Sunday, September 8, 2024

ad

Homeകവര്‍സ്റ്റോറിഗാന്ധി എന്ന ആശയസംഹിതയും
സംഘപരിവാർ തുടരുന്ന 
ഉന്മൂലനശ്രമങ്ങളും

ഗാന്ധി എന്ന ആശയസംഹിതയും
സംഘപരിവാർ തുടരുന്ന 
ഉന്മൂലനശ്രമങ്ങളും

പി കൃഷ്ണദാസ്

‘‘Generations to come will scarce believe that such a one as this ever in flesh and blood walked upon this earth”
Albert Einstein, On Peace(1944).

ഗാന്ധിജി ഒരു വ്യക്തി എന്നതിൽ കവിഞ്ഞ് ഒരു ആശയധാരയായി പതിറ്റാണ്ടുകളായി ഇവിടെ നിലനിൽക്കുന്നുണ്ട്. ആ ആശയധാരയോട് യോജിച്ചും വിയോജിച്ചും വ്യത്യസ്ത രീതിയിലുള്ള ജനാധിപത്യസംവാദങ്ങൾ ലോകമെമ്പാടും സംഭവിക്കുന്നുണ്ട്. മാർക്സിസവും ഗാന്ധിസവും അംബേദ്ക്കറിസവും തുടർസംവാദങ്ങളുടെ ധാര ഇന്ത്യയുടെ ധൈഷണികഭൂപടത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശയസംഹിതകളാണ്. വൈവിധ്യമാർന്ന ചിന്താ പദ്ധതികളും പ്രയോഗവഴികളും ഈ ആശയസംഹിതകൾ മുന്നോട്ടുവെക്കുന്നു. ഇവയുടെ അടിസ്ഥാനവഴികളിൽ ചില സമാനതകൾ കാണാം. അത് ചൂഷണം അനുഭവിക്കുന്ന മനുഷ്യന്റെ വിമോചനമാണ്‌. ഇന്ത്യൻ സാഹചര്യത്തിൽ ചൂഷണത്തിന് വിവിധ അർത്ഥതലങ്ങളുണ്ട്. ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും പരിസരങ്ങൾ ഈ ചൂഷണങ്ങളെ പൊതിഞ്ഞുനിൽക്കുന്നു. ഈ സാഹചര്യത്തിൽ ലോകചരിത്രത്തിലെ തന്നെ സവിശേഷമായ സമരരീതിക്ക് ഗാന്ധി ഇന്ത്യയിൽ നേതൃത്വം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി സജീവമായ 1914 മുതൽ 1948 വരെയുള്ള വർഷങ്ങൾ സത്യാഗ്രഹത്തിന്റെയും നിസ്സഹരണത്തിന്റെയും നിരാഹാരത്തിന്റെയും തൊഴിലാളി സൗഹാർദ്ദത്തിന്റെയും സമരവഴി ലോകം കാണുകയായിരുന്നു. ചൂഷണവും ഭിന്നതകളും അവസാനിപ്പിക്കാനും മതത്തിന് അതീതമായി മനുഷ്യർക്കിടയിലെ സാഹോദര്യബോധം ഊട്ടിയുറപ്പിക്കാനുമാണ് ഗാന്ധിജി തന്റെ പ്രസംഗങ്ങളിലൂടെ പറഞ്ഞതും സമരങ്ങളിലൂടെ കാട്ടിത്തന്നതും.

