിരുന്നു ഈ കണ്ടുപിടുത്തം. നരവംശ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന വിര്‍കോവിന്റെ സിദ്ധാന്തങ്ങള്‍ മനുഷ്യര്‍ തമ്മില്‍ വംശീയ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നു സ്ഥാപിക്കുന്നതിനും പ്രചോദനമായി. അന്നത്തെ ജര്‍മനിയില്‍ ഹിറ്റ്ലറുടെ വംശീയതാ സിദ്ധാന്തത്തിനേറ്റ ഒരു പ്രഹരം കൂടിയായിരുന്നു ഈ കണ്ടുപിടുത്തം. വിര്‍കോവിനും കൂട്ടര്‍ക്കും കടുത്ത എതിര്‍പ്പ് നേരിടേണ്ടതായി വന്നു. വിര്‍കോവിന് ശേഷവും സാമൂഹികാരോഗ്യ രംഗത്ത് നിരവധി പഠനങ്ങളുണ്ടായി. ഇന്ന് ലോകം ഏറെ ചര്‍ച്ച ചെയ്യുന്നത് ഏകാരോഗ്യം (One Health), ജന്തുജന്യ രോഗങ്ങള്‍ (zoonotic diseases) എന്നിവയെക്കുറിച്ചാണ്.

കൂടുതൽ വലത്തേക്കു 
നീങ്ങുന്ന ലോകം
ഇന്നത്തെ ലോകം സോഷ്യലിസ്റ്റ് ആസൂത്രണ പ്രക്രിയകളില്‍ നിന്നകന്ന് കൂടുതല്‍ കൂടുതല്‍ വലതുപക്ഷത്തേക്കു നീങ്ങുന്ന കാഴ്ചയാണ് നമുക്കു മുന്നിലുള്ളത്. ഇറ്റലിയിലും ഫ്രാന്‍സിലും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമെല്ലാം നടക്കുന്ന നീക്കങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. ഐക്യ രാഷ്ട്ര സഭപോലും നോക്കുകുത്തിയായി മാറുന്ന ഇക്കാലത്ത് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ സാധ്യതകളും കുറയുകയാണ്. ദരിദ്ര രാജ്യങ്ങള്‍ക്കും സമ്പന്ന രാജ്യങ്ങളിലെ ദരിദ്രര്‍ക്കും ആരോഗ്യ മേഖല അപ്രാപ്യമായി മാറുയാണ്. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രതിരോധ വാക്സിനും മരുന്നുകളും ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതി നിലനിന്നിരുന്നു. ധനിക–ദരിദ്ര വേര്‍തിരിവിന്റെ ദുരന്തഫലം വെളിവാക്കുന്നതായിരുന്നു ഈ അനുഭവങ്ങള്‍.

ആരോഗ്യ മന്ത്രിയായിരുന്ന സമയത്ത് എനിക്ക് ‘പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍’ എന്ന സംഘടന സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ക്യൂബന്‍ പ്രതിനിധി ലോകരാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രതിരോധ കുത്തിവയ്പ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭ്യമാവാത്ത അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സമ്പന്ന രാജ്യങ്ങള്‍ പ്രതിരോധ വാക്സിനുകള്‍ ഉദ്പാദിപ്പിക്കുന്നതിലും അവ വിലയ്ക്ക് വാങ്ങി ശേഖരിക്കുന്നതിലും മുന്നിട്ടുനിന്നപ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരങ്ങള്‍ കുറവായിരുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നാക്ക പ്രദേശങ്ങള്‍ക്കും ആരോഗ്യ സേവനവും പ്രതിരോധ വാക്സിനും സംഭാവന ചെയ്യാന്‍ ക്യൂബ ഒരുക്കമാണെന്ന് പ്രസ്തുത ചര്‍ച്ചയില്‍ ക്യൂബയുടെ പ്രതിനിധി വ്യക്തമാക്കിയത് ഞാൻ ഓര്‍ക്കുന്നു. ഇന്ത്യയില്‍ നിന്ന് കേരളത്തിലെ ആരോഗ്യ മന്ത്രിയായ എന്നെയായിരുന്നു ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്.

