Friday, September 20, 2024

ad

Homeപ്രതികരണംകേരളത്തിന്റെ 
പുരോഗതി സംബന്ധിച്ച റിപ്പോർട്ട്

കേരളത്തിന്റെ 
പുരോഗതി സംബന്ധിച്ച റിപ്പോർട്ട്

പിണറായി വിജയൻ

ടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ 2023-–24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂൺ 7-ന് പൊതുജനസമക്ഷം സമർപ്പിച്ചു. ജനാധിപത്യം അർത്ഥവത്തായ രീതിയിൽ നടപ്പാകണമെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്താനും അഭിപ്രായങ്ങൾ ഉന്നയിക്കാനും തിരുത്താനും ജനങ്ങൾക്ക് സാധ്യമാകണം. അതിനുള്ള അവസരം സർക്കാർ തന്നെ ജനങ്ങൾക്ക് സാധ്യമാക്കേണ്ടതുണ്ട് എന്ന എൽഡിഎഫ് സർക്കാരിന്റെ ഉത്തമബോധ്യമാണ് പ്രോഗ്രസ് റിപ്പോർട്ടിനു പിന്നിലുള്ളത്. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത ഈ മാതൃക കേരളം ആരംഭിക്കുന്നത് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്ത് 2016-ലാണ്. ഈ സർക്കാർ ഉയർത്തിപ്പിടിക്കുന്ന സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന നയത്തിന്റെ സുതാര്യത പ്രോഗ്രസ് റിപ്പോർട്ട് ഉറപ്പിക്കുന്നു.

2016-ൽ ജനങ്ങള്‍ക്കു നൽകിയ 600 വാഗ്ദാനങ്ങളി ൽ 580-ഉം നടപ്പാക്കിക്കൊണ്ടാണ് 2021 ലെ തിരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അഭിമുഖീകരിച്ചത്. 2021-ലാകട്ടെ 900 വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്കു നൽകിയത്. അവയുടെ പുരോഗതിയാണ് 2022 മുതലുള്ള പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകളിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. പ്രതികൂല സാമ്പത്തിക സാഹചര്യം, വിവേചനപരമായ കേന്ദ്ര സമീപനം എന്നിവയൊക്കെ ഉണ്ടായിട്ടും വികസന രംഗത്തും ക്ഷേമാശ്വാസ രംഗങ്ങളിലും വളരെ കാര്യമായ നിലയിൽ ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ആഹ്ലാദവും അഭിമാനവും തരുന്നു.

കേരളത്തിന്റെ വികസന മാതൃക ലോകശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. അതിനെ ശക്തിപ്പെടുത്തിക്കൊണ്ട് നവകേരളത്തിന്റെ നിര്‍മ്മിതി സാധ്യമാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏതു വഴിക്കു നീങ്ങണമെന്നത് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, ജനങ്ങളോടു അഭിപ്രായം ആരാഞ്ഞുകൊണ്ട് അതിനുള്ള രൂപരേഖ തയ്യാറാക്കുകയാണ് ചെയ്യുന്നത്. നവകേരള സദസ്സിൽ സാധാരണക്കാര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ മുതൽ നൊബേൽ ജേതാക്കള്‍ കേരളീയത്തിൽ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ വരെ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്.

വിജ്ഞാനാധിഷ്ഠിത സാമൂഹ്യ-, സാമ്പത്തിക ഘടനയുടെ അടിസ്ഥാനത്തിലുള്ള നവകേരളം രൂപപ്പെടുത്തുക എന്ന മഹത്തും ബൃഹത്തുമായ ഒരു ദൗത്യമാണ് നാമിന്ന് ഏറ്റെടുത്തിട്ടുള്ളത്. അതു ലക്ഷ്യമായിരിക്കെത്തന്നെ, സാമൂഹ്യസുരക്ഷയ്ക്കും പശ്ചാത്തല സൗകര്യവികസനത്തിനും ഊന്നൽ നൽകുന്ന വികസന മുന്നേറ്റമാണ് കേരളത്തിനു വേണ്ടത്. മാനവവികസന ശേഷി സൂചികകളിൽ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോള്‍ തന്നെ നമ്മുടെ നില ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു.

അതിന്റെ ഭാഗമായി സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം 2016 -ൽ അധികാരത്തിൽ വന്ന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. കേന്ദ്ര നടപടികളുടെ ഭാഗമായുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തുമ്പോഴും ചെലവുകള്‍ ക്രമീകരിച്ചും തനത് വരുമാനം വര്‍ദ്ധിപ്പിച്ചും സാമ്പത്തിക ഞെരുക്കത്തെ നേരിടുവാനുള്ള ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. കേന്ദ്ര വിവേചനം മൂലമുള്ള സാമ്പത്തിക വൈഷമ്യങ്ങളിൽ അന്ധാളിച്ചു നിൽക്കുകയല്ല, മറിച്ച് ക്രിയാത്മകമായി പോംവഴികള്‍ ആരാഞ്ഞു മുന്നോട്ടുപോവുകയാണു നാം.

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന മലയോര -– തീരദേശ ഹൈവേകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. മലയോര ഹൈവേയുടെ 794 കിലോമീറ്റര്‍ നിര്‍മ്മാണ പ്രവൃത്തിയാണ് നടപ്പാക്കുന്നത്. അതിൽ 488 കിലോമീറ്ററിന് സാങ്കേതിക അനുമതി നൽകിയിട്ടുണ്ട്. ദേശീയപാതാ വികസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാലു റീച്ചുകളിൽ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റു റീച്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ദേശീയപാതാവികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിച്ചിരുന്നു.

ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങൾ മുന്നോട്ടുപോവുകയാണ്. ക്യാമ്പസ്സുകളിൽ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും, ഗവേഷണ ഫലങ്ങള്‍ സമൂഹത്തിന് പ്രയോജനപ്രദമായ രീതിയിൽ പരിവര്‍ത്തനം ചെയ്യാനുള്ള ട്രാന്‍സ്ലേഷണൽ ഗവേഷണ കേന്ദ്രങ്ങളും ആരംഭിക്കുകയാണ്. ഇതിനുപുറമെ ആരോഗ്യ, പൊതുവിദ്യാഭ്യാസ, പരിസ്ഥിതി മേഖലകളിൽ മിഷന്‍ മാതൃകയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിവരികയാണ്. ജനാധിപത്യവും മതനിരപേക്ഷതയും ഉള്‍പ്പെടെയുള്ള ഭരണഘടനാമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും അവ ഭാവിതലമുറയ്ക്ക് പകര്‍ന്നു നൽകുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നിതി ആയോഗ് പ്രസിദ്ധീകരിച്ച സ്കൂള്‍ എജ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയതു ചെറിയ കാര്യമല്ല. ഇതൊക്കെ സാധ്യമാക്കുന്ന വിധത്തിൽ അക്കാദമിക രംഗത്തും അടിസ്ഥാന സൗകര്യ വികസന രംഗത്തും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 973 സ്കൂളുകള്‍ക്ക് കിഫ്ബി മുഖേന കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് ലഭ്യമാക്കുകയുണ്ടായി. ഇതുകൂടാതെ 2,000 ത്തോളം സ്കൂളുകളിൽ ഭൗതിക സൗകര്യ വികസനവും സാധ്യമാക്കി. എയ്ഡഡ് വിദ്യാലയങ്ങള്‍ക്കായി പ്രത്യേക ചലഞ്ച് ഫണ്ട് ലഭ്യമാക്കി.

ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്ക് വിവരസാങ്കേതികവിദ്യാ രംഗത്ത് തുല്യ അവസരങ്ങള്‍ ലഭ്യമാക്കുകയാണ്. ഒന്നര ലക്ഷത്തോളം ലാപ്ടോപ്പുകളും 70,000 ത്തോളം പ്രൊജക്ടറുകളും രണ്ടായിരത്തോളം റോബോട്ടിക് കിറ്റുകളും സ്കൂളുകള്‍ക്കു ലഭ്യമാക്കി. പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുകയാണ്. നൈപുണ്യ വികസനത്തിനും സര്‍ഗ്ഗശേഷി വികാസത്തിനും പിന്തുണ നൽകുന്ന തരത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു ലഭ്യമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം 30,373 അധ്യാപകരെ നിയമിക്കുകയുണ്ടായി.

