Tuesday, June 18, 2024

ad

Homeചിത്രകലവരയുടെ അകംപൊരുൾ തേടുന്ന ചിത്രകാരൻ

വരയുടെ അകംപൊരുൾ തേടുന്ന ചിത്രകാരൻ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

നുഭവങ്ങളുടെ, കാഴ്‌ചയുടെ, സംസ്‌കാരങ്ങളുടെ, രൂപസങ്കൽപങ്ങളുടെയൊക്കെ ഇഴചേരലാകുന്ന കലാസൃഷ്ടികളിലൂടെ കലാലോകം, പ്രത്യേകിച്ച്‌ ചിത്ര‐ശിൽപകലാരംഗം സമകാലീനകലയിൽ സജീവമാണ്‌. കാഴ്‌ചയുടെ അനുഭവപ്പകർച്ചകളായി രൂപവർണങ്ങളിലൂടെ അവ സന്നിവേശിപ്പിക്കുന്ന ചിത്രതലങ്ങൾ നമുക്കാഹ്ലാദകരവുമാകുന്നു. ഭാവപരമായ സൗന്ദര്യാത്മകത ചിത്രതലങ്ങളിൽ നിലനിർത്തിയും ഉൾക്കരുത്തോടെ ആസ്വാദകരുമായി സംവദിക്കുവാനും കലാകാരർ ശ്രമിക്കുന്നു. രൂപസൗന്ദര്യത്തോടൊപ്പം രൂപങ്ങളും നിറങ്ങളും നിഴലും വെളിച്ചവും ചലനവും നിശ്ചലതയുമൊക്കെച്ചേരുന്ന പൂർണതയിലൂടെയാണ്‌ ചിത്രകാരർ സഞ്ചരിക്കുക. അങ്ങനെ അവരുടെ രചനകൾ ദേശീയ‐അന്തർദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്നു, ശ്രദ്ധിക്കപ്പെടുന്നു. ഇത്തരം കലാചിന്തകൾ പഠിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്ന കേരളീയ ചിത്രകാരർ നിരവധിയുണ്ട്‌. അവരിൽ പ്രമുഖനാണ്‌ അഷ്ടമുടി സ്വദേശിയായ (ഇപ്പോൾ തിരുവനന്തപുരത്ത്‌) ബൈജുദേവ്‌. കേരളീയ സംസ്‌കാരത്തിന്റെയും പാരന്പര്യത്തിന്റെയും ശക്തിയിലൂന്നി നിൽക്കുന്ന ചിത്രകാരനാണിദ്ദേഹം.