കേരളത്തില്‍ നടപ്പിലാക്കുന്ന ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു ക്ഷണം എനിക്ക് ലഭിച്ചത്. ഈ ചര്‍ച്ചാവേളയില്‍ കേരളത്തിലെ കാര്യങ്ങള്‍ പറയുന്നതിനോടൊപ്പം ലോകരാഷ്ട്രങ്ങളിലെ ജനതയ്ക്ക് ആരോഗ്യ പരിരക്ഷയ്ക്ക് തുല്യമായ അവസരം ലഭ്യമാവേണ്ടതുണ്ടെന്ന് മറ്റെല്ലാവരെയും പോലെ ഞാനും അഭിപ്രായപ്പെട്ടു. വാക്സിന്‍ ഉത്പാദനത്തിനുള്ള അവകാശം ചിലകുത്തകകള്‍ കൈയടക്കി വയ്ക്കുന്നതിനെതിരെയും ആക്ഷേപമുണ്ടായി. സാങ്കേതിക വിദ്യയും സഹായവും ലഭ്യമാവുകയാണെങ്കില്‍ കേരളത്തിലും വാക്സിന്‍ നിര്‍മിക്കാന്‍ സാധിക്കും. നമ്മുടെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വാക്സിന്‍ നിര്‍മാണത്തിനു സാധിച്ചാല്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് അത് വലിയ ആശ്വാസമായിരിക്കുമെന്നുകൂടി ഞാൻ സൂചിപ്പിച്ചു. ഈ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട അഭിപ്രായം എല്ലാവരും സുരക്ഷിതരാവുന്നതുവരെ ആരും സുരക്ഷിതരല്ല (No One is safe Until Everyone is Safe) എന്നതായിരുന്നു. ലോകമാകെയുള്ള ഒരു വാക്സിന്‍ ഇന്റര്‍നാഷണലിസത്തിനുവേണ്ടി സമ്മേളനം തീരുമാനിക്കുകയും അതില്‍ പങ്കെടുത്തവര്‍ ഒപ്പുവച്ച പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.

പൊതുജനാരോഗ്യ ശൃംഖലയുടെ അഭാവം സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ കോവിഡ് മഹാമാരിക്കാലത്ത് നാം കണ്ടതാണ്. ബ്രിട്ടനില്‍ 1948 ല്‍ തന്നെ ദേശീയ പൊതുജനാരോഗ്യ സംവിധാനം (National Health Service) നിലവില്‍ വന്നിരുന്നു. എല്ലാ പൗരരിലേക്കും ആരോഗ്യ സംവിധാനം വ്യാപിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും അങ്ങനെയൊരു സമത്വം ആരോഗ്യ മേഖലയില്‍ ഉണ്ടാക്കിയെടുക്കുന്നതിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത. 1990കള്‍ക്ക് ശേഷം യുകെ യില്‍ പ്രത്യേകിച്ചും ധനിക–ദരിദ്ര വേര്‍തിരിവ് വര്‍ധിച്ചുവെന്നാണ് കാണുന്നത്. സാധാരണക്കാര്‍ക്ക് ഗവണ്‍മെന്റ് നേതൃത്വം കൊടുക്കുന്ന പൊതുജനാരോഗ്യ ശൃംഖല അപ്രാപ്യമായിരുന്നതുകൊണ്ടാണ് കോവിഡ് മഹാമാരിക്കാലത്ത് മരണ സംഖ്യ വളരെയധികം വര്‍ധിച്ചത്. അവിടെ ആശുപത്രില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനും രോഗികള്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനും രജിസ്റ്റര്‍ ചെയ്ത് എത്രയോ നാള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. ഇതുതന്നെയായിരുന്നു അമേരിക്കയിലും സംഭവിച്ചത്.

