Sunday, November 24, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്അവികസിതാവസ്ഥയുടെ അർത്ഥശാസ്ത്രം പോൾ ബരന്റെ ചിന്തകൾ - 2

അവികസിതാവസ്ഥയുടെ അർത്ഥശാസ്ത്രം പോൾ ബരന്റെ ചിന്തകൾ – 2

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 42

വികസിത രാജ്യങ്ങളിലെ സാമ്പത്തിക വികസന മാതൃകകളെക്കുറിച്ച് ചിന്തിക്കുന്നതിനു മുൻപ്, എങ്ങിനെയാണ് ഈ രാജ്യങ്ങളെ ഒരേ ഗണത്തിൽ പെടുത്തുക എന്നൊരു ചോദ്യം ഉയരുന്നുണ്ട്. കാരണം പല രാജ്യങ്ങളും വളരെ വിഭിന്നമായ തലത്തിൽ നിലകൊള്ളുന്നവയാണ്. ഇവയുടെ പൊതു സവിശേഷതകളെ ബാരൻ ഇങ്ങിനെ ക്രോഡീകരിച്ചു. (1) സാമ്രാജ്യത്വ ചൂഷണത്തിന്റെ ചരിത്രം (2) കുറഞ്ഞ പ്രതിശീർഷ വരുമാനവും സാമ്പത്തിക വികസന നിലവാരവും (3) കൊളോണിയലിസം അടിച്ചേൽപ്പിച്ച വികസന മുരടിപ്പും വളർച്ചയ്ക്കുള്ള തടസ്സങ്ങളും. ഈ രാജ്യങ്ങൾക്ക് ഇത്തരം സാമ്പത്തിക സാമൂഹിക അവസ്ഥയെ മറികടന്ന് മുന്നോട്ടു പോകണമെങ്കിൽ വളരെ ഉയർന്ന വളർച്ചാനിരക്കുകൾ തുടർച്ചയായി നിലനിർത്തിക്കൊണ്ടു മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. ഏതാണ്ട് 3 ശതമാനം മാത്രം വളർച്ച ചരിത്രപരമായി ഉള്ള ഈ രാജ്യങ്ങൾക്ക് 10 ശതമാനത്തിനടുത്ത് വളർച്ച തുടർച്ചയായി ഉണ്ടെങ്കിൽ മാത്രമേ അവ നേരിടുന്ന സാമ്പത്തിക സാമൂഹിക പ്രതിസന്ധിയെ മറികടക്കാനാവുകയുള്ളൂ . ലോക രാജ്യങ്ങളുടെ ചരിത്രത്തിൽ ഇത്തരം സന്ദർഭങ്ങൾ അപൂർവമാണ് താനും .അതിനാൽ അവികസിത രാജ്യങ്ങളുടെ ഭാവി സാമ്പത്തിക വളർച്ച ഒരു കീറാമുട്ടിയായി ഉയർന്നുവന്നു.

