Thursday, November 21, 2024

ad

Homeവിശകലനം2024 തിരഞ്ഞെടുപ്പുകൾ: 
ഒറ്റനോട്ടത്തിൽ

2024 തിരഞ്ഞെടുപ്പുകൾ: 
ഒറ്റനോട്ടത്തിൽ

എം എ ബേബി

തിരഞ്ഞെടുപ്പു ഫലങ്ങൾ ഇതെഴുതുമ്പോഴും പൂർണ്ണമായി ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ (2014ലും 2019ലും) ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപിക്കും മോദിക്കും വ്യക്തമായ തിരിച്ചടി തന്നെയാണ് 2024. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇത്തവണ നഷ്ടമായി. കൂട്ടാളികളുമായി ചേർന്ന് ഭൂരിപക്ഷം തികയ്ക്കാമെന്നു മാത്രം.

കഴിഞ്ഞ തവണ വാരണസിയിൽ നാലേ മുക്കാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മാത്രം നേടിയാണ് ഇത്തവണ ജയിച്ചത്. മാത്രമല്ല ഏതാനും വട്ടം വോട്ടെണ്ണലിനിടയിൽ 9000 വോട്ടിനു വരെ മോദി പിന്നിൽ പോയ ഉദേ-്വഗജനകമായ നിമിഷങ്ങളും ഉണ്ടായി. അപ്പോൾ മോദിയുടെ ഹൃദയമിടിപ്പിന് എന്തു സംഭവിച്ചിട്ടുണ്ടാകും? ഒരുപക്ഷേ അദ്ദേഹം അവകാശപ്പെട്ടതുപോലെ ‘ദിവ്യജന്മ’മാണെന്നതിനാൽ ധ്യാനനിരതനായി ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും!

കഴിഞ്ഞ തവണ 303 സീറ്റു നേടിയ മോദിയുടെ ബിജെപി, ഇത്തവണ ഒറ്റയ്ക്ക് 370 സീറ്റും (ഭരണഘടനയിലെ 370–ാം വകുപ്പ് നിർവീര്യമാക്കിയതിന്റെ ഓർമ്മയ്ക്കായി!) മുന്നണിക്ക് 400ൽ അധികം സീറ്റുമാണ് ലക്ഷ്യമിട്ടത‍്. അതുരണ്ടും കേവലം മനക്കോട്ടകളായി മാറി. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 63 സീറ്റുകൾ 2024ൽ ബിജെപിക്ക് കുറഞ്ഞു. 20%ത്തിൽ അധികം കുറവ് ! കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ നരേന്ദ്രമോദിയും ബിജെപി നേതാക്കളും നടത്തിയ തുടർച്ചയായ (തിരഞ്ഞെടുപ്പ് ) പെരുമാറ്റച്ചട്ട ലംഘനങ്ങൾ തടയാനും കർശന നടപടികൾ സ്വീകരിക്കാനും മുതിർന്നിരുന്നുവെങ്കിൽ ഇപ്പോൾ നേടിയത്ര പോലും സീറ്റുകൾ ബിജെപിക്കു കിട്ടുമായിരുന്നില്ല. അത് വിശദമായി പിന്നീട് ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ്.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ എതിർക്കുന്നതിനായി രൂപീകരിച്ച ‘ഇന്ത്യ’ എന്ന വിശാല രാഷ്ട്രീയ സംവിധാനം അതിന്റെ പ്രവർത്തനപദ്ധതികൾ കൂടുതൽ സൂക്ഷ്മതയോടെയും രാഷ്ട്രീയ ബോധത്തോടെയും ദീർഘവീക്ഷണത്തോടെയും കെെകാര്യം ചെയ്തിരുന്നുവെങ്കിൽ 2024ൽ തന്നെ മോദിയുടെ ഫാസിസ്റ്റിക്ക് ആധിപത്യത്തെ സമ്പൂർണ്ണമായി പരാജയപ്പെടുത്തുവാൻ നമുക്ക് സാധിക്കുമായിരുന്നില്ലേ എന്ന് സ്വാഭാവികമായും ചിന്തിച്ചുപോകുന്നു. അതും കൂടുതൽ സ്ഥിതിവിവരക്കണക്കുകൾ ലഭിക്കുന്നതോടെ മാത്രം അപഗ്രഥിക്കാനാവുന്ന വിഷയമാണ്.

