Tuesday, June 18, 2024

ad

Homeകവര്‍സ്റ്റോറിആറ്റൻബറോയുടെ ഗാന്ധിയും 
മോദിയുടെ ചിത്രീകരണവും

ആറ്റൻബറോയുടെ ഗാന്ധിയും 
മോദിയുടെ ചിത്രീകരണവും

കെ എൻ ഗണേശ്

ലച്ചിത്രകാരനായ റിച്ചാർഡ് ആറ്റൻബറോ 1982ൽ പുറത്തിറക്കിയ ‘ഗാന്ധി’ സിനിമയിലൂടെയാണ് മഹാത്മാഗാന്ധിയെ ലോകജനത അറിഞ്ഞതെന്ന നരേന്ദ്രമോദിയുടെ പരാമർശം ഒരു കോളി‍ളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഗാന്ധിജിയെ പരിഹസിക്കാനും അദ്ദേഹത്തിന്റെ സാർവലൗകിക പ്രശസ്തിയെ ഇകഴ്ത്തിക്കാണിക്കാനുമാണ് ഈ പരാമർശം നടത്തിയതെന്നാണ് വിമർശനം. ഗാന്ധിജിയെ വധിച്ച വിഭാഗത്തിന്റെ പ്രതിനിധിക്ക് ഇതിലപ്പുറമൊന്നും പറയാൻ സാധിക്കില്ല. മോദിയും ബിജെപിയും ഇടയ്ക്കിടെ പ്രദർശിപ്പിക്കുന്ന ഗാന്ധിഭക്തിയുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഈ പരാമർശമെന്നും വിലയിരുത്തപ്പെടുന്നു.

ലോകപ്രശസ്തരായ രാഷ്ട്രീയപ്രവർത്തകരെയും മനീഷികളെയും കലാപ്രവർത്തകരെയും സിനിമകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അവ മിക്കവാറും വമ്പിച്ച പ്രദർശന വിജയം നേടിയിട്ടുമുണ്ട്. ‘ഗാന്ധി’ കൂടാതെ ചാർലി ചാപ്ലിന്റെ ‘ദ ഗ്രേറ്റ് ഡിറ്റേക്ടർ’, ഒലിവർ സ്റ്റോണിന്റെ ‘ജെഎഫ്കെ’, ഇപ്പോൾ വന്ന ‘എ ബ്യൂട്ടിഫുൾ മെെൻഡ്’, ക്രിസ്റ്റഫർ നോളാന്റെ ‘ഓപ്പൻ ഹെെമർ’ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവയെല്ലാം വിജയിച്ചത് ചലച്ചിത്രകാരരുടെ കഴിവ് കൊണ്ടാണെന്നതിൽ സംശയമില്ല. ഇത്തരം ജീവചരിത്ര പ്രമേയങ്ങൾ ചലച്ചിത്രങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്നതുതന്നെ അവർക്ക് നേരത്തെ തന്നെ ലഭിച്ച ജനപ്രിയതകൊണ്ടാണ്, അവരുടെ ജനപ്രിയത ഗുണപരമായോ ദോഷപരമായോ ചലച്ചിത്രകാരർക്ക് വഴങ്ങുമെന്നതുകൊണ്ടാണ്. ചലച്ചിത്രം ഒരു നിശിതവിമർശനായുധമായും മാറാമെന്നതിന് ചാപ്ളിന്റെ ‘‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’’ തന്നെ ഉദാഹരണം. ചുരുക്കത്തിൽ ഗാന്ധിജിയുടെ ജനപ്രിയത ആറ്റൻബറോ തന്റെ സിനിമയ്-ക്കുവേണ്ടി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്.

മോദിയുടെ പരാമർശം ബിജെപിക്ക് ഗാന്ധിയോടുള്ള സമീപനത്തെക്കൂടി പ്രതിഫലിപ്പിക്കുന്നതാണ്. ആർഎസ്എസ്– ഹിന്ദുമഹാസഭ പ്രവർത്തകരാണ് 1948ൽ മഹാത്മാഗാന്ധിയെ വധിച്ചത്. അതേ ഗാന്ധിജിയെ സ്വന്തമാക്കാനാണ് ഈയിടെയായി ബിജെപിക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ മലക്കംമറിച്ചിൽ ആവശ്യമാകുന്ന വിധത്തിൽ എന്തു പ്രത്യേകതയാണ് ഗാന്ധിജിക്കുണ്ടായിരുന്നത് എന്നും അനേ-്വഷിക്കേണ്ടതാണ്.

