ദക്ഷിണാഫ്രിക്കയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരിതം നിറഞ്ഞ തൊഴിൽ സാഹചര്യത്തിനു പരിഹാരം കാണുന്നതിനുള്ള സമരം ശക്തിപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ. ഔദ്യോഗികവും സ്ഥിരവുമായ തൊഴിൽ ആവശ്യപ്പെട്ടുകൊണ്ട്, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്ന മനുഷ്യരുടെ ആരോഗ്യത്തിനുവേണ്ടി ലാഭേച്ച കൂടാതെ രാപകൽ പണിയെടുക്കുന്ന കമ്മ്യൂണിറ്റി ആരോഗ്യ പ്രവർത്തകർ ശക്തമായി സമരരംഗത്താണ്. മെയ് 29ലെ തിരഞ്ഞെടുപ്പിന് മുൻപ് ഈ ജീവനക്കാരും അവരെ പിന്തുണയ്ക്കുന്ന മറ്റ് സംഘടനകളും വിവിധ പ്രദേശങ്ങളിൽ ശക്തമായ റാലികളും പ്രക്ഷോഭങ്ങളും നടത്തുകയുണ്ടായി.
വിപുലമായ തോതിൽ ആരോഗ്യ പ്രവർത്തകരുടെ, അതായത് ആരോഗ്യരംഗത്തെ ജീവനക്കാരുടെ കുറവ് നേരിടുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. അവിടെ ആരോഗ്യ പ്രവർത്തകരുടെ ഈ കുറവ് നികത്തുന്ന രീതിയിൽ നഴ്സുമാരുടെയും ഫാർമസിസ്റ്റുകളുടെയും ആരോഗ്യ പരിശീലകരുടെയുമെല്ലാം ജോലികൾ നിർവഹിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർക്ക് പക്ഷേ സുരക്ഷിതമായ തൊഴിൽ പരീരക്ഷയോ മറ്റു സർക്കാർ ആനുകൂല്യങ്ങളോ ഒന്നുംതന്നെ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. മിക്ക പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർക്കും ലഭിക്കുന്നത് മാസത്തിൽ 4000 രൂപയുടെ സ്റ്റൈപ്പൻഡ് മാത്രമാണ്. അതേസമയം കോവിഡ് 19 മഹാമാരിയുടെ കാലത്തും അതുപോലെതന്നെ ക്ഷയരോഗത്തിനും എയ്ഡ്‌സിനും മറ്റ് വിവിധ സാംക്രമിക രോഗങ്ങൾക്കും ഗർഭിണികളുടെയും അമ്മമാരുടെയും കുരുന്നുകളുടെയും ആരോഗ്യത്തിനും എല്ലാം പണിയെടുക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ രാജ്യത്തിനു വേണ്ടി ചെയ്യുന്നത് അത്രമേൽ സുപ്രധാനവും ഒഴിവാക്കാൻ ആവാത്തതുമായ സേവനമാണ്. അതുകൊണ്ടുതന്നെ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരുടെ പോരാട്ടം മറ്റ് ആരോഗ്യ പ്രവർത്തകരുടെ പോരാട്ടത്തിൽ നിന്ന് വേർതിരിച്ചു കാണാനാവില്ല. ഫാർമസിസ്റ്റുകളുടെ കടമ നിർവഹിക്കുവാൻ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ നിർബന്ധിതരാവുമ്പോൾ യഥാർത്ഥത്തിൽ അവരെ ചൂഷണം ചെയ്യുകയാണ് ഗവൺമെൻറ് ചെയ്യുന്നത്. ഈ വിഷയങ്ങൾ ഉയർത്തി കാണിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ തിരഞ്ഞെടുപ്പു കാലത്ത് കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരും അവരെ പിന്തുണയ്ക്കുന്ന സംഘടനകളും ചേർന്ന് ശക്തമായ സമരപരിപാടികൾ നടത്തുകയുണ്ടായി. ♦