294 സീറ്റുകൾ ബിജെപി മുന്നണിക്ക് ലഭിച്ചു. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുവാൻ, 543 അംഗ ലോക്-സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകളിലേറെ എൻഡിഎ നേടിക്കഴിഞ്ഞു. അസാധാരണമായി, എൻഡിഎയിൽനിന്ന് ചേരി മാറ്റം ഉണ്ടായില്ലെങ്കിൽ (അതിന് തീരെ സാധ്യത ഇല്ലെന്നു തന്നെ ഇപ്പോൾ ഉറപ്പിക്കാം) ബിജെപി സർക്കാർ മൂന്നാമതും ഏതാനും ദിവസങ്ങൾക്കകം സത്യപ്രതിജ്ഞ ചെയ്യാൻ പോവുകയാണ്.

എക്സിറ്റ് പോൾ പ്രവചനങ്ങൾ എത്രമാത്രം അസംബന്ധപൂർണ്ണമായിരുന്നു എന്നുകൂടി വീണ്ടും തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്.

സേ-്വച്ഛാധിപത്യപാതയിലൂടെ നീങ്ങിവന്ന നരേന്ദ്ര മോദിക്കും ബിജെപിക്കും ശക്തമായ ഒരു താക്കീതാണ് ഈ തിരഞ്ഞെടുപ്പു -ഫലം നൽകിയിരിക്കുന്നത്. എങ്കിലും ബിജെപിയും ആർഎസ്എസ്സും ഇപ്പോഴും കരുത്തുള്ള വലിയ ഒരു പ്രതിലോമ ഭീഷണിയായി തുടരുന്നുണ്ട് എന്നതു മറന്നുകൂടാ. മാത്രമല്ല, ലോക്-സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ അരുണാചൽപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ ഒറ്റയ്ക്കോ, സഖ്യശക്തികളുമായി ചേർന്നോ ഗവൺമെന്റ് രൂപീകരണത്തിൽ നേതൃത്വം നൽകാനോ, പങ്കാളിയാകാനോ ബിജെപിക്കു സാധിക്കുന്നതാണ്.

ചുരുക്കത്തിൽ വർഗീയ ഫാസിസ്റ്റ് ഭീഷണി ഇപ്പോഴും രാജ്യത്ത് പൊതുവേ വിഷം വമിച്ചുകൊണ്ട് തുടരുകയാണ്. അതിന്റെ ആപത്ത് ഗുരുതരമാണ്. എന്നാൽ യോജിപ്പോടെ ബുദ്ധിപൂർവം നീങ്ങിയാൽ ജനങ്ങളെ അണിനിരത്തി പറ്റെ പരാജയപ്പെടുത്താവുന്നതാണ് ഈ വർഗീയ – ഫാസിസ്റ്റ് ഭീകരത എന്ന് 2024ന്റെ അനുഭവം വ്യക്തമാക്കുന്നു.