കലയുടെ ഭാവുകത്വത്തിന്റെയും പ്രായോഗികമായ രീതിശാസ്‌ത്രത്തിന്റെയും പൊരുളറിയുന്ന ബൈജുദേവ്‌ രചിച്ച ചിത്രങ്ങൾ ശ്രദ്ധിച്ചാൽ അത്‌ മനസ്സിലാക്കാനാവും. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളിലേക്കു വരുമ്പോൾ കൂടുതൽ സ്വതന്ത്രനായ ചിത്രകാരനെയാണ്‌ നമുക്ക്‌ കാണാനാവുക. അധികാരം, രാഷ്‌ട്രീയം, സമൂഹം, സംസ്‌കാരം ഇവ ഉൾച്ചേർന്ന പുറംലോകത്തെ അറിയുന്ന കലാകാരന്റെ വിശാലമായ മനസ്സ്‌ ഇവിടെ കാണാം. ചിത്രകാരൻ തന്റെ അനുഭവം, ഓർമകൾ, വായനയിൽനിന്നും വൈവിധ്യമാർന്ന സംസ്‌കാരത്തിൽ നിന്നുമുള്ള അറിവുകൾ, ഇവയിൽനിന്നു സ്വാംശീകരിക്കുന്ന മൗലികമായ ആവിഷ്‌കാരങ്ങളാണ്‌ ബൈജുദേവിന്റെ രചനകൾ. വർണഭംഗിയും രൂപഭദ്രതയും ചേരുന്ന സാംസ്‌കാരിക ഭൂമികയിലേക്കുള്ള സഞ്ചാരവഴി ബൈജുദേവിന്റെ രചനകളിൽ ഭദ്രമാണ്‌. എല്ലാ അർഥത്തിലും സർഗാത്മക വിശകലനപാടവം വ്യക്തമായ രാഷ്‌ട്രീയ ബോധ്യത്തോടെയാണ്‌ ഇദ്ദേഹം പെയിന്റിങ്ങുകളിൽ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ബൈജുദേവിന്റെ ആദ്യകാല ചിത്രങ്ങളുടെ രൂപനിർമിതിയിലും രൂപസംവിധാനത്തിലും കാണുന്ന നിറക്കൂട്ടുകളിൽനിന്ന്‌ മാറിയ സമീപനമാണ്‌ അദ്ദേഹത്തിന്റെ പിൽക്കാല ചിത്രങ്ങളിൽ ദൃശ്യമാവുക. പുതുമയാർന്ന നിറങ്ങളുടെ നിർമിതിയിൽ ശ്രദ്ധിക്കുന്ന ഇദ്ദേഹം ദ്വിതീയ വർണങ്ങളിലൂടെയും ത്രിതീയ വർണങ്ങളിലൂടെയും മാത്രം സഞ്ചരിക്കുന്ന ചിത്രങ്ങളാണ്‌ കൂടുതലും ആവിഷ്‌കരിച്ചിട്ടുള്ളത്‌. മനസ്സും കാഴ്‌ചയും പ്രവൃത്തിയുമായുള്ള അർഥപൂർണമായ ചോദ്യത്തിനുത്തരമാണ്‌ ബൈജുദേവിന്റെ ചിത്രങ്ങൾ, അവയിലെ നിറങ്ങളും ചിത്രങ്ങളുടെ വിഷയവും നിറങ്ങളും തമ്മിലുള്ള ഇഴചേരൽ ഇതിനുദാഹരണമായി കാണാം. ഒരു നിശ്ചല തടാകത്തിലെ നിറച്ചാർത്തുപോലെയുള്ള വർണദീപ്‌തി ആസ്വാദകനിൽ പുതുമയുള്ള നിറങ്ങളുടെ ചലനാത്മകാനുഭവമാണ്‌ നൽകുക. മറ്റൊരർഥത്തിൽ നിശ്ചലതടാകമെന്ന അയഥാർഥതലത്തെ ചലനാത്മക യാഥാർഥ്യമാക്കി മാറ്റുകയാണിവിടെ ചിത്രകാരൻ ചെയ്യുന്നത്‌.

വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും സവിശേഷത ശ്രദ്ധിക്കുന്നുണ്ട്‌ ബൈജുദേവ്‌. സമൂഹത്തിലെ അശാന്തതയും സങ്കീർണമായ കുടുംബബന്ധങ്ങളിലെ സംഘർഷങ്ങളും പ്രകൃതിസംരക്ഷണവുമൊക്കെ പുതിയൊരു കാഴ്‌ചാനുഭവമാക്കി മനുഷ്യരൂപങ്ങളിലൂടെ ആവാഹിച്ചവതരിപ്പിക്കുന്ന സമീപകാല ചിത്രങ്ങൾ നിരവധിയുണ്ട്‌. പന്പരചിത്രങ്ങൾ തയ്യാറാക്കുന്ന രീതിക്കപ്പുറം വേറിട്ട വിഷയങ്ങളെ കാഴ്‌ചയിലൂടെ സ്വരൂപിക്കുകയും പശ്ചാത്തലത്തിനും രൂപങ്ങൾക്കും ഇണങ്ങുന്ന നിറങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്ന രീതിയും പ്രത്യേകതയാകുന്നു. അതോടൊപ്പം നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകളെ ചിത്രതലത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന ശൈലി, നിഴലിൽ പ്രകടമാക്കുന്ന തിളക്കത്തിന്റെ വഴികൾ ഇവയൊക്കെ സൂക്ഷ്‌മമായും യഥാതഥമായും ആവിഷ്‌കരിക്കുന്ന ചിത്രകാരനാണ്‌ ബൈജുദേവ്‌. മനുഷ്യരൂപ രചനകളിൽ പ്രകടമാക്കുന്ന ഛായാചിത്രണസ്വഭാവം ചിത്രങ്ങൾക്ക്‌ നവീനമായ ഭാവവും കഥാപാത്ര സ്വഭാവവും ആവിഷ്‌കരിക്കാരാനുഭവവും പ്രദാനംചെയ്യുന്നു. അത്തരത്തിൽ കാലികമായ വ്യാഖ്യാനങ്ങളിലൂടെ ആത്മാവിഷ്‌കാരത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാനുതകുന്ന ചിത്രങ്ങളാണ്‌ ഏറെയും. രൂപങ്ങൾ ദുരൂഹതകളില്ലാതെ തെളിമയോടെ ആസ്വാദകരിലേക്കെത്തുന്ന രചനാരീതിയിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചിത്രതലം മനോഹരവും ആശയസന്പുഷ്ടവുമാക്കുക എന്ന പ്രത്യേകതയും ബൈജുദേവിന്റെ രചനാശൈലിയുടെ സവിശേഷതയാകുന്നു.

