Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഗാന്ധിജിയെ ലോകമറിയുന്നത്

ഗാന്ധിജിയെ ലോകമറിയുന്നത്

കെ ടി കുഞ്ഞിക്കണ്ണൻ

ഗാന്ധിജിയെ ലോകമറിയുന്നത് 20-–ാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും സുദീർഘവും ബൃഹത്തുമായ അധിനിവേശവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വംകൊടുത്ത മഹാത്മാവ് എന്ന നിലയിലാണ്. അതിനായി തടവറയിൽ കിടന്നും സഹനസമരങ്ങൾ അനവധി അനുഷ്ഠിച്ചും മർദ്ദനങ്ങൾ സഹിച്ചും ദശകങ്ങൾ നീണ്ട ധീരമായ പോരാട്ടങ്ങൾ നയിച്ചും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തിയ ലോകനേതാവെന്ന നിലയിലാണ്. അതൊന്നും മോദിയെപ്പോലെ ഒരാൾക്ക് മനസ്സിലാക്കാനോ അറിയാനോ കഴിയണമെന്നില്ല.

കാരണം സാമ്രാജ്യത്വവിരുദ്ധ ദേശീയവിമോചന സമരങ്ങളുടെ വിപരീതദിശയിൽ സഞ്ചരിച്ച സവർക്കറുടെയും ഹെഡ്‌ഗേവാറുടെയും ഗോൾവാൾക്കറുടെയും തുടർച്ചയിൽ ഉയർന്നുവന്ന വർഗീയവാദിയാണ് മോദി. ഇന്ത്യയെ രൂപപ്പെടുത്തിയ ചരിത്രാനുഭവങ്ങളുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലാത്ത ദേശീയ വഞ്ചനയുടേതായ രാഷ്ട്രീയചരിത്രത്തിന്റെ തുടർച്ചയായിരിക്കുന്ന ഒരാൾക്ക് അതെങ്ങനെ മനസ്സിലാകും. ഗാന്ധി സിനിമ കണ്ടാണ് ലോകം ഗാന്ധിജിയെ അറിഞ്ഞതെന്ന് പറയുന്ന ഒരാളുടെ ചരിത്രബോധത്തിന്റെ പരിതാപഗതിയിൽ നമുക്ക് ലജ്ജിക്കാനേ കഴിയൂ. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാജ്യമാണെന്നും ഹിന്ദു-മുസ്ലീം മൈത്രിയില്ലാതെ സ്വരാജ്യം സാധ്യമല്ലെന്നും പ്രഖ്യാപിച്ച ഗാന്ധിജിയെ ലക്ഷ്യമിട്ടാണ് മോദി പ്രചാരക്കായിരിക്കുന്ന ആർ.എസ്.എസിന്റെ സ്ഥാപകൻ ഹെഡ്‌ഗേവാർ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാജ്യമാണെന്ന് പറയുന്നവർ ഹിന്ദുക്കളുടെ ശത്രുവാണെന്ന് പ്രഖ്യാപിച്ചത്.

എം എൻ റോയ്

ഇന്ത്യൻ ജനതയ്ക്ക് ഗാന്ധിജി മഹാത്മാവാണ്. അങ്ങനെയാണ് രവീന്ദ്രനാഥ ടാഗോറിനെ പിന്തുടർന്ന് ഗാന്ധിജിയെ ഇന്ത്യൻജനത ആദരവോടെ സ്മരിക്കുന്നത്. ഇംഗ്ലണ്ടിൽ പഠനവും ദക്ഷിണാഫ്രിക്കയിൽ രാഷ്ട്രീയ പരിശീലനവും നേടിയാണ് ഗാന്ധിജി ഇന്ത്യയിലേക്ക് വരുന്നത്. അക്കാലത്തെ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ മാർഗദർശനത്തിൽ ഇന്ത്യൻ യാഥാർത്ഥ്യത്തെക്കുറിച്ച് വ്യക്തത തേടിക്കൊണ്ടാണ് ഗാന്ധിജി രാജ്യമാകെ സഞ്ചരിച്ചത്. ആ അഖിലേന്ത്യാ പര്യടനാണ് ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെയും പരിപ്രേക്ഷ്യത്തെയും രൂപപ്പെടുത്തിയതും സ്വാധീനിച്ചതെന്നും ഡോ.കെ.എൻ.പണിക്കർ എഴുതുന്നുണ്ട്. മോഡിക്കും ആർ.എസ്.എസുകാർക്കും ഒരിക്കലും തിരിച്ചറിയാനാവാത്ത ഇന്ത്യൻ ജനസാമാന്യത്തിന്റെ ബഹുസ്വരതയെയും മതനിരപേക്ഷസ്വഭാവത്തെയും കണ്ടെത്തിയെന്നതാണ് ഗാന്ധിജിയുടെ രാഷ്ട്രീയ മീമാംസയുടെ സവിശേഷതതന്നെ.

