Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഗാന്ധിജിയും കേരളവും

ഗാന്ധിജിയും കേരളവും

ഷിഹാബുദീൻ ടി പി

രുപതാം നൂറ്റാണ്ടിന്റെ പ്രക്ഷുബ്ധമായ ലോക രാഷ്ട്രീയ ഭൂപടത്തിൽ പലതലത്തിൽ അടയാളപ്പെടുത്തപ്പെട്ട വിമോചനസമര നേതാവാണ് ‘മഹാത്മാ’ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി. സ്വാഭാവികമായും ചരിത്രത്തിലുടനീളം മനുഷ്യ വിമോചനത്തെ എതിർത്തുകൊണ്ടിരിക്കുന്ന പിന്തിരിപ്പൻ ശക്തികളെ സംബന്ധിച്ച് വിസ്മരിക്കപ്പെടേണ്ട ഒരു പേരാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് സായിപ്പ് നിർമിച്ച സിനിമയിലൂടെ പ്രശസ്തനായ ഒരാളാണ് ഗാന്ധിജി എന്ന് ആ ഛിദ്രശക്തികളുടെ പൊതുമുഖമായ നരേന്ദ്രമോദി അഭിപ്രായപ്പെടുന്നത്.

എന്നാൽ ചരിത്രം നൽകുന്ന ചിത്രം നേരെ മറിച്ചാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ മൂലയിൽ കിടക്കുന്ന കേരളം എന്ന കൊച്ചു പ്രദേശത്തു പോലും വലിയ ജനകീയതയും ശക്തമായ സ്വാധീനവും ഉണ്ടായിരുന്ന നേതാവായിരുന്നു ഗാന്ധിജി. കേരളത്തിൽ ഉടനീളം സഞ്ചരിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും തന്റെ രാഷ്ട്രീയം അവതരിപ്പിക്കുകയും ചെയ്ത മഹാത്മാഗാന്ധിയുടെ കേരള സന്ദർശനങ്ങളുമായി ബന്ധപ്പെട്ട ചില അനുഭവങ്ങൾ അവതരിപ്പിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ഭാഷാസംസ്ഥാന രൂപീകരണത്തിന് മുമ്പുള്ള, വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സ്ഥലികളിൽ ജീവിച്ചിരുന്ന മലയാളികളെ കാണാൻ കേരളത്തിലേക്ക് 5 തവണയാണ് ഗാന്ധിജി വന്നത്. ഒന്നാമത്തെ സന്ദർശനം 1921 ആഗസ്റ്റ് 18 നും 19നും, ഖിലാഫത്ത് -നിസ്സഹകരണ സമരകാലത്ത് മലബാറിലേക്കായിരുന്നു. തുടർന്ന് വൈക്കം സത്യാഗ്രഹ സമയത്ത്, 1925 മാർച്ച് 8 മുതൽ 19 വരെ, കേരളത്തിൽ വന്ന് വിവിധ ജനവിഭാഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു. 1927 ഒക്ടോബർ 9 മുതൽ 26 വരെ ഖാദി പ്രചാരണത്തിന്റെ ഭാഗമായും 1934 ജനുവരി 10 മുതൽ 21 വരെ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായും 1937 ജനുവരി 12 മുതൽ 21 വരെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലും അദ്ദേഹം കേരളത്തിൽ എത്തി. അദ്ദേഹം കണ്ട/ ഉൾക്കൊണ്ട കേരളത്തെപ്പോലെ തന്നെ ചരിത്രപരമായ പ്രാധാന്യമുണ്ട് അദ്ദേഹത്തെ കണ്ട കേരളത്തിനും.

മംഗളപത്രം
ഗാന്ധിജിയുടെ സന്ദർശന വേളകളിലെല്ലാം വ്യത്യസ്ത ജനവിഭാഗങ്ങൾ ആദരവോടെ മംഗള പത്രങ്ങൾ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്. പലപ്പോഴും ഇത്തരം മംഗള പത്രങ്ങൾ അതാത് യോഗങ്ങളിൽ വച്ച് ലേലം ചെയ്യുകയും ഹരിജനോദ്ധാരണ – – ഖാദി ഫണ്ടുകളിലേക്ക് മുതൽക്കൂട്ടുകയും ചെയ്തിരുന്നു. മിക്കപ്പോഴും ഉയർന്ന തുകയ്ക്കാണ് ഇത്തരം മംഗള പത്രങ്ങൾ ലേലം ചെയ്യപ്പെട്ടിരുന്നത്.

