Friday, September 20, 2024

ad

Homeകവര്‍സ്റ്റോറികേരള ആരോഗ്യമേഖല നേട്ടങ്ങളോടൊപ്പം പ്രതിസന്ധികളും വെല്ലുവിളികളും

കേരള ആരോഗ്യമേഖല നേട്ടങ്ങളോടൊപ്പം പ്രതിസന്ധികളും വെല്ലുവിളികളും

ഡോ. ബി ഇക്ബാൽ

സാർവദേശീയ നിലവാരം പരിഗണിച്ച് വിലയിരുത്തിയാൽ പോലും ആരോഗ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രദേശമാണ് കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ വികസിത രാജ്യങ്ങൾക്കൊപ്പം ഏതാണ്ട് തുല്യമായ നേട്ടങ്ങൾ കേരളം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യസംവിധാനങ്ങളുടെ ലഭ്യതയും പ്രാപ്ത്യതയും കേരളത്തിൽ മെച്ചപ്പെട്ടതാണ്. ആരോഗ്യനിലവാരം നിർണ്ണയിക്കുന്നതിനായി ഉപയോഗിക്കാറുള്ള ഏറ്റവും പ്രധാനപ്പെട്ട സൂചികകളായ മാതൃമരണ നിരക്കിലും ശിശുമരണ നിരക്കിലും വികസിതരാജ്യങ്ങളോടൊപ്പം കേരളം എത്തിക്കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല എല്ലാ ജനവിഭാഗങ്ങൾക്കും പ്രദേശ-സാമൂഹ്യാവസ്ഥാവ്യത്യാസമില്ലാതെ ആരോഗ്യസേവനം ലഭ്യവുമാണ്. വികസിതരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിലെ ആരോഗ്യച്ചെലവ് ആപേക്ഷികമായി കുറവുമാണ്. ഇതെല്ലാം പരിഗണിച്ച് സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ചെലവ് കുറഞ്ഞ ആരോഗ്യസംവിധാനം (Good Health at Low Cost, Good Health with Social Justice and Equity) എന്നാണ് കേരള ആരോഗ്യമാതൃകയെ അന്താരാഷ്ട്ര ഏജൻസികൾ വിശേഷിപ്പിക്കാറുള്ളത്.

കേരളത്തിന്റെ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോൾ തന്നെ ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികൾ നാം കാണാതെ പോവരുത്. വർധിച്ചുവരുന്ന രോഗാതുരത, പ്രാന്തവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾ നേരിടുന്ന സവിശേഷമായ ആരോഗ്യപ്രശ്നങ്ങൾ, പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും സ്വകാര്യ ആരോഗ്യചെലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന തുടങ്ങി നിരവധി പ്രതിസന്ധികൾ കേരളം ആരോഗ്യമേഖലയിൽ നേരിട്ടുവരികയാണ്. രോഗാതുരതയുടെ വർധന പൊതുജനാരോഗ്യമേഖലയെ വലിയ സമ്മർദ്ദത്തിനു വിധേയമാക്കും. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ആരോഗ്യച്ചെലവ് വർധിക്കും. ആരോഗ്യപരിപാലനത്തിലൂടെ ആയുസ്സ് നിലനിർത്താൻ കഴിയുമെങ്കിലും രോഗാതുരത ഉയർന്നുനിന്നാൽ ജീവിതഗുണത (Quality of Life) കുറവായിരിക്കും. ജീവിതത്തോട് പ്രായം ചേർക്കുകയല്ല പ്രായത്തോട് ജീവിതം ചേർക്കുക (Add life to years, not years to life) എന്ന ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം അപ്രായോഗ്യമാവും.

പകർച്ചേതര- ദീർഘസ്ഥായി- 
ജീവിതശൈലീ രോഗങ്ങൾ
1970 കളിൽ ഡോ. പി ജി കെ പണിക്കരും ഡോ. സി ആർ സോമനും നടത്തിയ പഠനത്തെ തുടർന്ന് കേരളാവസ്ഥയെ “Low Mortality High Morbidity Syndrome’’ (കുറഞ്ഞ മരണനിരക്ക്, കൂടിയ രോഗാതുരത) എന്ന് വിശേഷിപ്പിച്ചിരുന്നു, ആരോഗ്യമേഖലയിലെ ഗുണകരമായ വശമായ മരണനിരക്ക് കുറഞ്ഞിരിക്കുമ്പോൾ തന്നെ രോഗാതുരത കൂടുതലാണെന്ന് അവർ ചൂണ്ടിക്കാട്ടി. മരണനിരക്ക് കുറയുമ്പോൾ പ്രായാധിക്യമുള്ളവർ സമൂഹത്തിൽ വർധിക്കുകയും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പ്രമേഹം, രക്താതിമർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്. മരണനിരക്ക് കുറച്ചുകൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ എന്നുവിശേഷിപ്പിക്കപ്പെടാറുള്ള ദീർഘസ്ഥായി-പകർച്ചേതര രോഗങ്ങളെ കാണാവുന്നതാണ്.

എന്നാൽ സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തിൽ ഇത്തരം രോഗങ്ങളുടെ സാന്നിധ്യം. കേരളത്തിൽ ഏറ്റവും കുറഞ്ഞത് 20% പേർ പ്രമേഹരോഗികളാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. അറുപത്തി ആറു ശതമാനം പേർ പ്രമേഹപൂർവ്വ (Pre Diabetic State) സ്ഥിതിയിലാണ്. പ്രമേഹരോഗികളുടെ അമിതമായ വർധന മൂലം കേരളം രാജ്യത്തെ പ്രമേഹരോഗികളുടെ തലസ്ഥാനമായി കരുതപ്പെടുന്നു. മൂന്നിൽ ഒന്നു പേരും രക്താതിമർദ്ദം ബാധിച്ചവരാണ്. വർഷം തോറും 60,000 ത്തോളം പേരെ വിവിധ തരത്തിലുള്ള കാൻസറുകൾ ബാധിക്കുന്നു, 2020 ൽ 57,155 പേരിലും 2022 ൽ 59,143 പേരിലും കാൻസർ കണ്ടെത്തി. ഒരേ സമയം കേരളത്തിൽ മൂന്നുലക്ഷത്തോളം കാൻസർ രോഗികളാണുള്ളത്. 2016 ൽ ഒരുലക്ഷം പേരിൽ 136.3 പേർക്ക് കാൻസറുണ്ടായിരുന്നത് 2022 ൽ 169 പേരായി വർധിച്ചിട്ടുണ്ട്. കാൻസർ മൂലമുള്ള മരണം ഒരു ലക്ഷത്തിൽ 92 പേരാണ്. കാൻസർ മൂലം 2020 ൽ 31,166 പേർ മരിച്ചപ്പോൾ 2022 ൽ മരണമടഞ്ഞവർ 32,271 ആയി വർധിച്ചു. അടുത്തകാലത്തായി സ്ത്രീകളിലെ അതും മധ്യവയസ്കരുടെ ഇടയിൽ സ്തനാർബുദം വർധിച്ചുവരുന്നുണ്ട്. ജീവിതരീതികളിൽ പിന്തുടർന്നുവരുന്ന അനാരോഗ്യകരമായ ആഹാരരീതികൾ, വ്യായാമരാഹിത്യം തുടങ്ങിയ ജീവിതരീതികളും അമിതമായ മദ്യപാനം തുടങ്ങിയ ദുഃശീലങ്ങളുമാണ് പകർച്ചേതരരോഗങ്ങൾ വർധിച്ചുവരാനുള്ള പ്രധാന കാരണം. മാത്രമല്ല പകർച്ചേതര രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവർ വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയായി ഉയർന്നുവന്നിട്ടുണ്ട്. പ്രമേഹം, രക്താതിമർദ്ദം എന്നീ രോഗങ്ങൾ നിയന്ത്രിക്കപ്പെട്ടിട്ടുള്ളവർ കേവലം 15 ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടതുണ്ട്.

