Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിമോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്സെയും

മോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്സെയും

എൻ വി കൃഷ്ണവാര്യർ

രി വാങ്ങുവാൻ ക്യൂവിൽ-ത്തിക്കിനിൽക്കുന്നൂ ഗാന്ധി; 
അരികേ കൂറ്റൻ കാറി-ലേറി നീങ്ങുന്നൂ ഗോഡ്സേ.
ചാക്കിനമ്പതു രൂപ ലാഭത്തിൽ,ത്തൻ കൈയിലേ
സ്റ്റോക്കൊഴിക്കയാൽ.ലോകം സുന്ദരമെന്നായ് നണ്ണി,
മദ്യവും ചീട്ടാട്ടവും മൈത്രിയുമേകും ക്ലബിൽ
എത്തുവാൻ വെമ്പിപ്പോകും വ്യാപാരിമാന്യൻ ഗോഡ്സേ,
അന്തിക്കു കുടിലിലെ-ന്തെങ്ങനെ,യെത്തിക്കുമെ-–
ന്നന്തിച്ചുനിൽക്കും വൃദ്ധൻ ഗാന്ധിയെക്കണ്ടീടവേ
ഓർത്തുപോയ്: ‘ഹാ, കഷ്ടം! ഈ-യേഴയെക്കരുതിയോ
കൈത്തോക്കിൽ വിലപ്പെട്ടോരുണ്ടകൾ നിറച്ചു ഞാൻ?
ഊതിയാൽപ്പറക്കുമീ നിഴലിൻ പിന്നാലെയോ
ചൂതാടിത്തിമർക്കേണ്ടും സന്ധ്യയിൽപ്പതുങ്ങീ ഞാൻ?”
ക്യൂവിൽ നില്ക്കവേ, കാറിൽ ഗോഡ്സേയെക്കണ്ടോ ഗാന്ധി?
നാവിൽനിന്നെന്തേ ‘‘ഹാ, രാം! ’’ ക്രന്ദനമുയർന്നീല?
ഇന്നലെ സന്ധ്യയ്ക്കു ഞാൻ ഗാന്ധിയെക്കണ്ടേൻ : പാർക്കിൻ
മുന്നിലെ നടപ്പാതക്കോൺക്രീറ്റിൽക്കിടക്കുന്നു!
തൊണ്ടയിൽക്കുരുങ്ങീടും ശ്വാസത്താലെൽക്കൂടുയർ–
ന്നാന്തിയും, നീരാൽവീർത്ത കാലുകൾ മടങ്ങിയും
ഒറ്റയ്ക്കു മരിക്കുമപ്പാവത്തെക്കാൺകെച്ചൊന്നാൻ :
‘”പട്ടിണി ! ’’ വേഗം കൂട്ടി നടന്നേൻ വീടെത്തുവാൻ.
നില്ക്കണം ക്യൂവിൽച്ചെന്നു; (ഭാര്യയ്ക്കു പത്തായ് മാസം!)
വില്ക്കുന്നതിന്നെന്താവോ, ഗോതമ്പോ, കല്ലോ, പൂപ്പോ !
ഇന്നു രാവിലെക്കണ്ടേൻ ഗോഡ്സേയെഗാന്ധിക്കടു;
ത്തുന്നതശിരസ്സിൽ വെൺ തൊപ്പിയും വെൺജൂബയും.
‘”ചത്ത ഹിന്ദുവിന്നാർഷ സംസ്‌കാരമേകാൻവേണ്ടി–
യൊത്തതു തരൂ’’കെന്നു കൈപ്പട്ടേ നീട്ടീ ഗോഡ്സേ,
(അറിവേൻ : വരും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാ :-
ണതിനാലിപ്പോളുഗ്രം ജനസേവനവ്രതം !)
വെച്ചു ഞാൻ കാൽരൂപയാ നീട്ടിയ കൈപ്പാട്ടയിൽ :
ഉച്ചയ്ക്കു കുടിക്കുവാൻ പൈപ്പിലുണ്ടല്ലോ വെള്ളം
അന്തിയില്‍ പ്രൊജക്ട് ഹൗസില്‍ക്കാറിറങ്ങുന്നു ഗോഡ്‌സേ:
മന്ത്രിയെക്കാണാനെത്തിച്ചേരുന്നു പ്രമാണിമാര്‍;
കമ്പനിത്തലവന്മാര്‍, കമ്മീഷനേജന്റുമാര്‍
കണ്‍ട്രാക്ടര്‍മാരും കക്ഷിമുഖ്യരും കളക്ടറും
മദ്യവും ഖാദ്യങ്ങളുമെത്തിച്ചു ടൂറിസ്റ്റ് ഹോട്ടല്‍
മുഗ്ധഹാസ്യയാളെത്തി സാമൂഹ്യപ്രവര്‍ത്തക.
രാത്രിതൻ കുറുമണിക്കൂറുകളരച്ചുകൊ–
ണ്ടെത്രയും ഭാരിച്ചതാം ഭരണചക്രം ചുറ്റീ.