2019ൽ രണ്ടാം വട്ടം വർദ്ധിച്ച സ്വാധീനം നേടി ഭരണാധികാരത്തിൽ വന്ന മോദി സർക്കാർ വർഗീയ രാഷ്ട്രീയ വിഭജന പദ്ധതിയുടെ ഭാഗമായി പല ജനാധിപത്യവിരുദ്ധ നടപടികളും സ്വീകരിച്ചു. ഭരണഘടനയുടെ അനുഛേദം 370 നിർവീര്യമാക്കി, ജമ്മു & കാശ്മീരിനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി തരംതാഴ്ത്തി. പൗരത്വഭേദഗതി നിയമം കൊണ്ടുവന്നു, ഏക സിവിൽകോഡ് നിയമഭേദഗതികൾ സംസ്ഥാന സർക്കാരുകൾ വഴി ബിജെപി അവതരിപ്പിച്ചു. അതിനുപുറമെ അയോദ്ധ്യയിൽ വലിയ ആഘോഷങ്ങളോടെ രാമക്ഷേത്ര നിർമാണം ഉദ്ഘാടനം ചെയ്യാൻ നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തി. പിന്നീട് രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതിനുമുമ്പുതന്നെ, 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പു പ്രചാരണം ലക്ഷ്യം വച്ചുകൊണ്ട്; തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് 2024 ജനുവരി 22ന് ‘‘പ്രാണപ്രതിഷ്ഠ’’ എന്നൊരു ചടങ്ങും മോദി പങ്കെടുത്തുകൊണ്ട് സംഘടിപ്പിച്ചു. പ്രധാനമന്ത്രിയോ രാഷ്ട്രീയ നേതാക്കളോ പങ്കെടുത്തല്ലാതെ തികച്ചും മതപരമായി മാത്രം നടത്തേണ്ടിയിരുന്ന ആ ചടങ്ങുമായി ബന്ധപ്പെട്ട് വിവാദ സൃഷ്ടി മാത്രം ലക്ഷ്യം വച്ചു കൊണ്ട് ദേശീയ പാർട്ടി നേതാക്കളെ ക്ഷണിക്കുന്ന സാഹചര്യവുമുണ്ടായി. മതേതര രാഷ്ട്ര തത്വങ്ങൾക്കു നിരക്കുന്നതല്ല പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടു നടക്കുന്ന രാഷ്ട്രീയവൽക്കരണവും അതിലെ പ്രധാനമന്ത്രിയുടെ നേതൃത്വപങ്കും എന്ന് സിപിഐ എം ഉൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടികൾ വിമർശിച്ചപ്പോൾ ബിജെപി അതിനെ ദുർവ്യാഖ്യാനം ചെയ്തു. ‘‘ഞങ്ങൾ രാമനെ ആരാധിക്കുമ്പോൾ പ്രതിപക്ഷം രാമനെ അനാദരിച്ചു’’ എന്ന ബാലിശമായ ആരോപണം മോദിയും ആർഎസ്എസ്സും ഉയർത്തി.

സാംസ്കാരിക ദേശീയത എന്നപേരിലാണ് ഹിന്ദുരാഷ്ട്രസ്ഥാപനമെന്ന വിധ്വംസകരാഷ്ട്രീയപദ്ധതി രാഷ്ട്രീയ സ്വയംസേവക് സംഘ് അവതരിപ്പിക്കുന്നത്.
സാമൂഹ്യവിരുദ്ധമായ അക്രമ രാഷ്ട്രീയത്തോടൊപ്പം പുറമേസാംസ്കാരികമെന്നുതോന്നുന്ന ചിലപരിപാടികളും അവർ നടത്തുന്നുണ്ട്. ബാലഗോകുലം എന്നത് ഒരു ഉദാഹരണമാണ്.

ജനാധിപത്യ സാംസ്കാരികപ്രയോഗങ്ങളിലൂടെ ജനകീയ രാഷ്ട്രീയ ബോധവൽക്കരണവും സാംസ്കാരിക രാഷ്ട്രീയ ഇടപെടലുകളും നിരന്തരം നടത്തിക്കൊണ്ടു മാത്രമേ ആർ എസ്സ് എസ്സിന്റെ വെറുപ്പിന്റെ രാഷ്ട്രീയപ്രയോഗങ്ങളെ നേരിടാനും പരാജയപ്പെടുത്താനും ആവുകയുള്ളു. ഇക്കാര്യം ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും ഗൗരവപൂർവം തിരിച്ചറിഞ്ഞ് , അധികമധികം വിശാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട ഒന്നാണ് സാംസ്കാരിക രംഗം.

വർഗീയ വേർതിരിവുകൾ ബോധപൂർവം വളർത്തിയെടുക്കുന്നതിന്റെ തുടർച്ചയായി നഗ്നമായ മുസ്ലീം ന്യൂനപക്ഷ വിരുദ്ധ അധിക്ഷേപങ്ങൾ നരേന്ദ്രമോദിയിൽനിന്നും തിരഞ്ഞെടുപ്പു പ്രചാരണവേളയിലുടനീളം ഉണ്ടായി.

തരംതാണ ഇത്തരം അടവുകൾക്കെതിരെ ഉത്തരേന്ത്യയിലെ സാധാരണക്കാരായ ജനത നൽകിയ പ്രഹരമാണ് ഉത്തർപ്രദേശിൽ ബിജെപിക്കുണ്ടായ അപ്രതീക്ഷിത പരാജയം. പുതിയ അയോദ്ധ്യാക്ഷേത്രം നിലകൊള്ളുന്ന പാർലമെന്റ് മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ടുള്ള സമാജ്-വാദി (സോഷ്യലിസ്റ്റ്) പാർട്ടി സ്ഥാനാർഥിയുടെ വിജയം അതുകൊണ്ടുതന്നെ വളരെ വളരെ സുപ്രധാനമാണ്.