ഇന്നത്തേതുപോലൊരു സത്യാനന്തരകാലം സത്യത്തിനും അഹിംസയ്ക്കും നീതിക്കുംവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഏകാന്തവഴികളിലൂടെ സഞ്ചരിച്ച മഹാത്മാവിനെ സത്താരഹിതമായി അപനിർമ്മിക്കുന്നുണ്ട്. മതരാഷ്ട്രവാദികളും ഉത്തരാധുനികപണ്ഡിതരുമാണ് തങ്ങൾക്കാവശ്യമായ രീതിയിൽ ഗാന്ധിജിയെ അപനിർമ്മിക്കുന്നത്.

പ്രതിലോമപരതയുടേതായ ഈയൊരു സാഹചര്യത്തിലാണ് ഗാന്ധിജിയുടെ ജീവിതത്തെയും ചിന്തകളെയും സംബന്ധിച്ച വസ്തുനിഷ്ഠമായ വിശകലനങ്ങൾ ആവശ്യമായിത്തീരുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ ഇന്ത്യയിലെ ബഹുജനങ്ങളെയാകെ അണിനിരത്തുന്നതിൽ വിസ്മയകരമായ പങ്കാണ് ഗാന്ധിജി വഹിച്ചിട്ടുള്ളത്. ജനകോടികളെ സ്വാതന്ത്ര്യത്തിന്റെ രണഭൂമികളിലേക്ക് ഇറക്കിക്കൊണ്ടുവന്ന അസാമാന്യമായ നയചാതുര്യവും രാഷ്ട്രീയ സമീപനവും ഗാന്ധിജിയുടെ സവിശേഷതയായിരുന്നു. ഇതൊക്കെത്തന്നെയാവാം മാർട്ടിൻ ലൂഥർകിംഗ് മുതൽ മണ്‌ഡേല വരെയുള്ളവരെ പ്രചോദിപ്പിച്ചത്. ഗാന്ധിജിയുടെ ഈയൊരു സ്വാധീനശക്തിതന്നെയാവാം ഐൻസ്റ്റീനെ വിസ്മയഭരിതനാക്കിയത്. ഒരർത്ഥത്തിൽ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന് ബഹുജന അടിത്തറയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് മണ്ണൊരുക്കുകയും ചെയ്തത് ഗാന്ധിജിയാണെന്നു പറയാം.

എവ്ലിൻ റോയ്

ഇ.എം.എസ് എഴുതിയത്; ‘‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ ജനതയെ സംഘടിപ്പിക്കുന്നതിൽ-, അദ്ദേഹത്തിന്റെ ഭാഷയിൽ ദരിദ്രനാരായണന്മാരായ കർഷകജനസാമാന്യത്തെ രംഗത്തിറക്കുന്നതിൽ വിശേഷിച്ചും-അദ്ദേഹം വഹിച്ച പങ്ക് ആദരണീയമാണ്. താൻ മുറുകെ പിടിച്ചതും ആത്മീയ പരിവേഷമുള്ളതുമായ സത്യം, അഹിംസ, ദരിദ്രനാരായണ സേവ മുതലായവ ഓരോന്നും അദ്ദേഹം ഉപയോഗിച്ചത് ദേശീയ സ്വാതന്ത്ര്യസമരത്തിന് ശക്തമായ ബഹുജന അടിത്തറ ഉണ്ടാക്കാനാണ്. ഞാൻ കൂടി ഉൾപ്പെടുന്ന തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഇത് സഹായിച്ചു.”

ഗാന്ധിജി ഇന്ത്യക്കാരുടെ മഹാത്മാവായി വളർന്നത് അദ്ദേഹം ജീവിച്ച കാലത്തെയും ജനങ്ങളുടെ വിചാരവികാരങ്ങളെയും സ്വാംശീകരിക്കുകയും അവയ്ക്ക് പ്രക്ഷോഭകരമായ രൂപം നൽകുകയും ചെയ്തതിലൂടെയാണ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്ക് ജനങ്ങളെ അടുപ്പിക്കാൻ കഴിയുന്ന മുദ്രാവാക്യങ്ങളും പ്രതീകങ്ങളും അതിനുള്ള മാർഗാവിഷ്‌കരണവും നടത്തുന്നത് ഒരു കലയും ശാസ്ത്രവുമായി മാറ്റാൻ ഗാന്ധിജിക്ക് കഴിഞ്ഞു.

