Tuesday, June 18, 2024

ad

Homeകവര്‍സ്റ്റോറിഗാന്ധിസത്തിന്റെ അർഥം

ഗാന്ധിസത്തിന്റെ അർഥം

ഇ എം എസ്

ഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെയും സിദ്ധാന്തങ്ങളുടെയും പ്രാധാന്യം എന്താണ്? 1920 ൽ ആത്മകഥയെഴുതാൻ ആരംഭിച്ചപ്പോൾ അദ്ദേഹം തന്നെ പറഞ്ഞതുപോലെ, ആ ജീവിതകഥ ഒരു ‘സത്യാന്വേഷണ കഥയാണോ?’

മോഹൻദാസ് ഗാന്ധി എങ്ങനെ രാഷ്ട്രപിതാവ് ആയിത്തീർന്നു? ഒന്നാം ലോകമഹായുദ്ധകാലത്ത് കൂറുള്ള ഒരു സാർജന്റായി പ്രവർത്തിച്ചയാൾ, 1942 ൽ “ബ്രിട്ടീഷ് ഭരണാധികാരികളേ, ഇന്ത്യ വിട്ടുപോവുക’ എന്ന ആവേശകരമായ മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന പ്രസ്ഥാനത്തിന്റെ നേതാവായി ഉയർന്നത് എങ്ങനെ? പോർബന്തർ നാട്ടുരാജ്യത്തിലെ നാടുവാഴികളുടെ വിശ്വസ്ത‌ സേവക കുടുംബത്തിലെ ഒരു യുവാവ്, ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ജനാധിപത്യത്തിനുവേണ്ടി നടന്ന സമരങ്ങളുടെ നേതാവായി മാറിയത് എങ്ങനെ? യാതൊരു വിപ്ലവപ്രസ്ഥാനത്തിലും ആകൃഷ്ടനാവാതെ മതവിശ്വാസിയായും, ലണ്ടനിലെ സസ്യഭുക്കുകളുടെ സംഘത്തിലെ അംഗമായും കഴിഞ്ഞിരുന്ന ഒരു യുവാവ്, നമ്മുടെ രാജ്യത്ത് സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തിന്റെയും ജനാധിപത്യ പ്രസ്ഥാനത്തിന്റെയും ഏറ്റവും സമുന്നതനായ നേതാവായിത്തീർന്നത് എങ്ങനെ? ഇതൊക്കെ എങ്ങനെയാണ് വിശദീകരിക്കുക?

നേരത്തേ സംക്ഷിപ്തമായി പറഞ്ഞിട്ടുള്ള സംഭവബഹുലമായ ജീവിത കഥ അവസാനിപ്പിക്കുന്ന അവസരത്തിൽ സ്വാഭാവികമായും ഇത്തരം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിൽ ഉദിക്കുന്നത്. മേൽപ്പറഞ്ഞവ അമൂർത്തങ്ങളായ ചോദ്യങ്ങളല്ല. പിന്നെയോ, നമ്മുടെ രാജ്യത്തെ ഓരോ ജനാധിപത്യവാദിക്കും ഇന്ന് നിർവഹിക്കേണ്ടതായിട്ടുള്ള പ്രായോഗിക കടമകളുമായി അവയ്ക്ക് ബന്ധമുണ്ട്. കാരണം, മഹാത്മാ നമ്മുടെ കൂടെ ഇപ്പോഴില്ലെങ്കിലും അദ്ദേഹം ആജീവനാന്തം ഉപദേശിച്ച തത്വങ്ങൾ ജനാധിപത്യപ്രസ്ഥാനത്തിലെ പല ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും പ്രവർത്തനത്തെ നയിക്കുന്നുണ്ട്.

ഉദാഹരണത്തിന്, ഭൂദാൻ പ്രസ്ഥാനം നിസംശയമായും ഗാന്ധിയൻ സിദ്ധാന്തങ്ങളിൽ അധിഷ്‌ഠിതമായിട്ടുള്ള ഒന്നാണ്. ആ പ്രസ്ഥാനത്തിന്റെ തത്വത്തോടും പ്രയോഗത്തോടും ഒരാൾക്ക് അഭിപ്രായവ്യത്യാസമുണ്ടായേക്കാം. എന്നാൽ അതിനെ അവഗണിക്കാൻ ആർക്കും സാധ്യമല്ല. നിലവിലുള്ള ഭൂവുടമാ സമ്പ്രദായത്തിനെതിരായ സമരവും ഭൂസ്വത്തിന്റെ കാര്യത്തിൽ ഇപ്പോഴുള്ള ദുഷിച്ച വിതരണ സമ്പ്രദായം അക്രമരഹിതമായ മാർഗത്തിലൂടെ മാറ്റിയെടുക്കണമെന്നുള്ള നിർബന്ധവും ഭൂദാൻ പ്രസ്ഥാനത്തിന്റെ ഇരുവശങ്ങളാണ്. നമ്മുടെ രാജ്യത്തെ നിരവധി പ്രശ്‌നങ്ങളിൽ ഏറ്റവും പ്രധാനമായ ഭൂവിതരണ പ്രശ്‌നത്തിൽ ഗാന്ധിയൻ തത്വസംഹിതയുടെ പ്രയോഗമാണ് മേൽപ്പറഞ്ഞ രണ്ടു വശങ്ങൾ.

ഗാന്ധിയൻ സിദ്ധാന്തങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടതാണ് വിനോബാ ഉൾപ്പെടെയുള്ള ഗാന്ധിയൻ ചിന്താഗതിക്കാരിൽ പലരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സമാധാന പ്രസ്ഥാനത്തിൽ സഹകരിക്കാൻ കാരണമെന്നത് വിസ്മരിക്കരുത്.