അന്നഗാമിനിയാളാമന്തിമാതിഥി കാറിൽ-–
ച്ചെന്നുകേറുമ്പോ, ളനുയാത്രപോയ്ത്തിരിക്കവേ,
ഗെയ്ററടയ്ക്കുവാൻ നില്ക്കും ഗാന്ധിയെപ്പുലർകാല
വെട്ടത്തിൽത്തിരിച്ചറിഞ്ഞെന്നിരിക്കില്ലാ ഗോഡ്സേ.
എങ്കിലും ദുഃഖാന്ധമാം “‘ഹാ, രാം’’ ക്രന്ദനം ഗാന്ധി–-
തൻ കരൾ തുളച്ചുഗ്രസൂക്ഷ്‌മമായ് മുഴങ്ങവേ,
തിരിഞ്ഞു, ഞെട്ടി, തന്റെ നിത്യശത്രുവെക്കണ്ടു
തിരിച്ചുക്ഷണം : പിന്നെ ക്രൂദ്ധ‌നായ്ച്ചീറീ ഗോഡ്സേ
‘‘പണി വേണമോ തനിക്കെങ്കിൽ വായ്- മൂടിക്കൊൾക!”
പുലരിക്കുളിരാലോ, വിറകൊള്ളുന്നു ഗാന്ധി!
അങ്ങയെ ഞാൻ കൊന്നതിൻ വാർഷികം ‘രഘുപതി’–
മംഗളഗീതാർദ്രമായ്-പ്പിന്നെയും പുലരവേ,
പരിവാരത്തോടൊപ്പം രാജകീയാഡംബരം
പുലർത്തിയെത്തുന്നു ഞാൻ രാജഘട്ടത്തിൻ മുമ്പിൽ.
ക്യാമറ മിന്നൽക്കണ്ണു തുറക്കെ, യങ്ങെച്ചിതാ–
ഭൂമിയിൽ പുഷ്‌പചക്രം പ്യൂൺ താങ്ങി ഞാൻ വെയ്ക്കുന്നു.
ഉയരുന്നുവോ “‘ഹാ, രാം ! ’’ ക്രന്ദനം ശിലയിൽനി–
ന്നുതിരും പൂക്കൾ ‘‘ഹാ, രാം ! ’’ എന്നല്ലീ വിതുമ്പുന്നു ?
കാറിൽ ഞാൻ തിരിക്കവേ, പാടത്തുപൂട്ടും കൃഷി-–
ക്കാരന്റെ ഗാനം ‘‘ ഹാ, രാം ! ഹാ, രാം ’’ എന്നാവാനെന്തേ?
പണിയില്ലാതേ മില്ലിൻ പൂട്ടിയ ഗെയിറ്റിൽത്തിങ്ങും
ജനമെന്താവാം ‘‘ഹാ, രാം ! ഹാ, രാം ! ’’ എന്നാക്രോശിപ്പൂ?
ക്യൂവിലിത്തിരിയരിക്കായ്ക്കാത്തുനില്ക്കുന്നോരീ
നാരിമാർ “ഹാ, രാം ! ഹാ, രാം ! ” എന്നല്ലീ മന്ത്രിക്കുന്നു?
കീശയിൽത്തപ്പിക്കൈത്തോക്കെടുത്തു തുറക്കുന്നേൻ :
ആശ്വാസാലതിൻ നിറത്തോട്ടകളെണ്ണീടുന്നേൻ.
പ്രാര്‍ത്ഥനയ്ക്കായന്നു ഞാന്‍ പോകവേ, മതിഭ്രമം
മൂര്‍ത്തിയാര്‍ന്നപോലെന്റെ മുമ്പില്‍ നീയെത്തീ, വത്സ!
കാല്‍തൊടാനല്ല, കൈത്തോക്കെടുക്കാന്‍ കുനിഞ്ഞു നീ:
കാരീയത്തീയുണ്ടപ്പൂവെന്മാറില്‍ ചൊരിഞ്ഞു നീ.
നിന്നിലെയശക്തിയിലാന്ധ്യത്തിലഹന്തയില്‍
ഖിന്നനായ്, ദയാര്‍ദ്രനായ് “ഹാ, രാം” എന്നാക്രന്ദിച്ചേന്‍.
ഇന്നു നീ ഞാന്‍ നേടിയതൊക്കെയും കാപട്യത്താല്‍
നിന്നുടേതാക്കി ക്രൂരം വിജയോന്മാദം കൊള്‍കേ,
ആരോടാന്നിക്കാന്‍ നീളെത്തപിച്ചേനാഗ്രാമീണ–
ഭാരതീയരെച്ചതച്ചര, ച്ചാക്കളിമണ്ണാല്‍
നുണയെ വിവേകമായ്, ദുരയെത്തപസ്യയായ്–
പ്പുണരും നരപിശാചങ്ങളെപ്പടയ്ക്കവേ,
ഇടയില്‍ ദ്-ധരാശായിയെന്‍മെയ്യിലാര്‍ഭാടത്തോ-–
ടലരിന്‍ വെള്ളീയത്തീയുണ്ടകളൊഴിക്കവേ,
ക്രോധത്തെജ്ജയിച്ചോരെന്നാത്മാവിന്‍ സനാതന
ക്രോധം “ഹാ, രാം !” എന്നുഗ്രമുദ്ഗളിക്കുന്നൂ, ദുഷ്ട!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − five =

Most Popular