ബൈജുദേവിന്റെ പെയിന്റിങ്ങുകളുടെ സ്വഭാവം തോന്നിപ്പിക്കുന്നവയാണ്‌ ഡ്രോയിങ്ങുകളും. ഒറ്റനിറത്തിൽ കറുപ്പിന്റെ താളലയത്തിലാണ്‌ ഡ്രോയിങ്ങുകൾ വരച്ചിട്ടുള്ളത്‌. പെയിന്റിങ്ങുകളെ അപേക്ഷിച്ച്‌ ദുർഗ്രാഹ്യമായ രൂപനിർമിതികൾ ഡ്രോയിങ്ങുകളിൽ സ്വീകരിച്ചിട്ടുള്ളതായി കാണാം. വിചാരവികാരങ്ങളുശട ആവിഷ്‌കാരങ്ങളെ (രേഖകളിലൂടെ) അമൂർത്ത പ്രതിരൂപങ്ങളായി രൂപപരിണാമം നടത്തുന്ന ഗൗരവപൂർണമായ നിരീക്ഷണം ഈ രേഖാചിത്രങ്ങളിൽ കാണാം. കട്ടികൂടിയതും ഇരുണ്ടതുമായ രൂപങ്ങളിലേക്ക്‌ വെളിച്ചത്തിന്റെ നൂലുകൾ ഇഴഞ്ഞിറങ്ങുന്ന പ്രതീതി ഓരോ ചിത്രങ്ങൾ കാണുമ്പോഴും നമുക്കനുഭവപ്പെടും. പകലിന്റെ വെളുപ്പും രാത്രിയുടെ കറുപ്പും സമന്വയിക്കുന്ന രേഖകൾ ഇന്നത്തെ സാമൂഹ്യ‐രാഷ്‌ട്രീയാവസ്ഥയുടെ അടയാളപ്പെടുത്തൽ കൂടിയാകുന്നു. യാഥാർഥ്യാനുഭവങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ഈ ചിത്രകാരൻ പെയിന്റിങ്ങുകളിലെ യഥാതഥഭാവങ്ങൾക്കപ്പുറം ഭ്രമാത്മകമായ സത്യം അവതരിപ്പിക്കാൻ കറുത്ത നിറത്തെയും അമൂർത്ത ബിംബകൽപനകളെയും ആശ്രയിച്ചിട്ടുള്ളതായി ബൈജുദേവ്‌ പറയുന്നു. ചിത്രങ്ങളിലെ രേഖകളുടെ ആവർത്തനങ്ങൾ ഭാവവും താളവും പകരുന്നതോടൊപ്പം ചലനാത്മകമാക്കുകയും ചെയ്യുന്നു. ബൈജുദേവിന്റെ രേഖാചിത്രങ്ങളുടെ ഏകാംഗപ്രദർശനം രണ്ടുവർഷം മുന്പ്‌ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ചിരുന്നു.

മറ്റ്‌ ഏകാംഗ ചിത്രപ്രദർശനങ്ങളടക്കം നിരവധി പ്രദർശനങ്ങളിലും സംസ്ഥാന‐ദേശീയ ചിത്രകലാ ക്യാന്പുകളിലും ബൈജുദേവ്‌ പങ്കെടുത്തിട്ടുണ്ട്‌. കലാധ്യാപകനായി ജോലിയിൽനിന്ന്‌ വിരമിക്കുകയും കേരള ലളിതകലാ അക്കാദമി, കേരള ബുക്ക്‌മാർക്ക്‌ എന്നിവയുടെ ഭരണസമിതി അംഗമായുമൊക്കെ പ്രവർത്തിച്ചിരുന്ന ബൈജുദേവ്‌ ദീർഘകാലം പാലക്കാടായിരുന്നു താമസിച്ചിരുന്നതും സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നതും. ഇപ്പോൾ കുടുംബമായി തിരുവനന്തപുരത്ത്‌ വട്ടിയൂർക്കാവിലെ സ്റ്റുഡിയോയിൽ സജീവമായ ചിത്രരചനാരംഗത്തു തന്നെയാണുള്ളത്‌‐ പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന ചിത്രകലയുടെ അകംപൊരുൾ തേടിക്കൊണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 11 =

Most Popular