വ്യത്യസ്ത തൊഴിലിടങ്ങളിൽ നടക്കുന്ന ചൂഷണങ്ങൾക്ക് എതിരായ പ്രവർത്തനത്തിലൂടെയാണ് ഗാന്ധിയുടെ ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. ബീഹാറിലെ ചമ്പാരനിലും അഹമ്മദാബാദിലെ മില്ലിലും വിവിധ തൊഴിലാളി ചൂഷണനിയമങ്ങളോട് ശക്തമായിത്തന്നെ ഗാന്ധി പുതിയൊരു സമരപന്ഥാവ് തുറന്ന് പ്രതികരിച്ചു. ഇന്ത്യ അതുവരെ കണ്ടിട്ടില്ലാത്ത സമരരീതിയുടെയും തത്ത്വസംഹിതയുടെയും ആവിർഭാവമായിരുന്നു അത്. മതനിരപേക്ഷതയിൽ ഊന്നിയതും സത്യത്തെയും അഹിംസയെയും അടിസ്ഥാനപ്രമാണമാക്കിയതുമായ ഗാന്ധിയൻ ചിന്താധാര ഈസ്റ്റ് ഇന്ത്യാ കമ്പനിയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. ഒരു ആശയസംഹിതയും സമരവഴിയും ഗാന്ധി രൂപീകരിച്ചു. പലതരം പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോൾത്തന്നെ ആ രീതി വർത്തമാനകാല ഇന്ത്യയിൽ ഏറെ പ്രസക്തമാണ്.ഭരണകൂടം മതാത്മകമായ അടിത്തറയിൽ നയരൂപീകരണം നടത്തുകയും ഹിംസാത്മകമായ വഴിയിലൂടെ ജനതയെ ഭരിക്കുകയും ചെയ്യുമ്പോൾ ഗാന്ധിയുടെ മതാതീതമായ ആത്മീയതയും സമരവഴികളും പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളും പ്രസക്തിയാർജ്ജിക്കുന്നു.

ഗാന്ധിവധത്തിന് സംഘപരിവാർ വർഗ്ഗീയശക്തികളെ പ്രേരിപ്പിച്ചതും ഗാന്ധിജിയുടെ മൂല്യസങ്കല്പങ്ങളെ അടിസ്ഥാനമാക്കിയ ഇടപെടലായിരുന്നു. മഹാത്മഗാന്ധിയുടെ ഓർമ്മ പോലും സംഘപരിവാറിനെ ഭയപ്പെടുത്തുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് നരേന്ദ്രമോദി ഇലക്ഷൻ പ്രചരണ കാലത്ത് നടത്തിയ പ്രസ്താവനയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ബൃഹത്തായ ജീവിതം നയിച്ച ഗാന്ധിജിയുടെ ഓർമ്മകളെയും അദ്ദേഹത്തിന്റെ പ്രവൃത്തിവഴികളെയും റദ്ദ് ചെയ്ത് 1982 ൽ റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയ്ക്ക് മുൻപ് ഗാന്ധി വിഖ്യാതനല്ലായിരുന്നുവെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നത് ഭൂതകാലത്തെ റദ്ദ് ചെയ്യലാണ്. രാജ്യത്തിന്റെ ഭരണം കൈയാളുന്ന വ്യക്തി ഇതു പറയുമ്പോൾ പ്രസ്താവനയ്ക്ക് സവിശേഷമാനം കൈവരുന്നു. 1982 ന് മുൻപും ശേഷവും ലോകചരിത്രത്തിലെ വലിയ മനുഷ്യരിലൊരാളായി ഗാന്ധിജി നിലനിൽക്കുന്നുണ്ട്. ഈ സത്യത്തെ അംഗീകരിക്കാനുള്ള വൈഷമ്യമാണ് ഓരോ രക്തസാക്ഷി ദിനത്തിലും പിന്നെയും പിന്നെയും പ്രതീകാത്മകമായി ഗാന്ധിയെ വെടിവെച്ചു കൊന്നുകൊണ്ടിരിക്കുന്നതിലൂടെ സംഘപരിവാർ സംഘടനകൾ പ്രകടിപ്പിക്കുന്നത്.