ഗാന്ധിയെന്ന ഇന്ത്യയുടെ ദേശീയവിമോചന നായകൻ രൂപപ്പെട്ടുവന്ന ചരിത്രസാഹചര്യത്തിൽ നിന്നേ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ചിന്തകളെയും വിലയിരുത്താനാവൂ എന്ന നിലപാടാണ് മാർക്‌സിസ്റ്റുകൾ തുടക്കം മുതൽ മുന്നോട്ടുവെച്ചത്. ഗാന്ധിജിയെന്ന വ്യക്തിയും അദ്ദേഹത്തിന്റെ ദർശനവും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനത്തെ 1920-കളിൽ തന്നെ കമ്യൂണിസ്റ്റുകാർ വിലയിരുത്തിയിരുന്നു. ഏതാണ്ട് കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തനമാരംഭിച്ച അതേ ഘട്ടത്തിൽ തന്നെയാണ് ഗാന്ധിജി ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നുവന്നതും.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ഗാന്ധിജി അഹമ്മദാബാദ് ഉൾപ്പെടെയുള്ള വ്യവസായനഗരങ്ങളിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ പണിമുടക്ക് സമരങ്ങളിൽ പങ്കാളിയാകുന്നതിലും വ്യാപൃതനായിരുന്നു. ഒരർത്ഥത്തിൽ വ്യവസായതൊഴിലാളികളുടെയും കൃഷിക്കാരുടെയും അവകാശസമരങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

1921-ൽ തന്നെ എസ്.എ.ഡാങ്കെ ‘ഗാന്ധിയും ലെനിനും’ എന്ന കൃതിയിലൂടെ ഗാന്ധിജിയുടെ വീക്ഷണങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും വിലയിരുത്താനുള്ള ശ്രമം നടത്തി. ചൗരിചൗരാ സമരം നിർത്തിവെച്ചതിനെ തുടർന്ന് ദേശീയ സ്വാതന്ത്ര്യസമരസേനാനികൾക്കിടയിൽ കടുത്ത ഗാന്ധിവിരുദ്ധത ഉയർന്നുവന്ന സാഹചര്യത്തിലാണ് സമഗ്രമായ ഒരു വിശകലനം നടത്താനുള്ള ശ്രമങ്ങൾ കമ്യൂണിസ്റ്റ് പാർടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൂന്നാം ഇന്റർനാഷണലിന്റെ മുഖപത്രമായ ഇബ്രകോറിൽ നിരവധി ലേഖനങ്ങൾ അക്കാലത്ത് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും കുറിച്ചുവന്നിരുന്നു.

എം.എൻ.റോയിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘വാൻഗാർഡി’ൽ ശാന്തീദേവി എന്ന തൂലികാനാമത്തിൽ എവ്‌ലിൻറോയ് സമഗ്രമായൊരു ഗാന്ധിവിശകലനം എഴുതുകയുണ്ടായി. ചൗരിചൗരയ്ക്കുശേഷമുള്ള ഇന്ത്യൻ സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും എവ്‌ലിൻറോയ് പരിശോധിച്ചത്. രാഷ്ട്രീയ നയങ്ങളിലെ എല്ലാവിധ ദൗർബല്യങ്ങളെയും മറികടക്കുന്ന ഗാന്ധിജിയുടെ വ്യക്തിത്വത്തെയും ചിന്തകളെയും വസ്തുനിഷ്ഠമായി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ എവ്‌ലിൻറോയ് ചെയ്തത്.

അവർ എഴുതി; ‘‘മെലിഞ്ഞ അർദ്ധനഗ്നനായ ഈ മനുഷ്യന്റെ കറുത്ത ശരീരത്തെ പൂർണമായും അധീനപ്പെടുത്തിയിട്ടുള്ള ഒരു മനസ്സുണ്ട്. പടക്കപ്പലുകളോ യന്ത്രത്തോക്കുകളോ ഉപയോഗിച്ച് അതിനെ കഷ്ണം കഷ്ണമായി തകർക്കാൻ കഴിഞ്ഞേക്കും. എന്നാൽ അതിനെ കീഴടക്കാൻ ഒരാൾക്കും കഴിയുകയില്ല. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വവാദികൾ അദ്ദേഹത്തെ ഉപദ്രവിക്കാതിരുന്നത്. കഴിയുന്ന എല്ലാ സൗകര്യങ്ങളും കൊടുത്തുകൊണ്ട് ആറ് വർഷക്കാലത്തേക്ക് അദ്ദേഹത്തെ വെറും തടവിൽ വെക്കാനേ അവർ ധൈര്യപ്പെട്ടുള്ളൂ. ഇതാകട്ടെ അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്താൻ വേണ്ടിമാത്രമാണു താനും. ഇന്ന് വീശുന്ന കൊടുങ്കാറ്റ് സ്വൽപമൊന്നു ശാന്തമായാൽ അദ്ദേഹത്തെ അവർ വിടും. എന്തുകൊണ്ടെന്നാൽ, മഹാത്മാവായ ഗാന്ധിജി ജയിലിൽ കിടക്കുന്ന കാലത്തോളം ഇന്ത്യയുടെ ജനലക്ഷങ്ങളുടെ ആദരപാത്രമായ രക്തസാക്ഷി ഗാന്ധിയായിരിക്കും. ജയിലിൽ കിടക്കുന്ന ഗാന്ധി സ്വതന്ത്രനായ ഗാന്ധിയേക്കാൾ അപകടകാരിയാണ് എന്ന് പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്.”

