Saturday, November 23, 2024

ad

Homeചിത്രകലസജീവമാകുന്ന സംഘചിത്രപ്രദർശനങ്ങൾ

സജീവമാകുന്ന സംഘചിത്രപ്രദർശനങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ചിത്രകലയെന്ന മാധ്യമത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ഇമേജുകൾ, പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിക്കുന്ന നിറച്ചാർത്തുകൾ, താളനിബദ്ധമായ രൂപമാതൃകകൾ ഇവയൊക്കെ ചേരുന്ന സവിശേഷവും വ്യത്യസ്‌തവുമായ കാഴ്‌ചകളൊരുക്കി വിവിധ ശൈലീസങ്കേതങ്ങളിലൂടെ സഞ്ചരിക്കുന്ന സംഘചിത്ര‐ശിൽപപ്രദർശനങ്ങൾ നിരവധി നടക്കുന്ന കാലമാണിത്‌. അനുഭവങ്ങളുടെ താദാത്മ്യം കലാകാരനും ആസ്വാദകനും തമ്മിൽ സമരസപ്പെടുംവിധമുള്ള കലാവിഷ്‌കാരങ്ങളും ഇത്തരം പ്രദർശനങ്ങളിൽ സംഭവിക്കുന്നു. അതിനു കാരണം വിവിധ ശൈലീസങ്കേതങ്ങളിലുള്ള ചിത്രങ്ങൾ ഈ പ്രദർശനങ്ങളെ സമ്പന്നമാക്കുന്നു എന്നതാണ്‌; മറ്റൊന്ന്‌ സാമാന്യജനങ്ങളിലേക്ക്‌ ചിത്രകല ഇറങ്ങിച്ചെല്ലാൻ ഒരു പരിധിവരെ സഹായകമാകുന്നു എന്നതും.

ഇക്കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്ത്‌ ശ്രദ്ധേയമായ നിരവധി ക്യൂറേറ്റർ ഷോകൾ സംഘടിപ്പിക്കുകയുണ്ടായി. ദേശീയതലത്തിൽ ശ്രദ്ധിക്കുന്നതുൾപ്പെടെ നിലവാരമുള്ള പ്രദർശനങ്ങളായിരുന്നു മിക്കതും. തിരുവനന്തപുരത്തു നടന്ന സംഘചിത്ര പ്രദർശനങ്ങളെക്കുറിച്ചാണിവിടെ പരാമർശിക്കപ്പെടുന്നത്‌. ഇക്കഴിഞ്ഞ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ലളിതകലാ അക്കാദമി ഗ്യാലറിയിൽ നടന്ന പ്രദർശനങ്ങൾ സംഘാടന മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു. റിഫ്‌ളക്‌ഷൻസ്‌ എന്നു പേരിട്ട ഇരുപതോളം കലാകാരർ പങ്കെടുത്ത ചിത്രപ്രദർശനമായിരുന്നു ഏപ്രിൽ മാസം. മറ്റൊന്ന്‌ മെയിൽ പഞ്ചമുഖി എന്ന പേരിലുള്ള അഞ്ചംഗ പ്രദർശനം.

ഒരാഴ്‌ച നീണ്ടുനിന്ന ‘റിഫ്‌ളക്‌ഷൻസ്‌’ പ്രദർശനം ചിത്രകാരരുടെ സംഘടനയായ ആർട്ട്‌ ആൻഡ്‌ ആർട്ടിസ്റ്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌. ചിത്രകാരനായ ഐസക്‌ നെല്ലാട്‌ ക്യൂറേറ്റ്‌ ചെയ്‌ത പ്രദർശനത്തിൽ കേരളത്തിലെ പ്രമുഖരായ ചിത്രകാരർ പങ്കെടുത്തിരുന്നു. നമ്മുടെ സംസ്‌കാരത്തിലൂന്നിയ കാഴ്‌ചകളിൽ മനുഷ്യനും പ്രകൃതിയും തമ്മിലുളള ബന്ധത്തെ ആഴത്തിൽ ദൃശ്യങ്ങളിലേക്ക്‌ ആവാഹിച്ചിരുന്നു. കലയുടെ ഉറവിടം ബാഹ്യവസ്‌തുവിലാണെന്ന കാഴ്‌ചപ്പാടിലുള്ള യഥാതഥമായ രൂപനിർമാണവും കല ആന്തരികമനസ്സിലാണെന്ന ബോധ്യത്തിലുള്ള ഭാവാവിഷ്‌കാരങ്ങളുമാണ്‌ വിവിധ ചിത്രങ്ങളിലൂടെ ദൃശ്യമാവുന്നത്‌. ടി ആർ ഉദയകുമാർ, മനോജ്‌ നാരായണൻ, വിജയകുമാർ, ഐസക്‌ തുടങ്ങിയവരുടെ രചനകൾ പ്രകൃതിയെ മാറ്റിനിർത്തി ചിന്തിക്കാനാവില്ലെന്ന്‌ ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു. നവീനമായ കാഴ്‌ചാനുഭവങ്ങൾ സ്വാംശീകരിക്കുന്ന പുതിയകാലത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണിവയൊക്കെ. യഥാതഥമായ ശൈലീസങ്കേതങ്ങളെ ചേർത്തുപിടിക്കുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. അനുഭവങ്ങളുടെ ഘോഷയാത്രയിൽ പ്രകൃതിയുടെ ആത്മാവിനെയും വശ്യതയെയും മനുഷ്യരെയും ചിത്രങ്ങളിലേക്ക്‌ ദൃശ്യാവിഷ്‌കാരം നടത്തിയ ബൈജുദേവ്‌, ശ്രീജ പള്ളം എന്നിവരുടെ ചിത്രങ്ങൾ എടുത്തുപറയേണ്ടതാണ്‌.