ഒരു രാജ്യത്തിന് ആർജിക്കാവുന്ന മിച്ചം (potential surplus) സംബന്ധിച്ച തന്റെ സിദ്ധാന്തത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ബാരൻ ശ്രമിച്ചത്. Morphology of backwardness എന്നാണ് ബാരൻ ഇതിനെ വിളിച്ചത്. അവികസിത രാജ്യങ്ങളിൽ നിലനിൽക്കുന്ന വർഗ്ഗാധിപത്യത്തിന്റെ വിശകലനത്തിലൂടെയാണ് അദ്ദേഹം തന്റെ സിദ്ധാന്തത്തെ വികസിപ്പിച്ചെടുത്തത്. പൊതുവെ ഈ രാജ്യങ്ങളിൽ ആധിപത്യം പുലർത്തുന്ന വർഗ്ഗങ്ങൾ ഇവയാണ് (1) അർദ്ധ ഫ്യൂഡൽ ഭൂപ്രഭു വർഗം (2) കച്ചവടക്കാരും പണം കടം കൊടുക്കുന്ന ധനിക വർഗ്ഗവും (3) വിദേശ സംരംഭകരെ കൂട്ടുപിടിക്കുന്ന കുത്തക ബൂർഷ്വകളായ വ്യവസായികൾ (4) വിദേശ മൂലധന ശക്തികൾ (5) ഭരണകൂടം. ലഭ്യമായ വിഭവങ്ങളുടെ ഏറ്റവും മികച്ച രീതിയിലുള്ള വിനിയോഗത്തിനു പകരം മേൽപ്പറഞ്ഞ വിഭാഗങ്ങളുടെ ആഡംബര വസ്തുക്കളുടെ ഉല്പാദനം തൊഴിലില്ലായ്മയ്ക്കും അവികസനത്തിനും വഴി തെളിക്കുന്നു എന്ന സിദ്ധാന്തമാണ് ബാരൻ മുന്നോട്ടു വെച്ചത്. സമ്പന്നരായ കോംപ്രദോർ ബൂർഷ്വാസിയുടെയും വൻകിട ഭൂവുടമകളുടെയും മുതലാളിമാരുടെയും അവിശുദ്ധ സഖ്യത്തിന് ഇത് വഴിയൊരുക്കുന്നു. രാജ്യത്തെ അർദ്ധ ഫ്യൂഡൽ ശക്തികളുമായി ഇവർ ഒത്തുതീർപ്പിലെത്തുന്നു. ഇവരുടെ മൂലധനത്തിൽ വലിയൊരു പങ്ക് വിദേശത്തേക്ക് പല രീതിയിൽ നീങ്ങുകയും ചെയ്യുന്നു. അതിനാൽ രാജ്യത്തിന്റെ വികസനത്തിനായി ആവശ്യമായ മൂലധനം ലഭ്യമല്ലാതെ വരുന്നു .അത് വികസനത്തെ തടയുന്നു. ദാരിദ്ര്യവും വികസന മുരടിപ്പും ചേർന്ന ഒരു ദൂഷിതവലയത്തിനകത്ത് അത് രാജ്യത്തെ പെടുത്തുന്നു . ഇത് ഒരു തുടർക്കഥയായി മാറി രാജ്യത്തെ ഒരു രീതിയിലും രക്ഷപെടാനാവാത്ത അവസ്ഥയിലെത്തിക്കുന്നു.

ഇവിടെ മറയ്ക്കപ്പെടുന്ന സുപ്രധാനമായ ഒരു വസ്തുത കൂടിയുണ്ടെന്ന് ബാരൻ ഓർമിപ്പിക്കുന്നു. ഒരു രാജ്യത്തിന് മുന്നോട്ടു പോകാനാവശ്യമായ മൂലധനം സ്വയം സ്വരൂപിക്കാനാവാതെ വരുമ്പോൾ അതിന് വിദേശ മൂലധനത്തെ ആശ്രയിക്കേണ്ടി വരുന്നു. അതുപോലെ ഉപഭോഗശേഷിയിലുള്ള ആഭ്യന്തരമായ കുറവ് മൂലം വിദേശ കമ്പോളങ്ങളെ ആശ്രയിക്കേണ്ടതായും വരുന്നു. പരാശ്രയ സമ്പദ്‌വ്യവസ്ഥയായി അവികസിത രാജ്യങ്ങൾ ഇങ്ങിനെ മാറിത്തീരുന്നു. വിദേശകമ്പനികൾ ഇവിടെ നടത്തുന്ന നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവിഹിതങ്ങളും പുറത്തേക്കു തന്നെ പോകുന്നു. ഇതിന്റെ ഫലമായി മിച്ചമൂല്യം വലിയ തോതിൽ വിദേശത്തേക്ക് ഒഴുകുന്നു. അവികസിത രാജ്യങ്ങളുടെ പിന്നോക്കാവസ്ഥ ഒരു തുടർക്കഥയായി മാറുന്നു.

കാർഷികോല്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും കയറ്റുമതിയെ ആശ്രയിച്ചുകൊണ്ടുള്ള വികസന തന്ത്രങ്ങൾ സമ്പദ്‌വ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ദുര്ബലപ്പെടുത്തുക മാത്രമേയുള്ളൂ എന്നാണ് ബാരന്റെ വാദം. ആഭ്യന്തര വികസനത്തിന്റെ എല്ലാ സാധ്യതകളെയും ഇത് അടയ്ക്കുന്നു.

സാമ്രാജ്യത്വവും മൂന്നാംലോക രാജ്യങ്ങളുടെ അവികസിതാവസ്ഥയും തമ്മിലുള്ള ബന്ധത്തെ വെനിസുലയുടെ അനുഭവങ്ങളെ മുൻനിർത്തി ബാരൻ സൂക്ഷ്മമായി വിലയിരുത്തി .അമേരിക്കൻ സഹായത്തോടെ 1948ൽ നടന്ന അട്ടിമറിയെത്തുടർന്നു നിലവിൽ വന്ന കോർപ്പറേറ്റ് പിന്തുണയുള്ള ഏകാധിപത്യ ഭരണകൂടം വെനിസുലയുടെ സാമ്പത്തിക സാമൂഹിക വികസനത്തിന് ചിലവഴിച്ച തുക സാധ്യമായിരുന്നതിനേക്കാൾ വളരെ കുറവായിരുന്നുവെന്ന് ബാരൻ വിലയിരുത്തുന്നു. വിദേശ മൂലധനത്തിന്റെ താല്പര്യാർത്ഥമുള്ള ചിലവഴിക്കലായിരുന്നു അത്, അല്ലാതെ വെനിസുലയിലെ ജനതയുടെ താല്പര്യങ്ങൾക്കനുസൃതമായ രീതിയിലുള്ളതായിരുന്നില്ല.

ഇത്തരം കുരുക്കുകളിൽ നിന്ന് മുക്തമായി, സാധ്യമായ സാമ്പത്തിക മിച്ചം ഉപയോഗപ്പെടുത്തി വികസന ശ്രമത്തിലേർപ്പെടുത്തുന്ന രാജ്യങ്ങളുടെ മേൽ അമേരിക്കൻ സാമ്രാജ്യത്വവും മറ്റ് വികസിത മുതലാളിത്ത രാജ്യങ്ങളും നടത്തുന്ന അധിനിവേശ ശ്രമങ്ങളെ ബാരൻ തുറന്നു കാട്ടി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഏഷ്യൻ രാജ്യങ്ങളിൽ പലതിലും ഇതിന്റെ ഉദാഹരണങ്ങൾ എടുത്തുകാട്ടാനാകും . അവികസിത രാജ്യങ്ങളിൽ പലതിലും നടക്കുന്ന യുദ്ധോപകരണങ്ങളുടെ വാങ്ങികൂട്ടൽ സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം വേണ്ടിയുള്ളതാണ്. ഇതിൽ നിന്നും മുക്തമാകാൻ ചില അവികസിത രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നും ബാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തുവിലകൊടുത്തും ഈ രാജ്യങ്ങളുടെ വികസനത്തെ മന്ദഗതിയിലാക്കുകയോ തടയുകയോ ചെയ്യുക സാമ്രാജ്യത്വത്തിന്റെ പ്രാഥമിക ലക്ഷ്യമാണ്. അതുവഴി എക്കാലവും ഈ രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താനാവും “ആവശ്യമുള്ളതും യഥാർത്ഥത്തിൽ നിലവിലുള്ളതും തമ്മിലുള്ള അന്തരം അവികസിത രാജ്യങ്ങളിൽ രൂക്ഷമാണ്. ജനജീവിതം പരമദയനീയമാണ്. ദുരിതക്കയത്തിലാണ് ജനങ്ങൾ. ദശലക്ഷക്കണക്കിന് ജനങ്ങൾ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട സ്ഥിതിയിലാണ്. ആസൂത്രണത്തിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് രീതിയിലുള്ള ഭരണക്രമത്തിനു മാത്രമേ ജനങ്ങളെ ഈ ദുരിതക്കയത്തിൽ നിന്നും കരകയറ്റാനാകൂ. “അർത്ഥശാസ്ത്രത്തെ രാഷ്ട്രീയ പ്രക്രിയയുമായി ഇവിടെ ബാരൻ കൂട്ടിയിണക്കുന്നു. ലോക മുതലാളിത്തത്തിന്റെ മാതൃകകളിൽ നിന്നും വഴി മാറി നടക്കുന്ന ചൈനയുടെ അനുഭവങ്ങൾ ഇക്കാര്യത്തിൽ എല്ലാ മൂന്നാം ലോകരാജ്യങ്ങൾക്കും മാതൃകയാണെന്ന് ബാരൻ ചൂണ്ടിക്കാട്ടുന്നു.

