Saturday, July 27, 2024

ad

Homeകവര്‍സ്റ്റോറിഗാന്ധിജിയുടെ രക്തസാക്ഷിത്വം 
നമ്മെ ഓർമ്മിപ്പിക്കുന്നത്

ഗാന്ധിജിയുടെ രക്തസാക്ഷിത്വം 
നമ്മെ ഓർമ്മിപ്പിക്കുന്നത്

പിണറായി വിജയൻ

ബിജെപിയുടെ തനിനിറം കൂടുതൽ വ്യക്തമായ സന്ദർഭമായിരുന്നു കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പ്. നവഉദാരവൽക്കരണ വികസനത്തിന്റെ പതിവു വാചാടോപങ്ങളെല്ലാം ഒഴിവാക്കി തിരഞ്ഞെടുപ്പു പ്രചാരണത്തെ വർഗീയതയുടെ പ്രചാരണമാക്കി മാറ്റി. സിഎഎയും അയോദ്ധ്യയും കശ്മീരുമെല്ലാം പ്രധാന വിഷയങ്ങളായി. മുസ്ലീം സമുദായത്തിനെതിരെ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഇന്ത്യൻ ജനാധിപത്യത്തേയും മതനിരപേക്ഷതയേയും പൂർണ്ണമായി തള്ളിക്കളഞ്ഞ ബിജെപി രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ തള്ളിക്കളഞ്ഞു. അതിനോടുള്ള അവരുടെ അജ്ഞതയും അവജ്ഞയും ജനങ്ങൾ തിരിച്ചറിഞ്ഞ ഘട്ടമായിരുന്നു ഇത്.

മഹാത്മാ ഗാന്ധിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ മോദി നടത്തിയ പരാമർശം ആ യാഥാർത്ഥ്യം അരക്കിട്ടുറപ്പിച്ചു. മഹാത്മാ ഗാന്ധിയെക്കുറിച്ച് ലോകമറിയാൻ റിച്ചാർഡ് ആറ്റൻബറൊ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന സിനിമ വേണ്ടി വന്നു എന്ന പ്രസ്താവന അദ്ദേഹം നടത്തുകയുണ്ടായി. അതിനു മുൻപ് മഹാത്മാ ഗാന്ധിയെ ലോകത്തിനു വലിയ പരിചയമുണ്ടായിരുന്നില്ലത്രെ! ചരിത്ര പുസ്തകങ്ങൾ തിരുത്തി തങ്ങളുടെ സാങ്കല്പിക ഭൂതകാലവും വർഗീയ ആശയങ്ങളും പ്രചരിപ്പിക്കുന്നവരിൽ നിന്നും ഇത്തരം പ്രസ്താവനകൾ അപ്രതീക്ഷിതമല്ല. എങ്കിലും ഇരുപതാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും ഐതിഹാസികമായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ, ഇന്നും ലോകമാകെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായ മഹാത്മാ ഗാന്ധിയെക്കുറിച്ച് സ്വയം ‘വിശ്വഗുരു’ എന്നു പരസ്യം ചെയ്യുന്ന പ്രധാന മന്ത്രി നടത്തിയ പ്രസ്താവന രാജ്യത്തിനാകെ നാണക്കേടായി.

ആധുനിക ഇന്ത്യ പടുത്തയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാ ഗാന്ധി. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ആ മൂല്യങ്ങൾ. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമാകട്ടെ ഈ മൂല്യങ്ങളുടെ നിരാസവും. അതുകൊണ്ടു തന്നെ സംഘപരിവാറിന്റെ ഏറ്റവും പ്രധാന ശത്രുവായി ഗാന്ധിജി മാറുകയുണ്ടായി. മരണത്തിനും തോല്പിക്കാനാകാത്ത ആ വ്യക്തി പ്രഭാവത്തെ അവരിന്നും ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഗാന്ധിയെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ. മോഡിയുടെ പരാമർശങ്ങളും സമാന താല്പര്യം ഉന്നം വച്ചുള്ളതാണ്. ജനങ്ങൾക്കിടയിൽ ഗാന്ധിജിയ്ക്കുള്ള സ്വാധീനത്തേയും മതിപ്പിനേയും ഇല്ലാതാക്കുന്നതിലൂടെ അദ്ദേഹം സമൂഹത്തിനു പകർന്ന ഉന്നത മൂല്യങ്ങളേയും നശിപ്പിക്കാം എന്നാണ് സംഘപരിവാർ വ്യാമോഹിക്കുന്നത്.

