ചുരുക്കിപ്പറഞ്ഞാൽ വിപരീതങ്ങളുടെ ഐക്യവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് വെെരുദ്ധ്യവാദമെന്ന് നിർവചിക്കാൻ കഴിയും. വെെരുദ്ധ്യവാദത്തിന്റെ സത്ത ഈ നിർവചനത്തിൽ ഉൾക്കൊള്ളുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമുണ്ട്; ഇതിനെ കൂടുതൽ വികസിപ്പിക്കേണ്ടതുമാണ്.’’ ഹെഗലിന്റെ സയൻസ് ഓഫ് ലോജിക് എന്ന ഗ്രന്ഥത്തിന് ലെനിൻ തയ്യാറാക്കിയ സംഗ്രഹത്തിൽ പറയുന്നതാണ് ഈ വാക്കുകൾ (ലെനിൻ, സമാഹൃത കൃതികൾ, വോള്യം 38, പേജ് 222). യഥാർഥത്തിൽ ഹെഗലിന്റെ കൃതിയിൽനിന്നുള്ള നീണ്ട ഉദ്ധരണികൾക്കിടയിൽ ലെനിൻ സ്വന്തം കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതാണ് ഈ കുറിപ്പുകൾ. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇവിടെ ഉദ്ധരിച്ചത്.
1914–15 കാലത്ത്, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ഉരുവംകൊണ്ട പ്രതിസന്ധിയുടെ ഘട്ടത്തിൽ അത് മറികടക്കാനുള്ള മാർഗം ലെനിൻ തേടിയത് തത്വചിന്തയിലാണ്. തത്വചിന്തയുടെ, പ്രത്യേകിച്ച് ജർമൻ ക്ലാസിക്കൽ തത്വചിന്തയുടെ ആഴത്തിലുള്ള പരിശോധനയാണ് ലെനിൻ ഈ ദശാസന്ധിയിൽ നടത്തിയത്. ഈ ഘട്ടത്തിൽ അദ്ദേഹം വായിച്ച കൃതികളിൽ നിന്നുള്ള നീണ്ട ഉദ്ധരണികൾക്കും അവ സംബന്ധിച്ചുള്ള ലെനിന്റെ നിരീക്ഷണങ്ങൾക്കും പുറമെ ‘‘വെെരുദ്ധ്യവാദം എന്ന വിഷയത്തെക്കുറിച്ച്’’ അദ്ദേഹമെഴുതിയ നീണ്ട കുറിപ്പും ഉൾപ്പെടുന്നതാണ് ലെനിന്റെ ഫിലോസഫിക്കൽ നോട്ട്ബുക്സ്. കേവലം ഹെഗലിൽനിന്നുള്ള ഉദ്ധരണികൾ എന്നതിനപ്പുറം ലെനിന്റെ തത്വശാസ്ത്രപരമായ ചിന്തയുടെ ആവിഷ്കാരവും അടിത്തറയും ആയി ഈ കൃതിയെ കാണാവുന്നതാണ്.
മാർക്സിസത്തിന്റെ സമസ്ത മേഖലയ്ക്കും ലെനിൻ തന്റേതായ സംഭാവന നൽകിയിട്ടുണ്ട്. അങ്ങനെ അദ്ദേഹം മാർക്സിസ്റ്റ് സിദ്ധാന്തത്തെ സന്പുഷ്ടമാക്കിയിട്ടുണ്ട്. എന്നാൽ മാർക്‌സിസ്റ്റ് ദർശനത്തിന് അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകൾ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്നത് സംശയാസ്പദമാണ്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്, വളരെ വെെകി മാത്രമാണ് ലെനിന്റെ ദാർശനിക കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടത് എന്നതാണ്. 1961 ൽ പ്രസിദ്ധീകരിച്ച ലെനിന്റെ സമാഹൃതകൃതികളുടെ 38–ാം വോള്യമായാണ് ‘തത്വശാസ്ത്രപരമായ നോട്ട്‌ബുക്കുകളു’ടെ ഇംഗ്ലീഷ് പരിഭാഷ ആദ്യമായി പുറത്തുവന്നത്.
വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള വിപ്ലവപാർട്ടിയെയും തൊഴിലാളി–കർഷക സഖ്യത്തെയും സംബന്ധിച്ച അമൂല്യമായ സെെദ്ധാന്തിക സംഭാവനകൾ, തന്റെ വിപ്ലവജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ലെനിൻ നൽകി; ഏതൊരു രാജ്യത്തെയും തൊഴിലാളിവർഗത്തിന്റെ വിപ്ലവ കടമകൾ നിറവേറ്റുന്നതിനിടയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള മാർഗമായി മാർക്സിസ്റ്റ് സിദ്ധാന്തത്തെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹെഗലിയൻ വെെരുദ്ധ്യവാദത്തെക്കുറിച്ച് ആഴത്തിൽ ലെനിൻ പഠിച്ചത്. അദ്ദേഹം നടത്തിയ ആ പഠനത്തിന്റെ ഉൽപ്പന്നമാണ് ‘‘തത്വശാസ്ത്രപരമായ നോട്ട്ബുക്കുകൾ’’.
ഹെഗലിന്റെ “”Science of Logic’’ (തർക്കശാസ്ത്രം) Lectures on the History of Philosophy (തത്വശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ) എന്നീ കൃതികളുടെ വായനയാണ്, അവയിലേക്ക് ആഴ്-ന്നിറങ്ങലാണ് ലെനിൻ തന്റെ പഠനപ്രക്രിയയിൽ പ്രധാനമായും നടത്തിയത്. ഹെഗലിന്റെ ‘സയൻസ് ഓഫ് ലോജിക്’ എന്ന കൃതിയുടെ ആമുഖവും മുഖവുരയും വായിക്കുന്നതിനിടയിൽ ലെനിൻ കുറിച്ചുവെച്ച വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്– ‘ഹെഗലിനെ ഭൗതികവാദപരമായി വായിക്കാനാണ് ഞാൻ പൊതുവെ ശ്രമിക്കുന്നത്.’’ ഹെഗലിന്റെ കൃതിയിൽ ആശയവാദപരമായി അവതരിപ്പിച്ചിരുന്ന വെെരുദ്ധ്യാത്മക രീതിയെ ലെനിൻ ഭൗതികവാദപരമായി വിശദീകരിക്കുകയായിരുന്നുവെന്നർഥം. മാർക്സ് വ്യക്തമാക്കിയതുപോലെ, തലകുത്തി നിന്നിരുന്ന ഹെഗലിന്റെ, കാൽപ്പാദം മണ്ണിൽ ഉറപ്പിച്ചുനിർത്തുകയായിരുന്നു മറ്റൊരു വിധത്തിൽ ലെനിനും!
ഹെഗൽ വായനയും വെെരുദ്ധ്യാത്മകതയെ സംബന്ധിച്ച ആഴത്തിലുള്ള പഠനവും ലെനിനെ അടിയന്തരമായും കൊണ്ടെത്തിച്ചത് തത്വശാസ്ത്രത്തെ സംബന്ധിച്ച, പ്രത്യേകിച്ചും വെെരുദ്ധ്യവാദത്തെ സംബന്ധിച്ച ഒരു കൃതിയുടെ രചനയിലേക്കല്ല. അതിന്റെ തുടർച്ചയായിട്ടോ ഒരുപക്ഷേ സമാന്തരമായിട്ടോ അദ്ദേഹം ശ്രദ്ധയൂന്നിയത് ലോക മുതലാളിത്തത്തിന്റെ ഗതിവിഗതികളെയും സ്വഭാവത്തെയും സമകാലികാവസ്ഥയെയുംകുറിച്ചുള്ള പഠനം നടത്താനായിരുന്നു. അതുമായി ബന്ധപ്പെട്ട സാമൂഹ്യബന്ധങ്ങളെയും തന്റെ കാലഘട്ടത്തിലെ പ്രത്യയശാസ്ത്ര സമസ്യകളെയുംകുറിച്ച് വ്യക്തമായ ധാരണയിൽ എത്തിച്ചേരുന്നതിനായിരുന്നു. ഈ പഠനങ്ങളിലൂടെ ആർജിച്ച വെെരുദ്ധ്യാത്മക രീതിയാണ് സാമ്പത്തികവും രാഷ്ട്രീയവുമായ വികാസത്തിന്റെ പുതിയ ഘട്ടത്തെക്കുറിച്ച് വിശകലനം ചെയ്യാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. വിപ്ലവത്തെ മുന്നോട്ടുനയിക്കാൻ വേണ്ട സമരതന്ത്രത്തിന്റെയും അടവുകളുടെയും ആചാര്യനായി അദ്ദേഹത്തെ മാറ്റിത്തീർത്തതും വിപ്ലവാനന്തരം സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻവേണ്ട അയവേറിയ സമീപനങ്ങളിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചതും വെെരുദ്ധ്യവാദത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ അഗാധമായ അറിവായിരുന്നു. കേവലം ഒരു സിദ്ധാന്തമെന്ന നിലയിൽ അറിയുക മാത്രമല്ല, അതിന്റെ പ്രയോഗവൽക്കരണം എങ്ങനെയെന്ന് സ്ഥാപിക്കുകയുമായിരുന്നു ലെനിൻ. ഇതേവരെയുള്ള തത്വചിന്തകർ ലോകത്തെ വ്യാഖ്യാനിക്കുകയാണുണ്ടായത്, നമുക്കുവേണ്ടത് ലോകത്തെ മാറ്റിമറിക്കുകയാണ് എന്ന് മാർക്സ് ‘ഫൊയർബാഹിന്റെ തീസിസുകളി’ൽ പറഞ്ഞത് സാക്ഷാത്കരിക്കുകയായിരുന്നു ലെനിൻ.
‘‘തർക്കശാസ്ത്രം (Logic) നിഗൂഢമോ അമൂർത്തമോ ആയിരിക്കരുത്, അത് മൃതവും ചലനമറ്റതും ആയിരിക്കരുത്, മറിച്ച് അത് മൂർത്തമായിരിക്കണം’’ എന്ന് ഹെഗൽ എഴുതിയതിൽ അടിവരയിട്ട് ലെനിൻ എഴുതുന്നു, ‘‘ഇതാണ് സ്വാഭാവികമായ കാര്യം! വെെരുദ്ധ്യാത്മകതയുടെ ആത്മാവും (Spirit) സത്ത (Essence)യും ഇതു തന്നെയാണ്.’’
2
ലെനിന്റെ തത്വശാസ്ത്രപരമായ നോട്ട്‌ബുക്കുകൾ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ‘പാശ്ചാത്യ മാർക്സിസ്റ്റുകൾ’ എന്നറിയപ്പെടുന്നവർ (മെക്സിക്കോയിൽവച്ച് ട്രോട്-സ്കിയുടെ സെക്രട്ടറിയായിരുന്ന, റയ ദുനയേവ്–സക്കായ ഉൾപ്പെടെ) ലെനിനെ രണ്ടായി–1914 നുമുൻപുള്ള ലെനിനും 1914നു ശേഷമുള്ള ലെനിനും വേർതിരിച്ച് പരിശോധിക്കാൻ തുടങ്ങി. 1914 –15 കാലത്ത് ഹെഗലിനെ വായിക്കുന്നതിനുമുൻപ് ലെനിൻ വെെരുദ്ധ്യവാദത്തെ സംബന്ധിച്ച് അജ്ഞനായിരുന്നുവെന്നാണ് അവരുടെ ആഖ്യാനം. 1914നു മുൻപ് ലെനിനെഴുതിയ കൃതികളെല്ലാം, അവയിൽ അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളാകെ യാന്ത്രികവും അപക്വവും പ്രാകൃതവുമാണെന്നാണ് അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അതിന് ഉദാഹരണമായി ലെനിന്റെ Materialism and Empiriocriticism (ഭൗതികവാദവും ഇന്ദ്രിയവാദ വിമർശനവും) എന്ന കൃതിയെ അത്തരക്കാർ ചൂണ്ടിക്കാണിക്കുമ്പോൾ യഥാർഥത്തിൽ പാർട്ടി സംഘടനയെ സംബന്ധിച്ചും രാഷ്ട്രീയ പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതു സംബന്ധിച്ചുമുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകളെയാണ് യാന്ത്രികവും പ്രാകൃതവുമെന്നെല്ലാം വിശേഷിപ്പിച്ച് അവർ തള്ളിക്കളയുന്നത്.