ഈ ലേഖനത്തിൽ എവ്‌ലിൻറോയ് ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ വിവിധ തലങ്ങളെ വിമർശനവിധേയമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ദാർശനികവീക്ഷണത്തിലും രാഷ്ട്രീയത്തിലുമുള്ള വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. അപ്പോഴും ജനങ്ങളുടെ വിചാരവികാരങ്ങളെ ഏകോപിപ്പിക്കുന്നതിനും ബഹുജനസമരങ്ങളിലൂടെ രാഷ്ട്രീയാവശ്യങ്ങൾ നേടിയെടുക്കുന്നതിനും ഗാന്ധിക്കുള്ള അസാമാന്യമായ രാഷ്ട്രീയ സംഘടനാപാടവമാണ് കോൺഗ്രസിനെ വളർത്തിയതെന്ന ചരിത്രസത്യത്തെ അടിവരയിട്ട് എവ്‌ലിൻ സമർത്ഥിച്ചു.

ഗാന്ധിജിയുടെ അനശ്വര വ്യക്തിത്വത്തെയും ചരിത്രത്തിലെ സ്ഥാനത്തെയും കുറിച്ച് എവ്‌ലിൻറോയ് എഴുതിയത് നോക്കൂ; ‘‘ഇന്ത്യൻ ബഹുജനപ്രസ്ഥാനത്തിൽ ഗാന്ധി ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ ഈ നിഷ്പക്ഷവിശകലനം അവസാനിപ്പിക്കുന്നതിന് മുമ്പ്, രാഷ്ട്രീയക്കാരനായ ഗാന്ധിയെ വാഴ്ത്തിക്കൊണ്ട് ചിലത് പറയേണ്ടിയിരിക്കുന്നു. ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനം തന്റെ നാട്ടിലെ സഹോദരന്മാരോടുള്ള അഗാധമായ സ്‌നേഹത്താൽ പ്രേരിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. രാഷ്ട്രീയ അടവുകളുടെ കാര്യത്തിൽ പല തെറ്റുകളും ചെയ്ത ഒരാളാണെങ്കിലും അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം മഹത്താണ്. അദ്ദേഹത്തിന്റെ ഓരോ വാക്കിലും രാജ്യത്തെ സ്വതന്ത്രമാക്കി, അതിന്റെ സന്തതികൾക്ക് സന്തോഷകരമായ ഒരു ജീവിതം നൽകാനുള്ള അഗാധമായ ആഗ്രഹം അടങ്ങിയിരിക്കുന്നു. കോടതിയിൽവെച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ തൊലിയുരിച്ച് കാണിച്ചുകൊണ്ടും ഗവൺമെന്റിനെതിരായി അസംതൃപ്തിപരത്താൻ ശ്രമിച്ചുവെന്ന കുറ്റം സമ്മതിച്ചുകൊണ്ടും ഗാന്ധി ചെയ്ത പ്രസ്താവനയെക്കാൾ അനശ്വരമായിത്തീരുന്ന കാഴ്ചയും ചരിത്രവും കാണില്ല. മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് പറ്റിയ രാഷ്ട്രീയ പരാജയങ്ങൾ വിസ്മരിക്കപ്പെട്ടതിനുശേഷവും വളരെക്കാലത്തോളം രാജ്യത്തിന്റെ മഹാത്മാക്കളുടെയും ദേശാഭിമാനികളുടെയും കൂട്ടത്തിൽ അദ്ദേഹം ജീവിയ്ക്കും.”