അതിനകംതന്നെ വിവിധ സാമൂഹ്യ പരിഷ്കരണ മുന്നേറ്റങ്ങളുടെ ഭാഗമായി മാറ്റിമറിക്കപ്പെട്ട കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലവും രാഷ്ട്രീയ ബോധവും ഗാന്ധിജിക്ക് മുൻപിൽ അനാവരണം ചെയ്യുന്ന, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട രണ്ട് മംഗള പത്രങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിൽ ആദ്യത്തേത് ഗാന്ധിജിയുടെ പ്രഥമ സന്ദർശന വേളയിൽ കാസർഗോഡ് നിന്ന് നൽകപ്പെട്ട മംഗള പത്രമാണ്. മലയാളികളെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ ഒരു പരാമർശം ഗാന്ധിജിയെ വലിയതോതിൽ ആകർഷിക്കുകയും അത് മംഗലാപുരത്തുവച്ച് നടന്ന തന്റെ പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറയുകയും ചെയ്തു.

നമുക്കറിയാവുന്നതുപോലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും നിസ്സഹകരണ സമരത്തിന്റെയും പശ്ചാത്തലത്തിലാണ് 1921ൽ ഗാന്ധിജിയുടെ പ്രഥമ കേരള സന്ദർശനം. ഹിന്ദു മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കാനും അതിനെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കരുത്താക്കി മാറ്റാനും ലക്ഷ്യമിട്ടുള്ളതായിരുന്നു മൗലാന ഷൗക്കത്തിലിയോടൊപ്പം മഹാത്മാഗാന്ധി നടത്തിയ ആ യാത്ര. കേരളത്തിൽ എത്തിയ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് കൂടിയ വൻ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും വിശ്രമത്തിനുശേഷം കാസർഗോഡ് വഴി മംഗലാപുരത്തേക്ക് യാത്ര തിരിക്കുകയും ചെയ്തു. ആ യാത്രക്കിടയിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ വച്ച് അദ്ദേഹത്തിന് ധൃതിയിൽ ഒരു സ്വീകരണം നൽകി. ആ സ്വീകരണത്തിൽ സാധാരണ പോലെ ഒരു മംഗളപത്രം അദ്ദേഹത്തിനും മൗലാനാ ഷൗക്കത്തലിക്കുമായി സമ്മാനിക്കുകയും ചെയ്തു. പ്രസ്തുത മംഗള പത്രത്തിൽ ഗാന്ധിജിയെയും മൗലാന ഷൗക്കത്തലിയെയും ചേർത്ത് ‘അഭിവന്ദ്യരായ പ്രിയ സഹോദരന്മാരെ’ (Dear Revered Brothers) എന്നാണ് മലയാളികൾ അഭിസംബോധന ചെയ്തത്.

ഹിന്ദുവിനെയും മുസ്‌ലിമിനെയും സഹോദരരായി കാണുന്നത് മലയാളികൾക്ക് അന്നും പുതുമയുള്ള കാര്യമൊന്നുമായിരുന്നില്ല. സംസ്കാരങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും ഒത്തിണങ്ങി ഒരു സമന്വയ സമൂഹമായിട്ടാണ് മലയാളികൾ നൂറ്റാണ്ടുകളായി ഇവിടെ കഴിഞ്ഞു പോന്നിരുന്നത്. എംജിഎസ് നാരായണൻ സൂചിപ്പിക്കുന്നതുപോലെ ഈ സാംസ്കാരിക സമന്വയം (കൾച്ചറൽ സിംബയോസിസ്) കേരള ചരിത്രത്തിന്റെ പ്രത്യേകതയാണ്. എന്നാൽ ഗാന്ധിജിക്ക് വലിയ ആവേശമാണ് ഈ പ്രയോഗം കൊണ്ടുണ്ടായത്. മംഗലാപുരത്തു വച്ച് അവിടുത്തുകാർ നൽകിയ സ്വീകരണത്തിൽ ഗാന്ധിജി പറഞ്ഞു: ‘ഞങ്ങളുടെ ഈ യാത്രയുടെ ആത്മീയവും രാഷ്ട്രീയവുമായ ലക്ഷ്യം പൂർണ്ണമായും ഉൾക്കൊള്ളുന്ന ഒരു അഭിസംബോധനയാണ് കാസർഗോഡ് വച്ച് നൽകിയത്’ (“The address had absorbed the entire political and spiritual goals of our journey”) [വിശദാംശങ്ങൾക്ക് മഹാദേവ ദേശായിയുടെ ‘ഡേ ടുഡേ വിത്ത് മഹാത്മാഗാന്ധി’ കാണുക.]