ഇവിടെ തിരിച്ചറിയപ്പെടേണ്ട ഒരു വസ്തുത, ലെനിന് ഹെഗൽ വായനയ്ക്ക് മുൻപുതന്നെ വെെരുദ്ധ്യവാദത്തെ സംബന്ധിച്ച് നല്ല ധാരണ ഉണ്ടായിരുന്നുവെന്നതാണ്. നരോദ്നിക്ക് നിലപാടുകളെ നിശിത വിമർശനത്തിന് വിധേയമാക്കിയ ലെനിന്റെ ‘‘എന്താണീ ജനങ്ങളുടെ സുഹൃത്തുക്കൾ’’ (What the Friends of the People) എന്ന ആദ്യകൃതിയിൽ തുടങ്ങി 1908ൽ എഴുതിയ ‘‘ഭൗതികവാദവും ഇന്ദ്രിയവാദ വിമർശനവും’’എന്ന, തത്വശാസ്ത്രവുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ ഇടപെട്ട് എഴുതിയ കൃതിയിൽ വരെ വെെരുദ്ധ്യവാദത്തിന്റെ ആഴത്തിലുള്ള സ്വാധീനം കാണാനാവും. മാർക്സിന്റെയും എംഗത്സിന്റെയും കൃതികളിൽനിന്ന്, പ്രത്യേകിച്ച് എംഗത്സിന്റെ ‘‘ദൂറിങ്ങിനെതിരെ’’ (Anti––Duhring) എന്ന കൃതിയുടെ പഠനത്തിൽനിന്ന്, ആർജിച്ച വെെരുദ്ധ്യാത്മക ഭൗതികവാദത്തെ സംബന്ധിച്ച ആഴത്തിലുള്ള അറിവാണ് 1914നു മുൻപെഴുതിയ ലെനിന്റെ കൃതികളിലും അദ്ദേഹത്തിന്റെ നിലപാടുകളിലും തിളങ്ങിനിൽക്കുന്നത്.
‘‘എന്താണീ ജനങ്ങളുടെ സുഹൃത്തുക്കൾ’’ എന്ന കൃതിയിൽ ഒരേസമയം നരോദ്-നിക്കുകളുടെയും സ്ട്രൂവെയെ പോലെയുളള ലിബറലുകളുടെയും റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സാധ്യത നിഷേധിക്കുന്ന നിലപാടിനെ തിരസ്-കരിക്കാനും തൊഴിലാളി–കർഷക ഐക്യം എന്ന സങ്കൽപ്പനം മുന്നോട്ടുവയ്ക്കാനും ലെനിനെ പ്രാപ്തനാക്കിയത് ഇങ്ങനെ ലഭിച്ച വെെരുദ്ധ്യവാദത്തെ സംബന്ധിച്ച അറിവാണ്.
