Sunday, September 8, 2024

ad

Homeകവര്‍സ്റ്റോറിഗാന്ധിയന്‍ ചിന്തകളും സംഘപരിവാറിന്റെ നിലപാടുകളും

ഗാന്ധിയന്‍ ചിന്തകളും സംഘപരിവാറിന്റെ നിലപാടുകളും

പുത്തലത്ത് ദിനേശന്‍

രേന്ദ്രമോദി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രധാനമന്ത്രിക്ക് യോജിക്കാത്ത തരത്തിലാണ് ഇടപെട്ടതെന്ന കാര്യം പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരു ഭരണാധികാരിക്ക് ഒട്ടും ഭൂഷണമായിട്ടുള്ളതായിരുന്നില്ല. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഫാസിസ്റ്റ് അജൻഡകളുടെ ഭാഗമായുള്ള ന്യൂനപക്ഷ വിരുദ്ധത തന്നെയാണ് അതിന് അടിസ്ഥാനമായി വര്‍ത്തിച്ചത്. സംഘപരിവാറിന്റെ ആ അജൻഡയുടെ ചുവടുപിടിച്ച് തന്നെയാണ് ഗാന്ധിജിയെ സംബന്ധിച്ചും അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകളുമെന്ന് കാണാം.

സ്വാതന്ത്ര്യ സമരത്തോടുതന്നെ ആര്‍.എസ്.എസ് സ്വീകരിച്ച സമീപനം പരിശോധിച്ചാല്‍ ഗാന്ധിജിയോടുള്ള അവരുടെ സമീപനത്തിന്റെ അടിസ്ഥാനം മനസ്സിലാക്കാം. ഗാന്ധിജിയോട് മാത്രമല്ല സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടുതന്നെ ആര്‍.എസ്.എസ് പുലര്‍ത്തുന്ന നിലപാടിന്റെ തുടര്‍ച്ചയാണ് ഇതെന്ന് കാണാം. വിചാരധാരയില്‍ ഇങ്ങനെ പറയുന്നുണ്ട്: ‘‘വിവിധ ജനവിഭാഗങ്ങളുടെ നേതാക്കളെല്ലാം എല്ലായ്-പ്പോഴും തങ്ങളുടെ ആളുകളില്‍ ആത്മവിശ്വാസം കുത്തിച്ചെലുത്താനും, തണുത്തുപോയിക്കൊണ്ടിരിക്കുന്ന ആവേശം പുനരുദ്ദീപ്തമാക്കാനും, ശത്രുക്കളുടെ മുമ്പാകെ അവരെ പൗരുഷ ശാലിയും വിജിഗീഷുക്കളാക്കാനുമാണ് തങ്ങളുടെ കഴിവുകളുടെ പരമാവധി ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ, ഇവിടെ സ്വന്തം ജനതയില്‍ നിന്ന് പൗരുഷം ചോത്തിക്കളയാന്‍ ബദ്ധകങ്കണരായ നേതാക്കളായിരുന്നു നമുക്കുണ്ടായിരുന്നത്”. ഇത്തരത്തില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത നേതാക്കളെത്തന്നെ അവമതിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിച്ചുവരുന്നതെന്ന് കാണാം.

സ്വാതന്ത്ര്യ പ്രസ്ഥാനത്തോടുതന്നെ പൊതുവില്‍ സ്വീകരിച്ച ഈ സമീപനത്തിന്റെ ഭാഗമായിത്തന്നെയാണ് ഗാന്ധിജിയെ ഹിന്ദുത്വ ശക്തികള്‍ വെടിവെച്ചു കൊന്നത്. ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവര്‍ക്കറുടെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് നേരത്തെ തന്നെ ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രം ആകുന്ന ഘട്ടത്തില്‍ ഒഴുക്കാൻ ഗോഡ്സെയുടെ ചിതാഭസ്മം ഹിന്ദുത്വ ശക്തികള്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കേണ്ടതുണ്ട്. ആര്‍.എസ്.എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയില്‍ ഗാന്ധിജിയെ വിശേഷിപ്പിക്കുന്ന വാക്കുകള്‍ പരിശോധിച്ചാല്‍ ഗാന്ധിജിയോടുള്ള ആര്‍.എസ്.എസ് നിലപാട് വ്യക്തമാകും. രാജ്യദ്രോഹി, ഹീനമായ പാപകൃത്യങ്ങള്‍ ചെയ്യുന്ന ആള്‍, ലോക ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകന്‍ എന്നിങ്ങനെയെല്ലാമാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഗാന്ധിജിയുടെ ജീവിതത്തെ ഇന്ത്യന്‍ ജനത മനസ്സിലാക്കുന്നത് തടയുക എന്ന അജൻഡയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്ത ഗാന്ധിജി ലോ