ലക്ഷക്കണക്കിനാളുകള്‍ മരണപ്പെട്ടത് തക്ക സമയത്ത് രോഗം കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സയ്ക്ക് ആശുപത്രിയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തതിന്റെ ഫലമായിട്ടാണ്. അതായത്, സമ്പത്തിന്റെ കേന്ദ്രീകരണവും അസന്തുലിതമായ വിഭവ വിതരണവുമാണ് ആരോഗ്യ രംഗത്ത് ഉണ്ടാക്കുന്ന എറ്റവും വലിയ പ്രതിസന്ധിക്ക് കാരണമാവുന്നത്. ഇതുതന്നെയാണ് ഇന്ത്യയിലും സംഭവിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വളരെ വിപുലമായ പൊതുജനാരോഗ്യ ശൃംഖലകള്‍ രാജ്യത്തിന്റെ നാനാ ഭാഗത്തും ശക്തമാക്കുന്നതിനു പകരം സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന രീതിയാണ് കൂടുതലും ഉണ്ടായത്. ഇന്ത്യയിലും സ്വാതന്ത്ര്യത്തിനു ശേഷം ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയാക്കാത്തതുകൊണ്ടുതന്നെ ഭൂപരിഷ്കരണം, വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണം തുടങ്ങിയ കാര്യങ്ങളും ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിയില്ലെന്നതാണ് പരിതാപകരമായ വസ്തുത. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ശക്തമായിട്ടുള്ള പൊതുജനാരോഗ്യ സംവിധാനങ്ങള്‍ വളരെ കുറവാണ്. കൊവിഡ് മഹാമാരിക്കാലത്ത് ഇത്തരം സംവിധാനങ്ങളുടെ അഭാവം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. ആഗോള തലത്തിലും നമ്മുടെ രാജ്യത്തും നിലനില്‍ക്കുന്ന ഇത്തരം പരിതഃസ്ഥിതികള്‍ക്കിടയിലാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തുണ്ടായിട്ടുള്ള മാറ്റത്തിന്റെ പ്രസക്തി മനസിലാക്കാന്‍ കഴിയുക.

ഇടതുപക്ഷ ഗവൺമെന്റുകളുടെ 
ഇടപെടൽ
1957 മുതല്‍ കേരളത്തില്‍ പൊതുജനാരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിന് മാറിമാറിവന്ന ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ തയ്യാറായിട്ടുണ്ട്. കേരളത്തില്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഒന്നാമത്തെ ഗവണ്‍മെന്റ് തന്നെ പൊതുജനാരോഗ്യ സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ഡോ. എ ആര്‍ മേനോന്റെ നേതൃത്വത്തില്‍ കൈക്കൊള്ളുകയുണ്ടായി. പിന്നീട് ഓരോ ഘട്ടത്തിലും വന്ന പരിഷ്കരണങ്ങളുടെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ 5000 ജനസംഖ്യയ്ക്ക് ഒരു സബ്സെന്റര്‍ എന്ന തോതില്‍ കേരളത്തില്‍ വിപുലമായി സ്ഥാപിക്കപ്പെട്ടു.

ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള തീരുമാനമായിരുന്നെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ഇപ്പോഴും നിലവില്‍ വന്നു കഴിഞ്ഞിട്ടില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ കേരളത്തില്‍ നിരന്തരമായി ഓരോ ഘട്ടത്തിലും നിലവിലുള്ള പൊതുജനാരോഗ്യ മേഖലയെ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഉണ്ടായി. 2016 ല്‍ കേരളത്തിന്റെ ആരോഗ്യ മന്ത്രിയായി ചുമതലയേല്‍ക്കുന്ന സമയത്ത് എന്റെ മുന്നിലുണ്ടായിരുന്ന ചോദ്യം ആരോഗ്യ മേഖലയില്‍ കാലികമായി നടത്തേണ്ട പരിഷ്കാരങ്ങള്‍ എന്തൊക്കെ എന്നതായിരുന്നു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ തന്നെ ചോദിച്ചത് ആരോഗ്യ മേഖലയില്‍ എന്തു മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ്. അതിനുള്ള ഒന്നാമത്തെ മറുപടി മറ്റൊന്നുമല്ല രോഗപ്രതിരോധത്തിലൂന്നിയുള്ള ആരോഗ്യ സംവിധാനം ചിട്ടപ്പെടുത്തിയെടുക്കുക എന്നത് തന്നെയാണ്. ലോകത്ത് നടന്നിട്ടുള്ള എല്ലാ ആരോഗ്യ ഉച്ചകോടികളിലും പ്രാഥമികാരോഗ്യ രംഗം മെച്ചപ്പെടുത്തി പ്രതിരോധം ശക്തമാക്കുന്ന കാര്യത്തിനാണ് ഊന്നല്‍ നല്‍കിയത്. കേരളത്തിന്റെയും ഇന്ത്യയുടെയുമെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ലോകമാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പൊതുവായിട്ടുള്ള ഒട്ടേറെ പ്രശ്നങ്ങളാണ് നാം കൈകാര്യം ചെയ്യേണ്ടത്.