Created with GIMP

പ്രശസ്ത ചലച്ചിത്രകാരനായ ഷാഹിദ് അമിന്റെ ‘മിത്ത് ഓഫ് ദ മഹാത്മാ’ എന്ന പ്രബന്ധമുണ്ട്. ഉത്തർപ്രദേശിൽ ഗോരഖ്പൂരിലെ കർഷകപ്രവർത്തകർ അവരുടെ പ്രക്ഷോഭത്തെ മർദ്ദിച്ച പൊലീസുകാരെ ചൗരി ചൗര പൊലീസ് സ്റ്റേഷനിലിട്ടു ചുട്ടുകരിച്ചു: ഈ ദാരുണ സംഭവത്തിൽ ഖിന്നനായ ഗാന്ധിജി താൻ അതുവരെ നയിച്ച ബ്രിട്ടീഷ് വിരുദ്ധ നിസ്സഹകരണപ്രസ്ഥാനം പിൻവലിച്ചു. ഗാന്ധിജി മുറുകെപിടിച്ച സത്യാഗ്രഹമുറകൾക്ക് നേർവിപരീതമാണ് ചൗരി ചൗരയിൽ നടന്നത്.

എന്നാൽ, ഷാഹിദ് അമീന്റെ പ്രബന്ധത്തിൽ മറ്റൊരുവശം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗോരഖ്പൂരിലെ കർഷകർ അവരുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ പ്രതിമയിൽ ഹാരം ചാർത്തുക പതിവായിരുന്നു. ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിന്റെ നേതൃസ്ഥാനത്തിലേക്കു വന്ന ത്യാഗിവര്യനെന്ന നിലയിലുള്ള ആരാധനാ മനോഭാവമാണ് കർഷകർ പ്രകടിപ്പിച്ചത്. ബ്രിട്ടീഷുകാരെയും അവരുടെ പിണിയാളുകളെയും ഇന്ത്യയിൽനിന്നു തുരത്തുക എന്ന ഗാന്ധിജിയുടെ നിലപാടാണ് അവർ പിന്തുടർന്നത്. ഇതേ മനോഭാവം ചൗരി ചൗരയിൽ പൊലീസുകാരെ ചുട്ടുകരിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞില്ല.

കേരളത്തിൽ മലബാർ കലാപത്തിന്റെ നായകനായിരുന്ന ആലി മുസലിയാരെ കെ മാധവൻ നായർ ഓർമിക്കുന്നുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്ന, ഗാന്ധിജിയുടെ അനുയായിയായ, ഒരു സാത്വികനായിരുന്നു ആലി മുസലിയാർ. മലബാർ കലാപം ഒരു സായുധ കലാപമായി മാറിയപ്പോൾ അതിനു നേതൃത്വം നൽകിയവരിൽ ഒരാളും ആലി മുസലിയാരാണ്. ഇവിടെ നാമാലോചിക്കേണ്ട ഒരു കാര്യമുണ്ട്: ഗോരഖ്പൂരിലെ കർഷകരെയും ആലി മുസലിയാരെയുമെല്ലാം ഗാന്ധിജിയിലേക്കാകർഷിച്ച ഘടകമെന്തായിരുന്നു എന്നതാണത‍്.