“Saint Gandhi’: Man of the Year 1930

കത്തെമ്പാടുമുള്ള സ്വാതന്ത്ര്യ പോരാളികളുടെ ആവേശമായിത്തന്നെ നിലകൊണ്ടിട്ടുണ്ട്. ഇതുപോലൊരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ വരുംതലമുറ വിശ്വസിക്കില്ലെന്നായിരുന്നു ഗാന്ധിജിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞത്. വൈവിദ്ധ്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ഒരുപാട് ചിന്തകളേയും, പ്രവൃ‍ത്തികളേയും ആഴത്തില്‍ പേറിനില്‍ക്കുന്ന ജീവിതമായിരുന്നു ഗാന്ധിജിയുടേത്. അതുകൊണ്ടുതന്നെ ആ ജീവിതത്തെ അത്ഭുതത്തോടെ മാത്രമേ വിശകലനം ചെയ്യാനും കഴിയൂ.

ഗാന്ധിജിയുടെ ജീവിതം വിവിധ കോണുകളിലൂടെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയെ ജനനേതാവായാണ് ലെനിന്‍ കണ്ടത്. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരുന്ന അന്റോണിയോ ഗ്രാംഷി തന്റെ ജയില്‍ കുറിപ്പുകളില്‍ ഗാന്ധിജിയെ വിലയിരുത്തിയിട്ടുണ്ട്. സമൂഹത്തില്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്ന വിധം സൂക്ഷ്മതല മാറ്റങ്ങള്‍ക്ക് ഗാന്ധിജി രൂപം നല്‍കിയെന്ന കാഴ്ചപ്പാടാണ് ഗ്രാംഷി അവതരിപ്പിച്ചത്. അയിത്തത്തിനെതിരായ ഗാന്ധിജിയുടെ നിലപാടുകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ട് ഈ പാതയിലൂടെത്തന്നെ ഇര്‍ഫാന്‍ ഹബീബും സഞ്ചരിച്ചിട്ടുണ്ട്. ഹോച്ചിമിന്‍ ആവട്ടെ വിയറ്റ്നാമില്‍ തനിക്കുള്ള സ്ഥാനമാണ് ഇന്ത്യയില്‍ ഗാന്ധിജിക്കുള്ളതെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. അതായത് ഗാന്ധി സിനിമയും, അതിന്റെ ആശയങ്ങളും രൂപപ്പെടുന്നതിന് എത്രയോ മുന്‍പ് ലോകത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് അടിസ്ഥാനമായിത്തന്നെ ഗാന്ധിജിയുടെ പോരാട്ടം മാറിയിട്ടുണ്ട്.

ഗാന്ധിജി ദേശീയ പ്രസ്ഥാനത്തില്‍ വരുത്തിയ ഗുണപരമായ മാറ്റത്തെ കമ്മ്യൂണിസ്റ്റുകാർ എന്നും അംഗീകരിച്ചിട്ടുള്ളതാണ്. ഗാന്ധിജിയും, ഗാന്ധിസവുമെന്ന പുസ്തകത്തില്‍ ഇ.എം.എസ് ഇങ്ങനെ കുറിക്കുന്നുണ്ട്:

”ഗാന്ധിജിയും അക്കാലത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മിലുള്ള പ്രധാന വ്യത്യാസം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം ബഹുജനങ്ങളും അവരുടെ ജീവിതവും പ്രശ്നങ്ങളും വിചാര വികാരങ്ങളും അഭിലാഷങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമെന്നുവെച്ചാല്‍ പണ്ഡിതരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തുന്ന ഉന്നത തല വാദപ്രതിവാദങ്ങളായിരുന്നില്ല. അത് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉറച്ചു നില്‍ക്കുകയും, ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളുമായും താദാത്മ്യം പ്രാപിക്കുകയും ചെയ്യുക എന്ന നിസ്വാര്‍ത്ഥ സേവനങ്ങളായിരുന്നു”. അതുകൊണ്ട് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാട് ഏവരും പൊതുവില്‍ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

45–ാമത്തെ വയസ്സില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗോപാലകൃഷ്ണ ഗോഖലയുടെ ശിഷ്യനായാണ് ഗാന്ധിജി രംഗപ്രവേശനം ചെയ്യുന്നത്. രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ച അദ്ദേഹം ഇന്ത്യന്‍ കര്‍ഷക ജനസാമാന്യവുമായി താദാത്മ്യം പ്രാപിക്കുന്നരീതിയില്‍ വസ്ത്രധാരണത്തിലുള്‍പ്പെടെ മാറ്റം വരുത്തി. പാശ്ചാത്യ ലിബറല്‍ ആശയത്തില്‍ നിന്നും ഇന്ത്യന്‍ മണ്ണിലേക്കുള്ള വേരിറക്കം കൂടിയായിരുന്നു അത്.
ഗുജറാത്തിലെ പോര്‍ബന്ധറിലായിരുന്നു ഗാന്ധിജിയുടെ ജനനം. തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസം നടത്തുമ്പോൾ അവിടെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടാനും ഗാന്ധിജി ശ്രദ്ധിച്ചു. ടോള്‍സ്റ്റോയിയില്‍ നിന്നാണ് തൊഴിലിന്റെ മഹത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗാന്ധിജി സ്വീകരിച്ചത്. ഇങ്ങനെ പാശ്ചാത്യ ലിബറല്‍ ആശയങ്ങള്‍ ആദ്യഘട്ടത്തില്‍ ഗാന്ധിജിയെ സ്വാധീനിക്കുകയുണ്ടായി. ഇതിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുകൂടിയാണ് വര്‍ണ്ണ വിവേചനങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തിന്റെ പാതയിലേക്ക് അദ്ദേഹം നീങ്ങിയത്. ഇത്തരത്തില്‍ സ്വായത്തമാക്കിയ കാഴ്ചപ്പാടുകളുടേയും, നടത്തിയ ഇടപെടലുകളുടെയും അനുഭവങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഗാന്ധിജി പ്രവേശിക്കുന്നത്.

ഗോപാലകൃഷ്ണ ഗോഖലേയുടെ ശിഷ്യനായാണ് ഗാന്ധിജി ആദ്യഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഗാന്ധിജിയോട് ഇന്ത്യയെ മനസ്സിലാക്കാനാണ് ഗോഖലെ ഉപദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം സഞ്ചരിക്കുന്നുണ്ട് ഗാന്ധിജി. ഇന്ത്യയെ തിരിച്ചറിഞ്ഞ ഈ അന്വേഷണം ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന കാഴ്ചപ്പാടില്‍ ഗാന്ധിജിയെ എത്തിച്ചു. വേഷത്തിലുള്‍പ്പെടെ ഇന്ത്യന്‍ കര്‍ഷക ജനസാമാന്യവുമായി താദാത്മ്യം പ്രാപിക്കുന്നരീതി അതിന്റെ ഭാഗമായി അദ്ദേഹം സ്വീകരിച്ചു. പാശ്ചാത്യ ലിബറല്‍ ആശയത്തില്‍ നിന്നും ഇന്ത്യന്‍ മണ്ണിലേക്കുള്ള വേരിറക്കം കൂടിയായിരുന്നു അത്.