ലോക ഉച്ചകോടികള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പലയിടത്തും കഴിഞ്ഞില്ല എന്നതാണ് വസ്തുത. ലോക ഉച്ചകോടികളില്‍ എറ്റവും പ്രധാനപ്പെട്ടത് അല്‍മþഅത്തയിലും, അസ്താനയിലും നടന്ന സമ്മേളനങ്ങളാണ്. ഈ രണ്ട് സമ്മേളനങ്ങളിലും ലോകത്തിലെ ആരോഗ്യ വിദഗ്ധര്‍ ചര്‍ച്ച ചെയ്തത് പ്രാഥമികാര്യോഗ്യ രംഗം സജീവമാക്കിക്കൊണ്ട് രോഗങ്ങളെ പ്രതിരോധിക്കാന്‍ കരുത്തുനേടുക എന്നതാണ്. അസ്താന പ്രഖ്യാപനം നിലവില്‍ വന്നത് 2018 ലാണ്. ഖസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ഈ സമ്മേളനത്തില്‍ സുസ്ഥിര വികസന ലക്ഷ്യവും മുന്നോട്ടുവച്ചു. ഇതും പ്രാഥമികാരോഗ്യ സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസന ലക്ഷ്യം എന്ന രീതിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. സമഗ്രവും സംയോജിതവും പ്രാപ്യവുമായ ചെലവുകുറഞ്ഞ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു സുസ്ഥിര വികസന ലക്ഷ്യത്തില്‍ ഊന്നിയിരുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാന ഘടകം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എങ്ങനെ ജനകീയമായി പ്രവര്‍ത്തിക്കും എന്നതാണ്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

17 ഘടകങ്ങളുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ മൂന്നാമത്തെ ഘടകം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ ഈ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൂടി മനസ്സില്‍ കണ്ടുകൊണ്ട് പദ്ധതികള്‍ തയ്യാറാക്കാനാണ് ആഗ്രഹിച്ചത്. കേരളത്തില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച നാല് മിഷനുകളിലൊന്നായ ആര്‍ദ്രം മിഷന്‍ ആരോഗ്യ മേഖലയിലാണ് എന്നത് ഇത്തരം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വളരെയേറെ സഹായകമായ ഘടകങ്ങളായി മാറി.

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടാക്കാന്‍ പുറപ്പെടുമ്പോള്‍ നാം ചെയ്യേണ്ടത് ഒന്നാമതായി ആരോഗ്യ കേന്ദ്രങ്ങളെ ആധുനികവും രോഗീ സൗഹൃദവുമാക്കി മാറ്റുകയെന്നതാണ്. അതോടൊപ്പം തന്നെ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളെ ആധുനികവല്‍ക്കരിക്കേണ്ടതുണ്ട്. ഈ സ്ഥാപനങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിച്ച് ജീവിത ശൈലീരോഗങ്ങള്‍ നിയന്ത്രിക്കാനുള്ള സാധ്യതകള്‍ കണ്ടെത്തണം. ജീവിതരീതിയിലും ഭക്ഷണക്രമത്തിലും മാറ്റംവരുത്തിക്കൊണ്ട് ഇന്ന് കേരളത്തെ ഏറെ ബാധിച്ചിരിക്കുന്ന പകര്‍ച്ചേതര രോഗങ്ങള്‍ അഥവാ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കാന്‍സര്‍, രക്താതിമര്‍ദ്ദം തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ഇവ നിയന്ത്രിക്കപ്പെട്ടാല്‍ പകര്‍ച്ചവ്യാധികളടക്കമുള്ള രോഗബാധകള്‍ മരണകാരണമാവാതെ പ്രതിരോധിക്കാന്‍ സാധിക്കും. അതിനാല്‍ താഴെ തലം മുതല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാനാണ് ആരോഗ്യ വകുപ്പ് ആഗ്രഹിച്ചത്.