എന്നാൽ, ഒന്നാം ലോകയുദ്ധത്തിനിടയാക്കിയ മുതലാളിത്തത്തിന്റെ ആന്തരിക വെെരുദ്ധ്യങ്ങളെയും യുദ്ധത്തെ വിലയിരുത്തുന്നതിൽ യൂറോപ്പിലെ പ്രമുഖ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളും താൻ ഗുരുതുല്യരായി കരുതിയിരുന്ന പ്ലെഖാനോവിനെയും കൗട്സ്-ക്കിയെയും പോലെയുള്ള നേതാക്കളും പ്രകടിപ്പിച്ച ദേശീയ സർക്കാരുകളോടുള്ള അനുഭാവത്തെയും ചാഞ്ചാട്ടങ്ങളെയുംകുറിച്ച് കൃത്യമായി വിലയിരുത്താൻ വെെരുദ്ധ്യവാദത്തെ സംബന്ധിച്ച തന്റെ അറിവ് കൂടുതൽ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കണ്ടാണ് ഹെഗൽ വായനയിലേക്ക് ലെനിൻ തിരിഞ്ഞത്. സാമൂഹ്യവികാസത്തെയും അതിലെ ഗതിവിഗതികളെയും സംബന്ധിച്ച കൃത്യമായ ധാരണയുണ്ടാക്കാൻ വെെരുദ്ധ്യാത്മക രീതിയാണ് വേണ്ടത് എന്ന മാർക്സിസ്റ്റ് സമീപനമാണ് വെെരുദ്ധ്യവാദത്തെ സംബന്ധിച്ച് ഹെഗലിൽനിന്നുതന്നെ പഠിക്കാൻ ലെനിനെ പ്രേരിപ്പിച്ചത്.
ഹെഗൽ വായനയിലൂടെ ലെനിൻ താൻ അതേവരെ പറഞ്ഞതും എഴുതിയതുമാകെ നിഷേധിക്കുകയായിരുന്നില്ല, കൂടുതൽ വ്യക്തത വരുത്തി മുന്നോട്ടുപോവുകയാണുണ്ടായത്. ഹെഗലിയൻ വെെരുദ്ധ്യവാദത്തിലെ ആശയവാദപരമായ സമീപനത്തിനുപകരം ഭൗതികവാദ നിലപാടിൽ കൂടുതൽ ഉറച്ചുനിന്ന ലെനിൻ ഹെഗലിന്റെ ‘ലോജിക്കി’ൽ നിന്നുള്ള ഒരു ഉദ്ധരണിക്കൊപ്പം ചേർത്ത കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.
‘‘പ്രധാന സംഗതിയെ ഹെഗൽ സമ്പൂർണമായും മറച്ചുവച്ചു: മനുഷ്യന്റെ ബോധമണ്ഡലത്തിനു പുറത്താണ് വസ്തുക്കൾ നിലനിൽക്കുന്നതെന്നും അതിന് ബോധമണ്ഡലത്തിൽ (Consciousness) നിന്നും സ്വതന്ത്രമായ അസ്തിത്വമുണ്ടെന്നുമുള്ളതാണ് ഹെഗൽ മറച്ചുപിടിച്ചത് (ഊന്നലുകൾ പ്രത്യേകം ശ്രദ്ധിക്കുക) (Collected works, Volume 38, Page 293) ‘‘ആശയവാദം എന്ന തന്റെ പോരായ്‌മയെ ഹെഗൽ മറച്ചുപിടിക്കുകയാണ്’’ എന്നും (പേജ് 289) ലെനിൻ രേഖപ്പെടുത്തി. ഇത്രയും വ്യക്തതയോടെ കൃത്യമായും ഭൗതികവാദ നിലപാടിൽ ഉറച്ചുനിൽക്കുന്ന ലെനിനെയാണ് ഹെഗൽ വായന, അദ്ദേഹത്തെ ഭൗതികവാദം കെെവെടിയുന്നിടത്തെത്തിച്ചുവെന്ന് ‘പാശ്ചാത്യമാർക്സിസ്റ്റു’കൾ വികലവായന നടത്തുന്നത്. അതിനൊപ്പം കൂടുകയാണ് കേരളത്തിലെ ചില വ്യാഖ്യാതാക്കളും. ഇവയ്‌ക്കെല്ലാം പിന്നിൽ പതിയിരിക്കുന്നതാകട്ടെ മാർക്സിസ്റ്റ് വിരുദ്ധ അജൻഡയാണുതാനും യഥാർഥത്തിൽ ഇത്തരക്കാർ ആഗോള സാമ്രാജ്യത്വത്തിന്റെ അജൻഡയാണ് ഏറ്റെടുത്തിരിക്കുന്നത്.