ഗോപാലകൃഷ്ണ ഗോഖലെ

1886-ലെ കൽക്കത്ത എ.ഐ.സി.സി സമ്മേളനം മുന്നോട്ടുവെച്ച മതനിരപേക്ഷരാഷ്ട്രം എന്ന സങ്കൽപത്തെ ഗാന്ധിജി ഉയർത്തിപ്പിടിച്ചു. ഇന്ത്യയെന്ന ആശയവും ഇന്ത്യയെന്ന ജനങ്ങളുടെ ഐക്യവും എന്താണ് അർത്ഥമാക്കുന്നതെന്ന് കൽക്കത്ത സമ്മേളനത്തിന്റെ റിപ്പോർട്ടിൽ ഇങ്ങനെ വ്യക്തമാക്കി; ‘‘മഹാഭൂരിപക്ഷം രാഷ്ട്രീയപ്രശ്‌നങ്ങളിൽ പരസ്പരം പ്രതിനിധീകരിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നത് സമൂഹത്തോടുള്ള ലൗകിക താൽപര്യമാണ്; ആത്മീയ ബന്ധങ്ങളല്ല. ഈ രാജ്യത്തെ പൊതുതാൽപര്യം ഒന്നായിരിക്കെ, ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഹമ്മദീയരും പാർസികളും അവരവരുടെ സമുദായങ്ങളിലെ അംഗങ്ങളായിരിക്കാനും യോഗ്യരായിരിക്കുന്നതുപോലെ പൊതുമതനിരപേക്ഷ ചർച്ചകളിൽ പരസ്പരം പ്രതിനിധീകരിക്കാനും യോഗ്യരാണ്.” മതനിരപേക്ഷതയെ രാഷ്ട്രമീമാംസയുടെ അടിസ്ഥാനമാക്കിയ ഗാന്ധിജിയെ ഉൾക്കൊള്ളാൻ വർഗീയവാദികൾക്ക് കഴിയുമായിരുന്നില്ല.

ഹിന്ദുമഹാസഭയും പിന്നീട് ആർ.എസ്.എസും മുസ്ലീംലീഗുമെല്ലാം മതമാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്ന് വാദിച്ചപ്പോൾ ഗാന്ധിജി ഈയൊരു നിലപാടിൽ നിന്നാണ് അത്തരം വർഗീയവാദ സിദ്ധാന്തങ്ങളെ പ്രതിരോധിച്ചത്. ഹിന്ദുമഹാസഭയുടെ ആദ്യകാല നേതാക്കൾ ഹൈന്ദവതയാണ് പ്രധാനം രാഷ്ട്രമല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഒരാൾ ആദ്യമായി ഹിന്ദുവാണെന്നും പിന്നെ മാത്രമേ ഇന്ത്യക്കാരനാകുന്നുള്ളൂ എന്നതുപോലുള്ള വാദങ്ങളാണ് ഹിന്ദുമഹാസഭയുടെ സ്ഥാപകനേതാക്കൾ മുന്നോട്ടുവെച്ചത്. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരം ഹിന്ദുക്കളുടെ യഥാർത്ഥ ശത്രുക്കൾക്കെതിരായുള്ള പോരാട്ടത്തെ അപ്രസക്തമാക്കിക്കളയുമെന്ന വേവലാതിയായിരുന്നു അവർക്ക്.

മുസ്ലീംലീഗെന്നപോലെ ഹിന്ദുമഹാസഭയും ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനായി ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് ഡിപ്പാർട്ടുമെന്റിന്റെ പിന്തുണയോടെ രൂപംകൊണ്ടതാണ്. ഗാന്ധിജിയോടും നെഹ്‌റുവിനോടുമുള്ള ആർ.എസ്.എസിന്റെ എതിർപ്പിന്റെ മൂലകാരണം തങ്ങൾ ഒന്നാമത്തെ ശത്രുവായി കാണുന്ന മുസ്ലീങ്ങളെ മാറോടണയ്ക്കുകയും ഹിന്ദു–മുസ്ലീം മൈത്രിക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നുവെന്നതായിരുന്നു. ഹിന്ദു–മുസ്ലീം മൈത്രിയില്ലാതെ സ്വരാജ് യാഥാർത്ഥ്യമാക്കാൻ കഴിയില്ലെന്ന് നിരന്തരമായി ഓർമ്മിപ്പിച്ച ഗാന്ധിജി ആർ.എസ്.എസിന്റെ പ്രഖ്യാപിത ശത്രുവായി മാറുകയായിരുന്നു.