അതേസമയംതന്നെ, ‘ജനക്കൂട്ടത്തിന്റെ അക്രമം’ എന്നറിയപ്പെടുന്ന – ജനാധിപത്യ പ്രസ്ഥാനത്തിനെതിരായുള്ള – ഗാന്ധിയൻ സിദ്ധാന്തങ്ങളുടെ മറപിടിച്ചുകൊണ്ടാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഇന്നത്തെ ഗവൺമെന്റ് മേധാവികൾ, തൊഴിലാളിവർഗത്തിന്റെയും കൃഷിക്കാരുടെയും വളർന്നുവരുന്ന ബഹുജനപ്രസ്ഥാനത്തെ ആക്രമിക്കുന്നതെന്നതും വിസ്മരിക്കാൻ വയ്യ.

കോൺഗ്രസ്സിലുള്ള ഓരോ ചിന്താഗതിക്കാരും വിഭാഗവും, കമ്യൂണിസ്റ്റ് പാർട്ടി ഒഴിച്ചുള്ള മറ്റെല്ലാ പാർട്ടികളും അതിന്റെ നയങ്ങളെ ന്യായീകരിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും ഗാന്ധിജിയുടെ നാമത്തെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും ഉപയോഗപ്പെടുത്തുന്നത്, നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഗാന്ധിജി വഹിച്ച പങ്കിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്നുള്ളതിനു തെളിവാണ്. അതുകൊണ്ട് ഗാന്ധിജിയുടെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെയും പങ്കും പ്രാധാന്യവും എത്രമാത്രമുണ്ടെന്ന് വിലയിരുത്തുന്നതിന് ഗൗരവമായ പരിശ്രമങ്ങൾ നടത്തുകയെന്നത്, ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഇനിയുള്ള വളർച്ചയെ സംബന്ധിച്ചിടത്തോളം അത്യധികം പ്രായോഗിക പ്രാധാന്യമുള്ളതാണ്.

ഇത് അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല. ചരിത്രപ്രാധാന്യമുള്ള മറ്റു പല വ്യക്തികളെയുംപോലെ ഗാന്ധിജിക്ക് അങ്ങേയറ്റം സങ്കീർണമായ ഒരു വ്യക്തിത്വമുണ്ടായിരുന്നു. ‘‘ബഹുജനങ്ങളെ സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തിലേക്ക് നയിക്കത്തക്ക വിധത്തിൽ ദേശീയ പ്രസ്ഥാനത്തിന് പ്രചോദനം നൽകിയ ആൾ’’ എന്നും “നമ്മുടെ ദേശീയ പ്രസ്ഥാനം വിപ്ലവകരമായ മാർഗങ്ങളിലൂടെ വളരുന്നതിനെ തടയുന്നതിന് കഴിവുള്ളതെല്ലാം ചെയ്ത‌ വിപ്ലവവിരോധി’’യെന്നും മറ്റും, അത്യധികം ലളിതമാക്കപ്പെട്ട വിലയിരുത്തലുകൾക്ക് വഴങ്ങാത്തവയാണ് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ.

അദ്ദേഹത്തിന്റെ ജീവിതം സംഭവസമ്പന്നമായിരുന്നു; പ്രസംഗങ്ങളും രചനകളും അധികവും മാനുഷിക വ്യാപാരങ്ങളുടെ വിവിധ മേഖലകളെ സ്പ‌ർശിക്കുന്നവയും ആണ്; പല അവസരങ്ങളിലുമുള്ള പ്രവർത്തനങ്ങൾ നാടകീയമായിരുന്നു; ഇതൊക്കെക്കൊണ്ട്, അദ്ദേഹത്തിന്റെ ജീവിതത്തെയും തത്വസംഹിതകളെയുംകുറിച്ച് പഠിക്കുന്ന ആർക്കും ഗാന്ധിജിയെയും ഗാന്ധിസത്തെയും കുറിച്ച് തനിക്ക് പ്രിയം തോന്നുന്ന സിദ്ധാന്തം ശരിയാണെന്നു കാണിക്കാൻ വളരെ എളുപ്പമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കുറെയേറെ സംഭവങ്ങളും, പ്രസംഗങ്ങളിലും കൃതികളിലും നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുറേ ഉദ്ധരണികളും തമ്മിൽ കൂട്ടിയിണക്കുക മാത്രമേ അങ്ങനെയുള്ളവർക്ക് ചെയ്യാനാവൂ. ചരിത്രത്തിന്റെ ദൃഷ്ടിയിൽ യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നവ തിരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും സിദ്ധാന്തങ്ങളുടെയും വിവിധ വശങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കാണുകയും, അതിനുശേഷം ആ മനുഷ്യനെയും അദ്ദേഹത്തിന്റെ ജീവിത സന്ദേശത്തെയും കുറിച്ച് സമഗ്രമായ ഒരു ധാരണയിലെത്തുകയും ചെയ്യുകയെന്നത് കൂടുതൽ പ്രയാസമുള്ള കാര്യമാണ്.