രണ്ടാമത്തെ ചരിത്രപ്രസിദ്ധമായ ഒരു മംഗളപത്രം നൽകപ്പെട്ടത് 1934ലെ സന്ദർശനവേളയിലാണ്. ജാതിയെ സംബന്ധിച്ചും അയിത്തം തുടങ്ങിയവ സംബന്ധിച്ചും ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണത്തെ സംബന്ധിച്ചുമൊക്കെയുള്ള ഗാന്ധിജിയുടെ നിലപാടുകൾ അതിനകം തന്നെ വലിയതോതിൽ സംവദിക്കപ്പെട്ടിരുന്നു. ചരിത്രപ്രസിദ്ധമായ ‘പൂന സന്ധി’യും ഗാന്ധിജിയും അംബേദ്കറും തമ്മിൽ നടന്ന സംവാദങ്ങളുമൊക്കെ കേരളത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയിത്തോച്ഛാടനം എന്ന ലക്ഷ്യം മുൻനിർത്തി മഹാത്മാഗാന്ധി കേരളത്തിൽ ഉൾപ്പെടെ സന്ദർശിച്ചത്. ഗാന്ധിജിയോടൊപ്പം മീരബെൻ, അഖിലേന്ത്യാ ഹരിജൻ സേവാ സംഘം ജനറൽ സെക്രട്ടറി എ.വി താക്കർ ബാപ, രാമപ്രസാദ് വ്യാസ, ശ്രീമതി.കൃഷ്ണാബായ്, ഉമാദേവി ബജാജ്, എൻ.ആർ മൽക്കാർണെ, ചന്ദ്രശങ്കർ ശുക്ല, വിശ്വനാഥ പാണ്ഡെ, ദാമോദർദാസ്, ദേവരാജ്, നാസി ജേണലിസ്റ്റ് ബട്ട് ബ്യൂട്ടോ തുടങ്ങിയവരും അനുഗമിച്ചിരുന്നു.

പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായ പള്ളുരുത്തിയിൽ വച്ച് 1934 ജനുവരി 18ന് എസ്എൻഡിപി യോഗം ഗാന്ധിജിക്ക് ഒരു മംഗളപത്രം സമർപ്പിച്ചു. പ്രസ്തുത മംഗളപത്രം തയ്യാറാക്കിയതും വായിച്ചതും ശ്രീനാരായണഗുരുവിന്റെ ശിഷ്യനും കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളും സഹോദരസംഘത്തിന്റെ സ്ഥാപകനും മറ്റുമായ കുമ്പളത്തുപറമ്പിൽ അയ്യപ്പൻ എന്ന ‘സഹോദരൻ’ അയ്യപ്പൻ ആയിരുന്നു. അതുവരെയും തുടർന്നും ഗാന്ധിജിക്കും നൽകപ്പെട്ട ഗാന്ധി മഹാത്മ്യവും പ്രശംസയും കുത്തിനിറച്ച സ്വാഗതാശംസകളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു 1934ൽ വച്ച് നൽകപ്പെട്ട ഈ മംഗളപത്രം. ഗാന്ധിജിയുടെ നിലപാടുകളെ വിമർശിക്കുന്നതും അംബേദ്കറെയും അംബേദ്കറുടെ നിലപാടുകളെയും ശരിവെക്കുന്നതുമായ പ്രസ്തുത മംഗളപത്രം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

സഹോദരൻ അയ്യപ്പൻ അതിനു മുൻപും ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും നേരിട്ട് വിമർശിച്ചിട്ടുണ്ട്. 1927 ൽ ഗാന്ധിജി ശിവഗിരി സന്ദർശിച്ച വേളയിലായിരുന്നു അത്. നാരായണ ഗുരുവുമായി ഗാന്ധിജി നടത്തിയ ചരിത്രപ്രസിദ്ധമായ അഭിമുഖത്തെ തുടർന്ന് ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാർ നൽകിയ സ്വീകരണത്തിൽ ഗാന്ധിജിയുടെ ആരാധനാ പുരുഷനായ ശ്രീകൃഷ്ണനെ യുദ്ധവെറിയനായി സഹോദരൻ വിമർശിച്ചു എന്നാണ് പറയപ്പെടുന്നത്. എന്തായിരുന്നാലും ഗാന്ധിജി ഏറ്റവും കൂടുതൽ ഭക്ത്യാദരപൂർവ്വം സ്വീകരിക്കപ്പെട്ടിരുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങളെ മറ്റൊരു സാമൂഹ്യ കാഴ്ചപ്പാടിൽ നോക്കിക്കാണാനും വിയോജിക്കാനും വിമർശിക്കാനും ഒക്കെയുള്ള സാമൂഹിക വികാസം മലയാളികൾ അതിനകം നേടിയിരുന്നു.

അതേസമയം ഗാന്ധിജിക്ക് കേരളത്തിൽ ലഭിച്ചിരുന്ന ബഹുജന പിന്തുണയും സ്വീകാര്യതയും ശ്രദ്ധാർഹമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും, ചരിത്രപരമായ എല്ലാ പരിമിതികൾക്കിടയിലും വലിയ ആൾക്കൂട്ടം അദ്ദേഹത്തെ കാണാനും കേൾക്കാനും ഇവിടെ ഉണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ ‘ഗാന്ധിജിയെ തൊട്ട’ കാര്യം പറഞ്ഞ് കോൾമയിർകൊള്ളുന്നത് ഈ അവസരത്തിൽ സ്മരണീയമാണ്. ഗാന്ധിജിയുടെ സന്ദർശന വേളകളിൽ അദ്ദേഹത്തെ ഒന്ന് കാണാൻ റെയിൽവേ സ്റ്റേഷനുകളിലും മറ്റും ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടങ്ങളാണ് തടിച്ചുകൂടിയിരുന്നത്.