ഉചിതമായ ജീവിതരീതി മാറ്റങ്ങളിലൂടെയും പ്രാരംഭഘട്ട ചികിത്സയിലൂടെയും പകർച്ചേതര രോഗങ്ങൾ നിയന്ത്രിക്കുകയും മൂർച്ചാവസ്ഥ (Complications) തടഞ്ഞ് ഗുരുതരമാവുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രമേഹം, രക്താതിമർദ്ദം എന്നീ രണ്ടുരോഗങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ അവയുടെ ഫലമായുണ്ടാവുന്ന ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങൾ തടയാൻ കഴിയും. ബൈപാസ്- ഡയാലിസിസ് കേന്ദ്രങ്ങൾ വർധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകൾ കൂടുതലായി നടത്തിയും മാത്രം നമുക്കിനി മുന്നോട്ടുപോവാനാവില്ല. രോഗപ്രതിരോധത്തിനും (Disease Prevention), ആരോഗ്യ പരിപോഷണത്തിനും (Health Promotion) ഊന്നൽ നൽകേണ്ടിയിരിക്കുന്നു. 30 വയസ്സിനുമുകളിൽ പ്രായമുള്ളവരിലെ ജീവിതശൈലീരോഗങ്ങളുടെ നിയന്ത്രണത്തിനായി “അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’’ എന്നൊരു പദ്ധതി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത് സ്വാഗതാർഹമാണ്. ഇതിന്റെ ഭാഗമായി അരക്കോടി പേർക്ക് വീട്ടിലെത്തി ജീവിതശൈലീ രോഗനിർണ്ണയ സ്ക്രീനിംഗ് നടത്തിയിട്ടുണ്ട്. സ്ക്രീനിംഗിനു വിധേയരാക്കപ്പെട്ടവരിൽ 18.89 ശതമാനം പേർ ഏതെങ്കിലും ഗുരുതര രോഗസാധ്യതയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള തുടർ ചികിത്സയും പരിചരണവും മറ്റും നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ച് പൊതുജനാരോഗ്യ വിദഗ്ധർ ഈ പദ്ധതിയുടെ ഫലസിദ്ധിയെ സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടതാണ്.

ജീവിതശൈലി രോഗപ്രതിരോധം മുതിർന്നവരിൽ മാത്രമായി പരിമിതപ്പെടുത്തരുത്. പ്രധാനമായും പ്രായമേറുമ്പോൾ പ്രത്യക്ഷപ്പെടുന്ന പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ശാരീരികരോഗങ്ങളുടെയും അതോടൊപ്പം മാനസികരോഗങ്ങളുടെയും വിത്ത് വിതയ്-ക്കപ്പെടുന്നത് ചെറുപ്രായത്തിലാണ്. കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും ഭാരക്കൂടുതലുള്ളവരാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇവർക്ക് ഉചിതമായ ആരോഗ്യവിദ്യാഭ്യാസം നൽകേണ്ടതുണ്ട്. ഏതാണ്ട് നിലച്ചുപോയ സ്കൂൾ ആരോഗ്യപദ്ധതി പുന:രാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത് ശുഷ്കാന്തിയോടെ നടപ്പിലാക്കണം. സ്കൂളുകൾക്കുപുറമേ കോളേജ് തലത്തിലും ആരോഗ്യപദ്ധതി നടപ്പിലാക്കേണ്ടതാണ്. അതോടൊപ്പം വിദ്യാർത്ഥികളുടെയിടയിൽ വർധിച്ചുവരുന്ന മയക്കുമരുന്നാസക്തി, മദ്യപാനം തുടങ്ങിയവ ആരോഗ്യത്തെ മാത്രമല്ല സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്ന ദുഷ് പ്രവണതകളാണ്. അവ തടയുന്നതിനുള്ള കർശന നടപടികളും സ്വീകരിക്കേണ്ടതാണ്. ഇത്തരം രോഗങ്ങളുടെ പ്രതിരോധം കൂടി പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരേണ്ടതാണ്.

സ്തനാർബുദ പ്രതിരോധം
കേരളത്തിൽ സ്തനാർബുദമുള്ളവരുടെ എണ്ണം വർധിച്ചു വരികയാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് വർഷം തോറും 11,000 സ്ത്രീകളെ സ്തനാർബുദം ബാധിക്കുന്നുണ്ട്. പ്രായാധിക്യമുള്ളവരിൽ മാത്രമല്ല മധ്യവയസ്കരിലും സ്തനാർബുദ നിരക്ക് വർധിച്ചുവരുന്നുണ്ട്. ശസ്ത്രക്രിയ, ഔഷധചികിത്സ, റേഡിയേഷൻ എന്നീ മേഖലകളിൽ വന്നിട്ടുള്ള വളർച്ചമൂലം പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ ഏതാണ്ട് പൂർണ്ണമായി ചികിത്സിച്ചു മാറ്റാവുന്ന രോഗമായി സ്തനാർബുദം മാറിയിട്ടുണ്ട്. ആധുനിക സ്തനാർബുദ ചികിത്സാ സൗകര്യങ്ങൾ കേരളത്തിൽ സർക്കാർ -– സ്വകാര്യമേഖലകളിൽ ലഭ്യമാണ്. എന്നാൽ രോഗപ്രതിരോധത്തിനുള്ള പദ്ധതികളൊന്നും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല. ജനിതക വ്യതിയാനം, അമിതഭാരം, രക്തത്തിലെ കൊഴുപ്പിലെ വർധന, ഹോർമോൺ ചികിത്സ, മുലയൂട്ടാൻ വിമുഖത തുടങ്ങി നിരവധി ഘടകങ്ങൾ സ്തനാർബുദ കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

ഉചിതമായ ജീവിതക്രമീകരണത്തിലൂടെയും (വ്യായാമം, ഭക്ഷണരീതി ക്രമീകരണം) , സ്തനസ്വയം പരിശോധന (Breast Self- Examination), മാമോഗ്രാഫി ടെസ്റ്റ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും സ്തനാർബുദ സാധ്യത തടയാനും രോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകാനും കഴിയും ഇതിലേക്കുള്ള ഒരു സമഗ്ര സ്തനാർബുദ നിയന്ത്രണ പദ്ധതി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത് പരിഗണിക്കേണ്ടതാണ്. കാൻസർ ചികിത്സകർ, സ്ത്രീ രോഗ ചികിത്സകർ, പൊതുജനാരോഗ്യ വിദഗ്ധർ എന്നിവരുമായി ചർച്ചചെയ്ത് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കാവുന്നതാണ്.

പകർച്ചവ്യാധികൾ
പകർച്ചേതര രോഗങ്ങളോടൊപ്പം കേരളത്തിൽ നിരവധി പകർച്ചവ്യാധികളും നിലനിൽക്കുന്നു. പകർച്ചേതര -– പകർച്ചാവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണ്. ഡങ്കി, ചിക്കുൻ ഗുനിയ, എച്ച് 1 എൻ 1. വയറിളക്ക രോഗങ്ങൾ, എലിപ്പനി (Leptospirosis), വെസ്റ്റ് നൈൽ, മസ്തിഷ്കജ്വരം (Japanese Encephalitis), സ്ക്രബ് ടൈഫസ് (Scrub Typhus), കരിമ്പനി (Leishmaniasis), കുരങ്ങ്പനി (Kyasanur Forest Disease) തുടങ്ങിയ പകർച്ചവ്യാധികൾ കേരളത്തിൽ പ്രാദേശിക രോഗമായി (Endemic) ഏറിയും കുറഞ്ഞും നിലനിൽക്കുകയും നിരവധിപ്പേരുടെ ജീവൻ വർഷംതോറും അപഹരിച്ചു വരികയുമാണ്. നിപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊതുകുകൾ, കീടങ്ങൾ എന്നിവയാണ് ഇവയിൽ മിക്ക രോഗങ്ങളും പരത്തുന്നത്. കേരളീയർ കൂടുതലായി ഉപയോഗിക്കുന്ന കിണർ വെള്ളത്തിലെ ജൈവമാലിന്യം വളരെ കൂടുതലാണ്. വയറിളക്ക രോഗങ്ങൾക്കു കാരണമായ ഇ കോളൈ (Escherichia coli) കിണർ വെള്ളത്തിൽ വ്യാപകമായി കാണുന്നുണ്ട്. കക്കൂസ് നിർമ്മാണത്തിലെ അപാകതകളാണ് ഇതിനൊരു കാരണം. അടുത്തകാലത്തായി പേപ്പട്ടി വിഷബാധയും കേരളത്തിൽ വർധിച്ചുവരികയാണ്. ഭക്ഷ്യമാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതാണ് തെരുവു നായ്ക്കളുടെ വർധനക്കുള്ള പ്രധാനകാരണം.