നിർഭാഗ്യവശാൽ, ഇതുവരെ നടത്തിയിട്ടുള്ള പരിശ്രമങ്ങൾ ഒന്നുകിൽ അത്യധികം ലളിതമാക്കപ്പെട്ടതും ഏകപക്ഷീയവുമായ തരത്തിൽ അദ്ദേഹത്തെ പ്രശംസിക്കുകയോ, അല്ലെങ്കിൽ അതുപോലെതന്നെ അത്യധികം ലളിതമാക്കപ്പെട്ടതും ഏകപക്ഷീയവുമായ രീതിയിൽ അദ്ദേഹത്തെ വിമർശിക്കുകയോ ചെയ്യുക എന്ന രണ്ട് ഇനങ്ങളിൽപ്പെട്ടവയാണ്. അതുകൊണ്ട് ഈ രണ്ട് ആപത്തുകളും ഒഴിവാക്കുന്നതിന് എല്ലാത്തരത്തിലും പരിശ്രമിക്കേണ്ടതാണ്. ആ രീതിയിലുള്ള പരിശ്രമങ്ങളിലൂടെ ഈ ലേഖകന് ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുണ്ടായിട്ടുള്ള നിഗമനങ്ങൾ താഴെ കൊടുക്കുന്നു:

ഒന്നാമത്, ഗാന്ധിജി ഒരു ആദർശവാദിയായിരുന്നു. ഇത്, അദ്ദേഹത്തെ നയിച്ച ലോകവീക്ഷണം ദാർശനിക ഭൗതികവാദത്തിനെതിരായിരുന്നു എന്ന അർഥത്തിൽ മാത്രമല്ല; പിന്നെയോ, ചില ആദർശങ്ങൾ കൺ മുമ്പിൽ കാണുകയും അവയിൽ ജീവിതാവസാനം വരെ മുറുകെപ്പിടിക്കുകയും ചെയ്തു എന്ന അർഥത്തിലും കൂടിയാണ്. സത്യം, അക്രമരാഹിത്യം, ജീവിതസുഖങ്ങളുടെ പരിത്യാഗം തുടങ്ങിയ ധാർമിക മൂല്യങ്ങളും; സ്വാതന്ത്ര്യം, ജനാധിപത്യം, സമാധാനം തുടങ്ങിയ രാഷ്ട്രീയാദർശങ്ങളും; ജാതിവ്യത്യാസങ്ങൾ അവസാനിപ്പിക്കുക, സ്ത്രീ സ്വാതന്ത്ര്യം, എല്ലാ മതവിഭാഗങ്ങളും സമുദായങ്ങളും തമ്മിൽ ഐക്യം തുടങ്ങിയ സാമൂഹ്യലക്ഷ്യങ്ങളും -എല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും സിദ്ധാന്തങ്ങളുടെയും അവിഭാജ്യഘടകങ്ങളായിരുന്നു. ചില ആദർശങ്ങളോടുള്ള മമത ആയിരുന്നു തന്റെ പൊതുജീവിതത്തിന്റെ ആദ്യകാലത്ത് തെക്കേ ആഫ്രിക്കയിലെ സത്യാഗ്രഹ പ്രസ്ഥാനത്തിൽ എടുത്തുചാടുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്; ഇതുതന്നെയായിരുന്നു, രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി നിസ്സഹകരണ പരിപാടിയും മറ്റ് പ്രക്ഷോഭ പരിപാടികളും ആവിഷ്കരിക്കുന്നതിന് അദ്ദേഹത്തിന് കഴിവുണ്ടാക്കിയത്; ഇതുതന്നെയായിരുന്നു, നിരവധി ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുന്നണി നേതാവെന്നും അവസാനം ദേശീയ ഐക്യമെന്ന ഉന്നത ലക്ഷ്യത്തിനുവേണ്ടി ബലിയർപ്പിക്കപ്പെട്ട രക്തസാക്ഷിയെന്നും ഉള്ള നിലയിലേക്ക് അദ്ദേഹത്തെ ഉയർത്തിയത്.

രണ്ടാമത്, നാളിതുവരെ നിദ്രയിലാണ്ടുകിടന്നിരുന്ന കോടിക്കണക്കിനു പാവപ്പെട്ട ഗ്രാമീണജനതയെ ഉണർത്തുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു വലിയ പങ്കു വഹിച്ചു എന്നതാണ്. അവരോട് സംസാരിക്കുന്നതിന് ഗാന്ധിജി ഉപയോഗിച്ച, ഏറെക്കുറെ മതപരമായ ഭാഷയും അദ്ദേഹത്തിന്റെ ലളിതവും ആർഭാടരഹിതവും ആയ ജീവിതവും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നതിൽ പ്രദർശിപ്പിച്ച വികാരവായ്‌പും- – എല്ലാംകൂടി സാധുക്കളായ കോടിക്കണക്കിന് ഗ്രാമീണരെ അദ്ദേഹത്തിലേക്ക് ആകർഷിച്ചു. തങ്ങളുടെ രക്ഷിതാവായും തങ്ങൾ അകപ്പെട്ടിട്ടുള്ള ദയനീയസ്ഥിതിയിൽനിന്ന് തങ്ങളെ ഉദ്ധരിക്കുന്നതിനെത്തിയ പുതിയ അവതാരമൂർത്തിയായും അവർ അദ്ദേഹത്തെ കണ്ടു.

സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ആയ പല പ്രശ്നങ്ങളെപ്പറ്റിയും അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങൾ ‘പിന്തിരിപ്പനാ’ണെന്ന് നാം കരുതിയേക്കാം (സംശയരഹിതമായും അവയിൽ പലതും പിന്തിരിപ്പനാണുതാനും). എന്നാൽ ഒരുവശത്ത് വമ്പിച്ച കർഷക ജനവിഭാഗവുമായും, മറുവശത്ത് ആധുനിക ദേശീയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നാഗരിക പ്രതിനിധികളും നേതാക്കന്മാരുമായും ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചത് ഈ പിന്തിരിപ്പൻ വീക്ഷണഗതിയായിരുന്നു എന്നുള്ള വസ്തുത വിസ്മരിക്കുന്നത് വലിയ അബദ്ധമായിരിക്കും. ഗ്രാമങ്ങളിലെ ദരിദ്രരായ ബഹുജനങ്ങളെ ആധുനിക ദേശീയ ജനാധിപത്യ പ്രസ്ഥാനത്തിലേക്കു കൊണ്ടുവരികയെന്ന അത്യധികം വിപ്ലവകരമായ പ്രതിഭാസത്തെ യാഥാർഥ്യവൽക്കരിക്കുന്നതിന് ഗാന്ധിജിക്ക് തന്റെ ‘പിന്തിരിപ്പൻ’ സാമൂഹികവീക്ഷണം കൊണ്ട് സാധിച്ചു. ഇത് ഒരു വിരോധാഭാസമായിത്തോന്നാനിടയുണ്ട്. നാടുവാഴിത്തവുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ടാണ് ബൂർഷ്വാസി നമ്മുടെ ദേശീയ ജനാധിപത്യപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്. ഇതിൽനിന്നുളവായ, രാജ്യത്തെ യഥാർഥ രാഷ്ട്രീയജീവിതത്തിൽ നിലവിലുള്ള, വൈരുധ്യത്തിന്റെ പ്രകടനം തന്നെയാണ് ഈ വിരോധാഭാസം.

മൂന്നാമത്, ദരിദ്രരായ ഗ്രാമീണ ജനതയെ ദേശീയ പ്രസ്ഥാനത്തിലേക്കു കൊണ്ടുവരുന്നതിന് അദ്ദേഹം സജീവമായി പങ്കുവഹിച്ചിരുന്നെങ്കിലും, ഒന്നാം ലോകയുദ്ധത്തിനുശേഷം അവരിലുണ്ടായ വമ്പിച്ച ഉണർവ് അദ്ദേഹത്തിന്റെ മാത്രം വ്യക്തിപരമായ നേട്ടമാണെന്ന് പറയുന്നത് തെറ്റായിരിക്കും. കാരണം, ഈ ഉണർവ് ഇന്ത്യയിലും ലോകമാസകലവും ഉണ്ടായിക്കൊണ്ടിരുന്ന ചരിത്രപ്രസിദ്ധമായ സംഭവവികാസങ്ങളുടെ ഫലം കൂടി ആയിരുന്നു. ഇന്ത്യയിലെ കർഷകരുടെ സാമ്പത്തിക സ്ഥിതിയിൽ സാവധാനത്തിലും തുടർച്ചയായും ഉണ്ടായിക്കൊണ്ടിരുന്ന അധഃപതനം ഒന്നാം ലോകയുദ്ധകാലത്തും അതുകഴിഞ്ഞയുടനെയും ഭയാനകമായ രൂപം കൈക്കൊണ്ടു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിൽ വിപ്ലവമനോഭാവമുള്ള ഒരു ചേരി വളരുകയും അത് ചില പ്രദേശങ്ങളിൽ കർഷകരുമായി ബന്ധപ്പെടുകയും ചെയ്തു. തുർക്കിയിലും ചൈനയിലും, സർവോപരി റഷ്യയിലും ഉണ്ടായ വിപ്ലവങ്ങൾ പോലെയുള്ള സാർവദേശീയ സംഭവവികാസങ്ങൾ ഏഷ്യൻ ജനതയുടെ മുഴുവൻ ഹൃദയങ്ങളിൽ പ്രത്യാഘാതമുളവാക്കി. ഇതെല്ലാം ഇന്ത്യൻ കർഷകരുടെ ബോധത്തെ സ്വാധീനിക്കാൻ തുടങ്ങിയ ചില അടിസ്ഥാന കാരണങ്ങളായിരുന്നു. ഗാന്ധിജി രംഗത്ത് വന്നിരുന്നില്ലെങ്കിൽപ്പോലും, ഒരുപക്ഷേ ഇപ്പോഴത്തെ രീതിയിലല്ലെങ്കിലും ഈ ഉണർവ് ഉണ്ടാകുമായിരുന്നു.

ഇങ്ങനെ പറയുന്നതുകൊണ്ട്, ഇന്ത്യൻ കൃഷിക്കാരുടെ നവോത്ഥാനത്തിന് ഒരു വ്യക്തമായ സ്വഭാവം നൽകുന്ന കാര്യത്തിലും, ഈ പുതിയ മുന്നേറ്റം സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള രാഷ്ട്രീയപ്രസ്ഥാനവുമായി കൂട്ടി ഘടിപ്പിക്കപ്പെടുന്നതിലും വ്യക്തിപരമായി ഗാന്ധിജിക്കുണ്ടായിരുന്ന പങ്കിനെ നിഷേധിക്കുകയല്ല ചെയ്യുന്നത്, ദരിദ്രരായ ഗ്രാമീണ ജനതയെ മുന്നോട്ടു നയിച്ച്, അങ്ങനെ ദേശീയ ജനാധിപത്യപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയെന്ന കാര്യത്തിൽ ഗാന്ധിജിയുടെ സംഭാവന നിഷേധിക്കുകയെന്നത്, ജനങ്ങളുടെ ഉണർവിന്റെ സർവ ഉത്തരവാദിത്വവും അദ്ദേഹത്തിന്റേതായിരുന്നു എന്നു പറയുന്നതുപോലെതന്നെ ഏകപക്ഷീയമായിരിക്കും.