ആധുനിക മുതലാളിത്തത്തിന്റെ വികാസ രീതികളെ ഗാന്ധിജി അംഗീകരിച്ചിരുന്നില്ല. സാമ്രാജ്യത്വത്തെ, ഹിംസാത്മകതയും യുദ്ധങ്ങളും കൂട്ടക്കൊലയും വളര്‍ത്തുന്ന ഒന്നായാണ് അദ്ദേഹം കണ്ടത്. ജീവിതത്തെ അതിനെതിരായുള്ള ഒരു പ്രതിരോധമായി വികസിപ്പിക്കാനുള്ള ശ്രമമായിരുന്നു ഗാന്ധിജിയുടെ ജീവിതം. ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ നിന്നാണ് അതിന് ഊര്‍ജ്ജം സംഭരിക്കാന്‍ ശ്രമിച്ചത്. ഗാന്ധിജി ആദ്യമായി നയിച്ച ബഹുജന സമരമായിരുന്നു ചമ്പാരന്‍ സമരം. തുടര്‍ന്ന് അഹമ്മദാബാദ് നെയ്ത്ത് തൊഴിലാളികളുടെ സമരത്തില്‍ ഇടപെട്ടുകൊണ്ട് ബഹുജന മുന്നേറ്റത്തിന്റെ പുതിയ ലോകത്തേക്ക് ഗാന്ധിജി പ്രവേശിക്കുകയായിരുന്നു.

ഹിന്ദു മതത്തിലെ എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന ഒന്നായി കണ്ടുകൊണ്ടുള്ള ഇടപെടലാണ് ഗാന്ധിജി മുന്നോട്ടുവെച്ചത്. ഈ സമീപനത്തെ ഭയപ്പെട്ട ഹിന്ദുത്വശക്തികള്‍ അദ്ദേഹത്തെ വെടിവച്ച് കൊന്നു. ഗാന്ധിജിയുടെ ജീവിതം ഹിന്ദുത്വ ശക്തികള്‍ക്ക് എതിരെയുള്ള പോരാട്ടത്തിലെ കരുത്തുറ്റ ഓര്‍മ്മകളാണ്. അതുകൊണ്ടാണ് പാഠപുസ്തകത്തില്‍ നിന്നുപോലും ഗന്ധിജിയെ എടുത്തുമാറ്റുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്. ഗാന്ധിജി മുന്നോട്ടുവച്ച ഹിന്ദുമത വിശ്വാസത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച് ഹിന്ദുത്വ രാഷ്ട്രീയ പാഠങ്ങള്‍ അവതരിപ്പിക്കുന്നത് 1920 ല്‍ സവര്‍ക്കര്‍ ‘‘ആരാണ് ഹിന്ദു”വെന്ന പുസ്തകത്തിലൂടെയാണ്. ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസമാണ് ഗാന്ധിജിയും സവര്‍ക്കറും തമ്മിലുള്ളത്.

മാര്‍ക്സിസം ചരിത്രപരമായാണ് മുതലാളിത്തത്തെ കാണുന്നത്. അതിന്റെ നേട്ടങ്ങളേയും, ദൗര്‍ബല്യങ്ങളേയും അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. മുതലാളിത്തത്തിന്റെ ലാഭത്തിലധിഷ്ടിതമായ താല്‍പര്യത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യകള്‍ക്കുപകരം നാടിനുതകുന്ന സാങ്കേതികവിദ്യയുടെ വികാസമാണ് മാര്‍ക്സ് ലക്ഷ്യംവെച്ചത്. ഇത്തരം വികാസത്തിന് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക പ്രധാനമാണെന്നും മാര്‍ക്സ് നിരീക്ഷിച്ചു. അതിലൂടെ ഉല്‍പ്പാദന വര്‍ദ്ധനവ് നടത്തി അവ നീതിയുക്തമായി വിതരണം ചെയ്ത് മുന്നോട്ടുപോകുന്ന സമീപനവും മുന്നോട്ടുവെച്ചു. മുതലാളിത്തം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ രണ്ട് കൂട്ടര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അതിന് ബദല്‍ എന്ത് എന്ന കാര്യത്തില്‍ വ്യത്യസ്തത നിലപാടുകളും ഉണ്ടായിരുന്നു.