മനുഷ്യനെ വേർതിരിക്കുന്ന എല്ലാ വേലിക്കെട്ടുകൾക്കും അതീതമായി സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് സ്വന്തം ജനതയെ ചേർത്തു നിർത്താനാണ് മഹാത്മാ ഗാന്ധി അവസാന നിമിഷം വരേയും ശ്രമിച്ചത്. തങ്ങളുടെ മുൻപിലെ ഏറ്റവും പ്രധാന പ്രതിബന്ധം ഗാന്ധിയാണെന്ന ബോധ്യമായിരുന്നു ഹിന്ദു വർഗീയ ശക്തികൾക്ക് അദ്ദേഹത്തെ വധിക്കാനുള്ള പ്രേരണ നൽകിയത്.

ഈ സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യനെക്കുറിച്ചായിരുന്നു മഹാത്മാ ഗാന്ധി എക്കാലവും ആലോചിച്ചിരുന്നത്. അവരുടെ കണ്ണീരൊപ്പാനായിരുന്നു അദ്ദേഹം ജീവിതം മാറ്റി വച്ചത്. കർഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്. ഇന്ത്യയിൽ ഗാന്ധിജി നേതൃത്വം നൽകിയ ആദ്യത്തെ സമരം ചമ്പാരനിലെ കർഷക സമരമായിരുന്നു. മദ്ധ്യവർഗത്തിന്റെ കൈകളിൽ പെട്ട് തണുത്തു കിടന്നിരുന്ന ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ സൂര്യനുറങ്ങാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച ബഹുജന മുന്നേറ്റമായി മാറ്റിയത് ഗാന്ധിജിയുടെ നേതൃത്വമായിരുന്നു. സാധാരണ ജനങ്ങളുടെ ഹൃദയത്തെ അദ്ദേഹം സ്പർശിച്ചു. അവരുടെ ജീവൽ പ്രശ്നങ്ങൾ അദ്ദേഹം ഏറ്റെടുത്തു. ദേശീയ സമരം ജനങ്ങളുടെ വിമോചന സമരമായി വികസിച്ചു.

അവരനുഭവിച്ച ചൂഷണങ്ങൾക്കെതിരെ ഉറക്കെ ശബ്ദമുയർത്താൻ ഗാന്ധി മുന്നിൽ നിന്നു. ഇതിലൂടെ എല്ലാ ജനവിഭാഗങ്ങൾക്കും സമ്മതനായ നേതാവായി അദ്ദേഹം വളർന്നു. ഇന്ത്യ പോലെ അസഖ്യം ഉപദേശീയതകളും ഭാഷകളും പ്രാദേശിക സംസ്കാരങ്ങളും ഉള്ള ഒരു വിശാല ഭൂപ്രദേശത്ത് സർവ്വ സ്വീകാര്യനായ നേതാവായി മാറുക എന്നത് പ്രയാസകരമായിരുന്നു. പക്ഷേ, ജനകീയവും ആദർശധീരവുമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ രാജ്യത്തിന്റെയാകെ വിശ്വാസവും സ്നേഹവും പിടിച്ചുപറ്റാൻ ഗാന്ധിജിയ്ക്ക് സാധിച്ചു.