വിപ്ലവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ലെനിൻ 1914 നുമുൻപ് മുഖ്യമായും എഴുതിയത്, ‘‘എന്തുചെയ്യണം?’’, ‘‘ജനാധിപത്യ വിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ടടവുകൾ’’, ‘‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’’ എന്നീ കൃതികളാണ്. വിപ്ലവപ്പാർട്ടി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവും തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയെന്ന നിലയിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ ഘടനയെക്കുറിച്ചും ബുദ്ധിജീവി വിഭാഗത്തിന്റെ പങ്കിനെക്കുറിച്ചുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന ‘‘എന്തുചെയ്യണം?’’ എന്ന കൃതിയിലെ ആശയങ്ങളിൽ ഉറച്ചുനിന്നാണ് 1914 നുശേഷമുള്ള ലെനിന്റെ ഇടപെടലുകളാകെ. വിപ്ലവം വിജയിക്കാൻ വിപ്ലവ പാർട്ടിക്ക് ശരിയായ ഒരു വിപ്ലവ പരിപാടിയും അനിവാര്യമാണെന്ന് വ്യക്തമാക്കിയ ലെനിൻ മറ്റു രണ്ടു കൃതികളിലും വിപ്ലവത്തിന്റെ ഘട്ടങ്ങളെ സംബന്ധിച്ചും ഓരോ ഘട്ടത്തിലും അതിനു നേതൃത്വം നൽകേണ്ട തൊഴിലാളിവർഗത്തിന്റെ സഖ്യശക്തികളെ സംബന്ധിച്ചും പ്രതിപാദിച്ചത് വെെരുദ്ധ്യാത്മക ഭൗതികവാദം എന്ന ദാർശനിക അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ടാണ്.
1905ലെ ഒന്നാം റഷ്യൻ വിപ്ലവം റഷ്യയിൽ പൊതുവിൽ, പ്രത്യേകിച്ച് തൊഴിലാളിവർഗത്തിനിടയിൽ സോഷ്യലിസ്റ്റ് ചിന്താഗതി വ്യാപകമാകുന്നതിനുള്ള രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അതിനെ തുടർന്നുള്ള ലെനിന്റെ രചനകളിൽ, വിപ്ലവത്തിനുള്ള അവസരം കൺമുന്നിൽ എത്തുന്നതുവരെ കാത്തിരിക്കണമെന്നല്ല, അതേസമയം ഇടതുപക്ഷ ‘അതിസാഹസിക’ എടുത്തുചാട്ടം നടത്തണമെന്നുമല്ല, മറിച്ച് തൊഴിലാളി–കർഷകജനവിഭാഗങ്ങൾക്കിടയിൽ ബോധപൂർവമായ ഇടപെടൽ നടത്തണമെന്നാണ് വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ വർഗബോധം ഉയർത്തുന്നതിന‍് ബോധപൂർവമായ ഇടപെടൽ നടത്തണമെന്ന് പറയുമ്പോൾതന്നെ അതിൽ ‘യാന്ത്രിക’ ഭൗതികവാദമല്ല, വെെരുദ്ധ്യാത്മക ഭൗതികവാദ നിലപാടാണ് വ്യക്തമാകുന്നത്.
1914നു ശേഷമുള്ള ലെനിന്റെ കൃതികളിലുമെല്ലാം കാണാൻ കഴിയുന്നത് ഇതേ വെെരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ വ്യാഖ്യാനമാണ്. ഹെഗൽ വായന അദ്ദേഹത്തിന്റെ വിശകലനങ്ങളുടെ മൂർച്ച കൂട്ടുകയും അവയ്ക്ക് കൂടുതൽ വ്യക്തത കെെവരുത്തുകയും ചെയ്തുവെന്നതാണ് വസ്തുത. അതിന്റെ പ്രതിഫലനം 1917 ലെ ഫ്രെബുവരി വിപ്ലവത്തിനും ഒക്ടോബർ സോഷ്യലിസ്റ്റു വിപ്ലവത്തിനും ഇടയ്ക്കുള്ള ലെനിന്റെ ഇടപെടലുകളിലും രചനകളിലും കൂടുതൽ മികവോടെ കാണാം. ഇതേ സമീപനംതന്നെ വിപ്ലവാനന്തരം സോഷ്യലിസ്റ്റ് സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും പ്രകടമാകുന്നു.