സമാനമായ മുന്നേറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലും ഉണ്ടായി. 8 സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. ഇതിൽ 82 കോളേജുകള്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലാണ് ഇതു ലഭിച്ചത്. കേരള, എം ജി സര്‍വകലാശാലകള്‍ എ പ്ലസ് പ്ലസ് ഗ്രേഡും കൊച്ചി, കാലടി സര്‍വകലാശാലകള്‍ എ പ്ലസ് ഗ്രേഡും സ്വന്തമാക്കി. 21 കോളേജുകള്‍ എ പ്ലസ് പ്ലസ് ഗ്രേഡും 39 കോളേജുകള്‍ എ പ്ലസ് ഗ്രേഡും 62 കോളേജുകള്‍ എ ഗ്രേഡും സ്വന്തമാക്കി. കരിക്കുലം പരിഷ്കരണത്തിന്റെ ഭാഗമായി 4 വര്‍ഷ ബിരുദം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.

വൈജ്ഞാനിക സമൂഹസൃഷ്ടി പ്രധാന ലക്ഷ്യങ്ങളിലൊന്നാവുമ്പോള്‍ വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണവും നവീകരണവും ഏറെ പ്രാധാന്യമുള്ളതാവുന്നു. ആഗോള വിജ്ഞാന ഘടനയിലേക്കു നമ്മുടെ വിജ്ഞാന ഘടനയെ വിളക്കിച്ചേര്‍ക്കാനും ലോക വിജ്ഞാന വിപ്ലവത്തിന്റെ ഭാഗമായിവരുന്ന ഓരോ പുതിയ അറിവും ഇവിടേക്കെത്തിക്കാനും ആ അറിവുകൊണ്ട് പ്രാപ്തമായ ഒരു പുതുതലമുറയെ സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്.

നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായതും പരിസ്ഥിതി സൗഹൃദമായതുമായ വ്യവസായ സംരംഭങ്ങളുടെ കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നൂതന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സ്റ്റാര്‍ട്ടപ്പ് നയം ആവിഷ്കരിച്ചു മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ 8 വര്‍ഷം കൊണ്ട് 5,000 ത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അതുവഴി 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് നമ്മള്‍ ലക്ഷ്യമിടുന്നത്.

2016നു ശേഷം സംസ്ഥാനത്തെ മൂന്ന് ഐ ടി പാര്‍ക്കുകളിലുമായി 65,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഒരു കോടിയോളം ചതുരശ്രയടി ഐ ടി സ്പെയ്സും സജ്ജമായി. ദേശീയപാതയുടെ ഭാഗമായി 72 ഐ ടി കോറിഡോറുകള്‍ തയ്യാറാവുകയാണ്. കേരള സ്പെയ്സ് പാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ‘ഈസ് ഓഫ് ഡൂയിംഗ്’ ബിസിനസ്സിന്റെ ഭാഗമായി നടപ്പാക്കാന്‍ നിശ്ചയിച്ച 301 കര്‍മ്മ പരിപാടികളിൽ 275 എണ്ണവും പൂര്‍ത്തീകരിച്ചു. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നൽകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2023-–24 സാമ്പത്തിക വര്‍ഷം സംരംഭകത്വ വര്‍ഷമായി ആചരിക്കുകയുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനു ശേഷം 2,44,702 സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇവയിലായി ആകെ 16,000 കോടിയോളം രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. അതിലൂടെ അഞ്ചേകാൽ ലക്ഷത്തോളം പേര്‍ക്ക് തൊഴിൽ ലഭ്യമാക്കി. പി എസ് സി നിയമനം നൽകുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയാണ്. കഴിഞ്ഞ 8 വര്‍ഷം കൊണ്ട് രണ്ടര ലക്ഷത്തോളം നിയമനങ്ങളാണ് പി എസ് സി മുഖേന നടത്തിയത്.

സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിൽ മുഖ്യപങ്ക് സംഭാവന ചെയ്യുന്ന ഒന്നാണ് വിനോദ സഞ്ചാര മേഖല. 2022 വര്‍ഷത്തെ അപേക്ഷിച്ച് 30 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികള്‍ 2023ൽ അധികമായി എത്തിച്ചേര്‍ന്നു. ഉത്തരവാദിത്ത ടൂറിസം നയം നടപ്പാക്കി. തലശ്ശേരിയിലും ആലപ്പുഴയിലും മുസിരിസിലും പൈതൃക പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം പൈതൃക പദ്ധതിക്ക് വിശദമായ പദ്ധതി രേഖയും തയ്യാറാക്കി. ഉത്തര മലബാറിലെ വിവിധ ജലാശയങ്ങള്‍ കോര്‍ത്തിണക്കി മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി പുരോഗമിക്കുകയാണ്. ടൂറിസത്തിനു വേണ്ടിയുള്ള സംസ്ഥാന ബജറ്റ് വിഹിതം 363 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയവയാണ്. ചികിത്സാമേഖലയുടെ വളർച്ചയ്ക്കൊപ്പം ഗവേഷണ രംഗത്തും ഇടപെടലുകള്‍ ഉണ്ടാകുന്നു. ലൈഫ് സയന്‍സ് പാര്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയും മെഡിക്കൽ കണ്‍സോര്‍ഷ്യവും ന്യൂട്രാസ്യൂട്ടിക്കൽസ് സെന്ററുമെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നത് ഇതിന്റെ ഭാഗമായാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ട 886 സ്ഥാപനങ്ങളിൽ 683 എണ്ണവും പൂര്‍ത്തീകരിച്ചു. 42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ കോളേജുകള്‍ക്കായി പ്രത്യേക മാസ്റ്റര്‍ പ്ലാനുകളും നടപ്പാക്കിവരികയാണ്.

കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവെച്ചുകൊണ്ട് 1,900 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതി 124 സ്ഥലങ്ങളിൽ നടപ്പിലാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലും ഓരോ കളിക്കളം എന്ന നിലയിലേക്ക് എത്തിച്ചേരുകയാണ് നമ്മുടെ ലക്ഷ്യം. ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകുന്നതിനായി ‘കിക്കോഫ്’ എന്ന പ്രത്യേക പദ്ധതി നടപ്പാക്കി. 2016 മുതൽക്കിങ്ങോട്ട് 703 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിൽ നിയമനം നൽകി. അതിനു മുന്‍പ് അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച നിയമനങ്ങളും ഈ കാലയളവിൽ നടത്തി.

ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 752 മെഗാവാട്ട് വര്‍ദ്ധിപ്പിച്ചു. അതിൽ 48 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളും 704 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതികളും ഉള്‍പ്പെടുന്നു. വൈദ്യുതിക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ട്രാന്‍സ്ഗ്രിഡ്-2’ പദ്ധതിയുടെ ഭാഗമായി 400 കെവിയുടെ മൂന്ന് സബ്സ്റ്റേഷനുകളും 220 കെവിയുടെ 22 സബ് സ്റ്റേഷനുകളും വിഭാവനം ചെയ്തിട്ടുണ്ട്. ‘ദ്യുതി’ പദ്ധതി മുഖേന 3,765 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇതിന്റെ രണ്ടാംഘട്ടം ആരംഭിക്കുകയും 746 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു സുഗമമായി ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വികസിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന ചിന്തയോടെ അവ സുതാര്യമായി ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കെ-സ്മാര്‍ട്ട് വഴി ലഭ്യമാക്കുന്നുണ്ട്.

ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ലൈഫ് മിഷൻ മുഖേന 2016 നു ശേഷം 4,03,811 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവയിൽ 1,41,000 ത്തിലധികം വീടുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പല തരത്തിൽ മുടക്കാന്‍ നോക്കിയിട്ടും ഈ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യംവെച്ചുകൊണ്ട് മൂന്നേകാൽ ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനായി മൈക്രോ പ്ലാനുകളും ദീര്‍ഘകാല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. 2025 നവംബര്‍ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചു. പരമ്പരാഗത മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഡിസൈന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങള്‍ക്ക് ജിയോ ടാഗിംഗ് നടപ്പാക്കി.

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി മുഖേന 2,300-ഓളം കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 390 ഫ്ളാറ്റുകളും കൈമാറി. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, ആലപ്പുഴ ജില്ലയിലെ മണ്ണുപുറം, മലപ്പുറം ജില്ലയിലെ പൊന്നാനി, നിറമരുതൂര്‍, കോഴിക്കോട് വെസ്റ്റ് ഹിൽ , കാസര്‍കോട് ജില്ലയിലെ കോയിപ്പാടി എന്നിവിടങ്ങളിലായി 944 ഫ്ളാറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ കടകംപള്ളിയിൽ 168 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികളിലേക്ക് കടന്നിട്ടുണ്ട്. 400 കോടിയോളം രൂപയാണ് പുനര്‍ഗേഹം പദ്ധതിക്കായി നാളിതുവരെ ചെലവഴിച്ചിട്ടുള്ളത്.