ഗാന്ധിജിയുടെ പ്രഭാവം അക്കാലയളവിൽ ഇന്ത്യയ്ക്ക് പുറത്തോട്ടും വ്യാപിക്കുകയുണ്ടായി. ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും നടന്ന സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യ സമരങ്ങൾക്ക് അദ്ദേഹത്തിന്റെ ആശയങ്ങൾ ഊർജ്ജം പകർന്നു. ദക്ഷിണാഫ്രിക്കയിൽ വർണ്ണ വിവേചനത്തിനെതിരെ നടന്ന സമരങ്ങൾക്കും അമേരിക്കയിൽ ആഫ്രിക്കൻ വംശജർ നേരിട്ട വംശീയതയ്ക്കെതിരെ നടന്ന സമരങ്ങൾക്കും ഗാന്ധിജി പ്രചോദനമായി മാറി. നെൽസൺ മണ്ടേലയും മാർട്ടിൻ ലൂതർ കിംഗും ഉൾപ്പെടെ വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഒരുപാടുപേർ ഗാന്ധിജി അവരിൽ ചെലുത്തിയ സ്വാധീനം പങ്കു വയ്ക്കുകയുണ്ടായി. അനീതികൾക്കെതിരെ എവിടെയൊക്കെ പോരാട്ടങ്ങൾ നടക്കുന്നുവോ അവിടെയെല്ലാം ഗാന്ധിയൻ ആശയങ്ങൾ ഇന്നും വിശദമായി ചർച്ച ചെയ്യപ്പെടുന്നു. യുദ്ധങ്ങൾക്കെതിരെ ലോകത്താകെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ മഹാത്മാഗാന്ധി ഇന്നും പ്രചോദനമാണ്.

ലോകപ്രശസ്തമായ ടൈം മാഗസിന്റെ ‘മാൻ ഓഫ് ദ ഇയർ’ ആയി മഹാത്മാഗാന്ധി തെരഞ്ഞെടുക്കപ്പെടുന്നതും മാഗസിന്റെ കവർ ചിത്രമാകുന്നതും 1931-ലാണ്. അതിനു മുൻപ് 1930-ലും പിന്നീട് 1947-ലും ഗാന്ധിജി ടൈം മാഗസീന്റെ കവർ ചിത്രം ആവുകയുണ്ടായി. പിന്നീട് ഒരുപാടു വർഷങ്ങൾ കഴിഞ്ഞ് 1982-ലാണ് ഗാന്ധി സിനിമ റിലീസ് ആകുന്നത് എന്നോർക്കണം. അതിനു മുൻപ് നോബൽ പുരസ്കാരത്തിനും അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. എണ്ണമറ്റ പുസ്തകങ്ങളും ലേഖനങ്ങളും ഗാന്ധിജിയെക്കുറിച്ച് ലോകത്തെല്ലായിടത്തും എഴുതപ്പെട്ടു. അനവധി നാടുകളിലെ പാഠപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ ചരിത്രം ഇടം പിടിച്ചു. ആ ഗാന്ധിജിയെക്കുറിച്ച് 1982നു മുൻപ് ലോകം അജ്ഞമായിരുന്നു എന്നാണ് നരേന്ദ്ര മോദി പറയുന്നത്!

സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ദേശീയതയുടെ നേർ വിരുദ്ധമായ ദേശീയതയാണ് മഹാത്മാ ഗാന്ധി ഉയർത്തിപ്പിടിച്ചത്. അടിമതുല്യരായിരുന്ന ഒരു ജനതയുടെ വിമോചന പ്രത്യയശാസ്ത്രമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ച ദേശീയത. ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും വർഗവൈരുദ്ധ്യങ്ങൾക്കും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജിയുടെ ദേശീയതയുടെ അടിസ്ഥാനശില. അതുകൊണ്ട് മോഡിയ്ക്കും സംഘപരിവാറിനും ഒരിക്കലും അദ്ദേഹത്തെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ സാധിക്കില്ല.

ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ മുമ്പിലുള്ള വലിയ ഉത്തരവാദിത്വമാണ്. അത് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്നതാണ്; ജനാധിപത്യ വിരുദ്ധ ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ്; വർഗീയ ചിന്താഗതികളെ സമൂഹത്തിൽ നിന്നു വേരോടെ പിഴുതെറിഞ്ഞ് സ്നേഹവും സാഹോദര്യവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കുക എന്നതാണ്. ഗാന്ധിജിയെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നടത്തുന്ന കുടിലശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കേണ്ട ഉത്തരവാദിത്വം എല്ലാ ജനാധിപത്യ വിശ്വാസികൾക്കുമുണ്ട്. മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന സംഘപരിവാർ ദേശീയതയെ തകർത്ത് സർവ്വരേയും ഉൾക്കൊള്ളുന്ന വിമോചനാത്‌മകമായ ദേശീയതയെ നമുക്ക് പകരം പ്രതിഷ്ഠിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 8 =

Most Popular