ഇത്തരം രോഗങ്ങൾ തടയുന്നതിനായി കൊതുകു നശീകരണം, മാലിന്യനിർമ്മാർജ്ജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഈഡിസ് ഈജിപ്റ്റൈ കൊതുകുകളുടെ സാന്ദ്രത കുറയ്-ക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാരകമായ മഞ്ഞപ്പനിയും കേരളത്തിൽ എത്താൻ സാധ്യതയുണ്ട്. കൊതുക് നശീകരണം വേണ്ടത്ര മുന്നോട്ടുകൊണ്ടു പോവാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. പ്രാണീജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ സംയുക്തമായി വെക്ടർ കൺട്രോൾ പ്രോഗ്രാം ഫലവത്തായി നടപ്പിലാക്കേണ്ടതുണ്ട്. അധികം പേരെ ബാധിക്കാതെയാണെങ്കിലും ആവർത്തിച്ച് പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നിപ, സ്ക്രബ് ടൈഫസ്, കരിമ്പനി, കുരങ്ങുപനി എന്നിവ നിയന്ത്രിക്കുന്നതിനായി അതത് രോഗങ്ങളുടെ സവിശേഷ രോഗഉറവിട വ്യാപനരീതികൾ പരിഗണിച്ച് ഉചിതമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഫ്ലൂ വാക്സിനും രോഗം ബാധിച്ചാൽ ചികിത്സക്കായുള്ള ആന്റി വൈറൽ മരുന്നും ലഭ്യമാണെങ്കിലും എച്ച് 1 എൻ 1 മൂലം വർഷം തോറും കുറഞ്ഞത് അൻപത് പേരെങ്കിലും മരണമടയുന്നുണ്ട്. അത് ഒഴിവാക്കപ്പെടേണ്ടതാണ്. ഫ്ലൂ പ്രതിരോധത്തിനുള്ള വാക്സിനേഷൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതേപോലെ രോഗപ്രതിരോധത്തിനും ചികിത്സയ്-ക്കും മരുന്ന് ലഭ്യമായ എലിപ്പനിമൂലമുള്ള മരണങ്ങളും തടയേണ്ടതാണ്. എലികളെ നിയന്ത്രിച്ചും പാടത്തും കന്നുകാലിത്തൊഴുത്തിലും മറ്റും ജോലിചെയ്യുന്നവർ ഷൂസും കൈയുറയും ധരിച്ചും എലിപ്പനി പ്രതിരോധിക്കാൻ ശ്രമിക്കേണ്ടതാണ്.

പകർച്ച-–പകർച്ചേതര രോഗങ്ങൾ ഒരു വിഷമവൃത്തം പോലെ അനേ-്യാന്യം രോഗമൂർച്ചയ്-ക്കും കാരണമാവുന്നു,. പകർച്ചവ്യാധികൾ പ്രമേഹം പോലുള്ള രോഗങ്ങളെ മൂർച്ചിപ്പിക്കയും ചെയ്യും. പകർച്ചേതര അനുബന്ധ രോഗമുള്ളവരിലാണ് കോവിഡ് പോലുള്ള പകർച്ചവ്യാധികൾ മരണത്തിനും ഗുരുതരാവസ്ഥകൾക്കും കാരണമാവുന്നത്, കേരളത്തിലെ പകർച്ച-– പകർച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികൾ ആസൂത്രണം ചെയ്ത് ബൃഹത്തായ കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.

ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയിൽ വികസിതരാജ്യങ്ങൾക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാൽ വികസ്വരരാജ്യങ്ങളിൽ നിന്നും ആരോഗ്യമേഖലയിൽ മികച്ചുനിൽക്കുന്ന ക്യൂബ, നിക്കാരാ ഗ്വെ, ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിൽ നിന്നും തുടച്ചുനീക്കപ്പെടുകയോ പൂർണ്ണമായി നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകർച്ചവ്യാധികൾ പലതും കേരളത്തിൽ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പകർച്ചവ്യാധികളുടെയും മറ്റും സാന്നിധ്യം പരിഗണിച്ച് നിഷേധ പരിഗണന (നെഗറ്റീവ് വെയ്റ്റേജ്) നൽകിയാൽ കേരളം ആരോഗ്യമികവിൽ മറ്റു രാജ്യങ്ങളുടെ പട്ടികയിൽ പുറകിലാവാൻ സാധ്യതയുണ്ട്.

സബ് സെന്ററുകൾ 
ശക്തിപ്പെടുത്തുക
ആരോഗ്യമേഖലയെ വലിയ നവീകരണത്തിന് വിധേയമാക്കിയ ആർദ്രം മിഷൻ വിപുലീകരിച്ച് രോഗാതുരത കുറച്ച് ഗുണാത്മക ആരോഗ്യമുള്ള ജനസമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള പദ്ധതികൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നുണ്ട് എന്നത് ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്. ആർദ്രം മിഷന്റെ ഭാഗമായി പകർച്ചേതര രോഗങ്ങൾ, മാനസികരോഗം, ശ്വാസകോശരോഗങ്ങൾ എന്നിവയ്-ക്കായി പ്രത്യേക ക്ളിനിക്കുകൾ സ്ഥാപിച്ചും അവശ്യ മരുന്നുകളെല്ലാം ലഭ്യമാക്കിയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ചികിത്സാസംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും ആരോഗ്യ പോഷണത്തിനുമായി പ്രവർത്തിക്കേണ്ട സബ്സെന്ററുകളുടെ പ്രവർത്തനം വേണ്ടത്ര മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആർദ്രം മിഷന്റെ തുടർപ്രവർത്തനങ്ങളിൽ സബ്സെന്ററുകളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സബ്സെന്ററുകളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് അതേപോലെ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ വെൽനസ് ക്ളിനിക്കുകൾ സബ് സെന്ററുകൾ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുമുണ്ട്. ഇതെല്ലാം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ചികിത്സാവിഭാഗങ്ങളുടെ അനുബന്ധങ്ങളായി മാറാതെ രോഗപ്രതിരോധത്തിനു കൂടുതൽ ഊന്നൽ നൽകുന്ന കേന്ദ്രങ്ങളാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കോവിഡാനന്തര രോഗങ്ങൾ
കോവിഡ് കാലത്തിനുശേഷം വലിയൊരു ജനവിഭാഗം ആളുകൾ വിധേയമാവാൻ സാധ്യതയുള്ള കോവിഡാനന്തര രോഗങ്ങൾമൂലം (Post Covid Syndromes) കേരളീയരുടെ രോഗാതുരത ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ഇവർക്ക് ഉചിതമാ‍യ ചികിത്സ നൽകാൻ ഇതിനകം ആരംഭിച്ചിട്ടുള്ള ചികിത്സാകേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിവരും.

മാനസികാരോഗ്യം
കേരളസമൂഹത്തിൽ വർധിച്ചുവരുന്ന ആത്മഹത്യാപ്രവണത, മയക്കുമരുന്ന് ആസക്തി, സ്ത്രീപീഡനം, മദ്യപാനം, ഹിംസാത്മകത, അന്ധവിശ്വാസങ്ങൾ തുടങ്ങിയ നിരവധി സാമൂഹ്യതിന്മകൾക്ക് കേരളീയരുടെ ദുർബലമായ മാനസികാരോഗ്യവും ഒരു പ്രധാന കാരണമാണ്. ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാൻ കാട്ടുന്ന താത്പര്യം വ്യക്തികളും സമൂഹവും മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ചു കാണുന്നില്ല, കേരളീയരുടെ മാനസികാരോഗ്യത്തെക്കുറിച്ചു നടത്തിയ ഒരു പഠന പ്രകാരം 2002 നും 2018 നുമിടക്ക് മാനസികരോഗങ്ങളിൽ വലിയ വർധനയുണ്ടതായി കണ്ടെത്തിയിട്ടുണ്ട്. 2008 ൽ ആയിരം പേരിൽ 272 പേർക്കാണ്- മാനസികരോഗമുണ്ടായിരുന്നത്. 2018 ൽ മാനസികരോഗികളുടെ എണ്ണം ആയിരത്തിന് 400 ആയി വർധിച്ചു. ഇവരിൽ കുറഞ്ഞത് 12% പേർക്കെങ്കിലും ആശുപത്രിചികിത്സ ആവശ്യമായ മാനസികരോഗങ്ങളുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതേയവസരത്തിൽ രാജ്യം മൊത്തമെടുത്താൽ ഇതേകാലയളവിൽ മനോരോഗികളായിരുന്നവരുടെ എണ്ണം ആയിരംപേരിൽ 105 എന്നത് 100 ആയി കുറയുകയാണുണ്ടായത്.

കുട്ടിക്കാലത്തുതന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. വിദ്യാലയആരോഗ്യപദ്ധതിയിലൂടെ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യം സംരക്ഷിക്കുവാനും വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസം നൽകാനും ലക്ഷ്യമിടേണ്ടതാണ്. ഇപ്പോൾ സ്കൂൾ– കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തപ്പെടേണ്ടതുണ്ട്. ആധുനിക കാലത്തിനനുസൃതമായി അധ്യാപകർക്കും മാതാപിതാക്കൾക്കും പരിശീലനം നൽകുകയും കൗൺസിലർമാർക്ക് പുന:പരിശീലനം നൽകുകയും ചെയ്യേണ്ടതാണ്.