രണ്ടാമത്തെക്കാര്യം ഇന്നത്തെ കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുംമറ്റുമുണ്ടാവുന്ന പകര്‍ച്ച വ്യാധികളെ നേരിടുക എന്നതാണ്. സമൂഹം പുരോഗതിയിലേക്ക് നീങ്ങിയപ്പോള്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സൗകര്യങ്ങളും കൂടിയിട്ടുണ്ട് എന്ന ഒരു മറുവശം ഇത്തരം പുരോഗതിക്കുണ്ട്. ജനസംഖ്യാ വര്‍ധനവും യാത്രാ സൗകര്യങ്ങളിലുണ്ടായ വമ്പിച്ച കുതിച്ച് ചാട്ടവും പകര്‍ച്ച വ്യാധികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നു പിടിക്കുന്നതിനും കാരണമായിട്ട് മാറുന്നു. അതുകൊണ്ടുതന്നെ പകര്‍ച്ച വ്യാധികളെ തടയുന്നതിനുള്ള പ്രതിരോധം രോഗം പൊട്ടിപ്പുറപ്പെടുമ്പോള്‍ മാത്രമല്ല സ്ഥിരമായ പ്രതിരോധ സംവിധാനമായി നിലനിര്‍ത്താന്‍ നമുക്കു സാധിക്കണം. ഇതിനാവശ്യമായ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിന്
പകര്‍ച്ച വ്യാധികള്‍നിയന്ത്രിക്കുന്നതിന് ഒരു പ്രത്യേക കര്‍മ്മ പദ്ധതി തന്നെ ആരോഗ്യ വകുപ്പ് ആവിഷ്കരിച്ചു. ‘ആരോഗ്യ ജാഗ്രതാ’ കാമ്പെയ്ന്‍ എന്നായിരുന്നു അതിന്റെ പേര്. ‘പ്രതിദിനം പ്രതിരോധം’ എന്ന മുദ്രാവാക്യവുമായാണ് ആരോഗ്യ ജാഗ്രതാ പ്രചരണം നടത്താന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി സഹകരണത്തോടെ മാത്രമേ ഇത്തരത്തിലുള്ള ഏത് ജനകീയ പ്രചരണവും നടത്താന്‍ കഴിയുകയുള്ളു. മാത്രമല്ല അധികാര വികേന്ദ്രീകരണത്തിന് ശേഷം ആരോഗ്യ സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്ഥാപനങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പഞ്ചായത്തുകളെ സഹകരിപ്പിച്ചുകൊണ്ട് വലിയ തോതിലുള്ള രോഗപ്രതിരോധ യജ്ഞം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായി. 2018 ലാണ് ആരോഗ്യ ജാഗ്രതാ ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വകുപ്പും പഞ്ചായത്തുകളും, നഗരസഭകളും, കോര്‍പറേഷനുകളും ചേര്‍ന്ന് വ്യക്തമായിട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഒരു പ്രത്യേക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ തന്നെ ഈ കാമ്പെയ്ന്‍ മുന്നോട്ടുകൊണ്ടുപോവാനുള്ള നടപടികള്‍ ആരംഭിച്ചു. ഓരോ മാസവും പ്രത്യേക തരത്തിലുള്ള പ്രചരണ പരിപാടികളും ശുചീകരണ പരിപാടികളും ജനകീയ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും കുടുംബശ്രീ അയല്‍ക്കൂട്ടവുമെല്ലാം ചേര്‍ന്ന് ഈ കാമ്പെയ്നിന്റെ ഭാഗമായി ആകര്‍ഷകങ്ങളായ ഒട്ടേറെ പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.

ഏറ്റവും നല്ല പ്രതിരോധം നടത്തുന്ന അതായത് ഒരു വര്‍ഷക്കാലത്തേക്ക് പകര്‍ച്ച വ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്തുകള്‍ക്ക് ആരോഗ്യ വകുപ്പ് ആരോഗ്യ കേരളം അവാര്‍ഡ് പ്രഖ്യാപിച്ചു. വളരെ ആവേശകരമായ പ്രതികരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടായത്. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ടുചെയ്യാത്ത പഞ്ചായത്തുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. വളരെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. എന്നാല്‍ ഈ പ്രവര്‍ത്തനം എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തിയാല്‍ മാത്രമേ ഈ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന് സാധിക്കുകയുള്ളു. ഏതെങ്കിലുമൊരു വര്‍ഷം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടുപോയാല്‍ പകര്‍ച്ചവ്യാധികള്‍ വീണ്ടും പൊട്ടിപ്പുറപ്പെടും എന്നു നാം കാണേണ്ടതുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ
ശക്തിപ്പെട്ടു
ആര്‍ദ്രം മിഷന്റെ ഭാഗമായി ആശുപത്രികള്‍ നവീകരിക്കുന്നതിന് നാം നടത്തിയ ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2016 ല്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പലതും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മെച്ചപ്പെട്ടതായിരുന്നുവെങ്കിലും ആനുകാലിക പ്രശ്നങ്ങളെ നേരിടാന്‍ മാത്രം സൗകര്യമുള്ളവയായിരുന്നില്ല എന്നതാണ് വസ്തുത. ചില കെട്ടിടങ്ങള്‍ ഏറെ വര്‍ഷക്കാലം പഴക്കമുള്ളതും പുതിയ സംവിധാനങ്ങളൊന്നും ഇല്ലാത്തതുമായിരുന്നു. രാവിലെ മുതല്‍ ഉച്ചവരെ മാത്രമായിരുന്നു ഇവയുടെ പ്രവര്‍ത്തന സമയം. പിഎച്ച്സിയില്‍ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമടങ്ങിയ പരിമിതമായ ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ഈ പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയും ഓരോ പിഎച്ച്സിയിലും 3 ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അധികമായി ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്നീഷ്യന്‍, ഒരു ഫാര്‍മസിസ്റ്റ് ഇത്രയും തസ്തികകള്‍ ആരോഗ്യ വകുപ്പ് സൃഷ്ടിച്ചു നല്‍കാന്‍ തീരുമാനമായി. എന്നാല്‍ അധികമായി വരുന്ന ഒരു ഡോക്ടറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ വച്ച് നിശ്ചയിക്കണം എന്നതായിരുന്നു ധാരണ. ഡോക്ടര്‍ മാത്രമല്ല അത്യാവശ്യമായിട്ടുള്ള മറ്റ് സ്റ്റാഫിനെയും നിശ്ചയിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയുണ്ടായി. ഇത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിലെ 846 പിഎച്ച്സികളില്‍ 170 എണ്ണം ഒന്നാം ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദങ്ങളാക്കി മാറ്റുന്നതിനാണ് തീരുമാനിച്ചിരുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി താഴേക്ക് നല്‍കുകയുണ്ടായി. ആശുപത്രി കെട്ടിടങ്ങള്‍ പഴയതാണെങ്കില്‍ പൊളിച്ച് പുതിയത് പണിയുന്നതിനും പരിസരത്ത് എറ്റവും മനോഹരമായ പൂന്തോട്ടവും ആശുപത്രിക്ക് ആകര്‍ഷകമായ സ്വീകരണ മുറിയും വൃത്തിയുള്ള ടോയ്ലെറ്റുകളും മറ്റു സൗകര്യങ്ങളും നിര്‍ബന്ധിതമാക്കി. ഡോക്ടര്‍മാരുടെ പരിശോധനാ മുറിയും നിരീക്ഷണ മുറിയുമെല്ലാം വിപുലവും സൗകര്യപ്രദവുമാക്കി മാറ്റാന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി.

എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ലബോറട്ടറി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചു. കേരളത്തില്‍ വിരലിലെണ്ണാവുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമേ ചെറിയ തോതില്‍ ലാബ് സൗകര്യം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗകര്യപ്രദമായ ആധുനിക ലാബുകള്‍ ഉണ്ടാവണമെന്ന് സർക്കാർ തീരുമാനിച്ചതോടുകൂടി പ്രാഥമികമായിട്ടുള്ള പരിശോധനകള്‍ നടത്താന്‍ സാധാരണക്കാര്‍ക്ക് എളുപ്പമായി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളടക്കം ശിശു സൗഹൃദമാക്കി മാറ്റാന്‍ നിര്‍ദേശിച്ചതോടുകൂടി ആശുപത്രികള്‍ ഏറെ ആകര്‍ഷകവും ആധുനികവുമായി നമ്മുടെ കണ്‍മുന്നില്‍ പരിവര്‍ത്തിപ്പിക്കപ്പെട്ടു. എന്നാല്‍ ഒന്നാം ഘട്ടത്തില്‍ 170 ആശുപത്രികളും രണ്ടാം ഘട്ടത്തില്‍ 500 ആശുപത്രികളുമാണ് ഇങ്ങനെ മാറ്റാന്‍ തീരുമാനിച്ചത്. ഒന്നാം ഘട്ടത്തില്‍ 230 ആശുപത്രികളെ മാറ്റിയെടുക്കാന്‍ സാധിച്ചു. ഇതു തികച്ചും ഒരു ജനകീയ പ്രവര്‍ത്തനമായിരുന്നു.