ഗാന്ധിജിയുടെ സന്ദർശന വേളകളിൽ അദ്ദേഹത്തെ ഒന്ന് കാണാൻ, അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ, അദ്ദേഹത്തെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനുകളിലും മറ്റും ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടങ്ങളാണ് തടിച്ചുക്കൂടിയിരുന്നത്. അദ്ദേഹത്തിന് നൽകിയിരുന്ന സ്വീകരണയോഗങ്ങളിൽ പതിനായിരക്കണക്കിന് മനുഷ്യർ തിങ്ങിക്കൂടിയതിന്റെ റിപ്പോർട്ട് അന്നത്തെ പത്രങ്ങളിൽ കാണാം. ചുരുക്കത്തിൽ, കേരളത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ രാഷ്ട്രീയ നേതാവ് മഹാത്മാഗാന്ധി ആയിരുന്നു എന്ന് നിസംശയം പറയാം.

കേരളത്തിലും 
ഗാന്ധിജി നേരിട്ട എതിർപ്പ്
ഗാന്ധിജിക്ക് കേരളത്തിലും ശക്തമായ എതിർപ്പ് അദ്ദേഹത്തിന്റെ സന്ദർശനത്തിനിടയിൽ നേരിടേണ്ടി വന്നിട്ടുണ്ട്. വിചിത്രമായ ഒരു കാര്യം, അദ്ദേഹത്തെ ജീവിതത്തിലുടനീളം എതിർത്തിരുന്ന, അദ്ദേഹത്തിന്റെ ജീവനെടുത്ത, ഹിന്ദുത്വശക്തികൾ തന്നെയാണ് കേരളത്തിലും അദ്ദേഹത്തെ എതിർത്തിരുന്നതും ആക്രമിക്കാൻ ശ്രമിച്ചിരുന്നതും (ആരംഭകാലം തൊട്ടേ RSSന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളും പ്രവർത്തകരും ഉണ്ടായിരുന്ന കാര്യം കുപ്രസിദ്ധമാണല്ലോ). അതിന് ഗാന്ധിജിക്കെതിരായ അക്രമത്തിന് നേതൃത്വം കൊടുത്തിരുന്നത് ഉത്തരേന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത പ്രത്യയശാസ്ത്രവും അതിന്റെ ബോംബെയിൽ നിന്നും വന്ന നേതാവുമായിരുന്നു.

1934 ൽ ഗാന്ധിജിയുടെ യാത്ര നേരത്തെ സൂചിപ്പിച്ചതുപോലെ അയിത്തോച്ഛാടനം എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു. ഈ യാത്രയിൽ ഉടനീളം ഗാന്ധിജി ഹരിജനോദ്ധാരണത്തിന് ആവശ്യമായ ഫണ്ട്പിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗാന്ധിജിയുടെ ഹരിജനോദ്ധാരണവും അയിത്തോച്ഛാടനവും അവർണ്ണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും ഹിന്ദുമതത്തെയും അതിന്റെ സംസ്കാരത്തെയും തകർക്കും എന്നായിരുന്നു ഹിന്ദുമഹാസഭയുടെയും ഹിന്ദുത്വവാദികളുടെയും പ്രധാന വിമർശനം (അക്കാരണം പറഞ്ഞാണ് അവർ അദ്ദേഹത്തിന്റെ ജീവനെടുത്തതും എന്നത് പ്രസിദ്ധമാണല്ലോ). 1934 ജനുവരി 10ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന മഹാത്മാഗാന്ധിക്ക് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലുള്ള ‘സനാതനി’കളുടെ പ്രതിഷേധവും ഭീഷണിയും കണക്കിലെടുത്ത് പ്രത്യേക അറേഞ്ച്മെന്റിൽ അകത്തേത്തറ റെയിൽവേ ഗേറ്റിനടുത്ത് ഇറങ്ങേണ്ടി വന്നു. ഗാന്ധിജിക്ക് എതിരായ ഹിന്ദുത്വവാദികളുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത് ബോംബെയിൽ നിന്നു വന്ന ഒരു ഡോക്ടർ നായിക് ആയിരുന്നു.