ആരോഗ്യവകുപ്പ്, മെഡിക്കൽ കോളേജുകൾ എന്നിവയുടെ കീഴിലുള്ള മാനസികാരോഗ്യ വിഭാഗങ്ങൾ, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലുള്ള മൂന്ന് മാനസികാരോഗ്യ ആശുപത്രികൾ, കോഴിക്കോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്, മെന്റൽ ഹെൽത്ത് അതോറിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്വകാര്യമേഖലയിലും സന്നദ്ധമേഖലകളിലുമുള്ള മാനസികാരോഗ്യകേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. അതോടൊപ്പം മാനസികാരോഗ്യചികിത്സകരുടെ എണ്ണത്തിൽ ഇപ്പോഴുള്ള കുറവും പരിഹരിക്കപ്പെടേതുണ്ട്. പതിനായിരം പേർക്ക് 3 വീതം സൈക്കിയാട്രിസ്റ്റുകളൂം ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളും സൈക്കിയാട്രിക് സോഷ്യൽ വർക്കേഴ്സും, റീഹാബിലിറ്റേഷൻ വർക്കേഴ്സും വേണ്ടസ്ഥാനത്ത് കേരളത്തിൽ യഥാക്രമം 0.12, 0.06, 0.006, 1 എന്നിങ്ങനെ മാത്രമാണുള്ളത്. മാനസികാരോഗ്യ ചികിത്സകർക്കായി ഇപ്പോൾ നിലവിലുള്ള കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചും കൂടുതൽ കേന്ദ്രങ്ങളിൽ കോഴ്സുകൾ ആരംഭിച്ചും ഈ കുറവ് പരിഹരിക്കേണ്ടതാണ്.

വാഹനാപകടങ്ങൾ
കേരളത്തിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യപ്രശ്നമായ വാഹനാപകടങ്ങളെ തുടർന്നുണ്ടാകുന്ന മരണങ്ങളും ഗുരുതരങ്ങളായ ശാരീരിക പരിക്കുകളും കാര്യമായി കുറഞ്ഞതായി കാണുന്നില്ല. കോവിഡ് കാലത്ത് 2020 ൽ കുറഞ്ഞിരുന്ന വാഹനാപകടങ്ങൾ വീണ്ടും വർധിച്ച് പഴയ സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. മുൻകാലങ്ങളിൽ വാഹനാപകടം മൂലം വർഷംതോറും 4000 ത്തോളം പേർ മരണമടയുകയും അതിന്റെ പത്തിരട്ടിപേർക്ക് പലതരത്തിലുള്ള പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ അടുത്തകാലത്ത്‌ ആംബുലൻസ്‌ വാഹന അപകടങ്ങളും തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്നതും വർദ്ധിച്ചുവരുന്നുണ്ട്‌. 2019ൽ 119, ‌ 2020ൽ 156, 2021ൽ 186 എന്നിങ്ങനെ ആംബുലൻസ്‌ അപകടങ്ങൾ നിരന്തരം വർദ്ധിച്ചുവരികയാണ്. 2018 മുതൽ 2021 വരെയുള്ള നാലു കൊല്ലത്തിൽ ആംബുലൻസ്‌ അപകടത്തിൽ 125 പേർ മരണമടഞ്ഞു. ‌ ഇതേകാലത്ത്‌ 746. പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയുണ്ടായി. 2020 ൽ കോവിഡ് വ്യാപകമായിരിക്കയും ക്വാറ-ന്റീൻ നടപ്പിലാക്കുകയും ചെയ്ത അവസരത്തിൽ പോലും 2929 പേർ മരണമടഞ്ഞു. 30,510 പേർക്ക് പരിക്കേറ്റു. കോവിഡ് കുറഞ്ഞുതുടങ്ങിയതോടെ 2021 ൽ 3262 പേർ മരണമടയുകയും 33,296 പേർക്ക് പരിക്കുപറ്റുകയും ചെയ്തിട്ടുണ്ട്. ഇവരിൽ തന്നെ 24,275 പേർക്ക് ഗുരുതരമായ (Grievous Injury) പരിക്കുകളാണ് സംഭവിച്ചിട്ടുള്ളത്. ഇവരിൽ പലർക്കും പിന്നീട് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 2022 ഒക്ടോബർ വരെ 3526 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. 40,637 പേർക്ക് ഗൗരവമുള്ള പരിക്കും പറ്റിയിട്ടുണ്ട്.

ട്രാഫിക്ക് നിയമലംഘനം, അമിതവേഗത, മദ്യപിച്ചുള്ള വാഹനമോടിക്കൽ, വാഹനങ്ങളുടെ തകരാറ് തുടങ്ങി നിരവധി കാരണങ്ങൾ മൂലമാണ് വാഹനാപകടം ഉണ്ടാവുന്നത്. ദേശീയപാതകളേക്കാളും സംസ്ഥാന പാതകളേക്കാളുമേറെ അപകടം നടക്കുന്നത് മറ്റ് അനുബന്ധപാതകളിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിയും മറ്റും കാലാകാലങ്ങളിൽ മുടങ്ങാതെ നടത്തി അവയെ സഞ്ചാരയോഗ്യമാക്കേണ്ടതാണ്. കേരളത്തിലെ ഒരു പ്രത്യേകത, റോഡുകളുടെ സ്ഥിതി മോശമാവുമ്പോൾ അതുമൂലവും റോഡുകൾ മെച്ചപ്പെടുമ്പോൾ അമിതവേഗത പ്രവണത മൂലവും അപകടമുണ്ടാവുന്നു എന്നതാണ്.

അപകടമുണ്ടാവുമ്പോൾ ഗുരുതരമായ പരിക്കുപറ്റുന്നവരിൽ കൂടുതൽ പേരും ആദ്യത്തെ ഒരുമണിക്കൂറിലാവും മരണമടയുന്നത്. അതുകൊണ്ട് ഈ സമയത്തെ സുവർണ്ണ മണിക്കൂർ (Golden Hour) എന്നുവിളിക്കാറുണ്ട്. അപകടസ്ഥലത്തുവച്ചുതന്നെ പരിക്ക് പറ്റിയവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിലും സുവർണ്ണ മണിക്കൂറിനുള്ളിൽ ചികിത്സാസൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കുന്നതിലും വീഴ്ച സംഭവിക്കുന്നതുകൊണ്ടാണ് അപകട മരണങ്ങൾ ഉയർന്ന് തന്നെ നിൽക്കുന്നതെന്ന് വേണം കരുതാൻ. ഗുരുതരമായ പരിക്കുപറ്റിയവർക്ക് അപകടസ്ഥലത്ത് വച്ച് തന്നെ അടിയന്തിര പരിചരണം നൽകാനുള്ള സംവിധാനം ആംബുലൻസുകളിൽ ഒരുക്കേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം നൽകേണ്ടതുണ്ട്. ശ്വാസതടസ്സം നീക്കി ശ്വാസോച്ഛ്വാസം ക്രമാനുഗതമാക്കുക, ലായനികൾ ആവശ്യമെങ്കിൽ ഡ്രിപ്പ് നൽകുക തുടങ്ങിയ പ്രാഥമിക ചികിത്സകൾ വൈകാതെ നൽകിയാൽ നിരവധി ജീവൻ രക്ഷപ്പെടുത്താൻ കഴിയും. കഴുത്തിലെ കശേരുക്കൾക്ക് പരിക്കു പറ്റിയാൽ പിന്നീട് കൈകാലുകൾ തളർന്ന് പോവാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ കോളറുകൾ (Cervical Collar) അവശ്യമുള്ളവർക്ക് ലഭ്യമാക്കേണ്ടതാണ്. അപകടസ്ഥലത്തുനിന്നും പരിക്കു പറ്റിയവരെ ആംബുലൻസിലേക്ക് മാറ്റുന്നതിലും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അപകടത്തിൽ സംഭവിച്ചതിനുപുറമേ കൂടുതൽ ഗുരുതരങ്ങളായ ശാരീരിക പ്രശ്നങ്ങളുണ്ടാവാനിടയുണ്ട്. ഇതിനെ രണ്ടാം പരിക്ക് (Second Injury) എന്നു വിശേഷിപ്പിക്കാറുണ്ട്.

കാർ, സ്കൂട്ടർ, മോട്ടോർ സൈക്കിൾ, ജീപ്പ്, ട്രിപ്പർ ലോറികൾ എന്നിവയാണ് അപകടത്തിൽപ്പെടുന്ന പ്രധാവാഹനങ്ങൾ, ഡ്രൈവ് ചെയ്യുന്നവരുമായി ബന്ധപ്പെട്ട കാരണങ്ങളാണ് കൂടുതൽ അപകടങ്ങളിലേക്കു നയിക്കുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഹെൽമറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെങ്കിലും പുറകിലിരുന്ന് യാത്രചെയ്യുന്നവർ പലരും ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ല. മോട്ടോർ സൈക്കിൾ -സ്കൂട്ടർ യാത്രക്കാരിൽ അപകടത്തെ തുടർന്ന് തലയ്-ക്ക് പരിക്കു പറ്റുകയും മരണമടയുകയും ചെയ്യുന്നവരിൽ കൂടുതലും പിൻസീറ്റ് യാത്രക്കാരാണെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാത്തരത്തിലുള്ള വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് ഇടയ്-ക്കിടെ അപകട നിയന്ത്രണത്തിൽ പരിശീലനം നലകേണ്ടതുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അപകടസാധ്യതയുള്ള പ്രധാനവീഥികൾക്കരികിലുള്ള ആശുപത്രികളിൽ അപകടചികിത്സയ്-ക്കുള്ള ആധുനിക സംവിധാനങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളെയും ഇക്കാര്യത്തിൽ പങ്കാളികളാക്കേണ്ടതാണ്.

അപകടങ്ങൾ ഒഴിവാക്കുന്നതിനും പരിക്കുപറ്റിയവർക്ക് ചികിത്സ നൽകുന്നതിലും വിവിധ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പല നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. കാഷ്വാലിറ്റിയിൽ പരിക്ക് പറ്റിയവരടക്കമുള്ള ഗുരുതരസ്വഭാവമുള്ളവരുടെയും ഉടനടി ചികിത്സ നൽകേണ്ടവരുടെയും പരിചരണം ഉറപ്പുവരുത്തുന്നതിനായി എമർജൻസി മെഡിസിൻ വിഭാഗം ചില മെഡിക്കൽ കോളേജുകളിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരിക്കുപറ്റിയവരെ സമയനഷ്ടം ഒഴിവാക്കി വേർതിരിച്ച് (Triage) സവിശേഷപരിചരണം നൽകാൻ ഇതുവഴി കഴിയുന്നതാണ്. കാഷ്വാലിറ്റിയിൽ നിന്നും അഡ്മിറ്റ് ചെയ്യപ്പെടുന്ന, തീവ്രപരിചരണം ആവശ്യമുള്ളവർക്കായി ക്രിട്ടിക്കൽ കെയർ ഐസിയുകളും ആരംഭിച്ചിട്ടുണ്ട്. മനുഷ്യവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കി എല്ലാ മെഡിക്കൽ കോളേജുകളിലും, ഘട്ടം ഘട്ടമായി ജില്ലാ ആശുപത്രികളിലും, എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്നീ വിഭാഗങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്. ഏതാനും സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ മെഡിക്കൾ കോളേജുകളിലും മാത്രമാണ് എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ വിഭാഗവുമായി ബന്ധപ്പെട്ട പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകൾ ആരംഭിച്ചിട്ടുള്ളത്. എല്ലാ മെഡിക്കൽ കോളേജുകളിലും ഇവയ്-ക്കുള്ള കോഴ്സുകൾ ആരംഭിക്കേണ്ടതുണ്ട്. വാഹനാപകടങ്ങൾ ഒഴിവാക്കാനും അപകടത്തിൽ പെട്ടവർക്കു ഉചിത പരിചരണം നൽകാനും നിരവധി സംരംഭങ്ങൾ വിവിധ തലങ്ങളിലായി നടപ്പിലാക്കി വരുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലുള്ള പ്രൊഫഷണൽ സംഘടനകളും ഇക്കാര്യത്തിൽ ഇടപെട്ടു തുടങ്ങിയിട്ടുള്ളത് സ്വാഗതാർഹമാണ്. എങ്കിലും അവയൊന്നും വേണ്ടത്ര ഫലവത്തായിട്ടില്ലെന്നാണ് വാഹനാപകടങ്ങളെ സംബന്ധിച്ച പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. എവിടെയൊക്കെയാണ് പഴുതുകൾ എന്നു കണ്ടെത്തി ഉചിതമായ പരിഹാരങ്ങൾക്ക് ശ്രമിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മോട്ടോർ വാഹന വകുപ്പും ട്രാഫിക് പൊലീസും മറ്റു ബന്ധപ്പെട്ട വകുപ്പുകളും പ്രവർത്തനങ്ങൾ ഏകോപ്പിച്ച് കൂടുതൽ ഫലവത്തായി പ്രവർത്തിക്കാൻ ഒട്ടും വൈകിക്കൂടാ. മാത്രമല്ല ഒരു വൻദുരന്തമുണ്ടാവുമ്പോൾ താത്കാലികമായി ചില നടപടികൾ സ്വീകരിക്കുകയും പിന്നീടെല്ലാം പഴയപടിയാവുകയും ചെയ്യുന്ന സ്ഥിരംരീതി ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.

വയോജനങ്ങൾ
മരണനിരക്ക് ഗണ്യമായി കുറഞ്ഞതോടെ കേരളത്തിൽ വയോജനങ്ങളുടെ എണ്ണം സ്വാഭാവികമായി വർധിച്ചുവരികയാണ്. രാജ്യത്ത് ഇപ്പോൾ 13.8 പേരാണ് അറുപത് വയസ്സിനു മുകളിലുള്ളവർ. കേരളത്തിലത് 16.5% ശതമാനമാണ്. അതായത് 58 ലക്ഷത്തോളം പേർ. സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ കൂടുതലായതുകൊണ്ട് പ്രായാധിക്യമുള്ളവരിൽ കൂടുതലും സ്ത്രീകളാണ്. പ്രായാധിക്യമുള്ളവരിൽ പൊതുവിൽ രോഗാതുരത കൂടുതലുമായിരിക്കും. അതേയവസരത്തിൽ പ്രായമായ സ്ത്രീകളുടെ ആരോഗ്യസ്ഥിതി പുരുഷന്മാരേക്കാൾ മോശവുമായിരിക്കും. വിവാഹപ്രായത്തിലുള്ള അന്തരവും കൂടി കണക്കിലെടുക്കുമ്പോൾ വിധവകളുടെ എണ്ണം വിഭാര്യരേക്കാൾ വളരെ കൂടുതലാണ് സംസ്ഥാനത്ത്. 60 വയസ്സിനുമുകളിലുള്ളവരിൽ 9.7 ശതമാനമാണ് വിഭാര്യരെങ്കിൽ 58.6 ശതമാനമാണ് വിധവകൾ. ഇതെല്ലാം വയോജനങ്ങളുടെ പരിചരണവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട വസ്തുതകളാണ്. വയോജന സംരക്ഷണത്തിനായി സർക്കാർ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കി വരുന്ന വൃദ്ധസദനങ്ങൾ, പകൽവീട് വയോമിത്രം, വയോ അമൃതം, സായം പ്രഭ, വയോരക്ഷ തുടങ്ങിയ സർക്കാർ പരിപാടികളുടെ പ്രവർത്തനം, പ്രഖ്യാപിതലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി (സോഷ്യൽ ഓഡിറ്റിംഗ്) അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും സാന്ത്വന പരിചരണം (പാലിയേറ്റീവ് കെയർ) നല്ല നിലയിൽ നടപ്പിലാക്കിവരുന്നുണ്ട്.

മുതിർന്ന പൗരർക്ക് വാക്സിനേഷൻ
ഇപ്പോൾ കുട്ടികളെ മാത്രമാണു സാർവത്രിക വാക്സിനേഷൻ പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. മുതിർന്ന പൗരർ കൂടുതലുള്ള രാജ്യങ്ങളിൽ മുതിർന്നവർക്കും ചില വാക്സിനുകൾ നൽകി വരുന്നുണ്ട്. കേരള സർക്കാർ നിയോഗിച്ച വാക്സിൻ നയരൂപീകരണ കമ്മിറ്റി മുതിർന്നവർക്കു നൽകേണ്ട വാക്സിനുകളെ സംബന്ധിച്ച് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് വർഷം തോറും ഫ്ലൂ വാക്സിനും (Quadrivalent Influenza vaccine) ശ്വാസകോശ രോഗാണുബാധ തടയുന്നതിനായി ഒരു വർഷം ഇടവിട്ട് ന്യൂമോകോക്കൽ വാക്സിനും (Pneumococcal vaccines 13 valent conjugate vaccine [PCV13] , 23 valent polysaccharide vaccine [PPSV23] 65 വയസ്സിനു മുകളിലുള്ളവർക്കു നൽകേണ്ടതാണ്. വാക്സിനുകളുടെ വിലകൂടൂലായതിനാൽ സംസ്ഥാന സർക്കാരിന് ഈ ചുമതല ഏറ്റെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. മുതിർന്നവർക്കുള്ള വാക്സിനേഷൻ ദേശീയ വാക്സിൻ പദ്ധതിയിൽ പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാം. അതു നടപ്പിലാക്കുന്നത് വരെ സർക്കാർ സ്വകാര്യ ആശുപത്രി സഹകരണത്തോടെ കുറഞ്ഞ വിലയ്-ക്ക് വാക്സിൻ ലഭ്യമാക്കാൻ ശ്രമിക്കാവുന്നതാണ്. ഇപ്പോൾ നടപ്പിലാക്കിവരുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ വാക്സിനേഷൻ കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. സാധാരണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ വാക്സിനേഷൻ കൂടി ഉൾപ്പെടുത്താറില്ല. എന്നാൽ മെഡിസെപ് ഇൻഷ്വറൻസ് രീതിക്കുപകരം അഷ്വറൻസ് രീതിയിൽ നടത്തുന്നതിനാൽ വാക്സിൻ ഉൾപ്പെടുത്താനുള്ള അവസരമുണ്ട്.