ഇന്ത്യന്‍ ഗ്രാമീണ വ്യവസ്ഥകളേയും ബിംബങ്ങളേയും ഉപയോഗപ്പെടുത്തി മുതലാളിത്തത്തിന്റെ ചൂഷണ സംവിധാനത്തെ അതിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രതിരോധിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ടാണ് ചര്‍ക്കയെ പ്രതിരോധത്തിന്റെ ചിഹ്നമായി ഗാന്ധിജി മുന്നോട്ടുവെച്ചത്. ശാസ്ത്ര സാങ്കേതിക വിദ്യയിലുണ്ടാവുന്ന നവീകരണത്തെ ഉപയോഗപ്പെടുത്തി ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ച് മുന്നോട്ടുപോകുന്ന സമീപനം ഗാന്ധിയന്‍ കാഴ്ചപ്പാടില്‍ ഇല്ലാതിരുന്നുവെന്നത് അതിന്റെ ദൗര്‍ബല്യമായി നിലനില്‍ക്കുന്നു.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം വ്യത്യസ്തമായ നിരവധി ആശയങ്ങളുടെ മഹാപ്രവാഹമായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് സജ്ജമാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഗാന്ധിജിയുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം കോണ്‍ഗ്രസ്സ് അംഗീകരിച്ച ശേഷം അതിനായി ബഹുജന പ്രക്ഷോഭങ്ങള്‍ വളര്‍ത്തുന്നതിന് ഗാന്ധിജി മുമ്പില്‍ നിന്നിട്ടുമുണ്ട്. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലും ഇത്തരത്തിലുള്ള ചില സംഘര്‍ഷങ്ങള്‍ ഗാന്ധിജിയുമായി അംബേദ്കറുള്‍പ്പെടെ നടത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്.

മതങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് മതങ്ങളെ പരസ്പരം സൗഹാര്‍ദ്ദത്തോടെ കൂട്ടിയിണക്കാനുള്ള ശ്രമമാണ് ഗാന്ധിജി നടത്തിയത്. എല്ലാ മതവിശ്വാസത്തിലും പെട്ടവരെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരം കൂട്ടിയിണക്കിക്കൊണ്ട് പോകുന്ന വഴിയാണ് കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവെച്ചത്. ഒപ്പം ജനാധിപത്യ അവകാശമെന്ന നിലയില്‍ മത സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനും ഇടപെടുകയുണ്ടായി. ഈ രണ്ട് സമീപനങ്ങളും ഊന്നിയത് മതപരമായ ധ്രുവീകരണത്തിന് പകരം അവയുടെ യോജിപ്പിലാണ്. അതുകൊണ്ടാണ് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗാന്ധിസത്തിനും, കമ്യൂണിസത്തിനും യോജിച്ച് പോകാനാകുന്നത്.

മതത്തെ ആചാരങ്ങളായി കാണുന്നതിന് പകരം മൂല്യങ്ങളായി കാണുന്ന നവോത്ഥാനപരമായ കാഴ്ചപ്പാടായിരുന്നു ഗാന്ധിജിയുടേത്. മതവിശ്വാസികളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നത് ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്ക് അനിവാര്യമാണെന്ന നിലപാടാണ് കമ്മ്യൂണിസ്റ്റുകാരും സ്വീകരിച്ചിരുന്നത്. മത സ്വാതന്ത്ര്യത്തോടൊപ്പം തന്നെ അയിത്താചരണം പോലുള്ള സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരേയും പൊതുവായ മുന്നണി രൂപപ്പെടുത്താനായതും അതുകൊണ്ടാണ്.