ബിജെപിയുടെ പ്രത്യയശാസ്ത്ര സ്രോതസ്സായ ആർ എസ്എസ്, ഗാന്ധിജിയുടെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ ആശയസംഹിതകളെ എതിർത്താണ് നിന്നിരുന്നത്. അതിന്റെ ബാക്കിപത്രമാണ് ഗാന്ധിജിയുടെ കൊലപാതകവും തുടർന്നുണ്ടായ ഗോഡ്സേയുടെ ബിംബവൽക്കരണവും ശൗര്യദിന ആചരണങ്ങളും. ഗാന്ധിജി മുന്നോട്ടുവച്ച അഹിംസ എന്ന തത്ത്വചിന്തയോടും മതമൈത്രിയോടും സംഘപരിവാറിന് ഒരിക്കലും യോജിക്കാൻ കഴിഞ്ഞിരുന്നില്ല.സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യനും തുല്യസ്ഥാനമെന്ന ഗാന്ധിജിയുടെ ആശയത്തോടും ഹിന്ദുരാഷ്ട്രം സ്വപ്നം കണ്ട സംഘപരിവാർ എതിർത്തുനിന്നു.എന്നാൽ ഗാന്ധിജിയോട് ജനാധിപത്യപരമായി സംവദിക്കാനല്ല സംഘപരിവാർ തുനിഞ്ഞത്. പല പ്രാവശ്യം ഗാന്ധിജിക്കെതിരെ വധശ്രമങ്ങൾ നടത്തി പരാജയപ്പെട്ടതിന് ശേഷമാണ് ഗോഡ്സേയിലൂടെ അവർ ലക്ഷ്യം കണ്ടത്‌. ഗാന്ധിജിയോട് പല കാര്യങ്ങളിൽ സംഘപരിവാർ എതിർത്തു നിന്നു. അതിൽ ഒന്നാമത്തെ കാര്യം സമത്വത്തിനായി ഗാന്ധിജി നടത്തിയ ശ്രമങ്ങളാണ്. മനുഷ്യാന്തസ്സിന് ഗാന്ധിജി പ്രാധാന്യം കൊടുത്തു.സമത്വപൂര്‍ണ്ണമായ രാഷ്ട്രസങ്കല്പത്തെ വിഭാവനം ചെയ്ത് അയിത്തനിര്‍മ്മാര്‍ജ്ജനത്തിലൂടെ ഒരു ജനത ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ‘ഹരിജനി’ല്‍ നിരന്തരം എഴുതി.സമത്വത്തെ സംബന്ധിച്ച ആശയങ്ങള്‍ ബ്രാഹ്മണ്യത്തെ പ്രമാണമായി കരുതുന്ന ആര്‍ എസ് എസിനെ പ്രകോപിപ്പിച്ചു. ആ എതിർപ്പുകൾ ഗാന്ധി വധത്തിലാണ് കലാശിച്ചത്. 1966 ല്‍ നിയോഗിക്കപ്പെട്ട ജെ എല്‍ കപ്പൂര്‍ കമ്മീഷന്‍ ഗാന്ധിവധ ഗൂഢാലോചനയെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു.