നാലാമത്, ദേശീയ ജനാധിപത്യപ്രസ്ഥാനത്തിന്റെ പ്രധാന ദൗർബല്യങ്ങൾ പരിഹരിക്കുന്ന പ്രവൃത്തിയിൽ ഗാന്ധിജി വഹിച്ച പങ്കിന്- – അതായത്, ഇതുവരെ അസംഘടിതരായിരുന്ന ദരിദ്രരായ ഗ്രാമീണ ജനവിഭാഗങ്ങളെ കൂട്ടംകൂട്ടമായി കൊണ്ടുവന്ന്, പ്രസ്ഥാനത്തെ യഥാർഥത്തിൽ ദേശീയവും സർവകക്ഷി സ്വഭാവമുള്ളതും ആക്കിയതിന്- അദ്ദേഹം പ്രശംസ അർഹിക്കുമ്പോൾത്തന്നെ, ദരിദ്രരായ ഗ്രാമീണർ ഒരു സ്വതന്ത്ര ശക്തിയെന്ന നിലയിൽ പ്രവർത്തിക്കുന്നത് മരണകാലം വരെ അദ്ദേഹം ഭയപ്പെട്ടിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരത്തിൽ അവരെ അണിനിരത്തുന്നതിന് അദ്ദേഹം പൂർണമായി ഇഷ്ടപ്പെട്ടിരുന്നെങ്കിലും, അവർ തന്റെ വർഗമായ ബൂർഷ്വാസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

അഞ്ചാമത്, ദരിദ്രരായ ഗ്രാമീണ ജനതയുടെ കാര്യത്തിൽ മാത്രമല്ല, തൊഴിലാളിവർഗത്തിന്റെയും തൊഴിലെടുക്കുന്ന ഇതര ജനവിഭാഗങ്ങളുടെയും കാര്യത്തിലും അദ്ദേഹത്തിന്റെ സമീപനം ഫലത്തിൽ ബൂർഷ്വാസിയെ സഹായിക്കുന്ന ഒന്നായിരുന്നു. അതിന്റെ ട്രസ്റ്റിഷിപ്പ് സിദ്ധാന്തം; ഏത് രാഷ്ട്രീയ പ്രവർത്തനത്തിനും മാർഗനിർദേശം നൽകുന്നതിനുള്ള ചില ധാർമിക മൂല്യങ്ങളുടെ കാര്യത്തിൽ നിർബന്ധം പിടിക്കൽ; തന്റെ അനുയായികളുടെ പാർലമെന്ററി പ്രവർത്തനങ്ങളുമായി പാർലമെന്റിന് വെളിയിലുള്ള പ്രവർത്തനങ്ങളെ (നിർമാണ പ്രവർത്തനവും സത്യാഗ്രഹവും) ബന്ധപ്പെടുത്തിയ വിദഗ്‌ധമായ രീതി; ശത്രുവിനെതിരായി പ്രത്യക്ഷസമരം നടത്തുന്ന സ്വാഭാവികമായ ഗാന്ധിയൻ മാർഗം- ഇവയെല്ലാം (എ) സാമ്രാജ്യത്വത്തിനെതിരായ സമരത്തിലേക്കു ബഹുജനങ്ങളെ നയിക്കുകയും (ബി) വിപ്ലവകരമായ ബഹുജനസമര മാർഗം സ്വീകരിക്കുന്നതിൽനിന്ന് അവരെ തടയുകയും ചെയ്യുന്നതിന് പ്രായോഗികരംഗത്ത് ബൂർഷ്വാസിക്ക് അതിയായ സഹായമായിത്തീർന്നു. ബഹുജനങ്ങളെ സമരത്തിന് തയ്യാറാക്കുകയും അതേസമയംതന്നെ അവരെ നിയന്ത്രിക്കുകയും ചെയ്യുക; സാമ്രാജ്യത്വവിരുദ്ധ പ്രത്യക്ഷസമരം അഴിച്ചുവിടുകയും അതേസമയംതന്നെ സാമ്രാജ്യത്വ ഭരണാധികാരികളുമായി കൂടിയാലോചന നടത്തുകയും ചെയ്യുക എന്നീ പ്രവർത്തനങ്ങളിലുള്ള കഴിവ് അദ്ദേഹത്തെ ബൂർഷ്വാസിയുടെ അനിഷേധ്യ നേതാവാക്കിത്തീർത്തു. ആ വർഗത്തിലെ എല്ലാ കക്ഷികൾക്കും ഗ്രൂപ്പുകൾക്കും വിശ്വാസമുണ്ടായിരുന്ന ഒരു നേതാവായിരുന്നതിനാൽ, ആ വർഗത്തെ മുഴുവനും യോജിപ്പിക്കുന്നതിനും പ്രവർത്തനരംഗത്തിറക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.