ഗോപാലകൃഷ്ണഗോഖലെ, നേരത്തെതന്നെ മതരാഷ്ട്രവാദം ഉയർത്തി ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ അസ്ഥിരീകരിക്കുന്ന ഹിന്ദുമഹാസഭയെയും മുസ്ലീംലീഗിനെയും രാജ്യദ്രോഹ സംഘടനകളായിട്ടാണ് വിലയിരുത്തിയത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം ഉണ്ടാക്കിയ ബ്രിട്ടീഷ് വിരുദ്ധ ദേശീയമുന്നേറ്റങ്ങൾ കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഡിപ്പാർട്ടുമെന്റാണ് ഹിന്ദുമഹാസഭയേക്കാൾ മിലിറ്റന്റായ ഒരു സംഘടനയെന്ന നിലയ്ക്ക് ആർ.എസ്.എസ് രൂപീകരിക്കാൻ എല്ലാ സഹായവും ചെയ്തുകൊടുത്തത്. ഹിന്ദുമഹാസഭയുടെയും ആർ.എസ്.എസിന്റെയും ശത്രുവായി ഗാന്ധിജി മാറുന്നത് ഹിന്ദുരാഷ്ട്രവാദത്തെ വട്ടുവീഴ്ചയില്ലാതെ എതിർത്തതുകൊണ്ടാണ്.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജരെ സംഘടിതരാക്കി വർണ–വംശീയവിവേചനത്തിനെതിരെ സമരം നയിച്ചുകൊണ്ടാണ് ഗാന്ധിജി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. യൂറോപ്യൻ മുതലാളിമാർക്കുകീഴിൽ അടിമതുല്യമായ ജീവിതം നയിക്കുന്ന കൂലിവേലക്കാരെ സംഘടിപ്പിച്ചും അടിമവേലയ്ക്കെതിരെ നിയമപോരാട്ടങ്ങളും സമരങ്ങളും നടത്തിയുമാണ് ഇന്ത്യൻ വംശജരുടെ പ്രിയങ്കരനായ നേതാവായി ഗാന്ധിജി വളരുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്രകൃതിയിൽ ടെണ്ഡുൽക്കർ വർണവിവേചനം അനുഭവിക്കുന്ന കരാർതൊഴിലാളികൾക്കിടയിൽ ഗാന്ധിജി നടത്തിയ സമരോത്സുകമായ പ്രവർത്തനങ്ങൾ സുദീർഘമായി വിവരിക്കുന്നുണ്ട്. വർണവിവേചനം അനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ ആത്മവിശ്വാസവും പരസഹായബോധവും സംഘടനാബോധവും വളർത്തിയെടുക്കാനാണ് ഗാന്ധിജി സത്യാഗ്രഹ സമരം വഴി ശ്രമിച്ചത്. വർണ–വംശമേധാവിത്വത്തിനെതിരായ പ്രതിരോധത്തിന്റെയും വിമോചനത്തിന്റെയും ദർശനപദ്ധതിയെന്ന നിലയിലാണ് ഗാന്ധിജി സത്യാഗ്രഹസമരത്തെ മുന്നോട്ടുവെച്ചത്. ഖനിത്തൊഴിലാളികൾക്കിടയിലും തോട്ടംതൊഴിലാളികൾക്കിടയിലും യൂറോപ്യൻ മുതലാളിമാരും വർണവെറിയന്മാരും നടത്തിയ ക്രൂരമായ ചൂഷണത്തെയും വിവേചനങ്ങളെയും അവസാനിപ്പിക്കാനുള്ള വിമോചനാത്മകമായ ഇടപെടലുകളാണ് ഗാന്ധിജി നടത്തിയത്.

ഹിന്ദുമഹാസഭയും മുസ്ലീംലീഗും ഉയർത്തിയ മതരാഷ്ട്രവാദത്തെ അതിജീവിച്ചുകൊണ്ട് ഒരു സ്വതന്ത്ര ഇന്ത്യക്കുവേണ്ടിയുള്ള സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ പാതയിൽ എല്ലാവിഭാഗങ്ങളെയും അണിനിരത്താനുള്ള ഇടപെടലുകളാണ് ഗാന്ധിജി നടത്തിയത്. ദേശീയ പ്രസ്ഥാനത്തിലേക്ക് തൊഴിലാളികളെയും കർഷകരെയും അടിച്ചമർത്തപ്പെട്ട ജാതി സമൂഹങ്ങളെയും അണിനിരത്താൻ അദ്ദേഹം പരിശ്രമിച്ചു. ഹിന്ദു–മുസ്ലീം മൈത്രിയില്ലാതെ സ്വരാജ് നേടാനാവില്ലെന്ന് ഗാന്ധിജി ദേശീയ നേതാക്കളെ നിരന്തരം ബോധ്യപ്പെടുത്തി.

എല്ലാവിധ സാമൂഹ്യപരിഷ്‌കരണങ്ങളെയും എതിർത്ത ബാലഗംഗാധരതിലകന്റെ നിലപാടുകളോട് ഗാന്ധി പൊരുത്തപ്പെട്ടിരുന്നില്ല. ഗോപാലകൃഷ്ണഗോഖലെ മുന്നോട്ടുവെച്ച ആധുനിക ജനാധിപത്യസങ്കൽപങ്ങളോടാണ് ഗാന്ധിജി ഏറെ യോജിച്ചത്. ജാതി പ്രശ്‌നത്തെ കാർഷികബന്ധങ്ങളിൽ വരേണ്ട മാറ്റവുമായി ബന്ധിപ്പിച്ചുകാണാൻ തയ്യാറായില്ലെങ്കിലും ജാതീയ ഉച്ചനീചത്വങ്ങൾക്കും അയിത്തത്തിനുമെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. വർണാശ്രമധർമ്മത്തോട് അനുരഞ്ജനപ്പെടുമ്പോഴും ജാതിമർദ്ദനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. നിസ്സഹകരണപ്രസ്ഥാന കാലത്ത് തൊട്ടുകൂടായ്മക്കെതിരെ വിപുലമായ ക്യാമ്പയിനുകൾക്ക് അദ്ദേഹം നേതൃത്വം കൊടുത്തു.