ആരോഗ്യ വകുപ്പ് നല്‍കുന്ന ഫണ്ട് ഇതിനൊന്നും പര്യാപ്തമായിരുന്നില്ല. അതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കിവയ്ക്കുന്ന തുകയും, എംഎല്‍എ – എംപി ഫണ്ട്, നാട്ടിലെ സമ്പന്നരായിട്ടുള്ള ആളുകളില്‍ നിന്ന് ലഭ്യമായിട്ടുള്ള നിര്‍ലോഭമായിട്ടുള്ള സഹായങ്ങൾ എന്നിവയെല്ലാം ചേര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പിറവിയെടുത്തത്. റവന്യു വരുമാനം തീരെ കുറഞ്ഞ ഒരു സംസ്ഥാനത്തിന് ജനകീയ പങ്കാളിത്തത്തോടുകൂടി സമൂഹ്യ സേവന രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയായിരുന്നു കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ രൂപീകരണം. ആദ്യത്തെ വര്‍ഷം പ്രഖ്യാപിച്ചതിലും കൂടുതല്‍ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറി. അങ്ങനെ 230 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ തീരുമാനിച്ചതിന്റെ പകുതിയില്‍ കൂടുതലെണ്ണം 2020 ഓടുകൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെങ്കിലും ശേഷിച്ചവയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ കൊവിഡ് മഹാമാരിയും പ്രളയവുമെല്ലാം വന്നതോടുകൂടി ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും തടസ്സങ്ങള്‍ നേരിടുകയുമുണ്ടായി. എന്നാല്‍ ഈ പ്രക്രിയ മൂന്നോ, നാലോ വര്‍ഷങ്ങള്‍കൊണ്ടു മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒന്നാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 500 ലേറെ പിഎച്ച്സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുകയുണ്ടായി. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ 600 ലേറെ പിഎച്ച്സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ശേഷിച്ചവയും എത്രയും പെട്ടെന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറേണ്ടതുണ്ട്.

സിഎച്ച്സികളുടെയും
താലൂക്ക് ആശുപത്രികളുടെയും
ജില്ലാ ആശുപത്രികളുടെയും 
ശാക്തീകരണം
ഇതോടൊപ്പം തന്നെ ദ്വിതീയ കേന്ദ്രങ്ങളായ സിഎച്ച്സികളും താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് പ്രധാനപ്പെട്ട താലൂക്കാശുപത്രികളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും അതിനനുസരിച്ച് കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. ഇവയില്‍ ചിലതിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പലതും നിര്‍മാണ ഘട്ടത്തിലാണ്. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത് വലിയ ആശ്വാസത്തിനിടയാക്കിയ വസ്തുതയാണ്. 12 ഡയാലിസിസ് മെഷീന്‍ ഒന്നാം ഘട്ടത്തില്‍ നല്‍കാന്‍ തീരുമാനിക്കുകയും അത് പലേടത്തും പ്രാബല്യത്തില്‍ വരികയും ചെയ്തു. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് രോഗീ സൗഹൃദമായി ആശുപത്രികളെ മാറ്റുന്നതിനാണ് സർക്കാർ ഇടപെട്ടത്.