മതരാഷ്ട്രവാദത്തിന്റെ അപകടത്തെ ഏറ്റവും ഗൗരവതരമായി കണ്ട നേതാവുകൂടിയായിരുന്നു ഗാന്ധിജി. പില്‍ക്കാലത്ത് പ്രത്യേകിച്ചും. 1948ൽ കല്‍ക്കട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മതത്തെ രാഷ്-ട്രീയത്തില്‍ നിന്ന് വേര്‍തിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറയുകയും ചെയ്തിരുന്നു.

ഗാന്ധിജി മുന്നോട്ടുവെച്ച സാമ്രാജ്യത്വവിരുദ്ധത, മതനിരപേക്ഷത, അധികാര വികേന്ദ്രീകരണം, അഴിമതി വിരുദ്ധത തുടങ്ങിയ ആശയങ്ങള്‍ കോണ്‍ഗ്രസ്സ് കയ്യൊഴിയുമ്പോള്‍ അവ മുന്നോട്ടുവെച്ച് പ്രവര്‍ത്തിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ആഗോളവല്‍ക്കരണ നയത്തെ പിന്തുണയ്-ക്കുകയും, മത നിരപേക്ഷതയെ താല്‍ക്കാലിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കയ്യൊഴിയുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന് അത് ഏറ്റുപിടിക്കാനാകില്ല. അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിലും, അഴിമതിയുടെ കാര്യത്തിലും സ്ഥിതി അതില്‍ നിന്നും വ്യത്യസ്തമല്ല.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും, ഇപ്പോള്‍ ദേശീയവാദികളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഹിന്ദുത്വവാദികള്‍ രാജ്യമാകെ നിറഞ്ഞാടുന്ന കാലമാണിത്. ഇക്കാലത്ത് ഗാന്ധിജിയുടെ സ്മരണകള്‍ പ്രതിരോധത്തിന്റെ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തുന്നതാണ്. മത വ്യത്യാസങ്ങളില്ലാതെ ഇന്ത്യന്‍ ജനതയാകെ ഏകോദര സഹോദരന്മാരെപ്പോലെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഗാന്ധിയന്‍ കാഴ്ചപ്പാട്. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്രവാദ സിദ്ധാന്തം സ്വാതന്ത്ര്യ സമര ഘട്ടത്തില്‍ ഹിന്ദുത്വവാദികള്‍ മുന്നോട്ടുവെച്ചത്. അതിന്റെ വികാസമാണ് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ മുന്നോട്ടുവെക്കുന്ന ഭരണഘടനയെതന്നെ നിരാകരിക്കുന്ന നടപടികള്‍ രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടാകുന്നത് അതുകൊണ്ടാണ്.

ഹിന്ദുരാഷ്ട്രവാദത്തിനെതിരെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ശക്തമായി പൊരുതുന്നതിന് ഗാന്ധിജിയും ഒപ്പം നെഹ്റുവും ഉണ്ടായിരുന്നു. ഇ.എം.എസ് ചൂണ്ടിക്കാണിച്ചതുപോലെ ‘‘അവര്‍ തമ്മിലുള്ള സഹകരണമാണ് ഹിന്ദുരാഷ്ട്രവാദത്തിന് പരിമിതമായെങ്കിലും തടയിടാന്‍ സാധിച്ചത്. അതുകൊണ്ട് ഹൈന്ദവ വര്‍ഗ്ഗീയവാദികളെപ്പോലുള്ള മത ഭ്രാന്തന്മാര്‍ക്കെതിരായ സമരത്തില്‍ മഹാത്മാവിന്റെ രക്തസാക്ഷിത്വം മത നിരപേക്ഷ ദേശീയവാദികള്‍ക്ക് ആവേശം നല്‍കി”.

ഹിന്ദുരാഷ്ട്രവാദികള്‍ക്ക് വിലങ്ങുതടിയാണ് ഗാന്ധിജിയുടെ സമീപനമെന്നതിനാലാണ് അത്തരം ശക്തികള്‍ അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. മതങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് മതങ്ങളെ പരസ്പരം സൗഹാര്‍ദ്ദത്തോടെ കൂട്ടിയിണക്കാനുള്ള വഴികളിലൂടെയാണ് ഗാന്ധിജി സഞ്ചരിച്ചത്. എല്ലാ മത വിശ്വാസത്തിലും പെട്ടവരെ ജീവിത പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരം കൂട്ടിയിണക്കിക്കൊണ്ട് പോകുന്നതിലാവട്ടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കഴിയാതെ പോകുകയും ചെയ്തു. ഈ ദൗര്‍ബല്യം കൂടിയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴികള്‍ വെട്ടിത്തുറക്കുന്നതിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സഹായകമായി തീര്‍ന്നത്.