ആദ്യകാല കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരായ ദേശീയ മുന്നേറ്റം ലക്ഷ്യംവെച്ചാണ് ഗാന്ധിജി നീങ്ങിയത്. ഇന്ത്യൻ ജനതയിൽ ദേശീയ ഐക്യത്തിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ആഹ്വാനവും അസ്പൃശ്യതയ്ക്കെതിരായ അദ്ദേഹത്തിന്റെ പ്രതിഷേധവും വലിയ സ്വാധീനം ചെലുത്തി.

ഹൈന്ദവതയ്ക്ക് പൊറുപ്പിക്കാനാവാത്ത അപരാധമായിട്ടാണ് ഗാന്ധിജിയുടെ ഇടപെടലുകളെയും ഹിന്ദു–മുസ്ലീം മൈത്രിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളെയും ആർ.എസ്.എസ് കണ്ടത്. മുസ്ലീങ്ങൾക്കും കമ്യൂണിസ്റ്റുകാർക്കുമെതിരായി നടത്തിക്കൊണ്ടിരിക്കുന്ന ക്ഷുദ്രവികാരങ്ങൾ ഉണർത്തുന്ന പ്രചാരണങ്ങളാണ് അവർ ഗാന്ധിക്കെതിരെയും നടത്തിയത്. അത്തരം അപവാദ പ്രചാരണങ്ങളുടെയും ക്രൂരമായ ആക്രമണങ്ങളുടെയും നടുവിൽ നിന്നാണ് ഗാന്ധിജി ഇങ്ങനെ ചോദിച്ചത്; ‘‘യുധിഷ്ഠിരന്റെ ധർമ്മബോധവും പാണ്ഡവരുടെ ക്ഷമാശീലവുമുള്ള, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്ലീങ്ങൾ തന്റെ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന, സനാതന ഹിന്ദുവായ ഒരു ഗാന്ധി നിങ്ങൾക്കിടയിൽ ജീവിക്കുന്നത് അത്രവലിയ അപരാധമാണോ?”

ഗാന്ധിവധത്തെയും അതിലേക്കു നയിച്ച സാഹചര്യത്തെയും സംബന്ധിച്ച് എന്നും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഹിന്ദുത്വവാദികൾ ശ്രമിച്ചത്. തങ്ങളുടെ അപരാധപൂർണമായ പങ്കിനെ മറച്ചുപിടിക്കാനുള്ള കൗശലമാണ് അവരുടെ പ്രചാരവേലകളെന്ന് ചരിത്രബോധമുള്ള എല്ലാവർക്കും അറിവുള്ളതാണ്. സംഘടനാതലത്തിൽ ഗാന്ധിവധത്തിൽ ആർ.എസ്.എസിന് പങ്കില്ലെന്നും ഗോഡ്‌സെ ആർ.എസ്.എസ് അംഗമല്ലെന്നുമാണ് നിരന്തരമായി അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. അത്തരം വാദങ്ങളെയും നിഷേധപ്രസ്താവനകളെയും അപ്രസക്തമാക്കുന്ന തരത്തിലാണ് 1991 ജൂൺ 5-ന് പൂനെയിലെ ഒരു പത്രസമ്മേളനത്തിൽ ഗോപാൽഗോഡ്‌സെ തന്റെ സഹോദരൻ നാഥുറാം ഒരു ആർ.എസ്.എസ് വളന്റിയറായിരുന്നുവെന്ന് പ്രസ്താവിച്ചത്. 1993 നവംബർ 23-ന്റെ ഫ്രണ്ട്‌ലൈൻ ലക്കത്തിൽവന്ന ഗോപാൽഗോഡ്‌സെയുമായുള്ള അഭിമുഖത്തിൽ നാഥുറാം ഗോഡ്‌സെയുടെ ആർ.എസ്.എസ് ബന്ധം കൃത്യമായി വിശദീകരിക്കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഗാന്ധിവധത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമ്പോൾ നമുക്ക് അത് കൃത്യമായി മനസ്സിലാകും.