ബിജെപിയും നരേന്ദ്രമോദിയും വർഗീയത കുത്തിയിളക്കുന്നതും, കപട അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതുമായ സമീപനം തിരഞ്ഞെടുപ്പുവേളയിൽ പിന്തുടർന്നപ്പോൾ ‘ഇന്ത്യാ രാഷ്ട്രീയവേദി’ ജനങ്ങളുടെ ജീവൽപ്രധാനങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക–വ്യാവസായികത്തകർച്ച, സമ്പത്തിന്റെ കേന്ദ്രീകരണം തുടങ്ങിയ കാര്യങ്ങളും ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണവുമാണ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. മറുവശത്ത് കുത്തകമാധ്യമങ്ങളുടെ പൂർണ പിന്തുണയോടെ ശതകോടീശ്വരൻമാർ സമ്മാനിച്ച അതിഭീമമായ തുക കോരിച്ചൊരിഞ്ഞ്, ഗുണ്ടാസംഘങ്ങളുടെ പേശീബലം ഉപയോഗിച്ചാണ് സംഘപരിവാർ തിരഞ്ഞെടുപ്പു പ്രവർത്തനം സംഘടിപ്പിച്ചത്. അതോടൊപ്പം കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പു കമ്മീഷനെയും വൻതോതിൽ ദുരുപയോഗപ്പെടുത്താനും മോദി ഭരണം മടിച്ചില്ല.

ഇതെല്ലാം അതിജീവിച്ചുകൊണ്ട് ‘ഇന്ത്യാ രാഷ്ട്രീയവേദി’ നടത്തിയ തിരഞ്ഞെടുപ്പു പ്രവർത്തനം അഭിമാനകരമായ ഫലമാണ് നൽകിയത്. സേ-്വച്ഛാധിപതികൾ അജയ്യരല്ല എന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടു. എന്നാൽ സമരം വിജയശ്രീലാളിതമാകാൻ ഇനിയും ശ്രദ്ധയോടെയും കരുതലോടെയും പൊരുതേണ്ടതുണ്ട്.

ഇടതുപക്ഷത്തിന്റെ പ്രകടനം
2024ലെ തിരഞ്ഞെടുപ്പിൽ മൂന്നു മുഖ്യലക്ഷ്യങ്ങളാണ് സിപിഐ എം മുന്നോട്ടുവച്ചത്. രാജ്യത്തെ സർവനാശത്തിലേക്കു നയിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിന് അറുതികുറിക്കുക; ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ബദൽ മതേതര സർക്കാർ നിലവിൽ കൊണ്ടുവരിക, ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഇന്ത്യൻ പാർലമെന്റിൽ കാര്യമായി വർധിപ്പിക്കുക എന്നിവയാണ് അത്. ശക്തമായ രാഷ്ട്രീയപോരാട്ടത്തിലൂടെ ഒന്നും രണ്ടും ലക്ഷ്യങ്ങൾ നേടാൻ ഒരു പരിധിവരെ ശ്രദ്ധേയമായ മുന്നേറ്റം നടത്താനായെങ്കിലും ബദൽ ഗവൺമെന്റിനുള്ള സാധ്യതകൾ തൽക്കാലമില്ല എന്നും ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കപ്പെടാനാണ് സാധ്യത എന്നും ഏറക്കുറെ വ്യക്തമാണ്.

മൂന്നാമത്തെ ലക്ഷ്യമായ ഇടതുപക്ഷ ശക്തിയുടെ കാര്യത്തിൽ വളരെ നേരിയ പുരോഗതി കെെവരിക്കാനായിട്ടുണ്ട്. കഴിഞ്ഞ ലോക്-സഭയിൽ തമിഴ്നാട്ടിൽനിന്നും കേരളത്തിൽ നിന്നുമായി ഇടതുപക്ഷത്തിന് അഞ്ച് അംഗങ്ങൾ (തമിഴ്നാട് : 2 വീതം സിപിഐ എം, സിപിഐ; കേരളം 1 സിപിഐ എം ആണ് ഉണ്ടായിരുന്നത്. അത് ഇത്തവണയും തുടരുന്നു. അതിനു പുറമേ ഹിന്ദി മേഖലയിൽനിന്ന് പുതുതായി 3 പേർ കൂടി (ബീഹാർ–സിപിഐ (എംഎൽ)ന് 2 പേർ, രാജസ്താനിൽ നിന്ന് സിപിഐ എമ്മിന് 1 ആൾ) വിജയിച്ചിട്ടുണ്ട്. ബീഹാറിൽ, സിപിഐ (എം.എൽ), സിപിഐ എം, സിപിഐ എന്നീ ഇടതുപക്ഷ പാർട്ടികൾ ഇതിനു പുറമേ ഓരോ മണ്ഡലങ്ങളിൽ ശക്തമായി പോരാട്ടം നടത്തുകയുമുണ്ടായി.