ടി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ‘ശബരി ആശ്രമം’ സന്ദർശിച്ച് മടങ്ങി വരുന്ന വഴിയിൽ ഗാന്ധിജി യാത്രചെയ്തിരുന്ന കാർ പാലിയത്ത് ചെറിയകുഞ്ഞുണ്ണി അച്ചന്റെ നേതൃത്വത്തിൽ സനാതനികൾ തടഞ്ഞു. ‘തിരിച്ചുപോ ഗാന്ധി’ (Gandhi Go Back) എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തിയിരുന്നത്. പാലക്കാട്, കോട്ടമൈതാനത്ത് പ്രസംഗിക്കുന്നതിനിടയിൽ ഗാന്ധിജി പറഞ്ഞു: ‘വലിയ ഉത്സാഹത്തോടെയാണ് ഞാൻ മലബാറിൽ പ്രവേശിക്കുന്നത്, എന്റെ ഉത്സാഹം നിലനിർത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എന്നെന്നേക്കുമായി അവസാനിപ്പിക്കണം. അല്ലെങ്കിൽ ഹിന്ദുമതം നശിക്കും’.

പാലക്കാട് നിന്നും കരിമ്പുഴ – ചെർപ്പുളശ്ശേരി – അനങ്ങനടി വഴി ഒറ്റപ്പാലത്തേക്കും അവിടുന്ന് ഗുരുവായൂരിലേക്കും ആയിരുന്നു ഗാന്ധിജിയുടെ യാത്ര. ഈ യാത്രയിലുടനീളം അഞ്ചാറു തവണ ഗാന്ധിജിക്ക് ഹിന്ദു മഹാസഭയുടെ നേതൃത്വത്തിലുള്ള സനാതനികളുടെ പ്രതിഷേധം നേരിടേണ്ടിവന്നു. പല സ്ഥലങ്ങളിലും കറുത്ത ബാനറുകളിൽ ‘ഗാന്ധി ഗോ ബാക്ക്’ എന്ന മുദ്രാവാക്യം എഴുതിവെച്ചിരുന്നു. ഗുരുവായൂരിനടുത്ത് ചാട്ടുകുളത്ത് വച്ച് ബോംബെക്കാരൻ ഡോക്ടർ നായക്, വാരിയത്ത് ഗോപാല മേനോൻ, ഡോക്ടർ ശങ്കരനാരായണ അയ്യർ തുടങ്ങിയവരും മറ്റും ഗാന്ധിജിയുടെ കാർ തടഞ്ഞ് ‘ഗാന്ധി ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചു. 1934 ജനുവരി പതിനൊന്നാം തിയ്യതി രാവിലെ 7 മണിക്കായിരുന്നു ഗുരുവായൂരിൽ ഗാന്ധിജിയുടെ പൊതുയോഗം നിശ്ചയിച്ചിരുന്നത്. പരിപാടി തുടങ്ങുന്നതിന് അല്പം മുൻപ് വാരിയത് ഗോപാല മേനോൻ, ഡോക്ടർ ശങ്കര അയ്യർ, ഡോക്ടർ നായക് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സ്റ്റേജിലേക്ക് കയറി ഗാന്ധിജിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. അവർണരുടെ ക്ഷേത്രപ്രവേശനം തടയും എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. സംഘാടകർ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ നീക്കി. ഗാന്ധിജി സ്റ്റേജിലേക്ക് എത്തിയപ്പോൾ അഖിലേന്ത്യ വർണാശ്രമ സ്വരാജ്യ സംഘ (All India Varnasrama Swarajya Samgh) ത്തിന്റെ നേതൃത്വത്തിൽ രണ്ട് പ്രതിനിധികൾ അദ്ദേഹത്തെ സമീപിച്ചു. പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തിനു വേണ്ടി അവർ വാദിച്ചു. ഗാന്ധിജി അവരോട് അനുഭാവപൂർവ്വം സംസാരിച്ചു. ഡോക്ടർ നായികിന് പ്രസംഗിക്കാനുള്ള അനുവാദത്തിനു വേണ്ടിയുള്ള അപേക്ഷ ഗാന്ധിജി സ്വീകരിച്ചു. ഗാന്ധിജി അയാൾക്ക് പ്രസംഗിക്കാൻ അവസരം നൽകി. ഗാന്ധിജി തന്റെ അനുയായികളോട് ഇദ്ദേഹത്തെ സശ്രദ്ധം കേൾക്കണം എന്ന് ആവശ്യപ്പെട്ടു. അവർണ്ണരുടെ ക്ഷേത്രപ്രവേശനം എന്ന ആവശ്യത്തിൽ നിന്ന് പിന്മാറണമെന്നും ഹരിജനോദ്ധാരണ പരിപാടികൾ അവസാനിപ്പിക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. കാരണം അവ രണ്ടും സനാതന ഹിന്ദുമതത്തിന് എതിരാണ് എന്നതായിരുന്നു അയാളുടെ ന്യായം. മാത്രമല്ല, പൊലീസുകാരും ഗാന്ധിജിയുടെ അനുയായികളും തങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്തിയെന്നും തങ്ങളിൽ ചിലർക്ക് പരിക്കേറ്റു എന്നും അവരെ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്നും ഗാന്ധിജിയോട് ആവശ്യപ്പെട്ടു. അവർക്ക് കുടിക്കാൻ പാൽ നൽകിയതിനു ശേഷം ഗാന്ധിജി തന്റെ അനുയായികളോട് അവരെ ആശുപത്രിയിൽ എത്തിക്കാനും ചികിത്സിക്കാനും ആവശ്യപ്പെട്ടു.