സർക്കാർ ആശുപത്രികളിൽ എല്ലാത്തലത്തിലും ജിരിയാട്രിക്ക്‌ ക്ലിനിക്കുകൾ ആരംഭിക്കേണ്ടതുണ്ട്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും വയോജനപരിപാലനത്തിൽ പരിശീലനവും നൽകണം. Geriatric Medicine, എം ബി ബി എസ്‌, പിജി കോഴ്സ്‌ സിലബസ്സിൽ ഉൾപ്പെടുത്തുകയും. Geriatric Medicine പിജി കോഴ്സ്‌ കൂടുതൽ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കേണ്ടതാണ്. അതോടൊപ്പം മെഡിക്കൽ കോളേജുകളിൽ Geriatric Medicine Departments സ്ഥാപിക്കയും വേണം. വിവിധ തരത്തിലുള്ള ഇടപെടലുകളിലൂടെ കേരളത്തെ വയോജന സൗഹൃദകേരളമായി പരിവർത്തനം ചെയ്യേണ്ടതാണ്.

ഭിന്നശേഷിക്കാർ
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ, ഐക്കോൺ, ഇംഹാൻസ്, സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്തിൽ ഭിന്നശേഷി പരിപാലനത്തിനായി പല പദ്ധതികളും നടപ്പിലാക്കി വരുന്നു. എന്നാൽ വിവിധ സംരംഭങ്ങൾ തമ്മിൽ ഏകോപനമില്ലാതെയാണ് നടന്നുവരുന്നത്. ഓട്ടിസം, ലേണിംഗ് ഡിസബിലിറ്റി, സെറിബ്രൽ ഡൈപ്ലീജിയ, മെന്റൽ റിട്ടാർഡേഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കുട്ടിക്കാലത്തുതന്നെ കണ്ടെത്തുന്നതിനുള്ള പരിശീലനം ബന്ധപ്പെട്ടവർക്ക് പലതലങ്ങളിലായി നൽകേണ്ടതാണ്.

അരികുവൽക്കരിക്കപ്പെട്ട 
ജനസമൂഹങ്ങൾ
മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ സവിശേഷ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കൂടുതൽ കാര്യക്ഷമതയുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. ആദിവാസികളുടെ കാര്യത്തിൽ ഇടയ്-ക്കിടെ നവജാതശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചില താത്കാലിക നടപടികൾ മാത്രമാണ് സ്വീകരിച്ചുപോരുന്നത്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ചില സന്നദ്ധസംഘടനകൾ നടത്തിയിട്ടുള്ള പഠനങ്ങൾക്കുപുറമേ കാര്യമായ ഇടപെടലുകളൊന്നും നടന്നതായി കാണുന്നില്ല. പ്രാന്തവൽക്കരിക്കപ്പെടുന്ന ജനസമൂഹത്തിന്റെ ആരോഗ്യമടക്കമുള്ള മേഖലകളിലെ ഉന്നമനത്തിനായി വളരെയേറെ പണം ചെലവഴിച്ചു നടത്തിവരുന്ന പദ്ധതികളുടെ സാമൂഹ്യവിലയിരുത്തൽ നടത്താൻ സാമൂഹ്യ സംഘടനകൾ ശ്രമിക്കേണ്ടതാണ്.

ട്രാൻസ് ജെൻഡറുകൾ
ട്രാൻസ് ജെൻഡറുകൾ നേരിടുന്ന സാമൂഹ്യവിവേചനങ്ങൾ അവസാനിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന സംസ്ഥാനമാണു കേരളം. ട്രാൻസ് ജെൻഡർ നയവും ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡും ആദ്യമായി രൂപീകരിച്ച സംസ്ഥാനവും കേരളമാണ്, എന്നാൽ ട്രാൻസ് ജെൻഡറുകൾ നേരിടുന്ന ശാരീരികവും മാനസികവും തൊഴിൽപരവും മറ്റുമായ ഒട്ടനവധി പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ തുടരുന്നുണ്ട് എന്ന് ഇടയ്-ക്കിടെ റിപ്പോർട്ടു ചെയ്യപ്പെടുന്ന ട്രാൻസ് ജെൻഡറുകളുടെ ദാരുണ മരണങ്ങൾ വ്യക്തമാക്കുന്നു. സർക്കാർ ആശുപത്രികളിൽ കോട്ടയം മെഡിക്കൽ കോളേജിൽ സംഘടിപ്പിപ്പിച്ചിട്ടുള്ള ട്രാൻസ്ജൻഡർ ക്ലിനിക്ക് മാത്രമാണ് ട്രാൻസ് ജെൻഡറുകളുടെ ആരോഗ്യസേവനത്തിനായി ഇപ്പോൾ ലഭ്യമായിട്ടുള്ളത്‌. ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നം അവർക്കാവശ്യമായ വളരെ സങ്കീർണ്ണമായ ലിംഗമാറ്റ ശസ്ത്രക്രിയയ്-ക്കുള്ള സംവിധാനങ്ങളാണ്. ഇപ്പോൾ ഇവർക്ക് ശസ്ത്രക്രിയയ്-ക്കായി അമിതമായ ചെലവു വഹിച്ച് ചില സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടസ്ഥിതിയാണുള്ളത്. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ് ജെൻഡർ ക്ലിനിക്കുകളും തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ലിംഗമാറ്റശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളും അധികം വൈകാതെ ആരംഭിക്കാൻ ആരോഗ്യവകുപ്പ് ഊർജ്ജിത നടപടികൾ സ്വീകരിക്കേണ്ടതാണ്.

തൊഴിൽജന്യ രോഗങ്ങൾ
ആധുനിക വ്യവസായശാലകളിലും കയർ, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലകളിലുമുള്ള തൊഴിലാളികൾക്ക് തൊഴിലുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെ തൊഴിൽജന്യരോഗ്യങ്ങൾക്ക് കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. വൈദ്യപാഠ്യപദ്ധതിയിൽപെടുത്തിയും പ്രത്യേക പരിശീലനം നൽകിയും തൊഴിൽജന്യരോഗങ്ങളെ സംബന്ധിച്ച് ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർക്കുള്ള അവബോധം വർധിപ്പിക്കേണ്ടതുണ്ട്. ഇ എസ് ഐ ആശുപത്രികളിൽ മാത്രമായി തൊഴിൽ രോഗപരിചരണം പരിമിതപ്പെടുത്താൻ പാടില്ല. തൊഴിൽ രോഗങ്ങളെ വൈദ്യസേവനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതാണ്.

കാലാവസ്ഥാവ്യതിയാനവും 
ആരോഗ്യപ്രശ്നങ്ങളും
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ആഗോളതലത്തിൽ കടുത്തവരൾച്ച, വെള്ളപ്പൊക്കം, പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ വരുന്നതിനു കാരണമായി മാറിക്കൊണ്ടിരിക്കയാണ്. മനുഷ്യജീവിതത്തിനും പരിസ്ഥിതിക്കും വലിയനാശനഷ്ടങ്ങളാണ് കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്നത്. വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ ഭക്ഷ്യക്ഷാമത്തിനും പോഷണക്കുറവിനും പട്ടിണിക്കും കാരണമാവുന്നു. ചൂടുകൂടുമ്പോഴുണ്ടാകുന്ന സൂര്യാഘാതം (Sun Stroke) പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ പ്രാണിജന്യരോഗങ്ങൾ, മലിനജലത്തിലൂടെ പകരുന്ന രോഗങ്ങൾ എന്നിവയെല്ലാം വർധിക്കുന്നു. മാനസികാരോഗ്യത്തേയും പാരിസ്ഥിതികഘടകങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേരളത്തിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥാവ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും അനുഭവപ്പെട്ടു തുടങ്ങിയിരിക്കയാണ്. 2017 ലെ ഓഖിക്കും 2018,- 2020 വർഷങ്ങളിൽ വലിയ പേമാരിക്കും വെള്ളപ്പൊക്കത്തിനും കേരളം വിധേയമായി. 2018 ലെ വെള്ളപ്പൊക്കത്തിൽ 483 പേർ മരണമടയുകയും 14 ലക്ഷംപേരുടെ വീടുകൾ തകർന്നുപോവുകയും ചെയ്തു. ജലമാലിന്യം കൂടുന്നതിനാൽ ജലജന്യരോഗങ്ങൾ വർധിക്കുന്നു. പ്രാണികളും രോഗാണുക്കളും പെരുകുന്നതിനാൽ ഡങ്കി തുടങ്ങിയ പകർച്ചവ്യാധികൾ വർധിക്കുന്നു. വെള്ളപ്പൊക്കത്തോടൊപ്പം കാലം തെറ്റിയെത്തുന്ന ചൂടും വരൾച്ചയും കേരളത്തിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ രോഗാതുരത കൂടുതൽ വർധിക്കുന്നതിന് കാലാവസ്ഥാവ്യതിയാനം കാരണമായിക്കൊണ്ടിരിക്കയാണ്. കാലവാസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പഠനവിഷയമാക്കി ഉചിതമായ പരിഹാരനടപടികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