അവസാനമായി, ബൂർഷ്വാസിയുടെ മുന്നണി നേതാവെന്നതായിരുന്നു ചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം എന്നതുകൊണ്ട്, എല്ലായ്-പ്പോഴും എല്ലാ കാര്യത്തിലും അദ്ദേഹം ബൂർഷ്വാസിയുമായി താദാത്മ്യം പ്രാപിച്ചിരുന്നു എന്ന് അർഥമാക്കാൻ പാടില്ല. നേരേമറിച്ച്, അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രത്യേകതകൊണ്ടും, ബൂർഷ്വാസിയുടെ സുഹൃത്തും താത്വികനേതാവും മാർഗദർശകനും ആയിരുന്ന അദ്ദേഹം, ആ വർഗത്തിന്റെ സ്വഭാവവിശേഷം കൊണ്ടും, പല സന്ദർഭങ്ങളിലും പല പ്രശ‌്നങ്ങളിലും അദ്ദേഹത്തിന്റെ ശബ്ദം ന്യൂനപക്ഷത്തിന്റേതോ അല്ലെങ്കിൽ ഒറ്റപ്പെട്ടതോ ആയിരുന്നു. അങ്ങനെയുള്ള എല്ലാ സന്ദർഭങ്ങളിലും, വ്യത്യസ്‌ത മാർഗങ്ങളിലൂടെ താൽക്കാലികമായ ഒത്തുതീർപ്പ് അദ്ദേഹവും അവരും തമ്മിൽ ഉണ്ടായി. വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസമായിരുന്നു ഇത്. ആദ്യം നിസ്സഹകരണ പ്രസ്ഥാനത്തിനു ശേഷമുള്ള വർഷങ്ങളിലും, (സ്വരാജിസ്റ്റുകളും മാറ്റവിരോധികളും തമ്മിൽ തൊഴിൽ വിഭജനം ഉണ്ടായപ്പോൾ) പിന്നീട് 1932-–33 ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിനുശേഷമുള്ള മൂന്നു വർഷങ്ങളിലും, അതിനുശേഷം രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് പല അവ സരങ്ങളിലും, അവസാനമായി സ്വാതന്ത്യ്രലബ്‌ധിക്കു തൊട്ടുമുമ്പും അതിനുശേഷമുള്ള മാസങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാനകാലങ്ങളിൽ അദ്ദേഹത്തിന്റെ ആദർശവാദവും “ഉരുക്കുമനുഷ്യ’നായ സർദാർ പട്ടേലിന്റെ ‘ഇരുമ്പുപോലത്തെ പ്രായോഗികവാദവും’ തമ്മിൽ സംഘട്ടനം ഉണ്ടായപ്പോഴും, പുരോഗമനാത്മക ബുദ്ധിജീവിയായ പണ്ഡിറ്റ് നെഹ്രുവിന്റെയും, നിരവധി വർഷക്കാലം ഗാന്ധിജിയുടെ അനുയായികളും സഹപ്രവർത്തകരുമായിരുന്ന മറ്റു പലരുടെയും ആധുനികവാദവും തമ്മിൽ സംഘട്ടനമുണ്ടായപ്പോഴുമെല്ലാം ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷമുള്ള മാസങ്ങളിൽ- അതായത്, ആ ജീവിതം ദുഃഖപര്യവസായിയായി അന്ത്യത്തിലെത്തുന്നതിനു മുമ്പ് -ഗാന്ധിജിയുടെ ജീവിതത്തെ ദുരന്തപൂരിതമാക്കിയത്, അദ്ദേഹവും സഹപ്രവർത്തകരും തമ്മിൽ വളർന്നുവന്നുകൊണ്ടിരുന്ന ഈ അഭിപ്രായവ്യത്യാസമായിരുന്നു.

ഗാന്ധിജിയുടെ അവസാനദിവസങ്ങളിൽ അദ്ദേഹവും സഹപ്രവർത്തകരും തമ്മിൽ ഉണ്ടായിരുന്നതും വർധിച്ചുകൊണ്ടിരുന്നതുമായ ഈ വിടവ് പരിശോധിക്കുന്ന അവസരത്തിലാണ്, ഗാന്ധിജി എന്ന മനുഷ്യനെക്കുറിച്ചും അദ്ദേഹത്തിന്റെ സന്ദേശത്തെക്കുറിച്ചും ശരിക്കും വസ്തുനിഷ്ഠവും സമഗ്രവും ആയ ഒരു വിലയിരുത്തൽ നടത്തുന്നതിന് നമുക്ക് കഴിയുന്നത്. കാരണം, വർധിച്ചുകൊണ്ടിരുന്ന ഈ അകൽച്ച, ചില ധാർമികമൂല്യങ്ങളുടെ കാര്യത്തിൽ ഗാന്ധിജി ചെലുത്തിയിരുന്ന നിർബന്ധം ഒരവസരത്തിൽ ബൂർഷ്വാസിക്ക് സഹായകമായിരുന്നു വെന്നും, എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന ദിവസങ്ങളിൽ അത് അവർക്കൊരു പ്രതിബന്ധമായിരുന്നുവെന്നും ഉള്ള യാഥാർഥ്യത്തിന്റെ പ്രകടനമായിരുന്നു.

(ഗാന്ധിജിയും ഗാന്ധിസവും എന്ന 
കൃതിയിൽനിന്ന്)

ഗ്രാമീണ ജനതയുടെ ഗാന്ധിജി

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 85

ബുദ്ധൻ, യേശു, മുഹമ്മദ് (താഴേക്കിടക്കാരെ വിടുകയാണ്) തുടങ്ങിയ പ്രവാചകന്മാരുടെ കാര്യത്തിലെന്നപോലെ ഗാന്ധിജിയുടെ ആദർശങ്ങളും സാന്മാർഗികപ്രമാണങ്ങളും യാഥാർഥ്യവുമായി ബന്ധമില്ലാത്ത വെറും ധാരണകളായിരുന്നില്ല; അവ ലക്ഷോപലക്ഷം മനുഷ്യ ജീവികൾ പങ്കെടുക്കുന്ന ചരിത്രത്തിലെ മഹാനാടകത്തിന്റെ ഭാഗങ്ങളായിരുന്നു.