ഗാന്ധിജി കണ്ട മലയാളികൾ
കേരളത്തിന്റെ വിവിധ തുറകളിലുള്ള നാനാവിധ സാമൂഹിക വിഭാഗങ്ങളുമായും മഹാത്മാഗാന്ധി തന്റെ സന്ദർശന വേളകളിൽ സംവദിച്ചിട്ടുണ്ട്. അതിൽ ജാതി സമൂഹത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയിൽ നിലനിർത്തിയിരുന്ന, പകൽവെളിച്ചത്തിൽ പുറത്തിറങ്ങാൻ പോലും അനുവാദം ഇല്ലാതിരുന്ന നായാടിപ്പാറകളിൽ ഒളിച്ചു കഴിയാൻ നിർബന്ധിതരായിരുന്ന നായാടി വിഭാഗക്കാർ മുതൽ പുലയരും ആദിദ്രാവിഡരും ഈഴവരും നമ്പൂതിരിമാരും തമിഴ്പട്ടന്മാരും മുതൽ ദിവാൻ രാജാവ് ‘ തുടങ്ങിയ അന്നത്തെ ഭരണവർഗ്ഗം വരെ ഉൾപ്പെടും. പാലക്കാട് വച്ച് നായാടി ‘ കോളനികളിൽ പോയി അവരുമായി സംവദിച്ചതും കോഴിക്കോട് വച്ച് ആദിദ്രാവിഡ യോഗം വിളിച്ച് അവരുമായി ഇടപഴകിയതും തൃശ്ശൂരിൽ വച്ച് ചെറുമ വിഭാഗത്തിൽപ്പെടുന്ന ആളുകളുടെ പ്രതിനിധികളെ കണ്ട് സംസാരിച്ചതും മറ്റും എടുത്തു പറയേണ്ടതാണ്. 1934 ൽ പാലക്കാട് നിന്നും ചിറ്റൂരും തേൻകുറിശ്ശിയും സന്ദർശിച്ച ഗാന്ധിജി നെച്ചുള്ളിയിൽ നായാടി വിഭാഗക്കാർ താമസിക്കുന്ന ഒരു കോളനി സന്ദർശിച്ചു. പകൽവെളിച്ചത്തിൽ പുറത്തിറങ്ങാൻ പോലും പറ്റാത്തവിധം അടിച്ചമർത്തൽ അനുഭവിച്ചിരുന്ന വിഭാഗമായിരുന്നു നായാടി ജനത എന്നത് പ്രത്യേകം സ്മരണീയമാണ്. അവരും ഗാന്ധിജിക്ക് 101 മുക്കാൽ അടങ്ങിയ ഒരു പണക്കിഴി സമ്മാനിച്ചു. കേരള ജനത ഒന്നടങ്കം ആ ഘട്ടത്തിൽതന്നെ കൈവരിച്ചിരുന്ന രാഷ്ട്രീയ ബോധ്യം ഇതിൽ നിന്നും വ്യക്തമാണല്ലോ.

ഗാന്ധിജിയുടെ സന്ദർശന വേളകളിൽ പല തവണ സ്ത്രീകളുടെ പ്രത്യേക യോഗങ്ങളിൽ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇത്തരം യോഗങ്ങളിൽ ‘സീതാദേവിയാണ് ഇന്ത്യൻ സ്ത്രീകൾക്കെല്ലാമുള്ള ഉദാത്ത മാതൃക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ രത്നച്ചുരുക്കം. സീതയെ പോലെ ക്ഷമിച്ചും സഹിച്ചും രാജ്യത്തെ നയിക്കേണ്ടത് സ്ത്രീകളുടെ ബാധ്യതയായി ഗാന്ധിജി കണ്ടിരുന്നു.

ഗാന്ധിജിയുടെ സന്ദർശന വേളകളിൽ അദ്ദേഹത്തെ ഒന്ന് കാണാൻ, അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ, അദ്ദേഹത്തെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനുകളിലും മറ്റും ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടങ്ങളാണ് തടിച്ചു കൂടിയിരുന്നത്. അദ്ദേഹത്തിന് നൽകിയിരുന്ന സ്വീകരണയോഗങ്ങളിൽ പതിനായിരക്കണക്കിന് മനുഷ്യർ തിങ്ങിക്കൂടിയതിന്റെ റിപ്പോർട്ട് അക്കാലത്തെ പത്രങ്ങളിൽ കാണാം. ചുരുക്കത്തിൽ, കേരളത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ രാഷ്ട്രീയ നേതാവ് മഹാത്മാഗാന്ധി ആയിരുന്നു.