ഗാന്ധിജിയുടെ സത്യാഗ്രഹ സമരമുറയും അദ്ദേഹത്തിന്റെ വ്യക്തിപരമായ ത്യാഗശീലവുമാണ് ഒരു ദേശീയ നേതാവ് എന്ന നിലയിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അദ്ദേഹത്തിന്റെ ജനപ്രിയതയുടെ അടിത്തറയും അതുതന്നെയായിരുന്നു. ‘‘ഹിന്ദു സ്വരാജി’’ലൂടെ അദ്ദേഹം ആവിഷ്-കരിച്ച ദേശീയ സങ്കൽപ്പം ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ ആകർഷിച്ചപ്പോൾ ഗ്രാമസ്വരാജ് ഗാന്ധിയന്മാർക്ക് ഒരു പുതിയ പ്രവർത്തനമേഖല സമ്മാനിച്ചു. എങ്കിലും പൊതുജനങ്ങൾക്കിടയിൽ ഗാന്ധിജി നിസ്വാർഥമായ ജനസേവനത്തിന്റെയും സഹനസമരത്തിന്റെയും പ്രതീകമായിരുന്നു. ഗാന്ധിജിയുടെ സഹനസമരമുറകളായിരുന്നു ഇന്ത്യയിലോരോയിടത്തും പതിനായിരങ്ങളെ ബ്രിട്ടീഷ് വിരുദ്ധ സമരവേദികളിൽ കൊണ്ടുവന്നത്. ഇത്തരത്തിലുണ്ടായ ജനമുന്നേറ്റമാണ് കൊളോണിയൽ വിരുദ്ധ പ്രസ്ഥാനങ്ങളുടെ നായകസ്ഥാനത്തേക്ക് ഇന്ത്യയെ എത്തിച്ചത്. മറ്റു ലോക രാഷ്ട്രങ്ങളിലും കൊളോണിയൽ വിരുദ്ധപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതും ഇക്കാലത്തായിരുന്നു എന്നോർക്കണം. ഗാന്ധിജി കൂടി പങ്കാളിയായിരുന്ന തെക്കേ ആഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ മോചനപോരാട്ടം ശക്തിപ്പെടുകയായിരുന്നു. കരിബീയൻ ദ്വീപുകളിൽ ഫ്രഞ്ച്– ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെട്ടു. ഇന്തോ ചെെനയിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുകയും അതിന്റെ അമരക്കാരനായി ഹോചിമിൻ വരുകയും ചെയ്തു. ഇന്തോനേഷ്യയിലും ഡച്ചുകാർക്കെതിരായ പ്രതിരോധം വളർന്നുവന്നു. ഈ പോരാട്ടങ്ങളുടെ ഫലമായി ഘാനയിൽ എൻക്രൂമ, കെനിയയിൽ ജോമോ കെന്-യാത്ത, കരിബീയൻ ദ്വീപുകളിൽ ദുബോയും സഹപ്രവർത്തകരും തുടങ്ങി നിരവധി പോരാളികൾ വളർന്നുവന്നു.

ഇവരെയെല്ലാം ഗാന്ധിജിയുടെ സഹനസമരമുറകൾ ആകർഷിച്ചതിൽ അത്ഭുതപ്പെടാനില്ല. അതുവരെ ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഏകമാർഗം സായുധ പോരാട്ടമായിരുന്നു, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള കൊട്ടാരവിപ്ലവങ്ങളായിരുന്നു. ഹെയ്-ത്തിയിൽ ദുസെെൻ ല ഓവർച്ചറിന്റെ നേതൃത്വത്തിലുള്ള അടിമകളുടെ കലാപവും ലാറ്റിൻ അമേരിക്കയിലെ ബോളിവേറിയൻ വിപ്ലവവും സായുധകലാപങ്ങളായിരുന്നു. റഷ്യൻ വിപ്ലവഘട്ടത്തിൽ സായുധമുന്നേറ്റങ്ങളുണ്ടായില്ലെങ്കിലും പിന്നീട് വിപ്ലവത്തെ നിലനിർത്താൻ ചുവപ്പുസെെന്യം വേണ്ടിവന്നു. ചെെനയിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് കമ്യൂണിസ്റ്റ് പാർട്ടിയും സെെനിക സന്നാഹം നടത്തി. ഇന്ത്യയിൽ 1857ലെ കലാപം സായുധമായിരുന്നെങ്കിലും അത് അടിച്ചമർത്തപ്പെട്ടു. ഈ സാഹചര്യങ്ങളിൽ ജനസംഘാടനത്തിന്റെ പുതിയ മുറയായാണ് ഗാന്ധിയൻ സമരരീതി പ്രത്യക്ഷപ്പെട്ടത്. കേവലമായ സഹനസമരം മാത്രമായിരുന്നില്ല ഇതിന്റെ രൂപം. വിദേശവസ്ത്രങ്ങൾ ചുട്ടുകരിക്കുക, വിദേശ കോടതികളും കാര്യാലയങ്ങളും ബഹിഷ്-കരിക്കുക, സ്കൂളുകൾ ബഹിഷ്-കരിക്കുക തുടങ്ങി സായുധ സ്വഭാവമില്ലാത്ത പ്രതിരോധ രൂപങ്ങളും ഇതിന്റെ ഭാഗമായി. ഇത്തരം ബഹിഷ്-കരണങ്ങൾ സൃഷ്ടിക്കുന്ന ശിക്ഷാമുറകൾ നേരിടുക എന്നതും സമരത്തിന്റെ ഭാഗമായി ഒരു മർദ്ദക ശക്തിയെന്ന നിലയിൽ സാമ്രാജ്യത്വഭരണകൂടങ്ങളെ തുറന്നുകാട്ടിയതും ഇത്തരം സമരമുറകളായിരുന്നു.