നമ്മളിലോരോരുത്തരിലും (പ്രവാചകന്മാരുടെ കാര്യം പോകട്ടെ) തനതായി നല്ലതോ ചീത്തയോ ആയേക്കാവുന്ന വളരെയധികം ആദർശങ്ങളുണ്ടായിരിക്കാം. എങ്കിലും മറ്റു വ്യക്തികൾക്ക് അവ്യക്തമായി അനുഭവപ്പെടുന്ന ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും ചേരാത്തതാണെങ്കിൽ ഈ ആദർശങ്ങൾ അവയുടെ പ്രചാരകരിൽത്തന്നെ ഒതുങ്ങിനിൽക്കുകയേയുള്ളു. ഒരാളുടെ ആദർശങ്ങൾ എത്രമാത്രം വിപുലമായ ജനവിഭാഗത്തിന്റെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും യോജിച്ചതാണോ അത്രത്തോളം അയാളുടെ തത്വപ്രചാരണങ്ങൾ വിജയകരവും, അവ പ്രചരിപ്പിക്കുന്ന അയാൾ ജനസമ്മതനും ആയിത്തീരും. ബുദ്ധനും യേശുവും മുഹമ്മദും വലിയ പ്രവാചകരായിരുന്നതിനുള്ള ശരിയായ കാരണം അവർ മുറുകെപ്പിടിച്ച ആദർശങ്ങളും സാന്മാർഗികമൂല്യങ്ങളും അവരുടെ ജീവിതകാലത്ത് മാത്രമല്ല അതിനുശേഷമുള്ള പല നൂറ്റാണ്ടുകളിലും ജീവിച്ചിരുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമായി പൊരുത്തമുള്ളവയായിരുന്നു എന്നതാണ്.

ഗാന്ധിജിയും മഹാനായിരുന്നു എന്നതിനു കാരണം, അദ്ദേഹം ജീവിതാവസാനംവരെ പിടിച്ചുനിന്ന ആദർശങ്ങളും സാന്മാർഗികമൂല്യങ്ങളും ലക്ഷക്കണക്കിനുള്ള ഇന്ത്യൻ ജനതയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമായി പൊരുത്തപ്പെട്ടവയായിരുന്നു എന്നതാണ്. കലാപത്തിനിറങ്ങാൻ രാഷ്ട്രത്തോട് മുഴുവനുമായി ചെയ്‌ത ഒരാഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ. ദരിദ്രരായ ഗ്രാമീണ ജനവിഭാഗത്തെ, അതായത് ഗ്രാമപ്രദേശങ്ങളിലെ താഴ്ന്നവരിൽവെച്ച് ഏറ്റവും താഴ്ന്ന വരെ- അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘ദരിദ്രനാരായണന്മാരെ’-സംബന്ധിച്ചിടത്തോളം ആ സിദ്ധാന്തങ്ങൾ പ്രത്യേകിച്ചും കലാപത്തിനുള്ള ഒരാഹ്വാനമായിരുന്നു. സ്നേഹം, സത്യം, നീതി തുടങ്ങിയവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ, സാമ്രാജ്യാധിപത്യത്തിൽനിന്നും നാടുവാഴിത്തത്തിൽനിന്നും തങ്ങളെ കെട്ടിയിട്ടിരിക്കുന്ന സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയബന്ധങ്ങളിൽനിന്നും സ്വയം മോചനം നേടുന്നതിന് ആ പ്രത്യേക കാലഘട്ടത്തിൽ ദരിദ്രരായ ഗ്രാമീണ ജനവിഭാഗത്തിന് ഒരു പ്രചോദനമായിരുന്നു. അതുകൊണ്ട്, ദരിദ്രരായ ഗ്രാമീണ ജനവിഭാഗങ്ങൾ അദ്ദേഹത്തെ, പ്രതീക്ഷിച്ചിരുന്ന ദൈവദൂതനായും സമുദ്ധാരകനായും രക്ഷിതാവായും വീക്ഷിക്കാൻ തുടങ്ങി.

ഏതായാലും ഗ്രാമങ്ങളിലെ ദരിദ്രജനവിഭാഗങ്ങൾ മാത്രമല്ല, രാഷ്ട്രത്തിലെ മറ്റ് ജനവിഭാഗങ്ങളും തങ്ങളുടെ ആഗ്രഹങ്ങൾക്കും അടിയന്തരതാൽപ്പര്യങ്ങൾക്കും യോജിച്ച ചില ആദർശങ്ങളും സാന്മാർഗിക മുല്യങ്ങളും പ്രചരിപ്പിച്ച ഒരു മഹാൻ എന്ന നിലയിൽ ഗാന്ധിജിയെ കണ്ടു. സ്വന്തം സ്വതന്ത്ര രാഷ്ട്രീയപ്രസ്ഥാനം അപ്പോൾ വളർത്തിയെടുത്തിട്ടില്ലാതിരുന്ന ഇന്ത്യൻ തൊഴിലാളിവർഗം, തങ്ങളുടെ താൽപ്പര്യത്തിനുവേണ്ടി വാദിക്കുന്ന ഒരാളായി അദ്ദേഹത്തെ കണ്ടു. മഹത്തും മാന്യവുമായ എന്തെങ്കിലും കാര്യത്തിനുവേണ്ടി പ്രവർത്തിക്കുകയും സമരം നടത്തുകയും ചെയ്യണമെന്ന ഉൽക്കടവികാരംകൊണ്ട് ആവേശം കൊണ്ട് ഇടത്തരവിഭാഗങ്ങളിൽപ്പെട്ട ബുദ്ധിജീവികൾ ഒരു ലക്ഷ്യത്തിനുവേണ്ടി സമരം നടത്തുകയും വേണ്ടിവന്നാൽ മരണം വരിക്കുകയും ചെയ്യുന്നതിന് എങ്ങനെ സാധിക്കുമെന്ന് തങ്ങളെ പഠിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്‌ത നേതാവായി അദ്ദേഹത്തെ കണ്ടു. ഉയർന്ന വർഗങ്ങളിൽപ്പെട്ടവരും നല്ല നിലയിലുള്ളവരും ആയ മാന്യന്മാർപോലും (ബൂർഷ്വാസിയും ഭൂവുടമസ്ഥന്മാരും) പാവനമായ ഒരു ലക്ഷ്യത്തിനുവേണ്ടി നിസ്വാർഥമായി പ്രവർത്തിക്കുകയും എല്ലാറ്റിനുമുപരി അക്രമരാഹിത്യത്തിന്റെ നിഷ്‌കൃഷ്‌ട പരിധിക്കുള്ളിൽ ‘ജനക്കൂട്ട’ത്തെ ഒതുക്കിനിർത്തുകയും ചെയ്യുന്ന, സ്വരാജ്യസ്നേഹംകൊണ്ട് ജ്വലിക്കുന്ന ഒരാളായി അദ്ദേഹത്തെ കണ്ടു.