ഒരു താലൂക്കില്‍ ഒരു താലൂക്ക് ആശുപത്രി എല്ലാ സംവിധാനങ്ങളോടും കൂടിയ ആശുപത്രിയായി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ മുമ്പ് പലപ്പോഴായി സിഎച്ച്സികളും മറ്റും താലൂക്ക് ആശുപത്രികളായി പ്രഖ്യാപിക്കപ്പെടുകയും താലൂക്ക് ആശുപത്രികളുടെ സൗകര്യങ്ങളില്ലാതെ നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥ ഇപ്പോഴുമുണ്ട്. താലൂക്ക് ആശുപത്രികളായി പ്രഖ്യാപിക്കപ്പെട്ട ആശുപത്രികളില്‍ ആവശ്യമായ മനുഷ്യ വിഭവ ശേഷി ഉണ്ടാക്കിയെടുക്കുകയും മറ്റിടങ്ങള്‍ പ്രദേശത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തുകൊണ്ടാണ് നമുക്ക് മുന്നോട്ടു പോവാന്‍ സാധിക്കുക. ജില്ലാ തലത്തിലും വലിയ പരിഷ്കാരത്തിനാണ് നാം തുടക്കം കുറിച്ചത്. എല്ലാ ജില്ലാ–ജനറല്‍ ആശുപത്രികളുടെയും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും അവയ്ക്ക് സൗകര്യപ്രദമായ കെട്ടിടങ്ങള്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, ലബോറട്ടറികള്‍, ആധുനിക വാര്‍ഡുകള്‍, സ്കാനിംഗ് സെന്ററുകള്‍, ആധുനിക അടിയന്തിര ചികിത്സാ വിഭാഗങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും മെച്ചപ്പെടുത്തുന്നതിന് ഇടയാവുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി രൂപരേഖ തയ്യാറാക്കി: അവയ്ക്ക് കിഫ്ബിയില്‍ നിന്നും പണം ലഭ്യമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എറണാകുളം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചു. എന്നാല്‍ മറ്റുള്ളവ നിര്‍മാണ ഘട്ടത്തിലായിരുന്നു. ചിലയിടത്ത് നിര്‍മാണം പൂര്‍ത്തിയാവുകയും ചിലയിടത്ത് തുടരുകയുമാണ്. ജില്ലാ ആശുപത്രികളിലേക്ക് 3 സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ വ്യാപിപ്പിച്ചു എന്നത് വലിയ മാറ്റത്തിനിടയാക്കിയ കാര്യമാണ്.

കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി എന്നിവയിലുള്ള സേവനങ്ങള്‍ മെഡിക്കല്‍ കോളേജില്‍ മാത്രമല്ല ജില്ലാ ആശുപത്രികളിലും ലഭ്യമാക്കണം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്. എല്ലാ ജില്ലാ ആശുപത്രികള്‍ക്കും കാത്ത് ലാബ് നല്‍കുന്നതിന് തീരുമാനിക്കുകയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇവയില്‍ പകുതിയിലധികം കാത്ത് ലാബുകള്‍ പ്രവര്‍ത്തനസജ്ജമാവുകയും ചെയ്തു. ഇപ്പോള്‍ ചില സാങ്കേതിക പ്രശ്നങ്ങളുള്ള ഒന്നോ രണ്ടോ ഇടങ്ങളൊഴികെ മറ്റിടങ്ങളില്‍ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ഇവയിലൂടെ നിരവധിയാളുകള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി എന്നിവ ചെയ്യാന്‍ സാധിച്ചുവെന്നത് മെഡിക്കല്‍ കോളേജുകളിലേക്കുള്ള യാത്രാവേളയൊഴിവാക്കി മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചതും നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സൗകര്യപ്രദമായിട്ടുണ്ട്. സ്ട്രോക്കിനെ അതിജീവിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ഏറ്റവും അടുത്ത് ലഭ്യമാകുന്നുവെന്നതാണ് ഇതുവഴി ഉണ്ടായിട്ടുള്ളത്. കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ജില്ലാ തലത്തില്‍ ആരംഭിക്കാന്‍ സാധിച്ചു. കീമോ തെറാപ്പി പോലുള്ള സൗകര്യങ്ങള്‍ ജില്ലാ തലത്തില്‍ നടപ്പിലാക്കുന്നതിന് കഴിഞ്ഞു. എന്നാല്‍ ഇവയെല്ലാം തന്നെ പൂര്‍ണമാക്കുന്നതിന് ഇനിയും നമുക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + ten =

Most Popular