മെയ്‌മാസത്തിലാണ്‌ ‘പഞ്ചമുഖി’ അഞ്ചംഗ ചിത്രപ്രദർശനം നടന്നത്‌. മണ്ണുമായുള്ള മനുഷ്യന്റെ ബന്ധമാണ്‌ മനുഷ്യനെ മാനവികതാബോധത്തിലേക്ക്‌ ഉയർത്തുന്നതെന്ന്‌ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ്‌ പഞ്ചമുഖി ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. പ്രകൃതിയും സമൂഹവും ഉൾപ്പെടുന്ന ചുറ്റുപാടുകൾ തന്ന അനുഭവങ്ങളിൽനിന്ന്‌ സൂക്ഷ്‌മവും സ്ഥൂലവുമായ കലാംശത്തെ ഉൾക്കരുത്തോടെ അവതരിപ്പിക്കുന്നതാണ്‌ ജയപ്രകാശ്‌ പഴയിടത്തിന്റെ ചിത്രങ്ങൾ. ചിത്രതലങ്ങളിലെ ബിംബവിന്യാസങ്ങളിലൂടെയും രൂപങ്ങളിലെ ദൃശ്യാത്മകതയിലൂടെയും ലയിച്ചുചേരുന്ന അർഥതലങ്ങൾ പ്രദാനം ചെയ്യുന്നതാണ്‌ ഇദ്ദേഹത്തിന്റെ പുതിയ രചനകൾ. പ്രകൃതിയിലെ കലയുടെ സത്യങ്ങളും ലാവണ്യശാസ്‌ത്രവും ജ്യാമതീയ രൂപങ്ങളുമായി ഇഴചേർക്കുന്ന ചിത്രങ്ങളാണ്‌ രഹാന ഹബീബിന്റെ രചനകൾ. പ്രദീപ്‌ പേയാടൻ നമ്മുടെ ചുറ്റുപാടികളിലെ ജീവിതമുഹൂർത്തങ്ങളുടെ യഥാതഥമായ മായക്കാഴ്‌ചകൾ അവതരിപ്പിക്കുമ്പോൾ ബിജു അമ്പാടി റിയലിസത്തിന്റെ പൂർണതയ്‌ക്കാണ്‌ കൂടുതൽ പ്രാധാന്യം നൽകി തന്റെ ചിത്രങ്ങൾക്ക്‌ സൗന്ദര്യാത്മകമായ ശൈലി നൽകിയിരിക്കുന്നത്‌. ജലഛായ്‌ രചനകളുമായിട്ടാണ്‌ ഹരികുമാർ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നത്‌. സുതാര്യതയുടെ ലാവണ്യം പരുക്കൻ കടലാസിൽ ആവിഷ്‌കരിക്കുന്ന രചനാകൗശലം ഹരികുമാർ മനോഹരമാക്കിയിരിക്കുന്നു.

സമൂഹത്തെയും പ്രകൃതിയേയുമറിയുന്ന ഉത്തമവികാരങ്ങളുടെ പ്രതിനിധാനമാണ്‌ എല്ലാ കലകളും നിർവഹിക്കുന്നത്‌. കലാകാരൻ തന്റെ മൂർത്ത ജീവിതത്തിൽ അവയിലൂടെ ജീവിക്കുകയും ആസ്വാദകരിലേക്ക്‌ അവ എത്തിക്കുകയും ചെയ്യുന്നു. മറ്റൊന്ന്‌ വിഖ്യാത കലാകാരരുടെ രചനകൾ ആസ്വാദകർക്ക്‌ പരിചയപ്പെടുത്താനാവുന്നു. ഈ വഴിയിൽ സംഘചിത്ര പ്രദർശനങ്ങൾക്ക്‌ പ്രസക്തിയുണ്ട്‌. സംഘചിത്ര പ്രദർശനങ്ങൾ എല്ലാ വിഭാഗം ആസ്വാദകരെയും സ്വീകരിക്കുന്നു എന്നത്‌ ഏറെ പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ടുതന്നെ ക്യൂറേറ്റ്‌ ഷോകളും ഗ്രൂപ്പ്‌ പ്രദർശനങ്ങളും കൂടുതൽ സംഘടിപ്പിക്കപ്പെടുന്നു‐ ആസ്വാദകർ സ്വീകരിക്കുന്നു‐ ചിത്രങ്ങളുടെ വിൽപനയ്‌ക്ക്‌ അവസരമൊരുക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + 13 =

Most Popular