3
യഥാർഥ ലോകത്തിൽ മനുഷ്യർ നടത്തുന്ന ഇടപെടലുകൾ വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെ സംബന്ധിച്ച ഭൗതികവാദപരമായ ധാരണയാണ് ലെനിന്റെ സങ്കൽപനങ്ങളുടെ അടിത്തറയായി വർത്തിക്കുന്നത്. അതുതന്നെയാണ് ലെനിന്റെ ആശയലോകത്തെ സമ്പുഷ്ടമാക്കുന്നതും.കാരണം, ഈ യഥാർഥ ലോകത്തിൽനിന്നാണ് മനുഷ്യന്റെ സമസ്ത അറിവുകളും ഉരുവംകൊള്ളുന്നത്; വികസിച്ചുവരുന്നത്. തത്വശാസ്ത്രപരമായ നോട്ട്‌ബുക്കുകളെ അടിസ്ഥാനമാക്കി വെെരുദ്ധ്യവാദത്തെ സംബന്ധിച്ച് ലെനിൻ ഒരു പുസ്തകമെഴുതിയിരുന്നെങ്കിൽ മാനവരാശി കെെവരിച്ച വിജ്ഞാനത്തിന്റെ വളർച്ചയെ സംബന്ധിച്ച ഇത്തരത്തിലുള്ള ഒരവതരണമാകുമായിരുന്നു അത്; യഥാർഥ ലോകത്ത് നടത്തുന്ന പ്രയോഗത്തിലൂടെയും (ഇടപെടലുകളിലൂടെയും) ചിന്തയുടെ വികാസത്തിലൂടെയും പുതിയ പഠന പ്രക്രിയകൾ നിരന്തരം വികസിപ്പിക്കുന്ന പ്രക്രിയയെകുറിച്ചുള്ള അവതരണമായിരിക്കുമായിരുന്നു അത്. എന്നാൽ അത്തരമൊരു ഗ്രന്ഥരചന സാധ്യമാകുന്നതുവരെ അദ്ദേഹത്തിനു ജീവിച്ചിരിക്കാൻ കഴിഞ്ഞില്ല; എങ്കിലും,അതിന്റെ പ്രയോഗവൽക്കരണമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം, 1914നുമുൻപും പിൻപും നടന്നത്.
മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം ആസന്നമായിരിക്കെ അത് വിജയിപ്പിക്കാനുള്ള സങ്കീർണമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ് ലെനിൻ തന്റെ മാസ്റ്റർപീസുകളിലൊന്നായ ‘‘ഭരണകൂടവും വിപ്ലവവും’’എന്ന കൃതി എഴുതിയത്. 1917 ജൂലെെ -–ആഗസ്ത് മാസങ്ങളിൽ ഒളിവിലിരിക്കെയാണ് ലെനിൻ ആ കൃതി രചിച്ചത്. എന്നാൽ അദ്ദേഹത്തിനത് ഉദ്ദേശിച്ച വിധത്തിൽ പൂർത്തിയാക്കാനായില്ല; അതുകൊണ്ട് ആ കൃതി അദ്ദേഹം അവസാനിപ്പിച്ചത്, ‘‘വിപ്ലവത്തെക്കുറിച്ച് എഴുതുന്നതിലും പ്രധാനമാണല്ലോ വിപ്ലവം നടത്തുന്നത്’’ എന്ന വാക്യത്തോടെയാണ്.