ഗാന്ധിവധത്തിനായി സംഘപരിവാറിനെ പ്രേരിപ്പിച്ച മറ്റൊരു കാര്യം 1931 ലെ കറാച്ചി പ്രഖ്യാപനത്തില്‍ പൂര്‍ണ്ണസ്വരാജിനും സമത്വത്തിനും കൊടുത്ത പ്രധാന്യമാണ്. അയിത്തത്തെ നിയമപരമായി നേരിടാനുള്ള ആലോചനകളും ജനാധിപത്യപരമായ ജീവിതക്രമത്തെ രൂപപ്പെടുന്ന അനേകം കാര്യങ്ങളും ആ പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു. വി ഡി സവര്‍ക്കറടക്കമുള്ളവരുടെ ദേശസങ്കല്പം ഇതിനോട് വിയോജിക്കുന്നതായിരുന്നു.1937 ല്‍ സവര്‍ക്കര്‍ ഈ ആശയങ്ങളെ ശക്തമായി എതിര്‍ത്ത് പൊതുവേദികളില്‍ സംസാരിച്ചു. മതനിരപേക്ഷ ജനാധിപത്യബോധത്തോട് സംഘപരിവാർ എന്നത്തെയും പോലെ അന്നും എതിര്‍പ്പ് പ്രകടിപ്പിച്ചു. തൊട്ടുകൂടായ്മയെ പ്രതിരോധിക്കാനുള്ള ബില്ലിനെ ഗാന്ധിജി അനുകൂലിച്ചതിന്റെ അടുത്തവര്‍ഷം അദ്ദേത്തിനെ തിരായ ആദ്യ വധശ്രമമുണ്ടായി. 1934 ജൂണില്‍ പൂനെയില്‍ വച്ച് ഗാന്ധി സംസാരിക്കുന്ന ഹാളിന് സമീപം ബോംബാക്രമണം നടന്നു. ‘‘രക്തസാക്ഷിയാകാന്‍ തനിക്ക് മടിയില്ല. എന്നാല്‍ തന്നോടൊപ്പമുള്ളവര്‍ നിങ്ങളോട് എന്താണ് ചെയ്തത് ” എന്ന് ഗാന്ധി ഇതിനോട് പ്രതികരിച്ചു. 1944 ജൂലൈയിലാണ് അടുത്ത വധശ്രമം ഉണ്ടാകുന്നത്. അന്ന് പഞ്ചാഗ്നിയില്‍ വച്ച് ഗാന്ധിക്കെതിരെ കഠാരയുമായി പാഞ്ഞെത്തിയ ഗോഡ്സയെ ഗാന്ധിജിക്ക് ഒപ്പമുള്ളവര്‍ കീഴ്പ്പെടുത്തുകയായിരുന്നു.പക്ഷേ ഗാന്ധി ഗോഡ്സെയെ വിട്ടയച്ചു. മൂന്നാമത്തെയും നാലാമത്തെയും ശ്രമം അതേ വർഷം സെപ്തംബറിലും 1946 ജൂണിലുമായി നടന്നു.1948 ജനുവരി 20 നാണ് മേല്‍പ്പറഞ്ഞ അഞ്ചാമത്തെ വധശ്രമം. ഇതിന്റയൊക്കെ പിറകില്‍ സമത്വപൂര്‍ണ്ണമായ ലോകത്തെ സംബന്ധിച്ച ഗാന്ധിജിയുടെ വീക്ഷണത്തോടുള്ള വിയോജിപ്പാണെന്ന് ടീസ്ത സെതൽവാദ് ‘സംശയാതീതം’ എന്ന, ഗാന്ധിവധത്തെ സംബന്ധിച്ച തന്റെ അന്വേഷണഗ്രന്ഥത്തിൽ എഴുതുന്നുണ്ട്.

സത്യമാണ് ഗാന്ധിജിയുടെ 
അടിസ്ഥാന പ്രമാണം
സത്യത്തെയാണ് ഗാന്ധിജി അടിസ്ഥാന പ്രമാണമായി സ്വീകരിച്ചത്. സത്യം എന്ന മൂല്യം നിരന്തരം ഹനിക്കപ്പെടുന്ന ഈ സത്യാനന്തരകാലത്ത് നുണപ്രചരണങ്ങളുടെ വലിയ കോട്ട കെട്ടി അധികാരത്തിലേറിയ സംഘപരിവാർ ഭരണകൂടം ഗാന്ധിയെ ഭയപ്പെടുന്നതിൽ അസ്വാഭാവികത ഒന്നുമില്ല.സത്യത്തെ ഗാന്ധി ഹിംസയുടെ എതിർപദമായി പരിഗണിച്ചു. അഹിംസയെ കൂടി സ്വാംശീകരിച്ച് മഹത്തായ മനുഷ്യബോധത്തിലേക്ക് വളരാനുള്ള വഴിയായിട്ടാണ് ഗാന്ധി കണക്കാക്കിയത്. സത്യമല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗാന്ധിജി ആത്മകഥയിലെഴുതുന്നുണ്ട്. സത്യത്തെ സാക്ഷാത്കരിക്കാനുള്ള ഏകമാർഗ്ഗമായി ഗാന്ധി അഹിംസയെ നിർദ്ദേശിക്കുന്നു. എന്നാൽ തന്റെ സത്യാന്വേഷണം അപൂർണ്ണമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഹൃദയവിശുദ്ധിയെക്കാൾ വലിയ ഈശ്വരസാക്ഷാത്കാര മാർഗ്ഗം ഗാന്ധിജി പറയുന്നില്ല. ‘‘ആത്മശുദ്ധീകരണം കൂടാതെ സർവ്വ ജീവജാലങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ സാധ്യമല്ല. ആത്‌മശുദ്ധിയില്ലെങ്കിൽ അഹിംസാനിയമപാലനം ഒരു വിഫലസ്വപ്നമായി ശേഷിക്കുകയേ ഉള്ളൂ. ഹൃദയവിശുദ്ധിയില്ലാത്തവന് ഈശ്വരസാക്ഷാത്കാരം ഒരിക്കലും സാധ്യമല്ല” എന്ന് സത്യാന്വേഷണപരീക്ഷണകഥയിൽ ഗാന്ധി എഴുതുന്നു. വർഗ്ഗീയവാദത്തിന്റെ മനുഷ്യവിഭജനയുക്തികളെയും ദൈവസങ്കല്പത്തെയും വെല്ലുവിളിക്കുന്ന വിഭാഗീയമല്ലാത്തതും മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതവുമായ മൂല്യബോധമാണ് ഗാന്ധിജി പ്രചരിപ്പിച്ചത്. നവഖാലിയിലും ഇന്ത്യയുടെ ഹൃദയം മുറിഞ്ഞ കലാപഭൂമികളിലെല്ലായിടത്തും ഗാന്ധിജി ഈ ചിന്താവഴിയുടെ പ്രവൃത്തിപഥമാണ് കാട്ടിത്തന്നത്. കലാപ കലുഷിതമായ കൽക്കത്തയെ ഒരു ചെറിയമനുഷ്യൻ സമാധനപാതയിലേക്ക് കൊണ്ടുവന്നെങ്കിൽ ആ സമരമാർഗ്ഗം ഗോധ്രയിലും ഡൽഹിയിലും മുസഫർനഗറിലും നരോദ്യപാട്യയിലും കലാപങ്ങളുടെ പരമ്പര സൃഷ്ടിച്ച സംഘപരിവാറിന്റെ യുക്തിക്ക് മനസ്സിലാകണമെന്നില്ല.