ഇത്തരം സമരമുറകൾ വിജയിക്കുന്നത് വർധിച്ച ജനപങ്കാളിത്തത്തോടെ മാത്രമാണ്. കൂടുതലാളുകൾ ജയിലിലേക്കു പോകുമ്പോൾ അത്രയുമാളുകൾ സമരം തുടരാൻ സന്നദ്ധരായി രംഗത്തുവരണം. അവരെയെല്ലാം സംരക്ഷിക്കുന്നതിനും വേണ്ട സഹായങ്ങൾ നൽകുന്നതിനും ആളുകൾ വേണം. ഇവിടെയെല്ലാം സെെനികതലവന്മാരെപ്പോലെ ആജ്ഞകൾ നൽകുകയല്ല നേതാക്കൾ ചെയ്യേണ്ടത്. അവർ സമരഭടരായി മുൻപന്തിയിൽ തന്നെ ഉണ്ടാകണം. ഇതാണ് ഗാന്ധിജി നിർവഹിച്ച ധർമം. ഗാന്ധിജിയുടെ ജനപ്രിയ വ്യക്തിത്വം ശക്തിപ്പെടുന്നതും ഇതിലൂടെയാണ്. ത്യാഗവും സഹനവും പോലെ ആധ്യാത്മികതയും സന്ന്യാസവുമായി ബന്ധപ്പെട്ടത് എന്ന് കരുതിപ്പോന്ന പ്രവർത്തനങ്ങളെ സമരരൂപമാക്കി ആദ്യം കൊണ്ടുവന്നത് ഗാന്ധിജിയാണ്.