വർധിച്ചുവരുന്ന ആരോഗ്യച്ചെലവ്
ദേശീയ ഹെൽത്ത് അക്കൗണ്ട്സ് കണക്കനുസരിച്ച് രാജ്യത്ത് പ്രതിശീർഷ ആരോഗ്യച്ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം എന്നുകാണുന്നു. 2018–-19 ലെ കണക്കനുസരിച്ച് മൊത്തം ആരോഗ്യചെലവ് 34,548 കോടി രൂപയാണെന്നു കണക്കാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനവരുമാനത്തിന്റെ (Gross State Domestic Product), 1.1 % വും പൊതുചെലവിന്റെ (General Government Expenditure) 7.4% വും വരും. എന്നാൽ ഇതിൽ സർക്കാർചെലവ് 8,676 കോടി മാത്രമാണ്. 25.11%. 68.60 ശതമാനം വരുന്ന 23,702 കോടി രൂപ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സ്വകാര്യചെലവാണ് (Out Of Pocket Expenditure: OOPE). അതായത് മൊത്തം പ്രതിശീർഷചെലവ് 9871 രൂപയാണെങ്കിലും. ഇതിൽ 2,479 രൂപമാത്രമാണ് സർക്കാർ ചെലവ്. ശേഷിക്കുന്ന 6,772 രൂപയും ജനങ്ങളുടെ സ്വകാര്യചെലവാണ്. ആരോഗ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് തമിഴ് നാടിന്റെ 2018-–19 ലെ മൊത്തം ആരോഗ്യച്ചെലവ് 32,767 കോടിയാണ്-. അതിൽ 46.9% ശതമാനം സർക്കാർ ചെലവുമാണ്. തമിഴ് നാട്ടിലെ പ്രതിശീർഷ സ്വകാര്യആരോഗ്യച്ചെലവ് 1,909 രൂപയാണ് 44.3%. കേരളത്തിൽ 68.6% വരുന്ന 6,772 രൂപയും.

2013-–14 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആരോഗ്യച്ചെലവ് 25,000 കോടി രൂപയായിരുന്നു ഇതിൽ 6000 കോടിയായിരുന്നു സർക്കാർ ചെലവ് (24%). ഈ കാലയളവിൽ പ്രതിശീർഷ ചെലവ് 7636 രൂപ ആയിരുന്നപ്പോൾ സർക്കാർ ചെലവ് 1765 മാത്രമായിരുന്നു. അതായത് 76 ശതമാനത്തോളമായിരുന്നു സ്വകാര്യചെലവ്. 2013-–14 മായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിൽ ആരോഗ്യമേഖലയിലെ സർക്കാർചെലവ് വർധിക്കുകയും സ്വകാര്യചെലവ് കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്ത് ആരോഗ്യമേഖലയിൽ ഏറ്റവുമധികം സ്വകാര്യചെലവുള്ള സംസ്ഥാനമായി കേരളം ഇപ്പോഴും തുടരുകയാണ്.

1996ൽ നടപ്പിലാക്കിയ ജനകീയാസൂത്രണത്തിന്റെ ഭാഗമായി പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങൾക്ക് താഴെത്തട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ചുമതല നൽകിയതോടെ ഉയർന്ന തലത്തിലുള്ള മെഡിക്കൽ കോളേജുകളിലും മറ്റു സ്ഥാപനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞു. ഒരേസമയം ആരോഗ്യവകുപ്പിന്റെ കീഴിൽ മുകൾതട്ടിലുള്ള ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പഞ്ചായത്തുകളുടെ മേൽ നോട്ടത്തിൽ താഴെതട്ടിലുള്ള ആരോഗ്യ സ്ഥാപനങ്ങളും മെച്ചപ്പെടാൻ തുടങ്ങി. 2006 ലെ സർക്കാരിന്റെ കാലത്ത് സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വർധനയുണ്ടായി. കാത്ത് ലാബുപോലുള്ള സാങ്കേതിക വിദ്യകൾ ജില്ലാതലത്തിലും ഡയാലിസിസ്- സംവിധാനം താലൂക്ക് തലത്തിലും ലഭ്യമാക്കി. സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി തലത്തിൽ ഡോക്ടർമാരുടെയും മറ്റ് അനുബന്ധ ജീവനക്കാരുടെയും ലഭ്യതയിൽ വലിയ വർധനയുണ്ടായി. ഏതു സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോടും കിടപിടിക്കുന്ന തരത്തിൽ സർക്കാർ മെഡിക്കൽ കോളേജുകൾ ആധുനികചികിത്സാ ലഭ്യതയുടെ കാര്യത്തിൽ വികസിച്ചു. 2016 ൽ ആരംഭിച്ച ആർദ്രം മിഷൻ സർക്കാർ ആശുപത്രികൾ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും കൂടുതൽ മെച്ചപ്പെടുത്തി.

ഇതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (കാസ്പ്) പ്രകാരം സംസ്ഥാനത്തെ ദരിദ്രരും സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സയ്-ക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവർക്കായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതികളും നടപ്പിലാക്കിവരുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതരായവർക്കുമുള്ള മെഡിസെപ് ((MEDISEP: Medical Insurance for State Employees and Pensioners) ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ജീവനക്കാരും പെൻഷൻകാരുമടങ്ങിയ പത്തുലക്ഷംപേർക്കും അവരുടെ ആശ്രിതരായ ഇരുപതുലക്ഷംപേർക്കും ആരോഗ്യപരിരക്ഷ ലഭിക്കും. ബി പി എൽ വിഭാഗത്തിൽ പെട്ട 41 ലക്ഷം കുടുംബംഗങ്ങൾക്ക് കാസ്പ് (KASP: Karunya Arogya Suraksha Padhathi) പദ്ധതിയിലൂടെ ആരോഗ്യ ഇൻഷ്വറൻസ് നടന്നുവരുന്നുണ്ട്. മെഡിസെപ്പും കാസ്പും ചേർന്ന് ഏതാണ്ട് രണ്ടു കോടിയിലേറെ പേർക്കാണ് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കാൻ പോകുന്നത്. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് രണ്ടുപദ്ധതികളും നടപ്പിലാക്കുന്നത്. സർക്കാർ മേഖലയെ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്ന സർക്കാർ – -സ്വകാര്യ പങ്കാളിത്തത്തിന്റെ (Public, Private Participation: PPP) സ്ഥാനത്ത് പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്തി സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കുന്ന സർക്കാർ-–സ്വകാര്യ സഹകരണത്തിന്റെ (Public Private Co-Operation) മികച്ച മാതൃകകളാണ് ഈ പദ്ധതികൾ.

1996 ലെ ജനകീയാസൂത്രണം, 2006 ലെ അടിസ്ഥാന സൗകര്യ -മാനുഷികവിഭവ വികസനം, 2016 ലെ ആദ്രം മിഷൻ എന്നിങ്ങനെ വിവിധ സംരംഭങ്ങളിലൂടെ സർക്കാർ ആരോഗ്യമേഖലയിൽ വലിയ കുതിച്ചുചാട്ടം നടന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി 1990 കളിൽ കേവലം 28% ജനങ്ങൾ സർക്കാർ ആശുപത്രികളിൽ ചികിത്സക്കു പോയിരുന്നത് ഇപ്പോൾ 60-–70 ശതമാനമായി വർധിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ചനിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതും കേരളത്തിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ സ്വകാര്യആരോഗ്യചെലവ് വളരെ ഉയർന്നു നിൽക്കുന്നതെന്നത് ഗൗരവമായ പഠനത്തിനു വിഷയമാക്കുകയും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടതാണ്.