രാമചന്ദ്ര ഗുഹ ഗാന്ധിജിയുടെ ജീവചരിത്രത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. 1990 ൽ രാമജന്മഭൂമി പ്രശ്നം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സന്ദർഭത്തിൽ ഗാന്ധിസത്തിന്റെ അനുയായിയായ ഡോ സുശീല നയ്യാർ അയോദ്ധ്യയിൽ സമാധാനദൗത്യവുമായി എത്തിച്ചേർന്നു.ബാബറി മസ്ജിദിന് പുറത്ത് അവർ പ്രാർത്ഥനായോഗം സംഘടിപ്പിച്ചു.അവിടെ ആലപിക്കപ്പെട്ട വിവിധ പ്രാർത്ഥനാഗീതങ്ങളിൽ രഘുപതിരാഘവ രാജാറാം …ഈശ്വർ അള്ളാ തേരെ നാം എന്ന ഭജനഗീതവും ഉണ്ടായിരുന്നു( തുളസീദാസ് രചിച്ചതെന്ന് കരുതപ്പെടുന്ന ഭജന ഗീതത്തെ ഉപ്പുസത്യാഗ്രഹ വേളയിൽ ഗാന്ധിജി പരിഷ്കരിച്ചു.ദൈവബോധത്തെ ഗാന്ധിജി വിശാലമാക്കിയ സന്ദർഭമായിരുന്നു അത്. ഈശ്വരനെയും അള്ളാഹുവിനെയും ചേർത്തുവച്ചൊരു ഗാനമായി അത് മാറി. മതമൈത്രിയുടെ ഗീതമായി അത് പിന്നീട് ഗാന്ധിജിയുടെ പ്രാർത്ഥനയോഗങ്ങളിൽ മുഴങ്ങി. ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പര സൗഹാർദ്ദത്തോടെ കഴിയുകയും അവർക്കിടയിലെ സ്നേഹവായ്പുകൾ കെടാതിരിക്കുകയും ചെയ്യണം എന്ന ലക്ഷ്യം ഭജനഗീതത്തിന്റെ പരിഷ്കരണത്തിന് പിറകിൽ ഉണ്ടായിരുന്നു).തുടർന്ന് നമ്മൾ ഗാന്ധിയുടെ ഭാഗത്തുനിന്ന് വന്നവരാണ് എന്ന് അവിടെ കൂടിയിരുന്നവരോട് പ്രാർത്ഥനസംഘം പറഞ്ഞപ്പോൾ ക്രുദ്ധരായി അവിടെ കൂടിയിരുന്ന ആൾക്കൂട്ടം തങ്ങൾ ഗോഡ്സയെ പ്രതിനിധീകരിക്കുന്നു എന്ന് പറഞ്ഞു. ഇത് ഇന്ത്യാചരിത്രത്തിൽ വർഗ്ഗീയചിന്തയ്ക്ക് മേൽക്കൈ വന്ന സന്ദർഭങ്ങളിലൊന്നാണ്.ഗാന്ധി തെരുവിൽ അനാഥമാക്കപ്പെടുകയും ഗോഡ്സേ അധികാരത്തിലേറുകയും ചെയ്യുന്ന ദുരന്തകാലം.