പശ്ചിമബംഗാളിൽ ഇത്തവണ ഇടതുപക്ഷവും കോൺഗ്രസ്സും പരസ്പരം ധാരണയിലാണ് മത്സരിച്ചത്. അത് മത്സരരംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലിം മുർഷിദാബാദ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. പരാജയപ്പെട്ടെങ്കിലും അഞ്ചുലക്ഷത്തി പതിനെണ്ണായിരത്തി ഇരുനൂറ്റി ഇരുപത്തിയേഴ് വോട്ട് നേടാൻ അദ്ദേത്തിന് കഴിഞ്ഞു. ഇടതുപക്ഷ പിന്തുണയോടെ ഒരു കോൺഗ്രസ്സ് സ്ഥാനാർഥി പശ്ചിമബംഗാളിൽ മാൽദയിൽ വിജയിക്കുകയും ചെയ്തു.

കേരളത്തിൽ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ആലത്തൂർ മണ്ഡലത്തിൽ കെ രാധാകൃഷ്ണൻ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണ ജയിച്ച ആലപ്പുഴ മണ്ഡലം നിലനിർത്താനായില്ല. ആറ്റിങ്ങൽ മണ്ഡലത്തിൽ വി ജോയി വെറും 648 വോട്ടിനാണ് പരാജയപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർഥികൾക്കുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി എല്ലാ തലങ്ങളിലും ആവശ്യമായ തിരുത്തലുകൾ വരുത്തിയാൽ മാത്രമേ ഇന്ത്യയുടെ തന്നെ പ്രതീക്ഷയായി വളരേണ്ട ഇടതുപക്ഷത്തിന് സ്വന്തം കർത്തവ്യങ്ങൾ നിറവേറ്റാനാവുകയുള്ളൂ. അതിന് സത്യസന്ധവും നിർഭയവുമായ വിമർശനവും സ്വയം വിമർശനവും നടത്താൻ എൽഡിഎഫിലെ ഓരോ പാർട്ടിയും വിശേഷിച്ച് സിപിഐ എം തയ്യാറാവുക തന്നെ ചെയ്യും.

ആർ സച്ചിതാനന്ദം (ദിണ്ടിഗൽ, തമിഴ്നാട്)

കേരളത്തിലെ ഇടതുപക്ഷ പരാജയം പോലെ പ്രയാസമുണ്ടാക്കുന്നതാണ് ബിജെപിക്ക് ആദ്യമായി ലോക്-സഭയിലേക്ക് ഒരാളെ ജയിപ്പിക്കാൻ കഴിഞ്ഞത്. അഞ്ചുവർഷം മുമ്പ് അവിടെ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ടിൽ ഇത്തവണ കുറവൊന്നുമുണ്ടായിട്ടില്ല. യുഡിഎഫ് വോട്ടിൽ കാണാവുന്ന ഭീമമായ ഇടിവാണ് ബിജെപി സ്ഥാനാർഥിയുടെ ഭൂരിപക്ഷമായി മാറിയിരിക്കുന്നത്. ഇതിൽനിന്നു കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ അതിന് കോൺഗ്രസ്സിനെയും യുഡിഎഫിനെയും പഴി പറയുന്നതുകൊണ്ടു മാത്രമായില്ല. എങ്ങനെയാണ് ബിജെപിക്ക് കേരളത്തിൽപ്പോലും ഇപ്രകാരം സ്വാധീനം വർധിപ്പിക്കാനാവുന്നത് എന്ന അസ്വസ്ഥജനകമായ കാര്യം ഇഴപിരിച്ചു പരിശോധിച്ച് ആവശ്യമായ പ്രതിവിധികൾ കണ്ടെത്തിയില്ലെങ്കിൽ ‘പ്രബുദ്ധ കേരളം’ തുടങ്ങിയ ഭാഷാപ്രയോഗങ്ങൾ തന്നെ റദ്ദാക്കപ്പെടുന്ന ദുരവസ്ഥ കൂടുതൽ ശക്തമാകാം.

തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവു നടത്തിയ ഒട്ടേറെ അനുഭവങ്ങൾ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുണ്ടെന്ന് ചരിത്രബോധമുള്ളവർക്കറിയാം. അതിനാവശ്യമായ സൂക്ഷ്മപഠനവും വിമർശന– സ്വയം വിമർശനങ്ങളും ഉചിതമായ തിരുത്തലുകളും വിവിധ തലങ്ങളിൽ നിർവഹിക്കുവാൻ നാം തയ്യാറാവുകയാണ് വേണ്ടത്.

ഫാസിസ്റ്റ് ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിക്കെതിരെ അഖിലേന്ത്യാതലത്തിൽ വർഗീയവിരുദ്ധ ശക്തികളുടെ വിസ്തൃതമായ വേദി വളർത്തിയെടുക്കുന്നത് മർമ്മ പ്രധാനമായ കടമയാണ്. ബിജെപിയെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുന്നതുകൊണ്ടുമാത്രം പൂർത്തിയാവുന്ന കടമയുമല്ല അത്. വർഗീയ ഫാസിസ്റ്റ് ബോധം സാമാന്യബോധമായി സമൂഹത്തിന്റെ പേശികളിലും കോശങ്ങളിലും ഒരു നൂറ്റാണ്ടോളം അവർ നടത്തിയ വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ പ്രസരിപ്പിച്ചിട്ടുണ്ട്. നാട്ടിലെ വലിയ വിഭാഗം ജനങ്ങളുടെ ധമനികളെ വർഗീയ വിഷമുക്തമാക്കാനുള്ള സൂക്ഷ്മവും വ്യാപകവുമായ ശ്രമങ്ങൾ നിരന്തരം ഏറ്റെടുത്തു മുന്നോട്ടുകൊണ്ടു പോകണം. എല്ലാ മേഖലകളിലും ആ പോരാട്ടങ്ങൾ നടക്കണം. അതിന് രാഷ്ട്രീയവും സാംസ്കാരികവുമായ തലങ്ങളുണ്ട്. വർഗീയവിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പലതും ഇതിന്റെ ഗൗരവം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല.

ശക്തമായ ഇടതുപക്ഷസ്വാധീനം രാജ്യത്തും പാർലമെന്റിലും ഉറപ്പാക്കിയാലേ സംഘപരിവാർ ശക്തികൾക്ക് നിർണായകമായ പരാജയം ഉറപ്പുവരുത്താനാകൂ. അതുപോലെ, ഇന്ത്യൻ രാഷ്ട്രീയവേദിയിലെ വലിയ കക്ഷിയായ കോൺഗ്രസിന്റെ ബഹുമുഖദൗർബല്യങ്ങളാണ് മോദിക്ക് ഏറ്റ തിരിച്ചടി, സംഘപരിവാറിന്റെ സമ്പൂർണ തിരഞ്ഞെടുപ്പു പരാജയമായി വികസിക്കാതെ പോകാൻ ഒരു കാരണം. ശക്തമായ ഒരു ഇടതുപക്ഷത്തിന് മാത്രമേ ഇന്ത്യാ വേദിയുടെ രാഷ്ട്രീയ പരിമിതികളെ മറികടക്കാനുള്ള ഇടപെടലുകൾ നടത്താനും സ്വാധീനം ചെലുത്താനും കഴിയൂ. ആകയാൽ, അത്തരത്തിൽ ഇന്ത്യയാകെ ശക്തമായ ഇടതുപക്ഷ സ്വാധീനം വളർത്തിയെടുക്കേണ്ടുന്ന ഉത്തരവാദിത്വത്തെക്കുറിച്ച് ഇടതുപക്ഷത്തേയും ജനങ്ങളേയും വീണ്ടും ഓർമ്മിപ്പിക്കുന്ന ഒന്നാണ് ഈ തിരഞ്ഞെടുപ്പ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − 6 =

Most Popular