ഉപ്പു സത്യാഗ്രഹത്തിലൂടെയും സിവിൽ നിയമലംഘനപ്രസ്ഥാനത്തിലൂടെയും ഗാന്ധിജി ഉയർത്തിക്കൊണ്ടുവന്ന സമരരൂപം ബ്രിട്ടീഷ് കൊളോണിയലിസത്തെ വിറപ്പിച്ചു. അതുകൊണ്ടാണ് ഇന്ത്യൻ സമരനേതാക്കളുമായി ചർച്ച നടത്താൻ രണ്ടു വട്ടമേശസമ്മേളനങ്ങൾ ബ്രിട്ടീഷ് സർക്കാർ വിളിച്ചുകൂട്ടിയതും രണ്ടാമത്തേതിൽ ഗാന്ധിജി പങ്കെടുത്തതും. കേവലമായി നിവേദകനല്ലാതെ സമരമുഖത്തുനിന്ന് ഒരാളെ ചർച്ചയ്-ക്കു വിളിക്കുന്നതുതന്നെ സമരത്തിന്റെ വിജയം തെളിയിക്കുന്ന ഒന്നാണ‍്. ഇതാണ് ഗാന്ധിജിയെ 1930ൽ ‘‘ടെെം മാഗസിൻ’’ ന്യൂസ്-മാൻ ഓഫ് ദ ഇയർ ആക്കാനുള്ള കാരണം. അതിനുശേഷമാണ് ഇടതുപക്ഷ പത്രപ്രവർത്തകനായിരുന്ന ലൂയിസ് ഫിഷർ ഗാന്ധിജിയെ സന്ദർശിക്കുന്നത്. ഫ്രഞ്ച് നോവലിസ്റ്റും ചിന്തകനുമായിരുന്ന റോമെയ്ൻ റോളണ്ട് ഗാന്ധിജിയെ സന്ദർശിക്കുന്നതും അതിനുശേഷമാണ്. നിരവധി യൂറോപ്യന്മാർ ഗാന്ധി ശിഷ്യരായി സബർമതി ആശ്രമത്തിൽ അന്തേവാസികളാകുന്നതും അതിനുശേഷമാണ്. നോബൽ സമാധാന സമ്മാനത്തിന് അഞ്ചുതവണ ഗാന്ധിജി നോമിനേറ്റു ചെയ്യപ്പെട്ടിരുന്നു. ഗാന്ധിയൻ സമരമുറയ്-ക്ക് കിട്ടിയ ജനസമ്മതിയുടെ തെളിവായിരുന്നു ഇത്.

ഗാന്ധിജിയുടെ സമരമുറകൾ ഉയർത്തിവിട്ട സംവാദം അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളിലൂടെയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇറ്റാലിയൻ കമ്യൂണിസ്റ്റും ചിന്തകനുമായ അന്റോണിയോ ഗ്രാംഷി സഹനസമരത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭരണകൂട മർദന രൂപങ്ങൾക്കെതിരെ ദുർബല ജനവിഭാഗങ്ങൾ സ്വീകരിക്കുന്ന പ്രതിരോധരൂപങ്ങളായാണ് ഗാന്ധിയൻ സമരമുറകളെ ഗ്രാംഷി കാണുന്നത്. കൊളോണിയൽ ഭരണത്തിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതിന് അത് ഫലപ്രദമാണ്. പക്ഷേ, അത് വർഗസമരത്തിന്റെ രീതിയല്ല. ആർ പി ദത്ത് തന്റെ ‘‘ഇന്ത്യാ ടുഡേ’’ എന്ന ഗ്രന്ഥത്തിൽ സഹനസമരത്തിന്റെ വർഗസ്വഭാവത്തെ വിമർശിക്കുന്നുണ്ട്. ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ സമരത്തിന്റെ രീതികൾ മാറാനാരംഭിച്ചു. ചൗരി ചൗരയും ചിറ്റഗോങ് ഗൂഢാലോചന കേസും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പിന്നീടുണ്ടായ മാറ്റവുമെല്ലാം ഉദാഹരണങ്ങളാണ്. അവിടെയെല്ലാം ദേശീയപ്രസ്ഥാനത്തിനുമേൽ ബൂർഷ്വാ ആധിപത്യം നിലനിർത്താനാണ് സഹനസമരമുറകൾ ഉപയോഗിച്ചത് എന്നായിരുന്നു ദത്തിന്റെ വിമർശനം. ആർതർ കോയ്സ്റ്റലറിന്റെ ‘‘യോഗി ആൻഡ് ദ കമ്മിസാർ’’ എറിക് എച്ച് എറിക്സന്റെ ‘‘ഗാന്ധീസ് ട്രൂത്ത്’’ എന്നീ ഗ്രന്ഥങ്ങളിൽ ഗാന്ധിജിയുടെ വ്യക്തിഗത ജീവിതരീതികളിലെ ‘‘സത്യാനേ-്വഷണ പരീക്ഷകളെ’’ വിമർശിച്ചു. ഗാന്ധിയൻ സമരമുറകളും നേതൃത്വരീതികളും സജീവമായ സംവാദത്തിനു വിധേയമായിരുന്നുവെ ന്നാണ് ഇവയെല്ലാം കാണിക്കുന്നത്.