ബാബറി മസ്ജിദ് തകർക്കുകയും ഒരു ജനതയ്ക്ക് നീതി നിഷേധിക്കപ്പെടുകയും രാംലല്ലയുടെ പ്രതിഷ്ഠാപനവും ഗാന്ധിജി മുന്നോട്ടുയർത്തിയ മൂല്യസങ്കല്പങ്ങളുടെ തിരസ്കരണമാണ്. ഇന്ത്യയുടെ മതനിരപേക്ഷ മൂല്യത്തിനേറ്റ ആഘാതമാണ്.

ഇന്ത്യയുടെ ആത്മാവ് 
സ്ഥിതിചെയ്യുന്നത്
ഗാന്ധിജി ഇന്ത്യയുടെ ആത്മാവിനെ ഗ്രാമങ്ങളിലും അധ്വാനിക്കുന്ന മനുഷ്യരിലുമാണ് ദർശിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തനം ഗാന്ധിജി ആരംഭിക്കുന്ന ചമ്പാരനിൽ വച്ചാണ്. ബിഹാറിലെ മുസാഫർ നഗറിലുള്ള ചമ്പാരൻ എന്ന ഗ്രാമത്തിലെ നീലം കർഷകർ തുച്ഛമായ വേതനത്തിന്റെ അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും ഉടമകളായ ബ്രിട്ടീഷുകാരിൽ നിന്നും കടുത്ത മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഭീമമായസംഖ്യ ബ്രിട്ടീഷ് ഭൂവുടമകൾ കർഷകരിൽ നിന്നും പാട്ടമായി ഈടാക്കുകയും ചെയ്തിരുന്നു. കർശനമായ തൊഴിൽവ്യവസ്ഥകളോടെ വമ്പിച്ച ലാഭമാണ് ബിഹാറിലെ ഭൂവുടമകൾ കൊയ്തത്. നീലത്തിന് അന്താരാഷ്ട്രവിപണിയിൽ ആവശ്യമേറിയതും വ്യവസ്ഥകൾ കർശനമാക്കാൻ ഭൂവുടമകളെ പ്രേരിപ്പിച്ചു.ഈ ദുർവ്യവസ്ഥയെ ഗാന്ധിജി തന്റെ സത്യാഗ്രഹവഴിയിലൂടെ അവസാനിപ്പിക്കുകയാണ് ചെയ്തത്. രാജകുമാർ ശുക്ല എന്ന കർഷകൻ ചമ്പാരൻ സന്ദർശിക്കുന്നതിനായി പലതവണ ഗാന്ധിയെ കാണുകയുണ്ടായി. എന്നാൽ വിവിധ സമരപരിപാടികളുടെ തിരക്കിനാൽ ഗാന്ധിക്ക് അവിടെ പോകാൻ കഴിഞ്ഞില്ല. പിന്നീട് ഗാന്ധി പാറ്റ്നയിലെത്തുകയും ജെബി കൃപലാനി അടക്കമുള്ള നേതാക്കളുടെ പിന്തുണയോടു കൂടി ചമ്പാരൻ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹം ആ നിരവധി ആഴ്ചകൾ ചമ്പാരനിൽ താമസിച്ച് കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി.ഗാന്ധി ചമ്പാരൻ വിടണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടെങ്കിലും ഗാന്ധി ഉത്തരവിനെ ഗൗനിച്ചില്ല. ഉടൻ അറസ്റ്റ് ഉണ്ടാവുകയും വിചാരണ നടക്കുകയും ചെയ്തു. ഈ സംഭവം സമരത്തിന്റെ ഗതി മാറ്റി.ചമ്പാരനിലെ കർഷകർ അനുഭവിക്കുന്ന അനീതി ഇന്ത്യയൊട്ടാകെ ചർച്ചചെയ്യപ്പെട്ടു. ഗാന്ധി അഹിംസാരീതിയിലുള്ള പ്രതിഷേധപരിപാടി ഇന്ത്യയിൽ വിജയിച്ച ആദ്യസന്ദർഭമായിരുന്നു അത്. അതിനു മുൻപ് തന്നെ വിരാംഗാം സ്റ്റേഷനിലെ ചുങ്കം പിരിവ് അവസാനിപ്പിക്കാൻ ഗാന്ധിജി ഇടപെട്ടിരുന്നു. ഗ്രാമങ്ങളിലേക്ക് ഗാന്ധിജി സ്വാതന്ത്ര്യസമരവികാരം ആളിക്കത്തിച്ചു.സാധാരണ ജനതയുടെ മാതൃഭാഷയിൽ എഴുതി തയ്യാറാക്കിയ മെമ്മോറാണ്ഡങ്ങളിലൂടെ ജനതയിലേക്ക് ഇറങ്ങാൻ ഒരു വഴിതുറക്കുകയായിരുന്നു ഗാന്ധിജി. അഹമ്മദബാദിലെ തുണിമിൽ പ്രശ്നവും 1918 ൽ ഖേദയിലെ കർഷകർ അനുഭവിച്ച പ്രശ്നങ്ങളും തുടങ്ങി നിസ്സഹരണസമരവും ഉപ്പ് സത്യാഗ്രഹവും ക്വിറ്റ് ഇന്ത്യസമരവും അടക്കം ഗാന്ധി നടത്തിയ സമരപരിപാടികളിൽ അദ്ധ്വാനിക്കുന്ന മനുഷ്യരോടും ചൂഷണത്തിന് വിധേയരാവുന്ന മനുഷ്യരോടുമുള്ള ഐക്യപ്പെടൽ കാണാം.