1946-ൽ പാക്കിസ്ഥാൻവാദം ഉയർത്തി ജിന്നയും ലീഗും പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്തതോടെയാണ് ആർ.എസ്.എസുകാർ നാടുനീളെ വർഗീയകലാപങ്ങൾ അഴിച്ചുവിട്ടത്. ആർ.എസ്.എസ് മേധാവിയായ ഗോൾവാൾക്കർ, കലാപങ്ങളിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളെ അതീവ അസഹിഷ്ണുതയോടെയാണ് നേരിട്ടത്. ഹിന്ദു–മുസ്ലീം ഐക്യം കൂടാതെ സ്വരാജ് യാഥാർത്ഥ്യമാകില്ലെന്ന് പ്രഖ്യാപിക്കുന്നവർ സമൂഹത്തോട് കടുത്ത വഞ്ചന കാണിക്കുകയാണെന്നും മഹത്തും പൗരാണികവുമായ ഒരു വംശത്തിന്റെ ശക്തി ചോർത്തിക്കളയുകയാണെന്നും ഗാന്ധിജിയെ പേരെടുത്തുപറയാതെ ഗോൾവാൾക്കർ അധിക്ഷേപിച്ചു. ഹിന്ദു–മുസ്ലീം ഐക്യത്തെയും ഇന്ത്യയുടെ പൗരാണികതയെയും സംബന്ധിച്ച് ആർ.എസ്.എസിന്റെ വീക്ഷണത്തിൽ നിന്നും വ്യത്യസ്തമായ ധാരണയായിരുന്നു ഗാന്ധിജിക്കുള്ളതെന്ന കാര്യം ഹിന്ദുത്വവാദികളെ എന്നും അസ്വസ്ഥപ്പെടുത്തിയിരുന്നു.

ആർ.എസ്.എസും മുസ്ലീംലീഗും ബംഗാളിലെ നവഖാലിയിൽ രക്തപങ്കിലമായ കലാപങ്ങൾക്ക് നേതൃത്വം കൊടുത്തതോടെയാണ് ഗാന്ധിജി അങ്ങോട്ട് തിരിക്കുന്നത്. നവഖാലിയിലെ ചതുപ്പുനിലങ്ങളിൽ കബന്ധങ്ങളും ചോരയും നിറഞ്ഞു. അവിടെ സമാധാനത്തിന്റെ മന്ത്രങ്ങളുമായി ഗാന്ധിജി കടന്നുചെന്നതും ഹിന്ദുത്വവാദികൾക്ക് സഹിച്ചില്ല. മതരാഷ്ട്രവാദത്തെയും വർഗീയതയെയും എതിർത്തതുകൊണ്ടുതന്നെയാണ് ഗാന്ധിജിക്ക് സ്വന്തം ജീവിൻ നഷ്ടപ്പെടുത്തേണ്ടിവന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഇന്ത്യയുടെ ബഹുസ്വരതയ്ക്കും മതനിരപേക്ഷതയ്ക്കും വേണ്ടിയായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാർസികളും നാനാജാതികളും വംശങ്ങളും ചേർന്ന ഇന്ത്യയെന്ന സങ്കൽപത്തിനുവേണ്ടിയാണ് ഗാന്ധിജി ജീവൻ നൽകിയത്. ഗാന്ധിജിയുടെ ജീവിതവും രക്തസാക്ഷിത്വവും വർഗീയവംശീയതക്കെതിരായ സെക്കുലർ ജനാധിപത്യത്തിനുവേണ്ടിയായിരുന്നു. ഗാന്ധിസ്മരണ ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിക്കുന്ന ഹിന്ദുത്വത്തിന്റെ ബലപ്രയോഗങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രമാണെന്നും ഹിന്ദു-–മുസ്ലീം മൈത്രിയില്ലാതെ സ്വരാജ്യം സാധ്യമല്ലെന്നും പ്രഖ്യാപിച്ച ഗാന്ധിജിയെ പൊറുക്കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഹിന്ദുവർഗീയവാദികൾ 1925-ൽ ആർ.എസ്.എസിന് ജന്മം നൽകിയത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രമാണെന്ന് പറയുന്നവർ ഹിന്ദുക്കളുടെ ശത്രുക്കളാണെന്ന് പറഞ്ഞുകൊണ്ടാണ് ആർ.എസ്.എസ് ഗാന്ധിജിയെ ലക്ഷ്യമിട്ട് നീങ്ങുന്നത്. ലോകാരാധ്യനായ ഗാന്ധിയെ അജ്ഞതയിൽ നിർത്താനുള്ള മോഡിയുടെ ചരിത്രവിരുദ്ധമായ വാചകമടികളെ ഗാന്ധിവധത്തിന്റെ കുറ്റകരമായ പാരമ്പര്യത്തിന്റെ പുളിച്ചുതികട്ടലായേ കാണാനാവൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + sixteen =

Most Popular