കേരളത്തിലെ ഉയർന്ന രോഗാതുരത. സ്വാഭാവികമായും ചികിത്സാ ചെലവു വർധിപ്പിച്ചുകൊണ്ടിരിക്കും. കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള രോഗനിർണ്ണയ-ചികിത്സാചെലവുകൾ വളരെ കൂടുതലാണ്. മിക്ക രോഗങ്ങൾക്കുമുള്ള ചികിത്സ ദീർഘകാലത്തേക്ക്, ചിലവയ്-ക്ക് ജീവിതാവസാനം വരെയും നടത്തേണ്ടിവരുന്നു. സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ കാര്യത്തിൽ ചികിത്സാമാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും വേണ്ടത്ര നിലവിലില്ല; ചികിത്സാ ഫീസുകളുടെ മേൽ യാതൊരു നിയന്ത്രണവുമില്ല ആശുപത്രിയിലെ കിടത്തി ചികിത്സ സർക്കാർ ആശുപത്രികളിൽ നിന്നും ഇൻഷ്വറൻസ് പദ്ധതി വഴിയും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ള ചികിത്സയ്-ക്കും (ഒ പി ചികിത്സ) മരുന്നിനും മറ്റും ജനങ്ങൾ സ്വന്തം പണം മിക്കരോഗങ്ങളുടെയും കാര്യത്തിൽ ദീർഘകാലത്തേക്ക് ചെലവിടേണ്ടിവരും.

ഇതെല്ലാം പരിഗണിച്ച് ആരോഗ്യചെലവ് കുറയ്-ക്കുന്നതിനായി അടിയന്തരമായി ഏതാനും പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. ചികിത്സാ ചെലവ് കുറയ്-ക്കുന്നതിനായി പ്രധാനമായും ചെയ്യേണ്ടത് രോഗാതുരത കുറക്കുക എന്നതാണ്. ആരോഗ്യ വിദ്യാഭ്യാസം, രോഗപ്രതിരോധം, ആരോഗ്യപരിപോഷണം, പ്രാരംഭഘട്ടത്തിൽ തന്നെ രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കൽ തുടങ്ങി നിരവധി ഇടപെടലുകൾ ആവിഷ്കരിക്കേണ്ടതുണ്ട്. സ്വകാര്യആശുപത്രികളിലെ ചികിത്സയുടെ കാര്യത്തിൽ രോഗികളുടെ മേൽ അമിതഭാരം ചുമത്തുന്ന സ്ഥിതി മാറ്റിയെടുക്കാൻ ചികിത്സാ മാനദണ്ഡങ്ങളും പെരുമാറ്റചട്ടങ്ങളും ആവിഷ്കരിക്കയും ചികിത്സാഫീസുകൾ നിശ്ചയിക്കയും വേണം. ക്ളിനിക്കൽ എസ്റ്റാബ്ളിഷ് മെന്റ് ആക്ടിൽ ഇതെല്ലാം പെടുത്താവുന്നതാണ്. ഒപി ചികിത്സ ചെലവ് കുറയ്-ക്കാൻ മരുന്നുകളുടെയും മറ്റ് ആരോഗ്യ ഉല്പന്നങ്ങളും മിതമായ വിലയ-്ക്ക് ലഭ്യമാക്കാൻ കൂടുതൽ ന്യായവില ഷോപ്പുകൾ ആരംഭിക്കേണ്ടതാണ്.

കെ എസ് ഡി പി
 മരുന്നുല്പാദനം വർധിപ്പിക്കുക
ഇന്ത്യയിൽ വിൽക്കപ്പെടുന്ന മരുന്നുകളിൽ പത്ത് ശതമാനവും ജനസംഖ്യയിൽ മൂന്ന് ശതമാനം മാത്രം വരുന്ന കേരളത്തിലാണ് ചെലവാക്കുന്നത്. ഇത് എതാണ്ട് പതിനയ്യായിരം കോടി രൂപയ്-ക്കുള്ള മരുന്നാണ്. കേരളത്തിലെ പൊതുമേഖല ഔഷധ നിർമ്മാണ സ്ഥാപനമായ കെ എസ് ഡി പി ഇപ്പോൾ ഇരുന്നൂറോളം കോടി രൂപയുടെ മരുന്ന് ഉല്പാദിപ്പിക്കുന്നുണ്ട്. കെ എസ് ഡി പി വൈകാതെ കാൻസർ മരുന്നുകൾ ഉല്പാദിപ്പിക്കാനുള്ള ഓങ്കോ പാർക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, പേറ്റന്റ് കാലവധി കഴിഞ്ഞ മരുന്നുകളുടെ ഉല്പാദനം കഴിയുന്നത്ര വർധിപ്പിച്ച് സർക്കാർ ആശുപത്രികൾക്കു മാത്രമല്ല ന്യായവില മരുന്നുകടകൾ വഴി പൊതുസമൂഹത്തിനും ലഭ്യമാക്കാൻ ശ്രമിക്കണം. അടുത്ത അഞ്ചു വർഷം കൊണ്ട് ആയിരം കോടി രൂപയ്-ക്കുള്ള മരുന്നുല്പാദിപ്പിക്കാനുള്ള ഒരു ബ്രഹത് പദ്ധതി കെ എസ് ഡി പി നടപ്പിലാക്കേണ്ടതാണ്.

പൊതുജനാരോഗ്യ 
ഇടപെടലുകൾ പ്രധാനം
ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം പൊതുജനാരോഗ്യ ഇടപെടലുകളും കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികൾ പരിഹരിക്കാനാവശ്യമാണ്. മെഡിക്കൽ കോളേജുകളിലെ സാമൂഹ്യാരോഗ്യവിഭാഗം, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, കാസർകോട് കേന്ദ്രസർവകലാശാലയിലെ സാമൂഹ്യാരോഗ്യവിഭാഗം എന്നിവിടങ്ങളിലെല്ലാം ലഭ്യമായ നൂറുകണക്കിനുള്ള പൊതുജനാരോഗ്യവിദഗ്ധരുടെ സേവനം തീരെ പ്രയോജനപ്പെടുത്താൻ നമുക്കു കഴിയുന്നില്ല. കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികളെ സംബന്ധിച്ച് കൂടുതൽ സൂക്ഷ്മപഠനങ്ങൾ നടത്തുന്നതിനും പൊതുജനാരോഗ്യ ഇടപെടലിനുമായി ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയണം. വിവിധ ജില്ലകളിലുള്ള സർക്കാർ – സ്വകാര്യ മെഡിക്കൽ കോളേജുകളും പൊതുജനാരോഗ്യ സ്ഥാപനങ്ങളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രോജക്ടും മറ്റും തയ്യാറാക്കാൻ അവരെ സഹായിക്കാനുള്ള പ്രവർത്തന പരിപാടി തയ്യാറാക്കണം.

രോഗപ്രതിരോധത്തോടൊപ്പം രോഗനിരീക്ഷണവും ഫലവത്തായി നടത്തേണ്ടതുണ്ട്. ഇതിലേക്കായി ഇപ്പോൾ തന്നെ പകർച്ചവ്യാധി പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന പി ഇ ഐ ഡി സെല്ലിന്റെ (PEID Cell:  Prevention of Epidemic and Infectious Diseases) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായി അമേരിക്കയിൽ മികവുറ്റ പ്രവർത്തനം സിഡിസി (CDC: Centers for Disease Control and Prevention) യുടെ മാതൃകയിൽ കേരളത്തിലും ഒരു കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. നിയമസഭ പാസ്സാക്കിയ പബ്ളിക് ഹെൽത്ത് ആക്ട് ഗവർണറുടെ പരിഗണനയിലാണ്. ഇതിനു പുറമേ ഇതിനകം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സർക്കാർ പരിശോധനയിലുള്ള പബ്ളിക് ഹെൽത്ത് കേഡർ ഉടനെ നടപ്പിലാക്കാനുള്ള നടപടികളും സ്വീകരിക്കണം. കേരളീയർ നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്നങ്ങൾ പഠനവിധേയമാക്കാനുള്ള ഗവേഷണപ്രവർത്തനങ്ങൾക്ക് ആരോഗ്യസർവകലാശാല നേതൃത്വം കൊടുക്കാൻ ഇനിയും വൈകരുത്. കേരളത്തിലെ ഔഷധസമ്പത്തിനെയും അതു പ്രയോജനപ്പെടുത്തി ചികിത്സിക്കാവുന്ന രോഗങ്ങളെയും പറ്റിയുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന 12 വാല്യങ്ങളുള്ള ഗ്രന്ഥസമുച്ചയം ഇതിനകം കേരളസർവകലാശാല ഇംഗ്ളീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹോർത്തൂസിൽ പരാമർശിച്ചിട്ടുള്ള ഔഷധസസ്യങ്ങളുടെ അടിസ്ഥാനത്തിൽ നവീനഔഷധങ്ങൾ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾക്ക് സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള ബന്ധപ്പെട്ട ഗവേഷണസ്ഥാപനങ്ങളും ആരോഗ്യസർവകലാശാലയും ശ്രമിക്കേണ്ടതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − four =

Most Popular