ബ്രീട്ടീഷ് സാമ്രജ്യത്വത്തിന്റെ സർവ്വമാനചൂഷണവ്യവസ്ഥകളെയും എതിർത്താണ് ഗാന്ധിയൻ സമരപരിപാടികൾ വികസിച്ചത്. അവശ്യവസ്തുവായ ഉപ്പിന് ഏർപ്പെടുത്തിയ ഭീമമായ നികുതിയിൽ പ്രതിഷേധിച്ച് ഭരണകൂടത്തിന് ഗാന്ധി കത്തയച്ചെങ്കിലും ലഭിക്കുന്ന ഭീമമായ ലാഭമോർത്ത് അധികാരിവർഗം ഗാന്ധിയുടെ കത്ത് ഗൗനിച്ചില്ല. ഇതിനുശേഷമാണ് ഗാന്ധി ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയ്ക്ക് പുറപ്പെടുന്നത്. ഉപ്പ് സ്വയം ഉണ്ടാക്കുക,കൈവശം സൂക്ഷിക്കുക,ആ ഉപ്പ് വാങ്ങുക തുടങ്ങിയ മൂന്ന് നിയമലംഘനങ്ങളും നടത്താനാണ് ഗാന്ധിജി അനുയായികളോട് ആഹ്വാനം ചെയ്തത്. എന്നാൽ അവിടെയും സത്യവും അഹിംസയും ആക്രമരാഹിത്യവും വെടിയാൻ ഗാന്ധിജി ഒരുക്കമായില്ല. സ്വരാജിലേക്കുള്ള വഴി സത്യവും അഹിംസയുമാണെന്നും ദണ്ഡിയാത്രയ്ക്ക് മുന്നോടിയായി 1930 മാർച്ച് 11 ന് സബർമതിയുടെ മണൽതിട്ടയിൽ വച്ച് ഗാന്ധി സഹപ്രവർത്തകരോട് പറഞ്ഞു. ന്യായമായ ലക്ഷ്യത്തിലും ശുദ്ധമായ ആയുധത്തിലും മാലിന്യമേൽക്കാത്ത മാർഗ്ഗത്തിലും സമരം ചെയ്യാനാണ് ഗാന്ധിജി പ്രവർത്തകരോട് ആവശ്യപ്പെട്ടത്. സത്യത്തെ വെടിഞ്ഞ് അന്തരാത്മാവിന്റെ ശബ്ദം ശ്രവിക്കാതിരിക്കൽ എതൊരു ഉദ്യമത്തിന്റെയും പരാജയമായി ഗാന്ധിജി പരിഗണിച്ചു.