വൈരുദ്ധ്യവാദത്തെ സംബന്ധിച്ച ലെനിന്റെ ധാരണ ചരിത്രപശ്ചാത്തലത്തെ സംബന്ധിച്ച് സമഗ്രവും മൂർത്തവുമായ കാഴ്‌ചപ്പാട് അവതരിപ്പിക്കുകയെന്ന ദിശാബോധമുള്ളതാണെന്ന് നമുക്ക് ചുരുക്കിപ്പറയാനാകും; ഈ ഘടകവും കൂടിച്ചേരുമ്പോഴാണ്, അതായത്, തത്വശാസ്‌ത്രപരമായ സംഭാവനകളുും കൂടിച്ചേരുമ്പോഴാണ് ലെനിന് ശാശ്വതമായ പ്രസക്തിയുണ്ടാകുന്നത്.
1995 ഏപ്രിൽ 22ന് ലെനിന്റെ 125–ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിൽ ഇ എം എസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘‘ലെനിൻ വെെരുദ്ധ്യവാദത്തെ ആധുനിക കാലത്തെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനുവേണ്ടി ഒരു പുസ്‌തകം എഴുതുന്നതിന് പ്ലാൻ ചെയ്‌തിരുന്നു. ആ പുസ്‌തകത്തിനുവേണ്ടി അദ്ദേഹം എഴുതിയ ചില കുറിപ്പുകൾ ഒരു പുസ്തകമായി വന്നിട്ടുണ്ട്. ആ കുറിപ്പുകൾ എഴുതാൻ ലെനിനെ പ്രേരിപ്പിച്ചത്, ആദ്യകാല മുതലാളിത്തം കുത്തക മുതലാളിത്തമായി മാറിയ കാലത്തുണ്ടായ വെെരുദ്ധ്യങ്ങളാണ്. റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം നടന്നതോടുകൂടി സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അവസാന വിജയമായിട്ടില്ല. സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള വെെരുദ്ധ്യം പിന്നെയും തുടരും. ലെനിന് ഇതറിയാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് തന്റെ അവസാന കാലത്ത് സാമ്രാജ്യത്വകാലഘട്ടത്തിൽ മുതലാളിത്തത്തിലെ വെെരുദ്ധ്യം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുന്നതിന്, ഒരു പുസ്തകമെഴുതാൻ അദ്ദേഹം തീരുമാനിച്ചത്. അദ്ദേഹത്തിന് അത് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ, അതിനുവേണ്ടി അദ്ദേഹം എഴുതിയ കുറിപ്പുകൾതന്നെ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ കാണാൻ കഴിയും വെെരുദ്ധ്യാത്മക ഭൗതികവാദ സിദ്ധാന്തത്തെ എത്ര പ്രധാനമായിട്ടാണ് ലെനിൻ കണ്ടിരുന്നത് എന്ന്’’ (ഇ എം എസിന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ, പേജ് 254, 255).
ലെനിന്റെ ‘‘തത്വശാസ്ത്രപരമായ നോട്ട്ബുക്കു’’കളുടെ ഭാഗമായി സമാഹൃതകൃതികളുടെ 38–ാം വോള്യത്തിൽ ചേർത്തിട്ടുള്ള On the Question of Dialectics എന്ന ലേഖനത്തെ, ലെനിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ളവരിൽ ഒരാളായ നീൽഹാർഡിങ് തന്റെ Leninism (ലെനിനിസം) എന്ന കൃതിയിൽ ലെനിന്റെ സുപ്രധാന രചനകളിൽ ഒന്നായി ചേർത്തിട്ടുണ്ട്. (നിശ്ചയമായും ലെനിന്റെ തത്വശാസ്ത്രപരമായ സംഭാവനകളെക്കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർ അവശ്യം വായിച്ചിരിക്കേണ്ട ലെനിന്റെ ലേഖനത്തിന്റെ മലയാള പരിഭാഷ ആദ്യമായി ചിന്തവാരിക പ്രസിദ്ധീകരിക്കുന്നു – അടുത്ത ലക്കത്തിൽ). ♦