അങ്ങനെ അദ്ദേഹം സ്വാഭാവികമായി വ്യത്യസ്‌തങ്ങളായ ആഗ്രഹങ്ങളും ആവശ്യങ്ങളുമുള്ള വിവിധ ജനവിഭാഗങ്ങളുടെ നേതാവായിത്തീർന്നു. എന്തൊക്കെയായാലും അദ്ദേഹം പ്രചരിപ്പിച്ച താത്വിക സിദ്ധാന്തങ്ങൾ അവർക്കെല്ലാവർക്കും ഏതാണ്ടൊരുതരത്തിലുള്ള തൃപ്തി നൽകിയതുകൊണ്ട്, ആരംഭകാലത്തെങ്കിലും അദ്ദേഹത്തിന് സ്വന്തം നേതൃത്വത്തിൽ അവരെ യോജിപ്പിച്ചുനിർത്തുന്നതിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രസ്ഥാനം മുന്നേറാൻ തുടങ്ങിയപ്പോൾ താൽപ്പര്യസംഘട്ടനങ്ങളും വ്യത്യസ്‌ത വിഭാഗങ്ങളുടെ അഭിലാഷവ്യത്യാസങ്ങളും പ്രത്യക്ഷരൂപത്തിൽ പുറത്തുവന്നു. വിവിധ ഘട്ടങ്ങളിലൂടെ അദ്ദേഹം നയിച്ച സംഘടനയ്ക്കുള്ളിൽ ഏറ്റുമുട്ടലുകൾക്ക് കാരണമായത് ഈ സംഭവവികാസമായിരുന്നു.

പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ നേതൃത്വത്തിന്റെ ഫലമായി അതിലുടലെടുത്ത ഈ സംഘട്ടനങ്ങളെയെല്ലാം സമാഹരിക്കുമ്പോൾ ഗാന്ധിജിയുടെ ആദർശവാദത്തിന് അതിന്റേതായ ശക്തവും ദുർബലവുമായ വശങ്ങളുണ്ടെന്നുള്ള നിഗമനത്തിൽ നാം എത്തിച്ചേരുന്നു. സാമ്രാജ്യാധിപത്യത്തിനും നാടുവാഴിത്തത്തിനുമെതിരായ സമരത്തിൽ ബഹുജനങ്ങളെ ഉണർത്തുകയും സംഘടിപ്പിക്കുകയും ചെയ്തതിനെ ശക്തമായ വശമെന്നും, സാമ്രാജ്യത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും ത്രിവിധ നുകം കുടഞ്ഞെറിയുന്നതിന് ആവശ്യമായ തൊഴിലാളി-കർഷക ബഹുജനങ്ങളെ ഫലത്തിൽ നിയന്ത്രിക്കുന്നതിന് സഹായിച്ച, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അക്രമരാഹിത്യത്തിൽ കർശനമായി ഉറച്ചുനിൽക്കണമെന്ന നിർബന്ധത്തെ ദുർബലവശമെന്നും ചുരുക്കിപ്പറയാവുന്നതാണ്. സാന്ദർഭികമായി പറഞ്ഞാൽ, ബൂർഷ്വാസിയുടെ താൽപ്പര്യങ്ങൾക്ക് ആവശ്യമായിരുന്നതും ഇതുതന്നെയായിരുന്നു. സാമ്രാജ്യാധിപത്യത്തിനും നാടുവാഴിത്തത്തിനുമെതിരായി നമ്മുടെ ബഹുജനങ്ങളെ ഉണർത്തുകയും സംഘടിപ്പിക്കുകയും ചെയ്യേണ്ടത് അവരുടെ ആവശ്യമായിരുന്നു. എന്നാൽ പ്രവർത്തനങ്ങളിലും സമരങ്ങളിലും ഈ ബഹുജനങ്ങളെ കർശനമായി നിയന്ത്രിക്കണമെന്നതും അവരുടെ ആവശ്യമായിരുന്നു. ജീവിതത്തോടും ചരിത്രത്തോടുമുള്ള ഗാന്ധിജിയുടെ സമീപനം ബൂർഷ്വാ ജനാധിപത്യസ്വഭാവത്തിലുള്ള ഒന്നായിരുന്നു എന്നു പറയുമ്പോൾ ബൂർഷ്വാസിയുടെ താൽപ്പര്യങ്ങൾ ആവശ്യപ്പെട്ടിരുന്നതും ഗാന്ധിജിയുടെ നേതൃത്വത്തിന്റെ ഫലങ്ങളുടെ ആകെത്തുകയും തമ്മിലുള്ള ഈ ഒത്തുചേരലിനെയാണ് ഞാൻ ഉദ്ദേശിച്ചത്.

(ഗാന്ധിജിയും ഗാന്ധിസവും എന്ന 
കൃതിയിൽനിന്ന്)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular