എറണാകുളം ജില്ലയിൽ നിന്ന് രണ്ടു മാസമായി റിപ്പോർട്ടു ചെയ്യപ്പെട്ട മഞ്ഞപ്പിത്തം ബാധിച്ചവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത് 130ഓളം രോഗബാധിതരിൽ 3 മരണങ്ങൾ ഉൾപ്പടെ സ്ഥിരീകരിച്ചു എന്നതാണ്. മഞ്ഞപ്പിത്തം ഒരു രോഗലക്ഷണമാണ്. വിവിധതരം രോഗങ്ങളിൽ മഞ്ഞപ്പിത്തം കാണാറുണ്ടെങ്കിലും പൊതുവെ ഹെപ്പറ്റെെറ്റിസ് എ എന്ന കരൾ രോഗത്തെയാണ് നമ്മൾ മഞ്ഞപ്പിത്തമായി കണക്കാക്കുന്നത്. ഹെപ്പറ്റെെറ്റിസ് തന്നെ പല തരമുണ്ട്. ഹെപ്പറ്റെെറ്റിസ് എ, ഹെപ്പറ്റെെറ്റിസ് ബി, ഹെപ്പറ്റെെറ്റിസ് സി, ഹെപ്പറ്റെെറ്റിസ് ഡി, ഹെപ്പറ്റെെറ്റിസ് ഇ എന്നിങ്ങനെ. ഇതിൽ ‘ഹെപ്പറ്റെെറ്റിസ് എ’ യും ഹെപ്പറ്റെെറ്റിസ് ഇ’ യും പ്രധാനമായും ശുചിത്വമില്ലായ്‌മ മൂലവും, ഹെപ്പറ്റെെറ്റിസ് ബി, ഹെപ്പറ്റെെറ്റിസ് സി, ഹെപ്പറ്റെെറ്റിസ് ഡി എന്നിവ രക്തമാർഗ്ഗവുമാണ് പകരുന്നത്. എറണാകുളത്ത് ഇപ്പോൾ സംഭവിച്ചത് ഹെപ്പറ്റെെറ്റിസ് എ യുടെ ഒരു പകർച്ച വ്യാധി ഔട്ട് ബ്രേക്കാണ്. പക്ഷേ സാധാരണയിൽനിന്നും വ്യത്യസ്‌തമായി ഈ ഔട്ട്ബ്രേക്കിൽ കുട്ടികൾക്കു പകരം മുതിർന്നവർ കൂടുതലായി അസുഖ ബാധിതരായതും രോഗതീവ്രത കൂടിയതും കൂടെ 3 മരണങ്ങൾസംഭവിച്ചതും ജനങ്ങളിൽ ആശങ്ക ഉണർത്തുകയുണ്ടായി. ഈ പ്രവണത മനസ്സിലാക്കണമെങ്കിൽ നമ്മൾ ഹെപ്പറ്റെെറ്റിസ് എ വൈറസിനെക്കുറിച്ചും ഈ രോഗത്തിന്റെ ശാസ്ത്രത്തെക്കുറിച്ചും (എപ്പിഡെമിയോളജി) കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്.
ഹെപ്പറ്റെെറ്റിസ് എ രോഗം ഉണ്ടാക്കുന്നത് ‘ഹെപ്പറ്റെെറ്റിസ് എ’ എന്നുതന്നെ പേരിട്ടുവിളിക്കുന്ന ഒരു വൈറസ് ആണ്. കരളിന്റെ കോശങ്ങളിലാണ് ഈ വൈറസിന്റെ പ്രജനനം സംഭവിക്കുന്നത്. ശരീരത്തിനു പുറത്തും ഈ വൈറസിന് ആഴ്ചകളോളം നിലനിൽക്കാൻ സാധിക്കും. കിണറ്റിലെ വെള്ളത്തിൽ 10 ആഴ്ചകൾക്കു മുകളിൽ വരെ ഈ വൈറസ് നിലനിൽക്കുന്നു എന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ 5 മിനിറ്റ് തിളപ്പിക്കുമ്പോൾതന്നെ ഈ വൈറസിനെ നിർവീര്യമാക്കാൻ സാധിക്കും. ഈ വൈറസിന്റെ ഒരു തരം മാത്രമാണ് വ്യാപനത്തിൽ ഉള്ളത്. അതുകൊണ്ടു തന്നെ ഒരിക്കൽ അസുഖം വന്നവർക്ക് രോഗപ്രതിരോധശേഷി ആർജിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ഈ അസുഖം സാധാരണഗതിയിൽ വീണ്ടും വരാറില്ല.
പകരുന്നതെങ്ങനെ?
കുട്ടികളിൽ പത്തിൽ ഒൻപതു പേർക്കും വളരെ നേരിയ രീതിയിൽ രോഗലക്ഷണംപോലും ഇല്ലാതെയാണ് ഹെപ്പറ്റെെറ്റിസ് എ രോഗാണുബാധ കണ്ടുവരുന്നത്. എന്നാൽ മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് കാര്യമായ രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ശുദ്ധജല ലഭ്യതക്കുറവും ശുചിത്വക്കുറവും കണ്ടു വരുന്ന അവികസിത-, വികസ്വര രാജ്യങ്ങളിൽ ഭൂരിഭാഗം കുട്ടികൾക്കും ലക്ഷണരഹിതമായി ഹെപ്പറ്റെെറ്റിസ് എ രോഗാണുബാധ ഉണ്ടാകുന്നതുമൂലം പത്തു വയസ്സിനു മുകളിലുള്ള മിക്കവർക്കും ഹെപ്പറ്റെെറ്റിസ് എ യ്ക്ക് എതിരെ രോഗപ്രതിരോധശേഷി കൈവരുന്നു. ഈ പ്രദേശങ്ങളിൽ സ്ഥിരമായി കണ്ടു വരുന്ന അസുഖങ്ങളുടെ പട്ടികയിൽ ഹെപ്പറ്റെെറ്റിസ് എ യും ഉൾപ്പെടുന്നു (എൻഡമിക് അസുഖങ്ങൾ). മുതിർന്നവരിൽ അതുകൊണ്ടുതന്നെ രോഗബാധ വളരെ കുറവായിരിക്കും. എന്നാൽ വികസിത രാജ്യങ്ങളിൽ ശുദ്ധജല ലഭ്യതയുള്ളതുകൊണ്ടും ശുചിത്വമുള്ളതുകൊണ്ടും കുട്ടികൾക്ക് ഹെപ്പറ്റെെറ്റിസ് എ രോഗാണുബാധ കാര്യമായി ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഭൂരിഭാഗം മുതിർന്നവർക്കും രോഗ പ്രതിരോധശേഷി ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. കൂടുതൽ ആളുകളിലേയ്ക്കു പടർന്നു പിടിക്കുന്ന ഒരു പകർച്ച വ്യാധി ആയി മാറാനും ഈ അവസ്ഥ വഴിവെയ്ക്കുന്നു. കൂടാതെ മുതിർന്ന ശേഷം രോഗം വരുന്നതുകൊണ്ട് രോഗതീവ്രതയും മേൽപ്പറഞ്ഞതുപോലെ കൂടുതലായി കാണുന്നു. കേരളത്തിലും നമ്മൾ ഇപ്പോൾ ഈ ഒരവസ്ഥയാണ് കാണുന്നത്. ഇന്ത്യയിൽ കഴിഞ്ഞ 30 വർഷത്തെ ഈ വിഷയത്തിലുള്ള ഗവേഷണങ്ങൾ നോക്കുകയാണെങ്കിൽ കുട്ടികളിലെ രോഗാണുബാധ കുറഞ്ഞു വരുന്നതായി കാണാം. കേരളത്തിൽ മുതിർന്നവരിൽ നടത്തിയ പഠനത്തിലും ഇതേ കാരണത്താൽ രോഗപ്രതിരോധശേഷി തീരെ കുറവാണ് കണ്ടത്.
രോഗബാധിതനായ ഒരു വ്യക്തിയുമായി നേരിട്ടുള്ള സമ്പർക്കം വഴിയോ, രോഗാണു അടങ്ങിയ വെള്ളം, ഭക്ഷണം, പാൽ എന്നിവ ഉപയോഗിക്കുന്നതുകൊണ്ടോ ആണ് പ്രധാനമായും രോഗം വരുന്നത്. വികസിത പ്രദേശങ്ങളിൽ രോഗാണുവുള്ള കുടിവെള്ളം വിതരണം ചെയ്യാനുള്ള സാധ്യത കുറവായതിനാൽ തന്നെ ഭക്ഷണം വഴിയുള്ള രോഗ പകർച്ചയാണ് ഇപ്പോൾ കൂടുതലായി കാണുന്നത്. സലാഡ്, കക്ക പോലെ നന്നായി പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണപദാർഥങ്ങളാണ് ഇതിൽ പ്രധാനം.
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 50 ദിവസം വരെ ആണ് സമയമെടുക്കുന്നത് (ഇൻക്യൂബേഷൻപീരീഡ്). ഇതു കൂടുതലും 14 മുതൽ 28 ദിവസമായാണ് കാണുന്നത്. രോഗാണുബാധ ഉണ്ടാകുന്ന 80 മുതൽ 95 ശതമാനം വരെ കുട്ടികളിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. അതുകൊണ്ടു തന്നെ രോഗാണു ബാധിതരുടെ എണ്ണം കണക്കാക്കുന്നതും ബുദ്ധിമുട്ടാണ്. എന്നാൽ മുതിർന്നവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തത് 10 മുതൽ 25 ശതമാനം വരെ മാത്രം രോഗാണുബാധിതരാണ്. മഞ്ഞപ്പിത്തം ഹെപ്പറ്റെെറ്റിസ് എ അസുഖത്തിന്റെ ഒരു പ്രധാന രോഗലക്ഷണം ആണെങ്കിലും രോഗാണുബാധ ഉണ്ടാകുന്ന 5 മുതൽ 20 ശതമാനം വരെ കുട്ടികളിൽ മാത്രമാണ് മഞ്ഞപ്പിത്തം പ്രകടമായി കാണുന്നത്. മുതിർന്നവരിൽ പക്ഷേ 75 മുതൽ 90 ശതമാനംവരെ രോഗാണുബാധിതരിൽ മഞ്ഞപ്പിത്തം കാണുന്നു. മരണനിരക്ക് കുട്ടികളിൽ ആയിരത്തിൽ ഒരാൾ മാത്രമാണെങ്കിൽ മുതിർന്നവരിൽ ഇതു നൂറിൽ രണ്ടു പേർ വരെയാണ്.
രോഗലക്ഷണങ്ങൾ സാധാരണയായി പനി, കുളിര്, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, ഛർദ്ദി, കടുംനിറത്തിലുള്ള മൂത്രം, മഞ്ഞളിപ്പ് എന്നിവയൊക്കെയാണ്. എല്ലാ രോഗികളിലും എല്ലാ ലക്ഷണങ്ങളും ഒരുപോലെ കാണണമെന്നില്ല. ആഴ്‌ചകൾകൊണ്ട് രോഗം പൂർണ്ണമായും ഭേദമാകാറുണ്ട്. കരളിന്റെ പ്രവർത്തനത്തിനെ വളരെ സാരമായി ബാധിക്കുമ്പോഴാണ് രോഗം ഗുരുതരമാകുന്നതും ചില പ്രായാധിക്യമുള്ളവരിൽ ഇതു മരണത്തിനുള്ള സാധ്യത കൂട്ടുന്നതും.
രോഗ സ്ഥിരീകരണം എങ്ങനെ?
രോഗ സ്ഥിരീകരണം രക്ത പരിശോധന വഴിയാണ് നടത്തുന്നത്. മലത്തിലും വൈറസിനെ സ്ഥിരീകരിക്കാൻ സാധിക്കും. ചികിത്സ രോഗലക്ഷണങ്ങൾക്ക് അനുസൃതമായാണ്. ഹെപ്പറ്റെെറ്റിസ് എ രോഗത്തിനായി പ്രത്യേകിച്ചൊരു ചികിത്സയില്ല. മഞ്ഞപ്പിത്തം മുഴുവനായി മാറുന്നതുവരെ പൂർണ്ണവിശ്രമം ആവശ്യമാണ്. കരളിനെ ബാധിക്കുന്ന തീവ്രതയനുസരിച്ചാണ് ഡോക്‌ടർമാർ ചികിത്സ ക്രമീകരിക്കുന്നത്. ഹെപ്പറ്റെെറ്റിസ് എയ്ക്ക് എതിരെയുള്ള പ്രതിരോധ വാക്സിൻ ലഭ്യമാണ്. ആറുമാസം ഇടവിട്ട് രണ്ട് ഡോസുകൾ ആണ് എടുക്കേണ്ടത്.
രണ്ടാം ഡോസ് ആറു മാസത്തിനും ഒരു വർഷത്തിനും ഇടയിൽ എടുക്കാൻ സാധിച്ചില്ലെങ്കിൽ ഒന്നര മുതൽ മൂന്നു വർഷത്തിനുള്ളിൽ വരെ എടുക്കാവുന്നതാണ്. വാക്‌സിൻ ഒരു ഡോസിന് ഏറ്റവും കുറഞ്ഞത് 1500 രൂപ വിലയുള്ളത് പൊതുജനാരോഗ്യപരമായി വാക്‌സിൻ എടുക്കാൻ നിർദ്ദേശിക്കുന്നതിന് ഒരു തടസ്സമാണ്. ഹെപ്പറ്റെെറ്റിസ് എ യ്ക്ക് ഒറ്റയ്ക്കുള്ളതും ഹെപ്പറ്റെെറ്റിസ് എ ക്കും ഹെപ്പറ്റെെറ്റിസ് ബി ക്കും ചേർന്നുള്ള വാക്സ്‌സിനും വിപണിയിൽ ലഭ്യമാണ്.
പൊതുജനാരോഗ്യപരമായി പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വ്യക്തിശുചിത്വം പാലിക്കലും ശുദ്ധമായ വെള്ളവും ഭക്ഷണവും ലഭ്യമാക്കലുമാണ്.
രോഗാണുബാധ ഉണ്ടാകുന്ന 80 മുതൽ 95 ശതമാനം വരെ കുട്ടികളിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ലാത്തതുകൊണ്ട് ഇവർ രോഗാണുബാധിതരാണെന്ന് തിരിച്ചറിയാൻ തന്നെ സാധിക്കുകയില്ല. ഇതിൽ ‘ടോസ്ലെറ്റ് ട്രെയിനിംഗ്’ പൂർത്തിയായിട്ടില്ലാത്ത കുട്ടികൾ രോഗാണു മറ്റു വ്യക്തികളിലേയ്ക്ക് പകരാൻ കാരണമായേക്കാം.
വികസനം കൈവരിക്കുന്നതനുസരിച്ച് ശുദ്ധജല ലഭ്യത കൂടുന്നതിനാൽ ഇവിടങ്ങളിൽ ഹെപ്പറ്റെെറ്റിസ് എ കൂടുതലും കണ്ടുവരുന്നത് ഭക്ഷണം വഴി പകരുന്നതായാണ്. ഭക്ഷണം പാകം ചെയ്യാൻ മറ്റു പലയിടങ്ങളിൽനിന്ന് എത്തിക്കുന്നതും രോഗാണുബാധിതർ കൈകാര്യം ചെയ്യുന്നതുമായ പച്ചക്കറികൾ, പഴവർഗങ്ങൾ, അവയുടെ കൃഷിയിടങ്ങിൽ ഉപയോഗിക്കപ്പെടുന്ന രോഗാണുക്കൾ അടങ്ങിയ മലിനജലം, രോഗാണുബാധിതർ ഭക്ഷണം പാകം ചെയ്യുകയോ, കൈകാര്യം ചെയ്യുകയോ, വിളമ്പുകയോ, വിൽക്കുകയോ ചെയ്യുന്നതിലൂടെ അസുഖം മറ്റുള്ളവരിലേയ്ക്ക് പകരാം. കൈ കഴുകുവാനും, കഴിച്ച പാത്രങ്ങൾ അണുവിമുക്തമായി കഴുകുവാനും, മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ശുചിമുറികൾ ഉപയോഗിക്കുവാനുമുള്ള സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഹോട്ടലുകൾ, വഴിയോര ഭക്ഷണ കച്ചവടശാലകൾ, ഭക്ഷണം പാകം ചെയ്തു വിളമ്പിക്കൊടുക്കുന്ന മറ്റു ചടങ്ങുകൾ എന്നീ വഴികളിലും അസുഖം മറ്റുള്ളവരിലേയ്ക്കു പകരാം.
ഈ കാര്യങ്ങളിൽ ഊന്നി തന്നെയാണ് നമ്മൾ പ്രതിരോധമാർഗ്ഗങ്ങൾ തീർക്കേണ്ടത്. കൈകൾ കൃത്യമായി സോപ്പിട്ടു കഴുകി വൃത്തിയാക്കുന്ന ശീലം നമ്മുടെ ജീവിതശൈലി തന്നെ ആക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും ഇത് അത്യന്താപേക്ഷിതമാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ എല്ലാം വെള്ളം, സോപ്പ് എന്നിവയുടെ ലഭ്യതയും ഉപയോഗവും നിർബ്ബന്ധമാക്കണം. ഭക്ഷണശാലകളിൽ സാർവത്രികമായി ഭക്ഷ്യസുരക്ഷാ നിയമങ്ങളും, മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശുചിമുറികളുടെ ലഭ്യതയും നിർബന്ധമാക്കണം. ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ പദാർത്ഥങ്ങളും, ഭക്ഷണവും കൈകാര്യം ചെയ്യുന്ന സകലരും ഈ രോഗത്തെക്കുറിച്ചും സമാനമായി പകരുന്ന മറ്റെല്ലാ രോഗങ്ങളെക്കുറിച്ചും അവബോധമുള്ളവരാകണമെന്നത് ഇവരുടെ പ്രവർത്തന ലൈസൻസ് നൽകുന്നതിനു പ്രധാന മാനദണ്ഡമാക്കണം. ഇപ്പോൾ ടൈഫോയിഡ് വാക്‌സിൻ നിർബന്ധമാക്കിയതുപോലെ റിസ്ക് കൂടുതൽ ഉള്ളവർക്ക് ഹെപ്പറ്റെെറ്റിസ് എ വാക്‌സിൻ നിർബന്ധമാക്കുന്ന കാര്യവും പരിഗണിക്കേണ്ടതായിട്ടുണ്ട്.
തടസ്സമില്ലാത്ത ശുദ്ധജല ലഭ്യത നൂറു ശതമാനം ജനങ്ങൾക്കും ഉറപ്പു വരുത്തണം. കിണറുകൾ കുഴിക്കുമ്പോൾ അവ ഏറ്റവും അടുത്തുള്ള സെപ്ടിക് ടാങ്കിൽ നിന്നും, അല്ലെങ്കിൽ പുതിയ സെപ്ടിക് ടാങ്കുകൾ പണിയുമ്പോൾ അവ ഏറ്റവും അടുത്തുള്ള കിണറിൽ നിന്നും, സർക്കാർ നിയമങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള ദൂരം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തണം. നമ്മുടെ ഒരു ജലസ്രോതസ്സുപോലും മലിനമാക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം. ജലസ്രോതസ്സുകളിലേയും വിതരണ ശൃംഖലകളിലേയും ജലം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം. ജനങ്ങൾക്ക് ഈ പ്രതിരോധ നടപടികളെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും ജനങ്ങൾ തന്നെ ഇത് തങ്ങളുടെ ചുമതലയായി കണ്ടു പ്രാവർത്തികമാക്കാൻ, അവരെ പ്രാപ്‌തരാക്കുകയും വേണം.
ശാസ്ത്രീയമായ ഒട്ടനവധി ഗവേഷണങ്ങളുടെ അനിവാര്യത ഹെപ്പറ്റെെറ്റിസ് എ യുടെ കാര്യത്തിൽ ഉണ്ട്. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ രക്തത്തിലെ ഹെപ്പറ്റെെറ്റിസ് എ ആന്റിബോഡിയുടെ അളവ് അറിയുന്ന പഠനം നമ്മുടെ സമൂഹത്തിൽ ഹെപ്പറ്റെെറ്റിസ് എ മറ്റുള്ളവർക്ക് പകർത്താൻ സാധ്യത കൂടുതൽ ഉള്ളവരുടെ രോഗപ്രതിരോധ സ്ഥിതി അറിയാനുള്ള വഴിയാണ്. ഈ പഠനം ഹെപ്പറ്റെെറ്റിസ് എ വാക്‌സിൻ നിർദേശിക്കുന്നതിന് അത്യാവശ്യമാണ്. നിർദ്ദേശിച്ചാൽ തന്നെ മേൽപ്പറഞ്ഞതുപോലെ വാക്‌സിന്റെ വില കൂടുതൽ ആയതുകൊണ്ട് മിക്കവരും വാക്സിൻ എടുക്കാനുള്ള സാധ്യത ഇല്ല. അതുകൊണ്ടു തന്നെ കുറഞ്ഞ വിലയിൽ വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണങ്ങളും, കുറഞ്ഞ വിലയിൽ വാക്സിൻ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ആവശ്യമാണ്. സമയാസമയങ്ങളിൽ ജനങ്ങളിലുള്ള രോഗപ്രതിരോധ ശേഷിയെക്കുറിച്ചുള്ള പഠനങ്ങളും ഹെപ്പറ്റെെറ്റിസ് എ രോഗത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെ മനസ്സിലാക്കാൻ സഹായകമാകും. ♦