ഗാന്ധിജിയുടെ സഹനസമരമുറകളും സേവനരൂപങ്ങളും തമ്മിലുള്ള ബന്ധവും ചർച്ചാവിഷയമാണ്. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ച് ചർക്കയും നൂൽനൂൽപ്പുമായിരുന്നത് അദ്ദേഹത്തിന്റെ ധാർമികനീതിക്രമമായിരുന്നു എന്നു ഗാന്ധിയന്മാർ വരെ വാദിച്ചിട്ടുണ്ട്. ഈ ധാരണ വളർത്താൻ ഗാന്ധി ശിഷ്യനായ ജെ സി കുമാരപ്പയും പിന്നീടു വളർന്നുവന്ന സർവോദയ പ്രസ്ഥാനവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗാന്ധിയൻ സമരമുറകൾ സൃഷ്ടിച്ചെടുത്ത വർഗപരമായ ഏകോപനം (അതിനെ പിന്നീട് ട്രസ്റ്റിഷിപ്പ് മുതലായ പേരുകളിൽ വിളിച്ചു) സ്ഥായിയായ സമരരൂപമാക്കി മാറ്റാനുള്ള ശ്രമമാണ് ഗാന്ധിജി നടത്തിയത്. മിൽ ഉൽപ്പാദനത്തിനെതിരെ കെെത്തറി ഉൽപ്പാദനത്തിന്റെ വ്യാപനം, ഇംഗ്ലീഷിനെതിരെ ഹിന്ദി, അക്കാദമിക് വരേണ്യ വിദ്യാഭ്യാസത്തിനെതിരെ തൊഴിൽ വിദ്യാഭ്യാസം, മുതലാളിത്ത നഗരവൽക്കരണത്തിനെതിരെ ഗ്രാമസമൂഹം, വാണിജ്യത്തിനെതിരെ സേവനം എന്നിങ്ങനെയുള്ള പ്രതിരോധമുറകൾ ഗാന്ധിജി സ്വീകരിച്ചു. ഇത്തരം മുറകൾക്കുള്ളിലെ അനാർക്കോ– സിൻഡിക്കലിസ്റ്റ് സ്വാധീനം നിരവധി പഠനങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇവയുടെ സ്വഭാവം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതിനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചില്ല.

ഗാന്ധിയൻ ധാർമികതയെയും മതവിശ്വാസത്തെയും കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഗാന്ധിജിയുടെ മതവിശ്വാസം സ്വാതന്ത്ര്യസമരത്തെ തന്നെ സ്വാധീനിച്ചതായി വിമർശനങ്ങളുയർന്നിട്ടുണ്ട്. പക്ഷേ, ഗാന്ധിയൻ സമരമുറകളുമായി തുലനം ചെയ്യുമ്പോൾ ആ വാദം നീതികരിക്കാനാവില്ല. സഹനസമരമുറകൾ ജാതി–മത ഭേദമെനേ-്യ സമരഭടന്മാരെ യോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. അത് ഉറപ്പുവരുത്താനായി അയിത്തോച്ചാടനം പോലെയുള്ള പ്രശ്നങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ മതനിരപേക്ഷ സമീപനംതന്നെയാണ് നവഖാലിയിലെ സത്യാഗ്രഹത്തിലേക്കും ഡൽഹിയിലെ ഉപവാസത്തിലേക്കും അവസാനം ഗാന്ധിജിയുടെ വധത്തിലേക്കും നയിച്ചത്.