പട്ടികവിഭാഗ ജനസംഖ്യാനുപാതത്തെക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റിൽ നീക്കിവെക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,980 കോടി രൂപയാണ് പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം 10,663 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം ലഭ്യമാക്കി. പട്ടികജാതി വിഭാഗങ്ങളുടെ പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിൽ 770 കോടിയോളം രൂപ ലഭ്യമാക്കുകയുണ്ടായി. 56,994 കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചു.

പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂപ്രശ്നം പരിഹരിക്കുന്നതിനായി 2,730 പട്ടികവര്‍ഗ്ഗക്കാര്‍ക്കായി 3,937 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ലാന്റ് ബാങ്ക് പദ്ധതി പ്രകാരം 241 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നൽകി. വനാവകാശ നിയമപ്രകാരം കൂടുത പേര്‍ക്ക് രേഖകള്‍ നൽകുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. വൈദ്യുതി ഇല്ലാതിരുന്ന 84 പട്ടികവര്‍ഗ്ഗ സെറ്റിൽമെന്റുകളിൽ 41 ഇടങ്ങളിൽ വൈദ്യുതി ലഭ്യമാക്കി. 1,099 സെറ്റിൽമെന്റുകളിൽ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കി.

എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിൽ 4 ശതമാനം സംവരണം ഉറപ്പാക്കി. സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള നിയമനങ്ങള്‍ക്ക് യോജിച്ച 1,263 തസ്തികകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാര്‍ക്ക് 5 ശതമാനം സംവരണം നടപ്പാക്കി. ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കിവരികയാണ്.

പൊതുവിതരണ ശൃംഖലയെ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നവീകരിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി 448 റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റി. 467 റേഷന്‍ കടകളെ കൂടി കെ-സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം നാലേകാൽ ലക്ഷത്തോളം മുന്‍ഗണനാ കാര്‍ഡുകള്‍ ലഭ്യമാക്കി. സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ മുഖേന വനമേഖലകളിലും ട്രൈബൽ സെറ്റിൽമെന്റുകളിലും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി. പുതിയതും നവീകരിച്ചതുമായ 95 സപ്ലൈകോ വിൽപ്പനശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

നെല്ലിന്റെ ഉൽപ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം 115 കോടി രൂപയോളം ചെലവഴിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 7 ലക്ഷം മെട്രിക് ടണ്‍ നെൽവിത്ത് സംഭരിക്കുകയും 2,206 കോടി രൂപ സംഭരണ വിലയായി നൽകുകയും ചെയ്തു. നാളികേരത്തിന്റെ ഉൽപ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ‘കേരഗ്രാമം’ പദ്ധതി നടപ്പിലാക്കി. ഇതിനോടകം 148 കേരഗ്രാമങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. തേങ്ങയുടെ സംഭരണവില 34 രൂപയായി വര്‍ദ്ധിപ്പിച്ചു.

പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുകയാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി രണ്ടേകാൽ ലക്ഷം ഹെക്ടറിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉൽപാദിപ്പിക്കാനായി. മുട്ടത്ത് സ്പൈസസ് പാര്‍ക്കിന്റെ ഒന്നാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. വയനാട്ടിൽ കോഫി പാര്‍ക്കിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികള്‍ പുരോഗമിക്കുകയാണ്.

ക്ഷീരോൽപ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളും സ്വീകരിച്ചുവരികയാണ് സർക്കാർ. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുകയാണ്. യുവ കര്‍ഷകരെ ആകര്‍ഷിക്കുന്നതിന് സ്മാര്‍ട്ട് ഡയറി യൂണിറ്റുകള്‍ ആരംഭിച്ചു. മിൽമയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപയും ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 22 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയെ പിന്തുണയ്ക്കുന്നതിനായി മൂന്ന് സാമ്പത്തികവര്‍ഷങ്ങളിലായി 1,500 കോടിയോളം രൂപ പെന്‍ഷന്‍ വിതരണത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. പെന്‍ഷനും ശമ്പളവിതരണത്തിനുമായി ആകെ 3,415 കോടി രൂപയാണ് അനുവദിച്ചത്. പുതിയതായി രൂപീകരിച്ച സ്വിഫ്റ്റിലൂടെ 434 ബസ്സുകള്‍ സര്‍വ്വീസ് നടത്തിവരികയാണ്. 300 ബസ്സുകള്‍ സി എന്‍ ജിയിലേക്കു മാറ്റുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതികള്‍ നടപ്പാക്കുകയാണ്. 455 കോടി രൂപ വിനിയോഗിച്ച് 500 ബസ്സുകള്‍ വാങ്ങുന്നതിനുള്ള പദ്ധതി രേഖയും തയ്യാറാവുകയാണ്.

വനങ്ങളെയും വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ഭരണഘടനാപരമായ കര്‍ത്തവ്യത്തോടൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതുണ്ട്. അതിനുതകുന്ന നിയന്ത്രണങ്ങളും നിയമവ്യവസ്ഥകളും കൊണ്ടുവരിക എന്നതിനാണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യ – – വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 620 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുള്ള അധികാര പരിധിക്കുള്ളിൽ നിന്നുകൊണ്ട് മനുഷ്യ  – വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ശുദ്ധജല വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. നിലവിൽ 52.51 ശതമാനം ഗ്രാമീണ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. 37 ലക്ഷം വീടുകള്‍ക്കാണ് ഇത്തരത്തിൽ കണക്ഷന്‍ ലഭ്യമാക്കിയിട്ടുള്ളത്. ജലജീവന്‍ മിഷനിലൂടെ പ്രതിദിന ആളോഹരി ജലലഭ്യത 55 ലിറ്ററായാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. എന്നാൽ, 100 ലിറ്റര്‍ എന്ന കണക്കിലാണ് കേരളത്തിൽ പദ്ധതികള്‍ നടപ്പാക്കുന്നത്. കേരളത്തിലെ 85 പഞ്ചായത്തുകള്‍ ഇതിനോടകം 100 ശതമാനം കുടിവെള്ള കണക്ഷനുകള്‍ നൽകിക്കഴിഞ്ഞു. കിണറുകള്‍ റീചാര്‍ജ്ജ് ചെയ്തും മഴവെള്ള സംഭരണികള്‍ തയ്യാറാക്കിയും നീരുറവകളെ പുനരുജ്ജീവിപ്പിച്ചും ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കിയും ജലലഭ്യത ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്.

കേരളത്തിന്റെ മുന്നേറ്റത്തിന് ഗണ്യമായ സംഭാവന നൽകിയവരാണ് പ്രവാസിമലയാളികള്‍. പ്രവാസികളുടെ പണം മാത്രം മതി നൈപുണ്യം വേണ്ട എന്ന ചിന്താഗതിക്കു മാറ്റം വരുത്തി ലോക മലയാളികളുടെ ആശയ സംവാദ വേദിയായി ലോക കേരള സഭ മാറി. നാട്ടിലേക്കു തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ‘പ്രവാസി ഭദ്രതാ’ പദ്ധതി നടപ്പാക്കി. ഇതുവഴി എണ്ണായിരത്തോളം സംരംഭങ്ങള്‍ ആരംഭിച്ചു. 2016-ൽ 26 ശതമാനം മാത്രമായിരുന്ന കേരളത്തിന്റെ തനതു വരുമാനം ഇപ്പോള്‍ 73 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2016-ൽ 5.6 ലക്ഷം കോടി രൂപ മാത്രമായിരുന്ന കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 11.74 ലക്ഷം കോടിയോളം രൂപയായും വർദ്ധിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങൾക്ക് ഈ കണക്കുകൾ അടിവരയിടുന്നു.

ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് ജനങ്ങളോടാണ് ഉത്തരവാദിത്വമുണ്ടാകേണ്ടത് എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തിയാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോകുന്നത്. ആ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങള്‍ക്കു വസ്തുനിഷ്ഠമായി സര്‍ക്കാരിനെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള അവസരം ഒരുക്കുകയാണ് പ്രോഗ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മതനിരപേക്ഷ ജനസമൂഹം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. എല്ലാ ജാതി-–വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ക്കുമെതിരെ ജനങ്ങളെയാകെ ഏകോദര സാഹോദരരായി കാണുന്ന ആ നിലപാടാണ് കൃത്യമായും എൽഡിഎഫ് സര്‍ക്കാരിന്റെ പ്രവൃത്തികളിലും പ്രതിഫലിക്കുന്നത്. ഭേദങ്ങളില്ലാതെ വികസനവും ക്ഷേമവും ഉറപ്പുവരുത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ആ ശ്രമത്തെ കൂടുതൽ കരുത്തുറ്റതാക്കി സർക്കാർ മുന്നോട്ടു പോകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − six =

Most Popular