സാമ്രാജ്യത്വത്തിന്റെ കുടിലതകളെ ചെറുക്കാൻ, അതിനെതിരെയുള്ള പ്രതിരോധമായി തന്റെ തന്നെ ജീവിതത്തെ മാറ്റിത്തീർക്കുകയായിരുന്നു ഗാന്ധിജി. പ്രാചീന ഇന്ത്യയിലെ ബിംബങ്ങളെ ഉപയോഗപ്പെടുത്തിയായിരുന്നു അതിനുള്ള ശ്രമം അദ്ദേഹം നടത്തിയത്. ഗ്രാമസ്വരാജും, രാമരാജ്യവുമെല്ലാം ഈ കാഴ്ചപ്പാടിന്റെ സൃഷ്ടികൂടിയായിരുന്നു. ഇന്ത്യന്‍ പാരമ്പര്യങ്ങളെ വ്യത്യസ്തമായ വഴികളിലൂടെ നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഭഗവദ്ഗീതയില്‍ അഹിംസയായിരുന്നു ഗാന്ധിജി കണ്ടത്. രാമനില്‍ മനുഷ്യ മൂല്യങ്ങളേയും അദ്ദേഹം ദര്‍ശിക്കുകയുണ്ടായി. ഖുറാനില്‍ സമാധാനത്തെയും, ബൈബിളില്‍ താന്‍ വിഭാവനം ചെയ്യുന്ന ലോകത്തേയും വായിച്ചെടുക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വം രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഘട്ടത്തില്‍ പ്രതിരോധത്തിന്റെ നാനാവഴികളില്‍ ഈടുവെപ്പായി ഗാന്ധിസത്തിനും സ്ഥാനമുണ്ട്. ഒരു രാജ്യത്തെ എല്ലാവരും ഒരു മതത്തിന്റെ വിശ്വാസിയായാല്‍ പോലും രാഷ്ട്രത്തിന് മതം പാടില്ല എന്ന നിരീക്ഷണമായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. മതത്തെ ആചാരങ്ങളായി കാണുന്നതിന് പകരം മൂല്യങ്ങളായി കാണുന്ന നവോത്ഥാനപരമായ കാഴ്ചകളിലേക്ക് വികസിച്ചുവരുന്നതായിരുന്നു ഗാന്ധിജിയുടെ ചിന്തകള്‍. വൈക്കം സത്യാഗ്രഹത്തിന്റെ വഴികളിലേക്ക് അദ്ദേഹമെത്തിയത് അതുകൊണ്ടായിരുന്നു. 1948 ൽ കല്‍ക്കട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മതത്തെ രാഷ്-ട്രീയത്തില്‍ നിന്ന് വേര്‍തിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അനുഭവങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു അദ്ദേഹം. മതരാഷ്ട്രവാദത്തിന്റെ അപകടത്തെ ഏറ്റവും ഗൗരവത്തോടെ കണ്ട നേതാവ് കൂടിയായിരുന്നു ഗാന്ധിജി. വര്‍ഗ്ഗീയതയ്ക്കെതിരായ സമരത്തില്‍ മതവിശ്വാസികളുടെ സ്ഥാനം അടയാളപ്പെടുത്തുന്നത് കൂടിയാണ് ഗാന്ധിജിയുടെ ജീവിതം. അതുകൊണ്ടുതന്നെയാണ് ഹിന്ദുത്വ ശക്തികള്‍ ഗാന്ധിജിയെ്ക്കതിരെ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ വക്രീകരിച്ചുകൊണ്ടിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − one =

Most Popular