ഗാന്ധിജി വിമർശനാതീതമായ ബിംബമായി നിലനിൽക്കണം എന്നല്ല ഈ പറഞ്ഞതിന്റെയെല്ലാം പൊരുൾ. മറിച്ച് ജനാധിപത്യപരമായ സംവാദങ്ങളിലേക്ക് നയിക്കുന്നതാവണം വിമർശനങ്ങൾ. അല്ലാതെ ശൗര്യദിനത്തിൽ പ്രതീകാത്മകമായി നിറയൊഴിക്കുന്നതല്ല ഗാന്ധിസത്തോടുള്ള വിമർശനം. നെഹ്റുവും അംബേദ്ക്കറും ഇ. എം. എസും ഡി. ആർ. നാഗരാജും അരുന്ധതി റോയിയും പല കാലങ്ങളിൽ ഗാന്ധിജിയോടുള്ള യോജിപ്പും വിയോജിപ്പും മുന്നോട്ടുവെച്ചിട്ടുണ്ട്. അത് ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഭരണഘടനാ മൂല്യങ്ങളെയും കൂടുതൽ വിശാലമാക്കുകയാണ് ചെയ്തത്.ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യയിലും ഉയരുന്ന പല തരത്തിലുള്ള എതിര്‍പ്പുകളെ ആ ലേഖനം സംഗ്രഹിക്കുന്നുണ്ട്. പങ്കജ് മിശ്ര ആ ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു: ‘‘Many more of Gandhi’s statues may fall in the present climate of furious revisionism. But the Mahatma will remain, in his sublime madness, a consistently illuminating guide through the labyrinth of rational self-interest, and through our own decaying landscapes of liberalism and democracy.” വിയോജിപ്പുകള്‍ക്കും സംവാദങ്ങള്‍ക്കുമിടയിലും ഗാന്ധിയെ ഹിന്ദുത്വശക്തികള്‍ വെടിവെച്ചുകൊന്ന കാരണത്തെ നാം ശ്രദ്ധിക്കേണ്ടതുണ്ട്.അത് സത്യത്തോടും അഹിംസയോടും സമത്വപൂര്‍ണ്ണമായ രാഷ്ട്രസങ്കല്പത്തോടുമുള്ള എതിര്‍പ്പായിരുന്നു. വെറുപ്പും നുണയും പടര്‍ത്തി ജനാധിപത്യത്തിന്റെ ആധാരതത്ത്വത്തെ ഇല്ലാതെയാക്കുന്ന ഭരണകൂടത്തെ പ്രതിരോധിക്കാന്‍ നാം ഭൂതകാലത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കേണ്ടതുണ്ട്. ഈ സംവാദങ്ങൾ സംഘപരിവാറിന്റെ വർഗ്ഗീയവാദത്തോടും വിഭജനയുക്തിയോടുമുള്ള എതിർപ്പുകൂടിയാണ് മുന്നോട്ടു വെക്കുന്നത്.ജീവിതത്തെ സത്യാന്വേഷണമാക്കുകയാണ് അദ്ദേഹം ചെയ്തത്. അന്തിമമായ തീർപ്പുകളിൽ ഒതുങ്ങാതെ ഗാന്ധിജി മരണം വരെ തന്റെ അന്വേഷണം തുടർന്നു.മരണത്തിനുശേഷം ഗാന്ധിജിയെക്കുറിച്ചുള്ള അന്വേഷണം മറ്റുള്ളവർ തുടരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − two =

Most Popular