എന്നാൽ ജാതിയെ സംബന്ധിച്ചും അസ്പൃശ്യത സംബന്ധിച്ചും ഗാന്ധിജി വച്ചുപുലർത്തിയിരുന്ന സവർണരുടേതിന് സമാനമായ ബോധം ചില ഘട്ടങ്ങളിലെങ്കിലും പ്രകടിതമായി വരുന്നുണ്ട്. ഉദാഹരണത്തിന് 1925 ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ എത്തിയ മഹാത്മാഗാന്ധിജി അവിടെ ദളിത്-വിഭാഗക്കാരുടെ ഒരു പ്രത്യേക യോഗത്തിൽ അവരോട് സംവദിക്കുന്നുണ്ട്. പ്രസ്തുത സംവാദത്തിനിടയിൽ ഗാന്ധിജി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളായ ദളിതരോട്, ഇന്നു നോക്കുമ്പോൾ അത്യധികം അപമാനിക്കുന്ന തരത്തിലുള്ള, ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. മാത്രമല്ല ആ ചോദ്യങ്ങളിലേക്ക് നയിച്ചത് അതിനു മുൻപ് സവർണരുമായി വൈക്കത്തെ അവരുടെ മഠത്തിൽവച്ചും മറ്റും നടത്തിയ സംഭാഷണത്തിൽ തൊട്ടുകൂടായ്മക്കും മറ്റും അവർ നൽകിയ ന്യായീകരണങ്ങളുടെ പ്രതിഫലനവും കാണാം. ഗാന്ധിജി ജനങ്ങളോട് ചോദിക്കുന്നു: നിങ്ങളിൽ എത്രപേർ ദിവസേന കുളിക്കാറുണ്ട്? എത്രപേർക്ക് എഴുത്തും വായനയും അറിയാം? എത്രപേർ കള്ളുകുടിക്കാറുണ്ട്? എത്രപേർ ശവം തിന്നാറുണ്ട്? നിങ്ങളിൽ ആരൊക്കെയാണ് മാംസാഹാരം കഴിക്കാറുള്ളത്? കള്ള് ചെത്തുന്നവർ എത്രപേരുണ്ട് ഈ കൂട്ടത്തിൽ? ഇത്തരത്തിൽ ആളുകളെ അപമാനത്തിൽ ആഴ്ത്തുന്ന തരത്തിലുള്ള, അവർ നേരിടുന്ന അനീതിയുടെയും അടിച്ചമർത്തലിന്റെയും അപമാനവീകരണത്തിന്റെയും അടിസ്ഥാന കാരണം അവരുടെ തന്നെ പ്രവൃത്തികളാണെന്ന കുറ്റബോധം അവരിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള ഒരു സംവാദമാണ് ഗാന്ധിജി അവിടെ നടത്തിയത്. അവിചാരിതമായിട്ടാണെങ്കിലും ഇത്തരം സംഭാഷണം ഗാന്ധിജിയുടെ സാമൂഹ്യബോധത്തിന്റെ, പിന്തിരിപ്പൻ ആശയങ്ങളുടെ പ്രതിഫലനമായി ആളുകൾ വിലയിരുത്താറുണ്ട്.

മറ്റൊരവസരത്തിൽ, 1925 മാർച്ച് 15ന് കോട്ടയത്ത് ക്നാനായ ക്രിസ്ത്യാനികളുമായി നടത്തിയ സംഭാഷണത്തിലും ഗാന്ധിജിയുടെ പിന്തിരിപ്പൻ നിലപാട് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പ് മാർ അലക്സാണ്ടർ ചൂളപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഗാന്ധിജിയുമായി ക്നാനായ ക്രിസ്ത്യാനികൾ സംഭാഷണത്തിൽ ഏർപ്പെട്ടത്. ഈ സംഭാഷണത്തിനിടയിൽ അയിത്തത്തിനെതിരെ നടക്കുന്ന ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ വിവിധ ജനവിഭാഗങ്ങൾ രംഗത്ത് വന്നതിനെ സംബന്ധിച്ചും ചർച്ച ഉണ്ടായി. സമരത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ബാരിസ്റ്റർ ജോർജ് ജോസഫിനോടും മറ്റും സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നല്ലോ.