The Political Economy of Growth പോലെ മാർക്സിയൻ വികസന അർത്ഥശാസ്ത്രത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കൃതി കാണില്ല. അവികസിതാവസ്ഥയെക്കുറിച്ചുള്ള ബാരന്റെ നിരീക്ഷണങ്ങൾ ചെഗുവേരയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഗുന്തർഫ്രാങ്കിന്റെ Capitalism and “development of underdevelopment’’, സമീർ അമിന്റെ Accumulation on a World Scale തുടങ്ങിയ അർത്ഥശാസ്ത്ര ക്ലാസിക്കുകൾ ബാരന്റെ കൃതിയിൽ നിന്നും പ്രചോദനം ഉൾകൊണ്ടവയാണ്. ഇമ്മാനുവേൽ വലർസ്റ്റെയിന്റെ ആശ്രിതത്വ സിദ്ധാന്തങ്ങളും ഇതിനെ പിൻപറ്റുന്നു.

മൂന്നാം ലോക രാജ്യങ്ങളുടെ അവസ്ഥയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബാരന്റെ സിദ്ധാന്തങ്ങൾ പല കോണുകളിൽ നിന്നുമുള്ള വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞർക്കൊപ്പം പരമ്പരാഗത മാർക്സിസ്റ്റ് സൈദ്ധാന്തികർ പലരും മൂന്നാം ലോക രാജ്യങ്ങളുടെ അനുഭവങ്ങളെ അമിതമായി ആശ്രയിക്കുന്ന ബാരന്റെ സിദ്ധാന്തങ്ങളെ വ്യത്യസ്ത കോണുകളിൽ നിന്നും വിമർശിച്ചിട്ടുണ്ട്. സാമ്രാജ്യത്വ സഹായത്തോടെ ബ്രസീലിലും മെക്സിക്കോയിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും 70കളിൽ ഉണ്ടായ സാമ്പത്തിക കുതിപ്പിനെ ചൂണ്ടിക്കാട്ടി ബാരന്റെ സിദ്ധാന്തം പരാജയപ്പെട്ടിരിക്കുന്നുവെന്ന് പലരും പറഞ്ഞു. നിയോ ലിബറൽ കാലഘട്ടത്തിന്റെ യുക്തികൾ സാമ്പത്തിക ചിന്തയിൽ ആധിപത്യമുറപ്പിച്ചത്തോടെ ബാരന്റെ സിദ്ധാന്തങ്ങൾ എന്നെന്നേക്കുമായി ചരമമടഞ്ഞുവെന്ന് പലരും വിധിയെഴുതി. പക്ഷേ ആ കുതിപ്പ് ക്രമേണ കിതപ്പായി മാറുകയും അസമത്വവും തൊഴിൽ രാഹിത്യവും ലോകമെമ്പാടും പെരുകുകയും ചെയ്തുതുടങ്ങിയതോടെ പോൾ ബാരന്റെ ചിന്തകൾ വീണ്ടും ചർച്ചകളിൽ കടന്നു വന്നിരിക്കുന്നു. സാമ്പത്തികവികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ സാമ്രാജ്യത്വം ചൂഷണം ചെയ്യുന്നതിന്റെ സമകാലിക ചരിത്രം ഒന്നുമാത്രം മതി ബാരന്റെ സിദ്ധാന്തങ്ങൾ സാധൂകരിക്കപ്പെടാൻ.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + eleven =

Most Popular