ഗാന്ധിജിയെയും അദ്ദേഹത്തിന്റെ നിലപാടുകളെയും സമരമുറകളെയും കുറിച്ച് ആദ്യം മുതൽ തന്നെ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. കോൺഗ്രസ് പ്രസിഡന്റായിരുന്ന സർ സി ശങ്കരൻനായരുടെ ‘‘ഗാന്ധി ആൻഡ് അനാർക്കി’’ മുതൽ ആരംഭിച്ചതാണ് വിമർശനങ്ങൾ. ഈ വിമർശനങ്ങളുടെ ബാഹുല്യം തന്നെ കാണിക്കുന്നത് എത്രമാത്രം ജനശ്രദ്ധ അദ്ദേഹം ആകർഷിച്ചിരുന്നു എന്നതാണ്. ഗാന്ധിജിയുടെ വധത്തിനുശേഷം അദ്ദേഹത്തിന്റെ സന്ദേശവും സമരമുറകളും ലോകമാസകലമുള്ള പ്രതിരോധ പ്രസ്ഥാനങ്ങളെ സ്വാധീനിച്ചുപോന്നു. പരിസ്ഥിതി പ്രസ്ഥാനമടക്കമുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളിൽ ഗാന്ധിജിയുടെ സ്വാധീനം ഉദാഹരണമാണ്. ആഫ്രോ– അമേരിക്കൻ പ്രതിരോധ നേതാവായിരുന്ന മാർട്ടിൻ ലൂതർ കിങ്ങിനുമേൽ ഗാന്ധിയൻ ആശയങ്ങൾക്കുണ്ടായിരുന്ന സ്വാധീനം ശ്രദ്ധേയമാണ്. വിപ്ലവപ്രസ്ഥാനങ്ങൾക്ക് ബദലായ പ്രതിരോധരൂപങ്ങൾ അനേ-്വഷിക്കുന്നവർ ഗാന്ധിജിയെ ഗൗരവത്തിൽ പഠിക്കുന്നത് ഇപ്പോഴും കാണാം.

ഈ അനുഭവങ്ങളും ‘ഗാന്ധി’ എന്ന ചലച്ചിത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇംഗ്ലണ്ടിൽനിന്ന് ദക്ഷിണാഫ്രിക്കയിലെത്തി വക്കീലായി പ്രാക്ടീസ് ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ കല്ലെൻബാഹ് മുതലായ ആഫ്രിക്കൻ സ്വാതന്ത്ര്യപ്രവർത്തകരുടെ സ്വാധീനത്തിൽ വരുന്നു. അവിടെ നിന്ന് സഹനസമരത്തിന്റെ മുറകൾ പഠിക്കുന്നു. അത് ഇന്ത്യയിൽ കൊണ്ടുവന്ന് പ്രയോഗിച്ച് ദേശീയസമരത്തെ നയിക്കുന്നു. ഗാന്ധിജിയെ കുറിച്ച് സാധ്യമായ ഏറ്റവും ശുഷ്കമായ അവതരണങ്ങളിലൊന്നാണിത്. അതുവരെ ഗാന്ധിജിയെ ശക്തമായി വിമർശിക്കുന്നവർപോലും അംഗീകരിക്കുന്ന പ്രതിരോധമുറകളുടെ പ്രയോക്താവ് എന്ന നിലയിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ചില ആശയങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ മധ്യവർഗ യുവാവായി ഗാന്ധിജി മാറുകയാണ്. ഒരു വ്യക്തിയുടെ യാഥാർഥ്യവും അയാളെപ്പറ്റി വളർന്നുവരുന്ന മിത്തും തമ്മിലുള്ള ഭിന്നതയും ഇതിലൂടെ വ്യക്തമാകുന്നു. ഇതാണോ ഗാന്ധിജിയുടെ ജനപ്രിയതയുടെ രഹസ്യം? ഗാന്ധിജിയുടെ വ്യതിരിക്തമായ ജനപ്രിയത ദക്ഷിണാഫ്രിക്കയിലെ തിക്താനുഭവങ്ങളിൽ ഒതുങ്ങിനിൽക്കുന്നതാണോ? നരേന്ദ്രമോദിയെപ്പോലുള്ളവർ എത്ര വികലമായ ബോധ്യങ്ങൾ ഉൾക്കൊള്ളുന്നവരാണെന്നത് ഈ പരാമർശത്തിൽ നിന്നുതന്നെ വ്യക്തമാകും. ഗാന്ധിജിയെ ഇത്തരത്തിൽ ശുഷ്കമായി ചിത്രീകരിക്കുന്നതുവഴി ഒരു പ്രസ്ഥാനത്തിനുമേൽ മുഴുവൻ കരിവാരി തേക്കുന്നു എന്ന വസ്തുതയും ഒഴിവാക്കാൻ സാധിക്കുകയില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 1 =

Most Popular