തൊട്ടുകൂടായ്മയും തീണ്ടലും ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ നടക്കാനുള്ള അവകാശവാദവും വൈക്കം സത്യാഗ്രഹവുമെല്ലാം ഹിന്ദുക്കളുടെ ആഭ്യന്തര കാര്യമാണ് എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നു. ഇത് സമരത്തെയും കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയ സാമൂഹിക ബോധ്യത്തെയും കാര്യമായിത്തന്നെ ഉലച്ചിരുന്നു. ഇത് സംബന്ധിച്ച് ക്രിസ്ത്യാനികൾ ഗാന്ധിജിയോട് ചോദിക്കുകയുണ്ടായി ‘എന്തുകൊണ്ടാണ് താങ്കൾ ഞങ്ങളുടെ തീക്ഷ്ണമായ രാഷ്ട്രീയ ബോധ്യത്തിലേക്ക് വെള്ളം കോരിയൊഴിച്ച് നിർവീര്യമാക്കിയത്?’ അതിനു മറുപടിയായി ഗാന്ധിജി പറഞ്ഞത്, ‘ഞാനോ നിങ്ങളോ മുഹമ്മദീയന്മാർക്കിടയിലെ സുന്നി-–ഷിയാ തർക്കത്തിൽ ഇടപെടാറുണ്ടോ? അതുപോലെ തന്നെ ഹിന്ദുക്കളുടെ ആഭ്യന്തര വിഷയത്തിൽ മറ്റു മതസ്ഥർ ഇടപെടേണ്ടതില്ല’ എന്നായിരുന്നു. നൂറ്റാണ്ടുകളായി ഇവിടെ നിലനിൽക്കുന്ന, ഇതര മതസ്ഥർക്ക് ഇടപെടാൻ യാതൊരു സാധ്യതയുമില്ലാത്ത ഹിന്ദുമതത്തിലെ ഒരു ആഭ്യന്തര തർക്കം മാത്രമായിട്ടാണ് ഗാന്ധിജി അയിത്തത്തെയും അസ്പൃശ്യതയെയും വിലയിരുത്തിയത്.

അതായത് അര നൂറ്റാണ്ട് മുമ്പെങ്കിലും കേരളത്തിൽ ഒരു സാമൂഹ്യ പ്രശ്നമായി കണ്ട് പരിഷ്കരണ ശ്രമങ്ങളും മുന്നേറ്റങ്ങളും ആരംഭിച്ച ഒരു പ്രക്രിയയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടിട്ടും ഗാന്ധിജിഒരു മത പ്രശ്നമായി, മതപരമായി പരിഹാരം കാണേണ്ടുന്ന ഒരു വിഷയമായിട്ടാണ് വിലയിരുത്തിയത്. അതായത് ഇക്കാര്യത്തിൽ കേരളത്തിന്റെ സാമൂഹ്യ പരിഷ്കർത്താക്കളെക്കാൾ അരനൂറ്റാണ്ട് പിന്നിലായിരുന്നു വിദേശ വിദ്യാഭ്യാസവും രാഷ്ട്രീയ അനുഭവങ്ങളും ആഗോള സ്വീകാര്യതയും ഉണ്ടായിരുന്ന ഗാന്ധിജിയുടെ നിലപാട് എന്ന് നമുക്ക് വിലയിരുത്തേണ്ടി വരും. ജാതിയെ സംബന്ധിച്ചും അസ്പൃശ്യതയെ സംബന്ധിച്ചും ജാതി അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യത്തെക്കുറിച്ചും മറ്റും ഗാന്ധിജി സ്വീകരിച്ച നിലപാട് അന്നത്തെപ്പോലെ തന്നെ ഇന്നും കേരളത്തിൽ വിമർശിക്കപ്പെടുന്നുണ്ട്.

എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും മലയാളികൾക്കിടയിൽ ഗാന്ധിജിയോളം സ്വീകാര്യത ലഭിച്ച ഒരു രാഷ്ട്രീയനേതാവ് ഉണ്ടായിരുന്നില്ല. കേരള സന്ദർശനത്തിൽ അക്കാലത്തെ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് ഗാന്ധിജിയെ കാണാനും അദ്ദേഹത്തെ കേൾക്കാനും പറ്റിയാൽ ഒന്ന് തൊടാനും ഒരു പുഷ്പഹാരമെങ്കിലും അർപ്പിക്കാനും കൊതിച്ചെത്തിയിരുന്ന ലക്ഷക്കണക്കിന് മനുഷ്യർ അക്കാലത്തുണ്ടായിരുന്നു. ഇത് അക്കാലത്തുതന്നെ ഗാന്ധിജിക്ക് ഇവിടെ ഉണ്ടായിരുന്ന സ്വീകാര്യതയാണ് സൂചിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത, ഗാന്ധിജിയെ വെറുത്തിരുന്നവരുടെയും അദ്ദേഹത്തെ നിരന്തരം വേട്ടയാടിയിരുന്നവരുടെയും അദ്ദേഹത്തിന്റെ ഘാതകരുടെയും പിന്മുറക്കാർ ഗാന്ധിജിയെ ‘സിനിമയിലൂടെ പ്രസിദ്ധനായ ഒരു കഥാപാത്ര’മായിട്ടാണ് ഇപ്പോഴും കാണുന്നത് എന്നത് സഹതാപാർഹമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 7 =

Most Popular